മാതാപിതാക്കളേ—നിങ്ങളുടെ കുട്ടികളെ കാത്തുസംരക്ഷിക്കുക!
നൈജീരിയയിലെ ഒരു ഹൈസ്കൂളിൽ ലൈംഗിക അധാർമികതയ്ക്കു കുപ്രസിദ്ധയായ ഒരു പെൺകുട്ടിക്ക് ലൈംഗിക കാര്യങ്ങളെക്കുറിച്ചു സഹ വിദ്യാർഥിനികളെ ഉപദേശിക്കാൻ ഇഷ്ടമായിരുന്നു. ഗർഭച്ഛിദ്രത്തിന് അവൾ നിർദേശിച്ച മരുന്നുകളിലൊന്ന് ഒരു പ്രത്യേക പുകയില സംയുക്തം വളരെയേറെ കലർത്തിയ സ്റ്റൗട്ട് ബിയർ ആയിരുന്നു. അശ്ലീല സാഹിത്യങ്ങളിൽനിന്നു തിരഞ്ഞെടുത്ത അവളുടെ കഥകൾ നിരവധി സഹപാഠികളെ വിസ്മയിപ്പിച്ചു. ചിലർ പരീക്ഷണാർഥം ലൈംഗികതയിലേർപ്പെടാൻ തുടങ്ങി. അവരിലൊരാൾ ഗർഭിണിയായി. ഗർഭം അലസിപ്പിക്കാനായി അവൾ ആ ബിയർ/പുകയില മിശ്രിതം കുടിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവൾ രക്തം ഛർദിക്കാൻ തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞ് ആശുപത്രിയിൽവെച്ച് അവൾ മരിച്ചു.
ഇന്നത്തെ ലോകത്ത് അനേകം ചെറുപ്പക്കാർ ലൈംഗികതയെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നു. അവരെ കണ്ണുമടച്ച് വിശ്വസിക്കുന്നവർക്ക് അതു നാശം വരുത്തിവെക്കുകയും ചെയ്യുന്നു. ചെറുപ്പക്കാരെ കാത്തുസംരക്ഷിക്കുന്ന സൂക്ഷ്മപരിജ്ഞാനം കണ്ടെത്താൻ അവർ ആരിലേക്കു തിരിയണം? അവരെ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” വളർത്താൻ ഉത്തരവാദിത്വമുള്ള, ദൈവഭയമുള്ള മാതാപിതാക്കളിലേക്ക് അവർ നോക്കുന്നത് എത്ര നല്ലതാണ്.—എഫെസ്യർ 6:4.
ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച ആഫ്രിക്കൻ വീക്ഷണങ്ങൾ
തങ്ങളുടെ കുട്ടികളുമായി ലൈംഗിക കാര്യങ്ങൾ ചർച്ച ചെയ്യുക ബുദ്ധിമുട്ടാണെന്ന് ലോകമെമ്പാടുമുള്ള ഒട്ടനവധി മാതാപിതാക്കൾ കണ്ടെത്തുന്നു. ആഫ്രിക്കയിൽ ഇതു വിശേഷാൽ സത്യമാണ്. സിയെറാ ലിയോണിലുള്ള ഒരു പിതാവായ ഡൊണാൾഡ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “അങ്ങനയൊന്നും ഒരിക്കലും ചെയ്യാറില്ല. അപ്രകാരം ചെയ്യുന്നത് ആഫ്രിക്കൻ സംസ്കാരത്തിന്റെ ഭാഗമല്ല.” കോൺഫിഡൻറ് എന്നു പേരുള്ള ഒരു നൈജീരിയക്കാരി അതിനോടു യോജിക്കുന്നു: “പരസ്യമായി ഒരിക്കലും പറയരുതാത്ത ഒന്നായിട്ടാണ് എന്റെ മാതാപിതാക്കൾ ലൈംഗികതയെ വീക്ഷിക്കുന്നത്; അത് സമുദായത്തിൽ നിഷിദ്ധമാണ്.”
ലൈംഗികതയോടു ബന്ധപ്പെട്ട പദങ്ങളായ ലിംഗം, ശുക്ലം, ആർത്തവം മുതലായവ ഉച്ചരിക്കുന്നത് ചില ആഫ്രിക്കൻ സമുദായങ്ങളിൽ അശ്ലീലമായി വീക്ഷിക്കപ്പെടുന്നു. ഒരു ക്രിസ്തീയ മാതാവ് “ലൈംഗികത” എന്ന പദം തന്റെ മകൾ ഉപയോഗിക്കുന്നത് വിലക്കുകപോലും ചെയ്തു, എന്നാൽ “പരസംഗം” എന്ന പദം മകൾക്ക് ഉപയോഗിക്കാമെന്ന് അവർ പറഞ്ഞു. നേരേമറിച്ച്, ദൈവവചനമായ ബൈബിൾ ലൈംഗികതയെയും ലൈംഗിക അവയവങ്ങളെയും കുറിച്ച് തുറന്നു സംസാരിക്കുന്നു. (ഉല്പത്തി 17:11; 18:11; 30:16, 17; ലേവ്യപുസ്തകം 15:2) ഞെട്ടിപ്പിക്കുകയോ ഉത്തേജിപ്പിക്കുയോ ചെയ്യുക എന്നതല്ല, മറിച്ച് ദൈവജനത്തെ സംരക്ഷിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ലക്ഷ്യം.—2 തിമൊഥെയൊസ് 3:16.
സാമുദായിക വിലക്കുകൾക്കു പുറമേ, ചില മാതാപിതാക്കൾ പിന്മാറിനിൽക്കുന്നതിന്റെ മറ്റൊരു കാരണത്തെക്കുറിച്ച് നൈജീരിയക്കാരനായ ഒരു പിതാവ് ഇപ്രകാരം പ്രസ്താവിച്ചു: “ഞാനെന്റെ കുട്ടികളുമായി ലൈംഗികതയെക്കുറിച്ചു ചർച്ച ചെയ്താൽ, ലൈംഗിക അധാർമികതയിൽ ഏർപ്പെടാൻ അതവരെ ഉത്തേജിപ്പിച്ചേക്കാം.” എന്നാൽ ലൈംഗികതയെക്കുറിച്ചുള്ള മാന്യമായ, ബൈബിളധിഷ്ഠിത വിവരങ്ങൾ വേഗം അതൊന്നു പരീക്ഷിച്ചുനോക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുമോ? തീർച്ചയായുമില്ല. വാസ്തവത്തിൽ, ചെറുപ്പക്കാർക്ക് അറിവ് കുറവായിരിക്കുംതോറും പ്രശ്നത്തിൽ അകപ്പെടാനുള്ള സാധ്യത കൂടുതലായിരിക്കും. “[സൂക്ഷ്മപരിജ്ഞാനത്തിൽ അധിഷ്ഠിതമായ] ജ്ഞാനം ഒരു സംരക്ഷണമാണ്” എന്ന് ബൈബിൾ പ്രസ്താവിക്കുന്നു.—സഭാപ്രസംഗി 7:12, NW.
യേശുവിന്റെ ഒരു ഉപമയിൽ, വിവേകമുള്ള ഒരു മനുഷ്യൻ ഭാവിയിൽ കൊടുങ്കാറ്റുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് തന്റെ വീട് പാറമേൽ പണിതു. അതേസമയം, വിഡ്ഢിയായ ഒരുവൻ മണലിന്മേൽ വീട് പണിതു, അവൻ അനർഥം അനുഭവിക്കുകയും ചെയ്തു. (മത്തായി 7:24-27) സമാനമായി, ലോകത്തിന്റെ കുത്തഴിഞ്ഞ ലൈംഗിക നിലവാരങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനുള്ള കൊടുങ്കാറ്റു സമാനമായ സമ്മർദങ്ങൾ തങ്ങളുടെ കുട്ടികൾ അഭിമുഖീകരിക്കുമെന്നു മനസ്സിലാക്കിക്കൊണ്ട് വിവേകമുള്ള ക്രിസ്തീയ മാതാപിതാക്കൾ ഉറച്ചുനിൽക്കാൻ സഹായിക്കുന്ന സൂക്ഷ്മപരിജ്ഞാനവും ഗ്രാഹ്യവുംകൊണ്ട് കുട്ടികളെ ബലിഷ്ഠരാക്കും.
അനേകം മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുമായി ലൈംഗിക കാര്യങ്ങൾ സംസാരിക്കാത്തതിന്റെ കൂടുതലായൊരു കാരണത്തെക്കുറിച്ച് ഒരു ആഫ്രിക്കക്കാരി ഇപ്രകാരം പ്രസ്താവിച്ചു: “എന്റെ ചെറുപ്പത്തിൽ, സാക്ഷികളായിരുന്ന മാതാപിതാക്കൾ എന്നോട് ലൈംഗിക കാര്യങ്ങൾ ചർച്ചചെയ്തിട്ടില്ല. അതുകൊണ്ട് എന്റെ കുട്ടികളുമായി ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല.” എന്നാൽ, ഇന്നത്തെ ചെറുപ്പക്കാരുടെമേലുള്ള സമ്മർദങ്ങൾ 10-ഓ 20-ഓ വർഷം മുമ്പത്തെ അപേക്ഷിച്ച് വളരെക്കൂടുതലാണ്. ഇത് അതിശയകരമല്ല. “അന്ത്യകാലത്തു . . . ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും” എന്ന് ദൈവവചനം മുൻകൂട്ടിപ്പറഞ്ഞു.—2 തിമൊഥെയൊസ് 3:1, 13, 14.
മിക്ക കുട്ടികളും മാതാപിതാക്കളിൽ വിശ്വാസമർപ്പിക്കാൻ വിമുഖരോ അതിനു കഴിയാത്തവരോ ആണെന്ന വസ്തുത പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നു. സാധാരണ കാര്യങ്ങളിൽപ്പോലും അങ്ങോട്ടുമിങ്ങോട്ടുമുള്ള ആശയവിനിയമം മിക്കപ്പോഴും കുറവാണ്. ഒരു 19 വയസ്സുകാരൻ ഇപ്രകാരം വിലപിച്ചു: “മാതാപിതാക്കളുമായി ഞാൻ കാര്യാദികൾ ചർച്ചചെയ്യാറില്ല. ഞാനും പിതാവും തമ്മിൽ നല്ല ആശയവിനിമയമേ ഇല്ല. അദ്ദേഹം ശ്രദ്ധിക്കില്ല.”
ലൈംഗിക കാര്യങ്ങളെക്കുറിച്ചു ചോദിക്കുന്നതു പ്രത്യാഘാതങ്ങൾ വരുത്തിവെച്ചേക്കുമോയെന്നും ചെറുപ്പക്കാർ ഭയപ്പെട്ടേക്കാം. ഒരു 16 വയസ്സുകാരി പറഞ്ഞു: “ഞാൻ ലൈംഗിക പ്രശ്നങ്ങൾ മാതാപിതാക്കളുമൊത്ത് ചർച്ചചെയ്യാറില്ല, കാരണം അവർ പ്രതികരിക്കുന്ന രീതിയാണ്. കുറച്ചുകാലം മുമ്പ് എന്റെ ചേച്ചി ലൈംഗികതയോടു ബന്ധപ്പെട്ട ചില ചോദ്യങ്ങൾ മമ്മിയോടു ചോദിച്ചു. ചേച്ചിയുടെ പ്രശ്നങ്ങൾക്കു സഹായമേകുന്നതിനു പകരം മമ്മി ചേച്ചിയുടെ ആന്തരങ്ങളെ സംശയിച്ചു. മമ്മി മിക്കപ്പോഴും എന്നെ വിളിച്ച് ചേച്ചിയെക്കുറിച്ച് അന്വേഷിക്കുമായിരുന്നു, ചിലപ്പോൾ ചേച്ചിയുടെ ധാർമികതയെ സംശയിച്ചുകൊണ്ടുപോലും. എന്നോടുള്ള മമ്മിയുടെ സ്നേഹം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് എന്റെ പ്രശ്നങ്ങളെക്കുറിച്ച് ഞാൻ മമ്മിയോടു പറയാറില്ല.”
പ്രബോധിപ്പിക്കേണ്ടത് എന്തുകൊണ്ട്?
ലൈംഗിക കാര്യങ്ങളെക്കുറിച്ച് മതിയായ അളവിൽ നമ്മുടെ കുട്ടികളെ പ്രബോധിപ്പിക്കുന്നത് ചെയ്യേണ്ട ശരിയായ കാര്യം മാത്രമല്ല ചെയ്യേണ്ട ദയാപൂർവകമായ കാര്യവുംകൂടെയാണ്. ലൈംഗികതയെപ്പറ്റി മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നില്ലെങ്കിൽ മറ്റുള്ളവർ അപ്രകാരം ചെയ്യും—മിക്കപ്പോഴും മാതാപിതാക്കൾ പ്രതീക്ഷിക്കുന്നതിനെക്കാൾ വേഗത്തിലും ദൈവിക തത്ത്വങ്ങളോടു യോജിക്കാത്ത വിധത്തിലും. ഒരു 13 വയസ്സുകാരി പരസംഗം ചെയ്തു. കാരണം, കന്യകാത്വം നഷ്ടപ്പെട്ടില്ലെങ്കിൽ ഭാവിയിൽ അതികഠിനമായ വേദന സഹിക്കേണ്ടിവരുമെന്ന് ഒരു സഹപാഠി അവളോടു പറഞ്ഞത്രേ. “അവർ നിന്റെ കന്യാചർമം കത്രികകൊണ്ട് മുറിക്കും” എന്ന് അവളോടു പറയപ്പെട്ടു. താൻ കേട്ടതിനെക്കുറിച്ച് തന്റെ ക്രിസ്തീയ മാതാവിനോടു പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് പിന്നീട് ചോദിച്ചപ്പോൾ, അത്തരം കാര്യങ്ങൾ ഒരിക്കലും മുതിർന്നവരുമായി ചർച്ചചെയ്യാറില്ലെന്ന് അവൾ മറുപടി പറഞ്ഞു.
ഒരു നൈജീരിയക്കാരി ഇങ്ങനെ പറഞ്ഞു: “സാധാരണ നിലയിലുള്ള എല്ലാ മനുഷ്യരും ഏർപ്പെട്ടിരിക്കേണ്ട ഒന്നാണ് ലൈഗികതയെന്ന് എന്നെ ബോധ്യപ്പെടുത്താൻ സ്കൂളിലെ എന്റെ കൂട്ടുകാരികൾ ശ്രമിച്ചു. ഞാൻ ഇപ്പോൾ ലൈംഗികതയിൽ ഏർപ്പെടുന്നില്ലെങ്കിൽ 21 വയസ്സാകുമ്പോൾ, സ്ത്രീത്വത്തിന്മേൽ വിപത്കരമായ ഫലമുളവാക്കുന്ന ഒരു രോഗം എന്നെ ബാധിക്കാൻ തുടങ്ങുമെന്ന് അവർ എന്നോടു പറഞ്ഞു. അതുകൊണ്ട്, അത്തരം ഭയാനകമായ അപകടങ്ങൾ ഒഴിവാക്കാൻ വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു നല്ലതാണെന്ന് അവർ പറഞ്ഞു.”
മാതാപിതാക്കളുമായി നല്ല ആശയവിനിയമം ഉണ്ടായിരുന്ന അവൾക്ക്, വീട്ടിൽവെച്ചു താൻ പഠിച്ചതിനു വിരുദ്ധമാണിതെന്നു പെട്ടെന്നു മനസ്സിലായി. “സ്കൂളിൽവെച്ച് അവർ എന്നോടു പറഞ്ഞത് ഞാൻ പതിവുപോലെ വീട്ടിൽ മടങ്ങിച്ചെന്ന് അമ്മയോടു പറഞ്ഞു.” ആ തെറ്റായ വിവരത്തെ ഖണ്ഡിക്കാൻ അവളുടെ അമ്മയ്ക്കു കഴിഞ്ഞു.—സദൃശവാക്യങ്ങൾ 14:15 താരതമ്യം ചെയ്യുക.
ലൈംഗിക കാര്യങ്ങളിൽ ദൈവിക ജ്ഞാനം നേടാൻ കുട്ടികളെ സഹായിക്കുന്നതിനാവശ്യമായ അറിവ് പങ്കുവെച്ചുകൊണ്ട് മാതാപിതാക്കൾക്ക്, അപകടകരമായ സാഹചര്യങ്ങളെയും തങ്ങളെ ചൂഷണം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളെയും തിരിച്ചറിയാൻ കുട്ടികളെ സജ്ജരാക്കാൻ കഴിയും. ലൈംഗികമായി പകരുന്ന രോഗങ്ങളുടെയും അനാവശ്യ ഗർഭധാരണങ്ങളുടെയും ഹൃദയവേദനയിൽനിന്ന് അവരെ സംരക്ഷിക്കാൻ അത് സഹായിക്കുന്നു. അത് അവരുടെ ആത്മാഭിമാനവും മറ്റുള്ളവരിൽനിന്നു ലഭിക്കുന്ന ആദരവും വർധിപ്പിക്കുന്നു. അത് അവരെ തെറ്റിദ്ധാരണകളിൽനിന്നും ഉത്കണ്ഠയിൽനിന്നും സ്വതന്ത്രരാക്കുന്നു. ഉചിതമായ ലൈംഗികതയോട് ആരോഗ്യാവഹമായ, ക്രിയാത്മക മനോഭാവം അത് ഊട്ടിവളർത്തുന്നു, പിന്നീട് അവർ വിവാഹിതരാകുന്നപക്ഷം അതവരുടെ സന്തുഷ്ടി വർധിപ്പിക്കും. ദൈവമുമ്പാകെ ഒരു അംഗീകൃതനില കാത്തുസൂക്ഷിക്കാൻ അത് അവരെ സഹായിക്കും. തങ്ങളോടു സ്നേഹനിർഭരമായ താത്പര്യം പ്രകടമാക്കുന്നതു കാണുമ്പോൾ മാതാപിതാക്കളെ കൂടുതൽ ആദരിക്കാനും സ്നേഹിക്കാനും അവർക്കതു പ്രേരണയേകും.
നല്ല ആശയവിനിമയം
കുട്ടികളുടെ ആവശ്യത്തിന് അനുയോജ്യമായ ബുദ്ധ്യുപദേശം നൽകാൻ മാതാപിതാക്കൾക്കു കഴിയണമെങ്കിൽ ഇരുദിശയിലേക്കും ആശയവിനിയമം ഉണ്ടായിരിക്കണം. കുട്ടികളുടെ മനസ്സിലും ഹൃദയത്തിലുമുള്ളത് എന്താണെന്ന് മാതാപിതാക്കൾക്ക് അറിയില്ലെങ്കിൽ നല്ലൊരു ബുദ്ധ്യുപദേശംപോലും ഒരു പ്രയോജനവും ചെയ്യാതിരുന്നേക്കാം. രോഗത്തിന്റെ സ്വഭാവം മനസ്സിലാക്കാതെ ഡോക്ടർ രോഗിക്കു മരുന്നുകുറിക്കുന്നതുപോലെ ആയിരിക്കുമത്. ഫലപ്രദരായ ഉപദേശകരായിരിക്കുന്നതിന്, തങ്ങളുടെ കുട്ടികൾ വാസ്തവത്തിൽ എന്താണ് ചിന്തിക്കുന്നതെന്നും അവർക്കെന്തു തോന്നുന്നുവെന്നും മാതാപിതാക്കൾ അറിഞ്ഞിരിക്കണം. കുട്ടികൾ അഭിമുഖീകരിക്കുന്ന സമ്മർദങ്ങളും പ്രശ്നങ്ങളും അവരെ കുഴപ്പിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളും മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്. കുട്ടികൾ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുന്നത് പ്രധാനമാണ്. “കേൾപ്പാൻ വേഗതയും പറവാൻ താമസവും” ഉള്ളവരായിരിക്കുക.—യാക്കോബ് 1:19; സദൃശവാക്യങ്ങൾ 12:18; സഭാപ്രസംഗി 7:8.
തങ്ങളുടെ ഏറ്റവും ആഴമായ വികാരങ്ങൾപോലും വെളിപ്പെടുത്താൻ കുട്ടികൾക്കു സ്വാതന്ത്യം തോന്നുന്ന തരത്തിലുള്ള ഒരു ഉറ്റബന്ധം നട്ടുവളർത്തുകയും നിലനിർത്തുകയും ചെയ്യുന്നതിന് മാതാപിതാക്കളുടെ ഭാഗത്തു സമയവും ക്ഷമയും ശ്രമവും ആവശ്യമാണ്. എന്നാൽ അതു നേടിയെടുത്തു കഴിയുമ്പോൾ അതെത്ര സുഖദായകമാണ്! അഞ്ച് കുട്ടികളുള്ള ഒരു പശ്ചിമാഫ്രിക്കൻ പിതാവ് പറയുന്നു: “ഞാനൊരു പിതാവും വിശ്വസ്ത സുഹൃത്തുമാണ്. ലൈംഗികത ഉൾപ്പെടെ എല്ലാ വിഷയങ്ങളും കുട്ടികൾ എന്നോടു തുറന്നു ചർച്ച ചെയ്യുന്നു. പെൺമക്കൾപോലും രഹസ്യങ്ങൾ തുറന്നുപറയുന്നു. അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങൾ സമയമെടുക്കുന്നു. തങ്ങളുടെ സന്തോഷങ്ങളും അവർ എന്നോടൊപ്പം പങ്കുവെക്കുന്നു.”
അദ്ദേഹത്തിന്റെ പുത്രിമാരിൽ ഒരാളായ ബോള പറയുന്നു: “എന്റെ പിതാവിൽനിന്ന് ഞാൻ യാതൊന്നും രഹസ്യമാക്കിവെക്കാറില്ല. അദ്ദേഹം പരിഗണനയും സഹാനുഭൂതിയും ഉള്ളവനാണ്. ഞങ്ങൾ തെറ്റുചെയ്യുമ്പോൾ പോലും അദ്ദേഹം ഞങ്ങളെ ഉപദ്രവിക്കുകയോ പരുഷമായി പെരുമാറുകയോ ഇല്ല. ദേഷ്യപ്പെടുന്നതിനു പകരം അദ്ദേഹം പ്രസ്തുത സംഗതി വിശകലനം ചെയ്ത്, ഞങ്ങൾ എന്തുചെയ്യണമെന്നോ ചെയ്യരുതായിരുന്നുവെന്നോ കാണിച്ചുതരും. അതിന് അദ്ദേഹം കൂടെക്കൂടെ യൗവനം പുസ്തകവും കുടുംബ സന്തുഷ്ടി പുസ്തകവും ഉപയോഗിക്കുന്നു.”a
മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം, സാധ്യമെങ്കിൽ കുട്ടികൾ വളരെ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ അവരോട് ലൈംഗികതയെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്നത് നല്ലതാണ്. മിക്കപ്പോഴും പ്രശ്നങ്ങൾ അനുഭവപ്പെടുന്ന കൗമാര വർഷങ്ങളിൽ ചർച്ചകൾ തുടർന്നുകൊണ്ടുപോകാൻ അതൊരു അടിസ്ഥാനമായിത്തീരുന്നു. ചർച്ചകൾ നേരത്തേ ആരംഭിക്കുന്നില്ലെങ്കിൽ പിൽക്കാലത്ത് അവ തുടങ്ങാൻ ബുദ്ധിമുട്ടാണ്, എന്നിരുന്നാലും അവ തുടങ്ങുക സാധ്യമാണ്. അഞ്ചു കുട്ടികളുള്ള ഒരു മാതാവു പറഞ്ഞു: “ഒടുവിൽ എനിക്കോ കുട്ടിക്കോ സങ്കോചം അനുഭവപ്പെടാതാകുന്നതുവരെ അതേക്കുറിച്ചു സംസാരിക്കാൻ ഞാൻ എന്നെത്തന്നെ നിർബന്ധിച്ചു.” കുട്ടിയുടെ ക്ഷേമം അപകടത്തിലായേക്കാവുന്നതുകൊണ്ട് അത്തരം ശ്രമങ്ങൾ നിശ്ചയമായും മൂല്യവത്താണ്.
സംരക്ഷിതരും സന്തുഷ്ടരും
സംരക്ഷണാത്മക പരിജ്ഞാനംകൊണ്ട് സ്നേഹപൂർവം തങ്ങളെ സുസജ്ജരാക്കുന്ന മാതാപിതാക്കളെ കുട്ടികൾ വിലമതിക്കുന്നു. ആഫ്രിക്കക്കാരായ ചില സാക്ഷികളുടെ അഭിപ്രായങ്ങൾ പരിചിന്തിക്കുക:
മോജിസോള 24 വയസ്സുള്ളപ്പോൾ പറഞ്ഞു: “അമ്മയോട് ഞാൻ എല്ലായ്പോഴും കൃതജ്ഞതയുള്ളവളായിരിക്കും. ലൈംഗികതയെക്കുറിച്ച് എനിക്ക് ആവശ്യമായ വിദ്യാഭ്യാസം ഉചിതമായ സമയത്ത് അവർ നൽകി. വളരെനാൾ മുമ്പ് അമ്മ അത്തരം കാര്യങ്ങൾ ചർച്ചചെയ്തപ്പോൾ എനിക്കു ലജ്ജ തോന്നിയെങ്കിലും അവർ എനിക്കുവേണ്ടി ചെയ്ത സത്കാര്യങ്ങൾ ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.”
ഇനിയോബോങ് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ലൈംഗികത സംബന്ധിച്ച് വേണ്ടത്ര പരിശീലനം നൽകിക്കൊണ്ട് മമ്മി എനിക്കായി ചെയ്തതിനെക്കുറിച്ച് അനുസ്മരിക്കുമ്പോൾ ഞാൻ എല്ലായ്പോഴും സന്തുഷ്ടയാണ്. എന്നെ സ്ത്രീത്വത്തിലേക്കു വഴിനയിക്കുന്നതിൽ അതു മർമപ്രധാനമായ ഒരു സഹായമായിരുന്നിട്ടുണ്ട്. ഭാവിയിൽ എന്റെ കുട്ടികൾക്കുവേണ്ടി ഞാൻ അതുതന്നെ ചെയ്യും.”
പത്തൊമ്പതുകാരനായ കുൺലെ പറഞ്ഞു: “ലോകത്തിലെ സ്ത്രീകളിൽനിന്നുണ്ടാകുന്ന യഥേഷ്ട ലൈംഗികതയ്ക്കുള്ള സമ്മർദങ്ങളെ വിജയപ്രദമായി ചെറുത്തുനിൽക്കാൻ മാതാപിതാക്കൾ എന്നെ സഹായിച്ചിരിക്കുന്നു. അവർ എനിക്ക് ആ പരിശീലനം തന്നില്ലായിരുന്നെങ്കിൽ ഞാൻ പാപത്തിലകപ്പെടുമായിരുന്നു. അവർ ചെയ്തതിനെ ഞാൻ എല്ലായ്പോഴും വിലമതിക്കും.”
ക്രിസ്റ്റിയാന പറഞ്ഞു: “ലൈംഗികതയെക്കുറിച്ച് അമ്മയുമായി സംസാരിക്കുന്നതിൽനിന്ന് എനിക്കു വളരെയേറെ പ്രയോജനം കിട്ടുന്നു. മാരകമായ രോഗങ്ങളിൽനിന്നും അനാവശ്യ ഗർഭധാരണങ്ങളിൽനിന്നും ഞാൻ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ അനുജന്മാർക്കും അനുജത്തിമാർക്കും നല്ലൊരു ദൃഷ്ടാന്തംവെക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. ആളുകളിൽനിന്നുള്ള ആദരവും ഞാൻ നേടിയിട്ടുണ്ട്. എന്റെ ഭാവി ഭർത്താവും എന്നെ ആദരിക്കും. അതിലും പ്രധാനമായി, യഹോവയാം ദൈവത്തിന്റെ കൽപ്പന കാക്കുക നിമിത്തം എനിക്ക് അവനുമായി നല്ലൊരു ബന്ധമുണ്ട്.”
നേരത്തേ പരാമർശിച്ച ബോള പറഞ്ഞു: “ലൈംഗികത വൈവാഹിക പ്രതിബദ്ധതകളൊന്നും കൂടാതെ ആസ്വദിക്കേണ്ട ഒന്നാണെന്നു പറഞ്ഞിരുന്ന ഒരു സഹപാഠി എനിക്കുണ്ടായിരുന്നു. അവൾക്ക് അതൊരു കുട്ടിക്കളിയായിരുന്നു. എന്നാൽ, ഗർഭിണിയായിത്തീർന്ന അവൾക്ക് ഞങ്ങളോടൊപ്പം ഹൈസ്കൂൾ പരീക്ഷ എഴുതാൻ കഴിയാതെവന്നപ്പോൾ അതൊരു കുട്ടിക്കളിയല്ലെന്ന് മനസ്സിലായി. എന്നെ വഴിനയിക്കാൻ ഒരു നല്ല പിതാവ് ഇല്ലായിരുന്നെങ്കിൽ, കഠിന അനുഭവങ്ങളിലൂടെ കാര്യങ്ങൾ പഠിച്ചുകൊണ്ട് ഞാനും ഒരുപക്ഷേ അവളെപ്പോലെ ആകുമായിരുന്നു.”
ലൈംഗികഭ്രാന്തു പിടിച്ച ഈ ലോകത്തിൽ “രക്ഷെക്കു ജ്ഞാനിയാ”യിത്തീരാൻ ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സഹായിക്കുന്നത് എന്തൊരനുഗ്രഹമാണ്! (2 തിമൊഥെയൊസ് 3:15) ദൈവദൃഷ്ടിയിൽ കുട്ടികളെ അലങ്കരിക്കുകയും സൗന്ദര്യമുള്ളവരാക്കുകയും ചെയ്യുന്ന ഒരു അമൂല്യ നെക്ലെയ്സുപോലെയാണ് അവരുടെ ബൈബിളധിഷ്ഠിത പ്രബോധനം. (സദൃശവാക്യങ്ങൾ 1:8, 9) കുട്ടികൾക്കു സുരക്ഷിതത്വം അനുഭവപ്പെടുന്നു, മാതാപിതാക്കൾക്കോ ആഴമായ സംതൃപ്തിയും. തന്റെ കുട്ടികളുമായുള്ള ആശയവിനമയ മാർഗം എല്ലായ്പോഴും തുറന്നിടാൻ ശ്രമിക്കുന്ന ആഫ്രിക്കക്കാരനായ ഒരു പിതാവ് പറഞ്ഞു: “ഞങ്ങൾക്ക് മനഃസമാധാനമുണ്ട്. യഹോവയെ പ്രസാദിപ്പിക്കുന്നത് എന്താണെന്നു ഞങ്ങളുടെ കുട്ടികൾക്ക് അറിയാമെന്നു ഞങ്ങൾക്കുറപ്പുണ്ട്. ലോകക്കാരായ ആളുകൾക്ക് അവരെ വഴിപിഴപ്പിക്കാനാവില്ല. കുടുംബത്തിനു വേദന ഉളവാക്കുന്ന കാര്യങ്ങൾ അവർ ചെയ്യില്ലെന്നു ഞങ്ങൾക്കുറപ്പാണ്. ഞങ്ങൾ അവരിൽ അർപ്പിക്കുന്ന വിശ്വാസത്തിനൊത്ത് അവർ ജീവിക്കുന്നതിൽ ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു.”
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[10-ാം പേജിലെ ചിത്രം]
മാതാപിതാക്കളിൽനിന്നു ബൈബിളധിഷ്ഠിത വിവരങ്ങൾ ലഭിക്കുന്ന ക്രിസ്തീയ യുവജനങ്ങൾക്ക് മറ്റു യുവജനങ്ങൾ പറയുന്ന വികലമായ വിവരങ്ങൾ തള്ളിക്കളയാൻ കഴിയും