ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് നിങ്ങളുടെ കുടുംബത്തെ കാത്തു സൂക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുക
“ഓ യഹോവേ, നീ തന്നെ അവരെ കാക്കും; ഈ തലമുറയിൽ നിന്നുള്ള ഓരോരുത്തരെയും അനിശ്ചിത കാലത്തോളം നീ കാത്തു സൂക്ഷിക്കും.”—സങ്കീർത്തനം 12:7, NW.
1, 2. (എ) അന്ത്യനാളുകളിലെ സമ്മർദ്ദത്തിൻകീഴിൽ ചില കുടുംബങ്ങളുടെ അവസ്ഥ എന്താണ്? (ബി) ക്രിസ്തീയ കുടുംബങ്ങൾക്ക് അതിജീവിക്കാൻ എങ്ങനെ ശ്രമിക്കാവുന്നതാണ്?
“ഇന്ന് എന്റെ ഹൃദയം സന്തോഷംകൊണ്ടു നിറഞ്ഞിരിക്കുന്നു!” ജോൺ എന്നു പേരുള്ള ഒരു ക്രിസ്തീയ മൂപ്പൻ ഉദ്ഘോഷിച്ചു. ഈ അതിരററ ആഹ്ലാദത്തിന്റെ കാരണം? “പതിന്നാലു വയസ്സുള്ള എന്റെ മകനും 12 വയസ്സുള്ള എന്റെ മകളും സ്നാപനമേററിരിക്കുന്നു,” അദ്ദേഹം പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ സന്തോഷം അവിടംകൊണ്ട് അവസാനിച്ചില്ല. “പതിനേഴു വയസ്സുള്ള എന്റെ മകനും 16 വയസ്സുള്ള എന്റെ മകളും കഴിഞ്ഞ ഒരു വർഷമായി സഹായപയണിയർമാരാണ്” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
2 നമ്മുടെ ഇടയിലുള്ള അനേകം കുടുംബങ്ങൾക്കു ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുമ്പോൾ ഇതു പോലുള്ള നല്ല ഫലങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ചില കുടുംബങ്ങൾക്കു പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. “ഞങ്ങൾക്ക് അഞ്ചു കുട്ടികളുണ്ട്,” ഒരു ക്രിസ്തീയ ദമ്പതികൾ എഴുതുന്നു, “അവരോട് ഇടപെടുന്നത് അടിക്കടി പ്രയാസകരമായിത്തീരുകയാണ്. ഈ പഴയ വ്യവസ്ഥിതി ഇപ്പോൾത്തന്നെ ഞങ്ങളുടെ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇപ്പോൾ ഞങ്ങളുടെ കൗമാരപ്രായക്കാർ സാത്താന്റെ ആക്രമണത്തിന്റെ പ്രമുഖ മണ്ഡലമായിരിക്കുന്നതായി തോന്നുന്നു.” കഠിനമായ വൈവാഹിക കുഴപ്പം അനുഭവിക്കുന്ന ദമ്പതികളുമുണ്ട്, ചിലപ്പോൾ അതു വേർപിരിയലിലോ വിവാഹമോചനത്തിലോ കലാശിക്കുന്നു. എന്നിരുന്നാലും ക്രിസ്തീയ ഗുണങ്ങൾ നട്ടുവളവർത്തുന്ന കുടുംബങ്ങൾ “മഹോപദ്രവത്തെ” അതിജീവിക്കുകയും ദൈവത്തിന്റെ വരാൻ പോകുന്ന പുതിയ ലോകത്തിലേക്കു കാത്തു സൂക്ഷിക്കപ്പെടുകയും ചെയ്യും. (മത്തായി 24:21; 2 പത്രൊസ് 3:13) അപ്പോൾ നിങ്ങളുടെ കുടുംബം കാത്തു സൂക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
ആശയവിനിയമം മെച്ചപ്പെടുത്തൽ
3, 4. (എ) കുടുംബജീവിതത്തിൽ ആശയവിനിയമം എത്ര പ്രധാനമാണ്, അതു സംബന്ധിച്ചു മിക്കപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? (ബി) ഭർത്താക്കൻമാർ നല്ല ശ്രോതാക്കളായിരിക്കാൻ ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
3 ആരോഗ്യമുള്ള ഒരു കുടുംബത്തിന്റെ ജീവരക്തം നല്ല ആശയവിനിമയമാണ്; അതില്ലാത്തപ്പോൾ പിരിമുറുക്കവും സമ്മർദ്ദവും വർദ്ധിക്കുന്നു. “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെ പോകുന്നു” എന്ന് സദൃശവാക്യങ്ങൾ 15:22 പറയുന്നു. രസാവഹമായി, ഒരു വിവാഹ ഉപദേഷ്ടാവ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ഞാൻ ഉപദേശിക്കുന്ന ഭാര്യമാരിൽ നിന്ന് ഞാൻ ഏററവും അധികം കേൾക്കാറുള്ള പരാതി ‘അദ്ദേഹം എന്നോടു സംസാരിക്കുകയില്ല’ എന്നും ‘അദ്ദേഹം എന്നെ ശ്രദ്ധിക്കുന്നില്ല’ എന്നുമാണ്. ഞാൻ ഈ പരാതികൾ അവരുടെ ഭർത്താക്കൻമാരുമായി പങ്കുവയ്ക്കുമ്പോൾ അവർ എന്നെയും ശ്രദ്ധിക്കാറില്ല.”
4 ആശയവിനിയമം ഇല്ലാതെ പോകാൻ കാരണമെന്താണ്? ഒരു സംഗതി, പുരുഷൻമാരും സ്ത്രീകളും വ്യത്യസ്തരാണ്, അവർക്കു മിക്കപ്പോഴും തികച്ചും വ്യത്യസ്തമായ ആശയവിനിമയ രീതികളാണുള്ളത്. ഒരു ഭർത്താവ് തന്റെ സംഭാഷണത്തിൽ നേരിട്ടും പ്രായോഗികമായും സംസാരിക്കാൻ ചായ്വുള്ളവനാണ് എന്നും അതേസമയം “[ഒരു ഭാര്യക്ക്] വേണ്ടതു മറെറല്ലാററിലുമുപരി തൻമയീഭാവമുള്ള ഒരു ശ്രോതാവിനെയാണ്” എന്നും ഒരു ലേഖനം കുറിക്കൊണ്ടു. നിങ്ങളുടെ വിവാഹത്തിൽ ഇതൊരു പ്രശ്നമാണെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുക. ഒരു ക്രിസ്തീയ ഭർത്താവു കൂടുതൽ മെച്ചപ്പെട്ട ഒരു ശ്രോതാവായിത്തീരുന്നതിനു കഠിനശ്രമം ചെയ്യേണ്ടതുണ്ടായിരിക്കാം. “ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും” ഉള്ളവനായിരിക്കട്ടെ എന്നു യാക്കോബ് പറയുന്നു. (യാക്കോബ് 1:19) നിങ്ങളുടെ ഭാര്യക്കു കേവലം “സഹാനുഭൂതി” ആവശ്യമായിരിക്കുമ്പോൾ ആജ്ഞകൾ നൽകുന്നതും ഉപദേശിക്കുന്നതും ദീർഘമായി പ്രഭാഷണങ്ങൾ നടത്തുന്നതും ഒഴിവാക്കുക. (1 പത്രൊസ് 3:8) “വാക്കു അടക്കി വയ്ക്കുന്നവൻ പരിജ്ഞാനമുള്ളവൻ” എന്നു സദൃശവാക്യങ്ങൾ 17:27 പറയുന്നു.
5. ഭർത്താക്കൻമാർക്കു തങ്ങളുടെ ചിന്തയും വികാരങ്ങളും പ്രകടിപ്പിക്കുന്നതിൽ മെച്ചപ്പെടാൻ കഴിയുന്ന ചില മാർഗ്ഗങ്ങൾ ഏവ?
5 നേരേമറിച്ച്, “സംസാരിക്കാൻ ഒരു സമയം” ഉണ്ട്. നിങ്ങൾ നിങ്ങളുടെ ചിന്തകളും വികാരങ്ങളും കൂടുതലായി പ്രകടിപ്പിക്കാൻ പഠിക്കേണ്ടതുണ്ടായിരിക്കാം. (സഭാപ്രസംഗി 3:7) ഉദാഹരണത്തിന്, നിങ്ങളുടെ ഭാര്യയുടെ നേട്ടങ്ങളെ പുകഴ്ത്തിപ്പറയുന്നതിൽ നിങ്ങൾ ഉദാരമനസ്കനാണോ? (സദൃശവാക്യങ്ങൾ 31:28) നിങ്ങൾക്കു പിന്തുണ നൽകുന്നതിനും വീട്ടുകാര്യങ്ങൾ നോക്കുന്നതിനും വേണ്ടി അവൾ ചെയ്യുന്ന കഠിനവേലക്കു നന്ദിയുള്ളവനാണെന്നു നിങ്ങൾ പ്രകടമാക്കുന്നുണ്ടോ? (കൊലൊസ്സ്യർ 3:15 താരതമ്യം ചെയ്യുക.) അല്ലെങ്കിൽ നിങ്ങൾ വാഗ്രൂപേണയുള്ള “പ്രേമപ്രകടനങ്ങൾ” മെച്ചപ്പെടുത്തേണ്ടതുണ്ടായിരിക്കാം. (ഉത്തമഗീതം 1:2, NW) അങ്ങനെ ചെയ്യുന്നത് ആദ്യമൊക്കെ വിഷമമാണെന്നു നിങ്ങൾക്കു തോന്നിയേക്കാം, എന്നാൽ നിങ്ങളുടെ ഭാര്യക്കു നിങ്ങളുടെ സ്നേഹത്തിൽ സുരക്ഷിതത്വം തോന്നുന്നതിന് അതു സഹായകമായിരിക്കും.
6. കുടുംബത്തിൽ ആശയവിനിയമം മെച്ചപ്പെടുത്താൻ ഭാര്യമാർക്ക് എന്തു ചെയ്യാൻ കഴിയും?
6 ക്രിസ്തീയ ഭാര്യമാരെ സംബന്ധിച്ചെന്ത്? താൻ തന്റെ ഭർത്താവിനെ വിലമതിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമെന്നും അതുകൊണ്ട് താൻ അദ്ദേഹത്തോട് അതു പറയേണ്ടയാവശ്യമില്ലെന്നും ഒരു ഭാര്യ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. എന്നിരുന്നാലും, വിലമതിപ്പും അഭിനന്ദനവും പ്രശംസയും കൊണ്ട് പുരുഷൻമാരും പരിപുഷ്ടിപ്പെടുന്നു. (സദൃശവാക്യങ്ങൾ 12:8) ഇതു നിങ്ങൾ കൂടുതൽ പ്രകടമാക്കേണ്ടതുണ്ടോ? മറിച്ച്, ഒരുപക്ഷേ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു നിങ്ങൾ ശ്രദ്ധ കൊടുക്കേണ്ടതുണ്ടായിരിക്കാം. തന്റെ പ്രശ്നങ്ങളും ആശങ്കകളും ഉൽക്കണ്ഠകളും നിങ്ങളോട് തുറന്നു സംസാരിക്കുന്നതു പ്രയാസമെന്നു നിങ്ങളുടെ ഭർത്താവു കണ്ടെത്തുന്നുവെങ്കിൽ ദയാപൂർവ്വവും നയപൂർവ്വവും അയാളെക്കൊണ്ട് ആശയവിനിയമം ചെയ്യിക്കാൻ നിങ്ങൾ പഠിച്ചിട്ടുണ്ടോ?
7. വൈവാഹിക ശണ്ഠകൾ ഉണ്ടാകാൻ ഇടയാക്കിയേക്കാവുന്നത് എന്താണ്, അവ എങ്ങനെ ഒഴിവാക്കാൻ കഴിയും?
7 തീർച്ചയായും, സാധാരണയായി കുഴപ്പമില്ലാതെ കഴിയുന്ന ദമ്പതികൾക്കുപോലും ചിലപ്പോൾ ഒരു ആശയവിനിമയ തകർച്ച അനുഭവപ്പെട്ടേക്കാം. വികാരം വിചാരത്തെ കീഴടക്കിയേക്കാം, അല്ലെങ്കിൽ ശാന്തമായ ഒരു ചർച്ച പെട്ടെന്നു ചൂടുപിടിച്ച ഒരു തർക്കമായി മാറിയേക്കാം. (സദൃശവാക്യങ്ങൾ 15:1) “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു”; എന്നിരുന്നാലും വിവാഹിതർക്കിടയിലെ ഒരു ശണ്ഠ വിവാഹത്തിന്റെ അവസാനത്തെ അർത്ഥമാക്കുന്നില്ല. (യാക്കോബ് 3:2) എന്നാൽ “ആക്രോശവും നിന്ദാവാക്കുകളും” ഏതു ബന്ധത്തിനും അനുചിതവും നാശകരവുമാണ്. (എഫെസ്യർ 4:31, NW) അന്യോന്യം ദ്രോഹകരമായവാക്കുകൾ പ്രയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പെട്ടെന്നുതന്നെ സമാധാനം പുനഃസ്ഥാപിക്കുക. (മത്തായി 5:23, 24) നിങ്ങൾ ഇരുവരും എഫെസ്യർ 4:26-ലെ പൗലോസിന്റെ വാക്കുകൾ ബാധകമാക്കുന്നുവെങ്കിൽ തുടക്കത്തിൽത്തന്നെ ശണ്ഠകൾ ഒഴിവാക്കാൻ കഴിയും: “സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്.” അതെ, നിങ്ങളുടെ പ്രശ്നങ്ങൾ ചെറുതും പിടിയിലൊതുങ്ങുന്നതുമായിരിക്കുമ്പോൾതന്നെ അവ ചർച്ച ചെയ്യുക; നിങ്ങളുടെ വികാരങ്ങൾ പൊട്ടിത്തെറിയുടെ വക്കോളം എത്തുന്നതുവരെ കാത്തിരിക്കരുത്. ഓരോ ദിവസവും നിങ്ങളെ ഉൽക്കണ്ഠപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കാൻ ഏതാനും മിനിററുകൾ ചെലവഴിക്കുന്നത് ആശയവിനിയമം വളർത്തുന്നതിനും തെററിദ്ധാരണകൾ ഒഴിവാക്കുന്നതിനും വളരെ സഹായകമായിരിക്കും.
‘യഹോവയുടെ മാനസിക ക്രമവൽക്കരണം’
8. ചില യുവജനങ്ങൾ സത്യത്തിൽ നിന്ന് അകന്നു പോയേക്കാവുന്നത് എന്തുകൊണ്ട്?
8 തങ്ങളുടെ കുട്ടികളെ കാര്യമായ മാർഗ്ഗനിർദ്ദേശമൊന്നും കൂടാതെ വളരാൻ അനുവദിക്കുന്നതിൽ ചില മാതാപിതാക്കൾ സംതൃപ്തരാണെന്നു തോന്നുന്നു. കുട്ടികൾ മീററിംഗുകളിൽ സംബന്ധിക്കുകയും വയൽസേവനത്തിൽ കുറെയെല്ലാം പങ്കെടുക്കുകയും ചെയ്യുന്നു, എന്നാൽ മിക്കപ്പോഴും അവർ യഹോവയുമായി സ്വന്തമായ ഒരു ബന്ധം പടുത്തുയർത്തിയിട്ടില്ല. കാലക്രമത്തിൽ “ജഡമോഹവും കൺമോഹവും” അങ്ങനെയുള്ള അനേകം യുവജനങ്ങളെ സത്യത്തിൽനിന്ന് അകററിക്കളഞ്ഞേക്കാം. (1 യോഹന്നാൻ 2:16) മാതാപിതാക്കൾ അർമ്മഗെദ്ദോനെ അതിജീവിക്കുകയും എന്നാൽ കഴിഞ്ഞകാലത്തെ അവഗണന നിമിത്തം തങ്ങളുടെ കുട്ടികളെ അപകടത്തിൽപ്പെട്ടവരുടെ കൂട്ടത്തിൽ പിമ്പിൽ വിട്ടുകളയുകയും ചെയ്യേണ്ടി വരുന്നത് എത്ര സങ്കടകരമായിരിക്കും!
9, 10. (എ) കുട്ടികളെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും” വളർത്തിക്കൊണ്ടുവരുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? (ബി) തങ്ങളുടെ വികാരങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കുട്ടികളെ അനുവദിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 അതുകൊണ്ടു പൗലോസ് ഇപ്രകാരം എഴുതി: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും വളിർത്തിക്കൊണ്ടുവരുവിൻ.” (എഫെസ്യർ 6:4, NW) അങ്ങനെ ചെയ്യുന്നതിനു യഹോവയുടെ നിലവാരങ്ങളോടു നിങ്ങൾതന്നെ നന്നായി പരിചയപ്പെട്ടിരിക്കണം. നിങ്ങളുടെ വിനോദങ്ങളുടെ തെരഞ്ഞെടുപ്പ്, വ്യക്തിപരമായ പഠനം, മീററിംഗുകളിലെ ഹാജർ, വയൽസേവനം എന്നിവപോലുള്ള കാര്യങ്ങളിൽ നിങ്ങൾതന്നെ നല്ല ദൃഷ്ടാന്തം വയ്ക്കുകയും വേണം. ഒരു പിതാവ് അല്ലെങ്കിൽ മാതാവ് (1) തന്റെ കുട്ടികളെ വിവേകപൂർവ്വം നിരീക്ഷിക്കണമെന്നും (2) അവരുമായി നല്ല ആശയവിനിയമം നിലനിർത്തണമെന്നുംകൂടെ പൗലോസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. അപ്പോൾമാത്രമേ അവർക്കു “മാനസിക ക്രമവൽക്കരണം” എവിടെയാണ് ആവശ്യമായിരിക്കുന്നത് എന്നു നിങ്ങൾക്ക് അറിയാൻ കഴിയുകയുള്ളു.
10 കൗമാരപ്രായക്കാർ ഒരളവിലുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി യത്നിക്കുന്നതു സ്വാഭാവികമാണ്. എന്നിരുന്നാലും, അവരുടെ സംസാരത്തിലും ചിന്തയിലും വസ്ത്രധാരണം, ചമയം, സുഹൃത്തുക്കളുടെ തെരഞ്ഞെടുപ്പ് എന്നിവയിലും ലോകസ്വാധീനത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കണം. ജ്ഞാനിയായ ഒരു പിതാവ് സദൃശവാക്യങ്ങൾ 23:26-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം പറഞ്ഞു: “മകനേ, നിന്റെ ഹൃദയം എനിക്കു തരിക.” നിങ്ങളുടെ മക്കൾക്കു നിങ്ങളുമായി അവരുടെ ചിന്തകളും വികാരങ്ങളും പങ്കുവയ്ക്കാൻ സ്വാതന്ത്ര്യം തോന്നുന്നുണ്ടോ? ഉടനടി വഴക്കു കേൾക്കേണ്ടിവരുമെന്നുള്ള ഭയപ്പാടില്ലാത്തപ്പോൾ പാഠ്യേതര പ്രവർത്തനങ്ങൾ, ഡെയിററിംഗ്, ഉന്നത വിദ്യാഭ്യാസം എന്നിവ സംബന്ധിച്ചോ അല്ലെങ്കിൽ ബൈബിൾ സത്യത്തെപ്പററി പോലുമോ തങ്ങൾ യഥാർത്ഥത്തിൽ എന്തു വിചാരിക്കുന്നു എന്നു വെളിപ്പെടുത്താൻ കുട്ടികൾ കൂടുതൽ ചായ്വുള്ളവരായിരിക്കാം.
11, 12. (എ) കുടുംബത്തിൽ ആശയവിനിയമം അഭിവൃദ്ധിപ്പെടുത്താൻ ഭക്ഷണവേളകൾ എങ്ങനെ ഉപയോഗിക്കാൻ കഴിയും? (ബി) തങ്ങളുടെ കുട്ടികളുമായി ആശയവിനിയമം മെച്ചപ്പെടുത്താനുള്ള ഒരു പിതാവിന്റെയോ മാതാവിന്റെയോ നിരന്തരമായ ശ്രമങ്ങൾക്ക് എന്തു ഫലമുണ്ടായേക്കാം?
11 അനേകം രാജ്യങ്ങളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന പതിവുണ്ട്. അപ്രകാരം ഭക്ഷണവേള കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും കെട്ടുപണി ചെയ്യുന്ന സംഭാഷണത്തിൽ പങ്കുപററാൻ നല്ല അവസരം പ്രദാനം ചെയ്യുന്നു. മിക്കപ്പോഴും ടിവിയും മററു ശ്രദ്ധാശൈഥില്യങ്ങളും കുടുംബഭക്ഷണവേളക്ക് ഇടം അനുവദിക്കാതിരിക്കുന്നു. എന്നാൽ തുടർച്ചയായി അനേകം മണിക്കൂറുകൾ നിങ്ങളുടെ കുട്ടികൾ ഫലത്തിൽ ലൗകിക ചിന്താഗതിക്കു വിധേയരായി സ്കൂളിൽ തടഞ്ഞു വയ്ക്കപ്പെട്ടിരിക്കുകയായിരുന്നു. ഭക്ഷണവേളകൾ നിങ്ങളുടെ കുട്ടികളുമായി ആശയവിനിയമം നടത്താൻ പററിയ സമയമാണ്. “ആ ദിവസം സംഭവിച്ച കാര്യങ്ങളെപ്പററി സംസാരിക്കാൻ ഞങ്ങൾ ഭക്ഷണ സമയങ്ങൾ ഉപയോഗിക്കുന്നു” എന്ന് ഒരു മാതാവ് പറയുന്നു. എന്നാൽ ഭക്ഷണവേളകൾ കുട്ടികളെ വിഷമിപ്പിക്കുന്ന ശിക്ഷണത്തിന്റെയും ചോദ്യംചെയ്യലിന്റെയും കൂടിവരവുകൾ ആയിത്തീരേണ്ടതില്ല. ആ സന്ദർഭം വിശ്രമത്തിന്റെയും ആസ്വാദനത്തിന്റേതുമായിരിക്കട്ടെ!
12 കുട്ടികൾ നിങ്ങളോടു തുറന്നു സംസാരിക്കാൻ ഇടയാക്കുക എന്നത് ഒരു വെല്ലുവിളിയാണ്. അതിന് അങ്ങേയററത്തെ ക്ഷമ ആവശ്യമായിരുന്നേക്കാം. എന്നിരുന്നാലും കാലക്രമത്തിൽ നിങ്ങൾ ഹൃദയോദ്ദീപകമായ ഫലങ്ങൾ കണ്ടേക്കാം. “ഞങ്ങളുടെ 14 വയസ്സുള്ള മകൻ വിഷാദമഗ്നനും ഒററപ്പെട്ടു നടക്കുന്നവനുമായിരുന്നു.” അതു സംബന്ധിച്ച് ഉത്ക്കണ്ഠയുണ്ടായിരുന്ന ഒരു മാതാവ് അനുസ്മരിക്കുന്നു. “ഞങ്ങളുടെ പ്രാർത്ഥനകളുടെയും സ്ഥിരപരിശ്രമത്തിന്റെയും ഫലമായി അവൻ ഇപ്പോൾ കാര്യങ്ങൾ തുറന്നു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു!”
കെട്ടുപണി ചെയ്യുന്ന കുടുംബ അദ്ധ്യയനം
13. കുട്ടികൾക്കു നേരത്തേതന്നെ പരിശീലനം കൊടുക്കുന്നതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്, അത് എങ്ങനെ സാധിക്കാം?
13 “മാനസിക ക്രമവൽക്കരണത്തിൽ” ദൈവവചനത്തിൽനിന്നുള്ള ചിട്ടയായ പ്രബോധനവും ഉൾപ്പെടുന്നു. തിമൊഥെയൊസിന്റെ കാര്യത്തിലെന്നപോലെ അത്തരം പരിശീലനം “ബാല്യംമുതൽ” തുടങ്ങണം. (2 തിമൊഥെയൊസ് 3:15) നേരത്തെയുള്ള പരിശീലനം സ്കൂൾ വർഷങ്ങളിലെ വിശ്വാസത്തിന്റെ പരിശോധനകൾക്ക്—ജൻദിനാഘോഷങ്ങൾ, ദേശഭക്തിപരമായ ചടങ്ങുകൾ, അല്ലെങ്കിൽ മതപരമായ വിശേഷദിവസങ്ങൾ—കുട്ടികളെ ബലിഷ്ഠരാക്കുന്നു. അത്തരം പരിശോധനകൾക്കുള്ള തയ്യാറെടുപ്പില്ലാഞ്ഞാൽ ഒരു കുട്ടിയുടെ വിശ്വാസം തകർക്കപ്പെട്ടേക്കാം. അതുകൊണ്ട് മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ, എന്റെ ബൈബിൾ കഥാപുസ്തകം എന്നിവപോലെ കൊച്ചുകുട്ടികൾക്കുവേണ്ടി വാച്ച്ടവർ സൊസൈററി തയ്യാറാക്കി തന്നിരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽനിന്നു പ്രയോജനം നേടുക.a
14. കുടുംബ അദ്ധ്യയനം എങ്ങനെ ക്രമമുള്ളതായി സൂക്ഷിക്കാം, ക്രമമായ ഒരു കുടുംബ അദ്ധ്യയനം ഉണ്ടായിരിക്കുന്നതിനു നിങ്ങൾ എന്തു ചെയ്തിരിക്കുന്നു?
14 ശ്രദ്ധകൊടുക്കേണ്ട മറെറാരു മണ്ഡലം കുടുംബ അദ്ധ്യയനമാണ്, അത് എളുപ്പത്തിൽ ക്രമമില്ലാത്തതായിത്തീരുകയോ മാതാപിതാക്കൾക്കും കുട്ടികൾക്കും പീഡാകരമായ, വിരസവും യാന്ത്രികവുമായ ഒരു സംഗതിയായിത്തീരുകയോ ചെയ്തേക്കാം. നിങ്ങൾക്കു കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും? ഒന്നാമതായി, ടിവി പരിപാടികളോ മററു വിനോദങ്ങളോ അതിന്റെ സമയം തട്ടിയെടുക്കാൻ അനുവദിക്കാതെ അദ്ധ്യയനത്തിനു വേണ്ടി നിങ്ങൾ ‘സമയം വിലയ്ക്കുവാങ്ങേണ്ടതുണ്ട്.’ (എഫെസ്യർ 5:15-17, NW) “ഞങ്ങളുടെ കുടുംബ അദ്ധ്യയനം ക്രമമായി നടത്തുന്നതു ഞങ്ങൾക്ക് പ്രയാസമായിരുന്നു,” ഒരു കുടുംബത്തലവൻ സമ്മതിക്കുന്നു. “രാത്രി കുറച്ചു വൈകി ഞങ്ങൾക്കു പ്രായോഗികമായ ഒരു സമയം ഒടുവിൽ കണ്ടെത്തുന്നതുവരെ ഞങ്ങൾ വ്യത്യസ്ത സമയങ്ങൾ പരീക്ഷിച്ചു നോക്കി. ഇപ്പോൾ ഞങ്ങളുടെ കുടുംബാദ്ധ്യയനം ക്രമമുള്ളതാണ്.”
15. നിങ്ങളുടെ കുടുംബ അദ്ധ്യയനം നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കു യോജിച്ചതാക്കുന്നത് എങ്ങനെ?
15 അടുത്തതായി, നിങ്ങളുടെ കുടുംബത്തിന്റെ പ്രത്യേക ആവശ്യങ്ങൾ പരിഗണിക്കുക. അനേകം കുടുംബങ്ങൾ വാരംതോറുമുള്ള തങ്ങളുടെ വീക്ഷാഗോപുര പഠനഭാഗം ഒരുമിച്ചു തയ്യാറാകുന്നത് ആസ്വദിക്കുന്നു. എന്നാൽ കൂടെക്കൂടെ സ്കൂളിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉൾപ്പെടെ നിങ്ങളുടെ കുടുംബം ചർച്ചചെയ്യേണ്ടതായ പ്രത്യേക പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകവും വീക്ഷാഗോപുരത്തിൽനിന്നും ഉണരുക!യിൽനിന്നുമുള്ള ലേഖനങ്ങളും ഈ ആവശ്യം നിറവേററും. “ഞങ്ങളുടെ ആൺകുട്ടികളിൽ തിരുത്തൽ ആവശ്യമുള്ള ഏതെങ്കിലും മനോഭാവം ഞങ്ങൾ കാണുന്നുവെങ്കിൽ യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിൽ ആ വിവരം ചർച്ച ചെയ്യുന്ന അദ്ധ്യായം ഞങ്ങൾ കണ്ടുപിടിക്കുന്നു,” ഒരു പിതാവു പറയുന്നു. അയാളുടെ ഭാര്യ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഞങ്ങൾ വഴക്കമുള്ളവരായിരിക്കാൻ ശ്രമിക്കുന്നു. ഞങ്ങൾ പഠനത്തിനുവേണ്ടി എന്തെങ്കിലും ആസൂത്രണം ചെയ്താൽ മറെറന്തെങ്കിലും ചർച്ച ചെയ്യേണ്ട ആവശ്യം നേരിടുന്നുവെങ്കിൽ ആവശ്യമനുസരിച്ചു ഞങ്ങൾ മാററം വരുത്തുന്നു.”
16. (എ) നിങ്ങളുടെ കുട്ടികൾ പഠിക്കുന്നത് അവർക്കു മനസ്സിലാകുന്നുണ്ടെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പാക്കാം? (ബി) ഒരു കുടുംബ അദ്ധ്യയനം നടത്തുമ്പോൾ സാധാരണയായി എന്ത് ഒഴിവാക്കണം?
16 നിങ്ങളുടെ കുട്ടികൾ പഠിക്കുന്ന കാര്യങ്ങൾ അവർക്കു യഥാർത്ഥത്തിൽ മനസ്സിലാകുന്നുണ്ടെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും? വിദഗ്ദ്ധ ഉപദേഷ്ടാവായിരുന്ന യേശു “നിനക്കു എന്തു തോന്നുന്നു?” എന്നതുപോലെയുള്ള വീക്ഷണ ചോദ്യങ്ങൾ ചോദിച്ചു. (മത്തായി 17:25) അതുതന്നെ ചെയ്തുകൊണ്ടു നിങ്ങളുടെ കുട്ടികൾ യഥാർത്ഥത്തിൽ എന്തു വിചാരിക്കുന്നു എന്നു കണ്ടുപിടിക്കാൻ ശ്രമിക്കുക. അവന്റെ അല്ലെങ്കിൽ അവളുടെ സ്വന്തം വാക്കുകളിൽ ഉത്തരം പറയാൻ ഓരോ കുട്ടിയെയും പ്രോൽസാഹിപ്പിക്കുക. അവരുടെ സത്യസന്ധമായ അഭിപ്രായപ്രകടനങ്ങൾക്കു നേരേ കോപത്തോടെയോ ഞെട്ടലോടെയോ നിങ്ങൾ അതിരുവിട്ടു പ്രതികരിക്കുന്നുവെങ്കിൽ മേലാൽ നിങ്ങളോടു തുറന്നു സംസാരിക്കുന്നതിനുമുമ്പ് തീർച്ചയായും അവർ രണ്ടുവട്ടം ചിന്തിക്കും. അതുകൊണ്ടു ശാന്തരായിരിക്കുക. കുടുംബ അദ്ധ്യയനം ശാസിക്കുന്നതിനുള്ള ഒരു അവസരമാക്കുന്നത് ഒഴിവാക്കുക. അത് ആസ്വാദ്യവും കെട്ടുപണി ചെയ്യുന്നതുമായിരിക്കണം. “എന്റെ കുട്ടികളിൽ ഒരാൾക്ക് ഒരു പ്രശ്നമുണ്ടെന്നു ഞാൻ കണ്ടെത്തുന്നുവെങ്കിൽ,” ഒരു പിതാവു പറയുന്നു, “ഞാൻ അതു മറെറാരു സമയത്തു കൈകാര്യംചെയ്യും.” “കുട്ടിയോട് ഒററക്ക് ഇടപെടുമ്പേൾ,” ഒരു മാതാവ് കൂട്ടിച്ചേർക്കുന്നു, “കുടുംബ അദ്ധ്യയനത്തിന്റെ സമയത്തു ബുദ്ധ്യുപദേശിക്കപ്പെടുന്നതിനേക്കാൾ സ്വതന്ത്രമായി സംസാരിക്കുന്നതിനു കുട്ടി ചായ്വു കാണിക്കുന്നു, അവന് അത്രതന്നെ ബുദ്ധിമുട്ടു തോന്നുകയുമില്ല.”
17. നിങ്ങളുടെ കുടുംബ അദ്ധ്യയനം രസകരമാക്കാൻ എന്തു ചെയ്യാൻ കഴിയും, നിങ്ങളുടെ കുടുംബത്തിന് എന്താണ് പ്രായോഗികമായിരിക്കുന്നത്?
17 കുടുംബ അദ്ധ്യയനത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് ഒരു വെല്ലുവിളിയായിരിക്കാൻ കഴിയും, പ്രത്യേകിച്ച് വ്യത്യസ്ത പ്രായക്കാരായ കുട്ടികളുമായി നിങ്ങൾ ഇടപെടേണ്ടിവരുമ്പോൾ. കൊച്ചുകുട്ടികൾ അക്ഷമരും അസ്വസ്ഥരുമായിത്തീർന്നേക്കാം, അല്ലെങ്കിൽ അവർക്കു ചുരുങ്ങിയ സമയത്തേക്കു മാത്രമേ ശ്രദ്ധിച്ചിരിക്കാൻ കഴികയുള്ളുവെന്നു പ്രകടമാക്കിയേക്കാം. നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? പഠനാന്തരീക്ഷം വിശ്രമദായകമാക്കി സൂക്ഷിക്കാൻ ശ്രമിക്കുക. നിങ്ങളുടെ കുട്ടികൾക്കു കുറച്ചു സമയത്തേക്കു മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുകയുള്ളുവെങ്കിൽ കുറഞ്ഞ സമയത്തേക്ക് എന്നാൽ കൂടുതൽ തവണകളിലായി അദ്ധ്യയനം നടത്തുക. നിങ്ങൾ നല്ല ഉത്സാഹം പ്രകടമാക്കുന്നതും സഹായകമാണ്. ‘ഭരിക്കുന്നവൻ ഉത്സാഹത്തോടെ ഭരിക്കട്ടെ.’ (റോമർ 12:8) എല്ലാവരെയും ഉൾപ്പെടുത്തുക. കൊച്ചുകുട്ടികൾക്കു പടങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയാനോ ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം പറയാനോ കഴിഞ്ഞേക്കും. കൗമാരപ്രായക്കാരോടു കൂടുതലായ ഗവേഷണം നടത്തുന്നതിനോ ചർച്ച ചെയ്യപ്പെടുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യം ചൂണ്ടിക്കാണിക്കുന്നതിനോ ആവശ്യപ്പെടാവുന്നതാണ്.
18. മാതാപിതാക്കൾക്ക് എല്ലാ അവസരങ്ങളിലും എങ്ങനെ ദൈവവചനം കുട്ടികളുടെ ഹൃദയങ്ങളിൽ പതിപ്പിക്കാം, എന്തു ഫലത്തോടെ?
18 എന്നാൽ ആത്മീയ പ്രബോധനം ആഴ്ചയിൽ ഒരു മണിക്കൂർ സമയത്തേക്കു മാത്രമായി പരിമിതപ്പെടുത്തരുത്. എല്ലാ അവസരങ്ങളിലും നിങ്ങളുടെ കുട്ടികളുടെ മനസ്സുകളിൽ ദൈവത്തിന്റെ വചനം പതിപ്പിക്കുക. (ആവർത്തനം 6:7) അവരെ ശ്രദ്ധിക്കാൻ സമയമെടുക്കുക. അവരെ പ്രബോധിപ്പിക്കുകയും ആവശ്യമായിരിക്കുമ്പോൾ ആശ്വസിപ്പിക്കുകയും ചെയ്യുക. (1 തെസ്സലൊനീക്യർ 2:11 താരതമ്യം ചെയ്യുക.) അനുകമ്പയും കരുണയുമുള്ളവരായിരിക്കുക. (സങ്കീർത്തനം 103:13; മലാഖി 3:17) അങ്ങനെ ചെയ്യുകവഴി നിങ്ങൾ നിങ്ങളുടെ കുട്ടികളിൽ ‘പ്രമോദം കണ്ടെത്തുക’യും ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് അവർ കാത്തു സൂക്ഷിക്കപ്പെടുന്നതിനു പിന്തുണ കൊടുക്കുകയും ചെയ്യും.—സദൃശവാക്യങ്ങൾ 29:17.
“ചിരിപ്പാൻ ഒരു കാലം”
19, 20. (എ) കുടുംബ ജീവിതത്തിൽ വിനോദത്തിന് എന്തു സ്ഥാനമാണുള്ളത്? (ബി) തങ്ങളുടെ കുടുംബത്തിനുവേണ്ടി മാതാപിതാക്കൾക്കു വിനോദം ക്രമീകരിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?
19 “ചിരിപ്പാൻ ഒരു കാലം . . . നൃത്തം ചെയ്യാൻ ഒരു കാലം” ഉണ്ട്. (സഭാപ്രസംഗി 3:4) “ചിരിക്കുക” എന്നതിനുള്ള എബ്രായ പദം “ആഘോഷിക്കുക”, “കളിക്കുക”, “വിനോദിക്കുക”, “ഒരു ഉല്ലാസവേള ആസ്വദിക്കുക” എന്നൊക്കെ വിവർത്തനം ചെയ്യാൻ കഴിയും. (2 ശമുവേൽ 6:21; ഇയ്യോബ് 41:5; ന്യായാധിപൻമാർ 16:25; പുറപ്പാട് 32:6; ഉൽപ്പത്തി 26:8) കളികൾ പ്രയോജനകരമായ ഒരു ഉദ്ദേശ്യത്തിന് ഉതകുന്നു, അതു കുട്ടികൾക്കും യൗവ്വനക്കാർക്കും പ്രധാനവുമാണ്. ബൈബിൾകാലങ്ങളിൽ മാതാപിതാക്കൻമാർ തങ്ങളുടെ കുട്ടികൾക്കുവേണ്ടി കലാപരിപാടികളും വിനോദങ്ങളും ഏർപ്പാടുചെയ്തിരുന്നു. (ലൂക്കോസ് 15:25 താരതമ്യം ചെയ്യുക.) നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടോ?
20 “ഞങ്ങൾ പൊതു പാർക്കുകൾ പ്രയോജനപ്പെടുത്തുന്നു,” ഒരു ക്രിസ്തീയ ഭർത്താവു പറയുന്നു. “ഞങ്ങൾ ചെറുപ്പക്കാരായ ചില സഹോദരങ്ങളെ ക്ഷണിക്കുകയും പന്തുകളിയും ഒരു പിക്നിക്കും ഏർപ്പാടു ചെയ്യുകയും ചെയ്യുന്നു. അവർ ഒരു ഉല്ലാസവേളയും ആരോഗ്യാവഹമായ സഹവാസവും ആസ്വദിക്കുന്നു.” മറെറാരു പിതാവ് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഞങ്ങളുടെ ആൺകുട്ടികളുമായി കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ആസൂത്രണം ചെയ്യുന്നു. ഞങ്ങൾ നീന്താൻ പോവുകയും പന്തുകളിക്കുകയും അവധിക്കാലങ്ങൾ ചെലവഴിക്കുകയും ചെയ്യുന്നു. എന്നാൽ ഞങ്ങൾ വിനോദങ്ങളെ അവയുടെ ഉചിതമായ സ്ഥാനത്തുനിർത്തുന്നു. സമനില പാലിക്കേണ്ടതിന്റെ ആവശ്യത്തിനു ഞാൻ ഊന്നൽ കൊടുക്കുന്നു.” ഉചിതമായ കൂടിവരവുകൾ അല്ലെങ്കിൽ ഒരു മൃഗശാലയിലേക്കോ കാഴ്ചബംഗ്ലാവിലേക്കോ ഉള്ള പര്യടനങ്ങൾ എന്നിവപോലുള്ള വിനോദങ്ങൾക്കു ലോകത്തിന്റേതായ ഉല്ലാസങ്ങളിലേക്കു ഒരു കുട്ടി ആകർഷിക്കപ്പെടാതിരിക്കുന്നതിനു വളരെയധികം ചെയ്യാൻ കഴിയും.
21. ലോകക്കാരുടെ വിശേഷദിവസങ്ങൾ ആഘോഷിക്കാത്തതുകൊണ്ടു തങ്ങൾക്കു നഷ്ടമാകുന്നു എന്ന തോന്നൽ കുട്ടികൾക്ക് ഉണ്ടാകുന്നതു മാതാപിതാക്കൾക്ക് എങ്ങനെ ഒഴിവാക്കാം?
21 നിങ്ങളുടെ കുട്ടികൾ പിറന്നാളുകളോ ക്രിസ്ത്യാനിക്കു യോജിക്കാത്ത വിശേഷദിവസങ്ങളോ ആഘോഷിക്കാത്തതുകൊണ്ട് അവർക്ക് എന്തോ നഷ്ടമായി എന്ന വിചാരം ഉണ്ടാകാതെ സൂക്ഷിക്കുന്നതും പ്രധാനമാണ്. നിങ്ങളുടെ ഭാഗത്തെ അൽപ്പം സംഘാടനമുണ്ടെങ്കിൽ ആണ്ടുവട്ടത്തിൽ ആസ്വാദ്യമായ പല സന്ദർഭങ്ങൾക്കു വേണ്ടിയും അവർക്കു നോക്കിപ്പാർത്തിരിക്കാൻ കഴിയും. എന്തിന്, ഒരു നല്ല പിതാവിനോ മാതാവിനോ ഭൗതികമായ ഒരു വിധത്തിൽ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നതിന് ഒരു ഒഴികഴിവായി ഒരു വിശേഷദിവസം വരാൻ കാത്തിരിക്കേണ്ടതില്ല. തന്റെ സ്വർഗ്ഗീയ പിതാവിനെപ്പോലെ അയാൾക്ക് ‘തന്റെ മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ അറിയാം.’—മത്തായി 7:11.
നിങ്ങളുടെ കുടുംബത്തിന് ഒരു നിത്യഭാവി ഉറപ്പാക്കൽ
22, 23. (എ) മഹോപദ്രവം സമീപ്പിക്കവെ, ദൈവഭയമുള്ള കുടുബങ്ങൾക്ക് എന്തു സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കാൻ കഴിയും? (ബി) ദൈവത്തിന്റെ പുതിയ ലോകത്തിലേക്കു കാത്തുസൂക്ഷിക്കപ്പെടുന്നതിനു കുടുംബങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
22 സങ്കീർത്തനക്കാരൻ ഇപ്രകാരം പ്രാർത്ഥിച്ചു: “ഓ യഹോവേ നീ തന്നെ അവരെ കാക്കും; ഈ തലമുറയിൽ നിന്നുള്ള ഓരോരുത്തരെയും അനിശ്ചിതകാലത്തോളം നീ കാത്തു സൂക്ഷിക്കും.” (സങ്കീർത്തനം 12:7, NW) സാത്താനിൽനിന്നുള്ള സമ്മർദ്ദം തീർച്ചയായും വർദ്ധിച്ചുവരും—പ്രത്യേകിച്ചും യഹോവയുടെ സാക്ഷികളുടെ കുടുംബങ്ങൾക്കെതിരായി. എന്നിരുന്നാലും സദാ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ ആക്രമണത്തിനെതിരെ ചെറുത്തു നിൽക്കുക സാദ്ധ്യമാണ്. യഹോവയുടെ സഹായത്താലും ഭർത്താക്കൻമാരുടെയും ഭാര്യമാരുടെയും കുട്ടികളുടെയും ഭാഗത്തെ ദൃഢനിശ്ചയത്താലും കഠിനാദ്ധ്വാനത്താലും കുടുംബങ്ങൾക്ക്—നിങ്ങളുടെ കുടുംബം ഉൾപ്പെടെ—മഹോപദ്രവത്തിൽ ജീവനോടെ കാത്തുസൂക്ഷിക്കപ്പെടുന്നതിന്റെ പ്രത്യാശ ഉണ്ടായിരിക്കാൻ കഴിയും.
23 ഭർത്താക്കൻമാരേ, ഭാര്യമാരേ, ദൈവനിയുക്തമായ നിങ്ങളുടെ പങ്ക് നിറവേററിക്കൊണ്ട് നിങ്ങളുടെ ദാമ്പത്യബന്ധത്തിലേക്കു സമാധാനവും യോജിപ്പും കൊണ്ടുവരിക. മാതാപിതാക്കളേ, കുട്ടികൾക്ക് ഏററം ആവശ്യമായിരിക്കുന്ന പരിശീലനവും ശിക്ഷണവും അവർക്കു നൽകുന്നതിനു സമയം വിലയ്ക്കു വാങ്ങിക്കൊണ്ട് അവർക്ക് ഉചിതമായ മാതൃക വയ്ക്കുന്നതിൽ തുടരുക. അവരോടു സംസാരിക്കുക. അവരെ ശ്രദ്ധിക്കുക. അവരുടെ ജീവനാണ് അപകടത്തിലായിരിക്കുന്നത്! കുട്ടികളേ, നിങ്ങളുടെ മാതാപിതാക്കളെ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക. യഹോവയുടെ സഹായത്തോടെ നിങ്ങൾക്കു വിജയിക്കുന്നതിനും ദൈവത്തിന്റെ ആസന്നമായ പുതിയ ലോകത്തിൽ നിങ്ങൾക്കായി ഒരു നിത്യഭാവി ഭദ്രമാക്കുന്നതിനും കഴിയും.
[അടിക്കുറിപ്പ്]
a ചില ഭാഷകളിൽ ഓഡിയോ കാസററുകളും ലഭ്യമാണ്.
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ ഭർത്താക്കൻമാർക്കും ഭാര്യമാർക്കും തങ്ങളുടെ ആശയവിനിമയത്തെ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും?
◻ മാതാപിതാക്കൾക്കു കുട്ടികളെ “യഹോവയുടെ മാനസിക ക്രമവൽക്കരണത്തിൽ” വളർത്താൻ കഴിയുന്നതെങ്ങനെയാണ്? (എഫെസ്യർ 6:4)
◻ കുടുംബ അദ്ധ്യയനം കെട്ടുപണി ചെയ്യുന്നതും കൂടുതൽ രസാവഹവുമാക്കിത്തീർക്കുന്നതിനുള്ള ചില മാർഗ്ഗങ്ങൾ ഏവയാണ്?
◻ തങ്ങളുടെ കുടുംബങ്ങൾക്ക് ഉല്ലാസവും വിനോദവും പ്രദാനം ചെയ്യുന്നതിനു മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ കഴിയും?
[16-ാം പേജിലെ ചതുരം]
സംഗീതം—ഒരു ശക്തമായ സ്വാധീനം
കുട്ടികളുടെ വളർത്തൽ സംബന്ധിച്ച ഒരു പുസ്തകത്തിന്റെ എഴുത്തുകാരൻ ഇപ്രകാരം പറയുന്നു: “ഞാൻ ഒരു സദസ്സിന്റെ മുന്നിൽ നിന്നുകൊണ്ട് . . . കുടിച്ചു മത്തരാകുന്നതിനോ കൊക്കെയിനോ കഞ്ചാവോ മനസ്സിനെ ബാധിക്കുന്ന മറേറതെങ്കിലും മയക്കുമരുന്നോ ഉപയോഗിക്കാനോ പ്രോൽസാഹനം കൊടുക്കുകയാണെങ്കിൽ ആളുകൾ ആശ്ചര്യത്തോടെ എന്നെ തുറിച്ചു നോക്കുമായിരുന്നു. . . . എന്നിരുന്നാലും അത്തരം കാര്യങ്ങളെ തുറന്നു പ്രോൽസാഹിപ്പിക്കുന്ന റിക്കാർഡുകളോ കാസററുകളോ വാങ്ങാൻ മാതാപിതാക്കൾ മിക്കപ്പോഴും തങ്ങളുടെ കുട്ടികൾക്കു പണം നൽകുന്നു.” (ഒരു നിഷേധാത്മകലോകത്തിൽ ആത്മവിശ്വാസമുള്ള കുട്ടികളെ വളർത്തൽ, സിഗ് സിഗ്ളറിനാലുള്ളത്—Raising Positive Kids in a Negative World) ഉദാഹരണത്തിന്, ഐക്യനാടുകളിൽ അനേകം യുവജനങ്ങൾ വ്യക്തമായും ലൈംഗികതയെപ്പററിയുള്ള ഗാനങ്ങൾ പാടിക്കൊണ്ടു നടക്കുന്നു. നിങ്ങളുടെ കുട്ടികൾ അത്തരം പൈശാചികമായ കെണികൾ ഒഴിവാക്കാൻ തക്കവണ്ണം സംഗീതം തെരഞ്ഞെടുക്കാൻ നിങ്ങൾ അവരെ സഹായിക്കുന്നുണ്ടോ?
[15-ാം പേജിലെ ചിത്രം]
ഭക്ഷണവേളകൾ കുടുംബ ഐക്യവും ആശയവിനിമയവും അഭിവൃദ്ധിപ്പെടുത്തുന്ന ആസ്വാദ്യമായ അവസരങ്ങളായിരിക്കാൻ കഴിയും