യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങളെ നിങ്ങൾ യഥാർഥത്തിൽ വിലമതിക്കുന്നുവോ?
മധ്യവയസ്കനായ ശ്രീ. കെനിച്ചി ഒരു ചെറിയ ജലദോഷം പിടിപെട്ടപ്പോൾ മരുന്നിനായി ഒരു ഫാർമസിയിൽ ചെന്നു. അവിടെനിന്നു കിട്ടിയ മരുന്നു കഴിച്ചതോടെ, അലർജിയായി മേലാകെ ചൊറിഞ്ഞുതടിച്ചു കുരുക്കൾ പൊന്തി. തന്റെ ആവശ്യങ്ങൾക്കു മരുന്നുകടക്കാരൻ വേണ്ടത്ര ശ്രദ്ധ നൽകിയോ എന്നു കെനിച്ചി സംശയിച്ചതിൽ അതിശയിക്കാനില്ല.
മരുന്നുകടക്കാരനെ കെനിച്ചി വീക്ഷിച്ചവിധത്തിൽത്തന്നെ ചിലർ യഹോവയാം ദൈവത്തെക്കുറിച്ചു ചിന്തിച്ചേക്കാം. സർവശക്തനാം ദൈവമായ യഹോവ വ്യക്തികളെന്ന നിലയിൽ നമ്മിൽ യഥാർഥ താത്പര്യം കാണിക്കുന്നുണ്ടോ എന്ന് അവർ സംശയിക്കുന്നു. ദൈവം നല്ലവനാണെന്ന് അവർ സമ്മതിക്കുന്നുണ്ടെങ്കിലും, അവൻ നമുക്കുവേണ്ടി വ്യക്തിപരമായി കരുതുന്നുണ്ടെന്നതു സംബന്ധിച്ച് അവർക്കു ബോധ്യമില്ല. തങ്ങൾ വിചാരിക്കുന്നതുപോലെ സംഗതികൾ നടക്കാതെ വരുമ്പോഴോ ബൈബിൾതത്ത്വങ്ങളോടു പറ്റിനിൽക്കുന്നുവെന്ന കാരണത്താൽ പ്രയാസകരമായ പ്രശ്നങ്ങളുണ്ടാകുമ്പോഴോ ഇത് വിശേഷാൽ സത്യമാണ്. അപ്രതീക്ഷിതമായി കെനിച്ചിയുടെ മേലാകെ ചൊറിഞ്ഞുതടിച്ചു പൊന്തിയ കുരുക്കളെപ്പോലെയാണ് തങ്ങളുടെ പ്രശ്നങ്ങളെന്ന്, എങ്ങനെയോ ദൈവത്തിനു തെറ്റുപറ്റിയതാണെന്ന് അവർ വിവേകരഹിതമായി വിചാരിക്കുന്നു.—സദൃശവാക്യങ്ങൾ 19:3.
യഹോവയെ അപൂർണ മനുഷ്യരുമായി താരതമ്യം ചെയ്യാൻ പാടില്ല. മനുഷ്യർക്കു ജ്ഞാനത്തിലും പ്രാപ്തിയിലും പരിമിതികളുണ്ട്. കെനിച്ചിയുടെ മരുന്നുകടക്കാരൻ ചെയ്തതുപോലെ, അവർ മറ്റുള്ളവരുടെ യഥാർഥ ആവശ്യങ്ങൾ പൂർണമായി വിവേചിക്കാൻ പരാജയപ്പെടുന്നു. മറിച്ച്, യഹോവയുടെ ദൃഷ്ടിയിൽനിന്നു യാതൊന്നും മറഞ്ഞിരിക്കുന്നില്ല. യഹോവ നമ്മെ പലപ്പോഴും സഹായിക്കുന്നുണ്ട്. ഇല്ലാത്ത സംഗതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉള്ള അനുഗ്രഹങ്ങൾ ഗൗനിക്കാതിരിക്കാനുമുള്ള ഒരു പ്രവണത നമുക്കുള്ളതുകൊണ്ട് നാം ആ വസ്തുത വിവേചിക്കുകയും വിലമതിക്കുകയും ചെയ്യാറില്ലെന്നുമാത്രം. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു യഹോവയെ കുറ്റപ്പെടുത്താൻ തിടുക്കംകൂട്ടുന്നതിനുപകരം, യഹോവയിൽനിന്നു നമുക്കു ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ വിവേചിക്കാനാണു നാം ശ്രമിക്കേണ്ടത്.
വെബ്സ്റ്റേഴ്സ് നയൻത് ന്യൂ കൊളീജിയറ്റ് ഡിക്ഷനറി പറയുന്നപ്രകാരം “സന്തോഷമോ ക്ഷേമമോ കൈവരുത്തുന്ന ഒരു സംഗതി” എന്ന് “അനുഗ്രഹ”ത്തെ നിർവചിക്കാവുന്നതാണ്. യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങളുടെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണെന്നു നിങ്ങൾ മനസ്സിലാക്കുന്നുവോ?
അതുല്യനായ ദാതാവ്
ഭർത്താവ് നല്ല ദാതാവാണെന്നു ഭാര്യ പറയുമ്പോൾ, അവൾ പൊതുവേ അർഥമാക്കുന്നത് അയാൾ കുടുംബ സന്തുഷ്ടിക്കും ക്ഷേമത്തിനുമായി വേണ്ടത്ര ഭക്ഷണം, പാർപ്പിടസൗകര്യം, വസ്ത്രം എന്നിവ പ്രദാനം ചെയ്തുകൊണ്ട് കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി വേണ്ടവിധം കരുതുന്നു എന്നാണ്. നമ്മുടെ ദാതാവ് എന്നനിലയിൽ യഹോവ എത്ര നല്ലവനാണ്? മമനുഷ്യന്റെ ഗൃഹമായ നമ്മുടെ ഭൗമഗ്രഹത്തെ ഒന്ന് അടുത്ത് വീക്ഷിക്കുക. അതു സൂര്യനിൽനിന്ന് 15,00,00,000 കിലോമീറ്റർ അകലെയാണ്; ഇതാകട്ടെ ഭൂമിയിൽ ജീവൻ നിലനിൽക്കാനാവശ്യമായ മിതോഷ്മാവിനുള്ള കൃത്യമായ അകലമാണ്. നമ്മുടെ ഗോളത്തെ 23.5 ഡിഗ്രി ചരിവോടെ കുറ്റമറ്റവിധത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതിന്റെ ഫലമായാണ് സമൃദ്ധമായ വിളവിനു സഹായകമായ വ്യത്യസ്ത ഋതുക്കളുള്ളത്. തത്ഫലമായി, ഭൂമി 500 കോടിയിലധികമാളുകളെ തീറ്റിപ്പോറ്റുന്നു. യഹോവ നിശ്ചയമായും ഒരു അത്ഭുതവാനായ ദാതാവാണ്!
കൂടാതെ, വ്യക്തികളെന്ന നിലയിൽ നമ്മിലും നമ്മുടെ ക്ഷേമത്തിലും യഹോവയ്ക്ക് ആഴമായ താത്പര്യമുണ്ടെന്നു ബൈബിൾ നമുക്ക് ഉറപ്പുനൽകുന്നു. ഒന്നു ചിന്തിച്ചുനോക്കുക, ശതകോടിക്കണക്കിനു നക്ഷത്രങ്ങളിൽ ഓരോന്നിന്റെയും പേർ യഹോവയ്ക്കറിയാം. ഒരു കുരുവിപോലും അവനറിയാതെ നിലത്തുവീഴുന്നില്ല. (യെശയ്യാവു 40:26; മത്തായി 10:29-31) തന്നെ സ്നേഹിക്കുന്ന, തന്റെ പ്രിയപുത്രനായ യേശുക്രിസ്തുവിന്റെ വിലയേറിയ രക്തത്താൽ വിലയ്ക്കുവാങ്ങിയിരിക്കുന്ന മനുഷ്യർക്കുവേണ്ടി അവൻ എത്രയധികം കരുതുന്നു! (പ്രവൃത്തികൾ 20:28) ജ്ഞാനിയായ മനുഷ്യൻ ഉചിതമായിത്തന്നെ പ്രഖ്യാപിക്കുന്നു: “യഹോവയുടെ അനുഗ്രഹം—അതാണു സമ്പത്തുണ്ടാക്കുന്നത്, അവൻ അതിനോടു വേദന കൂട്ടുന്നില്ല”—സദൃശവാക്യങ്ങൾ 10:22, NW.
നമ്മെ സമ്പന്നരാക്കുന്ന അനുഗ്രഹങ്ങൾ
നാം ആഴമായ കൃതജ്ഞത പ്രകടമാക്കേണ്ട വൻമൂല്യമുള്ള ഒരു സംഗതി നമുക്കു സ്വന്തമായിട്ടുണ്ട്. എന്താണത്? പിൻവരുന്നപ്രകാരം പറയുമ്പോൾ ബൈബിൾ അതു തിരിച്ചറിയിക്കുന്നു: “ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.” (സങ്കീർത്തനം 119:72; സദൃശവാക്യങ്ങൾ 8:10) ഏറ്റവും നല്ല സ്വർണം എത്ര വിലയുള്ളതായിരുന്നാലും, യഹോവയുടെ നിയമം അതിലേറെ അഭികാമ്യമാണ്. യഹോവയുടെ നിയമത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനവും ആത്മാർഥതയുള്ള സത്യാന്വേഷകർക്ക് യഹോവ നൽകുന്ന ഉൾക്കാഴ്ചയും വിവേകവും നിധിയെന്നപോലെ സൂക്ഷിക്കപ്പെടേണ്ടതാണ്. അവ നമ്മെത്തന്നെ സംരക്ഷിക്കുന്നതിനും പ്രയാസകരമായ സ്ഥിതിവിശേഷങ്ങൾ തരണംചെയ്യുന്നതിനും പ്രശ്നങ്ങളെ വിജയകരമായി കൈകാര്യംചെയ്യുന്നതിനും അങ്ങനെ സംതൃപ്തരും സന്തുഷ്ടരുമായിരിക്കുന്നതിനും നമ്മെ സജ്ജരാക്കുന്നു.
ഇത് ഇളംപ്രായക്കാരെക്കുറിച്ചുപോലും സത്യമാണ്. യഹോവയുടെ നിയമം പിൻപറ്റിക്കൊണ്ട് ഒരു കൊച്ചുപെൺകുട്ടി തന്റെ പ്രശ്നങ്ങൾ പരിഹരിച്ചതെങ്ങനെയെന്നു പരിചിന്തിക്കുക. ആകമീ എന്ന ഈ പെൺകുട്ടി ടോക്കിയോയ്ക്കടുത്താണ് താമസിക്കുന്നത്. അവളുടെ മാതാവും പിതാവും അവളെ പരിശീലിപ്പിക്കുന്നതിൽ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുകയും യഹോവയോടും അയൽക്കാരോടും സ്നേഹം വളർത്തിയെടുക്കാൻ വാക്കിലൂടെയും മാതൃകയിലൂടെയും മകളെ സഹായിക്കുകയും ചെയ്തു. അവൾ സ്കൂളിൽ അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ടുകൊണ്ട്, അവർ അവളെ തങ്ങളാലാവുംവിധം സജ്ജയാക്കാൻ ശ്രമിച്ചു. എന്നാൽ ആകമീ പ്രൈമറി സ്കൂളിൽ പ്രവേശിച്ചപ്പോൾ, സഹപാഠികളിൽ ചിലർ അവളെ “വ്യത്യസ്ത”യായി വീക്ഷിച്ചു, എന്തെന്നാൽ അവൾ ഭക്ഷണത്തിനുമുമ്പു പ്രാർഥിക്കുകയും ചില തിരുവെഴുത്തുവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നു മനസ്സാക്ഷിപൂർവം വിട്ടുനിൽക്കുകയും ചെയ്തിരുന്നു. താമസിയാതെ അവൾ ഒരുകൂട്ടം തെമ്മാടിപ്പിള്ളേരുടെ നോട്ടപ്പുള്ളിയായി. സ്കൂൾസമയം കഴിയുമ്പോൾ അവർ അവളെ വളഞ്ഞ് മുഖത്തടിക്കുകയും കൈ പിടിച്ചുതിരിക്കുകയും കളിയാക്കുകയും ചെയ്യുമായിരുന്നു.
ആകമീ എന്ന ഈ കൊച്ചുകുട്ടി തിരിച്ചടിച്ചില്ല, തന്നെ പീഡിപ്പിക്കുന്നവരുടെ മുമ്പിൽ വിരണ്ടുമില്ല. മറിച്ച്, താൻ പഠിച്ചത് അവൾ ബാധകമാക്കാൻ ശ്രമിച്ചു. അവളുടെ നല്ല നടത്തയുടെയും ധൈര്യത്തിന്റെയും ഫലമായി, അവൾ മിക്ക സഹപാഠികളുടെയും ആദരവു നേടി. അവർ സംഗതി അധ്യാപകന്റെ ശ്രദ്ധയിൽപ്പെടുത്തി. അതിനുശേഷം ആകമീക്കു സ്കൂളിൽനിന്ന് ഒരു ഉപദ്രവവുമുണ്ടായിട്ടില്ല.
പ്രയാസകരമായ സ്ഥിതിവിശേഷം വിജയപ്രദമായി കൈകാര്യംചെയ്യാൻ ആകമീയെ സഹായിച്ചതെന്തായിരുന്നു? മാതാപിതാക്കൾ അവളിൽ ഉൾനട്ടിരുന്ന സൂക്ഷ്മപരിജ്ഞാനവും ഉൾക്കാഴ്ചയും യഹോവയിൽനിന്നുള്ള ജ്ഞാനവും. യേശുവിന്റെ സഹിഷ്ണുതയെക്കുറിച്ച് അവൾക്കു നന്നായിട്ടറിയാമായിരുന്നു. അത് അവൾക്ക് അവന്റെ മാതൃക അനുകരിക്കുന്നതിനു പ്രേരണയായി. ചിലർ തെറ്റുചെയ്യുന്നത് അജ്ഞതകൊണ്ടാണെന്നു വിവേചിക്കാൻ ബൈബിൾ അവളെ സഹായിച്ചു. അത് ആ തെമ്മാടിപ്പിള്ളേരെ വെറുക്കാതെ അവരുടെ തെറ്റുകളെ വെറുക്കുന്നതിന് അവളെ പ്രോത്സാഹിപ്പിച്ചു.—ലൂക്കൊസ് 23:34; റോമർ 12:9, 17-21.
തീർച്ചയായും, തങ്ങളുടെ കുട്ടി പരിഹാസത്തിനും ഉപദ്രവത്തിനും പാത്രമാകുന്നതു കാണാൻ ഒരു മാതാപിതാക്കളും ആഗ്രഹിക്കുകയില്ല. എന്നാൽ സംഭവിച്ചതിന്റെ വിശദാംശങ്ങളെല്ലാം കേട്ടപ്പോൾ ആകമീയുടെ മാതാപിതാക്കളെ അതെത്ര സന്തോഷിപ്പിച്ചിരിക്കാമെന്നു നിങ്ങൾക്കു വിഭാവന ചെയ്യാനാകുമോ? അത്തരം കുട്ടികൾ യഹോവയിൽനിന്നുള്ള ഒരു യഥാർഥ അനുഗ്രഹംതന്നെയാണ്.—സങ്കീർത്തനം 127:3; 1 പത്രൊസ് 1:6, 7.
യഹോവയ്ക്കായി ക്ഷമാപൂർവം കാത്തിരിക്കൽ
എന്നിരുന്നാലും, യഹോവയുടെ അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് ചിലപ്പോൾ നിങ്ങൾ അവന്റെ സമയത്തിനായി കാത്തിരിക്കേണ്ടിവരും. യഹോവയ്ക്കു നിങ്ങളുടെ അവസ്ഥ അറിയാം. നിങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമായിരിക്കുന്ന സമയത്ത് അവൻ നിങ്ങളുടെ ഓരോ ആവശ്യവും നിറവേറ്റുന്നു. (സങ്കീർത്തനം 145:16; സഭാപ്രസംഗി 3:1; യാക്കോബ് 1:17) നിങ്ങൾക്ക് പഴവർഗങ്ങൾ ഇഷ്ടമായിരിക്കാം, എന്നാൽ തിന്നാൻ പാകമാകുന്നതിനുമുമ്പ് അതു നിങ്ങൾക്കു വിളമ്പുന്ന ഒരു ആതിഥേയനെക്കുറിച്ചു നിങ്ങൾക്കെന്തു തോന്നും? ആപ്പിളോ ഓറഞ്ചോ മറ്റെന്തോ ആകട്ടെ, അതു പഴുത്തതും നീരുള്ളതും മധുരമുള്ളതുമാണെങ്കിലേ നിങ്ങൾക്കിഷ്ടമാകൂ. അതുപോലെ, യഹോവ നിങ്ങളുടെ ആവശ്യം കൃത്യസമയത്തു നിറവേറ്റുന്നു—വളരെ നേരത്തേയുമല്ല വളരെ വൈകിയുമല്ല.
യോസേഫിന്റെ അനുഭവം അനുസ്മരിക്കുക. യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും, അവൻ ഈജിപ്തിൽ തുറുങ്കിലടയ്ക്കപ്പെട്ടു. തടവിൽനിന്നു മോചിപ്പിക്കപ്പെടാറായിരുന്ന, ഫറവോന്റെ പാനപാത്രവാഹകനായ ഒരു സഹതടവുകാരൻ യോസേഫിന്റെ കാര്യം ഫറവോന്റെ അടുക്കൽ അവതരിപ്പിക്കാമെന്നു വാക്കുകൊടുത്തു. എന്നാൽ മോചിതനായതോടെ അയാൾ യോസേഫിന്റെ കാര്യംതന്നെ മറന്നു. യോസേഫ് പരിത്യജിക്കപ്പെട്ടവനെപ്പോലെ കാണപ്പെട്ടു. എന്നാൽ, കൃത്യം രണ്ടുവർഷത്തിനുശേഷം അവൻ തടവിൽനിന്നു മോചിതനായെന്നുമാത്രമല്ല, ക്രമേണ ഈജിപ്തിലെ രണ്ടാമത്തെ ഭരണാധികാരിയായിത്തീരുകയും ചെയ്തു. അക്ഷമനാകുന്നതിനുപകരം, യോസേഫ് യഹോവയ്ക്കായി കാത്തിരുന്നു. ഇതുനിമിത്തം അവൻ അനുഗ്രഹിക്കപ്പെട്ടു, അതിലൂടെ ഇസ്രായേല്യരുടെയും ഈജിപ്തുകാരുടെയും ജീവരക്ഷ സാധ്യമാകുകയും ചെയ്തു.—ഉല്പത്തി 39:1–41:57.
ഉത്തര ജപ്പാനിലുള്ള ഒരു സഭയിലെ മൂപ്പനായിരുന്നു മാസാഹി. തടവിലാക്കപ്പെട്ടിരുന്നില്ലെങ്കിലും യഹോവയ്ക്കായി അദ്ദേഹത്തിനും കാത്തിരിക്കേണ്ടിവന്നു. എന്തുകൊണ്ട്? യോഗ്യരായ ക്രിസ്തീയ ശുശ്രൂഷകരെ പരിശീലിപ്പിക്കുന്നതിനുള്ള സ്കൂളായ ശുശ്രൂഷാ പരിശീലന സ്കൂൾ ജപ്പാനിൽ സ്ഥാപിതമായതുമുതൽ അതിൽ സംബന്ധിക്കാനുള്ള ഉത്കടമായ ആഗ്രഹം അദ്ദേഹം പ്രാർഥനാവിഷയമാക്കി. ഈ പദവിയെക്കുറിച്ച് അദ്ദേഹം മുട്ടിപ്പായി പ്രാർഥിച്ചു. ഏറെ ആഗ്രഹിച്ചിട്ടും മാസാഹി ക്ഷണിക്കപ്പെട്ടില്ല, എന്നാൽ അദ്ദേഹത്തിന്റെ പയനിയർപങ്കാളിക്കു ക്ഷണം കിട്ടി. അദ്ദേഹം അങ്ങേയറ്റം നിരാശനായി.
എന്നിരുന്നാലും, തന്റെ വികാരങ്ങളെ നേരിടാൻ അദ്ദേഹം നടപടികൾ കൈക്കൊണ്ടു. താഴ്മയുള്ളവനായിരിക്കൽ, ഒരുവന്റെ വികാരങ്ങളെ നിയന്ത്രിക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അദ്ദേഹം ബൈബിളും വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളും പഠിച്ചു. അദ്ദേഹം തന്റെ ചിന്താരീതിക്കു മാറ്റംവരുത്തുകയും തന്റെ നിയമനത്തിൽ കൂടുതൽ സംതൃപ്തി അനുഭവിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ നിനച്ചിരിക്കാത്തനേരത്ത്, ആ സ്കൂളിൽ സംബന്ധിക്കാനുള്ള ക്ഷണം അദ്ദേഹത്തിനു ലഭിച്ചു.
ക്ഷമയും താഴ്മയും പോലുള്ള ഗുണങ്ങൾ വികസിപ്പിച്ചെടുത്തതിനാൽ, അദ്ദേഹത്തിനു സ്കൂളിൽനിന്ന് ഏറെ പ്രയോജനം ലഭിച്ചു. പിന്നീട്, സഞ്ചാരമേൽവിചാരകനായി സഹോദരങ്ങളെ സേവിക്കുന്നതിനുള്ള പദവി മാസാഹിക്കു ലഭിച്ചു. മാസാഹിക്ക് എന്താണ് ആവശ്യമായിരുന്നതെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. ഏറ്റവും പ്രയോജനകരമായ സമയത്തുതന്നെ യഹോവ അദ്ദേഹത്തിന് അതു നൽകി.
അവന്റെ അനുഗ്രഹങ്ങൾ തേടുക
അതുകൊണ്ട്, യഹോവ ആ മരുന്നുകടക്കാരനെപ്പോലെയല്ല. യഹോവയുടെ കരുതലും താത്പര്യവും വിവേചിച്ചറിയാൻ നാം പരാജയപ്പെട്ടേക്കാമെങ്കിലും, പലവിധത്തിൽ നമുക്ക് അവന്റെ ദയാവായ്പ് ലഭിക്കുന്നുണ്ട്—നമുക്ക് ഏറ്റവും പ്രയോജനംചെയ്യുന്ന സമയങ്ങളിലും വിധങ്ങളിലും. അതുകൊണ്ട് അവന്റെ അനുഗ്രഹങ്ങൾ തേടിക്കൊണ്ടേയിരിക്കുക. നന്ദിയുള്ളവരായിരിക്കാൻ നിങ്ങൾക്കിപ്പോൾത്തന്നെ അനേകം കാരണങ്ങളുണ്ടെന്ന് ഓർക്കുക. ഭൂമിയിൽ ജീവിതം തുടരാൻവേണ്ട അടിസ്ഥാന കരുതലുകളാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. യഹോവയെയും അവന്റെ പൂർണതയുള്ള വഴികളെയുംകുറിച്ച് നിങ്ങൾക്ക് അറിവു ലഭിച്ചിരിക്കുന്നു. നിങ്ങൾക്ക് ഉൾക്കാഴ്ച ലഭിച്ചിരിക്കുന്നു. നിങ്ങൾ വിവേകം നേടിയെടുത്തിരിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ക്ഷേമത്തിനും സന്തുഷ്ടിക്കും സംഭാവന ചെയ്യുന്നു.
യഹോവയുടെ അനുഗ്രഹം കൂടുതൽ തികവിൽ അനുഭവിക്കുന്നതിന്, ബൈബിൾ ക്രമമായി പഠിക്കുന്നതിൽ തുടരുക. അവന്റെ നിശ്വസ്ത വചനത്തിലെ രത്നസമാന പഠിപ്പിക്കലുകൾ മനസ്സിലാക്കാനും ബാധകമാക്കാനും നിങ്ങളെ സഹായിക്കണമേയെന്ന് യഹോവയോട് അപേക്ഷിക്കുക. അവ നിങ്ങളെ ആത്മീയമായി യഥാർഥത്തിൽ സമ്പന്നനാക്കും, അങ്ങനെ നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാകയില്ല. അതേ, അവ ഇപ്പോഴത്തെ നിങ്ങളുടെ സന്തുഷ്ടിയെയും സംതൃപ്തിയെയും വരാനിരിക്കുന്ന പുതിയ ലോകത്തിൽ സമൃദ്ധമായ ജീവനെയും അർഥമാക്കും.—യോഹന്നാൻ 10:10; 1 തിമൊഥെയൊസ് 4:8, 9.
[23-ാം പേജിലെ ചിത്രം]
യഹോവയുടെ അനുഗ്രഹം സ്വർണത്തെക്കാൾ വിലയേറിയതാണ്