അതു പുകഴ്ചയോ അതോ മുഖസ്തുതിയോ?
“നിങ്ങൾ തലമുടി ചീകിയിരിക്കുന്ന വിധം ഉഗ്രനായിരിക്കുന്നു!” എന്ന് ആരെങ്കിലും നിങ്ങളോടു പറയുന്നുവെന്നിരിക്കട്ടെ. അതു പുകഴ്ചയോ അതോ മുഖസ്തുതിയോ? “ഈ സൂട്ട് നിങ്ങൾക്ക് നന്നായി ഇണങ്ങുന്നുണ്ട്!” പുകഴ്ചയോ മുഖസ്തുതിയോ? “ഞാൻ കഴിച്ചിട്ടുള്ളതിൽ ഏറ്റവും രുചികരമായ ആഹാരമാണിത്!” പുകഴ്ചയോ അതോ മുഖസ്തുതിയോ? അത്തരം അനുമോദനങ്ങൾ വാസ്തവത്തിൽ ആത്മാർഥതയും സത്യവും നിറഞ്ഞതാണോ അതോ പറയുന്ന ആൾ അവശ്യം അങ്ങനെ അർഥമാക്കാതെ നമ്മെ സന്തോഷിപ്പിക്കാൻ മാത്രം പറയുന്നതാണോ എന്ന് നാം ചിന്തിച്ചേക്കാം.
ഒരു വ്യക്തി നമ്മോടു പറയുന്നത് പുകഴ്ചയാണോ അതോ മുഖസ്തുതിയാണോ എന്ന് നമുക്കെങ്ങനെ അറിയാം? അതു പ്രസക്തമായ ഒരു കാര്യമാണോ? പറയുന്ന കാര്യം കേവലം മുഖവിലയ്ക്കെടുത്ത് അതു നമുക്കേകുന്ന സുഖം അനുഭവിച്ചുകൂടേ? നാം മറ്റുള്ളവരെ പുകഴ്ത്തുമ്പോഴോ? നമ്മുടെ ആന്തരങ്ങളെ നാം എപ്പോഴെങ്കിലും പരിശോധിച്ചുനോക്കിയിട്ടുണ്ടോ? ഈ ചോദ്യങ്ങളെക്കുറിച്ചു പരിചിന്തിക്കുന്നത് വിവേകമുള്ളവരായിരിക്കാനും യഹോവയാം ദൈവത്തെ പുകഴ്ത്തുന്ന വിധത്തിൽ നാവ് ഉപയോഗിക്കാനും നമ്മെ സഹായിക്കും.
പുകഴ്ചയുടെയും മുഖസ്തുതിയുടെയും നിർവചനം
പുകഴ്ച എന്ന വാക്കിനെ അംഗീകാരത്തിന്റെയോ അനുമോദനത്തിന്റെയോ ഒരു പ്രകടനം എന്നു നിർവചിക്കാവുന്നതാണ്. ആരാധനയെ അല്ലെങ്കിൽ മഹത്വം കരേറ്റുന്നതിനെ സൂചിപ്പിക്കാനും ആ വാക്ക് ഉപയോഗിക്കുന്നു. വ്യക്തമായും ഒടുവിലത്തെ രണ്ട് അർഥങ്ങൾ യഹോവയാം ദൈവത്തിനേകുന്ന പുകഴ്ചയെ മാത്രം പരാമർശിക്കുന്നതാണ്. നിശ്വസ്ത സങ്കീർത്തനക്കാരൻ ഉദ്ബോധിപ്പിക്കുന്നതുപോലെ, അതു സത്യാരാധനയുടെ ഒരു അവിഭാജ്യഘടകമാണ്: “അതു മനോഹരവും സ്തുതി [പുകഴ്ച] ഉചിതവും തന്നേ.” “ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ [പുകഴ്ത്തട്ടെ].”—സങ്കീർത്തനം 147:1; 150:6.
എന്നിരുന്നാലും, മനുഷ്യരെ പുകഴ്ത്താൻ പാടില്ലെന്ന് അതിനർഥമില്ല. അനുമോദനം, അംഗീകാരം, അനുകൂല വിലയിരുത്തൽ എന്നീ അർഥങ്ങളിൽ അതാകാം. യേശു പറഞ്ഞ ഒരു ഉപമയിൽ യജമാനൻ തന്റെ ദാസനോട് “നല്ലവനും വിശ്വസ്തനുമായ ദാസനേ” എന്ന് പറയുന്നു.—മത്തായി 25:21.
നേരേമറിച്ച്, വ്യാജമോ ആത്മാർഥതയില്ലാത്തതോ അതിരു കടന്നതോ ആയ പുകഴ്ച എന്നാണ് മുഖസ്തുതിയെ നിർവചിച്ചിരിക്കുന്നത്. മുഖസ്തുതിക്കാരന്റെ ആന്തരം സാധാരണമായി സ്വന്തതാത്പര്യമാണ്. മറ്റൊരു വ്യക്തിയിൽനിന്ന് പ്രീതിയോ ഭൗതിക നേട്ടങ്ങളോ നേടിയെടുക്കാനാണ് അല്ലെങ്കിൽ മുഖസ്തുതിക്കാരന്റെ നേർക്ക് കടപ്പാടിന്റെ ഒരു തോന്നലുളവാക്കാനാണ് കെട്ടിച്ചമച്ച ശ്ലാഘനമോ പ്രശംസയോ നടത്തുന്നത്. മുഖസ്തുതിക്കാരുടെ പ്രചോദകഘടകം സ്വാർഥതയാണ്. യൂദാ 16-ാം വാക്യം പറയുന്നതനുസരിച്ച്, “കാര്യസാദ്ധ്യത്തിന്നായി അവർ മുഖസ്തുതി പ്രയോഗിക്കുന്നു.”
തിരുവെഴുത്തു വീക്ഷണം
സഹമനുഷ്യരെ പുകഴ്ത്തുന്നതു സംബന്ധിച്ച തിരുവെഴുത്തു വീക്ഷണം എന്താണ്? ഇക്കാര്യത്തിൽ നാം അനുകരിക്കുന്നതിനായി യഹോവ ഒരു മാതൃക വെക്കുന്നു. യഹോവയുടെ ഹിതം ചെയ്യുന്നെങ്കിൽ നമുക്കു പുകഴ്ച ലഭിക്കുമെന്ന് ബൈബിളിൽ നമ്മോടു പറഞ്ഞിരിക്കുന്നു. “ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും” എന്ന് അപ്പോസ്തലനായ പൗലൊസ് പറയുന്നു. നമ്മുടെ വിശ്വാസത്തിന്റെ പരിശോധിത ഗുണം ‘പുകഴ്ചക്ക് കാണ്മാൻ ഇടവരും’ എന്ന് പത്രൊസ് നമ്മോടു പറയുന്നു. അതിനാൽ, യഹോവ മനുഷ്യരെ പുകഴ്ത്തുന്നുവെന്ന വസ്തുത, പുകഴ്ത്തൽ ദയാപുരസ്സരവും സ്നേഹപുരസ്സരവും പ്രയോജനപ്രദവുമായ ഒരു പ്രവൃത്തിയാണെന്ന് കാണിച്ചുതരുന്നു. അത് അവഗണിക്കരുതാത്ത ഒന്നാണ്.—1 കൊരിന്ത്യർ 4:5; 1 പത്രൊസ് 1:7.
ബൈബിൾ പറയുന്നതനുസരിച്ച്, നമുക്കു പുകഴ്ച ലഭിച്ചേക്കാവുന്ന മറ്റൊരു ഉറവിടം നമ്മുടെ നല്ല നടത്ത കണ്ട് നമ്മെ സത്യസന്ധമായി അഭിനന്ദിക്കുന്ന ഗവൺമെൻറ് അധികാരികളാണ്. “നന്മചെയ്ക: എന്നാൽ അവനോടു പുകഴ്ച ലഭിക്കും” എന്ന് നമ്മോടു പറഞ്ഞിരിക്കുന്നു. (റോമർ 13:3) ഗൂഢമായ ആന്തരങ്ങളൊന്നുമില്ലാതെ, പറയുന്നത് അങ്ങനെതന്നെ അർഥമാക്കി നമ്മെ ആത്മാർഥമായി പുകഴ്ത്തുന്നവരുമുണ്ടായിരിക്കാം. നിശ്വസ്ത തിരുവെഴുത്തുകൾ സദൃശവാക്യങ്ങൾ 27:2-ൽ ഇങ്ങനെ പറയുന്നു: “നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ [പുകഴ്ത്തട്ടെ].” ആളുകളിൽനിന്നു പുകഴ്ച സ്വീകരിക്കുന്നത് ഉചിതമാണെന്ന് അത് സൂചിപ്പിക്കുന്നു.
എന്നാൽ മുഖസ്തുതി പറയുകയോ സ്വീകരിക്കുകയോ ചെയ്യുന്ന കാര്യത്തിൽ അത് അങ്ങനെയല്ല. മുഖസ്തുതിപരമായ സംഭാഷണം യഹോവയ്ക്കു വളരെ അപ്രീതികരമായിരിക്കുന്നത് എന്തുകൊണ്ട്? അതിന്റെ ഒരു കാരണം, അത് ആത്മാർഥതയില്ലാത്തതാണെന്നതാണ്. യഹോവ ആത്മാർഥതയില്ലായ്മയെ കുറ്റം വിധിക്കുന്നു. (സദൃശവാക്യങ്ങൾ 23:6, 7 താരതമ്യം ചെയ്യുക.) തന്നെയല്ല, അതു സത്യസന്ധവുമല്ല. ദൈവത്തിന്റെ അപ്രീതി വരുത്തിവെക്കുന്ന ആളുകളെ വർണിച്ചുകൊണ്ട് സങ്കീർത്തനക്കാരൻ പറയുന്നു: “ഓരോരുത്തനും അയല്ക്കാരനോട് അസത്യം പറയുന്നു; അവരുടെ അധരങ്ങളിൽ മുഖസ്തുതിയും ഹൃദയത്തിൽ കാപട്യവുമാണ്. മുഖസ്തുതി പറയുന്ന അധരങ്ങളെയും വീമ്പിളക്കുന്ന നാവിനെയും കർത്താവ് [“യഹോവ,” NW] ഛേദിച്ചുകളയട്ടെ.”—സങ്കീർത്തനം 12:2, 3, പി.ഒ.സി. ബൈബിൾ.
സർവോപരി, മുഖസ്തുതിയെന്നത് സ്നേഹരഹിതമായ ഒരു സംഗതിയാണ്. അതു സ്വാർഥതയാൽ പ്രേരിതമാണ്. മുഖസ്തുതിക്കാരെക്കുറിച്ച് സംസാരിച്ചശേഷം, അവർ ഇങ്ങനെ പറയുന്നതായി സങ്കീർത്തനക്കാരനായ ദാവീദ് ഉദ്ധരിക്കുന്നു: “ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആർ”? അത്തരം സ്വാർഥമതികളെ യഹോവ വർണിക്കുന്നത് ‘എളിയവരെ പീഡിപ്പിക്കുന്നവ’രായിട്ടാണ്. അവരുടെ മുഖസ്തുതി പറയുന്ന നാവുകൾ ഉപയോഗിച്ചിരിക്കുന്നത് മറ്റുള്ളവരെ കെട്ടുപണി ചെയ്യാനല്ല, പിന്നെയോ അവരെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനുമാണ്.—സങ്കീർത്തനം 12:4, 5.
മുഖസ്തുതി—ഒരു കെണി
“കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.” അങ്ങനെ പറയുന്നത് ജ്ഞാനിയായ ശലോമോൻ രാജാവാണ്, അത് എത്രയോ സത്യം! (സദൃശവാക്യങ്ങൾ 29:5) മുഖസ്തുതി പറഞ്ഞ് യേശുവിനെ കുടുക്കാൻ പരീശന്മാർ ശ്രമിച്ചു. അവർ പറഞ്ഞു: “ഗുരോ നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവൻ ആകയാൽ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങൾ അറിയുന്നു.” തീർത്തും നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്ന വാക്കുകൾ! എന്നാൽ യേശു അവരുടെ ഭംഗിവാക്കുകളിൽ മയങ്ങിവീണില്ല. തന്റെ സത്യമായ പഠിപ്പിക്കൽ അവർ വിശ്വസിക്കുന്നില്ലെന്നും കൈസർക്കു നികുതി കൊടുക്കുന്നതു സംബന്ധിച്ച വിഷയത്തിൽ തന്നെ വാക്കിൽ കുടുക്കാൻ മാത്രമാണ് അവർ ശ്രമിക്കുന്നതെന്നും യേശുവിനറിയാമായിരുന്നു.—മത്തായി 22:15-22.
യേശുവിന്റേതിൽനിന്നു കടകവിരുദ്ധമായിരുന്നു ഒന്നാം നൂറ്റാണ്ടിലെ ഹെരോദാ രാജാവിന്റെ മനോഭാവം. കൈസര്യ പട്ടണത്തിൽ അവൻ പരസ്യമായ ഒരു പ്രസംഗം നടത്തിയപ്പോൾ, “ഇതു മമനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം” എന്നാണ് ആളുകൾ പ്രതികരിച്ചത്. നിർലജ്ജമായ, പൊള്ളയായ അത്തരം പുകഴ്ച നടത്തിയതിന് ആളുകളെ ശാസിക്കുന്നതിനു പകരം ഹെരോദാവ് ആ മുഖസ്തുതി സ്വീകരിക്കുകയാണു ചെയ്തത്. യഹോവയുടെ ദൂതൻ സത്വരം അവനെ ശിക്ഷിച്ചു. അങ്ങനെ പുഴുക്കൾ ബാധിച്ച് ഹെരോദാവ് മരിച്ചു.—പ്രവൃത്തികൾ 12:21-23.
പക്വതയുള്ള ഒരു ക്രിസ്ത്യാനി മുഖസ്തുതി തിരിച്ചറിയത്തക്കവണ്ണം ജാഗ്രതയുള്ളവനായിരിക്കും. നീതിന്യായപരമായ കാര്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഒരാൾ പ്രശംസാവാക്കുകൾ ചൊരിഞ്ഞേക്കാം. ഒരുപക്ഷേ ഒരു മൂപ്പനെ മറ്റൊരു മൂപ്പനുമായി താരതമ്യപ്പെടുത്തി, തന്നോടു സംസാരിക്കുന്ന മൂപ്പൻ മറ്റേ മൂപ്പനെക്കാൾ കൂടുതൽ ദയയും സഹാനുഭൂതിയുമുള്ള വ്യക്തിയാണെന്ന് പറയുകപോലും ചെയ്തേക്കാം. അങ്ങനെയുള്ള സന്ദർഭങ്ങളിൽ സഭാമൂപ്പന്മാർ പ്രത്യേകിച്ചും ജാഗ്രതയുള്ളവരായിരിക്കണം.
വഴിപിഴപ്പിക്കുന്ന ഒരു സ്ത്രീ ഒരു ചെറുപ്പക്കാരനെ അധാർമികതയിലേക്കു വശീകരിക്കുന്നത് എങ്ങനെയെന്നു വർണിക്കുമ്പോൾ, മുഖസ്തുതിക്ക് വരുത്തിവെക്കാൻ കഴിയുന്ന മറ്റൊരു കെണി ബൈബിൾ വ്യക്തമാക്കുന്നു. (സദൃശവാക്യങ്ങൾ 7:5, 21) ഈ മുന്നറിയിപ്പ് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമാണ്. ഓരോ വർഷവും ക്രിസ്തീയ സഭയിൽനിന്ന് അനേകരെയും പുറത്താക്കുന്നതിന്റെ ഒരു കാരണം അധാർമിക നടത്തയാണ്. കൊടിയ പാപത്തിലേക്കുള്ള അത്തരമൊരു പതനത്തിന്റെ തുടക്കം മുഖസ്തുതിയായിരിക്കുമോ? അനുമോദനങ്ങളും പ്രശംസയും മനുഷ്യർ വളരെയധികം കാംക്ഷിക്കുന്നതുകൊണ്ട്, അനുചിതമായ നടത്തയെ ചെറുത്തുനിൽക്കാനുള്ള ഒരു ക്രിസ്ത്യാനിയുടെ കഴിവിനെ ദുർബലപ്പെടുത്താൻ മുഖസ്തുതി പൊഴിക്കുന്ന അധരങ്ങളിൽനിന്നുള്ള ഭംഗിവാക്കിനു കഴിഞ്ഞേക്കും. അത്തരം സംഗതികൾക്കെതിരെ ജാഗ്രത പുലർത്താത്തപ്പോൾ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടായേക്കാം.
മുഖസ്തുതിക്കെതിരെ ജാഗ്രത
മുഖസ്തുതി, അതിനു പാത്രമാകുന്ന വ്യക്തിയുടെ സ്വസ്നേഹത്തെ അല്ലെങ്കിൽ പൊങ്ങച്ചത്തെ തൃപ്തിപ്പെടുത്തുന്നു. അത് അയാളുടെ മൂല്യം സംബന്ധിച്ച് പെരുപ്പിച്ച ഒരു വീക്ഷണം നൽകുന്നു. അങ്ങനെ ചില വശങ്ങളിൽ താൻ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാണെന്ന തോന്നൽ അത് അയാളിൽ ഉളവാക്കുന്നു. തത്ത്വചിന്തകനായ ഫ്രാൻസ്വേ ഡെ ലാറൊഷ്ഫൂക്കോ മുഖസ്തുതിയെ കള്ളപ്പണത്തോടാണ് ഉപമിക്കുന്നത്. “പൊങ്ങച്ചത്തിനല്ലാതെ യാതൊന്നിനും അത് ഉപകരിക്കുന്നില്ല.” അതുകൊണ്ട് ജാഗ്രത പാലിക്കാനുള്ള മാർഗം അപ്പോസ്തലനായ പൗലൊസിന്റെ ലളിത ബുദ്ധ്യുപദേശം ചെവിക്കൊള്ളുന്നതാണ്: “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.”—റോമർ 12:3.
കാതിന് ഇമ്പകരമായതു കേൾക്കാനാണു നമുക്കുള്ള സ്വാഭാവിക ചായ്വെങ്കിലും, നമുക്കു മിക്കപ്പോഴും ആവശ്യമായിരിക്കുന്നത് ബൈബിളധിഷ്ഠിത ബുദ്ധ്യുപദേശവും ശിക്ഷണവുമാണ്. (സദൃശവാക്യങ്ങൾ 16:25) തനിക്ക് പ്രസാദകരമായതു മാത്രം കേൾക്കാനായിരുന്നു ആഹാബ് രാജാവിന്റെ ഇഷ്ടം; “നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ [ആഹാബിന്റെ മുഖസ്തുതിക്കാരായ പ്രവാചകന്മാരുടേതുപോലെ] ഇരിക്കേണ”മെന്ന് അവന്റെ ദാസന്മാർ പ്രവാചകനായ മീഖായാവിനോട് ആവശ്യപ്പെടുകപോലും ചെയ്തു. (1 രാജാക്കന്മാർ 22:13) വളച്ചുകെട്ടില്ലാത്ത സംസാരം ശ്രദ്ധിക്കാനും തന്റെ മത്സരഗതിക്കു മാറ്റം വരുത്താനും ആഹാബ് സന്നദ്ധനായിരുന്നെങ്കിൽ, ഇസ്രായേലിനു നേരിട്ട ഭയങ്കരമായ യുദ്ധാപജയങ്ങളും തന്റെതന്നെ മരണവും അവന് തടയാനാകുമായിരുന്നു. നമ്മുടെ കാതിന് ഇമ്പകരമായ മുഖസ്തുതി പൊഴിച്ചുകൊണ്ട് നാം എത്ര ശ്രേഷ്ഠരാണെന്നു പറഞ്ഞുകൊണ്ടിരിക്കുന്ന ആളുകളെ തേടിപ്പോകരുത്. പകരം, നമ്മുടെ ആത്മീയ ക്ഷേമത്തെപ്രതി, നേരായ മാർഗത്തിൽ നടക്കുന്നതിനു നമ്മെ സഹായിക്കാനാഗ്രഹിക്കുന്ന നിയുക്ത ക്രിസ്തീയ മൂപ്പന്മാരുടെ ദൃഢമെങ്കിലും സ്നേഹപുരസ്സരമായ ബുദ്ധ്യുപദേശത്തോടു നാം അമാന്തം കാട്ടാതെ പ്രതികരിക്കണം!—2 തിമൊഥെയൊസ് 4:3 താരതമ്യം ചെയ്യുക.
ക്രിസ്ത്യാനികൾ യാതൊരു കാരണവശാലും മുഖസ്തുതി പറയരുത്. വിശ്വസ്തനായ എലീഹൂവിനെപ്പോലെ അവർ നിശ്ചയദാർഢ്യത്തോടെ ഇങ്ങനെ പ്രാർഥിക്കുന്നു: “ഞാൻ ഒരുത്തന്റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല. മുഖസ്തുതി പറവാൻ എനിക്കു അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവു ക്ഷണത്തിൽ എന്നെ നീക്കിക്കളയും.” അപ്പോൾ പൗലൊസിനെപ്പോലെ അവർക്ക് പിൻവരുന്നപ്രകാരം പറയാൻ സാധിക്കും: “ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല.”—ഇയ്യോബ് 32:21, 22; 1 തെസ്സലൊനീക്യർ 2:5, 6.
അർഹിക്കുന്ന അവസരത്തിലെ പുകഴ്ച
പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട്, പുകഴ്ചയ്ക്ക് ഒരു ഉരകല്ലുപോലെ വർത്തിക്കാനാകുമെന്ന് ഒരു നിശ്വസ്ത സദൃശവാക്യം പ്രകടമാക്കുന്നു: “വെള്ളിക്ക് പുടം പൊന്നിന്ന് മൂശ, മനുഷ്യന്നോ, മൂല്യനിർണയം പ്രശംസയാലത്രെ [പുകഴ്ചയാലത്രെ].” (സദൃശവാക്യങ്ങൾ 27:21, ഓശാന ബൈബിൾ) അതേ, പുകഴ്ച ശ്രേഷ്ഠതയുടെയോ ഗർവിന്റെയോ വികാരങ്ങളെ വളർത്തിയേക്കാം. അത് ഒരു വ്യക്തിയുടെ പതനത്തിനും വഴിതെളിച്ചേക്കാം. നേരേമറിച്ച്, തനിക്കു പുകഴ്ച ലഭിക്കുമാറ് താൻ ചെയ്തിട്ടുള്ള സകലത്തിനും യഹോവയോടു താൻ കടപ്പെട്ടിരിക്കുന്നതായി അയാൾ അംഗീകരിക്കുന്നെങ്കിൽ, അത് അയാളുടെ വിനയത്തെയും താഴ്മയെയും പ്രകടമാക്കും.
ഉചിതമായ നടത്തയെയോ നേട്ടത്തെയോ പ്രതിയുള്ള ആത്മാർഥമായ പുകഴ്ച, അതിന്റെ ദാതാവിനെയും സ്വീകർത്താവിനെയും കെട്ടുപണി ചെയ്യുന്നു. അന്യോന്യം ഊഷ്മളവും ആരോഗ്യാവഹവുമായ വിലമതിപ്പുണ്ടായിരിക്കാൻ അതു സഹായിക്കുന്നു. പുകഴ്ച അർഹിക്കുന്ന ലാക്കുകളിലെത്തിച്ചേരാൻ ശ്രമിക്കുന്നതിന് അതു പ്രോത്സാഹിപ്പിക്കുന്നു. യുവജനങ്ങൾക്ക് അർഹമായ പുകഴ്ച നൽകുമ്പോൾ കഠിനാധ്വാനം ചെയ്യാൻ അത് അവരെ പ്രേരിപ്പിച്ചേക്കാം. തങ്ങളിൽനിന്നു പ്രതീക്ഷിക്കുന്ന നിലവാരങ്ങൾക്കൊത്തു പ്രവർത്തിക്കാൻ ലക്ഷ്യമിടുമ്പോൾ അത് അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയേക്കാം.
അതുകൊണ്ട് മുഖസ്തുതി—നൽകുന്നതും സ്വീകരിക്കുന്നതും—നമുക്ക് ഒഴിവാക്കാം. പുകഴ്ച ലഭിക്കുമ്പോൾ താഴ്മയുള്ളവരായിരിക്കാം. പുകഴ്ച നൽകുന്ന കാര്യത്തിൽ ഉദാരമതികളും മുഴുഹൃദയികളുമായിരിക്കാം. നമ്മുടെ ആരാധനയിൽ യഹോവയെ പതിവായി പുകഴ്ത്താം. ആരോഗ്യാവഹമായ അനുമോദനത്തിന്റെയും വിലമതിപ്പിന്റെയും രൂപത്തിൽ മറ്റുള്ളവരെയും നമുക്ക് ആത്മാർഥമായി പ്രശംസിക്കാം. അപ്പോഴെല്ലാം, “തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!” എന്ന വചനം നമുക്ക് ഓർത്തിരിക്കുകയും ചെയ്യാം.—സദൃശവാക്യങ്ങൾ 15:23.