അവർ യഹോവയുടെ ഹിതം ചെയ്തു
മാതാപിതാക്കളുടെ വിശ്വാസത്തിനു പ്രതിഫലം ലഭിച്ചു
ആൺകുട്ടി പിറന്നാൽ ഇസ്രായേല്യർ അത്യന്തം ആനന്ദിക്കുമായിരുന്നു. വംശാവലി തുടരുമെന്നും ഭൂസ്വത്തവകാശം കുടുംബത്തിന്റേതായി നിലകൊള്ളുമെന്നും അതർഥമാക്കി. എന്നാൽ, പൊ.യു.മു. ഏതാണ്ട് 1593-ൽ ആൺകുട്ടിക്കു ജന്മമേകുന്നത് അനുഗ്രഹത്തിനു പകരം ശാപമായി എബ്രായർക്കു തോന്നിയിരിക്കണം. കാരണം? തന്റെ അധീനതയിലുള്ള പ്രദേശത്തു യഹൂദരുടെ എണ്ണം ത്വരിത ഗതിയിൽ വർധിച്ചുവരുന്നതിൽ ആശങ്കാകുലനായ ഈജിപ്തിലെ ഫറവോൻ, അവരുടെ നവജാതരായ ആൺകുട്ടികളെയെല്ലാം കൊന്നുകളയാൻ കൽപ്പന പുറപ്പെടുവിച്ചു.—പുറപ്പാടു 1:12, 15-22.
നീചമായ ഈ വംശഹത്യയുടെ കാലത്താണ് എബ്രായ വിവാഹിത ദമ്പതികളായ അമ്രാമും യോഖേബെദും സുന്ദരനായ ഒരാൺകുട്ടിക്കു ജന്മമേകിയത്. ഫറവോന്റെ കൽപ്പനയെക്കുറിച്ച് ഓർത്തപ്പോൾ അവരുടെ സന്തോഷത്തിനു മീതെ ഭീതിയുടെ കരിനിഴൽ പരന്നതിനെക്കുറിച്ചു വിഭാവനചെയ്യുക ബുദ്ധിമുട്ടുള്ള സംഗതിയല്ല. എങ്കിലും, മകനെ കണ്ടപ്പോൾ, എന്തു സംഭവിച്ചാലും അവനെ കൈവിടുകയില്ലെന്ന് അമ്രാമും യോഖേബെദും തീരുമാനിച്ചുറച്ചു.—പുറപ്പാടു 2:1, 2; 6:20.
വിശ്വാസപ്രവൃത്തി
അമ്രാമും യോഖേബെദും മൂന്നു മാസം കുഞ്ഞിനെ ഒളിച്ചുവെച്ചു. (പുറപ്പാടു 2:2) എന്നാൽ അത് അപകടകരമായിരുന്നു. കാരണം എബ്രായരും ഈജിപ്തുകാരും അടുത്തടുത്താണു താമസിച്ചിരുന്നത്. ഫറവോന്റെ കൽപ്പന മറുക്കാൻ ഒരുമ്പെട്ടതായി കണ്ടെത്തുന്ന ഏതൊരുവനും മരണശിക്ഷയായിരുന്നു ഫലം. കുഞ്ഞിനെയും കൊന്നുകളയുമായിരുന്നു. ആ സ്ഥിതിക്ക്, മകന്റെയും തങ്ങളുടെതന്നെയും ജീവൻ കാത്തുസൂക്ഷിക്കാൻ ആ അർപ്പിത മാതാപിതാക്കൾക്ക് എന്തുചെയ്യാൻ കഴിയുമായിരുന്നു?
യോഖേബെദ് ഞാങ്ങണയുടെ (papyrus) ഏതാനും തണ്ടുകൾ സംഘടിപ്പിച്ചു. ഞാങ്ങണ ബലമുള്ള ചതുപ്പുനിലച്ചെടിയാണ്, മുളപോലിരിക്കും. വിരൽ വണ്ണത്തിലുള്ള ത്രിപാർശ്വ തണ്ടുകളാണ് അതിനുള്ളത്. അത് ആറു മീറ്റർവരെ ഉയരത്തിൽ വളർന്നേക്കാം. പേപ്പർ, പായ്കൾ, കപ്പൽപായ്കൾ, ചെരുപ്പുകൾ, ഭാരംകുറഞ്ഞ ബോട്ടുകൾ എന്നിവയുണ്ടാക്കാൻ ഈജിപ്തുകാർ ആ ചെടി ഉപയോഗിച്ചിരുന്നു.
യോഖേബെദ് ഞാങ്ങണയുടെ തണ്ടുകളുപയോഗിച്ച്, കുഞ്ഞിനെ കിടത്താവുന്ന വലുപ്പത്തിൽ ഒരു പേടകമുണ്ടാക്കി. പേടകം ഉറയ്ക്കാനും വെള്ളം കയറാതിരിക്കാനും അവൾ അതിൽ പശയും കീലും തേച്ചുപിടിപ്പിച്ചു. എന്നിട്ട്, അവൾ കുഞ്ഞിനെ അതിൽ കിടത്തി നൈൽനദിയുടെ തീരത്തു ഞാങ്ങണയുടെ ഇടയിൽവെച്ചു.—പുറപ്പാടു 2:3.
കുഞ്ഞിനെ കണ്ടെത്തുന്നു
അടുത്തതായി എന്തു സംഭവിക്കുമെന്നു കാണാൻ യോഖേബെദിന്റെ മകൾ മിര്യാം സമീപത്തായി നിലയുറപ്പിച്ചു. അപ്പോൾ ഫറവോന്റെ പുത്രി നൈൽനദിയിൽ കുളിക്കാൻ വന്നു.a രാജകുമാരി നൈൽനദിയുടെ ആ ഭാഗത്തു പതിവായി വന്നിരുന്ന കാര്യം ഒരുപക്ഷേ യോഖേബെദിന് അറിയാമായിരുന്നിരിക്കണം. തന്നിമിത്തം, പെട്ടി പെട്ടെന്നു കണ്ണിൽപ്പെടുന്നിടത്തു മനപ്പൂർവം വെച്ചുകാണും. എന്തുതന്നെയാണെങ്കിലും, ഞാങ്ങണയുടെയിടയിൽ കുരുങ്ങിക്കിടന്ന പെട്ടി ഉടനടി ഫറവോന്റെ പുത്രിയുടെ കണ്ണിൽപ്പെട്ടു. അത് എടുത്തുകൊണ്ടുവരാൻ അവൾ ദാസിമാരിലൊരാളെ അയച്ചു. പെട്ടിക്കുള്ളിൽക്കിടന്നു കരയുന്ന കുഞ്ഞിനെ കണ്ടപ്പോൾ അവൾ അനുകമ്പാർദ്രയായി. അതൊരു എബ്രായ പൈതലാണെന്ന് അവൾ മനസ്സിലാക്കി. എങ്കിലും, ഇത്രയും സുന്ദരനായ ഒരു കുട്ടിയെ അവൾക്കെങ്ങനെ കൊല്ലാനാകുമായിരുന്നു? മാനുഷിക ദയയ്ക്കു പുറമേ, ഈജിപ്തുകാർക്കിടയിൽ പ്രബലമായിരുന്ന ഒരു വിശ്വാസവും ഫറവോന്റെ പുത്രിയെ സ്വാധീനിച്ചിരിക്കാം: സ്വർഗത്തിലേക്കു സ്വീകരിക്കപ്പെടുന്നത് ഒരുവന്റെ ആയുഷ്കാലത്തെ ദയാപ്രവൃത്തികളെ ആശ്രയിച്ചിരിക്കുന്നു.b—പുറപ്പാടു 2:5, 6.
മിര്യാം ദൂരെനിന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവൾ ഫറവോന്റെ പുത്രിയെ സമീപിച്ച് ഇങ്ങനെ ചോദിച്ചു: “ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചു കൊണ്ടുവരേണമോ?” രാജകുമാരി ഉത്തരം നൽകി: “ചെന്നു കൊണ്ടുവരിക.” മിര്യാം അമ്മയുടെ അടുത്തേക്ക് ഓടി. ഉടനടി യോഖേബെദ് ഫറവോന്റെ പുത്രിയുടെ മുന്നിലെത്തി. “നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം,” രാജകുമാരി പറഞ്ഞു. യോഖേബെദ് ആ കുഞ്ഞിന്റെ അമ്മയാണെന്ന് ഇതിനോടകം ഫറവോന്റെ പുത്രി തിരിച്ചറിഞ്ഞിരിക്കാനുമിടയുണ്ട്.—പുറപ്പാടു 2:7-9.
മുലകുടി മാറുന്നതുവരെ കുഞ്ഞിനെ യോഖേബെദ് തന്റെ പക്കൽ വളർത്തി.c സത്യദൈവമായ യഹോവയെക്കുറിച്ച് അവനെ പഠിപ്പിക്കാൻ ഇതവൾക്കു നിരവധി വിലയേറിയ സന്ദർഭങ്ങൾ പ്രദാനം ചെയ്തു. പിന്നീട്, യോഖേബെദ് കുഞ്ഞിനെ ഫറവോന്റെ പുത്രിയെ തിരികെ ഏൽപ്പിച്ചു. അവൾ അവന്, “വെള്ളത്തിൽനിന്നു വലിച്ചെടുത്തു”വെന്ന അർഥത്തിൽ മോശ എന്നു പേരിട്ടു.—പുറപ്പാടു 2:10.
നമുക്കുള്ള പാഠം
അമ്രാമും യോഖേബെദും നിർമലാരാധനയുടെ തത്ത്വങ്ങളെക്കുറിച്ചു മകനെ പഠിപ്പിക്കുന്നതിനു തങ്ങൾക്കു ലഭിച്ച ഹ്രസ്വാവസരം മുഴുവനായി പ്രയോജനപ്പെടുത്തി. മാതാപിതാക്കൾ ഇന്ന് അങ്ങനെതന്നെ ചെയ്യണം. വാസ്തവത്തിൽ, അവർ അങ്ങനെ ചെയ്യേണ്ടത് അനിവാര്യമാണ്. പിശാചായ സാത്താൻ, “അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്നു.” (1 പത്രൊസ് 5:8) യഹോവയുടെ നല്ല ദാസരായിത്തീരുന്നതിനു പ്രത്യാശയുള്ള വിലയേറിയ യുവാക്കളെ—ആൺകുട്ടികളെയും പെൺകുട്ടികളെയും—ഇരകളാക്കാനാണ് അവനിഷ്ടം. അവരുടെ ഇളംപ്രായം അവനിൽ സഹതാപം ജനിപ്പിക്കുന്നില്ല! ഇതു മുൻനിർത്തി, ജ്ഞാനികളായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ സത്യദൈവമായ യഹോവയെ ഭയപ്പെടാൻ അവരെ ശൈശവത്തിലേ പരിശീലിപ്പിക്കുന്നു.—സദൃശവാക്യങ്ങൾ 22:6; 2 തിമൊഥെയൊസ് 3:14, 15.
അമ്രാമും യോഖേബെദും തങ്ങളുടെ ശിശുവിനെ ആദ്യത്തെ മൂന്നുമാസം ഒളിച്ചുവെച്ചത് ഒരു വിശ്വാസപ്രവൃത്തിയായി എബ്രായർ 11:23-ൽ രേഖപ്പെടുത്തിയിരിക്കുന്നു. കുഞ്ഞിനെ കൈവിടാൻ വിസമ്മതിച്ചുകൊണ്ട്, ദൈവഭയമുള്ള ആ മാതാപിതാക്കൾ യഹോവയുടെ രക്ഷാശക്തിയിൽ ആശ്രയം പ്രകടമാക്കി. അതിനവർ അനുഗൃഹീതരുമായി. നാമും യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും കർശനമായും അടുത്തു പിൻപറ്റണം. നമ്മുടെമേൽ എന്തുതന്നെ സംഭവിക്കാൻ യഹോവ അനുവദിച്ചാലും അതു നിത്യക്ഷേമത്തിലും സന്തുഷ്ടിയിലും പര്യവസാനിക്കുമെന്ന ദൃഢവിശ്വാസം നമുക്കുണ്ടായിരിക്കണം.—റോമർ 8:28.
[അടിക്കുറിപ്പുകൾ]
a ഫലഭൂയിഷ്ഠതയുടെ ദേവിയായി ഈജിപ്തുകാർ നൈലിനെ ആരാധിച്ചിരുന്നു. അതിലെ വെള്ളത്തിന് ഫലസമൃദ്ധിയും ദീർഘായുസ്സും പ്രദാനം ചെയ്യാനുള്ള ശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു.
b മരണത്തിൽ ഒരുവന്റെ ആത്മാവ് ഓസിറിസിന്റെ സന്നിധാനത്തിൽ ചെന്ന്, “ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല,” “മുലകുടിക്കുന്ന പൈതങ്ങൾക്കു ഞാനതു നിരോധിച്ചിട്ടില്ല,” “വിശക്കുന്നവന് അപ്പവും ദാഹിക്കുന്നവനു വെള്ളവും ഞാൻ നൽകിയിട്ടുണ്ട്” തുടങ്ങിയ വാചകങ്ങൾ ഉരുവിടുമെന്ന് ഈജിപ്തുകാർ വിശ്വസിച്ചിരുന്നു.
c പുരാതന നാളുകളിൽ, നിരവധി കുട്ടികളെ ഇന്നു പതിവുള്ളതിനെക്കാൾ ദീർഘകാലം മുലകുടിപ്പിച്ചിരുന്നു. ശമൂവേൽ മൂന്നു വയസ്സുവരെയും യിസ്ഹാക്ക് ഏകദേശം അഞ്ചു വയസ്സുവരെയും മുലകുടിച്ചിരിക്കാനാണു സാധ്യത.