ശീമോന്യപാപത്തിനെതിരെ ജാഗ്രത!
സമൂഹത്തിൽ എല്ലാവർക്കും മതിപ്പു തോന്നിയിരുന്ന വ്യക്തിയാണ് ശമര്യക്കാരനായ ശീമോൻ. അവൻ ജീവിച്ചിരുന്നത് പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ആയിരുന്നു. അവന്റെ മാന്ത്രികവിദ്യയിൽ അമ്പരന്ന് ആളുകൾ “ഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു” എന്ന് അവനെക്കുറിച്ചു പറയുമായിരുന്നു.—പ്രവൃത്തികൾ 8:9-11.
എന്നാൽ ശീമോൻ സ്നാപനമേറ്റ ക്രിസ്ത്യാനിയായ ശേഷം, താൻ മുമ്പ് പ്രകടമാക്കിയിരുന്നതിനെക്കാൾ വളരെ വലിയ ഒരു ശക്തി ഉള്ളതായി തിരിച്ചറിഞ്ഞു. അത് യേശുവിന്റെ അപ്പൊസ്തലന്മാർക്കു ലഭിച്ച ശക്തി ആയിരുന്നു. തന്മൂലം പരിശുദ്ധാത്മാവിന്റെ അത്ഭുത വരങ്ങൾ മറ്റുള്ളവർക്കു നൽകാൻ അവർക്കു കഴിഞ്ഞിരുന്നു. അതിൽ ആകൃഷ്ടനായ ശീമോൻ അപ്പൊസ്തലന്മാർക്കു പണം വെച്ചുനീട്ടിക്കൊണ്ട് ഇങ്ങനെ അഭ്യർഥിച്ചു: “ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം.”—പ്രവൃത്തികൾ 8:13-19.
“നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല” എന്നു പറഞ്ഞുകൊണ്ട് പത്രൊസ് അപ്പൊസ്തലൻ ശീമോനെ ശാസിച്ചു.—പ്രവൃത്തികൾ 8:20, 21.
ഈ ബൈബിൾ രേഖയിൽനിന്നാണ് “ശീമോന്യപാപം” എന്ന വാക്ക് വന്നിരിക്കുന്നത്. അതിന്റെ നിർവചനം “സഭയിലെ സ്ഥാനമാനങ്ങളോ സ്ഥാനക്കയറ്റങ്ങളോ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന പാപം” എന്നാണ്. പ്രത്യേകിച്ച് 9-ാം നൂറ്റാണ്ട് മുതൽ 11-ാം നൂറ്റാണ്ട് വരെ “ശീമോന്യപാപം സെമിനാരികളിലും താഴ്ന്ന വൈദിക ഗണത്തിലും ബിഷപ്പുമാരുടെ ഇടയിലും, പാപ്പാ മേധാവിത്വത്തിൽ പോലും, വ്യാപിച്ചിരുന്നു” എന്ന് പുതിയ കത്തോലിക്കാ വിജ്ഞാനകോശം (ഇംഗ്ലീഷ്) സമ്മതിക്കുന്നു. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ (1878) ഒമ്പതാം പതിപ്പ് ഇങ്ങനെ പറയുന്നു: “പാപ്പായെ തിരഞ്ഞെടുക്കുന്ന യോഗങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, ശീമോന്യപാപത്താൽ പങ്കിലമാകാത്ത ഒരു തിരഞ്ഞെടുപ്പും ഇതുവരെ നടന്നിട്ടില്ലെന്നു മാത്രമല്ല, അത്തരം തിരഞ്ഞെടുപ്പുകളിലെ ഒട്ടനവധി ശീമോന്യപാപവും അതിനികൃഷ്ടവും ഏറ്റവും നിർലജ്ജവും അങ്ങേയറ്റം പ്രകടവുമായ തരത്തിലുള്ളതാണെന്ന് ഒരു വിദ്യാർഥിക്കു ബോധ്യമാകും.”
ഇന്ന് സത്യ ക്രിസ്ത്യാനികൾ ശീമോന്യപാപം സംബന്ധിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, കൂടുതൽ പദവികൾ നൽകാൻ കഴിവുള്ളവരെ ചിലർ അമിതമായി പ്രശംസിക്കുകയും അവർക്ക് ഉദാരമായ സമ്മാനങ്ങൾ നൽകുകയും ചെയ്തേക്കാം. നേരേമറിച്ച്, അത്തരം പദവികൾ നൽകാൻ അധികാരമുള്ളവർ തങ്ങൾക്കു സമ്മാനങ്ങൾ നൽകാൻ കഴിവും മിക്കപ്പോഴും അതിനു താത്പര്യവും ഉള്ള ആളുകളോടു പക്ഷപാതം കാട്ടിയേക്കാം. ഈ രണ്ട് സ്ഥിതിവിശേഷങ്ങളിലും ഉൾപ്പെട്ടിരിക്കുന്നത് ശീമോന്യപാപം ആണ്. അത്തരം ഒരു ഗതിയെ തിരുവെഴുത്തുകൾ നിശിതമായി കുറ്റം വിധിക്കുന്നു. “നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക” എന്ന് പത്രൊസ് ശീമോനെ പ്രോത്സാഹിപ്പിച്ചു. “പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം [“ഗൂഢ പദ്ധതി,” പുതിയ യെരൂശലേം ബൈബിൾ] ക്ഷമിച്ചുകിട്ടുമായിരിക്കും. നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു.”—പ്രവൃത്തികൾ 8:22, 23.
സന്തോഷകരമെന്നു പറയട്ടെ, തന്റെ തെറ്റായ മോഹത്തിന്റെ ഗൗരവം ശീമോൻ മനസ്സിലാക്കി. “നിങ്ങൾ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കർത്താവിനോടു എനിക്കുവേണ്ടി പ്രാർത്ഥിപ്പിൻ” എന്ന് അവൻ അപ്പൊസ്തലന്മാരോട് അപേക്ഷിച്ചു. (പ്രവൃത്തികൾ 8:24) ഈ വിവരണത്തിൽ അടങ്ങിയിരിക്കുന്ന സുപ്രധാന പാഠത്തിനു ശ്രദ്ധ കൊടുത്തുകൊണ്ട് ശീമോന്യപാപത്തിന്റെ ഒരു അംശം പോലും തങ്ങളിൽ ഇല്ലാതിരിക്കാൻ യഥാർഥ ക്രിസ്ത്യാനികൾ ശ്രദ്ധിക്കുന്നു.