-
ശവസംസ്കാര ആചാരങ്ങൾ സംബന്ധിച്ച ക്രിസ്തീയ വീക്ഷണംവീക്ഷാഗോപുരം—1998 | ജൂലൈ 15
-
-
ശവസംസ്കാര ആചാരങ്ങൾ സംബന്ധിച്ച ക്രിസ്തീയ വീക്ഷണം
പ്രിയപ്പെട്ട ഒരാളുടെ പെട്ടെന്നുള്ള, അവിചാരിത മരണം വിശേഷാൽ ദുഃഖകരമാണ്. ഞെട്ടലും തുടർന്ന് അതിയായ വൈകാരിക വേദനയും അനുഭവപ്പെടാൻ അത് ഇടയാക്കുന്നു. വളരെ കാലമായി വേദനാജനകമായ ഒരു രോഗം ബാധിച്ചിരുന്ന പ്രിയപ്പെട്ട ഒരാൾ മരണത്തിൽ നിദ്ര പ്രാപിക്കുന്നതു വ്യത്യസ്തമായൊരു സംഗതിയാണ്. എങ്കിലും അപ്പോഴും ദുഃഖവും ആഴമായ നഷ്ടബോധവും അവശേഷിക്കുന്നു.
പ്രിയപ്പെട്ട ഒരാൾ മരണമടഞ്ഞ സാഹചര്യം എന്തായിരുന്നാലും വിരഹാർത്തർക്കു പിന്തുണയും ആശ്വാസവും ആവശ്യമാണ്. വിരഹാർത്തനായ ഒരു ക്രിസ്ത്യാനിക്ക് തിരുവെഴുത്തു വിരുദ്ധമായ ആചാരങ്ങൾ നടത്താൻ ശാഠ്യം പിടിക്കുന്നവരിൽ നിന്നുള്ള പീഡനവും നേരിടേണ്ടത് ഉണ്ടായിരിക്കാം. ഒട്ടുമിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും ലോകത്തിലെ മറ്റു ചില ഭാഗങ്ങളിലും ഇതു സാധാരണമാണ്.
തിരുവെഴുത്തു വിരുദ്ധമായ ശവസംസ്കാര ആചാരങ്ങൾ ഒഴിവാക്കാൻ വിരഹാർത്തനായ ഒരു ക്രിസ്ത്യാനിയെ എന്തു സഹായിക്കും? അത്തരമൊരു പരിശോധനയുടെ സമയത്തു സഹവിശ്വാസികൾക്ക് എങ്ങനെ പിന്തുണയേകുന്നവർ ആയിരിക്കാൻ കഴിയും? യഹോവയെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്ന സകലർക്കും ഈ ചോദ്യങ്ങളുടെ ഉത്തരം അറിയാൻ താത്പര്യമുണ്ട്. കാരണം, “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.”—യാക്കോബ് 1:27.
ഒരു വിശ്വാസത്തോടു ബന്ധപ്പെട്ടത്
മരിച്ചവർ പൂർവികന്മാരുടെ ഒരു അദൃശ്യ മണ്ഡലത്തിൽ ജീവിക്കുന്നു എന്ന വിശ്വാസമാണ് ഒട്ടുമിക്ക ശവസംസ്കാര ആചാരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പൊതു ഘടകം. അവരെ പ്രസാദിപ്പിക്കാനായി ചില ആചാരാനുഷ്ഠാനങ്ങൾ നടത്താൻ തങ്ങൾ കടപ്പെട്ടവരാണെന്ന് അനേകം ദുഃഖാർത്തർ വിചാരിക്കുന്നു. അല്ലെങ്കിൽ, ആ ആചാരാനുഷ്ഠാനങ്ങൾ നടത്താതിരുന്നാൽ സമൂഹത്തിന് ഉപദ്രവം ഉണ്ടാകുമെന്നു വിശ്വസിക്കുന്ന അയൽക്കാരെ തങ്ങൾ അപ്രീതിപ്പെടുത്തും എന്ന് അവർ ഭയപ്പെടുന്നു.
ഒരു യഥാർഥ ക്രിസ്ത്യാനി മാനുഷ ഭയത്തിനു വഴങ്ങി ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ആചാരങ്ങളിൽ പങ്കുപറ്റരുത്. (സദൃശവാക്യങ്ങൾ 29:25; മത്തായി 10:28) മരിച്ചവർ അബോധാവസ്ഥയിൽ ആണെന്നു ബൈബിൾ പ്രകടമാക്കുന്നു. എന്തെന്നാൽ അത് ഇങ്ങനെ പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാപ്രസംഗി 9:5, 10) അതുകൊണ്ട്, മരിച്ചവരെ പ്രസാദിപ്പിക്കാനോ അവരുമായി ആശയവിനിയമം നടത്താനോ ശ്രമിക്കരുതെന്ന് യഹോവയാം ദൈവം പുരാതനകാലത്തെ തന്റെ ദാസന്മാർക്കു മുന്നറിയിപ്പു നൽകി. (ആവർത്തനപുസ്തകം 14:1; 18:10-12; യെശയ്യാവു 8:19, 20) ഈ ബൈബിൾ സത്യങ്ങൾ ജനപ്രീതി ആർജിച്ച ഒട്ടനവധി ശവസംസ്കാര ആചാരങ്ങൾക്ക് എതിരാണ്.
“ലൈംഗിക ശുദ്ധീകരണ”ത്തിന്റെ കാര്യമോ?
മധ്യ ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ, വിരഹദുഃഖം അനുഭവിക്കുന്ന ഇണ മരിച്ച ആളിന്റെ ഒരു അടുത്ത ബന്ധുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രതീക്ഷിക്കപ്പെടുന്നു. അപ്രകാരം ചെയ്യുന്നില്ലെങ്കിൽ മരിച്ച ആൾ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെ ഉപദ്രവിക്കുമെന്നാണ് വിശ്വാസം. ഈ ആചാരത്തെ ലൈംഗിക ശുദ്ധീകരണം എന്നു വിളിക്കുന്നു. എന്നാൽ വിവാഹത്തിനു വെളിയിലുള്ള ഏതൊരു ലൈംഗിക ബന്ധത്തെയും ബൈബിൾ “പരസംഗം” എന്നു വിളിക്കുന്നു. ക്രിസ്ത്യാനികൾ ‘ദുർന്നടപ്പു [“പരസംഗം,” NW] വിട്ടു ഓടേണ്ടത്’ ഉള്ളതിനാൽ അവർ ഈ തിരുവെഴുത്തു വിരുദ്ധ ആചാരത്തെ ധൈര്യമായി എതിർക്കുന്നു.—1 കൊരിന്ത്യർ 6:18.
വിധവയായ മേഴ്സിയുടെa കാര്യം പരിചിന്തിക്കുക. 1989-ൽ അവരുടെ ഭർത്താവു മരിച്ചപ്പോൾ ബന്ധുവായ ഒരു പുരുഷനുമായി ലൈംഗിക ശുദ്ധീകരണം ആചരിക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടു. പ്രസ്തുത ആചാരം ദൈവ നിയമത്തിനു വിരുദ്ധമാണെന്നു വിശദീകരിച്ചുകൊണ്ട് അവൾ അതു നിരസിച്ചു. നിരാശരായ ബന്ധുക്കൾ അവളെ അധിക്ഷേപിച്ചിട്ടു പോയി. ഒരു മാസം കഴിഞ്ഞ് അവർ മേഴ്സിയുടെ വീടു കവർച്ച ചെയ്യുകയും ഇരുമ്പ് ഷീറ്റുകൊണ്ടുള്ള മേൽക്കൂര നശിപ്പിക്കുകയും ചെയ്തു. “നിന്റെ മതം നിന്നെ പരിപാലിച്ചുകൊള്ളും,” അവർ പറഞ്ഞു.
സഭയിലുള്ളവർ മേഴ്സിയെ ആശ്വസിപ്പിക്കുകയും ഒരു പുതിയ വീട് പണിതു കൊടുക്കുകയും ചെയ്തു. അയൽക്കാർക്ക് അതിൽ മതിപ്പു തോന്നിയിട്ട് ചിലർ ആ നിർമാണ പ്രവർത്തനത്തിൽ പങ്കുപറ്റാൻ തീരുമാനിച്ചു. മേൽക്കൂരയ്ക്കു വേണ്ടി ആദ്യം പുല്ലു കൊണ്ടുവന്നത് ഗ്രാമമുഖ്യന്റെ കത്തോലിക്കാ ഭാര്യയായിരുന്നു. മേഴ്സിയുടെ വിശ്വസ്ത പെരുമാറ്റം മക്കൾക്കു പ്രോത്സാഹനമായി. അതിനു ശേഷം അവരിൽ നാലു പേർ യഹോവയാം ദൈവത്തിനു സമർപ്പണം നടത്തുകയും ഒരാൾ അടുത്തയിടെ ശുശ്രൂഷാ പരിശീലന സ്കൂളിൽ പങ്കെടുക്കുകയും ചെയ്തു.
“ലൈംഗിക ശുദ്ധീകരണ” ആചാരം നിമിത്തം ചില ക്രിസ്ത്യാനികൾ അവിശ്വാസിയെ വിവാഹം കഴിക്കാനുള്ള സമ്മർദത്തിനു സ്വയം വഴിപ്പെട്ടിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, 70-കാരനായ ഒരു വിഭാര്യൻ മരിച്ചുപോയ ഭാര്യയുടെ ബന്ധത്തിലുള്ള ഒരു ചെറുപ്പക്കാരിയെ തിടുക്കംകൂട്ടി വിവാഹം കഴിച്ചു. അപ്രകാരം ചെയ്തുകൊണ്ട്, ലൈംഗിക ശുദ്ധീകരണം നടത്തിയെന്ന് അദ്ദേഹത്തിന് അവകാശപ്പെടാൻ കഴിഞ്ഞു. എന്നാൽ അത്തരമൊരു ഗതി, “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ” വിവാഹം കഴിക്കാവൂ എന്ന ബൈബിൾ ബുദ്ധ്യുപദേശത്തിന് എതിരാണ്.—1 കൊരിന്ത്യർ 7:39.
രാത്രി മുഴുവൻ നീളുന്ന ഉണർന്നിരിപ്പനുഷ്ഠാനങ്ങൾ
അനേകം രാജ്യങ്ങളിൽ ദുഃഖാർത്തർ മരിച്ച ആളിന്റെ വീട്ടിൽ ഒന്നിച്ചുകൂടി രാത്രി മുഴുവനും ഉണർന്നിരിക്കുന്നു. ഈ ഉണർന്നിരുപ്പിന്റെ ഭാഗമായി മിക്കപ്പോഴും സദ്യയും ഉച്ചത്തിലുള്ള സംഗീതവുമുണ്ട്. ഇത് മരിച്ച ആളിനെ പ്രസാദിപ്പിക്കാനും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെ മന്ത്രവാദത്തിൽനിന്നു സംരക്ഷിക്കാനും ആണെന്നു കരുതപ്പെടുന്നു. മരിച്ച ആളിന്റെ പ്രീതി നേടാനായി മുഖസ്തുതി പ്രസംഗങ്ങൾ നടത്തിയേക്കാം. ഒരു പ്രസംഗം കഴിഞ്ഞ് അടുത്തയാൾ പ്രസംഗിക്കുന്നതിനു മുമ്പായി വിലാപപ്രകടനക്കാർ ഒരു മതഗീതം ആലപിച്ചേക്കാം. നേരം വെളുക്കുന്നതുവരെ ഇതു തുടർന്നേക്കാം.b
മരിച്ചവർക്കു ജീവിച്ചിരിക്കുന്നവരെ സഹായിക്കാനോ ഉപദ്രവിക്കാനോ സാധിക്കില്ലെന്നു ബൈബിൾ പ്രകടമാക്കുന്നതിനാൽ രാത്രി മുഴുവൻ നീളുന്ന അത്തരം ഉണർന്നിരിപ്പ് അനുഷ്ഠാനങ്ങളിൽ ഒരു സത്യക്രിസ്ത്യാനി പങ്കുപറ്റുന്നില്ല. (ഉല്പത്തി 3:19; സങ്കീർത്തനം 146:3, 4; യോഹന്നാൻ 11:11-15എ) തിരുവെഴുത്തുകൾ ആത്മവിദ്യ ആചരിക്കുന്നതിനെ കുറ്റം വിധിക്കുന്നു. (വെളിപ്പാടു 9:21; 22:15) എന്നാൽ, ആത്മവിദ്യാ നടപടികളിൽ നിന്ന് മറ്റുള്ളവരെ തടയാൻ പ്രയാസമാണെന്ന് ഒരു ക്രിസ്തീയ വിധവ കണ്ടെത്തിയേക്കാം. രാത്രി മുഴുവൻ നീളുന്ന ഉണർന്നിരിപ്പ് വീട്ടിൽ ആചരിക്കാൻ അവർ നിർബന്ധിച്ചേക്കാം. ഈ കൂടുതലായ പരിശോധനയെ അഭിമുഖീകരിക്കുന്ന വിരഹാർത്തരായ ക്രിസ്ത്യാനികളെ സഹായിക്കാൻ സഹവിശ്വാസികൾക്ക് എന്തു ചെയ്യാനാകും?
ബന്ധുക്കളോടും അയൽക്കാരോടും ന്യായവാദം ചെയ്തുകൊണ്ട് വിരഹാർത്ത ക്രിസ്തീയ കുടുംബത്തെ സഹായിക്കാൻ സഭാ മൂപ്പന്മാർക്കു പലപ്പോഴും സാധിച്ചിട്ടുണ്ട്. അങ്ങനെ ന്യായവാദം ചെയ്തു കഴിയുമ്പോൾ, സമാധാനപൂർവം വീടു വിട്ടുപോകാനും ശവസംസ്കാര ശുശ്രൂഷയ്ക്കായി, അതു നടക്കുന്ന ദിവസം, വീണ്ടും കൂടിവരാനും ഇവർ തയ്യാറായേക്കാം. എന്നാൽ ചിലർ ശത്രുതാ മനോഭാവത്തോടെ ഇടപെടുന്നെങ്കിലോ? തുടർന്നും ന്യായവാദം ചെയ്യാനുള്ള ശ്രമങ്ങൾ അക്രമത്തിൽ കലാശിച്ചേക്കാം. ‘കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ ദോഷം സഹിക്കുന്നവനായിരിക്കേണം.’ (2 തിമൊഥെയൊസ് 2:24) അതുകൊണ്ട് സഹകരണ മനോഭാവമില്ലാത്ത ബന്ധുക്കൾ ആക്രമണോത്സുകതയോടെ നിയന്ത്രണം ഏറ്റെടുക്കുന്നെങ്കിൽ അതിനെ തടയാൻ ഒരു ക്രിസ്തീയ വിധവയ്ക്കും കുട്ടികൾക്കും കഴിഞ്ഞെന്നു വരില്ല. എന്നാൽ അവരുടെ വീട്ടിൽ നടക്കുന്ന യാതൊരു വ്യാജമത ആചാരത്തിലും അവർ പങ്കെടുക്കില്ല. കാരണം “അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു” എന്ന ബൈബിൾ കൽപ്പന അവർ അനുസരിക്കുന്നു.—2 കൊരിന്ത്യർ 6:14.
ഈ തത്ത്വം ശവസംസ്കാരത്തിനും ബാധകമാണ്. വ്യാജമതത്തിലെ ഒരു ശുശ്രൂഷകന്റെ നേതൃത്വത്തിലുള്ള ഗാനാലാപനത്തിലോ പ്രാർഥനയിലോ ആചാരങ്ങളിലോ യഹോവയുടെ സാക്ഷികൾ പങ്കുപറ്റില്ല. അടുത്ത കുടുംബാംഗങ്ങളായ തങ്ങൾ അത്തരം ഒരു ശുശ്രൂഷയ്ക്കു ഹാജരാകേണ്ടത് അനിവാര്യമാണെന്ന് ചില ക്രിസ്ത്യാനികൾ കരുതിയേക്കാം. എങ്കിൽപ്പോലും അവർ അതിൽ പങ്കുപറ്റില്ല.—2 കൊരിന്ത്യർ 6:16; വെളിപ്പാടു 18:4.
മാന്യമായ ശവസംസ്കാര ശുശ്രൂഷകൾ
യഹോവയുടെ സാക്ഷികൾ നടത്തുന്ന ശവസംസ്കാര ശുശ്രൂഷകളിൽ മരിച്ചവരെ പ്രസാദിപ്പിക്കാൻ ഉദ്ദേശിച്ചുള്ള അനുഷ്ഠാനങ്ങളില്ല. രാജ്യഹാളിലോ ശവസംസ്കാര പാർലറിലോ മരിച്ച ആളിന്റെ വീട്ടിലോ ശ്മശാനത്തിലോ വെച്ച് ഒരു ബൈബിൾ പ്രസംഗം നടത്തുന്നു. മരണത്തെയും പുനരുത്ഥാന പ്രത്യാശയെയും സംബന്ധിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് വിരഹാർത്തരെ ആശ്വസിപ്പിക്കുക എന്നതാണ് പ്രസംഗത്തിന്റെ ഉദ്ദേശ്യം. (യോഹന്നാൻ 11:25; റോമർ 5:12; 2 പത്രൊസ് 3:13) തിരുവെഴുത്തുകളിൽ അധിഷ്ഠിതമായ ഒരു ഗീതം ആലപിച്ചേക്കാം. ആശ്വാസദായകമായ ഒരു പ്രാർഥനയോടെ ശുശ്രൂഷ അവസാനിപ്പിക്കുന്നു.
അടുത്തയിടെ ഇത്തരത്തിലുള്ള ഒരു ശവസംസ്കാര ശുശ്രൂഷ ഒരു യഹോവയുടെ സാക്ഷിക്കു വേണ്ടി നടത്തുകയുണ്ടായി. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായ നെൽസൺ മണ്ഡേലയുടെ ഏറ്റവും ഇളയ സഹോദരിയായിരുന്നു ആ സാക്ഷി. ശുശ്രൂഷ കഴിഞ്ഞപ്പോൾ പ്രസിഡന്റ് പ്രസംഗകനോട് ആത്മാർഥമായി നന്ദി പറഞ്ഞു. അനേകം മാന്യവ്യക്തികളും ഉന്നത ഉദ്യോഗസ്ഥന്മാരും ഹാജരായിരുന്നു. “ഞാൻ സംബന്ധിച്ചിട്ടുള്ളതിലേക്കും ഏറ്റവും മാന്യമായ ശവസംസ്കാരമാണ് ഇത്” എന്ന് ഒരു ക്യാബിനറ്റ് മന്ത്രി പറഞ്ഞു.
വിലാപ വസ്ത്രങ്ങൾ സ്വീകാര്യമാണോ?
പ്രിയപ്പെട്ടവരുടെ മരണത്തിൽ യഹോവയുടെ സാക്ഷികൾ ദുഃഖിക്കുന്നു. യേശുവിനെ പോലെ അവർ കണ്ണുനീർ വാർത്തേക്കാം. (യോഹന്നാൻ 11:35, 36) എന്നാൽ തങ്ങളുടെ ദുഃഖം ഏതെങ്കിലും ബാഹ്യ അടയാളത്താൽ പരസ്യമായി പ്രദർശിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അവർ കരുതുന്നില്ല. (മത്തായി 6:16-18 താരതമ്യം ചെയ്യുക.) അനേകം രാജ്യങ്ങളിൽ, മരിച്ചവരെ പ്രസാദിപ്പിക്കാനായി വിധവമാർ പ്രത്യേക വിലാപ വസ്ത്രങ്ങൾ ധരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. ശവസംസ്കാരത്തിനു ശേഷം അനേകം മാസങ്ങളോ ഒരു വർഷം പോലുമോ ഈ വസ്ത്രങ്ങൾ ധരിക്കണം. അവ മാറ്റുന്നതോ, മറ്റൊരു സദ്യയ്ക്കുള്ള അവസരവും.
വിലാപ അടയാളങ്ങൾ കാണിക്കാതിരിക്കുന്നത് മരിച്ച ആളോടുള്ള ഒരു അധിക്ഷേപമായി പരിഗണിക്കപ്പെടുന്നു. ഈ കാരണത്താൽ, സ്വാസിലാൻഡിന്റെ ചില ഭാഗങ്ങളിൽ ഗോത്രമുഖ്യന്മാർ യഹോവയുടെ സാക്ഷികളെ അവരവരുടെ ഭവനങ്ങളിൽനിന്നും നാടുകളിൽനിന്നും ഓടിച്ചു വിട്ടിട്ടുണ്ട്. എന്നാൽ മറ്റു സ്ഥലങ്ങളിലെ അവരുടെ ആത്മീയ സഹോദരന്മാർ എല്ലായ്പോഴും ആ വിശ്വസ്ത ക്രിസ്ത്യാനികൾക്കായി കരുതിയിട്ടുണ്ട്.
യഹോവയുടെ സാക്ഷികളെ അവരുടെ വീട്ടിലും നാട്ടിലും തിരികെ പ്രവേശിപ്പിക്കണം എന്നു പ്രസ്താവിച്ചുകൊണ്ട് സ്വാസിലാൻഡിലെ ഹൈക്കോടതി സാക്ഷികൾക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. മറ്റൊരു കേസിൽ, ഭാര്യ വിലാപ വസ്ത്രങ്ങൾ ധരിക്കരുതെന്ന് മരിച്ചുപോയ ഭർത്താവ് വ്യക്തമായി പ്രസ്താവിച്ചിരുന്ന ഒരു കത്തും ടേപ്പ് റിക്കോർഡിങ്ങും ഹാജരാക്കിയപ്പോൾ തന്റെ പുരയിടത്തിൽ താമസിക്കാൻ ഒരു ക്രിസ്തീയ വിധവയ്ക്ക് അനുവാദം ലഭിച്ചു. അങ്ങനെ, ഭർത്താവിനോടു താൻ തീർച്ചയായും ആദരവുള്ളവൾ ആണെന്നു തെളിയിക്കാൻ അവർക്കു കഴിഞ്ഞു.
ശവസംസ്കാര നിർദേശങ്ങൾ മരണത്തിനു മുമ്പു വ്യക്തമായി പ്രസ്താവിക്കുന്നത് ഏറെ മൂല്യവത്താണ്, തിരുവെഴുത്തു വിരുദ്ധമായ നടപടികൾ സർവസാധാരണം ആയിരിക്കുന്ന സ്ഥലങ്ങളിൽ വിശേഷിച്ചും. കാമറൂൺ നിവാസിയായ വിക്ടറിന്റെ ദൃഷ്ടാന്തം പരിഗണിക്കുക. തന്റെ ശവസംസ്കാരത്തിനു പിൻപറ്റേണ്ട ഒരു നടപടിക്രമം അദ്ദേഹം എഴുതിവെച്ചു. മനുഷ്യ തലയോട്ടിയുടെ ആരാധന ഉൾപ്പെടെ, മരിച്ചവരോടുള്ള ബന്ധത്തിൽ ശക്തമായ മാമൂലുകളുള്ള ഒരു സംസ്കാരത്തിൽപ്പെട്ട സ്വാധീനശക്തിയുള്ള പല ബന്ധുക്കൾ അദ്ദേഹത്തിന്റെ കുടുംബത്തിൽ ഉണ്ടായിരുന്നു. വിക്ടർ ആദരണീയനായ കുടുംബാംഗം ആയിരുന്നതിനാൽ തന്റെ തലയോട്ടിയും ഈ വിധത്തിൽ ഉപയോഗിച്ചേക്കാമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട്, യഹോവയുടെ സാക്ഷികൾ തന്റെ ശവസംസ്കാരം നടത്തുന്ന വിധം സംബന്ധിച്ച് അദ്ദേഹം വ്യക്തമായ നിർദേശങ്ങൾ നൽകി. ഇത് അദ്ദേഹത്തിന്റെ വിധവയ്ക്കും മക്കൾക്കും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. സമൂഹത്തിൽ നല്ലൊരു സാക്ഷ്യത്തിൽ കലാശിക്കുകയും ചെയ്തു.
തിരുവെഴുത്തു വിരുദ്ധ ആചാരങ്ങൾ അനുകരിക്കുന്നത് ഒഴിവാക്കുക
ബൈബിൾ പരിജ്ഞാനമുള്ള ചിലർ വ്യത്യസ്തരായി നിലകൊള്ളാൻ ഭയമുള്ളവർ ആയിരുന്നിട്ടുണ്ട്. പീഡനം ഒഴിവാക്കാനായി, മരിച്ചവർക്കു വേണ്ടിയുള്ള പരമ്പരാഗത ഉണർന്നിരിപ്പ് ആചരിക്കുന്നു എന്ന തോന്നൽ ഉളവാക്കിക്കൊണ്ട് അയൽക്കാരെ പ്രസാദിപ്പിക്കാൻ അവർ ശ്രമിക്കുന്നു. വ്യക്തിപരമായ ആശ്വാസം പ്രദാനം ചെയ്യാൻ വിരഹാർത്തരെ സന്ദർശിക്കുന്നത് അഭിനന്ദനാർഹമാണ്. എന്നാൽ അതിനായി യഥാർഥ ശവസംസ്കാരത്തിനു മുമ്പുള്ള എല്ലാ രാത്രിയിലും മരിച്ച ആളിന്റെ ഭവനത്തിൽ ചെറിയ ശവസംസ്കാര ശുശ്രൂഷകൾ നടത്തേണ്ട കാര്യമില്ല. അപ്രകാരം ചെയ്യുന്നത് നിരീക്ഷകർക്ക് ഇടർച്ച വരുത്തിയേക്കാം. കാരണം, അതിൽ പങ്കുപറ്റുന്നവർ മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു ബൈബിൾ പറയുന്നതു വാസ്തവത്തിൽ വിശ്വസിക്കുന്നില്ലെന്നുള്ള ധാരണ അത് അവർക്കു നൽകിയേക്കാം.—1 കൊരിന്ത്യർ 10:32.
ജീവിതത്തിൽ ദൈവാരാധന ഒന്നാമതു വെക്കാനും സമയം ജ്ഞാനപൂർവം ഉപയോഗിക്കാനും ബൈബിൾ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു. (മത്തായി 6:33; എഫെസ്യർ 5:15, 16) എന്നാൽ ചില സ്ഥലങ്ങളിൽ ശവസംസ്കാരം നിമിത്തം സഭാ പ്രവർത്തനം ഒരാഴ്ചയോ അതിൽ കൂടുതലോ സ്തംഭിച്ചിട്ടുണ്ട്. ഇത് ആഫ്രിക്കയിൽ മാത്രമുള്ള പ്രശ്നമല്ല. ഒരു ശവസംസ്കാരത്തെ കുറിച്ച് തെക്കെ അമേരിക്കയിൽനിന്നുള്ള ഒരു റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “മൂന്നു ക്രിസ്തീയ യോഗങ്ങൾക്കു തീരെ കുറച്ചു ഹാജരേ ഉണ്ടായിരുന്നുള്ളൂ. ഏകദേശം പത്തു ദിവസത്തേക്ക് വയൽസേവനത്തിന് ആളുണ്ടായിരുന്നില്ല. ചില സഹോദരീസഹോദരന്മാർ [ഇത്തരം ആചാരങ്ങളിൽ] പങ്കെടുക്കുന്നതു കണ്ടിട്ട് ബൈബിൾ വിദ്യാർഥികളും സഭയ്ക്കു പുറത്തുള്ളവരും പോലും അതിശയിക്കുകയും നിരാശരാകുകയും ചെയ്തു.”
ചില സമൂഹങ്ങളിൽ, വിരഹാർത്ത കുടുംബം ശവസംസ്കാരത്തിനു ശേഷം ചുരുക്കം ചില അടുത്ത സുഹൃത്തുക്കളെ ലഘുഭക്ഷണത്തിനായി തങ്ങളുടെ ഭവനത്തിലേക്കു ക്ഷണിച്ചേക്കാം. എന്നാൽ ആഫ്രിക്കയുടെ മിക്ക ഭാഗങ്ങളിലും, ശവസംസ്കാരത്തിനു ഹാജരായ നൂറുകണക്കിന് ആളുകൾ ഒരു സദ്യ പ്രതീക്ഷിച്ച് മരിച്ച ആളിന്റെ വീട്ടിലേക്കു വരുന്നു, മിക്കപ്പോഴും മൃഗങ്ങൾ ബലി ചെയ്യപ്പെടുന്നു. ക്രിസ്തീയ സഭയോടൊപ്പം സഹവസിച്ചിരുന്ന ചിലർ ഈ മാമൂൽ പിൻപറ്റിയിട്ടുണ്ട്. മരിച്ച ആളിനെ പ്രസാദിപ്പിക്കാനുള്ള ആചാരപരമായ സദ്യ തങ്ങൾ നടത്തുന്നു എന്ന ധാരണ നൽകാനായിരുന്നു അത്.
യഹോവയുടെ സാക്ഷികൾ നടത്തുന്ന ശവസംസ്കാര ശുശ്രൂഷകൾ വിരഹാർത്തരുടെ മേൽ വലിയ സാമ്പത്തിക ഭാരം ഉളവാക്കുന്നില്ല. അതുകൊണ്ട് ധൂർത്തടിച്ചുള്ള ശവസംസ്കാര ചെലവുകൾ നികത്താനായി ഹാജരാകുന്നവർ പണം നൽകാൻ ഒരു പ്രത്യേക ക്രമീകരണം ചെയ്യേണ്ട ആവശ്യമില്ല. ദരിദ്ര വിധവമാർക്ക് അത്യാവശ്യ ചെലവുകൾ നടത്താൻ കഴിയുന്നില്ലെങ്കിൽ സഭയിലുള്ള മറ്റുള്ളവർ സഹായിക്കാൻ സന്തോഷമുള്ളവർ ആയിരിക്കുമെന്നതിൽ തെല്ലും സംശയമില്ല. അത്തരം സഹായം അപര്യാപ്തമാണെങ്കിൽ, അർഹരായവർക്ക് സാമ്പത്തിക സഹായം ചെയ്യാൻ മൂപ്പന്മാർ ക്രമീകരണം ചെയ്തേക്കാം.—1 തിമൊഥെയൊസ് 5:3, 4.
ശവസംസ്കാര ആചാരങ്ങൾ എല്ലായ്പോഴും ബൈബിൾ തത്ത്വങ്ങൾക്ക് എതിരല്ല. എന്നാൽ അവ എതിരായിരിക്കുമ്പോൾ, തിരുവെഴുത്തുകൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ ക്രിസ്ത്യാനികൾ ദൃഢനിശ്ചയമുള്ളവരാണ്.c (പ്രവൃത്തികൾ 5:29) ഇതു കൂടുതലായ ഉപദ്രവങ്ങൾ ഉണ്ടാക്കിയേക്കാമെങ്കിലും, അത്തരം പരിശോധനകൾ തങ്ങൾ വിജയപ്രദമായി നേരിട്ടിരിക്കുന്നു എന്നു സാക്ഷ്യപ്പെടുത്താൻ അനേകം ദൈവദാസന്മാർക്കു സാധിക്കും. ‘സർവ്വാശ്വാസവും നൽകുന്ന ദൈവമായ’ യഹോവയിൽനിന്നുള്ള ശക്തിയാലും പരിശോധനകളിൽ തങ്ങളെ ആശ്വസിപ്പിച്ച സഹവിശ്വാസികളുടെ സ്നേഹപൂർവകമായ സഹായത്താലുമാണ് അവർ അപ്രകാരം ചെയ്തിട്ടുള്ളത്.—2 കൊരിന്ത്യർ 1:3, 4.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിൽ പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
b ചില ഭാഷക്കാരിലും സംസ്കാരങ്ങളിലുള്ളവരിലും “ഉണർന്നിരിപ്പ്” എന്ന പ്രയോഗം വിരഹാർത്തരെ ആശ്വസിപ്പിക്കാനുള്ള ഒരു ഹ്രസ്വ സന്ദർശനത്തെയാണ് അർഥമാക്കുന്നത്. അതിൽ തിരുവെഴുത്തു വിരുദ്ധമായ യാതൊന്നും ഉണ്ടായെന്നു വരില്ല. 1979 മേയ് 22 ഉണരുക!യുടെ (ഇംഗ്ലീഷ്) 27-8 പേജുകൾ കാണുക.
c ശവസംസ്കാര ആചാരങ്ങൾ ഒരു ക്രിസ്ത്യാനിയുടെ മേൽ കഠിനമായ പരിശോധനകൾ കൈവരുത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ, മൂപ്പന്മാർക്ക് സ്നാപനാർഥികളെ ഭാവിയിൽ സംഭവിച്ചേക്കാവുന്ന കാര്യങ്ങൾക്കായി ഒരുക്കാൻ കഴിയും. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിൽ നിന്നുള്ള ചോദ്യങ്ങൾ പരിചിന്തിക്കാൻ ഈ പുതിയവരോടൊപ്പം കൂടിവരുമ്പോൾ, “ദേഹി, പാപം, മരണം,” “മിശ്രവിശ്വാസം” എന്നീ ഭാഗങ്ങൾക്കു സവിശേഷ ശ്രദ്ധ നൽകണം. ഇവ രണ്ടിലും, വേണമെങ്കിൽ ചർച്ചയ്ക്ക് ഉപയോഗിക്കാവുന്ന ചോദ്യങ്ങൾ ഉണ്ട്. തിരുവെഴുത്തു വിരുദ്ധമായ ശവസംസ്കാര ആചാരങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രദാനം ചെയ്യാൻ പറ്റിയ ഭാഗം ഇതാണ്. അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിച്ചാൽ, ദൈവവചനം തന്നിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് അറിയാൻ അതു സ്നാപനാർഥികളെ സഹായിക്കും.
[23-ാം പേജിലെ ചതുരം]
ഉറച്ച നിലപാടു നിമിത്തം അനുഗൃഹീതർ
സ്വാസിലാൻഡിൽ വസിക്കുന്ന ഒരു ധീര ക്രിസ്തീയ വിധവയാണ് സിബോഞ്ചെലി. അടുത്തയിടെ ഭർത്താവു മരിച്ചപ്പോൾ, മരിച്ചവരെ പ്രസാദിപ്പിക്കുന്നത് എന്ന് അനേകർ കരുതുന്ന ആചാരങ്ങൾ പിന്തുടരാൻ അവർ വിസമ്മതിച്ചു. ദൃഷ്ടാന്തത്തിന്, അവർ തല മുണ്ഡനം ചെയ്തില്ല. (ആവർത്തനപുസ്തകം 14:1) അതിൽ കുപിതരായ എട്ടു കുടുംബാംഗങ്ങൾ ബലമായി സിബോഞ്ചെലിയുടെ തല മുണ്ഡനം ചെയ്തു. സിബോഞ്ചെലിയെ ആശ്വസിപ്പിക്കാൻ യഹോവയുടെ സാക്ഷികൾ വീടു സന്ദർശിക്കുന്നതും അവർ തടഞ്ഞു. എന്നാൽ, രാജ്യസന്ദേശത്തിൽ തത്പരരായ മറ്റുള്ളവർ, മൂപ്പന്മാർ എഴുതിയ പ്രോത്സാഹന കത്തുമായി അവരെ സന്ദർശിക്കാൻ സന്തോഷമുള്ളവർ ആയിരുന്നു. സിബോഞ്ചെലി പ്രത്യേക വിലാപ വസ്ത്രങ്ങൾ ധരിക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്ന ദിവസം അതിശയകരമായ ചിലതു സംഭവിച്ചു. പരമ്പരാഗത വിലാപ ആചാരങ്ങൾ അനുസരിച്ചു പ്രവർത്തിക്കാനുള്ള അവരുടെ വിസമ്മതം ചർച്ചചെയ്യാനായി കുടുംബത്തിലെ സ്വാധീനമുള്ള ഒരു അംഗം ഒരു യോഗം വിളിച്ചുകൂട്ടി.
സിബോഞ്ചെലി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “കറുത്ത വിലാപ വസ്ത്രം ധരിച്ചുകൊണ്ട് ദുഃഖം പ്രകടിപ്പിക്കാൻ എന്റെ മത വിശ്വാസങ്ങൾ എന്നെ അനുവദിക്കുമോ എന്ന് അവർ ആരാഞ്ഞു. ഞാൻ എന്റെ നിലപാടു വ്യക്തമാക്കി കഴിഞ്ഞപ്പോൾ, എന്നെ നിർബന്ധിക്കുക ഇല്ലെന്ന് അവർ എന്നോടു പറഞ്ഞു. എന്റെമേൽ ബലപ്രയോഗം നടത്തിയതിനും ഇഷ്ടത്തിനു വിരുദ്ധമായി എന്റെ തല മുണ്ഡനം ചെയ്തതിനും അവർ എല്ലാവരും എന്നോടു മാപ്പു പറഞ്ഞു. അത് എന്നെ അതിശയിപ്പിച്ചു. തങ്ങളോടു ക്ഷമിക്കണമെന്ന് അവർ എല്ലാവരും എന്നോടു പറഞ്ഞു.” പിന്നീട് സിബോഞ്ചെലിയുടെ സഹോദരിക്ക്, യഹോവയുടെ സാക്ഷികളുടേത് സത്യമതം ആണെന്നു ബോധ്യപ്പെടുകയും ഒരു ബൈബിൾ അധ്യയനം അഭ്യർഥിക്കുകയും ചെയ്തു.
മറ്റൊരു ദൃഷ്ടാന്തം പരിഗണിക്കുക: തന്റെ പിതാവിന്റെ പെട്ടെന്നുള്ള മരണത്തെക്കുറിച്ചു കേട്ടപ്പോൾ ദക്ഷിണാഫ്രിക്കക്കാരനായ ബെഞ്ചമിന് 29 വയസ്സായിരുന്നു. അന്നു കുടുംബത്തിലെ ഏക സാക്ഷിയായിരുന്നു ബെഞ്ചമിൻ. ശവസംസ്കാര വേളയിൽ എല്ലാവരും വരിവരിയായി വന്ന് ശവപ്പെട്ടിയിലേക്ക് ഒരു പിടി മണ്ണ് എറിയാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു.d ശവസംസ്കാരത്തിനു ശേഷം അടുത്ത കുടുംബാംഗങ്ങൾ എല്ലാവരും തല മുണ്ഡനം ചെയ്യണമായിരുന്നു. ബെഞ്ചമിൻ ഈ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കാതിരുന്നതിനാൽ, മരിച്ച പിതാവിന്റെ ആത്മാവ് അവനെ ശിക്ഷിക്കുമെന്നു കുടുംബാംഗങ്ങൾ പ്രവചിച്ചു.
“ഞാൻ യഹോവയിൽ ആശ്രയിച്ചതിനാൽ എനിക്കു യാതൊന്നും സംഭവിച്ചില്ല” എന്ന് ബെഞ്ചമിൻ പറയുന്നു. അവനോടുള്ള ബന്ധത്തിൽ കാര്യങ്ങൾ എങ്ങനെ ആയിത്തീർന്നു എന്നത് കുടുംബാംഗങ്ങൾ നിരീക്ഷിച്ചു. കാലക്രമത്തിൽ അവരിൽ പലർ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങുകയും ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകം എന്ന നിലയിൽ സ്നാപനം ഏൽക്കുകയും ചെയ്തു. ബെഞ്ചമിനോ? അദ്ദേഹം മുഴുസമയ സുവിശേഷ വേല ആരംഭിച്ചു. ഒരു സഞ്ചാര മേൽവിചാരകനായി യഹോവയുടെ സാക്ഷികളുടെ സഭകൾ സന്ദർശിക്കാനുള്ള പദവി കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം ആസ്വദിക്കുന്നു.
[അടിക്കുറിപ്പ്]
d ശവക്കുഴിയിലേക്കു പൂക്കളോ ഒരു പിടി മണ്ണോ ഇടുന്നതിൽ ചിലർ യാതൊരു തെറ്റും കാണുന്നില്ലായിരിക്കാം. എന്നാൽ, മരിച്ച ആളിനെ പ്രസാദിപ്പിക്കാനുള്ള ഒരു മാർഗമായി സമൂഹം ഇതിനെ വീക്ഷിക്കുകയോ ഇത് വ്യാജമതത്തിലെ ഒരു ശുശ്രൂഷകൻ ആധ്യക്ഷ്യം വഹിക്കുന്ന ഒരു ചടങ്ങിന്റെ ഭാഗമായി കരുതുകയോ ചെയ്യുന്നെങ്കിൽ ഒരു ക്രിസ്ത്യാനി ഈ നടപടി ഒഴിവാക്കും.—1997 മാർച്ച് 22 ലക്കം ഉണരുക!യുടെ 15-ാം പേജു കാണുക.
-
-
നിങ്ങളുടെ അടുത്തുള്ള “ദൈവമാർഗത്തിലുള്ള ജീവിതം” ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരാകാൻ ആസൂത്രണം ചെയ്യുവിൻ!വീക്ഷാഗോപുരം—1998 | ജൂലൈ 15
-
-
നിങ്ങളുടെ അടുത്തുള്ള “ദൈവമാർഗത്തിലുള്ള ജീവിതം” ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരാകാൻ ആസൂത്രണം ചെയ്യുവിൻ!
യഹോവയുടെ സാക്ഷികളുടെ ഇന്ത്യയിലെ 17 ത്രിദിന കൺവെൻഷനുകളുടെ പരമ്പര 1998 ഒക്ടോബർ 2-ന് തുടങ്ങി 1998 ഡിസംബർ അവസാനം വരെ തുടരുന്നതായിരിക്കും. ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, നേപ്പാളി പഞ്ചാബി, ബംഗാളി, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ അവ നടത്തുന്നതാണ്.
പ്രചോദനാത്മകമായ ആ അനേകം ബൈബിൾ അവതരണങ്ങളും പ്രായോഗിക പ്രകടനങ്ങളും നഷ്ടപ്പെടുത്തരുത്. കുടുംബങ്ങൾ ഉത്കണ്ഠ തരണം ചെയ്യുന്ന വിധം സംബന്ധിച്ചുള്ള തനിമയാർന്ന നാടകം ആസ്വദിക്കുക. എല്ലാ സെഷനിലും പ്രവേശനം സൗജന്യമാണ്. താഴെ പട്ടികപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ഒരു സ്ഥലത്ത് ഹാജരാകുക.
ഒക്ടോബർ 2-4 ജലന്ധർ (പഞ്ചാബി & ഹിന്ദി): Desh Bhagat Yadgar Hall, G. T. Road, Jalandhar, Punjab
ഒക്ടോബർ 23-25 മുംബൈ (ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ്): Shanmughanand Hall, 292 Comrade Harbanslal Marg, Sion (East), Mumbai, Maharashtra 400 022.
ഒക്ടോബർ 23-25 ന്യൂഡൽഹി (ഹിന്ദി & ഇംഗ്ലീഷ്): Shah Auditorium, Shree Delhi Gujarati Samaj, 2 Raj Nivas Marg, New Delhi,NCT 110 054
ഒക്ടോബർ 30-നവംബർ 1 ബാംഗ്ലൂർ (ഇംഗ്ലീഷ്): Sri Y. Muniswamappa Kalayana Mantapa, No.17, Gopal Theatre Annexe, Yeshwanthpur, Bangalore, Karnataka 560 022.
ഒക്ടോബർ 30-നവംബർ 1 ചിഞ്ച്വഡ് (ഹിന്ദി): PCMC Auditorium, Opposite Chinchwad TELCO, Chinchwad, Pune, Maharashtra 411 033
ഒക്ടോബർ 30-നവംബർ 1 പനാജി (ഇംഗ്ലീഷ്): Kala Academy, Campal, Panaji, Goa 403 001.
നവംബർ 6-8 സെക്കന്തരാബാദ് (തെലുങ്ക്): Krupa Anand Hall, West Maredpally, Secunderabad, Andhra Pradesh 500 009
നവംബർ 6-8 ഷിമോഗ (കന്നഡ): Ku-vempu, Rangamandir, Shimoga, Karnataka
നവംബർ 13-15 കൽക്കട്ട (ബംഗാളി & ഇംഗ്ലീഷ്): Rabindra Sarobar Stadium Hall, Southern Avenue, Calcutta, West Bengal
നവംബർ 13-15 കോഴിക്കോട് (മലയാളം): Gujarati Vidyalaya Association, Kozhikode, Kerala
നവംബർ 20-22 എറണാകുളം (മലയാളം): Rajiv Gandhi Indoor Stadium, Kadavanthra, Ernakulam, Kerala 682 020
നവംബർ 20-22 ജംഷഡ്പൂർ (ഹിന്ദി): The Milanee Hall, Bistupur, Jameshedpur, Bihar
നവംബർ 27-29 ദിബ്രുഗഢ് (ഹിന്ദി): India Club & Theatrical Institution, Dibrugarh Assam
ഡിസംബർ 11-13 ഗാങ്ടോക്ക് (നേപ്പാളി): will announce later
ഡിസംബർ 25-27 ചെന്നൈ (തമിഴ്): Will announce later
ഡിസംബർ 25-27 കട്ടപ്പന (മലയാളം): Kattapana Panchayathu Town Hall, Kattapana, Kerala
ഡിസംബർ 25-27 പോർട്ട് ബ്ലെയർ (ഹിന്ദി): Andamans Tamizdhar Sangam, Port Blair, Andamans and Nicobar Islands
-