-
“അന്വേഷണാത്മക ന്യായവിധി”—ബൈബിളധിഷ്ഠിത ഉപദേശമോ?വീക്ഷാഗോപുരം—1997 | ജൂലൈ 15
-
-
ഞങ്ങൾ വ്യക്തിപരമായും കൂട്ടമായും ശഠിക്കുന്നിടത്തോളം കാലം, ആ വിവാദപ്രശ്നം നീങ്ങിപ്പോകില്ല.”—സ്പെക്ട്രം, അസോസിയേഷൻ ഓഫ് അഡ്വെൻറിസ്റ്റ് ഫോറം പ്രസിദ്ധീകരിച്ച ഒരു മാസിക.
“അഡ്വെൻറിസ്റ്റ് വിശ്വാസം അനിവാര്യമായ തിരുവെഴുത്തു പാഠമായതിനാൽ, ഇതിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾക്ക് തങ്ങൾ അടിസ്ഥാനമാക്കിയിരിക്കുന്ന മൗലിക അനുമാനങ്ങളുടെയും വ്യാഖ്യാന തത്ത്വങ്ങളുടെയും ശ്രദ്ധാപൂർവകമായ ഒരു പുനഃപരിശോധന” നടത്താൻ ഡോ. കോട്രൽ അഡ്വെൻറിസ്റ്റുകാരെ ഉദ്ബോധിപ്പിക്കുന്നു. “അന്വേഷണാത്മക ന്യായവിധി”യുടെ മുഖ്യ ആധാരങ്ങൾക്ക് ബൈബിളിൽ ഉറച്ച അടിസ്ഥാനമുണ്ടോ അതോ, അതു പാരമ്പര്യത്തിന്റെ അസ്ഥിരമായ മണലിൽ അധിഷ്ഠിതമാണോ എന്നു മനസ്സിലാക്കാനായി ആ ഉപദേശത്തെ പരിശോധിക്കാൻ ഞങ്ങൾ അഡ്വെൻറിസ്റ്റുകാരെ പ്രോത്സാഹിപ്പിക്കുകയാണ്.c അപ്പോസ്തലനായ പൗലൊസ് ജ്ഞാനപൂർവം ഉദ്ബോധിപ്പിച്ചു: “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.”—1 തെസ്സലൊനീക്യർ 5:21.
-
-
തെർതൊസ്—പൗലൊസിന്റെ വിശ്വസ്ത സെക്രട്ടറിവീക്ഷാഗോപുരം—1997 | ജൂലൈ 15
-
-
തെർതൊസ്—പൗലൊസിന്റെ വിശ്വസ്ത സെക്രട്ടറി
തെർതൊസിന്റേത് ദുഷ്കരമായ ഒരു ജോലിയായിരുന്നു. റോമിലെ സഹക്രിസ്ത്യാനികൾക്ക് ഒരു നീണ്ട കത്തെഴുതിയപ്പോൾ അവനെ തന്റെ സെക്രട്ടറിയായി ഉപയോഗിക്കാൻ അപ്പോസ്തലനായ പൗലൊസ് ആഗ്രഹിച്ചു. അതു ദുഷ്കരമായ ഒരു ജോലിയായിരുന്നു.
പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ഒരു സെക്രട്ടറിയായിരിക്കുകയെന്നതു ദുഷ്കരമായിരുന്നത് എന്തുകൊണ്ടാണ്? അത്തരം ജോലി നിർവഹിച്ചിരുന്നത് എങ്ങനെയാണ്? അന്ന് ഉപയോഗത്തിലിരുന്ന എഴുത്തു സാമഗ്രികൾ എന്തെല്ലാമാണ്?
പുരാതനകാല സെക്രട്ടറിമാർ
പുരാതന യവന-റോമൻ സമൂഹത്തിൽ പലതരത്തിലുള്ള സെക്രട്ടറിമാരുണ്ടായിരുന്നു. ചിലർ ഗവൺമെൻറ് സെക്രട്ടറിമാരായി സേവിച്ചു—ഔദ്യോഗിക ഓഫീസുകളിലെ സർക്കാർ ഉദ്യോഗസ്ഥന്മാരായിരുന്നു അവർ. ചന്തസ്ഥലങ്ങളിലെ പൗരന്മാരുടെ സേവനാർഥം പ്രവർത്തിച്ചിരുന്ന പൊതു സെക്രട്ടറിമാരും അന്നുണ്ടായിരുന്നു. സ്വകാര്യ സെക്രട്ടറിമാർ (മിക്കപ്പോഴും അടിമകൾ) ഉണ്ടായിരുന്നത് സമ്പന്നർക്കായിരുന്നു. കൂടാതെ, മറ്റുള്ളവർക്കു വേണ്ടി സന്തോഷത്തോടെ കത്തുകളെഴുതാൻ സന്നദ്ധരായ സ്നേഹിതരുമുണ്ടായിരുന്നു. ഈ അനൗദ്യോഗിക സെക്രട്ടറിമാരുടെ പാടവം “ഭാഷയിലും രചനാരീതിയിലുമോ അവയിലേതെങ്കിലുമൊന്നിലോ ഉള്ള കുറഞ്ഞ അറിവുമുതൽ കൃത്യതയും ഔചിത്യവും വശ്യതയുമുള്ള ഒരു ലേഖനം പെട്ടെന്ന് ഉണ്ടാക്കാനുള്ള ഏറ്റവുമുയർന്ന കാര്യക്ഷമതവരെ വ്യത്യാസപ്പെട്ടിരുന്നു.”
സെക്രട്ടറിമാരെ ആരായിരുന്നു ഉപയോഗിച്ചിരുന്നത്? ഒന്നാമത്, വായനയും എഴുത്തും അറിയാത്തവർ. പുരാതന കാലത്തെ ഉടമ്പടികളുടെയും ബിസിനസ് കത്തുകളുടെയും ഒടുവിൽ ചില കുറിപ്പുകൾ ഉണ്ടായിരുന്നത്രേ. അതിൽ സെക്രട്ടറി, പ്രസ്തുത ജോലി തന്നെ ഏൽപ്പിച്ചയാളുടെ പ്രാപ്തിക്കുറവുകൊണ്ടാണു താൻ ആ രേഖ എഴുതിയതെന്നു സാക്ഷ്യപ്പെടുത്തിയിരുന്നു. ഒരു സെക്രട്ടറിയെ ഉപയോഗിച്ചിരുന്നതിന്റെ രണ്ടാമത്തെ കാരണം ഈജിപ്തിലെ തിബ്സിൽനിന്നുള്ള ഒരു പുരാതന കത്തു വ്യക്തമാക്കുന്നു. ആസ്ക്ലിപിയാഡിസ് എന്ന ഒരു വ്യക്തിക്കു വേണ്ടി എഴുതിയ ആ കത്തിന്റെ ഒടുവിൽ ഇങ്ങനെ എഴുതിയിരുന്നു: “അദ്ദേഹത്തിന് എഴുതാൻ വേഗത കുറവായതിനാൽ . . . എർമയുടെ പുത്രനായ എവ്മെലിസ് അദ്ദേഹത്തിനുവേണ്ടി എഴുതിയത്.”
എങ്കിലും, ഒരു സെക്രട്ടറിയെ നിയമിക്കുന്നതിൽ ഉൾപ്പെട്ടിരുന്ന ഘടകം എഴുതാനും വായിക്കാനുമുള്ള അറിവ് ആയിരുന്നില്ലെന്നു തോന്നുന്നു. ജോൺ എൽ. മക്കൻസി എന്ന ബൈബിൾ ഭാഷ്യകാരൻ പറയുന്നപ്രകാരം, “ഒരുപക്ഷേ സുഗമ വായനയോടുള്ള താത്പര്യമായിരുന്നില്ല, മറിച്ച് എഴുത്തിന്റെ മനോഹാരിതയിലുള്ള അല്ലെങ്കിൽ ചുരുങ്ങിയപക്ഷം അതിന്റെ വെടിപ്പിലുള്ള താത്പര്യ”മായിരുന്നു ഒരു സെക്രട്ടറിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ആളുകളെ പ്രേരിപ്പിച്ചത്. അഭ്യസ്തവിദ്യർക്കുപോലും എഴുത്ത് ക്ഷീണിപ്പിക്കുന്നതായിരുന്നു, പ്രത്യേകിച്ചും വളരെയധികം എഴുതാനുണ്ടായിരുന്നപ്പോൾ. “ഈ പണി” ഒഴിവാക്കാൻ സാധിച്ചിരുന്നവർ “സന്തോഷപൂർവം അങ്ങനെ ചെയ്തിരുന്നു, അതവർ അടിമകളെയും വിദഗ്ധ പകർപ്പെഴുത്തുകാരെയും ഏൽപ്പിക്കുകയാണു ചെയ്തത്” എന്ന് പണ്ഡിതനായ ജെ. എ. എഷ്ലിമാൻ പറയുന്നു. മാത്രമല്ല, ഉപയോഗിച്ചിരുന്ന സാമഗ്രികളും പ്രവർത്തന സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ സ്വന്തം കത്തുകൾപോലും എഴുതാൻ ആളുകൾക്കു താത്പര്യമില്ലാഞ്ഞതിന്റെ കാരണം മനസ്സിലാക്കുക എളുപ്പമാണ്.
പൊ.യു. ഒന്നാം നൂറ്റാണ്ടിൽ സാധാരണ ഉപയോഗിച്ചിരുന്ന എഴുത്തുസാമഗ്രി പപ്പൈറസ് ആയിരുന്നു. ആ ചെടിയുടെ കാണ്ഡത്തിന്റെ ഉള്ളിലെ മൃദുകലകൾ നീളത്തിൽ കീറിയെടുക്കുമ്പോൾ നേർത്ത തണ്ടുകൾ ലഭിച്ചിരുന്നു. ഇത്തരം ഒരടുക്ക് തണ്ടുകൾ ആദ്യം നിരത്തിയിട്ടശേഷം അതിനു മുകളിൽ നേരേ കുറുകെ മറ്റൊരടുക്ക് തണ്ടുകൾ നിരത്തുമായിരുന്നു. മർദം ചെലുത്തി ഈ രണ്ടടുക്കു തണ്ടുകളും ഒട്ടിച്ചുചേർത്ത് “കടലാസ്” താൾ ഉണ്ടാക്കുകയാണു ചെയ്തിരുന്നത്.
അതിന്റെ പുറത്ത് എഴുതുക അത്ര എളുപ്പമായിരുന്നില്ല. അതു പരുപരുത്തതും നാരുകൾ നിറഞ്ഞതുമായിരുന്നു. “പപ്പൈറസിന്റെ നാരുകളിൽ ചെറിയ സുഷിരങ്ങളുണ്ടായിരുന്നതിനാൽ അതിൽ, പ്രത്യേകിച്ചും നേർത്ത തണ്ടുകൾക്കിടയിൽ ഉണ്ടായിരുന്ന ചെറുചാലുകളിൽ, മഷി പടരുമായിരുന്നു” എന്ന് പണ്ഡിതനായ ആഞ്ചെലോ പെന്നാ അഭിപ്രായപ്പെടുന്നു. സാധ്യതയനുസരിച്ച്, സെക്രട്ടറി നിലത്ത് ചമ്രംപടിഞ്ഞിരിക്കും, എന്നിട്ട് ഒരു കയ്യിൽ പിടിച്ചിരുന്ന ബോർഡിൽ കടലാസ് വെച്ചായിരുന്നു എഴുത്ത്. അയാൾക്ക് എഴുത്തുപരിചയം കുറവാണെങ്കിൽ അല്ലെങ്കിൽ എഴുത്തുസാമഗ്രികൾ അത്ര നല്ലതല്ലെങ്കിൽ തൂലികയോ ഞാങ്ങണപ്പേനയോ പപ്പൈറസിൽ ഉടക്കി അതു കീറുമായിരുന്നു. അല്ലെങ്കിൽ എഴുതുന്നതു വായിക്കാൻ ബുദ്ധിമുട്ടാകുമായിരുന്നു.
മഷി ഉണ്ടാക്കിയിരുന്നത് കരിയും ഒരുതരം മരക്കറയും ചേർത്തായിരുന്നു. നീണ്ട കട്ടകളായി വിറ്റിരുന്ന അത് ഒരു മഷിപ്പാത്രത്തിലെ വെള്ളത്തിൽ ചാലിച്ചായിരുന്നു എഴുതാൻ ഉപയോഗിച്ചിരുന്നത്. തെർതൊസിനെപ്പോലുള്ള ഒരു സെക്രട്ടറി ഉപയോഗിച്ചിരുന്ന സാമഗ്രികളുടെ കൂട്ടത്തിൽ, ഞാങ്ങണപ്പേന കൂർപ്പിക്കാനുള്ള ഒരു കത്തിയും തെറ്റുകൾ മായ്ക്കാനുള്ള നനഞ്ഞ ഒരു സ്പഞ്ചുമുണ്ടായിരുന്നു. സൂക്ഷ്മതയോടെ വേണമായിരുന്നു ഓരോ അക്ഷരവും എഴുതാൻ. അതുകൊണ്ട് എഴുത്തിന് വേഗത കുറവായിരുന്നുവെന്നു മാത്രമല്ല കുറച്ചൊക്കെ ദുഷ്കരവുമായിരുന്നു.
‘തെർതൊസ് എന്ന ഞാൻ വന്ദനം ചെയ്യുന്നു’
റോമർക്കുള്ള ലേഖനത്തിന്റെ ഒടുവിൽ കൊടുത്തിരിക്കുന്ന ആശംസകളിൽ പൗലൊസിന്റെ സെക്രട്ടറിയുടേതും ഉൾപ്പെട്ടിരുന്നു, അവൻ എഴുതി: “ഈ ലേഖനം എഴുതിയ തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.” (റോമർ 16:22) പൗലൊസിന്റെ ലേഖനങ്ങളിൽ, അവന്റെ സെക്രട്ടറിമാരിൽ ഒരാളെക്കുറിച്ചു വ്യക്തമായി പരാമർശിക്കുന്നത് ഈ സന്ദർഭത്തിൽ മാത്രമാണ്.
തെർതൊസിനെക്കുറിച്ച് നമുക്കു കാര്യമായൊന്നും അറിയില്ല. ‘കർത്താവിലുള്ള’ അവന്റെ വന്ദനത്തിൽനിന്ന് അവനൊരു വിശ്വസ്ത ക്രിസ്ത്യാനിയായിരുന്നുവെന്നു നമുക്കു നിഗമനം ചെയ്യാം. സാധ്യതയനുസരിച്ച് കൊരിന്ത് സഭയിലെ ഒരംഗമായിരുന്ന അവന് റോമിലെ പല ക്രിസ്ത്യാനികളെയും അറിയാമായിരുന്നിരിക്കാം. തെർതൊസ് ഒരു അടിമയോ സ്വതന്ത്രനാക്കപ്പെട്ട അടിമയോ ആയിരുന്നുവെന്നു ബൈബിൾ പണ്ഡിതനായ ജൂസ്സപ്പേ ബാർബലിയോ സൂചിപ്പിക്കുന്നു. എന്തുകൊണ്ട്? ഒന്നാമത്തെ കാരണം, “പകർപ്പെഴുത്തുകാർ പൊതുവേ ഈ വിഭാഗത്തിൽ പെട്ടവരായിരുന്നു; രണ്ടാമത്തെ കാരണം, . . . അവന്റെ പേര് അടിമകളുടെയും സ്വതന്ത്രരാക്കപ്പെട്ട അടിമകളുടെയും ഇടയിൽ സർവസാധാരണമായിരുന്നു.” “അതുകൊണ്ട് അവൻ ‘സജീവ പങ്ക് വഹിക്കാത്ത’ ഒരു വിദഗ്ധ എഴുത്തുകാരനായിരുന്നില്ല, മറിച്ച് ഏറ്റവും ദീർഘവും സ്പഷ്ടവുമായ ലേഖനം തയ്യാറാക്കാൻ ഈ വിധത്തിൽ പൗലൊസിനെ സഹായിച്ച ഒരു സഹപ്രവർത്തകനായിരുന്നു: ഈ അമൂല്യമായ സേവനം സമയം ലാഭിക്കാനും ക്ഷീണം കുറയ്ക്കാനും പൗലൊസിനെ സഹായിച്ചിരുന്നു.”
തെർതൊസിന്റെ ഈ സേവനം തീർച്ചയായും അമൂല്യമായിരുന്നു. യിരെമ്യാവിനു വേണ്ടി ബാരൂക്കും പത്രൊസിനു വേണ്ടി സില്വാനൊസും സമാനമായ വേലയാണു ചെയ്തത്. (യിരെമ്യാവു 36:4; 1 പത്രൊസ് 5:12) അത്തരം സഹപ്രവർത്തകർക്കു ലഭിച്ചത് എന്തൊരു പദവിയാണ്!
റോമർക്ക് എഴുതൽ
സാധ്യതയനുസരിച്ച് പൗലൊസ് കൊരിന്തിൽ ഗായൊസിന്റെ അതിഥിയായിരുന്ന സന്ദർഭത്തിലാണു റോമർക്കുള്ള ലേഖനമെഴുതിയത്. ഏതാണ്ട് പൊ.യു. 56-ൽ, പൗലൊസ് അപ്പോസ്തലന്റെ മൂന്നാമത്തെ മിഷനറി യാത്രയിലായിരുന്നു അത്. (റോമർ 16:23) തന്റെ ലേഖനമെഴുതാൻ പൗലൊസ് തെർതൊസിനെ ഉപയോഗിച്ചുവെന്നു നമുക്ക് തിട്ടമായി അറിയാമെങ്കിലും അവനെ എപ്രകാരം ഉപയോഗിച്ചുവെന്നു നമുക്കറിഞ്ഞുകൂടാ. ഉപയോഗിക്കപ്പെട്ട രീതി എന്തായിരുന്നാലും, ആ വേല അനായാസം ചെയ്തതായിരിക്കാൻ സാധ്യതയില്ല. എന്നാൽ ഒരു കാര്യം സംബന്ധിച്ചു നമുക്ക് ഉറപ്പുണ്ടായിരിക്കാം: ബൈബിളിന്റെ ശേഷം ഭാഗത്തെപ്പോലെതന്നെ, റോമർക്കുള്ള പൗലൊസിന്റെ ലേഖനവും “ദൈവനിശ്വസ്ത”മായിരുന്നു.—2 തിമൊഥെയൊസ് 3:16, 17, NW.
ആ ലേഖനത്തിന്റെ എഴുത്തു പൂർത്തിയായപ്പോൾ, അനേകം പപ്പൈറസ് താളുകൾ ഉപയോഗിച്ച് തെർതൊസും പൗലൊസും ആയിരക്കണക്കിനു വാക്കുകൾ എഴുതിക്കഴിഞ്ഞിരുന്നു. ഈ താളുകൾ മാർജിൻ വശത്തു പരസ്പരം ഒട്ടിച്ചുചേർത്തശേഷം, സാധ്യതയനുസരിച്ച് മൂന്നോ നാലോ മീറ്റർ നീളമുള്ള ഒരു ചുരുളാക്കിയെടുത്തിരിക്കാം. ആ ലേഖനം ശ്രദ്ധാപൂർവം ചുരുളാക്കിയെടുത്ത് മുദ്രവെച്ചു. എന്നിട്ട് പൗലൊസ്, റോമിലേക്കു യാത്ര പുറപ്പെടാൻ തുടങ്ങുകയായിരുന്ന, കെംക്രെയയിൽനിന്നുള്ള ഫേബയെ അത് ഏൽപ്പിച്ചതായി തോന്നുന്നു.—റോമർ 16:1, 2.
ഒന്നാം നൂറ്റാണ്ടിനുശേഷം, എഴുത്തു സാമഗ്രികൾ ഉണ്ടാക്കിയിരുന്ന രീതികൾക്കു സാരമായ മാറ്റം വന്നു. എന്നാൽ നൂറ്റാണ്ടുകളിലുടനീളം, റോമിലെ ക്രിസ്ത്യാനികൾക്കുള്ള ആ ലേഖനം ദൈവം പരിരക്ഷിച്ചുപോന്നു. പൗലൊസിന്റെ വിശ്വസ്തനും കഠിനാധ്വാനിയുമായ സെക്രട്ടറിയായ തെർതൊസിന്റെ സഹായത്തോടെ എഴുതിയ, യഹോവയുടെ വചനത്തിന്റെ ആ ഭാഗം ഉള്ളതിൽ നാം എത്ര കൃതജ്ഞതയുള്ളവരാണ്!
-