വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
◻ 2 യോഹന്നാൻ 10, ഒരുവന്റെ ഭവനത്തിലേക്കു ചിലരെ സ്വീകരിക്കുകയോ അല്ലെങ്കിൽ വന്ദനം പറയുകയോ ചെയ്യരുതെന്നു പറയുന്നത്, വ്യാജോപദേശം അഭിവൃദ്ധിപ്പെടുത്തിയവരെ മാത്രമാണോ പരാമർശിക്കുന്നത്?
ഈ ബുദ്ധിയുപദേശത്തിന്റെ സന്ദർഭം, “യേശുക്രിസ്തു ജഡത്തിൽ വന്നവൻ എന്നു ഏററുപറയാത്ത ആളുകൾ” ആയ “അനേക വഞ്ചകൻമാർ” പുറപ്പെട്ടിരിക്കുന്നതിനോടുള്ള ബന്ധത്തിലാണ്. (2 യോഹന്നാൻ 7) യേശു ആസ്തിക്യവാനായിരുന്നു അഥവാ അവൻ ക്രിസ്തുവും മറുവിലക്കാരനും ആയിരുന്നുവെന്ന് സമ്മതിക്കാത്ത ഒരുവനോട് അന്ന് അവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികൾ എപ്രകാരം വർത്തിക്കണമെന്ന് അപ്പോസ്തലനായ യോഹന്നാൻ നിർദ്ദേശങ്ങൾ നൽകിയിരുന്നു. യോഹന്നാൻ നിർദ്ദേശിച്ചു: “ആരെങ്കിലും, ഈ ഉപദേശം കൊണ്ടല്ലാതെ നിങ്ങളുടെ അടുക്കൽ വരുന്നുവെങ്കിൽ, അവനെ ഒരിക്കലും നിങ്ങളുടെ ഭവനങ്ങളിൽ സ്വീകരിക്കുയോ ഒരു വന്ദനം പറയുകയോ ചെയ്യരുത്. കാരണം, അവന് ഒരു വന്ദനം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു പങ്കാളിയാകുന്നു.” (2 യോഹന്നാൻ 10, 11) എന്നാൽ ബൈബിളിൽ ഇതിനു ഒന്നുകൂടെ വ്യാപകമായ ഒരു ഉപയോഗം ഉണ്ടെന്നു മറെറാരിടത്തു കാണിക്കുന്നു.
കൊരിന്തിലുണ്ടായിരുന്ന ക്രിസ്ത്യാനികളുടെയിടയിൽ ഒരു സമയത്ത് ദുർന്നടപ്പുകാരനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അപ്പോസ്തലൻ അവർക്കെഴുതി “സഹോദരൻ എന്നു പേർപെട്ട ഒരുവൻ പരസംഗക്കാരനോ, അത്യാഗ്രഹിയോ, വിഗ്രഹാരാധിയോ, ദൂഷകനോ, കുടിച്ചു മത്താനാകുന്നവനോ, എങ്കിൽ അവനുമായി സംസർഗ്ഗം അരുത്; അപ്രകാരമൊരുവനുമായി ഭക്ഷണം കഴിക്കപോലും അരുത്.” (1 കൊരിന്ത്യർ 5:11) ഇപ്പോൾ, അവിടെ പറഞ്ഞിരിക്കുന്ന കടുത്ത തെററുകൾക്കു വേണ്ടി പുറത്താക്കപ്പെട്ട പൂർവ്വ സഹോദരങ്ങൾക്കു മാത്രമാണോ അതു ബാധകമാകുന്നത്?
അല്ല, വെളിപ്പാട് 21:8 രണ്ടാം മരണത്തിനർഹരാകുന്നവരിൽ അനുതപിക്കാത്ത കുലപാതകൻമാർ, ക്ഷൂദ്രക്കാർ, ഭോഷ്കു പറയുന്നവർ എന്നിവരും ഉൾപ്പെടുന്നുവെന്നു കാണിക്കുന്നു. 1 കൊരിന്ത്യർ 5:11 ലെ ബുദ്ധിയുപദേശം നിശ്ചയമായും ഈ തെററുകൾ ചെയ്തപൂർവ്വ ക്രിസ്ത്യാനികളേയും തുല്യശക്തിയോടെ ബാധകമാക്കപ്പെട്ടിരിക്കണം. കൂടാതെ, യോഹന്നാൻ എഴുതി: ചിലർ “നമ്മിൽനിന്നു വിട്ടുപോയി, എന്നാൽ അവർ നമ്മുടെ ഗണത്തിൽ ഉള്ളവരല്ലായിരുന്നു, അവർ നമ്മുടെ ഗണത്തിൽ ഉള്ളവരായിരുന്നെങ്കിൽ, നമ്മോടുകൂടെ നിൽക്കുമായിരുന്നു. എന്നാൽ എല്ലാവരും നമ്മുടെ ഗണത്തിൽ ഉള്ളവരല്ലെന്നു കാണിക്കപ്പെടേണ്ടതിനു അവർ വിട്ടുപോയി.” (1 യോഹന്നാൻ 2:18, 19) അവരെ കടുത്ത തെററുകൾനിമിത്തം പുറത്താക്കപ്പെട്ടുവെന്നു യോഹന്നാൻ പറഞ്ഞില്ല. പക്ഷേ, അവരിൽ ചിലർ ഒരു ഉപദേശ സംബന്ധമായി യോജിക്കാത്തതിനാൽ ഇനി തങ്ങൾ സഭയിൽ ആയിരിക്കേണ്ടതില്ല എന്നു തീരുമാനിക്കയും മടുത്തുപോകുകയും ചെയ്തിരിക്കണം.—1 കൊരിന്ത്യർ 15:12; 2 തെസ്സലോനീക്യർ 2:1-3; എബ്രായർ 12:3, 5.
നിശ്ചയമായും, ഒരു സഹോദരൻ പാപത്തിലേക്കു വഴുതിപ്പോകാൻ ആരംഭിച്ചെങ്കിൽ, പക്വതയുള്ള ക്രിസ്ത്യാനികൾ അയാളെ സഹായിക്കാൻ ശ്രമിച്ചിരുന്നിരിക്കണം. (ഗലാത്യർ 6:1; 1 യോഹന്നാൻ 5:16) അയാൾക്ക് സംശയങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവർ അയാളെ ‘തീയിൽ നിന്നു വലിച്ചെടുക്കുവാൻ’ ശ്രമിച്ചിരുന്നിരിക്കണം. (യൂദാ 23) അയാൾ യോഗങ്ങൾക്കോ പരസ്യശുശ്രൂഷയ്ക്കോ പോകാതെ, നിഷ്ക്രിയനായിപോയിരുന്നെങ്കിൽ പോലും ആത്മീയമായി ബലമുള്ളവർ അയാളെ വീണ്ടുകൊള്ളുവാൻ ശ്രമിച്ചിരുന്നിരിക്കണം. അയാളുടെ ക്ഷീണിച്ച വിശ്വാസത്തെയും താണ ആത്മീയതയേയും പ്രതിഫലിപ്പിച്ചുകൊണ്ട്, സഭയിൽ ആയിരിക്കുന്നതിനു തന്നെ അലട്ടുവാനാഗ്രഹിക്കുന്നില്ലെന്നു അയാൾ അവരോടു പറഞ്ഞിരുന്നിരിക്കണം. അപ്രകാരം സ്നേഹത്തോടും, ക്ഷമയോടും, ദയയോടും കൂടിയ ശ്രമങ്ങൾ ഒരുത്തരും നഷ്ടപ്പെട്ടു പോകുവാൻ ദൈവം ഇഷ്ടപ്പെടുന്നില്ല എന്നതു പ്രതിഫലിപ്പിച്ചിരുന്നിരിക്കണം.—ലൂക്കോസ് 15:4-7.
വിപരീതമായി, യോഹന്നാന്റെ വാക്കുകൾ സൂചിപ്പിക്കുന്നത് ചിലർ ആത്മീയ ബലഹീനതയിലും നിഷ്ക്രിയത്വത്തിലും അകലെ കടന്നു പോയിയെന്നാണ്; അവർ യഥാർത്ഥത്തിൽ ദൈവത്തിന്റെ സഭയെ നിരാകരിച്ചു. ആരോ ഒരാൾ, ഇനിമേൽ സഭയിൽ ആയിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നു പ്രസ്താവിച്ചുകൊണ്ട്, ദൈവജനങ്ങളോട് തുറന്ന എതിർപ്പിൽ വന്നേക്കാം. അയാൾ ഒരു എഴുത്തിനാലോ മറേറാ, തന്റെ പൂർവ്വ വിശ്വാസത്തെ ഔപചാരികമായി നിരാകരിക്കപോലും ചെയ്തിരിക്കാം. നിശ്ചയമായും, സ്വയം നിസ്സഹവസിക്കുന്നതിനുള്ള തീരുമാനം സഭ സ്വീകരിച്ചിരിക്കും. എന്നാൽ അപ്പോൾ അവർ അയാളോടു എപ്രകാരം പെരുമാറിയിരിക്കണം?
യോഹന്നാൻ പറയുന്നു: “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ മുന്നോട്ടു തള്ളിക്കയറുന്ന ഏവനും ദൈവം ഇല്ല. അവന്റെ ഉപദേശത്തിൽ നിലനിൽക്കുന്ന ഒരുവന് പിതാവും പുത്രനും ഉണ്ട്. ഈ ഉപദേശവും കൊണ്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വരുന്നെങ്കിൽ നിങ്ങളുടെ ഭവനങ്ങളിൽ അവനെ ഒരിക്കലും സ്വീകരിക്കയോ ഒരു വന്ദനം പറയുകയോ ചെയ്യരുത്.” (2 യോഹന്നാൻ 9, 10) ആ വാക്കുകൾ, ഒരു വ്യാജമതത്തിൽ ചേരുകയോ അല്ലെങ്കിൽ വ്യാജോപദേശം പരത്തുകയോ ചെയ്തതിനാൽ വിശ്വാസത്യാഗിയായിത്തീർന്ന ഒരുവനു തീർച്ചയായും ബാധകമായിരുന്നു. (2 തിമൊഥെയോസ് 2:17-19) എന്നാൽ “നമ്മിൽ നിന്നു വിട്ടുപോയി” എന്നു യോഹന്നാൻ പറഞ്ഞവരേ സംബന്ധിച്ചെന്ത്? പുറത്താക്കപ്പെട്ട ദുഷ്പ്രവൃത്തിക്കാരനോടോ സജീവ വിശ്വാസത്യാഗിയോടോ സഹവസിക്കരുതെന്ന് ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾക്ക് അറിയാമായിരുന്നപ്പോൾ, പുറത്താക്കപ്പെടാത്ത, എന്നാൽ മനഃപൂർവ്വം ക്രിസ്തീയമാർഗ്ഗത്തെ പരിത്യജിച്ച ഒരുവനോട് അതേ പ്രകാരം തന്നെ വർത്തിച്ചോ?
ബൈബിൾ ഗ്രാഹ്യ സഹായി വെളിവാക്കുന്നത്, “വിശ്വാസത്യാഗം” എന്ന പദം ഒരു ഗ്രീക്കു പദത്തിൽ നിന്നു വരുന്നു, അതിന്റെ അക്ഷരീയാർത്ഥം “‘അകന്നു മാറിനിൽക്കൽ’ എന്നാൽ ‘ഒഴിഞ്ഞുമാറൽ, ഉപേക്ഷിക്കൽ അല്ലെങ്കിൽ മത്സരം‘”a എന്ന ആശയവും ഉണ്ട്. സഹായി പുസ്തകം കൂട്ടിച്ചേർക്കുന്നു: “അപ്പോസ്തലിക മുന്നറിയിപ്പുകളിൽ ആവിഷ്കരിച്ചിരിക്കുന്ന വിശ്വാസത്യാഗത്തിന്റെ വിവിധകാരണങ്ങളായ വിശ്വാസക്കുറവ് (എബ്രായർ 3:12), പീഡനത്തതിൽ സഹിഷ്ണതക്കുറവ് (എബ്രായർ 10:32-39), ശരിയായ ധാർമ്മിക മാനദണ്ഡങ്ങളുടെ ഉപേക്ഷണം (2 പത്രോസ് 2:15-22), വ്യാജാപദേഷ്ടാക്കൻമാരുടെ ‘കപടവാക്കുകൾ’ക്കും ‘വഴിതെററിക്കുന്ന നിശ്വസ്ത മൊഴികൾ’ക്കും ചെവികൊടുക്കൽ (1 തിമൊഥെയോസ് 4:1-3) അപ്രകാരമുള്ളവർ മനഃപൂർവ്വം ക്രിസ്തീയ സഭയെ ഉപേക്ഷിച്ചകൊണ്ട് ‘എതിർക്രിസ്തുവിന്റെ’ ഭാഗമായിത്തീരുന്നു. (1 യോഹന്നാൻ 2:18, 19)”
മനഃപൂർവ്വമായും ഔപചാരികമായും സഭയിൽനിന്നു സ്വയം നിസ്സഹവസിച്ച ഒരാൾ ആ വിവരണത്തിനു യോജിച്ചിരിക്കും. മന:പൂർവ്വം ദൈവത്തിന്റെ സഭയെ നിരാകരിക്കുന്നതിനാലും ക്രിസ്തീയമാർഗ്ഗത്തെ പരിത്യജിക്കുന്നതിനാലും അവൻ സ്വയം ഒരു വിശ്വാസത്യാഗി ആക്കിയിരിക്കണം. ഒരു ഭക്തിയുള്ള ക്രിസ്ത്യാനി ഒരു വിശ്വാസത്യാഗിയുമായി സഹവസിക്കുവാൻ ആഗ്രഹിക്കുകയില്ല. അവർ സ്നേഹിതൻമാർ ആയിരുന്നെങ്കിൽപോലും സഭയെ നിരാകരിച്ചുകൊണ്ട് ഒരുവൻ വിശ്വാസത്യാഗിയായപ്പോൾ, സഹോദരൻമാരോടുള്ള അടുപ്പത്തിന്റെ അടിസ്ഥാനത്തെ നിഷേധിച്ചു. യോഹന്നാൻ തന്നെ ‘ദൈവം ഇല്ലാത്ത’വനും “നമ്മുടെ ഗണത്തിൽ പെടാത്ത”വനുമായ ഒരുവനെ തന്റെ ഭവനത്തിൽ സ്വീകരിക്കയില്ല എന്നു വ്യക്തമാക്കി.
തിരുവെഴുത്തുപരമായി, ദൈവത്തിന്റെ സഭയെ നിരാകരിച്ചവൻ ലോകത്തിലുള്ളവരേക്കാൾ കൂടുതൽ നിന്ദ്യനായിത്തീർന്നു. എന്തുകൊണ്ട്? അതേ റോമാലോകത്തിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ പരസംഗക്കാരോടും, അതിക്രമക്കാരോടും, വിഗ്രഹാരാധികളോടും അനുദിനസമ്പർക്കത്തിലായിരുന്നുവെന്ന് പൗലോസ് കാണിച്ചു. എന്നിരുന്നാലും അവൻ പറഞ്ഞത് ക്രിസ്ത്യാനികൾ അഭക്തിയുടെ വഴികൾ പുന:രാരംഭിച്ച “സഹോദരൻ എന്നു പേർപെട്ട യാതൊരുവനുമായും സംസർഗ്ഗം നിർത്തണം” എന്നായിരുന്നു. (1 കൊരിന്ത്യർ 5:9-11) അതേപ്രകാരം, “ലോകത്തിന്റെ മാലിന്യങ്ങളിൽ നിന്നു വിട്ടോടിയ” ഒരുവനെങ്കിലും അവൻ പൂർവ്വജീവിതത്തിലേക്ക് പിന്തിരിഞ്ഞാൽ പന്നി ചെളിയിൽ ഉരുളുവാൻ തിരിയുന്നതുപോലെയാണെന്നു പത്രോസ് പ്രസ്താവിക്കുന്നു. (2 പത്രോസ് 2:20-22) അതുകൊണ്ട് യോഹന്നാൻ, ക്രിസ്ത്യാനികൾ മന:പൂർവ്വം ‘നമ്മിൽനിന്നു വിട്ടുപോയ’ ഒരുവനെ ‘തങ്ങളുടെ ഭവനങ്ങളിൽ സ്വീകരിക്ക’രുതെന്നു നിർദ്ദേശിക്കുന്നതിൽ യോജിപ്പുള്ള ബുദ്ധിയുപദേശം നല്കുകയായിരുന്നു.—2 യോഹന്നാൻ 10.
യോഹന്നാൻ കൂട്ടിച്ചേർത്തു: “കാരണം അവന് ഒരു വന്ദനം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തിക്കു പങ്കാളിയാകുന്നു.” (2 യോഹന്നാൻ 11) ഇവിടെ യോഹന്നാൻ വന്ദനത്തിനുള്ള ഗ്രീക്കുപദമായ കായിറോ ഉപയോഗിച്ചു, 13-ാം വാക്യത്തിൽ കാണുന്ന ആസ്പസോമായ് അല്ല.
കായിറോ ആഹ്ലാദിക്ക എന്നർത്ഥമാക്കി. (ലൂക്കോസ് 10:20; ഫിലിപ്യർ 3:1; 4:4) ആസ്പസോമായ് “കൈകളിൽ സംവലയം ചെയ്ക, അപ്രകാരം വന്ദനം പറയുക, സ്വാഗതം ചെയ്ക” എന്നർത്ഥമാക്കി. (ലൂക്കോസ് 11:43; പ്രവൃത്തികൾ 20:1, 37; 21:7, 19) രണ്ടും ഒരു വന്ദനം ആയിരിക്കാൻ കഴിയും, എന്നാൽ ആസ്പസോമായ് മര്യാദക്കുള്ള ഒരു “ഹെല്ലോ” അല്ലെങ്കിൽ “ഗുഡ്ഡേ”യേക്കാൾ കൂടുതൽ അർത്ഥമാക്കപ്പെട്ടിരിക്കണം. യേശു 70 ശിഷ്യൻമാരോട് ആരേയും ആസ്പസോമാതേ ചെയ്യരുതെന്നു പറഞ്ഞു. അവരുടെ അടിയന്തിരമായ വേല പൗരസ്ത്യരീതിയുള്ള ചുംബനങ്ങളോടും ആലിംഗനങ്ങളോടും ദീർഘസംഭാഷണത്തോടുംകൂടെയുള്ള വന്ദനത്തിനു സമയം അനുവദിച്ചില്ല എന്ന് അവൻ കാണിച്ചു. (ലൂക്കോസ് 10:4) പത്രോസും പൗലോസും ‘ഒരു സ്നേഹചുബനത്തോടെ അല്ലെങ്കിൽ ഒരു വിശുദ്ധചുബനത്തോടെ, അന്യോന്യം വന്ദനം (ആസ്പസോമാതേ) പറയുവാൻ പ്രേത്സാഹിപ്പിച്ചു.—1 പത്രോസ് 5:14; 2 കൊരിന്ത്യർ 13:12, 13; 1 തെസ്സലോനീക്യർ 5:26.
അതുകൊണ്ട്, യോഹന്നാൻ, 2 യോഹന്നാൻ 10, 11-ൽ കായിറോ കരുതിക്കൂട്ടി (വാക്യം 13ലെ) ആസ്പസോമായ്യേക്കാൾ കൂടുതൽ ഉചിതമായി ഉപയോഗിച്ചിരിക്കണം. അങ്ങനെയെങ്കിൽ, വ്യാജം പഠിപ്പിക്കയോ സഭയെ നിരാകരിക്കുകയോ (വിശ്വാസം ത്യജിച്ച്) ചെയ്ത ഒരാളെ ഊഷ്മളമായി വന്ദനം പറയുന്നത് (ഒരു ആലിംഗനത്തോടും ചുംബനത്തോടും സംഭാഷണത്തോടുംകൂടെ) ഒഴിവാക്കണമെന്നു മാത്രം യോഹന്നാൻ പ്രേരിപ്പിക്കുകയല്ലായിരുന്നു. അതെ, അപ്രകാരമൊരു വ്യക്തിയെ കായിറോ ഒരു സാധാരണ “ഗുഡ്ഡേ”b കൊണ്ടുപോലും അവർ വന്ദനം പറയരുതെന്നു യോഹന്നാൻ പറയുകയായിരുന്നു.
ഈ ബുദ്ധിയുപദേശത്തിന്റെ ഗൗരവം യോഹന്നാന്റെ വാക്കുകളിൽനിന്നും തെളിവാണ്: “അവന് ഒരു വന്ദനം പറയുന്നവൻ അവന്റെ ദുഷ്പ്രവർത്തികൾക്ക് പങ്കാളിയാകുന്നു.” പുറത്താക്കപ്പെട്ട ഒരു കുററവാളിയോടോ അല്ലെങ്കിൽ ദൈവത്തിന്റെ സഭയെ ഉപേക്ഷിച്ചവനോടോ സഹവസിക്കുന്നതിനാൽ അവന്റെ ദുഷ്പ്രവൃത്തികളിൽ പങ്കാളിയെന്നു ദൈവം വീക്ഷിക്കുവാൻ യാതൊരു സത്യക്രിസ്ത്യാനിയും ആഗ്രഹിക്കയില്ല. യോഹന്നാൻ എഴുതിയതുപോലെ, സ്നേഹനിർഭരമായ ക്രിസ്തീയ സാഹോദര്യത്തിൽ ഒരു പങ്കാളിയായിരിക്കുന്നത് എത്ര വിശിഷ്ടമാണ്: “ഞങ്ങളോടുകൂടി നിങ്ങൾക്കും ഒരു പങ്കാളിത്തം ഉണ്ടായിരിക്കേണ്ടതിന് ഞങ്ങൾ കണ്ടതും കേട്ടതും നിങ്ങളോടും റിപ്പോർട്ടു ചെയ്യുന്നു. കൂടാതെ, നമ്മുടെ ഈ പങ്കുപററൽ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടുംകൂടെയാണ്.”—1 യോഹന്നാൻ 1:3. (w85 7/15)
[അടിക്കുറിപ്പുകൾ]
a വെബ്സ്റേറഴ്സ് ന്യൂ കോളജിയേററ് ഡിക്ഷണറി പറയുന്നു: “വിശ്വാസത്യാഗം” 1: “ഒരു മതവിശ്വാസപരിത്യാഗം 2: ഒരു പൂർവ്വഭക്തിയുടെ ഉപേക്ഷണം.”
b 2 യോഹന്നാൻ 11ലെ കായിറോ യുടെ ഉപയോഗത്തേസംബന്ധിച്ച് ആർ. സി. എച്ച്. ലെൻസ്കി അഭിപ്രായപ്പെടുന്നു: “(ഇത്) കണ്ടുമുട്ടുമ്പോഴോ വിട്ടുപിരിയുമ്പോഴോ ഉള്ള സാധാരണ വന്ദനമായിരുന്നു . . . ഇവിടുത്തെ അർത്ഥം: വിശ്വാസത്യാഗിക്ക് ഈ വന്ദനം പോലും കൊടുക്കരുത്! അവൻ വന്ന ദുഷ്പ്രവൃത്തിക്ക് ഇത് ഒരു പങ്കാളിയാക്കിത്തീർക്കുന്നു. യോഹന്നാൻ (സൂചിപ്പിക്കുന്നു) . . . ഏതു വിധത്തിലുള്ള വന്ദനവും.”