-
“നമ്മുടേതിനു സമാനമായ വികാരങ്ങളുള്ള” മനുഷ്യർവീക്ഷാഗോപുരം—1998 | മാർച്ച് 1
-
-
“നമ്മുടേതിനു സമാനമായ വികാരങ്ങളുള്ള” മനുഷ്യർ
രാജാവും പ്രവാചകനുമായിരുന്ന അവൻ ഒരു സ്നേഹവാനായ പിതാവുമായിരുന്നു. അവന്റെ പുത്രന്മാരിൽ ഒരുവൻ വ്യർഥനും അഹങ്കാരിയുമായിത്തീർന്നു. സിംഹാസനം പിടിച്ചെടുക്കാനായി രണ്ടുംകൽപ്പിച്ചുള്ള ഒരു ശ്രമത്തിൽ, തന്റെ പിതാവിന്റെ മരണം ലക്ഷ്യമാക്കി ആ പുത്രൻ ഒരു ആഭ്യന്തര യുദ്ധത്തിന് തുടക്കമിട്ടു. എന്നാൽ തുടർന്നു നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടത് പുത്രനായിരുന്നു. പുത്രന്റെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഏകനായി പടിപ്പുര മാളികയിൽ കയറി പിതാവ് ഇപ്രകാരം വിലപിച്ചു: “എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” (2 ശമൂവേൽ 18:33) ആ പിതാവ് ദാവീദ് രാജാവായിരുന്നു. യഹോവയുടെ മറ്റ് പ്രവാചകന്മാരെപ്പോലെ അവനും “നമ്മുടേതിനു സമാനമായ വികാരങ്ങളുള്ള ഒരു മനുഷ്യൻ” ആയിരുന്നു.—യാക്കോബ് 5:17, NW.
ബൈബിൾ കാലങ്ങളിൽ യഹോവയ്ക്കുവേണ്ടി സംസാരിച്ച പുരുഷന്മാരും സ്ത്രീകളും എല്ലാ ജീവിതതുറകളിൽനിന്നുള്ളവരും സാധാരണക്കാരും ആയിരുന്നു. നമ്മെപ്പോലെ അവർക്കും പ്രശ്നങ്ങളുണ്ടായിരുന്നു. അവർ അപൂർണതയിൽനിന്ന് ഉളവാകുന്ന ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്തു. ആരായിരുന്നു ഈ പ്രവാചകന്മാരിൽ ചിലർ? അവരുടെ വികാരങ്ങൾ നമ്മുടേതിനു സമാനമായിരുന്നതെങ്ങനെ?
മോശ അമിതാത്മവിശ്വാസംവിട്ട് സൗമ്യത കാട്ടി
ക്രിസ്തീയപൂർവ കാലങ്ങളിലെ ഒരു പ്രമുഖ പ്രവാചകനായിരുന്നു മോശ. എന്നാൽ 40 വയസ്സുള്ളപ്പോൾപ്പോലും, യഹോവയുടെ വക്താവായി സേവിക്കാൻ തക്കവണ്ണം അവൻ ഒരുങ്ങിക്കഴിഞ്ഞിരുന്നില്ല. എന്തുകൊണ്ട്? അവന്റെ സഹോദരന്മാർ ഈജിപ്തിലെ ഫറവോനാൽ ഞെരുക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ മോശ ഫറവോന്റെ കുടുംബത്തിൽ വളർന്ന് “വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.” രേഖ നമ്മോട് ഇപ്രകാരം പറയുന്നു: “ദൈവം താൻമുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു അവൻ നിരൂപിച്ചു.” ഒരു എബ്രായ അടിമയുടെ സംരക്ഷണാർഥം ഒരു ഈജിപ്തുകാരനെ കൊന്നുകൊണ്ട് അവൻ അമിതമായ ആത്മവിശ്വാസത്തോടെ ആക്രമണോത്സുകനായി പ്രവർത്തിച്ചു.—പ്രവൃത്തികൾ 7:22-25; പുറപ്പാടു 2:11-14.
അപ്പോൾ മോശ ഒളിച്ചോടാൻ നിർബന്ധിതനായി. അവൻ വിദൂര മിദ്യാനിൽ തുടർന്നുള്ള നാലു പതിറ്റാണ്ടുകൾ ഒരു ആട്ടിടയനായി ജീവിച്ചു. (പുറപ്പാടു 2:15) ആ കാലഘട്ടത്തിന്റെ അവസാനത്തിൽ, അപ്പോൾ 80 വയസ്സുണ്ടായിരുന്ന മോശയെ യഹോവ ഒരു പ്രവാചകനായി നിയമിച്ചു. എന്നാൽ മോശ മേലാൽ അമിതമായ ആത്മവിശ്വാസമുള്ളവൻ ആയിരുന്നില്ല. താൻ തികച്ചും അയോഗ്യനാണെന്ന് അവനു തോന്നി. അതുകൊണ്ട് അവൻ പിൻവരുന്ന അഭിപ്രായ പ്രകടനങ്ങൾ നടത്തിക്കൊണ്ട്, യഹോവ തന്നെ പ്രവാചകനായി നിയോഗിച്ചതിനെ ചോദ്യം ചെയ്തു: “ഫറവോന്റെ അടുക്കൽപോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളു.” ‘ഞാൻ അവരോടു എന്തു പറയും?’ (പുറപ്പാടു 3:11, 13) യഹോവ സ്നേഹപൂർവം ആത്മവിശ്വാസം പകരുകയും സഹായമേകുകയും ചെയ്തപ്പോൾ മോശ വലിയ വിജയത്തോടെ തന്റെ നിയമനം നിറവേറ്റുന്നതിൽ തുടർന്നു.
മോശയെപ്പോലെ, ബുദ്ധിമോശമാണെന്നു തെളിഞ്ഞ കാര്യങ്ങൾ ചെയ്യാനോ പറയാനോ അമിതമായ ആത്മവിശ്വാസത്തെ നിങ്ങൾ എന്നെങ്കിലും അനുവദിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ, താഴ്മയോടെ കൂടുതലായ പരിശീലനം സ്വീകരിക്കുക. അല്ലെങ്കിൽ, ചില ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ നിങ്ങൾ യോഗ്യനല്ലെന്ന് നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? അവ നിരസിക്കുന്നതിനു പകരം യഹോവയും അവന്റെ സ്ഥാപനവും നൽകുന്ന സഹായം സ്വീകരിക്കുക. മോശയെ സഹായിച്ചവന് നിങ്ങളെയും സഹായിക്കാനാകും.
ഏലീയാവിന് ശിക്ഷണകാലത്ത് നമ്മുടേതിനു സമാനമായ വികാരങ്ങളുണ്ടായിരുന്നു
“ഏലീയാവു നമുക്കു സമസ്വഭാവമുള്ള [“നമ്മുടേതിനു സമാനമായ വികാരങ്ങളുള്ള”, NW] മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറുമാസവും ദേശത്തു മഴ പെയ്തില്ല.” (യാക്കോബ് 5:17) തന്നിൽനിന്നു വ്യതിചലിച്ചുപോയ ഒരു ജനതയ്ക്കു ശിക്ഷണം കൊടുക്കാനുള്ള യഹോവയുടെ ഹിതത്തോടു ചേർച്ചയിലായിരുന്നു ഏലീയാവിന്റെ പ്രാർഥന. എന്നാൽ, താൻ പ്രാർഥിച്ചുകൊണ്ടിരിക്കുന്ന വരൾച്ച മാനുഷ ദുരിതത്തിനിടയാക്കുമെന്ന് ഏലീയാവ് അറിഞ്ഞിരുന്നു. ഇസ്രായേൽ പ്രധാനമായും ഒരു കാർഷിക രാജ്യമായിരുന്നു; മഞ്ഞും മഴയും ആളുകളുടെ ജീവനാഡിയായിരുന്നു. തുടർച്ചയായ വരൾച്ച അങ്ങേയറ്റം ദുരിതം കൈവരുത്തുമായിരുന്നു. സസ്യങ്ങൾ വാടിക്കരിയുകയും വിളകൾ നശിക്കുകയും ചെയ്യുമായിരുന്നു. പണിയെടുപ്പിക്കാനും ഭക്ഷ്യാവശ്യത്തിനും ഉപയോഗിച്ചിരുന്ന വീട്ടുമൃഗങ്ങൾ ചത്തുപോകുകയും ചില കുടുംബങ്ങൾ കടുത്ത പട്ടിണിയുടെ ഭീഷണിയിലാകുകയും ചെയ്യുമായിരുന്നു. ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് ആരായിരിക്കുമായിരുന്നു? സാധാരണ ജനങ്ങൾ. തന്റെ പക്കൽ ഒരുപിടി മാവും അൽപ്പം എണ്ണയും മാത്രമേ ശേഷിച്ചിട്ടുള്ളെന്ന് പിന്നീട് ഒരു വിധവ ഏലീയാവിനോടു പറഞ്ഞു. താനും മകനും പെട്ടെന്നുതന്നെ പട്ടിണികിടന്നു മരിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. (1 രാജാക്കന്മാർ 17:12) ഏലീയാവിന്, താൻ പ്രാർഥിച്ചതുപോലെ പ്രാർഥിക്കുന്നതിന്, സത്യാരാധന ഉപേക്ഷിക്കാഞ്ഞ സമ്പന്നരും ദരിദ്രരുമായ തന്റെ ദാസന്മാർക്കുവേണ്ടി യഹോവ കരുതുമെന്ന ശക്തമായ വിശ്വാസം ആവശ്യമായിരുന്നു. രേഖ പ്രകടമാക്കുന്നതുപോലെ ഏലീയാവ് നിരാശനായില്ല.—1 രാജാക്കന്മാർ 17:13-16; 18:3-5.
പെട്ടെന്നുതന്നെ മഴപെയ്യിക്കുമെന്ന് മൂന്നു വർഷം കഴിഞ്ഞ് യഹോവ സൂചിപ്പിച്ചപ്പോൾ, “നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ചു”കൊണ്ട് ഏലീയാവ് നടത്തിയ ആവർത്തിച്ചുള്ള തീവ്രമായ പ്രാർഥനകളിൽ വരൾച്ച അവസാനിച്ചു കാണാനുള്ള അവന്റെ ഉത്കടമായ ആഗ്രഹം കാണാവുന്നതാണ്. (1 രാജാക്കന്മാർ 18:42) തന്റെ പ്രാർഥന യഹോവ കേട്ടതിന്റെ എന്തെങ്കിലും സൂചന ഉണ്ടോയെന്നറിയാൻ ‘ചെന്നു കടലിന്നു നേരെ നോക്കാൻ’ അവൻ തന്റെ ബാല്യക്കാരനെ ആവർത്തിച്ചാവർത്തിച്ച് ഉദ്ബോധിപ്പിച്ചു. (1 രാജാക്കന്മാർ 18:43) അവന്റെ പ്രാർഥനയ്ക്കുള്ള പ്രതികരണമായി ഒടുവിൽ “ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞ”പ്പോൾ അവന് എത്ര സന്തോഷം തോന്നിയിരിക്കണം!—യാക്കോബ് 5:18.
നിങ്ങൾ ഒരു പിതാവോ ക്രിസ്തീയ സഭയിലെ ഒരു മൂപ്പനോ ആണെങ്കിൽ, തിരുത്തൽ നൽകുമ്പോൾ ആഴമായ വികാരങ്ങളുമായി നിങ്ങൾക്കു മല്ലിടേണ്ടതുണ്ടായിരിക്കാം. എന്നാൽ ശിക്ഷണം ചിലയവസരങ്ങളിൽ അത്യാവശ്യമാണെന്നും അത് സ്നേഹപൂർവം നൽകുമ്പോൾ “നീതി എന്ന സമാധാനഫലം ലഭിക്കു”മെന്നുമുള്ള ബോധ്യത്താൽ അത്തരം മാനുഷ വികാരങ്ങളെ മയപ്പെടുത്തേണ്ടതുണ്ട്. (എബ്രായർ 12:11) യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്നതിന്റെ ഫലങ്ങൾ എല്ലായ്പോഴും അഭികാമ്യമാണ്. പ്രാർഥനകൾ സഫലമാകുന്നതിന് നാം, ഏലീയാവിനെപ്പോലെ, ഹൃദയത്തിൽനിന്നു പ്രാർഥിക്കണം.
യിരെമ്യാവ് നിരുത്സാഹത്തിന്മധ്യേയും ധൈര്യം പ്രകടമാക്കി
എല്ലാ ബൈബിളെഴുത്തുകാരിലുംവെച്ച്, തന്റെ വ്യക്തിപരമായ വികാരങ്ങളെക്കുറിച്ച് ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളത് ഒരുപക്ഷേ യിരെമ്യാവായിരിക്കാം. ഒരു ചെറുപ്പക്കാരനായിരിക്കെ തന്റെ നിയമനം സ്വീകരിക്കാൻ അവൻ വിമുഖനായിരുന്നു. (യിരെമ്യാവു 1:6) എന്നിരുന്നാലും വലിയ ധൈര്യത്തോടെ അവൻ ദൈവവചനം പ്രഖ്യാപിച്ചുതുടങ്ങി. രാജാവുമുതൽ സാധാരണക്കാരൻവരെ ഉള്ളവരുടെ ശക്തമായ എതിർപ്പ് അവനു നേരിടേണ്ടിവന്നു. ആ എതിർപ്പ് ചിലയവസരങ്ങളിൽ അവന് കോപത്തിനും കണ്ണുനീരിനും ഇടയാക്കി. (യിരെമ്യാവു 9:3; 18:20-23; 20:7-18) വ്യത്യസ്ത അവസരങ്ങളിൽ അവൻ, ജനക്കൂട്ടാക്രമണം, പ്രഹരം, ആമത്തിൽ ഇടൽ, തടവ്, വധഭീഷണി എന്നിവ സഹിച്ചു. മരിക്കേണ്ടതിന് ഒരിക്കൽ അവനെ വെള്ളമില്ലാത്ത ഒരു ചെളിക്കുഴിയിൽ ഇട്ടു. അവന്റെ പിൻവരുന്ന വാക്കുകളാൽ ചിത്രീകരിക്കപ്പെടുന്നതുപോലെ ചിലപ്പോഴൊക്കെ യഹോവയുടെ സന്ദേശം അവനു വേദനയുളവാക്കി: “അയ്യോ എന്റെ ഉദരം, എന്റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികൾ!”—യിരെമ്യാവു 4:19.
എന്നിട്ടും അവൻ യഹോവയുടെ വചനത്തെ സ്നേഹിച്ചു. അവൻ പറഞ്ഞു: “നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി.” (യിരെമ്യാവു 15:16) അതേസമയം, ഇച്ഛാഭംഗം ഇപ്രകാരം യഹോവയോടു നിലവിളിക്കാൻ അവനെ പ്രേരിപ്പിച്ചു: “നീ എനിക്കു ചതിക്കുന്ന തോടും വററിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കു”ന്നു. (യിരെമ്യാവു 15:18) എന്നിരുന്നാലും, യഹോവ അവന്റെ വികാര സംഘട്ടനങ്ങൾ മനസ്സിലാക്കുകയും അവന്റെ നിയമനം നിവർത്തിക്കാൻ കഴിയേണ്ടതിന് അവനെ തുടർന്നും പിന്തുണയ്ക്കുകയും ചെയ്തു.—യിരെമ്യാവു 15:20; 20:7-9 കൂടെ കാണുക.
ശുശ്രൂഷ നിർവഹിക്കുന്ന കാര്യത്തിൽ നിങ്ങൾ യിരെമ്യാവിനെപ്പോലെ ഇച്ഛാഭംഗമോ എതിർപ്പോ അഭിമുഖീകരിക്കുന്നുണ്ടോ? യഹോവയിലേക്കു നോക്കുക. അവന്റെ മാർഗനിർദേശം പിൻപറ്റുന്നതിൽ തുടരുക. യഹോവ നിങ്ങളുടെയും ശ്രമങ്ങൾക്കു പ്രതിഫലമേകും.
യേശുവിന് നമ്മുടേതിനു സമാനമായ വികാരങ്ങളുണ്ടായിരുന്നു
എക്കാലത്തെയും ഏറ്റവും മഹാനായ പ്രവാചകൻ ദൈവത്തിന്റെ സ്വന്തം പുത്രനായ യേശുക്രിസ്തുവായിരുന്നു. പൂർണതയുള്ള മനുഷ്യനായിരുന്നെങ്കിലും അവൻ തന്റെ വികാരങ്ങളെ അടിച്ചമർത്തിയില്ല. അവന്റെ മുഖത്തോ മറ്റുള്ളവരോടുള്ള അവന്റെ പ്രതികരണത്തിലോ പ്രകടമായിരുന്ന ആന്തരിക വികാരങ്ങളെക്കുറിച്ച് നാം മിക്കപ്പോഴും വായിക്കുന്നു. പലപ്പോഴും യേശുവിന്റെ “മനസ്സലിഞ്ഞു.” തന്റെ ഉപമയിലെ കഥാപാത്രങ്ങളെ വിവരിക്കവേ അവൻ അതേ പദപ്രയോഗം ഉപയോഗിച്ചു.—മർക്കൊസ് 1:41; 6:34; ലൂക്കൊസ് 10:33.
“ഇതു ഇവിടെ നിന്നു കൊണ്ടുപോകുവിൻ” എന്നു പറഞ്ഞുകൊണ്ട് വിൽപ്പനക്കാരെയും മൃഗങ്ങളെയും ആലയത്തിൽനിന്ന് ഓടിച്ചപ്പോൾ അവൻ തന്റെ ശബ്ദം ഉയർത്തിയിട്ടുണ്ടാകണം. (യോഹന്നാൻ 2:14-16) “കർത്താവേ, നിന്നോടുതന്നെ ദയാലുവായിരിക്ക” എന്ന പത്രൊസിന്റെ നിർദേശം ശക്തമായ പ്രതികരണം ക്ഷണിച്ചുവരുത്തി, “സാത്താനേ, എന്നെ വിട്ടു പോകൂ!”—മത്തായി 16:22, 23, NW.
തന്നോടു വിശേഷാൽ അടുപ്പമുണ്ടായിരുന്ന ചിലരോട് യേശുവിനു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. “യേശു സ്നേഹിച്ച ശിഷ്യൻ” എന്ന് അപ്പോസ്തലനായ യോഹന്നാൻ വർണിക്കപ്പെട്ടു. (യോഹന്നാൻ 21:7, 20) നാം ഇങ്ങനെയും വായിക്കുന്നു: “യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു.”—യോഹന്നാൻ 11:5.
യേശുവിന് വ്രണിത വികാരങ്ങളും അനുഭവപ്പെടാമായിരുന്നു. ലാസറുടെ മരണത്തിന്റെ ദുഃഖാനുഭവം ഉൾക്കൊണ്ട “യേശു കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:32-36) യൂദാ ഇസ്കര്യോത്ത തന്നെ ഒറ്റിക്കൊടുത്തത് ഉളവാക്കിയ ഹൃദയവേദന വെളിപ്പെടുത്തിക്കൊണ്ട് യേശു സങ്കീർത്തനങ്ങളിൽനിന്ന് കഠിനവേദനയുളവാക്കുന്ന ഒരു പ്രയോഗം ഉദ്ധരിച്ചു: “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.”—യോഹന്നാൻ 13:18; സങ്കീർത്തനം 41:9.
സ്തംഭത്തിൽകിടന്ന് അതികഠിനമായ വേദന അനുഭവിച്ചുകൊണ്ടിരുന്നപ്പോൾ പോലും യേശു തന്റെ വികാരങ്ങളുടെ ആഴം പ്രകടമാക്കി. അവൻ ആർദ്രതാപൂർവം തന്റെ അമ്മയെ “താൻ സ്നേഹിച്ച ശിഷ്യ”നെ ഭരമേൽപ്പിച്ചു. (യോഹന്നാൻ 19:26, 27) തന്നോടൊപ്പം ദണ്ഡനസ്തംഭത്തിലേറ്റപ്പെട്ട ദുഷ്പ്രവൃത്തിക്കാരിൽ ഒരുവനിൽ അനുതാപത്തിന്റെ തെളിവു കണ്ടപ്പോൾ യേശു കരുണാപൂർവം ഇങ്ങനെ പറഞ്ഞു: “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും.” (ലൂക്കൊസ് 23:43) അവന്റെ പിൻവരുന്ന നിലവിളിയിൽ നമുക്ക് അവന്റെ വികാരത്തിരത്തള്ളൽ കാണാവുന്നതാണ്: “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു”? (മത്തായി 27:46) അവന്റെ മരണസമയത്തെ വാക്കുകൾ ഹൃദയംഗമമായ സ്നേഹത്തിനും ആശ്രയബോധത്തിനും തെളിവു നൽകുന്നു: “പിതാവേ ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു.”—ലൂക്കൊസ് 23:46.
ഇവയെല്ലാം നമുക്കെത്ര ആത്മവിശ്വാസമാണ് പകരുന്നത്! “നമുക്കുള്ള മഹാപുരോഹിതൻ [യേശു] നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.”—എബ്രായർ 4:15.
യഹോവയുടെ ആത്മവിശ്വാസം
വക്താക്കളായി താൻ തിരഞ്ഞെടുത്തവരെപ്രതി യഹോവ ഒരിക്കലും ഖേദിച്ചിട്ടില്ല. അവനോടുള്ള അവരുടെ വിശ്വസ്തത അവൻ അറിഞ്ഞിരുന്നു. അപൂർണരായവരുടെ ബലഹീനതകൾ അവൻ കരുണാപൂർവം ക്ഷമിച്ചു. എന്നാൽ അവർ തങ്ങളുടെ നിയമനം നിവർത്തിക്കണമെന്ന് അവൻ പ്രതീക്ഷിച്ചു. അവന്റെ സഹായത്താൽ അവർ അപ്രകാരം ചെയ്യാൻ പ്രാപ്തരായിരുന്നു.
നമ്മുടെ വിശ്വസ്ത സഹോദരീസഹോദരന്മാരിൽ നമുക്ക് ക്ഷമാപൂർവം വിശ്വാസം പ്രകടമാക്കാം. നമ്മേപ്പോലെതന്നെ അവരും ഈ വ്യവസ്ഥിതിയിൽ എന്നും അപൂർണരായിരിക്കും. എങ്കിലും, നമ്മുടെ സഹോദരന്മാർ നമ്മുടെ സ്നേഹത്തിനും ശ്രദ്ധയ്ക്കും യോഗ്യരല്ലെന്ന് നാം ഒരിക്കലും വിധിക്കരുത്. പൗലൊസ് എഴുതി: “എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.”—റോമർ 15:1; കൊലൊസ്സ്യർ 3:13, 14.
നമുക്ക് അനുഭവപ്പെടുന്ന വികാരങ്ങളെല്ലാം യഹോവയുടെ പ്രവാചകന്മാർക്ക് അനുഭവപ്പെട്ടു. എങ്കിലും അവർ യഹോവയിൽ ആശ്രയിച്ചു. യഹോവ അവരെ പിന്താങ്ങി. അതിലുപരി, ഒരു നല്ല മനസ്സാക്ഷി, തന്റെ അംഗീകാരം സംബന്ധിച്ച ബോധ്യം, അവരെ പിന്താങ്ങിയ വിശ്വസ്ത സഹകാരികൾ, സന്തുഷ്ട ഭാവിയുടെ ഉറപ്പ് എന്നിങ്ങനെ യഹോവ അവർക്ക് സന്തോഷിക്കാൻ കാരണങ്ങൾ നൽകി. (എബ്രായർ 12:1-3) “നമ്മുടേതിനു സമാനമായ വികാരങ്ങളുള്ള” മനുഷ്യരുടെ, പുരാതന പ്രവാചകന്മാരുടെ, വിശ്വാസത്തെ അനുകരിക്കുമളവിൽ നമുക്കും പരിപൂർണ ആത്മവിശ്വാസത്തോടെ യഹോവയോടു പറ്റിനിൽക്കാം.
-
-
ഡോക്ടർമാരും ന്യായാധിപന്മാരും യഹോവയുടെ സാക്ഷികളുംവീക്ഷാഗോപുരം—1998 | മാർച്ച് 1
-
-
ഡോക്ടർമാരും ന്യായാധിപന്മാരും യഹോവയുടെ സാക്ഷികളും
യഹോവയുടെ സാക്ഷികൾ 1995 മാർച്ചിൽ ബ്രസീലിൽ രണ്ട് സെമിനാറുകൾ നടത്തി. ഉദ്ദേശ്യമോ? ആശുപത്രിയിലെ രോഗി യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കുകയും അങ്ങനെ രക്തപ്പകർച്ച അസ്വീകാര്യമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യശാസ്ത്ര-നിയമ ഉദ്യോഗസ്ഥരുടെ സഹകരണം തേടുക.—പ്രവൃത്തികൾ 15:29
ദുഃഖകരമെന്നു പറയട്ടെ, ചില കേസുകളിൽ ഡോക്ടർമാർ സാക്ഷികളായ രോഗികളുടെ ആഗ്രഹങ്ങളെ അവഗണിക്കുകയും നിർബന്ധിത രക്തപ്പകർച്ച നടത്താൻ കോടതി ഉത്തരവുകൾ തേടുകയും ചെയ്തിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ തങ്ങളെത്തന്നെ സംരക്ഷിക്കുന്നതിന് ലഭ്യമായ എല്ലാ നിയമപരമായ മാർഗങ്ങളും സാക്ഷികൾ ഉപയോഗിച്ചു. എന്നിരുന്നാലും, ഏറ്റുമുട്ടലല്ല മറിച്ച് സഹകരണമാണ് അവർ കൂടുതൽ ഇഷ്ടപ്പെട്ടത്. അതുകൊണ്ട്, സമാനരക്തം കുത്തിവെച്ചുകൊണ്ടുള്ള ചികിത്സയ്ക്കു പകരമായി ഉപയോഗിക്കാവുന്ന അനേകം ചികിത്സാരീതികളുണ്ടെന്നും യഹോവയുടെ സാക്ഷികൾ അവ സന്തോഷപൂർവം സ്വീകരിക്കുന്നുവെന്നും സെമിനാറുകൾ ഊന്നിപ്പറഞ്ഞു.a
സാവൊ പൗലോയിലെ പ്രാദേശിക വൈദ്യശാസ്ത്ര കൗൺസിലിന്റെ ഒരു യോഗം സാക്ഷികളുടെ നിലപാടിനെ പിന്താങ്ങിയിരുന്നു. ഒരു ഡോക്ടർ ശുപാർശ ചെയ്ത ചികിത്സാരീതിയോട് എതിർപ്പുണ്ടെങ്കിൽ അതു നിരസിക്കാനും മറ്റൊരു ഡോക്ടറെ തിരഞ്ഞെടുക്കാനും രോഗിക്ക് അവകാശമുണ്ടെന്ന് 1995 ജനുവരിയിൽ ആ കൗൺസിൽ തീരുമാനിച്ചു.
പ്രശംസാർഹമായി, തങ്ങളുടെ രോഗികൾ ആവശ്യപ്പെടുന്ന പക്ഷം രക്തരഹിത ചികിത്സ നടത്താൻ ബ്രസീൽ വൈദ്യശാസ്ത്ര സമൂഹത്തിലെ നൂറുകണക്കിനാളുകൾ ഇപ്പോൾ സന്നദ്ധരാണ്. 1995 മാർച്ചിലെ സെമിനാറുകൾ മുതൽ, ബ്രസീലിലെ ഡോക്ടർമാരും ന്യായാധിപന്മാരും യഹോവയുടെ സാക്ഷികളും തമ്മിലുള്ള സഹകരണം ശ്രദ്ധേയമാംവണ്ണം മെച്ചപ്പെട്ടിട്ടുണ്ട്. 1997-ൽ ബ്രസീലിലെ വൈദ്യശാസ്ത്ര മാഗസിനായ അംബിറ്റോ ഓസ്പിറ്റലർ രക്തപ്രശ്നം സംബന്ധിച്ച തങ്ങളുടെ നിലപാട് നിലനിർത്താനുള്ള യഹോവയുടെ സാക്ഷികളുടെ അവകാശം ദൃഢമായി പ്രഖ്യാപിച്ച ഒരു ലേഖനം പ്രസിദ്ധീകരിച്ചു. റിയോ ദെ ജെനയ്റോ, സാവൊ പൗലോ എന്നീ സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള പ്രാദേശിക വൈദ്യശാസ്ത്ര കൗൺസിലുകൾ പ്രസ്താവിച്ചതുപോലെ, “രോഗിയുടെ ജീവൻ സംരക്ഷിക്കാനുള്ള ഡോക്ടറുടെ കടമ, [ചികിത്സ സംബന്ധിച്ച്] തിരഞ്ഞെടുപ്പു നടത്താൻ രോഗിക്കുള്ള അവകാശത്തെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ കടമയ്ക്ക് അപ്പുറം പോകരുതെ”ന്നുള്ളത് ഇപ്പോൾ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.
-