അവർ യഹോവയുടെ ഹിതം ചെയ്തു
യേശു മിശിഹായും രാജാവുമായി വാഴ്ത്തപ്പെടുന്നു!
പൊ.യു. 33 നീസാൻ 9. ജനക്കൂട്ടം ആരവത്തോടെ യെരൂശലേമിൽ പ്രവേശിച്ചത് അനേകം യഹൂദ്യരെ അത്ഭുതസ്തബ്ദരാക്കി. പെസഹായ്ക്കുമുമ്പ് ആളുകൾ കൂട്ടമായി നഗരത്തിലേക്കു പ്രവേശിക്കുന്നതു സാധാരണമാണെങ്കിലും, ഈ സന്ദർശകർ വ്യത്യസ്തരായിരുന്നു. കഴുതക്കുട്ടിയുടെ പുറത്തേറി സഞ്ചരിക്കുന്ന ഒരു മനുഷ്യനാണ് അതിലെ മുഖ്യകഥാപാത്രം. യേശുക്രിസ്തുവായിരുന്നു ആ മനുഷ്യൻ. ആളുകൾ ഒലിവ് ഇല വീശി, അവനുമുമ്പിൽ വഴിയിൽ വസ്ത്രം വിരിച്ച് ആർത്തുവിളിച്ചു: “ദാവീദ്പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ.” ജനക്കൂട്ടത്തെ കണ്ടപ്പോൾ, അതിനോടകംതന്നെ യെരൂശലേമിലുണ്ടായിരുന്നവരും ഘോഷയാത്രയിൽ ചേരാൻ പ്രേരിതരായി.—മത്തായി 21:7-9; യോഹന്നാൻ 12:12, 13.
യേശു ഇപ്പോൾ വാഴ്ത്തപ്പെടുന്നെങ്കിലും, കുറച്ചുകഴിഞ്ഞ് താൻ വിചാരണ ചെയ്യപ്പെടുമെന്ന് അവനറിയാമായിരുന്നു. കേവലം അഞ്ചു ദിവസത്തിനകം അവൻ ആ നഗരത്തിൽത്തന്നെ വധിക്കപ്പെടാനിരിക്കുകയായിരുന്നു! അതേ, യെരൂശലേം ശത്രുതയുള്ള പ്രദേശമാണെന്ന് യേശുവിന് അറിയാമായിരുന്നു. എന്നിട്ടും അതേ ചിന്തതന്നെ മനസ്സിൽപ്പിടിച്ചുകൊണ്ട് അവൻ എല്ലാവരും കാൺകെയുള്ള ആ നഗരപ്രവേശനം ആസൂത്രണം ചെയ്തു.
ഒരു പുരാതന പ്രവചനം നിവർത്തിച്ചു
പൊ.യു.മു. 518-ൽ, യേശു ജയശാലിയായി യെരൂശലേമിലേക്കു പ്രവേശിക്കുന്നതിനെക്കുറിച്ചു സെഖര്യാവ് മുൻകൂട്ടിപ്പറഞ്ഞു. അവൻ എഴുതി: “സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. . . . അവൻ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അററങ്ങളോളവും ആയിരിക്കും.”—സെഖര്യാവു 9:9, 10.
അതുകൊണ്ട്, യേശു നീസാൻ 9-നു യെരൂശലേമിൽ പ്രവേശിച്ചത് ബൈബിൾ പ്രവചനം നിവർത്തിച്ചു. അതു യാദൃച്ഛികമായി സംഭവിച്ചതായിരുന്നില്ല, മറിച്ച് സൂക്ഷ്മതയോടെ ആസൂത്രണം ചെയ്തതായിരുന്നു. അതിനുമുമ്പ്, യെരൂശലേമിനു പുറത്തുവെച്ച് യേശു തന്റെ ശിഷ്യന്മാരിൽ രണ്ടു പേരോട് ഇങ്ങനെ ആജ്ഞാപിച്ചിരുന്നു: “നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിൻ. നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയക്കും.” (മത്തായി 21:1-3) എന്നാൽ യേശു ഒരു കഴുതപ്പുറത്ത് യെരൂശലേമിലേക്കു യാത്രചെയ്യാൻ ആഗ്രഹിച്ചത് എന്തുകൊണ്ട്, ജനക്കൂട്ടത്തിന്റെ പ്രതികരണത്തിന്റെ അർഥമെന്ത്?
രാജത്വം സംബന്ധിച്ച സന്ദേശം
പറഞ്ഞു ഫലിപ്പിക്കുന്നതിനെക്കാൾ ശക്തം പലപ്പോഴും എന്തെങ്കിലും ചെയ്തുകാണിക്കുന്നതാണ്. അതുകൊണ്ട്, പ്രാവചനിക സന്ദേശം ശക്തമായി ധരിപ്പിക്കാൻ ചിലപ്പോഴെല്ലാം യഹോവ തന്റെ പ്രവാചകന്മാരെക്കൊണ്ട് അഭിനയിപ്പിച്ചിട്ടുണ്ട്. (1 രാജാക്കന്മാർ 11:29-32; യിരെമ്യാവു 27:1-6; യെഹെസ്കേൽ 4:1-17) അങ്ങേയറ്റം ദൃശ്യപ്രാധാന്യമുള്ള ഈ ആശയവിനിമയോപാധി ഏറ്റവും ഹൃദയകാഠിന്യമുള്ള നിരീക്ഷകന്റെ മനസ്സിൽപ്പോലും മായാത്ത മുദ്ര പതിപ്പിച്ചു. സമാനമായ ഒരു വിധത്തിൽ, യേശു യെരൂശലേം നഗരത്തിലേക്കു കഴുതപ്പുറത്ത് എഴുന്നള്ളി ശക്തമായ ഒരു സന്ദേശം അഭിനയിച്ചു കൈമാറി. എങ്ങനെ?
ബൈബിൾ കാലങ്ങളിൽ കഴുതയ്ക്കു കുലീനമായ ഉപയോഗമായിരുന്നു ഉണ്ടായിരുന്നത്. ഉദാഹരണത്തിന്, ശലോമോൻ രാജാവായി അഭിഷേകം ചെയ്യപ്പെടാൻ പുറപ്പെട്ടത് അവന്റെ പിതാവിന്റെ “കോവർകഴുത”പ്പുറത്തു കയറിയായിരുന്നു, ആൺ കഴുതയിൽനിന്നുള്ളൊരു സങ്കരസന്താനമായിരുന്നു അത്. (1 രാജാക്കന്മാർ 1:33-40) അതുകൊണ്ട്, യേശു കഴുതപ്പുറത്ത് യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ അതിനർഥം അവൻ തന്നെത്തന്നെ രാജാവായി അവതരിപ്പിക്കുന്നുവെന്നാണ്.a ജനക്കൂട്ടത്തിന്റെ പ്രവൃത്തികൾ ഈ സന്ദേശത്തെ സ്ഥിരീകരിക്കുകയും ചെയ്തു. നിസ്സംശയമായും, കൂടുതലും ഗലീലക്കാർ ഉൾപ്പെട്ട ജനക്കൂട്ടം യേശുവിനു മുമ്പിൽ വസ്ത്രം വിരിച്ചു. ഇതാണെങ്കിലോ, യേഹൂവിനെ രാജാവായി പരസ്യമായി പ്രഖ്യാപിച്ച പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. (2 രാജാക്കന്മാർ 9:13) യേശുവിനെ അവർ “ദാവീദ്പുത്ര”നെന്നു പരാമാർശിച്ചത് ഭരിക്കാനുള്ള അവന്റെ നിയമപരമായ അവകാശത്തെ എടുത്തുകാട്ടി. (ലൂക്കൊസ് 1:31-33) അവർ ഒലിവ് ഇലകൾ ഉപയോഗിച്ചതു വ്യക്തമായും അവന്റെ രാജകീയ അധികാരത്തോടുള്ള അവരുടെ വിധേയത്വത്തെ പ്രകടമാക്കി.—വെളിപ്പാടു 7:9, 10 താരതമ്യം ചെയ്യുക.
അതുകൊണ്ട്, നീസാൻ 9-നു യെരൂശലേമിലേക്കു വന്ന ഘോഷയാത്ര യേശു ദൈവത്തിന്റെ നിയമിത മിശിഹായും രാജാവും ആകുന്നു എന്ന വ്യക്തമായ സന്ദേശം ധ്വനിപ്പിച്ചു. തീർച്ചയായും, യേശു ഈ വിധം അവതരിപ്പിക്കപ്പെടുന്നതു കാണുന്നതിൽ എല്ലാവർക്കും സന്തോഷമുണ്ടായിരുന്നില്ല. യേശുവിന് അത്തരം രാജകീയ ബഹുമതി ലഭിക്കുന്നത് ഒട്ടും ശരിയല്ലെന്ന പക്ഷക്കാരായിരുന്നു വിശേഷിച്ചും പരീശന്മാർ. നിസ്സംശയമായും ദേഷ്യം കലർന്ന ശബ്ദത്തിൽ അവർ ആവശ്യപ്പെട്ടു: “ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക.” യേശു മറുപടിപറഞ്ഞു: “ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും.” (ലൂക്കൊസ് 19:39, 40) അതേ, ദൈവരാജ്യമായിരുന്നു യേശുവിന്റെ പ്രസംഗവിഷയം. ആളുകൾ സ്വീകരിച്ചാലും ഇല്ലെങ്കിലും അവൻ ഈ സന്ദേശം സധൈര്യം പ്രഘോഷിച്ചു.
നമുക്കുള്ള പാഠം
സെഖര്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞിരുന്ന വിധത്തിൽ യെരൂശലേമിൽ പ്രവേശിക്കാൻ യേശുവിനു നല്ല ധൈര്യം വേണമായിരുന്നു. അങ്ങനെ ചെയ്യുകവഴി താൻ ശത്രുക്കളുടെ കോപം ക്ഷണിച്ചുവരുത്തുകയാണെന്ന് അവന് അറിയാമായിരുന്നു. തന്റെ സ്വർഗാരോഹണത്തിനുമുമ്പ്, ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കാനും “സകലജാതികളെയും ശിഷ്യരാ”ക്കാനുമുള്ള നിയോഗം യേശു തന്റെ അനുഗാമികൾക്കു കൊടുത്തു. (മത്തായി 24:14; 28:19, 20) ഈ വേല നിർവഹിക്കുന്നതിനും ധൈര്യം ആവശ്യമാണ്. ഈ സന്ദേശം കേൾക്കാൻ എല്ലാവർക്കും സന്തോഷമുണ്ടായിരിക്കുകയില്ല. ചിലർക്കു നിസ്സംഗതയും മറ്റുള്ളവർക്ക് എതിർപ്പും കാണും. ചില ഗവൺമെൻറുകൾ പ്രസംഗവേലയുടെമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ അതു നിരോധിക്കുകയോ ചെയ്തിട്ടുണ്ട്.
എന്നിട്ടും, ആളുകൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും, സ്ഥാപിതമായ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കണമെന്നു യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. (യെഹെസ്കേൽ 2:7) ഈ ജീവരക്ഷാകരവേല നിർവഹിക്കുന്നതിൽ തുടരവെ, അവർക്ക് ആശ്വാസം യേശുവിന്റെ ഈ വാഗ്ദാനമാണ്: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.”—മത്തായി 28:20.
[അടിക്കുറിപ്പുകൾ]
a കഴുതക്കുട്ടി “ആരും ഒരിക്കലും കയറീട്ടില്ലാത്ത” ഒന്നായിരുന്നുവെന്നു മർക്കൊസിന്റെ വിവരണം പറയുന്നു. (മർക്കൊസ് 11:2) വ്യക്തമായും, മറ്റൊന്നിനും ഉപയോഗിക്കാത്ത ഒരു മൃഗം വിശുദ്ധ ആവശ്യത്തിനു വിശേഷാൽ യോജിച്ചതായിരുന്നു.—സംഖ്യാപുസ്തകം 19:2; ആവർത്തനപുസ്തകം 21:3; 1 ശമൂവേൽ 6:7 എന്നിവ താരതമ്യം ചെയ്യുക.