കുട്ടികൾക്കായി നിങ്ങൾ എന്തു ഭാവിയാണ് കാംക്ഷിക്കുന്നത്?
കുട്ടികളെ വലിയ മൂല്യമുള്ള ഒരു അവകാശമായി നിങ്ങൾ വീക്ഷിക്കുന്നുവോ? (സങ്കീർത്തനം 127:3) അതോ, വിജയം സംബന്ധിച്ച് യാതൊരു ഉറപ്പുമില്ലാത്ത ഒരു സാമ്പത്തിക ഭാരമായിട്ടാണോ അവരെ വളർത്തുന്നതിനെ നിങ്ങൾ വീക്ഷിക്കുന്നത്? കുട്ടികളെ വളർത്തുന്നതു സാമ്പത്തിക ലാഭം കൈവരുത്തുന്നതിനു പകരം, അവർക്കു സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതുവരെ പണം ചെലവഴിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. അവകാശമായി കിട്ടുന്ന സ്വത്ത് കൈകാര്യം ചെയ്യുന്ന കാര്യത്തിലെന്നപോലെ തന്നെ കുട്ടികളെ വിജയപ്രദമായി വളർത്താനും നല്ല ആസൂത്രണം ആവശ്യമാണ്.
കരുതലുള്ള മാതാപിതാക്കൾ കുട്ടികൾക്കു ജീവിതത്തിൽ നല്ലൊരു തുടക്കം നൽകാൻ ആഗ്രഹിക്കുന്നു. ദുഷിച്ചതും വളരെ സങ്കടകരവുമായ കാര്യങ്ങൾ ലോകത്തു സംഭവിച്ചേക്കാം എങ്കിലും തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാനായി വളരെ ഏറെ കാര്യങ്ങൾ ചെയ്യാൻ മാതാപിതാക്കൾക്കു കഴിയും. കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ച വെർനറിന്റെയും ഇവായുടെയും കാര്യം പരിഗണിക്കുക.a
മാതാപിതാക്കൾ യഥാർഥത്തിൽ കരുതുമ്പോൾ
വരുന്നതു വരട്ടെ എന്നു ചിന്തിക്കുന്നതിനു പകരം സ്കൂളിൽ എന്തു സംഭവിക്കുന്നു എന്നതിൽ തന്റെ മാതാപിതാക്കൾ യഥാർഥ താത്പര്യം കാട്ടിയെന്നു വെർനർ റിപ്പോർട്ടു ചെയ്യുന്നു. “അവർ തന്ന പ്രായോഗിക നിർദേശങ്ങൾ ഞാൻ വളരെ ഏറെ വിലമതിച്ചു. അവർ എനിക്കായി കരുതുകയും എന്നെ പിന്താങ്ങുകയും ആണെന്ന് എനിക്കു മനസ്സിലായി. മാതാപിതാക്കൾ എന്ന നിലയിൽ അവർ കുറെയൊക്കെ കർക്കശരായിരുന്നു. എന്നാൽ അവർ എന്റെ യഥാർഥ സുഹൃത്തുക്കൾ ആണെന്ന് എനിക്ക് അറിയാമായിരുന്നു.” സ്കൂൾ പഠനം സംബന്ധിച്ച് അസ്വസ്ഥ ആയതു നിമിത്തം ഇവായ്ക്കു വിഷാദവും ഉറക്കപ്രശ്നങ്ങളും ഉണ്ടായപ്പോൾ, മാതാപിതാക്കളായ ഫ്രാൻസിസ്കോയും ഇനെസും അവളോടു സംസാരിക്കുകയും മാനസികവും ആത്മീയവുമായ സമനില വീണ്ടെടുക്കാൻ അവളെ സഹായിക്കുകയും ചെയ്തുകൊണ്ട് ഏറെ സമയം ചെലവഴിച്ചു.
കുട്ടികളെ സംരക്ഷിക്കാനും പ്രായപൂർത്തിയായവർ എന്ന നിലയിലുള്ള ജീവിതത്തിന് അവരെ ഒരുക്കാനുമായി ഫ്രാൻസിസ്കോയും ഇനെസും ശ്രമിച്ചത് എങ്ങനെ ആയിരുന്നു? കൊള്ളാം, സ്നേഹസമ്പന്നരായ ഈ മാതാപിതാക്കൾ, കുട്ടികൾ ശിശുക്കൾ ആയിരുന്ന കാലംതൊട്ടേ അവരെ തങ്ങളുടെ അനുദിന പ്രവർത്തനങ്ങളിൽ എപ്പോഴും ഉൾപ്പെടുത്തിയിരുന്നു. തങ്ങളുടെ മുതിർന്ന സുഹൃത്തുക്കളുമായി മാത്രം സാമൂഹിക സഹവാസം നടത്തുന്നതിനു പകരം ഫ്രാൻസിസ്കോയും ഇനെസും തങ്ങൾ പോയടത്തെല്ലാം അവരെയും കൊണ്ടുപോയിരുന്നു. സ്നേഹസമ്പന്നരായ മാതാപിതാക്കൾ എന്ന നിലയിൽ അവർ തങ്ങളുടെ പുത്രനും പുത്രിക്കും ശരിയായ മാർഗനിർദേശവും നൽകി. ഇനെസ് പറയുന്നു: “കുടുംബത്തിനു വേണ്ടി കരുതാനും ശ്രദ്ധിച്ചു ചെലവു ചെയ്യാനും സ്വന്തം വസ്ത്രങ്ങൾ സൂക്ഷിക്കാനും ഞങ്ങൾ അവരെ പഠിപ്പിച്ചു. ഒരു ജീവിതവൃത്തി തിരഞ്ഞെടുക്കാനും തങ്ങളുടെ ഉത്തരവാദിത്വങ്ങളെ ആത്മീയ താത്പര്യങ്ങളുമായി സമനിലയിൽ നിർത്താനും ഞങ്ങൾ ഇരുവരെയും സഹായിച്ചു.”
നിങ്ങളുടെ കുട്ടികളെ അടുത്ത് അറിയുകയും അവർക്കു മാതൃ-പിതൃ നിർവിശേഷമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നത് എത്ര ജീവത്പ്രധാനമാണ്! നിങ്ങൾക്ക് അതു ചെയ്യാൻ കഴിയുന്ന മൂന്നു മണ്ഡലങ്ങൾ നമുക്കു പരിശോധിക്കാം: (1) ഉചിതമായ ഒരു ലൗകിക തൊഴിൽ തിരഞ്ഞെടുക്കാൻ കുട്ടികളെ സഹായിക്കുക; (2) സ്കൂളിലെയും ജോലി സ്ഥലത്തെയും വൈകാരിക സമ്മർദം നേരിടാൻ അവരെ ഒരുക്കുക; (3) ആത്മീയ ആവശ്യങ്ങൾ എങ്ങനെ തൃപ്തിപ്പെടുത്താമെന്ന് അവർക്കു കാണിച്ചു കൊടുക്കുക.
അനുയോജ്യമായ തൊഴിൽ തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുക
ഒരു വ്യക്തിയുടെ ലൗകിക ജോലി അയാളുടെ സാമ്പത്തിക ചുറ്റുപാടിനെ സ്വാധീനിക്കുക മാത്രമല്ല മറിച്ച് ഏറെ സമയം ആവശ്യമാക്കിത്തീർക്കുകയും ചെയ്യുന്നതിനാൽ കുട്ടികളെ നന്നായി വളർത്തുന്നതിൽ, ഓരോ കുട്ടിയുടെയും താത്പര്യങ്ങളും പ്രാപ്തികളും പരിഗണിക്കുന്നത് ഉൾപ്പെടുന്നു. മറ്റുള്ളവർക്ക് ഒരു ഭാരം ആയിത്തീരാൻ മനസ്സാക്ഷിയുള്ള ഒരുവനും ആഗ്രഹിക്കാത്ത സ്ഥിതിക്ക്, തന്നെത്തന്നെയും ഒരു കുടുംബത്തെയും പരിപാലിക്കാൻ തക്കവണ്ണം കുട്ടിയെ എങ്ങനെ ഒരുക്കാനാകുമെന്ന് മാതാപിതാക്കൾ ഗൗരവമായി ചിന്തിക്കണം. ന്യായമായ ഒരു ജീവിതമാർഗം കണ്ടെത്താൻ നിങ്ങളുടെ മകനോ മകളോ ഒരു തൊഴിൽ പഠിക്കേണ്ടതുണ്ടോ? ഉത്സാഹപൂർവം ജോലി ചെയ്യാനുള്ള ആഗ്രഹം, പഠിക്കാനുള്ള മനസ്സൊരുക്കം, മറ്റുള്ളവരുമായി നന്നായി ഒത്തുപോകാനുള്ള പ്രാപ്തി എന്നിങ്ങനെയുള്ള ഗുണങ്ങൾ വികസിപ്പിക്കുന്നതിന് നിങ്ങളുടെ കുട്ടിയെ സഹായിക്കാൻ, നല്ല കരുതലുള്ള മാതാപിതാക്കൾ എന്നനിലയിൽ തുടർച്ചയായ ശ്രമം നടത്തുക.
നിക്കോളിന്റെ കാര്യം പരിഗണിക്കുക. അവൾ പറയുന്നു: “എന്റെ മാതാപിതാക്കൾ തങ്ങളുടെ ശുചീകരണ തൊഴിലിൽ എന്നെയും ഉൾപ്പെടുത്തി. എനിക്കു ലഭിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം വീട്ടു ചെലവുകൾക്കായി കൊടുക്കാനും ശേഷമുള്ളതു സ്വന്തം ചെലവിനോ സമ്പാദ്യത്തിനോ വേണ്ടി ഉപയോഗിക്കാനും അവർ നിർദേശിച്ചു. പിൽക്കാല ജീവിതത്തിൽ വളരെ ഉപകാരപ്രദമെന്നു തെളിഞ്ഞ ശക്തമായ ഉത്തരവാദിത്വ ബോധം അത് എന്നിൽ ഉളവാക്കി.”
ഒരു വ്യക്തി ഏതു തരം ലൗകിക ജോലി തിരഞ്ഞെടുക്കണം എന്ന് ദൈവവചനമായ ബൈബിൾ പറയുന്നില്ല. എന്നാൽ അത് തീർച്ചയായും ഈടുറ്റ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. ദൃഷ്ടാന്തത്തിന്, പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു: “വേലചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു.” തെസ്സലൊനീക്യയിലെ ക്രിസ്ത്യാനികൾക്ക് എഴുതവേ അവൻ ഇങ്ങനെയും പറഞ്ഞു: “നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു. ഇങ്ങനെയുള്ളവരോടു: സാവധാനത്തോടെ വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.”—2 തെസ്സലൊനീക്യർ 3:10-12.
എന്നാൽ, ഒരു ജോലി സമ്പാദിക്കുകയും പണം ഉണ്ടാക്കുകയും ചെയ്യുന്നതു മാത്രമല്ല ജീവിതം. അതിമോഹികളായവർ കാലക്രമേണ അസംതൃപ്തരായി തീരുകയും തങ്ങളുടേതു “വൃഥാപ്രയത്ന”മാണെന്നു കണ്ടെത്തുകയും ചെയ്തേക്കാം. (സഭാപ്രസംഗി 1:14) അംഗീകാരവും സമ്പദ്സമൃദ്ധിയും തേടാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതിനു പകരം, യോഹന്നാൻ അപ്പൊസ്തലന്റെ പിൻവരുന്ന നിശ്വസ്ത വാക്കുകളിലെ ജ്ഞാനം തിരിച്ചറിയാൻ കുട്ടികളെ സഹായിക്കുന്നതാണ് നല്ലത്: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:15-17.
അവരുടെ വൈകാരിക ആവശ്യങ്ങളെ എങ്ങനെ തൃപ്തിപ്പെടുത്താനാകും?
മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾക്ക് ഒരു കായിക പരിശീലകനെപ്പോലെ ആയിരുന്നുകൂടെ? തന്റെ മേൽനോട്ടത്തിലുള്ള കായികാഭ്യാസികൾക്കു കൂടുതൽ വേഗത്തിൽ ഓടാനോ ദൂരത്തിൽ ചാടാനോ ഉള്ള കായിക പ്രാപ്തി വർധിപ്പിക്കാൻ മാത്രമല്ല അദ്ദേഹം ശ്രമിക്കുന്നത്. സാധാരണമായി, നിഷേധാത്മക മനോഭാവങ്ങളെ മറികടക്കാൻ അവരെ സഹായിച്ചുകൊണ്ട് അവരുടെ വൈകാരിക ശക്തി കൂടുതൽ ദൃഢമാക്കാനും അദ്ദേഹം ശ്രമിക്കുന്നു. നിങ്ങളുടെ കാര്യത്തിൽ, കുട്ടികളെ പ്രോത്സാഹിപ്പിക്കാനും കെട്ടുപണി ചെയ്യാനും പ്രചോദിപ്പിക്കാനും നിങ്ങൾക്ക് എങ്ങനെ സാധിക്കും?
13-കാരനായ റോഷേറിയോയുടെ കാര്യം പരിചിന്തിക്കുക. ശാരീരിക മാറ്റങ്ങളുടെ ഫലമായുള്ള ആന്തരിക പിരിമുറുക്കങ്ങൾക്കു പുറമേ, മാതാപിതാക്കളുടെ അനൈക്യവും അവന്റെ കാര്യത്തിലുള്ള അവരുടെ അനാസ്ഥയും നിമിത്തം വൈകാരിക സമ്മർദവും അവൻ അനുഭവിച്ചു. അവനെപ്പോലുള്ള ചെറുപ്പക്കാർക്കായി എന്തു ചെയ്യാൻ കഴിയും? സകല ആകുലതകളിൽനിന്നും മോശമായ സ്വാധീനങ്ങളിൽനിന്നും കുട്ടികളെ സംരക്ഷിക്കുക സാധ്യമല്ലെങ്കിലും, മാതാപിതാക്കൾ എന്ന നിലയിലുള്ള നിങ്ങളുടെ കർത്തവ്യത്തിൽനിന്ന് ഒരിക്കലും പിന്മാറരുത്. അമിതമായി സംരക്ഷിക്കുന്നവർ ആയിരിക്കാതെ, ഓരോ കുട്ടിയും അതുല്യനാണെന്ന് എല്ലായ്പോഴും ഓർമിച്ചുകൊണ്ട് സഹാനുഭൂതിയോടെ അവർക്കു ശിക്ഷണം നൽകുക. ദയയും സ്നേഹവും പ്രകടമാക്കിക്കൊണ്ട്, സുരക്ഷിതത്വം തോന്നാൻ ഒരു യുവവ്യക്തിയെ നിങ്ങൾക്ക് ഏറെ സഹായിക്കാനാകും. ആത്മവിശ്വാസവും ആത്മാഭിമാനവും ഇല്ലാതെ വളർന്നു വരുന്നതിൽനിന്ന് ഇത് അവനെ തടയുകയും ചെയ്യും.
നിങ്ങളുടെ വൈകാരിക ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിൽ നിങ്ങളുടെ മാതാപിതാക്കൾ എത്രമാത്രം വിജയപ്രദർ ആയിരുന്നു എന്നതു ഗണ്യമാക്കാതെ, ശരിക്കും സഹായമേകുന്ന ഒരു മാതാവോ പിതാവോ ആകാൻ പിൻവരുന്ന മൂന്നു കാര്യങ്ങൾക്കു നിങ്ങളെ സഹായിക്കാനാകും: (1) കുട്ടികളുടെ ചെറുതെന്നു തോന്നിയേക്കാവുന്ന പ്രശ്നങ്ങൾ അവഗണിക്കാൻ ഇടയാകും വിധം നിങ്ങളുടെതന്നെ പ്രശ്നങ്ങളിൽ മുഴുകി ഇരിക്കരുത്; (2) ദിവസേന അവരുമായി ഹൃദ്യവും അർഥവത്തുമായ ആശയവിനിയമം നടത്താൻ ശ്രമിക്കുക; (3) എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കുകയും മറ്റുള്ളവരുമായി ഇടപെടുകയും ചെയ്യാമെന്നതു സംബന്ധിച്ച് ഒരു ക്രിയാത്മക മനോഭാവം വളർത്തി എടുക്കാൻ പ്രോത്സാഹിപ്പിക്കുക.
തന്റെ കൗമാര വർഷങ്ങളിലേക്കു പിന്തിരിഞ്ഞു നോക്കിക്കൊണ്ട് ബിർജിത്ത് പറയുന്നു: “ആളുകളെ നാം ആഗ്രഹിക്കുന്ന നിലയിലേക്കു മാറ്റിയെടുക്കാൻ നമുക്ക് ആവില്ലെന്നു ഞാൻ പഠിക്കേണ്ടിയിരുന്നു. എനിക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും മറ്റുള്ളവരിൽ കണ്ടാൽ, അവരെപ്പോലെ ആകാതിരിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് അമ്മ കാര്യകാരണ സഹിതം വ്യക്തമാക്കി. എന്റെ രീതികൾക്കു മാറ്റം വരുത്താനുള്ള ഏറ്റവും നല്ല സമയം ചെറുപ്പകാലമാണെന്നും അമ്മ എന്നോടു പറഞ്ഞു.”
എന്നാൽ നിങ്ങളുടെ കുട്ടിക്ക് ഒരു തൊഴിലും വൈകാരിക സ്ഥിരതയും മാത്രം പോരാ. നിങ്ങളോടുതന്നെ ചോദിക്കുക: ‘മക്കളെ വളർത്തുന്നതിനെ ഒരു ദൈവദത്ത ഉത്തരവാദിത്വമായി ഞാൻ വീക്ഷിക്കുന്നുവോ?’ അങ്ങനെയെങ്കിൽ, കുട്ടികളുടെ ആത്മീയ ആവശ്യങ്ങൾക്കു നിങ്ങൾ ശ്രദ്ധ നൽകണം.
ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുള്ള മാർഗങ്ങൾ
തന്റെ ഗിരി പ്രഭാഷണത്തിൽ യേശു പറഞ്ഞു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു, കാരണം സ്വർഗരാജ്യം അവർക്കുള്ളതാകുന്നു.” (മത്തായി 5:3, NW) ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? യഹോവയിൽ വിശ്വാസം പ്രകടമാക്കുന്നതിൽ മാതാപിതാക്കൾ ഒരു നല്ല ദൃഷ്ടാന്തം വെക്കുമ്പോൾ കുട്ടികൾ ഏറെ പ്രയോജനം അനുഭവിക്കുന്നു. പൗലൊസ് അപ്പൊസ്തലൻ എഴുതി: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രായർ 11:6) എന്നാൽ വിശ്വാസത്തിന് യഥാർഥ അർഥം ഉണ്ടായിരിക്കണമെങ്കിൽ പ്രാർഥന ആവശ്യമാണ്. (റോമർ 12:13) സ്വന്തം ആത്മീയ ആവശ്യങ്ങൾ നിങ്ങൾ തിരിച്ചറിയുന്നെങ്കിൽ, ഇസ്രായേലിലെ കീർത്തികേട്ട ന്യായാധിപൻ ആയിത്തീർന്ന ശിംശോൻ കുട്ടിയായിരുന്നപ്പോൾ അവന്റെ പിതാവ് ചെയ്തതു പോലെ, നിങ്ങൾ ദിവ്യ മാർഗനിർദേശം തേടും. (ന്യായാധിപന്മാർ 13:8) നിങ്ങൾ പ്രാർഥിക്കുക മാത്രമല്ല, സഹായത്തിനായി ദൈവത്തിന്റെ നിശ്വസ്ത വചനമായ ബൈബിളിലേക്കു തിരിയുകയും ചെയ്യും.—2 തിമൊഥെയൊസ് 3:16, 17.b
ഈടുറ്റ മാർഗനിർദേശവും വൈകാരിക പിന്തുണയും ആത്മീയ സഹായവും പ്രദാനം ചെയ്യുന്നതിൽ കഠിനാധ്വാനം ഉൾപ്പെട്ടിരിക്കുന്നു എങ്കിലും മക്കളെ വളർത്തുന്നതു പ്രതിഫലദായകം ആയിരിക്കാവുന്നതാണ്. രണ്ടു കുട്ടികളുടെ പിതാവായ ഒരു ബ്രസീലുകാരൻ അഭിപ്രായപ്പെടുന്നു: “കുട്ടികൾ ഒപ്പം ഇല്ലാതിരിക്കുന്നത് എനിക്കു ചിന്തിക്കാൻ കൂടി വയ്യാ. അവരോടൊപ്പം പങ്കുവെക്കാൻ അനേകം നല്ല കാര്യങ്ങളുണ്ട്.” കുട്ടികൾ നന്നായി വർത്തിക്കുന്നതിന്റെ കാരണം വിശദീകരിക്കവേ, അവരുടെ അമ്മ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞങ്ങൾ എല്ലായ്പോഴും ഒരുമിച്ചാണ്. കാര്യങ്ങൾ ഉല്ലാസപ്രദവും സന്തോഷകരവും ആക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഏറ്റവും പ്രധാനമായി, ഞങ്ങൾ കുട്ടികൾക്കായി എപ്പോഴും പ്രാർഥിക്കുന്നു.”
പ്രശ്നങ്ങൾ ഉള്ളപ്പോഴെല്ലാം മാതാപിതാക്കൾ തന്നോടു കാട്ടിയിരുന്ന സ്നേഹവും ക്ഷമയും പ്രിസില്ലാ ഓർമിക്കുന്നു. “അവർ എന്റെ യഥാർഥ സുഹൃത്തുക്കളായിരുന്നു. എല്ലാ കാര്യത്തിലും അവർ എന്നെ സഹായിച്ചു,” അവൾ പറയുന്നു. “കുട്ടി ആയിരുന്നപ്പോൾ, ‘യഹോവയിൽനിന്നുള്ള അവകാശം’ എന്ന പോലെ അവർ എന്നോടു പെരുമാറുന്നതായി എനിക്കു ശരിക്കും അനുഭവപ്പെട്ടു.” (സങ്കീർത്തനം 127:3) അനേകം മാതാപിതാക്കൾ ചെയ്യുന്നതുപോലെ, നിങ്ങൾക്കു കുട്ടികളോടൊത്തു ബൈബിളും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും വായിക്കാനായി സമയം പട്ടികപ്പെടുത്തിക്കൂടേ? ക്രിയാത്മകമായ ഒരു അന്തരീക്ഷത്തിൽ ബൈബിൾ വിവരണങ്ങളും തത്ത്വങ്ങളും പരിചിന്തിക്കുന്നത് ആത്മവിശ്വാസവും ഭാവിയെ കുറിച്ച് ഒരു യഥാർഥ പ്രത്യാശയും ഉണ്ടായിരിക്കാൻ കുട്ടികളെ സഹായിക്കും.
എല്ലാ കുട്ടികളും സുരക്ഷിതരായിരിക്കുന്ന സമയം
ഇന്ന് അനേകം കുട്ടികളുടെ കാര്യത്തിലും ഭാവി ഇരുളടഞ്ഞതായി കാണപ്പെടുന്നെങ്കിലും, ഭൂമി ഉടൻതന്നെ മനുഷ്യവർഗത്തിനുള്ള ഒരു സുരക്ഷിത ഭവനം ആയിത്തീരുമെന്നു ദൈവവചനം ഉറപ്പു തരുന്നു. മാതാപിതാക്കൾ കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ചു മേലാൽ ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലാത്ത സമയത്തെ കുറിച്ച് ഒന്നു വിഭാവന ചെയ്യൂ! ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിൽ അതു സംഭവിക്കും. (2 പത്രൊസ് 3:13) പിൻവരുന്ന പ്രവചനത്തിന്റെ മഹത്തായ നിവൃത്തി ഭാവനയിൽ കാണാൻ ശ്രമിക്കുക: “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയകുട്ടി അവയെ നടത്തും.” (യെശയ്യാവു 11:6) യഹോവയെ സേവിക്കുന്ന ആളുകൾക്ക് ഇടയിൽ ഇന്നു പോലും ഈ പ്രവചനത്തിൽ വിവരിച്ചിരിക്കുന്ന ആത്മീയ സുരക്ഷിതത്വത്തിന് ആലങ്കാരികമായ ഒരു നിവൃത്തിയുണ്ട്. അവരുടെ ഇടയിൽ, ദൈവത്തിന്റെ സ്നേഹമസൃണമായ കരുതൽ നിങ്ങൾക്ക് അനുഭവപ്പെടും. ദൈവത്തോടു സ്നേഹം പ്രകടമാക്കുന്നെങ്കിൽ, മാതാപിതാക്കൾ എന്ന നിലയിലുള്ള നിങ്ങളുടെ വികാരങ്ങൾ അവൻ മനസ്സിലാക്കുന്നു എന്നും നിങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന ഉത്കണ്ഠകളും പരിശോധനകളും നേരിടാൻ അവൻ സഹായിക്കും എന്നും നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അവന്റെ വചനം പഠിച്ച് നിങ്ങളുടെ പ്രത്യാശ അവന്റെ രാജ്യത്തിൽ അർപ്പിക്കുക.
ഒരു നല്ല ദൃഷ്ടാന്തം വെച്ചുകൊണ്ട് നിത്യജീവനിലേക്കുള്ള പാതയിൽ ആയിരിക്കാൻ കുട്ടികളെ സഹായിക്കുക. യഹോവയിൽ അഭയം പ്രാപിക്കുന്നെങ്കിൽ, നിങ്ങളുടെയും കുട്ടികളുടെയും ഭാവി നിങ്ങളുടെ സകല പ്രതീക്ഷകളെയും കടത്തിവെട്ടും. പിൻവരുന്ന പ്രകാരം പാടിയ സങ്കീർത്തനക്കാരന്റെ അതേ ഉറപ്പു നിങ്ങൾക്ക് ഉണ്ടായിരിക്കാവുന്നതാണ്: “യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.”—സങ്കീർത്തനം 37:4.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിലെ പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
b വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിന്റെ 5 മുതൽ 7 വരെയുള്ള അധ്യായങ്ങൾ കാണുക.