വ്യക്തിത്വമുള്ള ദൈവമായ യഹോവയെ അറിയുക
ദൈവത്തെ സംബന്ധിച്ച ഹൈന്ദവാശയത്തെ മറ്റു മതവ്യവസ്ഥിതികളുടേതുമായി താരതമ്യം ചെയ്തുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള ഡോ. എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെടുന്നു: “എബ്രായരുടെ ദൈവം ഒരു വ്യത്യസ്ത തരത്തിലുള്ളവനാണ്. അവൻ വ്യക്തിത്വമുള്ളവനും ചരിത്രത്തിൽ പ്രവർത്തനനിരതനും ഈ വികസ്വര ലോകത്തിലെ മാറ്റങ്ങളിലും ആകസ്മിക സംഭവങ്ങളിലും തത്പരനുമാണ്. നമ്മോട് ആശയവിനിയമം ചെയ്യുന്ന ഒരു വ്യക്തിയാണ് അവൻ.”
ബൈബിളിലെ ദൈവത്തിന്റെ എബ്രായ പേര് “യഹോവ” എന്ന് പൊതുവേ പരിഭാഷപ്പെടുത്തുന്ന יהוה ആണ്. അവൻ മറ്റെല്ലാ ദൈവങ്ങൾക്കും അതീതനാണ്. അവനെക്കുറിച്ച് നമുക്കെന്താണ് അറിയാവുന്നത്? ബൈബിൾ കാലങ്ങളിലെ ആളുകളുമായി അവൻ എങ്ങനെ ഇടപെട്ടു?
യഹോവയും മോശയും “മുഖാമുഖം”
മോശയ്ക്ക് ദൈവത്തെ അക്ഷരീയമായി കാണാൻ കഴിഞ്ഞില്ലെങ്കിലും യഹോവയും അവന്റെ ദാസനായ മോശയും തമ്മിൽ “മുഖാമുഖ”മായുള്ള സൗഹൃദമുണ്ടായിരുന്നു. (ആവർത്തനപുസ്തകം 34:10, NW; പുറപ്പാടു 33:20) യൗവനത്തിൽ മോശയുടെ ഹൃദയം അന്ന് ഈജിപ്തിൽ അടിമത്തത്തിലായിരുന്ന ഇസ്രായേല്യരോടൊപ്പമായിരുന്നു. “ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു”കൊണ്ട് മോശ ഫറവോന്റെ ഭവനത്തിലെ ഒരംഗം എന്നനിലയിലുള്ള ജീവിതം നിരസിച്ചു. (എബ്രായർ 11:24) തത്ഫലമായി, യഹോവ മോശയ്ക്ക് അനേകം വിശേഷ പദവികൾ നൽകി.
ഫറവോന്റെ ഭവനത്തിലെ ഒരംഗമെന്നനിലയിൽ “മോശെ മിസ്രയീമ്യരുടെ സകല ജഞാനവും അഭ്യസിച്ചു.” (പ്രവൃത്തികൾ 7:22) എന്നാൽ ഇസ്രായേൽ ജനതയുടെ നായകസ്ഥാനത്തേക്കു വരാൻ അവൻ താഴ്മ, ക്ഷമ, സൗമ്യത തുടങ്ങിയ ഗുണങ്ങൾ നട്ടുവളർത്തേണ്ട ആവശ്യമുണ്ടായിരുന്നു. മിദ്യാനിൽ ഒരു ആട്ടിടയൻ എന്നനിലയിൽ ചെലവഴിച്ച 40 വർഷക്കാലംകൊണ്ട് അവൻ അതു വളർത്തിയെടുത്തു. (പുറപ്പാടു 2:15-22; സംഖ്യാപുസ്തകം 12:3) യഹോവ അദൃശ്യനായി തുടർന്നെങ്കിലും അവൻ തന്നെക്കുറിച്ചും തന്റെ ഉദ്ദേശ്യത്തെക്കുറിച്ചും മോശയ്ക്കു വെളിപ്പെടുത്തി. ദൈവം തന്റെ ദൂതന്മാരിലൂടെ പത്തു കൽപ്പനകൾ അവനെ ഭരമേൽപ്പിച്ചു. (പുറപ്പാടു 3:1-10; 19:3–20:20; പ്രവൃത്തികൾ 7:53; എബ്രായർ 11:27) “ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോടു അഭിമുഖമായി [“മുഖാമുഖം,” NW] സംസാരിച്ചു” എന്ന് ബൈബിൾ നമ്മോടു പറയുന്നു. (പുറപ്പാടു 33:11) യഹോവതന്നെ പറഞ്ഞു: ‘അവനോടു ഞാൻ അരുളിച്ചെയ്യുന്നതു അഭിമുഖമായിട്ടത്രേ.’ അദൃശ്യനായ എന്നാൽ വ്യക്തിത്വമുള്ള തന്റെ ദൈവവുമായി മോശ എത്ര അമൂല്യമായ അടുത്ത സുഹൃദ്ബന്ധമാണ് ആസ്വദിച്ചത്!—സംഖ്യാപുസ്തകം 12:8.
ഇസ്രായേൽ ജനതയുടെ ആദ്യകാല ചരിത്രത്തിനു പുറമേ മോശ ന്യായപ്രമാണ സംഹിത എല്ലാ വിശദാംശങ്ങളും സഹിതം രേഖപ്പെടുത്തി. വിലതീരാത്ത മറ്റൊരു പദവിയും അവനു ലഭിച്ചു—ഉല്പത്തിപുസ്തകം എഴുതാനുള്ള പദവി. ആ പുസ്തകത്തിന്റെ രണ്ടാം ഭാഗം അവന്റെ കുടുംബത്തിൽത്തന്നെ കൃത്യമായി അറിയപ്പെട്ടിരുന്ന ചരിത്രമായിരുന്നതിനാൽ അതു രേഖപ്പെടുത്തുക താരതമ്യേന എളുപ്പമായിരുന്നു. എന്നാൽ മമനുഷ്യന്റെ ഏറ്റവും ആദിമകാല ചരിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അവനു ലഭിച്ചത് എവിടെനിന്നായിരുന്നു? വിവരങ്ങളുടെ ഒരു ഉറവിടമായി ഉപയോഗിക്കാൻ, മോശയുടെ കൈവശം അവന്റെ പൂർവപിതാക്കന്മാർ കാത്തുസൂക്ഷിച്ച പുരാതന ലിഖിത രേഖകൾ ഉണ്ടായിരുന്നിരിക്കാം. നേരേമറിച്ച്, വാമൊഴിയായി കൈമാറിവന്നോ യഹോവയിൽനിന്നുള്ള ദിവ്യവെളിപ്പെടുത്തൽവഴി നേരിട്ടോ അവനു വിശദാംശങ്ങൾ ലഭിച്ചിരിക്കാം. ഈ സംഗതിയിൽ മോശ തന്റെ ദൈവവുമായി ആസ്വദിച്ച വ്യക്തിഗതബന്ധം എല്ലാ യുഗങ്ങളിലുമുള്ള ബഹുമാന്യരായ ആളുകൾ അംഗീകരിച്ചിട്ടുണ്ട്.
യഹോവ—വ്യക്തിത്വമുള്ള ഏലീയാവിൻ ദൈവം
പ്രവാചകനായ ഏലീയാവും യഹോവയെ വ്യക്തിത്വമുള്ള ദൈവമായി തിരിച്ചറിഞ്ഞു. ഏലീയാവ് ശുദ്ധാരാധനയ്ക്കുവേണ്ടി തീക്ഷ്ണതയുള്ളവനായിരുന്നു. കനാന്യ ദൈവങ്ങളിൽ മുഖ്യനായ ബാലിന്റെ ആരാധകരുടെ വിദ്വേഷത്തിനും എതിർപ്പിനും ഇരയായിരുന്നിട്ടും അതൊന്നും ഗണ്യമാക്കാതെ അവൻ യഹോവയെ സേവിച്ചു.—1 രാജാക്കന്മാർ 18:17-40
ഇസ്രായേൽ രാജാവായ ആഹാബും ഭാര്യ ഈസേബെലും ഏലീയാവിനെ കൊല്ലാൻ ശ്രമിച്ചു. ജീവഭീതി നിമിത്തം ഏലീയാവ് ചാവുകടലിന്റെ പടിഞ്ഞാറുള്ള ബേർശേബയിലേക്ക് ഓടി രക്ഷപ്പെട്ടു. അവിടെ മരുഭൂമിയിലൂടെ ചുറ്റിത്തിരിഞ്ഞുനടന്ന അവൻ മരിക്കാനായി പ്രാർഥിച്ചു. (1 രാജാക്കന്മാർ 19:1-4) യഹോവ ഏലീയാവിനെ ഉപേക്ഷിച്ചിരുന്നുവോ? തന്റെ വിശ്വസ്ത ദാസനിൽ അവനു മേലാൽ താത്പര്യമില്ലായിരുന്നോ? ഏലീയാവ് അങ്ങനെ ചിന്തിച്ചിരിക്കാം, എന്നാൽ അത് എത്ര തെറ്റായിരുന്നു! പിന്നീട്, യഹോവ അവനോടു ശാന്തമായി ഇങ്ങനെ ചോദിച്ചു: ‘ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം?’ പ്രകൃത്യതീത ശക്തിയുടെ വിസ്മയാവഹമായ ഒരു പ്രകടനത്തെത്തുടർന്ന്, “ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു [വീണ്ടും] ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.” ഏലീയാവിൽ യഹോവ ഈ വ്യക്തിഗത താത്പര്യം പ്രകടമാക്കിയത് ആശ്രയയോഗ്യനായ തന്റെ ദാസനെ പ്രോത്സാഹിപ്പിക്കാനായിരുന്നു. അവന് കൂടുതലായ ദൈവദത്ത വേല ചെയ്യാനുണ്ടായിരുന്നു, ആ ക്ഷണത്തോട് ഏലീയാവ് ഉത്സാഹപൂർവം പ്രതികരിച്ചു! തന്റെ വ്യക്തിത്വമുള്ള ദൈവമായ യഹോവയുടെ നാമം വിശുദ്ധീകരിച്ചുകൊണ്ട് ഏലീയാവ് തന്റെ നിയമനം വിശ്വസ്തമായി നിവർത്തിച്ചു.—1 രാജാക്കന്മാർ 19:9-18.
ഇസ്രായേൽ ജനതയെ തിരസ്കരിച്ചതിനു ശേഷം, ഭൂമിയിലെ തന്റെ ദാസന്മാരോട് യഹോവ ഒരിക്കലും വ്യക്തിപരമായി സംസാരിച്ചിട്ടില്ല. അവരിലുള്ള അവന്റെ വ്യക്തിപരമായ താത്പര്യം കുറഞ്ഞുപോയെന്ന് അതിനർഥമില്ല. തന്റെ പരിശുദ്ധാത്മാവു മുഖാന്തരം അവൻ അപ്പോഴും അവരെ തന്റെ സേവനത്തിൽ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. ദൃഷ്ടാന്തത്തിന്, നേരത്തെ ശൗൽ എന്നറിയപ്പെട്ടിരുന്ന അപ്പോസ്തലനായ പൗലൊസിന്റെ കാര്യമെടുക്കുക.
പരിശുദ്ധാത്മാവ് പൗലൊസിനെ വഴിനയിക്കുന്നു
കിലിക്യയിലെ ഒരു പ്രമുഖ നഗരമായ തർസൊസിൽനിന്നുള്ളവനായിരുന്നു ശൗൽ. അവന്റെ മാതാപിതാക്കൾ എബ്രായരായിരുന്നു. എന്നാൽ അവൻ ഒരു റോമൻ പൗരനായി ജനിച്ചു. എന്നിരുന്നാലും ശൗലിനെ വളർത്തിക്കൊണ്ടുവന്നത് പരീശന്മാരുടെ കർശനമായ വിശ്വാസങ്ങൾക്ക് അനുസൃതമായിട്ടായിരുന്നു. പിന്നീട്, യെരൂശലേമിൽവെച്ച് പ്രമുഖ ന്യായപ്രമാണ ഗുരുവായിരുന്ന “ഗമാലിയേലിന്റെ കാല്ക്കൽ ഇരുന്നു” പഠിക്കാനുള്ള അവസരം അവനു ലഭിച്ചു.—പ്രവൃത്തികൾ 22:3, 26-28.
യഹൂദ പാരമ്പര്യങ്ങളോടുള്ള ശൗലിന്റെ തെറ്റായ തീക്ഷ്ണത നിമിത്തം യേശുക്രിസ്തുവിന്റെ അനുഗാമികൾക്കെതിരെയുള്ള ആക്രമണോത്സുകമായ പ്രവർത്തനങ്ങളിൽ അവൻ പങ്കുചേർന്നു. ആദ്യത്തെ ക്രിസ്തീയ രക്തസാക്ഷിയായ സ്തെഫാനൊസിന്റെ കൊലപാതകത്തെ അവൻ അംഗീകരിക്കുകപോലും ചെയ്തു. (പ്രവൃത്തികൾ 7:58-60; 8:1, 3) മുമ്പ് ദൈവദൂഷകനും പീഡകനും അഹങ്കാരിയും ആയിരുന്നെങ്കിലും അവ “അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു [തനിക്കു] കരുണ ലഭിച്ചു” എന്ന് അവൻ പിന്നീട് സമ്മതിച്ചുപറഞ്ഞു.—1 തിമൊഥെയൊസ് 1:13.
ദൈവത്തെ സേവിക്കാനുള്ള യഥാർഥ ആഗ്രഹത്താൽ ശൗൽ പ്രേരിതനായി. ദമാസ്കസിലേക്കുള്ള വഴിയിൽവെച്ചുണ്ടായ പരിവർത്തനത്തെത്തുടർന്ന് യഹോവ അവനെ അതിശയകരമായൊരു വിധത്തിൽ ഉപയോഗിച്ചു. അവനെ സഹായിക്കാൻ ഒരു ആദിമ ക്രിസ്തുശിഷ്യനായ അനന്യാസിനോട് ഉയിർത്തെഴുന്നേറ്റ ക്രിസ്തു ആവശ്യപ്പെട്ടു. അതിനുശേഷം, യൂറോപ്പിന്റെയും ഏഷ്യാമൈനറിന്റെയും ഭാഗങ്ങളിലുടനീളം ദീർഘവും ഫലപ്രദവുമായൊരു ശുശ്രൂഷ നിർവഹിക്കാനായി യഹോവയുടെ പരിശുദ്ധാത്മാവ് പൗലൊസിനെ (ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ അവൻ അറിയപ്പെടുന്ന റോമൻ പേര്) വഴിനയിച്ചു.—പ്രവൃത്തികൾ 13:2-5; 16:9, 10.
പരിശുദ്ധാത്മാവിനാലുള്ള അതേ വഴിനടത്തിപ്പ് ഇന്നു തിരിച്ചറിയാനാകുമോ? തീർച്ചയായും.
നിരീശ്വരവാദം യഹോവയുടെ വ്യക്തിപരമായ താത്പര്യത്തിനു വിഘാതമല്ല
ജോസഫ് എഫ്. റഥർഫോർഡ് വാച്ച്ടവർ സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡൻറായിരുന്നു. 1906-ൽ ഒരു ബൈബിൾ വിദ്യാർഥി—യഹോവയുടെ സാക്ഷികൾ അന്ന് ആ പേരിലാണ് അറിയപ്പെട്ടിരുന്നത്—എന്നനിലയിൽ സ്നാപനമേറ്റ അദ്ദേഹം അടുത്ത വർഷം സൊസൈറ്റിയുടെ നിയമോപദേഷ്ടാവായി നിയമിക്കപ്പെടുകയും 1917 ജനുവരിയിൽ അതിന്റെ പ്രസിഡൻറാകുകയും ചെയ്തു. എന്നാൽ, ഒരിക്കൽ ഈ യുവ അഭിഭാഷകൻ ഒരു നിരീശ്വരവാദിയായിരുന്നു. അദ്ദേഹം യഹോവയുടെ അത്തരമൊരു ഉത്സാഹമുള്ള ക്രിസ്തീയ ദാസനായിത്തീർന്നത് എങ്ങനെയാണ്?
1913 ജൂലൈയിൽ യു.എസ്.എ. മാസ്സച്ചുസെറ്റ്സിലെ സ്പ്രിംങ്ഫീൽഡിൽവെച്ചു നടന്ന അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടനയുടെ ഒരു കൺവെൻഷന്റെ അധ്യക്ഷനായി റഥർഫോർഡ് സേവിച്ചു. ദ ഹോംസ്റ്റഡ് എന്ന പ്രാദേശിക പത്രത്തിന്റെ ഒരു റിപ്പോർട്ടർ അദ്ദേഹവുമായി അഭിമുഖം നടത്തി. ആ കൺവെൻഷനെക്കുറിച്ചുള്ള അനുസ്മരണാ റിപ്പോർട്ടിൽ ആ വിവരണം പുനഃപ്രസിദ്ധീകരിച്ചു.
വിവാഹം കഴിക്കാൻ പരിപാടിയിട്ട സമയത്ത് തന്റെ മതവീക്ഷണങ്ങൾ ബാപ്റ്റിസ്റ്റ് സഭാവിഭാഗത്തിന്റേതും പ്രതിശ്രുതവധുവിന്റേത് പ്രസ്ബിറ്റേറിയൻകാരുടേതുമായിരുന്നെന്ന് റഥർഫോർഡ് വിശദീകരിച്ചു. “സ്നാപനമേൽക്കാത്തതിനാൽ അവൾ നരകത്തിലേക്കും സ്നാപനമേറ്റതിനാൽ താങ്കൾ നേരെ സ്വർഗത്തിലേക്കുമാണു പോകുന്നതെന്ന്” റഥർഫോർഡിന്റെ പാസ്റ്റർ പറഞ്ഞപ്പോൾ “തന്റെ യുക്തിസഹമായ മനസ്സിൽ വെറുപ്പുളവായിട്ട് അദ്ദേഹമൊരു നിരീശ്വരവാദിയായിത്തീർന്നു.”
വ്യക്തിത്വമുള്ള ഒരു ദൈവത്തിൽ വിശ്വാസം പുനഃസ്ഥാപിക്കാൻ റഥർഫോർഡിന് അനേക വർഷത്തെ സൂക്ഷ്മമായ ഗവേഷണം വേണ്ടിവന്നു. “മനസ്സിനെ തൃപ്തിപ്പെടുത്താൻ കഴിയാത്ത ഒരാശയത്തെ വൈകാരിക കാരണങ്ങളാൽ തൃപ്തികരമായ ഒന്നായി സ്വീകരിക്കരുതെന്ന്” താൻ ന്യായവാദം ചെയ്തതായി അദ്ദേഹം പറഞ്ഞു. “തങ്ങൾ വിശ്വസിക്കുന്ന തിരുവെഴുത്തുകൾ സത്യമാണെന്ന്” ക്രിസ്ത്യാനികൾക്ക് “ഉറപ്പുണ്ടായിരിക്കണം.” പിൻവരുന്ന പ്രകാരം വിശദീകരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “തങ്ങൾ എന്തിന്മേൽ നിൽക്കുന്നുവോ, അതിന്റെ അടിസ്ഥാനം അവർ അറിഞ്ഞിരിക്കണം.”—2 തിമൊഥെയൊസ് 3:16, 17 കാണുക.
അതേ, ഇന്നും ഒരു നിരീശ്വരവാദിക്കോ അജ്ഞേയവാദിക്കോ തിരുവെഴുത്തുകളിൽ ഗവേഷണം നടത്താനും വിശ്വാസം കെട്ടുപണി ചെയ്യാനും യഹോവയാം ദൈവവുമായി ശക്തമായൊരു വ്യക്തിഗത ബന്ധം വളർത്തിയെടുക്കാനും സാധിക്കും. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന വാച്ച്ടവർ പ്രസിദ്ധീകരണത്തിന്റെ സഹായത്തോടെ ശ്രദ്ധാപൂർവം ബൈബിൾ പഠിച്ച ഒരു ചെറുപ്പക്കാരൻ സമ്മതിച്ചു പറഞ്ഞു: “ഈ അധ്യയനം ആരംഭിച്ചപ്പോൾ ഞാൻ ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല. എന്നാൽ, ബൈബിൾ പരിജ്ഞാനം എന്റെ മുഴു ചിന്തയെയും മാറ്റിമറിച്ചിരിക്കുന്നുവെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു. ഞാൻ യഹോവയെ അറിയാനും അവനിൽ ആശ്രയിക്കാനും തുടങ്ങിയിരിക്കുകയാണ്.”
‘മൂഢനും’ ദൈവവും
“ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുകയോ അതിനായി വാദിക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യം പ.നി.-ന്റെ [എബ്രായ തിരുവെഴുത്തുകളുടെ] ഒരെഴുത്തുകാരനുമുണ്ടായിട്ടി”ല്ലെന്ന് ഒരു ബൈബിൾ നിഘണ്ടുവിൽ (ഇംഗ്ലീഷ്) ഡോ. ജെയിംസ് ഹേസ്റ്റിങ്സ് പറയുന്നു. “ദൈവത്തിന്റെ അസ്തിത്വത്തെ നിരസിക്കുകയോ അതു തെളിയിക്കാനായി വാദമുഖങ്ങളുപയോഗിക്കുകയോ ചെയ്യുന്നത് പൊതുവേ പുരാതന ലോകത്തിന്റെ പ്രവണതയായിരുന്നില്ല. ആ വിശ്വാസം മനുഷ്യമനസിന് സ്വാഭാവികമായുള്ളതും എല്ലാ മനുഷ്യർക്കും സാധാരണമായുള്ളതുമാണ്.” ആ കാലത്തുണ്ടായിരുന്ന എല്ലാ മനുഷ്യരും ദൈവഭയമുള്ളവരായിരുന്നെന്ന് ഇതു തീർച്ചയായും അർഥമാക്കുന്നില്ല. “ദൈവം ഇല്ല” എന്നു ഹൃദയത്തിൽ പറയുന്ന ‘മൂഢനെ’ അല്ലെങ്കിൽ പുതിയലോക ഭാഷാന്തരം പറയുന്നതുപോലെ, ‘ബുദ്ധിഹീനനെ’ സംബന്ധിച്ച് സങ്കീർത്തനം 14:1-ഉം 53:1-ഉം പറയുന്നു.
ഈ മൂഢൻ ഏതുതരത്തിലുള്ള വ്യക്തിയാണ്, ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവനാണോ? അയാൾ ബൗദ്ധികമായി അജ്ഞനല്ല. മറിച്ച്, എബ്രായ പദമായ നാവാൽ, ധാർമിക അപര്യാപ്തതയിലേക്കു വിരൽചൂണ്ടുന്നു. ആ അപര്യാപ്തത, “യുക്തിബോധത്തിലെ ബലഹീനതയല്ല, മറിച്ച് ധാർമികവും മതപരവുമായ അസംവേദകത്വം, വിവേചനാശക്തിയുടെയോ ഗ്രാഹ്യത്തിന്റെയോ സമ്പൂർണ അഭാവം” ആണെന്നു പ്രൊഫസർ എസ്. ആർ. ഡ്രൈവർ ദ പാരലെൽ സാൽട്ടറിൽ അഭിപ്രായപ്പെടുന്നു.
അത്തരമൊരു മനോഭാവത്തിന്റെ ഫലമായുള്ള ധാർമികത്തകർച്ച സങ്കീർത്തനക്കാരൻ തുടർന്നു വിവരിക്കുന്നു: “അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല.” (സങ്കീർത്തനം 14:1) ഡോ. ഹേസ്റ്റിങ്സ് ഇങ്ങനെ സംക്ഷേപിക്കുന്നു: “മാനുഷിക കാര്യാദികളിൽ ദൈവം ഇടപെടുകയില്ലെന്നും ശിക്ഷയിൽനിന്ന് വിടുതൽ ലഭിക്കുമെന്നുമുള്ള ചിന്തയാൽ ആളുകൾ ദുഷിച്ചവരായിത്തീരുകയും നികൃഷ്ടകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.” അവർ ദൈവവിരുദ്ധ തത്ത്വങ്ങളെ പരസ്യമായി സ്വാഗതം ചെയ്യുകയും വ്യക്തിത്വമുള്ള ഒരു ദൈവത്തെ അവഗണിക്കുകയും ചെയ്യുന്നു. അവനോടു കണക്കു ബോധിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. എന്നാൽ, 3,000-ത്തിലധികം വർഷങ്ങൾക്കു മുമ്പ് സങ്കീർത്തനക്കാരൻ തന്റെ വചനങ്ങൾ എഴുതിയ കാലത്തെപ്പോലെതന്നെ ഇന്നും അത്തരം ചിന്താഗതി മൗഢ്യവും ബുദ്ധിഹീനവുമാണ്.
വ്യക്തിത്വമുള്ള ദൈവത്തിൽനിന്ന് മുന്നറിയിപ്പുകൾ
നമ്മുടെ പ്രാരംഭ ലേഖനത്തിൽ ഉന്നയിച്ച ചോദ്യങ്ങളിലേക്ക നമുക്കു മടങ്ങാം. ഇന്നത്തെ ലോകത്തിൽ എങ്ങുമുള്ള കഷ്ടപ്പാടുകളുടെ വെളിച്ചത്തിൽ, വ്യക്തിത്വമുള്ള ഒരു ദൈവം ഉണ്ടെന്ന ആശയത്തോട് ഒട്ടനവധിയാളുകൾക്കും പൊരുത്തപ്പെടാൻ കഴിയാത്തതെന്തുകൊണ്ടാണ്?
‘ദൈവകല്പനയാൽ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ച’ മനുഷ്യരിൽനിന്നുള്ള ലിഖിത വിവരങ്ങൾ ബൈബിളിൽ ഉൾക്കൊള്ളുന്നു. (2 പത്രൊസ് 1:21) അതു മാത്രമാണ് വ്യക്തിത്വമുള്ള ദൈവമായ യഹോവയെ നമുക്കു വെളിപ്പെടുത്തുന്നത്. മാനുഷചിന്തയെ നയിക്കാനും നിയന്ത്രിക്കാനും പ്രാപ്തനായ, മനുഷ്യർക്ക് അദൃശ്യനായ ഒരു ദുഷ്ടവ്യക്തിയെക്കുറിച്ച്, പിശാചായ സാത്താനെക്കുറിച്ച് അതു നമുക്കു മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. യുക്തിപരമായും, വ്യക്തിത്വമുള്ള ഒരു ദൈവത്തിൽ നമുക്ക് വിശ്വാസമില്ലെങ്കിൽ, വ്യക്തിത്വമുള്ള ഒരു പിശാച് അല്ലെങ്കിൽ സാത്താൻ ഉണ്ടെന്ന് നമുക്കെങ്ങനെ വിശ്വസിക്കാനാകും?
“ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനു”മായവനെക്കുറിച്ച് നിശ്വസ്തതയിൽ അപ്പോസ്തലനായ യോഹന്നാൻ എഴുതി. (വെളിപ്പാടു 12:9) പിന്നീട് യോഹന്നാൻ പറഞ്ഞു: “നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ഈ പ്രസ്താവനകൾ, തന്റെ സുവിശേഷത്തിൽ യോഹന്നാൻതന്നെ എഴുതിയ യേശുവിന്റെ വാക്കുകളെ പ്രതിഫലിപ്പിക്കുന്നു: “ലോകത്തിന്റെ പ്രഭു [“ഭരണാധികാരി,” NW] വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.”—യോഹന്നാൻ 14:30.
ഈ തിരുവെഴുത്തു പഠിപ്പിക്കൽ ആളുകൾ ഇപ്പോൾ വിശ്വസിക്കുന്നതിൽനിന്ന് എത്ര ഭിന്നമാണ്! “പിശാചിനെക്കുറിച്ചു സംസാരിക്കുന്നത് വ്യക്തമായും ഇന്ന് ഒരു ഫാഷനല്ല. നമ്മുടെ സന്ദേഹവാദ-ശാസ്ത്രീയ യുഗം സാത്താന് റിട്ടയർമെൻറ് നൽകിയിരിക്കുന്നു” എന്ന് കാത്തലിക് ഹെറാൾഡ് പറയുന്നു. എന്നിരുന്നാലും, തന്നെ വകവരുത്താൻ ഉദ്ദേശിച്ചിരുന്ന ആളുകളോട് യേശു ശക്തിയുക്തം പറഞ്ഞു: “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു.”—യോഹന്നാൻ 8:44.
സാത്താന്റെ ശക്തി സംബന്ധിച്ചുള്ള ബൈബിളിന്റെ വിശദീകരണം ന്യായയുക്തമാണ്. ബഹുഭൂരിപക്ഷം ആളുകളും സമാധാനത്തിലും ഐക്യത്തിലും ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിലും, (3-ഉം 4-ഉം പേജുകളിൽ പരാമർശിച്ചിരിക്കുന്ന) ഡൺബ്ലേനിൽ പ്രകടമാക്കപ്പെട്ടതുപോലെ, ലോകത്തിൽ വിദ്വേഷവും യുദ്ധവും നിരർഥകമായ അക്രമവും നടമാടുന്നതെന്തുകൊണ്ടെന്ന് അതു വ്യക്തമാക്കുന്നു. കൂടുതലായി, നാം പോരാടേണ്ട ശത്രു സാത്താൻ മാത്രമല്ല. പിശാചുക്കളെ, അല്ലെങ്കിൽ ഭൂതങ്ങളെ—മനുഷ്യവർഗത്തെ വഴിതെറ്റിക്കുന്നതിനും ദ്രോഹിക്കുന്നതിനുമായി ദീർഘകാലം മുമ്പ് സാത്താനുമായി ചേർന്ന ദുഷ്ടാത്മ ജീവികളെ—സംബന്ധിച്ചും ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (യൂദാ 6) യേശുക്രിസ്തു നിരവധി തവണ ഈ ആത്മാക്കളുടെ ശക്തിയെ അഭിമുഖീകരിച്ചു. അവരെ കീഴടക്കാൻ അവനു കഴിഞ്ഞു.—മത്തായി 12:22-24; ലൂക്കൊസ് 9:37-43.
ദുഷ്ടത നീക്കി ഭൂമിയെ ശുദ്ധീകരിക്കാനും ഒടുവിൽ സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും പ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യാനും സത്യദൈവമായ യഹോവ തീരുമാനിച്ചിരിക്കുന്നു. യഹോവയെക്കുറിച്ചുള്ള നമ്മുടെ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് അവന്റെ വാഗ്ദാനങ്ങളിൽ ശക്തമായ വിശ്വാസവും ആശ്രയവും ഉണ്ടായിരിക്കാൻ കഴിയും. അവൻ പറയുന്നു: “എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” തന്നെ അറിയുകയും ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നവർക്ക് യഹോവ സത്യമായും വ്യക്തിത്വമുള്ള ഒരു ദൈവമാണ്. നമ്മുടെ രക്ഷക്കായി നമുക്ക് അവനിലേക്കു നോക്കാം, അതേ, അവനിലേക്കു മാത്രം.—യെശയ്യാവു 43:10, 11.
[7-ാം പേജിലെ ചിത്രം]
നിശ്വസ്തതയിൽ മോശ ഉല്പത്തി 1:1 എഴുതുന്നത് ചിത്രീകരിക്കുന്ന 18-ാം നൂറ്റാണ്ടിലെ ഒരു ശിൽപ്പം
[കടപ്പാട]
From The Holy Bible by J. Baskett, Oxford
[8-ാം പേജിലെ ചിത്രം]
യേശുക്രിസ്തു നിരവധി തവണ ഭൂതങ്ങളെ കീഴടക്കി