-
മക്കബായർ ആരായിരുന്നു?വീക്ഷാഗോപുരം—1998 | നവംബർ 15
-
-
ഇപ്പോൾ, തൃപ്തരായ ഹസിദേയർ യൂദാസ് മക്കബായന്റെ സൈന്യത്തെ വിട്ട് തങ്ങളുടെ ഭവനങ്ങളിലേക്കു തിരികെ പോയി. എന്നാൽ യൂദാസിന് മറ്റു ചില പ്ലാനുകൾ ഉണ്ടായിരുന്നു. നല്ല പരിശീലനം സിദ്ധിച്ച ഒരു സൈന്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരു സ്വതന്ത്ര യഹൂദ രാഷ്ട്രം സ്ഥാപിക്കാൻ എന്തുകൊണ്ട് അത് ഉപയോഗിച്ചുകൂടാ എന്ന് അദ്ദേഹം ചിന്തിച്ചുതുടങ്ങി. വിപ്ലവത്തിന്റെ തുടക്കത്തിന് നിദാനമായ മതപരമായ കാരണങ്ങളുടെ സ്ഥാനത്ത് രാഷ്ട്രീയ താത്പര്യങ്ങൾ കടന്നുവന്നു. അങ്ങനെ പോരാട്ടം തുടർന്നു.
സെല്യൂസിഡ് ഭരണത്തിന് എതിരെ പോരാടാൻ പിന്തുണ തേടിയ യൂദാസ് മക്കബായൻ റോമുമായി ഒരു സഖ്യത്തിൽ ഏർപ്പെട്ടു. പൊ.യു.മു. 160-ൽ നടന്ന യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെട്ടുവെങ്കിലും, അദ്ദേഹത്തിന്റെ സഹോദരന്മാർ പോരാട്ടം തുടർന്നു. സെല്യൂസിഡ് ഭരണാധികാരികളുടെ പരമാധികാരത്തിനു കീഴിലാണെങ്കിലും, അവരെക്കൊണ്ട് സമ്മതിപ്പിച്ച് മഹാ പുരോഹിതനും യഹൂദ്യയുടെ ഭരണാധിപനുമായി താൻ നിയമിക്കപ്പെടാൻ തക്കവണ്ണം യൂദാസിന്റെ സഹോദരനായ യോനാഥാൻ കരുക്കൾ നീക്കി. സിറിയാക്കാരുടെ ഗൂഢാലോചനയുടെ ഫലമായി യോനാഥാൻ ചതിയിൽ പിടിയിലായി വധിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സഹോദരനായ ശിമയോൻ—മക്കബായ സഹോദരന്മാരിൽ അവസാനത്തെ ആൾ—അധികാരമേറ്റെടുത്തു. ശിമയോന്റെ ഭരണത്തിൻ കീഴിൽ സെല്യൂസിഡ് വാഴ്ചയുടെ സകല സ്വാധീനങ്ങളും തുടച്ചുനീക്കപ്പെട്ടു (പൊ.യു.മു. 141-ൽ). ശിമയോൻ റോമുമായുള്ള തന്റെ സഖ്യം പുതുക്കി. യഹൂദ നേതൃത്വം അദ്ദേഹത്തെ ഭരണാധികാരിയും മഹാ പുരോഹിതനുമായി അംഗീകരിച്ചു. അങ്ങനെ മക്കബായർ നിമിത്തം ഒരു സ്വതന്ത്ര ഹാസ്മോനേയ രാജവംശം സ്ഥാപിതമായി.
മിശിഹായുടെ വരവിനു മുമ്പ് മക്കബായർ ആലയത്തിൽ ആരാധന പുനഃസ്ഥാപിച്ചു. (യോഹന്നാൻ 1:41, 42; 2:13-17 ഇവ താരതമ്യം ചെയ്യുക.) എന്നാൽ, യവന സംസ്കാരം സ്വീകരിച്ച പുരോഹിതന്മാരുടെ പ്രവൃത്തികൾ നിമിത്തം പൗരോഹിത്യത്തിലുള്ള വിശ്വാസം തകർന്നതുപോലെതന്നെ, ഹാസ്മോനേയരുടെ പ്രവൃത്തികളുടെ ഫലമായി അത് ഒന്നുകൂടി തകരുകയുണ്ടായി. വിശ്വസ്തനായ ദാവീദിന്റെ വംശത്തിൽപ്പെട്ട ഒരു രാജാവ് ഭരിക്കുന്നതിനു പകരം, രാഷ്ട്രീയ മനസ്കരായ പുരോഹിതന്മാർ നടത്തിയ ഭരണം യഹൂദ ജനതയ്ക്ക് അനുഗ്രഹങ്ങൾ കൈവരുത്തിയില്ല എന്നതു സ്പഷ്ടം.—2 ശമൂവേൽ 7:16; സങ്കീർത്തനം 89:3, 4, 35, 36.
-
-
ഞാൻ എന്റെ സഹോദരനോട് വായ്പ്പ ചോദിക്കണമോ?വീക്ഷാഗോപുരം—1998 | നവംബർ 15
-
-
ഞാൻ എന്റെ സഹോദരനോട് വായ്പ്പ ചോദിക്കണമോ?
സൈമന്റെ ഇളയ കുട്ടിക്കു സുഖമില്ല, അടിയന്തിരമായി മരുന്ന് ആവശ്യമാണ്. എന്നാൽ, വളരെ ദരിദ്രനായ സൈമണ് അതിനു വകയില്ല. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് എന്തു ചെയ്യാനാവും? സഹ ക്രിസ്ത്യാനിയായ മൈക്കിൾ സാമ്പത്തികമായി നല്ല നിലയിലാണ്. ഒരുപക്ഷേ മൈക്കിൾ അദ്ദേഹത്തിനു പണം കടം കൊടുത്തേക്കും. എന്നാൽ, വായ്പ്പ വാങ്ങുന്ന പണം തിരിച്ചു കൊടുക്കാൻ തനിക്കു കഴിഞ്ഞെന്നു വരില്ല എന്ന കാര്യം സൈമണ് അറിയുകയും ചെയ്യാം.a
പണം ആവശ്യപ്പെട്ടുകൊണ്ട് സൈമൺ തന്നെ സമീപിക്കുമ്പോൾ മൈക്കിൾ പ്രതിസന്ധിയിലാകുന്നു. സൈമണ് പണത്തിന്റെ അത്യാവശ്യം ഉണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നു. പക്ഷേ, കുടുംബത്തിന്റെ നിത്യവൃത്തിക്കു വേണ്ടി പാടുപെടുന്ന അദ്ദേഹത്തിനു പണം തിരികെ തരാൻ കഴിഞ്ഞില്ലെന്നും വരാം എന്നു മൈക്കിൾ ചിന്തിക്കുന്നു. ഇപ്പോൾ മൈക്കിൾ എന്തു ചെയ്യണം?
പല രാജ്യങ്ങളിലും, പെട്ടെന്നാണ് ആളുകളുടെ ഉപജീവനമാർഗം നഷ്ടമാകുന്നത്. അങ്ങനെ അവർക്ക് ചികിത്സാ ചെലവുകൾക്ക് പണമോ ഇൻഷ്വറൻസോ ഇല്ലാതാകുന്നു. ബാങ്കിൽനിന്ന് വായ്പ്പ എടുക്കാൻ സാധിച്ചാൽത്തന്നെ അതിനു കനത്ത പലിശ കൊടുക്കേണ്ടിവരും. അടിയന്തിര സാഹചര്യത്തിൽ ഏക പരിഹാരം വായ്പ്പ വാങ്ങുന്നതാണെന്നു തോന്നിയേക്കാം. എന്നാൽ, വായ്പ്പ ചോദിക്കുന്നതിനു മുമ്പ് പരിചിന്തിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.
വരുംവരായ്കകൾ വിലയിരുത്തുക
കടം കൊടുക്കുന്ന ആൾക്കും വാങ്ങുന്ന ആൾക്കും തിരുവെഴുത്തുകൾ മാർഗനിർദേശം പ്രദാനം ചെയ്യുന്നു. ആ ബുദ്ധ്യുപദേശം പിൻപറ്റുന്നതിനാൽ അനേകം തെറ്റിദ്ധാരണകളും വ്രണിത വികാരങ്ങളും ഒഴിവാക്കാനാകും.
ഉദാഹരണത്തിന്, പണം കടം വാങ്ങുന്ന കാര്യത്തെ ലാഘവ മനോഭാവത്തോടെ വീക്ഷിക്കരുതെന്നു ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. പൗലൊസ് അപ്പൊസ്തലൻ റോമിലെ ക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.” (റോമർ 13:8) തത്ത്വത്തിൽ, ഒരു ക്രിസ്ത്യാനി മറ്റുള്ളവരോടു കടപ്പെട്ടിരിക്കേണ്ടത് സ്നേഹം മാത്രമാണ്. അതിനാൽ ഒരു വായ്പ്പ വാങ്ങുന്നതിനു മുമ്പ്, ‘വാസ്തവത്തിൽ അത് ആവശ്യമാണോ?’ എന്ന് നാം നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്.
ഉത്തരം അതേ എന്നാണെങ്കിൽ, കടത്തിലാകുന്നതിന്റെ പരിണത ഫലങ്ങൾ പരിചിന്തിക്കുന്നതു ജ്ഞാനമായിരിക്കും. സുപ്രധാന തീരുമാനങ്ങൾക്ക് അവധാനപൂർവമായ ചിന്തയും ആസൂത്രണവും ആവശ്യമാണെന്ന് യേശുക്രിസ്തു വ്യക്തമാക്കി. അവൻ ശിഷ്യന്മാരോട് ഇങ്ങനെ ചോദിച്ചു: “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?” (ലൂക്കൊസ് 14:28) ഒരു സഹോദരനോടു വായ്പ്പ ചോദിക്കുന്ന കാര്യം പരിചിന്തിക്കുമ്പോഴും അതിലെ തത്ത്വം ബാധകമാണ്. ഒരു വായ്പ്പയുടെ കാര്യത്തിൽ കണക്കു നോക്കുക എന്നാൽ അത് എങ്ങനെ, എപ്പോൾ തിരിച്ചു കൊടുക്കും എന്നു കണക്കാക്കുകയാണ്.
വായ്പ്പ എപ്പോൾ, എങ്ങനെ തിരിച്ചു നൽകും എന്ന് അറിയാനുള്ള അവകാശം കടം കൊടുക്കുന്ന വ്യക്തിക്കുണ്ട്. കാര്യങ്ങൾ അവധാനപൂർവം വിലയിരുത്തുന്നതിനാൽ, അദ്ദേഹത്തിനു വ്യക്തമായ ഉത്തരങ്ങൾ നൽകാൻ നമുക്കു കഴിയും. ന്യായമായ കാലയളവിനുള്ളിൽ വായ്പ്പ തിരിച്ചു കൊടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നാം വിലയിരുത്തി നോക്കിയിട്ടുണ്ടോ? തീർച്ചയായും, “കഴിവതും നേരത്തേതന്നെ ഞാൻ തിരിച്ചു തരാം. താങ്കൾക്ക് എന്നെ വിശ്വസിക്കാം” എന്ന് സഹോദരനോടു പറയാൻ എളുപ്പമായിരിക്കും. എന്നാൽ കൂടുതൽ ഉത്തരവാദിത്വത്തോടെ നാം അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതല്ലേ? വായ്പ്പ തിരിച്ചു കൊടുക്കാൻ നാം തുടക്കത്തിലേ ദൃഢനിശ്ചയം ചെയ്യണം, കാരണം അതാണ് യഹോവ നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്. “ദുഷ്ടൻ വായ്പ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല” എന്ന് സങ്കീർത്തനം 37:21 പറയുന്നു.
വായ്പ്പ എപ്പോൾ, എങ്ങനെ തിരിച്ചു കൊടുക്കുമെന്ന കണക്കാക്കുന്നതിനാൽ നാം ഏറ്റെടുക്കുന്ന ഗൗരവമുള്ള പ്രതിബദ്ധത സംബന്ധിച്ച് നമ്മെത്തന്നെ ഓർമിപ്പിക്കുകയാണ്. അനാവശ്യമായി കടങ്ങൾ വരുത്തിവെക്കാനുള്ള സാധ്യത അതുമൂലം കുറയും. കടത്തിലാകുന്നത് ഒഴിവാക്കാൻ കഴിയുമെങ്കിൽ അതുകൊണ്ട് പ്രയോജനങ്ങൾ ഉണ്ട്. “കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ” എന്ന് സദൃശവാക്യങ്ങൾ 22:7 മുന്നറിയിപ്പു നൽകുന്നു. കടം കൊടുക്കുന്ന ആളും കടം മേടിക്കുന്ന ആളും ആത്മീയ സഹോദരങ്ങൾ ആയിരിക്കുമ്പോൾ പോലും, വായ്പ്പ ഒരു പരിധി വരെ അവരുടെ ബന്ധത്തെ ബാധിച്ചേക്കാം. വായ്പ്പകളെ ചൊല്ലിയുള്ള തെറ്റിദ്ധാരണകൾ ചില സഭകളുടെ സമാധാനത്തെ ഉലച്ചിട്ടുണ്ട്.
പണം ആവശ്യമായിരിക്കുന്നതിന്റെ കാരണം വിശദീകരിക്കുക
കടം വാങ്ങിയ പണം അടിസ്ഥാനപരമായി നാം എങ്ങനെ ഉപയോഗിക്കുന്നു എന്ന് അറിയുന്നതിനുള്ള അവകാശം കടം കൊടുക്കുന്ന ആൾക്കുണ്ട്. ഈ വായ്പ്പ കൂടാതെ മറ്റുള്ളവരിൽനിന്നും നാം പണം കടം വാങ്ങുന്നുണ്ടോ? എങ്കിൽ അതു നാം വ്യക്തമാക്കേണ്ടതുണ്ട്. കാരണം, വായ്പ്പ തിരിച്ചു കൊടുക്കാനുള്ള നമ്മുടെ പ്രാപ്തിയെ അതു ബാധിക്കും.
ബിസിനസ്സിനുള്ള വായ്പ്പയും അടിയന്തിര സാഹചര്യം നിമിത്തമുള്ള വായ്പ്പയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതു പ്രത്യേകിച്ചും പ്രധാനമാണ്. ഒരു വ്യാവസായിക സംരംഭത്തിനു പണം കടം കൊടുക്കുന്നതിനുള്ള തിരുവെഴുത്തുപരമായ കടമ ഒരു സഹോദരന് ഇല്ല. എന്നാൽ, മറ്റൊരു സഹോദരനു തന്റെ കഴിവിന് അതീതമായ കാരണങ്ങളാൽ, ആഹാരം, വസ്ത്രം, അല്ലെങ്കിൽ അടിയന്തിര ചികിത്സ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾക്കു പണമില്ലാതെ വരുന്നെങ്കിൽ സഹായം വെച്ചുനീട്ടാൻ അദ്ദേഹത്തിനു തോന്നാം. അത്തരം കാര്യങ്ങൾ സംബന്ധിച്ച് സത്യസന്ധമായും മനസ്സു തുറന്നും സംസാരിക്കുന്നത് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിക്കുന്നു.—എഫെസ്യർ 4:25.
എഴുതി വെക്കുക
ഒരു ലിഖിത ഉടമ്പടി, ഭാവിയിൽ തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനുള്ള ഒരു നിർണായക പടിയാണ്. എഴുതി വെക്കാത്തപക്ഷം ഉടമ്പടിയിലെ ചില പ്രത്യേക വിശദാംശങ്ങൾ മറന്നുപോകാൻ സാധ്യതയുണ്ട്. എത്ര തുകയാണ് കടം വാങ്ങിയിരിക്കുന്നത് എന്നതും അത് എപ്പോൾ തിരിച്ചു കൊടുക്കും എന്നതും നാം എഴുതി വെക്കേണ്ടതുണ്ട്. കടം വാങ്ങുന്ന ആളും കടം കൊടുക്കുന്ന ആളും ഉടമ്പടിയിൽ ഒപ്പിടുന്നതും ഇരുവരും അതിന്റെ ഓരോ കോപ്പി സൂക്ഷിക്കുന്നതും അഭികാമ്യമാണ്. പണപരമായ ഇടപാടുകൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. ബാബിലോന്യർ യെരൂശലേം നശിപ്പിക്കുന്നതിനു തൊട്ടു മുമ്പ്, യിരെമ്യാവിനോട് ഒരു ബന്ധുവിൽനിന്നു കുറെ സ്ഥലം വാങ്ങാൻ യഹോവ ആവശ്യപ്പെട്ടു. അതിന്റെ നടപടിക്രമം പരിശോധിക്കുന്നത് നമുക്കു പ്രയോജനം ചെയ്യും.
“ഞാൻ ഇളയപ്പന്റെ മകൻ ഹനമെയേലിനോടു അനാഥോത്തിലെ നിലം മേടിച്ചു” എന്ന് യിരെമ്യാവ് പറഞ്ഞു. “വില പതിനേഴു ശേക്കെൽ വെള്ളി തൂക്കിക്കൊടുത്തു. ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ടു ഒപ്പിടുവിച്ച ശേഷം ഞാൻ പണം അവന്നു തുലാസിൽ തൂക്കിക്കൊടുത്തു. ഇങ്ങനെ ന്യായവും പതിവും അനുസരിച്ചു മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങൾ ഞാൻ വാങ്ങി, ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുററത്തു ഇരുന്നിരുന്ന യെഹൂദന്മാരൊക്കെയും കാൺകെ ആധാരം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ കൊടുത്തു.” (യിരെമ്യാവു 32:9-12) മുകളിൽ കൊടുത്തിരിക്കുന്ന ഉദാഹരണം വായ്പ്പ വാങ്ങലിന്റെ അല്ല, വസ്തു വാങ്ങലിന്റെ ആണ്. എങ്കിലും, പണപരമായ ഇടപാടുകൾ വ്യക്തവും കൃത്യവുമായ വിധത്തിൽ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം അതു കാണിക്കുന്നു.—1973 മേയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 287-8 പേജുകൾ കാണുക.
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മത്തായി 18:15-17-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ബുദ്ധ്യുപദേശത്തിനു ചേർച്ചയിൽ അവ പരിഹരിക്കാൻ ക്രിസ്ത്യാനികൾ ശ്രമിക്കണം. അത്തരം കാര്യങ്ങളിൽ സഹായമേകാൻ ശ്രമിച്ചിട്ടുള്ള ഒരു മൂപ്പൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മിക്കവാറും, എല്ലാ കേസുകളിലുംതന്നെ ലിഖിത ഉടമ്പടി ഉണ്ടായിരുന്നില്ല. തത്ഫലമായി, വായ്പ്പ എങ്ങനെ കൊടുത്തു തീർക്കണം എന്നതു സംബന്ധിച്ച് ഇരു കക്ഷികൾക്കുമിടയിൽ വ്യക്തമായ ഒരു ധാരണ ഇല്ലായിരുന്നു. ഇത്തരം കാര്യങ്ങൾ എഴുതി വെക്കുന്നത് അവിശ്വാസത്തിന്റെ അല്ല, മറിച്ച് സ്നേഹത്തിന്റെ ഒരു അടയാളമാണെന്ന് എനിക്കു ബോധ്യപ്പെട്ടിരിക്കുന്നു.”
നാം ഒരു ഉടമ്പടി ചെയ്താൽ തീർച്ചയായും നമ്മുടെ വാക്കു പാലിക്കാൻ കഠിന ശ്രമം ചെയ്യേണ്ടതുണ്ട്. യേശു ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (മത്തായി 5:37) ചില അപ്രതീക്ഷിത കാരണങ്ങൾ നിമിത്തം യഥാസമയം വായ്പ്പ തിരിച്ചു കൊടുക്കാൻ കഴിയാതെ വന്നാൽ അക്കാര്യം കടം തന്ന വ്യക്തിയോട് ഉടൻതന്നെ വിശദീകരിക്കേണ്ടതുണ്ട്. കുറച്ചു കൂടി ദീർഘമായ ഒരു കാലംകൊണ്ട് ചെറിയ ഗഡുക്കളായി വായ്പ്പ തിരിച്ചു നൽകാൻ ഒരുപക്ഷേ അദ്ദേഹം നമ്മെ അനുവദിക്കുമായിരിക്കും.
എന്നാൽ, പ്രതികൂല സാഹചര്യങ്ങൾ നമ്മുടെ ചുമതലകളിൽനിന്ന് നമ്മെ വിമുക്തരാക്കുന്നില്ല. യഹോവയെ ഭയപ്പെടുന്ന ഒരു വ്യക്തി തന്റെ വാക്കു പാലിക്കാൻ പരമാവധി ശ്രമിക്കേണ്ടതുണ്ട്. (സങ്കീർത്തനം 15:4) നാം പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽത്തന്നെയും, കടം കൊടുത്തു തീർക്കേണ്ടത് നമ്മുടെ ക്രിസ്തീയ കടമ ആയതിനാൽ അതിനു ത്യാഗങ്ങൾ സഹിക്കാനും നാം തയ്യാറായിരിക്കണം.
കടം കൊടുക്കുന്ന കാര്യത്തിൽ ജാഗ്രത കാട്ടുക
തീർച്ചയായും, കടം വാങ്ങുന്ന വ്യക്തി മാത്രമല്ല കാര്യങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തേണ്ടത്. ഏതു സഹോദരനോട് കടം ചോദിക്കുന്നുവോ ആ സഹോദരനും അങ്ങനെ ചെയ്യേണ്ടതുണ്ട്. പണം കടം കൊടുക്കുന്നതിനു മുമ്പ് കാര്യങ്ങൾ അവധാനപൂർവവും വസ്തുനിഷ്ഠമായും പരിചിന്തിക്കാൻ സമയമെടുക്കുന്നത് ജ്ഞാനമാണ്. “നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു” എന്നു പറഞ്ഞുകൊണ്ട് ബൈബിൾ മുന്നറിയിപ്പു നൽകുന്നു.—സദൃശവാക്യങ്ങൾ 22:26.
കടം മേടിക്കുന്ന സഹോദരന് തിരിച്ചു തരാൻ കഴിയുന്നില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് അതു കൊടുക്കുന്നതിനു മുമ്പുതന്നെ പരിചിന്തിക്കുക. അതു നിങ്ങൾക്കുതന്നെ ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കുമോ? പ്രസ്തുത സഹോദരന്റെ ഉദ്ദേശ്യങ്ങൾ വളരെ നല്ലതാണെങ്കിൽ പോലും സാഹചര്യങ്ങൾ മാറിവന്നേക്കാം അല്ലെങ്കിൽ കണക്കുകൂട്ടലുകൾ തെറ്റിപ്പോകാം. “നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ” എന്ന് യാക്കോബ് 4:14 നമ്മെയെല്ലാം ഓർമിപ്പിക്കുന്നു.—സഭാപ്രസംഗി 9:11 (NW) താരതമ്യം ചെയ്യുക.
വിശേഷിച്ചും ബിസിനസ് വായ്പ്പയുടെ കാര്യത്തിലാണെങ്കിൽ, കടം വാങ്ങുന്ന വ്യക്തിയുടെ സത്പേരിനെക്കുറിച്ചു പരിചിന്തിക്കുന്നത് ജ്ഞാനമാണ്. ആശ്രയയോഗ്യനും വിശ്വാസം അർപ്പിക്കാവുന്നവനും എന്ന നിലയിലാണോ അയാൾ അറിയപ്പെടുന്നത്, അതോ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാമർഥ്യം ഇല്ലാത്തവനായാണോ? സഭയിൽ പലരോടും പണം ചോദിച്ചുകൊണ്ട് കറങ്ങിനടക്കുന്ന തരക്കാരനാണോ അയാൾ? പിൻവരുന്ന വാക്കുകൾ മനസ്സിൽ പിടിക്കുന്നത് ജ്ഞാനമാണ്: “അനുഭവജ്ഞാനം ഇല്ലാത്ത ഏതൊരുവനും ഏതു വാക്കിലും വിശ്വാസം അർപ്പിക്കുന്നു, എന്നാൽ വിവേകിയോ തന്റെ ചുവടുകൾ പരിചിന്തിക്കുന്നു.”—സദൃശവാക്യങ്ങൾ 14:15, NW.
ചിലപ്പോൾ, കടം വാങ്ങുന്ന വ്യക്തിയുടെ ഉത്തമ താത്പര്യങ്ങൾ നിവർത്തിക്കാൻ ഒരു വായ്പ്പകൊണ്ടു സാധിച്ചെന്നു വരില്ല. അത് പെട്ടെന്നുതന്നെ അദ്ദേഹത്തിന് ഒരു ഭാരം ആയിത്തീരാം, തന്മൂലം അദ്ദേഹത്തിനു സന്തോഷവും നഷ്ടമാകാം. അത്തരം ഒരു സഹോദരൻ നമ്മുടെ “ദാസൻ” ആയിത്തീരാൻ നാം ആഗ്രഹിക്കുന്നുണ്ടോ? കടം മേടിക്കുന്ന വ്യക്തിക്ക് വായ്പ്പ തിരിച്ചു കൊടുക്കാൻ കഴിയാത്തപക്ഷം അസ്വസ്ഥതയും നാണക്കേടും ഉളവാക്കിക്കൊണ്ട് അത് ആ വ്യക്തിയുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുമോ?
ഒരു സഹോദരന് പണത്തിന്റെ യഥാർഥ ആവശ്യമുണ്ടെങ്കിൽ അദ്ദേഹത്തിനു വായ്പ്പ കൊടുക്കുന്നതിനു പകരം ഒരു തുക, ഒരുപക്ഷേ ചെറുതാണെങ്കിൽ പോലും, ദാനമായി കൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടേ? നമ്മുടെ ഒരു സഹോദരൻ കഷ്ടത്തിൽ ആയിരിക്കുമ്പോൾ അനുകമ്പ കാണിക്കാൻ തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു” എന്ന് സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 37:21) ദരിദ്ര സഹോദരങ്ങൾക്ക് പ്രായോഗിക സഹായം നൽകാൻ ആവുന്നതെല്ലാം ചെയ്യാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കണം.—യാക്കോബ് 2:15, 16.
നിങ്ങളുടെ ചുവടുകൾ ശ്രദ്ധാപൂർവം പരിചിന്തിക്കുക
വായ്പ്പകൾ നിമിത്തം ബന്ധങ്ങളിൽ ഉരസലുകൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ, എളുപ്പം സ്വീകരിക്കാവുന്ന ഒരു പടി എന്നതിനെക്കാൾ അവസാന പോംവഴിയായി മാത്രമേ അതിനെ വീക്ഷിക്കാവൂ. മുമ്പ് പറഞ്ഞതുപോലെ, കടം വാങ്ങുന്ന വ്യക്തി കടം തരുന്ന ആളോട് കാര്യങ്ങൾ തുറന്നു പറയുകയും എപ്പോൾ, എങ്ങനെ വായ്പ്പ കൊടുത്തു തീർക്കും എന്ന കാര്യം ഒരു രേഖയിൽ എഴുതി വെക്കുകയും വേണം. ഒരു സഹോദരന് യഥാർഥ ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് പണം ദാനമായി നൽകുന്നതായിരിക്കാം ഏറ്റവും ഉചിതമായ സംഗതി.
സൈമൺ ചോദിച്ച പണം മൈക്കിൾ കടം കൊടുത്തില്ല. പകരം, അദ്ദേഹം ചെറിയൊരു തുക ദാനമായി നൽകി. തന്റെ കുട്ടിയുടെ ചികിത്സാർഥം ലഭിച്ച ആ സഹായത്തിന് സൈമൺ നന്ദിയുള്ളവനായിരുന്നു. പ്രായോഗികമായ ഒരു വിധത്തിൽ സഹോദരസ്നേഹം പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ മൈക്കിളും സന്തോഷവാനായിരുന്നു. (സദൃശവാക്യങ്ങൾ 14:21; പ്രവൃത്തികൾ 20:35) ദൈവരാജ്യ ഭരണത്തിൻ കീഴിൽ, ക്രിസ്തു ‘[സഹായത്തിനായി] നിലവിളിക്കുന്ന ദരിദ്രനെ വിടുവിക്കു’കയും “എനിക്കു ദീനം” എന്ന് ആരും പറയാതിരിക്കുകയും ചെയ്യുന്ന കാലത്തിനായി മൈക്കിളും സൈമണും ആകാംക്ഷയോടെ കാത്തിരിക്കുന്നു. (സങ്കീർത്തനം 72:12; യെശയ്യാവു 33:24) അതിനു മുമ്പ്, ഒരു സഹോദരനോട് നമുക്ക് വായ്പ്പ ചോദിക്കേണ്ട ഒരു അവസ്ഥ വരുന്നെങ്കിൽ നമ്മുടെ ചുവടുകൾ ശ്രദ്ധാപൂർവം നമുക്കു പരിചിന്തിക്കാം.
[അടിക്കുറിപ്പുകൾ]
a യഥാർഥ പേരുകളല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
[25-ാം പേജിലെ ചിത്രം]
വായ്പ്പാ ഉടമ്പടികൾ എഴുതി വെക്കുന്നത് അവിശ്വാസത്തിന്റെ അല്ല, മറിച്ച് സ്നേഹത്തിന്റെ ഒരു അടയാളമാണ്
-