-
കൃതജ്ഞതയുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?വീക്ഷാഗോപുരം—1998 | ഫെബ്രുവരി 15
-
-
ഒരു വധുവിന് സമയം കണ്ടെത്താൻ കഴിഞ്ഞെങ്കിൽ, 163 വിവാഹ സമ്മാനങ്ങൾക്ക് ഒരു നന്ദിവാക്ക് എഴുതാൻ അവൾക്ക് എന്തുകൊണ്ട് സമയം കണ്ടെത്തിക്കൂടാ?” “നന്ദി” എന്ന ലളിതമായ വാക്കു പോലും പലരും മിക്കപ്പോഴും പറയാറില്ല. കൃതജ്ഞതയ്ക്കു പകരം കൂടുതൽ കൂടുതൽ കണ്ടുവരുന്നത് തൻകാര്യ മനോഭാവമാണ്. ഈ അവസ്ഥ അന്ത്യനാളുകളെ തിരിച്ചറിയിക്കുന്ന അടയാളങ്ങളിൽ ഒന്നാണ്. പൗലൊസ് അപ്പോസ്തലൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും . . . നന്ദികെട്ടവരും” ആയിരിക്കും.—2 തിമൊഥെയൊസ് 3:1, 2.
മറ്റു ചില കേസുകളിൽ, കൃതജ്ഞതയുടെ സ്ഥാനത്ത് മുഖസ്തുതിയാണുള്ളത്. വ്യക്തിപരമായ നേട്ടത്തിന്റെ ചിന്തയില്ലാതെ ഹൃദയത്തിൽനിന്നു പുറപ്പെടുന്നവയാണ് കൃതജ്ഞതാ പ്രകടനങ്ങൾ. എന്നാൽ സാധാരണമായി, സ്ഥാനക്കയറ്റത്തിനോ വ്യക്തിപരമായ ചില നേട്ടങ്ങൾക്കോ ഉള്ള ഗൂഢലക്ഷ്യങ്ങളിൽനിന്ന് ഉത്ഭവിച്ചേക്കാവുന്ന കപടവും അതിശയോക്തിപരവുമായ ഒന്നാണ് മുഖസ്തുതി. (യൂദാ 16) കേൾക്കുന്നയാളിനെ വശീകരിക്കുന്ന അത്തരം ഭംഗിവാക്ക് അഹങ്കാരത്തിന്റെയും ഔദ്ധത്യത്തിന്റെയും ഫലമായിരിക്കാവുന്നതുമാണ്. അപ്പോൾ, കപടമായ മുഖസ്തുതിയുടെ ഇരയാകാൻ ആരാണ് ആഗ്രഹിക്കുക? എന്നാൽ യഥാർഥ കൃതജ്ഞത തികച്ചും നവോന്മേഷദായകമാണ്.
കൃതജ്ഞത പ്രകടിപ്പിക്കുന്ന വ്യക്തി അതിൽനിന്നു പ്രയോജനം അനുഭവിക്കുന്നു. ഹൃദയത്തിൽ കൃതജ്ഞതയുണ്ടായിരിക്കുന്നതിന്റെ ഫലമായി അനുഭവപ്പെടുന്ന ഊഷ്മളത അയാളുടെ സന്തുഷ്ടിയും സമാധാനവും വർധിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 15:13, 15 താരതമ്യം ചെയ്യുക.) ഒരു ക്രിയാത്മക ഗുണമായ കൃതജ്ഞത അയാളെ ദേഷ്യം, അസൂയ, നീരസം തുടങ്ങിയ നിഷേധാത്മക വികാരങ്ങളിൽനിന്നു സംരക്ഷിക്കുന്നു.
‘നന്ദിയുള്ളവരായിരിപ്പിൻ’
കൃതജ്ഞതയുടേതായ അഥവാ നന്ദിയുടേതായ ഒരു മനോഭാവം നട്ടുവളർത്താൻ ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. പൗലൊസ് എഴുതി: “എല്ലാററിന്നും സ്തോത്രം ചെയ്വിൻ [“നന്ദി നൽകുവിൻ,” NW]; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.” (1 തെസ്സലൊനീക്യർ 5:18) പൗലൊസ് കൊലൊസ്സ്യരെ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; . . . നന്ദിയുള്ളവരായും ഇരിപ്പിൻ.” (കൊലൊസ്സ്യർ 3:15) അസംഖ്യം സങ്കീർത്തനങ്ങളിൽ നന്ദിപ്രകടനങ്ങൾ അടങ്ങിയിരിക്കുന്നു. ഹൃദയംഗമമായ കൃതജ്ഞത ഒരു ദൈവിക സദ്ഗുണമാണെന്ന് അതു സൂചിപ്പിക്കുന്നു. (സങ്കീർത്തനം 27:4; 75:1, NW) ജീവിതത്തിലെ അനുദിന കാര്യാദികളിൽ നാം നന്ദി പ്രകടിപ്പിക്കുമ്പോൾ തീർച്ചയായും യഹോവ പ്രസാദിക്കുന്നു.
ഈ നന്ദികെട്ട ലോകത്തിലെ ഏതു ഘടകങ്ങൾ കൃതജ്ഞതാ മനോഭാവം നട്ടുവളർത്തുന്നത് ആയാസകരമാക്കുന്നു? അനുദിന ജീവിതത്തിൽ നമുക്കെങ്ങനെ കൃതജ്ഞതാ മനോഭാവം പ്രകടമാക്കാം? അടുത്ത ലേഖനത്തിൽ ഈ ചോദ്യങ്ങൾ പരിചിന്തിക്കപ്പെടും.
-
-
കൃതജ്ഞതാ മനോഭാവം നട്ടുവളർത്തുകവീക്ഷാഗോപുരം—1998 | ഫെബ്രുവരി 15
-
-
കൃതജ്ഞതാ മനോഭാവം നട്ടുവളർത്തുക
ഒരു അടിയന്തിര ഘട്ടത്തിൽ ന്യൂയോർക്ക് സംസ്ഥാനത്തുള്ള ഒരു ഡോക്ടർ മേരിയുടെ ജീവൻ രക്ഷിക്കുന്നു. 50 കാരിയായ മേരി ഡോക്ടർക്കു നന്ദി പറയുകയോ ബില്ല് അടയ്ക്കുകയോ ചെയ്യുന്നില്ല. കൃതഘ്നതയുടെ എത്ര കടുത്ത ദൃഷ്ടാന്തം!
യേശു ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ, ഭയങ്കരമായ കുഷ്ഠരോഗം പിടിപെട്ട പത്തു പുരുഷന്മാരെ കണ്ടുമുട്ടിയതായി ബൈബിൾ പറയുന്നു. അവർ ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു: “യേശൂ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ.” യേശു ഇപ്രകാരം കൽപ്പിച്ചു: “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെ തന്നേ കാണിപ്പിൻ.” കുഷ്ഠരോഗികൾ അവന്റെ മാർഗനിർദേശം അനുസരിച്ചു. വഴിയിൽവെച്ചുതന്നെ തങ്ങളുടെ ആരോഗ്യം പുനഃസ്ഥിതീകരിക്കപ്പെടുന്നത് അവർ കാണാനും അനുഭവിക്കാനും തുടങ്ങി.
സുഖം പ്രാപിച്ച കുഷ്ഠരോഗികളിൽ ഒമ്പതു പേർ തങ്ങളുടെ യാത്ര തുടർന്നു. എന്നാൽ ശമര്യക്കാരനായ മറ്റേയാൾ യേശുവിനെ തേടി തിരിച്ചുവന്നു. ഈ മുൻ കുഷ്ഠരോഗി ദൈവത്തെ സ്തുതിച്ചു. യേശുവിനെ കണ്ടുമുട്ടിയപ്പോൾ അയാൾ അവന്റെ കാൽക്കൽവീണു നന്ദിപറഞ്ഞു. മറുപടിയായി യേശു പറഞ്ഞു: “പത്തുപേർ ശുദ്ധരായിതീർന്നില്ലയോ? ഒമ്പതുപേർ എവിടെ? ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ.”—ലൂക്കൊസ് 17:11-19.
“ഒമ്പതുപേർ എവിടെ?” എന്ന ചോദ്യത്തിൽ ഒരു പ്രധാനപ്പെട്ട പാഠം അടങ്ങിയിരിക്കുന്നു. മേരിയെപ്പോലെതന്നെ, ആ ഒമ്പത് കുഷ്ഠരോഗികളും ഗുരുതരമായൊരു കുറ്റം ചെയ്തു—അവർ കൃതജ്ഞത കാട്ടിയില്ല. ഇന്ന് അത്തരം കൃതഘ്നത വളരെ വ്യാപകമാണ്. അതിന്റെ കാരണമെന്താണ്?
കൃതഘ്നതയുടെ അടിസ്ഥാന കാരണം
കൃതഘ്നത ഉത്ഭവിക്കുന്നത് അടിസ്ഥാനപരമായി സ്വാർഥതയിൽനിന്നാണ്. ആദ്യ മാനുഷ മാതാപിതാക്കളായ ആദാമിന്റെയും ഹവ്വായുടെയും കാര്യമെടുക്കുക. യഹോവ അവരെ ദിവ്യഗുണങ്ങളോടെ സൃഷ്ടിക്കുകയും ചാരുതയാർന്ന ഉദ്യാന ഭവനം, പൂർണതയുള്ള ചുറ്റുപാടുകൾ, അർഥവത്തും സംതൃപ്തിദായകവുമായ വേല എന്നിവ ഉൾപ്പെടെ അവരുടെ സന്തുഷ്ടിക്ക് ആവശ്യമായിരുന്നതെല്ലാം നൽകുകയും ചെയ്തു. (ഉല്പത്തി 1:26-29; 2:16, 17) എന്നിട്ടും, അവരുടെ സ്വാർഥതാത്പര്യങ്ങൾക്ക് അനുകൂലമായ സാത്താന്റെ പ്രലോഭന സമ്മർദത്തിനു വഴിപ്പെട്ട് ആ ദമ്പതിമാർ അനുസരണക്കേടു കാണിക്കുകയും യഹോവയുടെ ഔദാര്യത്തോടു പുച്ഛത്തോടെ പ്രതികരിക്കുകയും ചെയ്തു.—ഉല്പത്തി 3:1-5; വെളിപ്പാടു 12:9.
തന്റെ പ്രത്യേക സ്വത്തായിരിക്കാൻ ദൈവം തിരഞ്ഞെടുത്ത പുരാതന ഇസ്രായേൽ ജനത്തിന്റെ കാര്യവും പരിചിന്തിക്കുക. പൊ.യു.മു. 1513-ലെ നീസാൻ 14-നു രാത്രിയിൽ എല്ലാ ഇസ്രായേല്യ മാതാപിതാക്കളും എത്ര കൃതജ്ഞതയുള്ളവർ ആയിരുന്നിരിക്കണം! ആ സുപ്രധാന രാത്രിയിൽ ദൈവദൂതൻ ‘മിസ്രയീംദേശത്തെ കടിഞ്ഞൂലിനെ ഒക്കെയും സംഹരി’ച്ചെങ്കിലും ഉചിതമായി അടയാളമിട്ടിരുന്ന ഇസ്രായേല്യ ഭവനങ്ങളെ ഒഴിവാക്കി കടന്നുപോയി. (പുറപ്പാടു 12:12, 21-24, 30) ചെങ്കടലിങ്കൽവെച്ച് ഫറവോന്റെ സൈന്യത്തിൽനിന്നു വിടുവിക്കപ്പെട്ടതിനെ തുടർന്ന് ഹൃദയം നിറഞ്ഞ കൃതജ്ഞതയോടെ “മോശെയും യിസ്രായേൽമക്കളും അന്നു യഹോവെക്കു സങ്കീർത്തനം പാടി.”—പുറപ്പാടു 14:19-28; 15:1-21.
എന്നിരുന്നാലും, ഈജിപ്തിൽനിന്നു പോന്ന് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോഴേ “യിസ്രായേൽമക്കളുടെ സംഘം ഒക്കെയും . . . പിറുപിറു”ക്കാൻ തുടങ്ങി. എത്ര പെട്ടെന്ന് അവർ കൃതഘ്നരായിത്തീർന്നു! തങ്ങൾ അടിമകളായിരുന്ന ഈജിപ്തിൽവെച്ച് അവർ “ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും” ചെയ്തിരുന്ന നാളുകൾ അവർ കൊതിയോടെ ഓർത്തു. (പുറപ്പാടു 16:1-3) വ്യക്തമായും, കൃതജ്ഞത നട്ടുവളർത്തുകയും പ്രകടമാക്കുകയും ചെയ്യുന്നതിനെതിരായി വർത്തിക്കുന്നു സ്വാർഥത.
പാപിയായ ആദാമിന്റെ സന്തതികൾ എന്നനിലയിൽ എല്ലാ മനുഷ്യരും ജനിക്കുന്നത് സ്വാർഥതയുടെയും കൃതഘ്നതയുടെയും പ്രവണതകളോടെയാണ്. (റോമർ 5:12) നന്ദികേടും, ഈ ലോകത്തിലെ ആളുകളെ ഭരിക്കുന്ന സ്വാർഥ മനോഭാവത്തിന്റെ ഭാഗമാണ്. നാം ശ്വസിക്കുന്ന വായുവിനെപ്പോലെ, ആ മനോഭാവവും എല്ലായിടത്തുമുണ്ട്, അത് നമ്മെ ബാധിക്കുന്നു. (എഫെസ്യർ 2:1, 2) അതുകൊണ്ട് നാം കൃതജ്ഞതാ മനോഭാവം നട്ടുവളർത്തേണ്ടതാണ്. നമുക്കത് എങ്ങനെ ചെയ്യാൻ കഴിയും?
ധ്യാനം അനിവാര്യം!
വെബ്സ്റ്റേഴ്സ് തേർഡ് ന്യൂ ഇൻറർനാഷ്ണൽ ഡിക്ഷണറി കൃതജ്ഞതയെ, “നന്ദിയുള്ള അവസ്ഥ: ഉപകാരിയോട് തോന്നുന്നതും പ്രത്യുപകാരം ചെയ്യാൻ ഒരുവനെ പ്രേരിപ്പിക്കുന്നതുമായ ഊഷ്മളവും സൗഹാർദപരവുമായ വികാരം” എന്നു നിർവചിക്കുന്നു. ഒരു വികാരത്തെ യാന്ത്രികമായി ഉളവാക്കാനോ ഇല്ലാതാക്കാനോ സാധ്യമല്ല; അത് ഒരു വ്യക്തിയുടെ ഉള്ളിൽനിന്നു സ്വതവേ ഉയർന്നുവരണം. നല്ല പെരുമാറ്റരീതികൾ പ്രകടിപ്പിക്കുന്നതിനെക്കാൾ അധികം കൃതജ്ഞതയിൽ ഉൾപ്പെട്ടിരിക്കുന്നു; അത് ഹൃദയത്തിൽനിന്നു വരുന്നു.
ഹൃദയത്തിൽ കൃതജ്ഞത തോന്നാൻ നമുക്കെങ്ങനെ പഠിക്കാൻ കഴിയും? നമ്മുടെ ഭൂരിഭാഗം മനോഭാവങ്ങളെയും നാം ചിന്തിക്കുന്ന കാര്യങ്ങളുമായി ബൈബിൾ ബന്ധപ്പെടുത്തുന്നു. (എഫെസ്യർ 4:22-24) കൃതജ്ഞത തോന്നാൻ പഠിച്ചുതുടങ്ങുന്നത്, നാം അനുഭവിക്കുന്ന ദയ സംബന്ധിച്ചു വിലമതിപ്പോടെ ധ്യാനിക്കുമ്പോഴാണ്. ഇതിനോടുള്ള ചേർച്ചയിൽ, മാനസികാരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന വെയ്ൻ ഡബ്ലിയു. ഡയർ പറയുന്നു: “ചിന്തിക്കാതെ ഒരു തോന്നൽ (വികാരം) ഉണ്ടാകുന്നില്ല.”
ദൃഷ്ടാന്തത്തിന്, നമുക്കു ചുറ്റുമുള്ള സൃഷ്ടിയെപ്രതിയുള്ള നന്ദിയുടെ കാര്യമെടുക്കുക. ഒരു തെളിഞ്ഞ രാത്രിയിലെ നക്ഷത്രനിബിഡ വിഹായസ്സിലേക്കു നോക്കുമ്പോൾ അനുഭവവേദ്യമാകുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്? ദാവീദ് രാജാവ് തനിക്കനുഭവപ്പെട്ട ഭയാദരവ് ഇപ്രകാരം പ്രകടിപ്പിച്ചു: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” രാത്രിയുടെ നിശബ്ദതയിൽ നക്ഷത്രങ്ങൾ ദാവീദിനോടു സംഭാഷിച്ചപ്പോൾ ഇപ്രകാരം എഴുതാൻ അവൻ പ്രേരിതനായി: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” നക്ഷത്രനിബിഡമായ ആകാശം ദാവീദിനെ അത്ര ആഴമായി സ്പർശിച്ചതെന്തുകൊണ്ട്? അവൻതന്നെ ഉത്തരം നൽകുന്നു: “നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.”—സങ്കീർത്തനം 8:3, 4; 19:1; 143:5.
സൃഷ്ടിയിലെ അത്ഭുതങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിന്റെ മൂല്യം ദാവീദിന്റെ പുത്രനായ ശലോമോനും മനസ്സിലാക്കി. ദൃഷ്ടാന്തത്തിന്, നമ്മുടെ ഭൂമിക്ക് ഉണർവേകുന്നതിൽ കാർമേഘങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് അവൻ എഴുതി: “സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.” (സഭാപ്രസംഗി 1:7) മഴയും നദികളും ഭൂമിയെ ജീവത്താക്കിയശേഷമാണ് ജലം സമുദ്രത്തിൽനിന്നു മേഘങ്ങളിലേക്ക് തിരിച്ച് പുനഃചംക്രമണം നടത്തപ്പെടുന്നത്. ജലത്തിന്റെ ഈ ശുദ്ധീകരണവും പരിവൃത്തിയും ഇല്ലെങ്കിൽ ഭൂമിയുടെ സ്ഥിതിയെന്തായിരിക്കും? ഈ കാര്യങ്ങളെക്കുറിച്ചു ധ്യാനിച്ചപ്പോൾ ശലോമോന് എത്രമാത്രം കൃതജ്ഞത അനുഭവപ്പെട്ടിട്ടുണ്ടായിരിക്കണം!
തന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പരിചയക്കാരോടുമുള്ള ബന്ധത്തെയും കൃതജ്ഞതയുള്ള ഒരു വ്യക്തി വിലമതിക്കുന്നു. അവരുടെ ദയാപ്രവൃത്തികൾ അയാളുടെ ശ്രദ്ധയാകർഷിക്കുന്നു. അവർ ചെയ്ത ദയാപൂർവകമായ സഹായങ്ങളെക്കുറിച്ചു വിലമതിപ്പോടെ ചിന്തിക്കുമ്പോൾ അയാൾക്കു ഹൃദയത്തിൽ നന്ദി തോന്നുന്നു.
കൃതജ്ഞത പ്രകടമാക്കൽ
“നന്ദി” എന്നത് എത്ര ലളിതമായ ഒരു പദമാണ്! അത് പറയാനും വളരെ എളുപ്പമാണ്. അപ്രകാരം ചെയ്യാനുള്ള സാഹചര്യങ്ങളോ അസംഖ്യവും. നമുക്കുവേണ്ടി ഒരു വാതിൽ തുറന്നുപിടിക്കുകയോ നമ്മുടെ കയ്യിൽനിന്നു താഴെവീണ എന്തെങ്കിലും എടുത്തുതരികയോ ചെയ്യുന്ന ഒരാളോട് പറയുന്ന ഊഷ്മളവും ആത്മാർഥവുമായ ഒരു ‘നന്ദി’ എത്ര നവോന്മേഷപ്രദമാണ്! ആ പദപ്രയോഗം കേൾക്കുന്നത് ഒരു കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കുന്നയാളുടെയോ റെസ്റ്ററൻറിലെ ഒരു വെയ്റ്റ്റസിന്റെയോ ഒരു പോസ്റ്റ്മാന്റെയോ ജോലി കൂടുതൽ സുഖകരവും സംതൃപ്തികരവുമാക്കിയേക്കാം.
ദയാപ്രവർത്തനങ്ങൾക്കു കൃതജ്ഞത പ്രകടിപ്പിക്കാനുള്ള സൗകര്യപ്രദമായ ഒരു മാർഗമാണ് നന്ദിക്കാർഡുകൾ അയയ്ക്കുന്നത്. കടകളിൽ ലഭിക്കുന്ന ഒട്ടനവധി കാർഡുകൾ വികാരങ്ങളെ മനോഹരമായി പ്രകടിപ്പിക്കുന്നു. എന്നാൽ നിങ്ങളുടെ സ്വന്തം കൈപ്പടയിൽ വിലമതിപ്പിൻ വാക്കുകൾ കൂട്ടിച്ചേർക്കുന്നത് സ്നേഹത്തിന്റെ ഒരു വ്യക്തിഗത പ്രകടനമായിരിക്കില്ലേ? അച്ചടിച്ച കാർഡുകൾക്കു പകരം വ്യക്തിപരമായ കുറിപ്പുകൾ എഴുതി അയയ്ക്കാനാണ് ചിലർ കൂടുതൽ ഇഷ്ടപ്പെടുന്നത്.—സദൃശവാക്യങ്ങൾ 25:11 താരതമ്യം ചെയ്യുക.
സാധ്യതയനുസരിച്ച്, ഏറ്റവുമധികം കൃതജ്ഞത അർഹിക്കുന്നത് നമ്മുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളാണ്. സാമർഥ്യമുള്ള ഭാര്യയെക്കുറിച്ച് ബൈബിൾ പറയുന്നു: ‘അവളുടെ ഭർത്താവ് അവളെ പ്രശംസിക്കുന്നു.’ (സദൃശവാക്യങ്ങൾ 31:28) ഭാര്യയോടുള്ള ഭർത്താവിന്റെ ഹൃദയംഗമമായ നന്ദിപ്രകടനങ്ങൾ സമാധാനവും സംതൃപ്തിയുമുള്ള ഒരു ഭവനാന്തരീക്ഷത്തിനു വഴിയൊരുക്കില്ലേ? ഭാര്യയിൽനിന്ന് ഊഷ്മളവും വിലമതിപ്പു നിറഞ്ഞതുമായ സ്വാഗതം ലഭിക്കുന്നെങ്കിൽ വീട്ടിലേക്കു വരാൻ ഭർത്താവു സന്തോഷമുള്ളവനായിരിക്കില്ലേ? ഇക്കാലത്ത് വിവാഹജീവതത്തിന്മേലുള്ള സമ്മർദങ്ങൾ അനേകമാണ്. സമ്മർദങ്ങൾ വർധിക്കുമ്പോൾ രോഷം എളുപ്പം കത്തിക്കാളുന്നു. കൃതജ്ഞതാമനോഭാവമുള്ള ഒരുവൻ വിട്ടുവീഴ്ച കാണിക്കുകയും എളുപ്പം പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു.
ചെറുപ്പക്കാർ മാതാപിതാക്കളോടു ഹൃദയംഗമമായ വിലമതിപ്പു പ്രകടിപ്പിക്കാൻ ശ്രദ്ധാലുക്കളായിരിക്കേണ്ടതുണ്ട്. മാതാപിതാക്കൾ തീർച്ചയായും പൂർണതയുള്ളവരല്ല. എന്നാൽ അവർ നിങ്ങൾക്കുവേണ്ടി ചെയ്തിരിക്കുന്നതിനോട് കൃതഘ്നത കാട്ടാൻ അത് യാതൊരു കാരണവും നൽകുന്നില്ല. നിങ്ങളുടെ ജനനം മുതൽ അവർ നിങ്ങൾക്കു നൽകിയിരിക്കുന്ന സ്നേഹവും ശ്രദ്ധയും വിലകൊടുത്തു വാങ്ങാവുന്നതല്ല. അവർ നിങ്ങളെ ദൈവപരിജ്ഞാനം പഠിപ്പിച്ചിട്ടുണ്ടെങ്കിൽ കൃതജ്ഞതയുള്ളവരായിരിക്കാൻ നിങ്ങൾക്ക് കൂടുതലായ കാരണമുണ്ട്.
“മക്കൾ, യഹോവ നല്കുന്ന അവകാശ”മാണെന്ന് സങ്കീർത്തനം 127:3 പ്രഖ്യാപിക്കുന്നു. അതുകൊണ്ട് നിസ്സാര കാര്യങ്ങൾക്ക് സദാ ശകാരിക്കുന്നവരായിരിക്കാതെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അഭിനന്ദിക്കാൻ അവസരങ്ങൾ തേടണം. (എഫെസ്യർ 6:4) കൃതജ്ഞതാ മനോഭാവം നട്ടുവളർത്താൻ തങ്ങളുടെ മേൽനോട്ടത്തിൻ കീഴിലുള്ള കുട്ടികളെ സഹായിക്കാനുള്ള എന്തൊരു പദവിയാണ് അവർക്കുള്ളത്.—സദൃശവാക്യങ്ങൾ 29:21 താരതമ്യം ചെയ്യുക.
ദൈവത്തോടു നന്ദിയുള്ളവരായിരിക്കൽ
‘എല്ലാ നല്ല ദാനത്തിന്റെയും തികഞ്ഞ വര’ത്തിന്റെയും ദാതാവാണ് യഹോവയാം ദൈവം. (യാക്കോബ് 1:17) ജീവനാകുന്ന ദാനമാണ് അവയിൽ ഏറ്റവും പ്രധാനം. കാരണം ജീവൻ നഷ്ടമായാൽ നമുക്കുള്ളതോ നാം ആസൂത്രണം ചെയ്തേക്കാവുന്നതോ ആയ കാര്യങ്ങളെല്ലാം വ്യർഥമായിത്തീരും. “[യഹോവയാം ദൈവത്തിന്റെ] പക്കൽ ജീവന്റെ ഉറവു”ണ്ടെന്ന് ഓർമിക്കാൻ ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (സങ്കീർത്തനം 36:5, 7, 9; പ്രവൃത്തികൾ 17:28) ദൈവത്തോടു കൃതജ്ഞതയുള്ള ഒരു ഹൃദയം നട്ടുവളർത്തുന്നതിന്, നമ്മുടെ ശാരീരികവും ആത്മീയവുമായ ജീവൻ നിലനിർത്തുന്ന അവന്റെ ഉദാരമായ കരുതലുകളെക്കുറിച്ച് നാം ധ്യാനിക്കേണ്ടതുണ്ട്. (സങ്കീർത്തനം 1:1-3; 77:11, 12) അത്തരമൊരു ഹൃദയം വാക്കിലും പ്രവൃത്തിയിലും വിലമതിപ്പു കാട്ടാൻ നമ്മെ പ്രേരിപ്പിക്കും.
ദൈവത്തോടുള്ള നമ്മുടെ കൃതജ്ഞത പ്രകടിപ്പിക്കാൻ പറ്റിയ വ്യക്തമായൊരു മാർഗമാണ് പ്രാർഥന. സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പ്രഖ്യാപിച്ചു: “എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.” (സങ്കീർത്തനം 40:5) നാമും സമാനമായി പ്രചോദിപ്പിക്കപ്പെടുമാറാകട്ടെ.
മറ്റുള്ളവരോടുള്ള സംസാരത്തിലൂടെയും ദൈവത്തോട് തന്റെ വിലമതിപ്പ് പ്രകടിപ്പിക്കാൻ ദാവീദ് നിശ്ചയമുള്ളവനായിരുന്നു. അവൻ പറഞ്ഞു: “ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും.” (സങ്കീർത്തനം 9:1) ദൈവവചനത്തിൽനിന്നുള്ള സത്യം മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ട് ദൈവത്തെക്കുറിച്ച് അവരോടു സംസാരിക്കുന്നതാണ്, സാധ്യതയനുസരിച്ച് അവനോടുള്ള നമ്മുടെ കൃതജ്ഞത പ്രകടിപ്പിക്കാനുള്ള ഏറ്റവും മെച്ചമായ വിധം. ജീവതത്തിലെ മറ്റ് മണ്ഡലങ്ങളിൽ കൂടുതൽ കൃതജ്ഞതയുള്ളവരായിരിക്കാൻ അതു നമ്മെ സഹായിക്കും.
“സ്തോത്രമെന്ന [“നന്ദി നൽകൽ എന്ന” NW] യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ . . . രക്ഷയെ കാണിക്കും” എന്ന് യഹോവ പറയുന്നു. അവനോടുള്ള ഹൃദയംഗമമായ കൃതജ്ഞത പ്രകടിപ്പിക്കുന്നതിൽനിന്ന് ഉളവാകുന്ന സന്തോഷം നിങ്ങൾ അനുഭവിക്കുമാറാകട്ടെ.—സങ്കീർത്തനം 50:23; 100:2.
[7-ാം പേജിലെ ചിത്രം]
ജീവൻ ദൈവത്തിൽനിന്നുള്ള ഒരു ദാനമാണ്.കൃതജ്ഞതയുടെ വ്യക്തിഗത പ്രകടനം നടത്തുക
-