ദുരിതാശ്വാസ കരുതലുകൾ ക്രിസ്തീയ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു
“സഹോദരൻമാരുടെ മുഴു സമൂഹത്തോടും സ്നേഹം പ്രകടമാക്കുക,” അപ്പോസ്തലനായ പത്രോസ് തന്റെ സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 പത്രോസ് 2:17, NW) അങ്ങനെയുള്ള സ്നേഹം വർഗ്ഗീയവും സാമൂഹികവും ദേശീയവുമായ അതിർത്തികൾ കടന്ന് ആളുകളെ യഥാർത്ഥ സാഹോദര്യത്തിൽ ഒരുമിച്ചുകൂട്ടേണ്ടിയിരുന്നു. ആദിമക്രിസ്ത്യാനികളുടെ ഇടയിൽ ഭൗതികാവശ്യം ഉണ്ടായപ്പോൾ ഞെരുക്കമുണ്ടായിരുന്നവരുടെ ഇടയിൽ വിതരണംചെയ്യുന്നതിന് അപ്പോസ്തലൻമാർക്കു സംഭാവനകൾ കൊടുക്കാൻ സ്നേഹം അനേകരെ പ്രേരിപ്പിച്ചു. അവർ “സകലവും പൊതുവക എന്നു എണ്ണി” എന്ന് രേഖ പറയുന്നു.—പ്രവൃത്തികൾ 2:41-45; 4:32.
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം 1991-ന്റെ ഒടുവിൽ വാച്ച് ടവർ സൊസൈററിയുടെ പശ്ചിമയൂറോപ്പിലെ പല ബ്രാഞ്ചുകളെ, മുൻ സോവ്യററ് യൂണിയന്റെ ഭാഗങ്ങൾ ഉൾപ്പെടെ കിഴക്കൻ യൂറോപ്പിലെ തങ്ങളുടെ ഞെരുക്കമുള്ള സഹോദരങ്ങൾക്കുവേണ്ടി ഭക്ഷണവും വസ്ത്രവും പ്രദാനംചെയ്യാൻ ക്ഷണിച്ചപ്പോൾ അങ്ങനെയുള്ള സ്നേഹം പ്രകടമായിരുന്നു. ഉൾപ്പെട്ടിരുന്ന ചില ബ്രാഞ്ചുകളിൽനിന്നുള്ള റിപ്പോർട്ടുകളുടെ ഒരു പരമ്പര ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.
സ്വീഡൻ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറെറാന്ന് ഡിസംബർ 5-ന് ആവശ്യം വിശദമാക്കിക്കൊണ്ട് ഒരു എഴുത്ത് സ്വീഡനിലെ 348 സഭകൾക്കും അയയ്ക്കപ്പെട്ടു. സത്വരം പ്രതികരണമുണ്ടായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആദ്യത്തെ അർദ്ധ ട്രെയ്ലർ 15 ടൺ മാവും പാചകഎണ്ണയും ടിന്നിലടച്ച മാട്ടിറച്ചിയും പാൽപ്പൊടിയും മററു വസ്തുക്കളും കയററി റഷ്യയിലെ സെൻറ് പീറേറഴ്സ്ബർഗ്ഗിലേക്കു തിരിച്ചു. തദ്ദേശീയരായ യഹോവയുടെ സാക്ഷികൾ ട്രക്കിൽനിന്നു സാധനങ്ങളിറക്കുകയും പെട്ടെന്നുതന്നെ ആ 750 പായ്ക്കററുകൾ ഞെരുക്കമുണ്ടായിരുന്നവർക്കു വിതരണംചെയ്യുകയും ചെയ്തു. പിന്നീട്, രണ്ട് അർദ്ധ ട്രെയ്ലറുകൾ റഷ്യയിലേക്കു ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോയി. സ്വീഡനിൽനിന്ന് എല്ലാംകൂടെ 51.5 ടണ്ണിൽ കൂടുതൽ കയററി അയച്ചു.
വസ്ത്രങ്ങളും ഷൂസും സംഭാവന ചെയ്യാനുള്ള സന്നദ്ധത സകല പ്രതീക്ഷകളെയും കവിഞ്ഞു. വസ്ത്രക്കെട്ടുകളുടെ അട്ടികൾ രാജ്യഹാളുകളിൽ സത്വരം കുന്നുകൂടി. അനേകം ക്രിസ്ത്യാനികൾ തങ്ങളുടെ സ്വന്തം വസ്ത്രശേഖരത്തിൽനിന്നു വസ്ത്രങ്ങൾ സംഭാവന ചെയ്തു. മററു ചിലർ പുതിയ വസ്ത്രങ്ങൾ കൊണ്ടുവന്നു. ഒരു സഹോദരൻ അഞ്ചു സ്യൂട്ടുകൾ വാങ്ങി. അതിശയിച്ചുപോയ കടയുടമ ഉദ്ദേശ്യത്തെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ അഞ്ചു സ്യൂട്ടുകൾകൂടെ സംഭാവനചെയ്തു. മറെറാരു സഹോദരൻ ഒരു പെട്ടി സോക്സുകളും കൈയുറകളും മഫറ്ളുകളും വാങ്ങി. അദ്ദേഹം ഉദ്ദേശ്യം വിശദീകരിച്ചപ്പോൾ ഉടമ രണ്ടെണ്ണത്തിന്റെ വിലയ്ക്ക് 30 പുതിയ സ്യൂട്ടുകൾ നൽകി. സ്പോർട്ട്സ് സാധനങ്ങൾ വിൽക്കുന്ന ഒരു കടയുടമ പുതിയ ഷൂസിന്റെയും ബൂട്ട്സിന്റെയും 100 ജോടി സംഭാവനചെയ്തു.
പിന്നീട് ഈ വസ്തുക്കളെല്ലാം തരംതിരിക്കുന്നതിനും വീണ്ടും പായ്ക്ക്ചെയ്യുന്നതിനും കയററുന്നതിനും വേണ്ടി ബ്രാഞ്ചിലേക്കു കൊണ്ടുവന്നു. നാല്പത് അർദ്ധ ട്രെയ്ലറിൽ കൊള്ളുന്നത്ര വസ്ത്രങ്ങൾ ബ്രാഞ്ചിൽ വിശാലമായ സ്ഥലങ്ങളെ നിറച്ചു! അതു പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള കൂട്ടങ്ങളായി തരംതിരിക്കാനും പെട്ടികളിൽ നിറയ്ക്കാനും സഹോദരീസഹോദരൻമാർ വാരങ്ങളോളം ജോലിചെയ്തു. വസ്ത്രങ്ങൾ റഷ്യയിലും ഉക്രേയ്നിലും എസ്റേറാണിയയിലും സുരക്ഷിതമായി എത്തിക്കുന്നതിനു പതിനഞ്ചു വ്യത്യസ്ത അർദ്ധ ട്രെയ്ലറുകൾ ഉപയോഗിച്ചു.
സൊസൈററിയുടെ ട്രക്കുകളിലൊന്ന് എട്ടു പ്രാവശ്യം മുൻ സോവ്യററ് യൂണിയനിലേക്ക് ഓടിച്ച ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഇറക്കേണ്ട സ്ഥലങ്ങളിൽ നമ്മുടെ സഹോദരൻമാർ ഞങ്ങൾക്കു തന്ന സ്വീകരണം ഒരു വലിയ പ്രതിഫലമായിരുന്നു. അവർ ഞങ്ങളെ കെട്ടിപ്പിടിച്ചു ചുംബിച്ചു, അവരുടെ തുച്ഛമായ വരുമാനം ഗണ്യമാക്കാതെ അവർ ഞങ്ങൾക്കു ക്രിസ്തീയ ഔദാര്യത്തിന്റെ ഒരു നല്ല പാഠം നൽകി.”
ഫിൻലൻഡ്
ഫിൻലൻഡിൽ ഗുരുതരമായ സാമ്പത്തികമാന്ദ്യവും വിപുലവ്യാപകമായ തൊഴിലില്ലായ്മയും സാമ്പത്തികപ്രശ്നങ്ങളും ഉണ്ടായിരുന്നിട്ടും മുൻ സോവ്യററ് യൂണിയനിലെ തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാനുള്ള 18,000-ത്തോളം വരുന്ന ഫിന്നിഷ് സഹോദരങ്ങളുടെ സന്നദ്ധത വലുതായിരുന്നു. അവർ 4,850 പെട്ടികളിലാക്കി 58 ടൺ ഭക്ഷ്യവസ്തുക്കൾ സെൻറ് പീറേറഴ്സ്ബർഗ്ഗ്, എസ്റേറാണിയ, ലാത്വിയ, ലിത്വാനിയ, കാലിനിൻഗ്രാഡ് എന്നിവിടങ്ങളിലേക്ക് അയച്ചു. അവർ ട്രക്കുകളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ 12 ഘനമീററർ വസ്ത്രങ്ങൾകൊണ്ടു നിറയ്ക്കുകയും ചെയ്തു. രാജ്യവേലയിൽ ഉപയോഗിക്കുന്നതിനു പഴയ ഏതാണ്ട് 25 കാറുകളും വാനുകളും സംഭാവനചെയ്യപ്പെട്ടു.
ഭക്ഷണപ്പെട്ടികളിൽ ചിലതു സെൻറ് പീറേറഴ്സ്ബർഗ്ഗ് പ്രദേശത്തെ സ്ലാൻറിയിൽ 14 പ്രസാധകരുള്ള ഒരു സഭയിലെത്തി. അവർ ഒരു കത്തിലൂടെ വലിയ വിലമതിപ്പു പ്രകടമാക്കി. “ഞങ്ങളുടെ സഭയിൽ പ്രായമേറിയ 10 സഹോദരിമാരുണ്ട്. ഞങ്ങളിൽ പലരും ഗുരുതരമായി രോഗബാധിതരാണ്, ഭക്ഷ്യം വാങ്ങുന്നതിനു മണിക്കൂറുകളോളം ക്യൂവിൽ നിൽക്കാൻ കഴിവില്ല. എന്നിരുന്നാലും നമ്മുടെ സ്വർഗ്ഗീയ പിതാവ് ഈ പ്രയാസമേറിയ കാലങ്ങളിൽ നിരുത്സാഹിതരാകാൻ കാരണം നൽകാതെ ഞങ്ങളുടെ ഹൃദയങ്ങളെ സന്തോഷം കൊണ്ടു നിറയ്ക്കുകയാണു ചെയ്യുന്നത്. ഞങ്ങൾ 43 ഭവനബൈബിളദ്ധ്യയനങ്ങൾ നടത്തുന്നുണ്ട്.” സെൻറ് പീറേറഴ്സ്ബർഗ്ഗിലെ ഒരു സഹോദരിക്കു ദുരിതാശ്വാസപ്പൊതി കിട്ടിയപ്പോൾ അതു തുറക്കുന്നതിനുമുമ്പു രണ്ടു മണിക്കൂർ കരയത്തക്കവണ്ണം അവർ അത്ര വികാരാധീനയായി.
ഡെൻമാർക്ക്
ബാൾട്ടിക് സമുദ്രത്തിന്റെ പ്രവേശനകവാടത്തിങ്കലുള്ള ഈ ചെറിയ രാജ്യത്തു യഹോവയുടെ ഏതാണ്ട് 16,000 സാക്ഷികൾ ഒരുമിച്ചുകൂടി 64 ടൺ ഭക്ഷ്യപദാർത്ഥങ്ങൾ 4,200 പെട്ടികളിലാക്കി 19 ട്രക്കുകളിൽ ഉക്രേയ്നിലേക്കയച്ചു; ഉന്നതഗുണമേൻമയുള്ള വസ്ത്രങ്ങളടങ്ങിയ 4,600 പെട്ടികളും 2,269 ജോടി പുതിയ ഷൂസും കൂടെ അയച്ചു. ജർമ്മനിയിലെ ഒരു സഹോദരൻ അഞ്ചു ലോറികൾ ഉപയോഗിക്കാൻ ബ്രാഞ്ചിനെ അനുവദിച്ചു, പിന്നീട് അദ്ദേഹം ഉക്രേയ്നിലെ സഹോദരങ്ങൾക്ക് അവ സംഭാവനചെയ്തു. വീട്ടിലേക്കു മടങ്ങവേ ഡ്രൈവർമാരിലൊരാൾ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ കൊണ്ടുപോയതിനെക്കാൾ കൂടുതൽ തിരികെ കൊണ്ടുപോന്നുവെന്നു ഞങ്ങൾ കണ്ടെത്തി. നമ്മുടെ ഉക്രേനിയൻ സഹോദരങ്ങൾ പ്രകടമാക്കിയ സ്നേഹവും ത്യാഗത്തിന്റെ ആത്മാവും ഞങ്ങളുടെ വിശ്വാസത്തെ അതിയായി ബലിഷ്ഠമാക്കി.”
മുൻ സോവ്യററ് യൂണിയനിലെ റോഡുകളിൽ ഡ്രൈവർമാർ കൊള്ളക്കാരെ സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. ഡാനിഷ് ട്രക്കുകളിലൊന്നു കടന്നുപോയതിനു ഏതാനും ദിവസം മുമ്പ് ആ വഴിയിൽ ഒരു കൊള്ള നടന്നിരുന്നു. മറെറാരു ദുരിതാശ്വാസസംഘടനയിൽനിന്നുള്ള ഭക്ഷ്യപദാർത്ഥങ്ങൾ കൊണ്ടുപോയ അഞ്ചു ട്രക്കുകളുടെ ഒരു കൂട്ടത്തെ ഹെലികോപ്റററുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചു കൊള്ളക്കാർ തടഞ്ഞുനിർത്തി. അവർ അഞ്ചു ട്രക്കുകളും പിടിച്ചെടുത്തിട്ടു ഡ്രൈവർമാരെ വഴിയരികിൽ തള്ളി. അങ്ങനെയുള്ള അപകടമുണ്ടായിരുന്നിട്ടും ഡാനിഷ്ബ്രാഞ്ചിൽനിന്നുള്ള സകല വസ്തുക്കളും സുരക്ഷിതമായി സഹോദരൻമാരുടെ കൈകളിലെത്തി. തിരിച്ചുപോന്നപ്പോൾ, ഇംഗ്ലീഷിൽ വളരെ പ്രയാസപ്പെട്ട് എഴുതിയ ഈ കുറിപ്പ് ഒരു ഡ്രൈവർവശം അവർ കൊടുത്തുവിട്ടു: “പ്രിയപ്പെട്ട ഡാനിഷ് സഹോദരീസഹോദരൻമാരേ, നിങ്ങൾ അയച്ച സഹായം ഞങ്ങൾക്കു കിട്ടി. യഹോവ നിങ്ങൾക്കു പ്രതിഫലം നൽകും.”
നെതർലൻഡ്സ്
നെതർലൻഡ്സ് ബ്രാഞ്ച് 52 ടൺ ഭക്ഷ്യവസ്തുക്കൾ 2,600 പൊതികളിലാക്കി അയച്ചുകൊടുത്തു. രണ്ടു വ്യത്യസ്ത വാഹനസമൂഹങ്ങളിൽ അവ ഉക്രേയ്നിൽ എത്തിച്ചു. ഓരോ പ്രാവശ്യവും ആറു ട്രക്കുകളും വിട്ടിട്ടുപോന്നു, കാരണം അവ കിഴക്കൻ പ്രദേശത്തെ രാജ്യവേലക്കുവേണ്ടി ജർമ്മനിയിലെ സഹോദരൻമാർ സംഭാവനചെയ്തതായിരുന്നു. ഉക്രേനിയൻസഹോദരങ്ങൾ ഭക്ഷ്യവസ്തുക്കളിൽ അധികപങ്കും വലിയ ആവശ്യമുണ്ടായിരുന്ന മോസ്കോയിലേക്കും സൈബീരിയായിലേക്കും മററു സ്ഥലങ്ങളിലേക്കും അയച്ചു. അതിനുപുറമേ, ഡച്ച് സഹോദരങ്ങൾ 736 ഘനമീററർ വസ്ത്രവും ഷൂസും സംഭാവനചെയ്തു. അവ ഒരു പ്രൈവററ് കാറിന്റെ അകമ്പടിയോടെ 11 ട്രക്കുകളടങ്ങിയ ഒരു വാഹനസമൂഹത്തിൽ ഉക്രേയ്നിലെ ലവീഫിൽ എത്തിച്ചു.
ജർമ്മനിയിലൂടെയും പോളണ്ടിലൂടെയുമുള്ള ദീർഘിച്ച സഞ്ചാരത്തിനുശേഷം വാഹനസമൂഹം ഉക്രേയ്ൻ കസ്ററംസിലൂടെ അനായാസം കടന്ന് 3:00 a.m.-ന് ലവീഫിന്റെ പ്രാന്തപ്രദേശത്തെത്തി. ഡ്രൈവർമാർ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “ചുരുങ്ങിയ സമയത്തിനുള്ളിൽ 140 സഹോദരങ്ങളുടെ ഒരു സംഘം ട്രക്കുകളിൽനിന്നു സാധനങ്ങളിറക്കാൻ ലഭ്യമായിരുന്നു. വേല തുടങ്ങുന്നതിനു മുമ്പ് ഈ വിനീതരായ സഹോദരങ്ങൾ ഒരു കൂട്ടായ പ്രാർത്ഥന നടത്തിക്കൊണ്ടു യഹോവയിലുള്ള ആശ്രയം പ്രകടമാക്കി. വേല തീർത്തുകഴിഞ്ഞപ്പോഴും അവർ യഹോവക്കു നന്ദികൊടുത്തുകൊണ്ടു പ്രാർത്ഥിക്കുന്നതിന് ഒരുമിച്ചുകൂടി. തങ്ങൾക്കുണ്ടായിരുന്ന അല്പത്തിൽനിന്നു ധാരാളം തന്ന സ്ഥലത്തെ സഹോദരങ്ങളുടെ ആതിഥ്യം ആസ്വദിച്ച ഞങ്ങളെ അവർ മെയിൻറോഡുവരെ അനുയാത്രചെയ്തു. ഞങ്ങളെ വിട്ടുപോകുന്നതിനുമുമ്പ് അവർ വഴിയരികിൽ വെച്ച് ഒരു പ്രാർത്ഥനകൂടെ നടത്തി.
“വീട്ടിലേക്കുള്ള ദീർഘയാത്രാവേളയിൽ തിരിഞ്ഞുചിന്തിക്കാൻ വളരെയധികം കാര്യങ്ങൾ ഉണ്ടായിരുന്നു—ജർമ്മനിയിലെയും പോളണ്ടിലെയും സഹോദരങ്ങളുടെയും ലവീഫിലെ സഹോദരങ്ങളുടെയും ആതിഥ്യം; അവരുടെ ശക്തമായ വിശ്വാസവും പ്രാർത്ഥനാപൂർവകമായ മനോഭാവവും; തങ്ങൾതന്നെ ഞെരുക്കമുള്ള സാഹചര്യങ്ങളിലായിരിക്കെ താമസസൗകര്യവും ഭക്ഷണവും നൽകുന്നതിലുള്ള അവരുടെ അതിഥിപ്രിയം; അവരുടെ ഐക്യത്തിന്റെയും അടുപ്പത്തിന്റെയും പ്രകടനം; അവരുടെ നന്ദി. ഇത്ര ഉദാരമായി കൊടുത്ത സ്വന്തദേശത്തെ സഹോദരീസഹോദരൻമാരെക്കുറിച്ചും ഞങ്ങൾ ചിന്തിച്ചു.”
സ്വിററ്സർലൻഡ്
സ്വിസ്ബ്രാഞ്ച് യാക്കോബ് 2:15, 16-ൽനിന്ന് ഉദ്ധരിച്ചുകൊണ്ട് അതിന്റെ റിപ്പോർട്ടു തുടങ്ങുന്നു: “ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ, നിങ്ങളിൽ ഒരുത്തൻ അവരോടു: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു?” അനന്തരം റിപ്പോർട്ടു തുടരുന്നു: “യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ഞെരുക്കമുള്ള നമ്മുടെ സഹോദരൻമാർക്കു ഭൗതികസഹായം കൊടുക്കാൻ ഞങ്ങളെ ക്ഷണിച്ചപ്പോൾ ഈ തിരുവെഴുത്തു ഓർമ്മയിലേക്കു വന്നു.
“ഉടൻതന്നെ ഓരോരുത്തനും തിരക്കിട്ടു പ്രവർത്തിച്ചു! വെറും രണ്ടുദിവസം കൊണ്ടു ജർമ്മനിയിൽ നിന്നുള്ള മൂന്നു ട്രക്കുകളിൽ 12 ടൺ ഭക്ഷ്യവസ്തുക്കൾ 600 പാഴ്സലുകളായി ഉക്രേയ്നിലേക്ക് അയച്ചു. ട്രക്കുകൾ അവിടത്തെ വേലക്കു സംഭാവനചെയ്യേണ്ടവയായിരുന്നു. എല്ലാവരും സുരക്ഷിതമായി വന്നെത്തിയെന്നുള്ള വാർത്ത ഇവിടത്തെ നമ്മുടെ സഹോദരൻമാരുടെ ഇടയിൽ വലിയ സന്തോഷത്തിനിടയാക്കി. ഇതിനിടയിൽ, സഭകൾ വസ്ത്രങ്ങൾ ശേഖരിച്ചു. പെട്ടെന്നു ഞങ്ങളുടെ ബ്രാഞ്ചിൽ പെട്ടികളുടെയും സൂട്ട്കേസുകളുടെയും ബാഗുകളുടെയും പ്രളയമായി! കുട്ടികളുടെ വസ്ത്രങ്ങളടങ്ങിയ പെട്ടികളിൽ വിദൂര വടക്കൻപ്രദേശങ്ങളിലെ അജ്ഞാത സുഹൃത്തുക്കൾക്കായി സ്വിസ്കുട്ടികളുടെ കുറെ കളിക്കോപ്പുകളും ഉണ്ടായിരുന്നു. വസ്ത്രങ്ങളുടെ അടുക്കുകൾക്കിടയിൽ അനേകം ചോക്കലേററ് ബാറുകളും തിരുകിവെച്ചിരുന്നു.”
ഇതെല്ലാം എങ്ങനെ എത്തിച്ചുകൊടുക്കും? റിപ്പോർട്ടു പറയുന്നു: “രണ്ട് അർദ്ധ ട്രെയ്ലറുകളും നാലു ഡ്രൈവർമാരെയും ഞങ്ങളുടെ ഉപയോഗത്തിനു വിട്ടുതന്നുകൊണ്ടു ഫ്രാൻസിലെ ബ്രാഞ്ച് ഞങ്ങളുടെ സഹായത്തിനെത്തി. അതിനുപുറമേ, ഞങ്ങളുടെ ബ്രാഞ്ചിൽനിന്നുള്ള ഒരു ട്രക്കും സ്ഥലത്തെ സഹോദരൻമാരുടെ വേറെ നാലു ട്രക്കുകളും 72 ടൺ സാധനങ്ങൾ ഉക്രേയ്നിൽ ഇറക്കുന്നതിന് ആവശ്യമായിരുന്നു.” പതിനഞ്ചു മീററർ നീളമുണ്ടായിരുന്ന വാഹനസമൂഹം ലവീഫിലെ ഡിപ്പോയിൽ സുരക്ഷിതമായി എത്തി, അവിടെ സ്ഥലത്തെ ഏതാണ്ടു നൂറു സഹോദരൻമാർ സാധനങ്ങളിറക്കാൻ കാത്തുനിന്നിരുന്നു. ഭാഷാതടസ്സം പ്രതിബന്ധമായിരുന്നില്ലെന്നു ഡ്രൈവർമാർ റിപ്പോർട്ടുചെയ്തു, കാരണം അവരുടെ മുഖങ്ങൾ ആഴമായ വിലമതിപ്പിനെ പ്രതിഫലിപ്പിച്ചു.
ആസ്ട്രിയ
ആസ്ട്രിയയിലെ സഹോദരങ്ങൾ 48.5 ടൺ ഭക്ഷ്യവസ്തുക്കളും 5,114 പെട്ടി വസ്ത്രങ്ങളും 6,700 ജോടി ഷൂസും ഉക്രേയ്നിലെ ലവീഫിലേക്കും ഉഴ്ഗറാഡിലേക്കും അയച്ചു. അവർ 7 ടൺ ഭക്ഷ്യവസ്തുക്കളും 1,418 പെട്ടി വസ്ത്രങ്ങളും 465 ജോടി ഷൂസും മുൻ യൂഗോസ്ലാവ്യയിലെ ഓസിജക്കിലേക്കും ബൽഗ്രേഡിലേക്കും മോസ്ററാറിലേക്കും സാരെയവോയിലേക്കും സാഗ്രബിലേക്കും അയച്ചു. ബ്രാഞ്ച്റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ഞങ്ങൾ 12 അർദ്ധ ട്രെയ്ലറുകളിൽ സാധനങ്ങൾ കയററി 34,000 കിലോമീററർ സഞ്ചരിച്ചു. ഈ കയററി അയയ്ക്കലിൽ അധികപങ്കും നിർവഹിച്ചതു ട്രക്കിംഗ് ബിസിനസ്സുണ്ടായിരുന്ന ഒരു സഹോദരനും അദ്ദേഹത്തിന്റെ പുത്രനുമായിരുന്നു.”
സംഭാവനചെയ്ത വസ്ത്രങ്ങളെക്കുറിച്ചു റിപ്പോർട്ട് ഇങ്ങനെ തുടരുന്നു: “ഞങ്ങൾ ഒരു സമ്മേളനഹാൾ കേന്ദ്രഡിപ്പോ ആയി ഉപയോഗിച്ചു. ട്രക്കുകൾ ഒന്നിനുപിറകേ ഒന്നായി സാധനങ്ങളുമായി എത്തി. ഒടുവിൽ ഇടമില്ലാതായി. മോശയുടെ നാളുകളിലേതുപോലെ, കൂടുതൽ കൊണ്ടുവരുന്നതിൽനിന്ന് ആളുകളെ നിയന്ത്രിക്കേണ്ടിവന്നു. (പുറപ്പാട് 36:6) യഹോവയുടെ സാക്ഷികളല്ലാത്ത ചില ആളുകൾ പോലും പണം സംഭാവനകൊടുത്തു. കാരണം അവർ പറഞ്ഞപ്രകാരം ‘ഈ വിധത്തിലാണെങ്കിൽ ഞെരുക്കമുള്ളവർക്ക് അതു കിട്ടുമെന്നു ഞങ്ങൾക്കറിയാം.’ വളരെയധികം ആവശ്യമുണ്ടായിരുന്ന കാലിപ്പെട്ടികളും ഞങ്ങൾക്കു ചില ലൗകികസ്ഥാപനങ്ങളിൽനിന്നു സൗജന്യമായി കിട്ടി.” സകലവും തരംതിരിച്ചു പായ്ക്ക്ചെയ്ത സഹോദരീസഹോദരൻമാരുടെ വയസ്സ് 9-മുതൽ 80-വരെ ആയിരുന്നു. ഓരോ സ്യൂട്ടിനും ഉചിതമായി ചേരുന്ന ടൈയും ഷർട്ടും പോലും അവർ തരംതിരിക്കാൻ ശ്രമിച്ചു.
റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഓസ്ട്രിയായിലെയും അതിർത്തികളിലെയും അധികാരികൾ വിവിധ ദുരിതാശ്വാസ വാഹനഗതാഗതം സാദ്ധ്യമാക്കുന്നതിലും പ്രയാസംകുറഞ്ഞ രീതിയിൽ സകലവും എത്തിക്കാൻ കഴിയത്തക്കവണ്ണം ആവശ്യമായ രേഖകൾ നൽകുന്നതിലും വളരെ സഹായം ചെയ്തു.”
ഇററലി
റോമിൽനിന്ന് 188 ടണ്ണോളം ഭക്ഷ്യവസ്തുക്കൾ രണ്ടു വലിയ ട്രക്ക് സമൂഹങ്ങളിലായി ഓസ്ട്രിയാ, ചെക്കോസ്ലോവാക്യ, പോളണ്ട് എന്നിവിടങ്ങളിലൂടെ മുൻ സോവ്യററ് യൂണിയനിലേക്ക് അയച്ചുകൊടുത്തു. ഓരോ വാഹനസമൂഹ ടീമിലും ആറു ഡ്രൈവർമാരും ഒരു മെക്കാനിക്കും ഒരു ഓട്ടോ ഇലക്ട്രീഷനും ഒരു ദ്വിഭാഷിയും ഒരു ഫോർവേർഡിംഗ് ഏജൻറും ഒരു പാചകക്കാരനും ഒരു ഡോക്ടറും ഒരു ജീപ്പിൽ സംഘനേതാവും ക്യാമ്പിംഗ്വാഹനമുള്ള ഒരു സഹോദരനും ഉൾപ്പെട്ടിരുന്നു.
ഭക്ഷ്യവസ്തുക്കൾ ഏഴു കടകളിൽനിന്നു വാങ്ങി. ബ്രാഞ്ച് ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “ഞങ്ങളുടെ കടക്കാർ ഈ മുൻകൈനടപടിയുടെ കാരണം കേട്ടപ്പോൾ അവരിൽ ചിലർ പങ്കെടുക്കാൻ ആഗ്രഹിച്ചു. ലോക കടയുടമകൾ അനേകശതം കിലോഗ്രാം പാസ്ററയും അരിയും അതുപോലെതന്നെ പായ്ക്ക്ചെയ്യാനുള്ള പെട്ടികളും സംഭാവനചെയ്തു. മററു ചിലർ ട്രക്കുകൾക്കു ഹിമ ടയറുകൾ സംഭാവനചെയ്യുകയോ പണം സംഭാവനചെയ്യാമെന്നു വാഗ്ദാനംചെയ്യുകയോ ചെയ്തു.
“ഇററലിയിലെ സഹോദരൻമാർ സഹായിക്കുന്നതിനുള്ള ഈ അവസരത്തെ വിലമതിച്ചു. കുട്ടികളും സംഭാവനചെയ്യാനാഗ്രഹിച്ചു. അഞ്ചുവയസ്സുള്ള ഒരു ആൺകുട്ടി ‘റഷ്യയിലെ സഹോദരങ്ങൾക്ക് ആകാശത്തോളം ഉയരമുള്ള ഒരു ട്യൂണാമത്സ്യ ടിൻ’ വാങ്ങാമെന്നുള്ള ആശയിൽ ഒരു ചെറിയ സംഭാവന അയച്ചുകൊടുത്തു. സ്കൂളിൽ നല്ല മാർക്കുകിട്ടിയതുനിമിത്തം ഒരു കൊച്ചുപെൺകുട്ടിക്ക് അവളുടെ മാതാപിതാക്കൾക്കുവേണ്ടി ഒരു സമ്മാനംവാങ്ങാൻ വല്യപ്പനിൽനിന്നും വല്യമ്മയിൽനിന്നും പണം കിട്ടി. ‘എന്നാൽ എനിക്കുള്ള എല്ലാ നല്ല ഭക്ഷ്യവസ്തുക്കളും എന്റെ സഹോദരൻമാരിലനേകർക്കില്ലെന്നു ഞാൻ തിരിച്ചറിഞ്ഞപ്പോൾ ആ സഹോദരൻമാരെ സഹായിക്കുകയാണ് എന്റെ മാതാപിതാക്കൻമാർക്കു കൊടുക്കാവുന്ന ഏററവും നല്ല സമ്മാനമെന്നു ഞാൻ ചിന്തിച്ചു’ എന്ന് അവൾ എഴുതി. അവൾ ഗണ്യമായ ഒരു തുക സംഭാവനപ്പെട്ടിയിലിട്ടു. ‘കൂടുതൽ പണം അയക്കാൻ കഴിയത്തക്കവണ്ണം എനിക്കു നല്ല ഗ്രേഡുകൾ തുടർന്നുകിട്ടുമെന്നു ഞാൻ ആശിക്കുന്നു,’ അവൾ എഴുതി.” ഉക്രേയ്നിലെ സഹോദരൻമാരിൽനിന്നുള്ള ഊഷ്മളമായ വിലമതിപ്പിന്റെ കത്തുകളും ഇററാലിയൻ സഹോദരൻമാരുടെ വിലമതിപ്പിന്റെ അനേകം വാക്കുകളും സാധനങ്ങൾ തയ്യാറാക്കി അയക്കുന്നതിലെ നല്ല അനുഭവങ്ങളും, ഹൃദയസ്പൃക്കും പ്രോത്സാഹജനകവും ഐക്യപ്പെടുത്തുന്നതുമായിരുന്നു എന്നു പറഞ്ഞുകൊണ്ടാണു ബ്രാഞ്ച്റിപ്പോർട്ട് അവസാനിക്കുന്നത്.
ആയിരക്കണക്കിനു പ്രതിനിധികൾക്ക് ആഹാരം
മുൻ സോവ്യററ് യൂണിയനിലെ യഹോവയുടെ സാക്ഷികളുടെ ആദ്യത്തെ സാർവദേശീയ കൺവെൻഷൻ 1992 ജൂൺ 28-30-വരെ റഷ്യയിലെ സെൻറ് പീറേറഴ്സ്ബർഗ്ഗിലുള്ള കീറോവ് സ്റേറഡിയത്തിൽ നടത്തപ്പെട്ടു. “പ്രകാശവാഹകർ” എന്ന വിഷയത്തോടുകൂടിയ ഈ നാഴികക്കല്ലായ കൺവെൻഷനിൽ 28 രാജ്യങ്ങളിൽനിന്ന് 46,200-ൽപരം പ്രതിനിധികൾ ഹാജരായി. ഇത് “സഹോദരൻമാരുടെ മുഴു സമൂഹത്തോടും” ക്രിസ്തീയസ്നേഹം പ്രകടമാക്കുന്നതിനുള്ള മറെറാരു അവസരം പ്രദാനംചെയ്തു.—1 പത്രോസ് 2:17, NW.
ഡെൻമാർക്ക്, ഫിൻലൻഡ്, സ്വീഡൻ, എന്നിവിടങ്ങളിൽനിന്നും പശ്ചിമയൂറോപ്പിലെ മററു രാജ്യങ്ങളിൽനിന്നും ടൺകണക്കിനു ഭക്ഷ്യവസ്തുക്കൾ കൺവെൻഷൻ സമയത്തു ഭക്ഷിക്കുന്നതിനു മുൻ യു.എസ്.എസ്.ആറിൽനിന്നുള്ള ആയിരക്കണക്കിനു കൺവെൻഷൻപ്രതിനിധികൾക്കു സൗജന്യമായി വിതരണംചെയ്യപ്പെട്ടു. അവസാനത്തെ സെഷൻ കഴിഞ്ഞ് അവർ പോയപ്പോൾ വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഉപയോഗിക്കുന്നതിന് അവർക്ക് ഓരോ ഭക്ഷണപ്പൊതി കൊടുക്കപ്പെട്ടു.
ഇവിടെ നൽകിയ റിപ്പോർട്ടുകൾ, കൊടുക്കൽ ഒരു വഴിക്കുമാത്രം—കിഴക്കോട്ട്—ആയിരുന്നില്ലെന്ന് പ്രകടമാക്കുന്നു. കൊടുക്കലിന്റെ ഒരു പരസ്പര കൈമാററം ഉണ്ടായിരുന്നു. ഭക്ഷ്യവും വസ്ത്രവും കിഴക്കോട്ട്. അതെ, എന്നാൽ യഹോവയുടെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയാവർജ്ജകമായ നിരവധി സ്നേഹപ്രകടനങ്ങളും സമ്മർദ്ദങ്ങളുടെയും പ്രയാസങ്ങളുടെയും ദശാബ്ദങ്ങളിലെ അവരുടെ സ്ഥിരോത്സാഹത്തെയും വിശ്വസ്തതയെയും പ്രതിഫലിപ്പിക്കുന്ന വിശ്വാസപ്രചോദകമായ അനുഭവങ്ങളും പടിഞ്ഞാറോട്ട്. അങ്ങനെ ഇരു പക്ഷങ്ങളും യേശുവിന്റെ ഈ വാക്കുകളുടെ സത്യത അനുഭവിച്ചറിഞ്ഞിരിക്കുന്നു: “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം.”—പ്രവൃത്തികൾ 20:35.
[21-ാം പേജിലെ ചിത്രം/രേഖാചിത്രം]
1. ഫിൻലൻഡിൽനിന്ന്: സെൻറ് പീറേറ്ഴസ്ബർഗ്ഗ്, റഷ്യ; ററാലിനും ററാർട്ടുവും, എസ്റേറാണിയ; റിഗാ, ലാത്വിയാ; വിററ്നിയസും കൗണാസും, ലിത്വാനിയ; കലിനിൻഗ്രാഡ്, റഷ്യ; പെട്രോസാവോഡ്സ്ക്, കാരെലിയ
2. നെതർലൻഡ്സിൽനിന്ന്: ലവീഫ്, ഉക്രേയ്ൻ
3. സ്വീഡനിൽനിന്ന്: സെൻറ് പീറേറഴ്സ്ബർഗ്ഗ്, റഷ്യ; ലവീഫ്, ഉക്രേയ്ൻ; നെവിന്നമിസ്ക്, റഷ്യ
4. ഡെൻമാർക്കിൽനിന്ന്: സെൻറ് പീറേറഴ്സ്ബർഗ്ഗ്, റഷ്യ; ലവീഫ്, ഉക്രേയ്ൻ
5. ആസ്ട്രിയയിൽനിന്ന്: ലവീഫ്, ഉക്രേയ്ൻ; ബൽഗ്രേഡ്, മോസ്ററാർ, ഓസിജക്ക്, സരായെവോ, സാഗ്രബ്, (മുൻ യൂഗോസ്ലാവ്യയിൽ)
6. സ്വിററ്സർലൻഡിൽനിന്ന്: ലവീഫ്, ഉക്രേയ്ൻ
7. ഇററലിയിൽനിന്ന്: ലവീഫ്, ഉക്രേയ്ൻ
[23-ാം പേജിലെ ചിത്രം]
സ്വീഡൻ ബ്രാഞ്ചിൽ പെട്ടിക്കണക്കിനു വസ്ത്രങ്ങൾ
ദുരിതാശ്വാസ വിഭവങ്ങൾ കയററുന്നു
ഒരു പൊതിയിലെ ഭക്ഷ്യപദാർത്ഥങ്ങൾ
ഡെൻമാർക്കിൽനിന്നു പന്നിയിറച്ചിയും ഹാമും
11 ട്രക്കുകളും 1 കാറും അടങ്ങിയ വാഹനസമൂഹം
പാഴ്സലുകളും സൂട്ട്കേസുകളും ആസ്ട്രിയ ബ്രാഞ്ചിൽ
ഉക്രേയ്ൻ, ലവീഫിൽ ട്രക്കുകളിൽനിന്നു സാധനങ്ങളിറക്കുന്നു