നമുക്ക് എക്കാലത്തും സൈന്യങ്ങളുടെ ആവശ്യമുണ്ടായിരിക്കുമോ?
സൈന്യങ്ങൾ മാനവ വിഭവങ്ങളുടെ വലിയൊരുഭാഗം ഉപയോഗിച്ചുതീർക്കുകയും മാനവ സന്തുഷ്ടി വളരെയേറെ കവർന്നെടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട്, ‘സൈന്യങ്ങളുടെ ആവശ്യമില്ലാത്ത തരം ലോക സുരക്ഷിതത്വം മനുഷ്യവർഗം എന്നെങ്കിലും കൈവരിക്കുമോ?’ എന്നു ചിലർ ചിന്തിച്ചിട്ടുണ്ട്. കൂട്ടനശീകരണ ആയുധങ്ങൾ സമസ്ത ജീവന്റെയും ഉന്മൂലനം സംഭവ്യമാക്കിയിരിക്കുന്നതിനാൽ ആ ചോദ്യം കൂടുതൽ അടിയന്തിരമായിത്തീരുകയാണ്. സൈന്യങ്ങൾ ഇല്ലാത്ത ഒരു ലോകത്തിനായുള്ള പ്രതീക്ഷ എത്രമാത്രം വസ്തുനിഷ്ഠമാണ്?
അന്തർദേശീയ ബന്ധങ്ങൾ വിശ്വാസ്യത പകരുമ്പോൾ, അതു കുറെയൊക്കെ നിരായുധീകരണത്തിലേക്കു നയിച്ചേക്കാമെന്ന് അസംഖ്യം മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നു. ദൃഷ്ടാന്തത്തിന്, കാനഡയും ഐക്യനാടുകളും തമ്മിലുള്ള പൊതുവായ സൗഹൃദത്തിന്റെ ഫലമായി അവരുടെ 5,000 കിലോമീറ്റർ അതിർത്തിയിൽ ഒന്നരനൂറ്റാണ്ടിലധികമായി സൈനിക കാവലില്ല. നോർവേയും സ്വീഡനും മറ്റനേകം രാഷ്ട്രങ്ങളും സമാനമായ യോജിപ്പിൽ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാ രാഷ്ട്രങ്ങളും തമ്മിലുള്ള ഒരു ഉടമ്പടിയിലൂടെ ഒരു സൈന്യരഹിതലോകം ഉണ്ടാക്കാനാകുമോ? ഒന്നാം ലോകമഹായുദ്ധത്തിന്റെ ബീഭത്സതയെ തുടർന്ന് ആ ആശയത്തിന് അഭൂതപൂർവമായ ജനപ്രീതി ലഭിച്ചു.
1918-ൽ സമാധാനം സ്ഥാപിച്ചപ്പോൾ, വേഴ്സായി സമാധാന ഉടമ്പടിയുടെ ലക്ഷ്യങ്ങളിലൊന്ന് “സകല രാഷ്ട്രങ്ങളുടെയും ആയുധങ്ങളുടെ പൊതുവായ പരിമിതപ്പെടുത്തൽ തുടങ്ങുന്നത് സാധ്യമാക്കുക” എന്നതായിരുന്നു. തുടർന്നുവന്ന വർഷങ്ങളിൽ യുദ്ധവിരോധം ജനപ്രീതിയാർജിച്ചു. ഒരു രാഷ്ട്രത്തിനു സംഭവിക്കാവുന്ന ഏറ്റവും നികൃഷ്ടമായ സംഗതി യുദ്ധമാണെന്നും അതുകൊണ്ട് അത് പരാജയമനുഭവിക്കുന്നതിനെക്കാൾ മോശമാണെന്നും ചില യുദ്ധവിരോധികൾ സിദ്ധാന്തിച്ചു. വിസ്തൃതമായ പ്രദേശങ്ങളിലുള്ള യഹൂദന്മാർ ആക്രമണകാരികൾക്കെതിരെ നൂറ്റാണ്ടുകളോളം കാര്യമായ സായുധ ചെറുത്തുനിൽപ്പൊന്നും നടത്താതിരുന്നിട്ടും അവരെ ഉന്മൂലനം ചെയ്യാൻ ക്രൂരമായ ശ്രമങ്ങൾ നടന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് യുദ്ധത്തെ അനുകൂലിക്കുന്നവർ അതിനോടു വിയോജിച്ചു. അമേരിക്കകളിലേക്കു തങ്ങളെ അടിമകളായി കൊണ്ടുവന്നവരെ എതിർക്കാൻ ആഫ്രിക്കക്കാർക്ക് ഒട്ടുംതന്നെ അവസരം ഉണ്ടായിരുന്നില്ലെങ്കിലും അവർ നൂറ്റാണ്ടുകളോളം ക്രൂരമായ ദുഷ്പെരുമാറ്റത്തിനു വിധേയരായി.
എന്നാൽ, രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, മിക്ക യുദ്ധവിരോധികളും രാഷ്ട്രങ്ങൾക്കു സംരക്ഷണം വേണമെന്ന നിഗമനത്തിലെത്തിച്ചേർന്നു. അതുകൊണ്ട് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഐക്യരാഷ്ട്രങ്ങൾ സ്ഥാപിതമായപ്പോൾ നിരായുധീകരണത്തിന് അധികം ഊന്നൽ നൽകാതെ ആക്രമണത്തെ തടയാനായി സാർവദേശീയ സഹകരണത്തിനു കൂടുതൽ ഊന്നൽ നൽകി. അപ്രകാരം ലഭിക്കുന്ന സുരക്ഷിതത്വം രാഷ്ട്രങ്ങൾക്കു നിരായുധീകരണത്തിന് ആവശ്യമായ ആത്മവിശ്വാസം പകരുമെന്ന് അംഗരാഷ്ട്രങ്ങൾ പ്രത്യാശിച്ചു.
മറ്റൊരു പ്രശ്നം പൂർവാധികം വ്യക്തമായി. സ്വയരക്ഷയ്ക്കായുള്ള ഒരു രാഷ്ട്രത്തിന്റെ ഉദ്യമങ്ങൾ മിക്കപ്പോഴും അതിന്റെ അയൽ രാജ്യത്തിന് സുരക്ഷിതത്വമില്ലായ്മ തോന്നാൻ ഇടയാക്കി. ഈ വിഷമവൃത്തം ആയുധമത്സരത്തിലേക്കു നയിച്ചു. എന്നാൽ കുറേക്കൂടെ അടുത്ത കാലത്ത്, പ്രമുഖ രാഷ്ട്രങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട ബന്ധങ്ങൾ നിരായുധീകരണ പ്രതീക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതിനുശേഷം, അനേകരെ സംബന്ധിച്ചിടത്തോളം ഗൾഫ് യുദ്ധവും മുൻ യൂഗോസ്ലാവിയയിലെ പ്രശ്നങ്ങളും നിരായുധീകരണ പ്രതീക്ഷകളെ ഛിന്നഭിന്നമാക്കിയിരിക്കുന്നു. ഏതാണ്ട് അഞ്ചുവർഷം മുമ്പ് ടൈം മാഗസിൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ശീതസമരം അവസാനിച്ചെങ്കിലും, ലോകം അപകടം കുറഞ്ഞ സ്ഥലമായിത്തീരേണ്ടതിനു പകരം കൂടുതൽ അപകടകരമായ സ്ഥലമായിരിക്കുകയാണ്.”
ഒരു ആഗോള ‘പൊലീസുകാരനു’ വേണ്ടിയുള്ള ആഗ്രഹം
എല്ലാവരെയും സംരക്ഷിക്കാൻ മാത്രം ശക്തമായ സൈന്യമുള്ള ഒരു ലോകഗവൺമെൻറ് മനുഷ്യവർഗത്തിന് ആവശ്യമാണെന്ന് അനേകം നിരീക്ഷകർ നിഗമനം ചെയ്യുന്നു. ഐക്യരാഷ്ട്ര സംഘടനയോ ലോകത്തിലെ പ്രമുഖ സൈനിക ശക്തികളോ ഇതു ചെയ്യാൻ പ്രാപ്തരല്ലാത്ത സ്ഥിതിക്ക് ഭാവിയെക്കുറിച്ച് ഒട്ടുംതന്നെ പ്രതീക്ഷയ്ക്കു വകയില്ലെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ നിങ്ങൾ ബൈബിളിനെ ദൈവവചനമായി സ്വീകരിക്കുന്നെങ്കിൽ, സർവശക്തനായ ദൈവം ഈ അടിയന്തിരാവശ്യം നിറവേറ്റുമോയെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം.
“സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം” എന്ന് ബൈബിൾ വിളിക്കുന്നവൻ നീതി നടപ്പാക്കാൻ സൈനിക ശക്തി ഉപയോഗിക്കുമോ? ഉപയോഗിക്കുമെങ്കിൽ, ഏതു സൈന്യത്തെ? ഇന്നത്തെ അനേകം സൈന്യങ്ങൾ ദൈവത്തിന്റെ പിന്തുണ അവകാശപ്പെടുന്നു, എന്നാൽ അവ വാസ്തവത്തിൽ ദൈവഹിതമാണോ നടപ്പാക്കുന്നത്? അതോ, കാര്യാദികളിൽ ഇടപെട്ട് സമാധാനവും സുരക്ഷിതത്വവും പ്രദാനം ചെയ്യാനായി ദൈവത്തിന് മറ്റെന്തെങ്കിലും വിധമുണ്ടോ?—2 കൊരിന്ത്യർ 13:11.
ആദാമിനെയും ഹവ്വായെയും ഏദെനിൽനിന്നു പുറത്താക്കുകയും അവർ തിരിച്ചുവരുന്നതു തടയാനായി കെരൂബുകളെ നിർത്തുകയും ചെയ്തുകൊണ്ട് സർവശക്തനായ ദൈവം ആദ്യമത്സരം കൈകാര്യം ചെയ്തു. തന്റെ പരമാധികാരത്തിനെതിരായ സകല മത്സരങ്ങളെയും തകർക്കാനുള്ള തന്റെ ഉദ്ദേശ്യം അവൻ പ്രഖ്യാപിക്കുകയും ചെയ്തു. (ഉല്പത്തി 3:15) അതിനായി ദൈവം ഒരു സൈന്യത്തെ ഉപയോഗിച്ചേക്കുമോ?
തന്റെ ന്യായവിധികൾ നടപ്പാക്കാനായി ദൈവം സൈന്യങ്ങളെ ഉപയോഗിച്ചിട്ടുള്ള സന്ദർഭങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നു. ദൃഷ്ടാന്തത്തിന് കനാൻദേശ രാജ്യങ്ങളിലുള്ളവർ മൃഗങ്ങളുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടുകയും ശിശുബലി അർപ്പിക്കുകയും ക്രൂരതയിൽ ആനന്ദം കണ്ടെത്തിക്കൊണ്ട് യുദ്ധങ്ങൾ നടത്തുകയും ചെയ്തിരുന്നു. ദൈവം അവർക്ക് സമ്പൂർണ നാശം വിധിക്കുകയും ആ വിധി നടപ്പാക്കാൻ യോശുവയുടെ സൈന്യത്തെ ഉപയോഗിക്കുകയും ചെയ്തു. (ആവർത്തനപുസ്തകം 7:1, 2) സമാനമായി, അന്തിമന്യായവിധി ദിവസത്തിൽ ദൈവം സകല ദുഷ്ടതയേയും എങ്ങനെ നശിപ്പിക്കും എന്നതിന്റെ ദൃഷ്ടാന്തമായി ദാവീദ് രാജാവിന്റെ സൈന്യം ഫെലിസ്ത്യർക്കെതിരായ ദൈവത്തിന്റെ ന്യായവിധി നടപ്പാക്കി.
ആ സംഭവങ്ങൾ പ്രബോധനപരമായിരുന്നു. ആളുകൾക്കു സുരക്ഷിതത്വമേകാൻ ഒരു സൈന്യത്തെ തനിക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് യഹോവ പ്രകടമാക്കി. തീർച്ചയായും, തന്റെ ഭരണത്തിനെതിരായ സാർവലൗകിക തലത്തിലുള്ള മത്സരത്തെ കൈകാര്യം ചെയ്യാൻ യഹോവയ്ക്ക് അതുല്യ വിധത്തിലുള്ള ഒരു സൈന്യമുണ്ട്.
“സൈന്യങ്ങളുടെ യഹോവ”
“സൈന്യങ്ങളുടെ യഹോവ” എന്ന പദപ്രയോഗം 250-ലധികം പ്രാവശ്യം ബൈബിൾ ഉപയോഗിക്കുന്നു. അതിബൃഹത്തായ ദൂതസൈന്യത്തിന്റെ സർവസൈന്യാധിപൻ എന്ന നിലയിലുള്ള ദൈവത്തിന്റെ സ്ഥാനത്തെയാണ് ഈ പദപ്രയോഗം അടിസ്ഥാനപരമായി പരാമർശിക്കുന്നത്. ഒരവസരത്തിൽ പ്രവാചകനായ മീഖായാവ് രാജാക്കന്മാരായ ആഹാബിനോടും യെഹോശാഫാത്തിനോടും ഇങ്ങനെ പറഞ്ഞു: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1 രാജാക്കന്മാർ 22:19) ദൂതസൈന്യങ്ങളാണ് ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നത്. തന്റെ ജനത്തെ സംരക്ഷിക്കുന്നതിന് യഹോവ ഈ സൈന്യങ്ങളെ ഉപയോഗിച്ചു. ദോഥാൻ നഗരം ഉപരോധിക്കപ്പെട്ടപ്പോൾ എലീശായുടെ ബാല്യക്കാരൻ സകല പ്രതീക്ഷയും കൈവിട്ടു. എന്നാൽ അവനെ ധൈര്യപ്പെടുത്താൻ ദൈവം അവന് തന്റെ ആത്മസൃഷ്ടികളുടെ സൈന്യത്തിന്റെ അത്ഭുതകരമായ ഒരു ദർശനം നൽകി. “യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുററും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു.”—2 രാജാക്കന്മാർ 6:15-17.
ദൈവം ഇന്ന് സൈന്യങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അത്തരം സംഭവങ്ങൾ അർഥമാക്കുന്നുണ്ടോ? ക്രൈസ്തവലോകത്തിലെ ചില സൈന്യങ്ങൾ തങ്ങൾ ദൈവത്തിന്റെ സൈന്യങ്ങളാണെന്ന് അവകാശപ്പെട്ടേക്കാം. തങ്ങളെ അനുഗ്രഹിക്കാൻ അനേകർ പുരോഹിതന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ക്രൈസ്തവലോകത്തിലെ സൈന്യങ്ങൾ മിക്കപ്പോഴും അന്യോന്യം സഹവിശ്വാസികൾക്കെതിരായി പോരാടുന്നു. ഈ നൂറ്റാണ്ടിലെ രണ്ടു ലോകമഹായുദ്ധങ്ങളും തുടങ്ങിയത് തങ്ങൾ ക്രിസ്ത്യാനികൾ ആണെന്ന് അവകാശപ്പെട്ട സൈന്യങ്ങൾ തമ്മിലാണ്. അത് ദൈവത്തിന്റെ പ്രവർത്തനമായിരിക്കാവുന്നതല്ല. (1 യോഹന്നാൻ 4:20) അത്തരം സൈനിക ശക്തികൾ തങ്ങൾ സമാധാനത്തിനായി യുദ്ധം ചെയ്യുന്നുവെന്ന് അവകാശപ്പെട്ടേക്കാമെന്നിരിക്കെ, ലോകത്തിലെ സമാധാനഭഞ്ജനത്തെ തടുക്കാനുള്ള ശ്രമത്തിൽ അത്തരം സൈന്യങ്ങൾ സംഘടിപ്പിക്കാൻ യേശു തന്റെ അനുഗാമികളോടു നിർദേശിച്ചുവോ?
യേശു ശിഷ്യന്മാരോടൊപ്പം ഒരു തോട്ടത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു സായുധ ജനക്കൂട്ടം യേശുവിന്റെമേൽ കൈവെച്ചപ്പോൾ അവിടെ ഗുരുതരമായ സമാധാനഭഞ്ജനമുണ്ടായി. ശിഷ്യന്മാരിൽ ഒരുവൻ ജനക്കൂട്ടത്തിലുണ്ടായിരുന്ന ഒരു മനുഷ്യനെ വാളുകൊണ്ടു വെട്ടി. ഒരു പ്രധാനപ്പെട്ട തത്ത്വം പഠിപ്പിക്കാൻ യേശു ആ സന്ദർഭം ഉപയോഗിച്ചു. അവൻ പറഞ്ഞു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും. എന്റെ പിതാവിനോട് ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതൻമാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?” യേശുവിന് തന്റെ അധീനതയിൽ ബൃഹത്തായൊരു സൈന്യമുണ്ടായിരുന്നു. എന്നാൽ അതിലെ ഒരു സൈനികൻ എന്നനിലയിൽ പത്രൊസിനെയോ മറ്റേതെങ്കിലുമൊരു മനുഷ്യനെയോ ഉൾപ്പെടുത്തിയിരുന്നില്ല. പകരം, “മനുഷ്യരെ പിടിക്കുന്നവരാ”യിരിക്കാനാണ് പത്രൊസും യേശുവിന്റെ മറ്റ് അനുഗാമികളും വിളിക്കപ്പെട്ടത്. (മത്തായി 4:19; 26:47-53) ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് യേശു ഈ സ്ഥിതിവിശേഷം പീലാത്തൊസിന് വ്യക്തമാക്കിക്കൊടുത്തു. അവൻ പറഞ്ഞു: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദൻമാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല.” (യോഹന്നാൻ 18:36) ഭൂമിയിൽ സ്ഥാപിതമായ ദാവീദിന്റെ രാജ്യത്തിൽനിന്നു വ്യത്യസ്തമായി, ദൈവം യേശുവിനു നൽകിയിരിക്കുന്ന രാജ്യം സ്വർഗത്തിലാണ്. അതു ഭൂമിയിൽ സമാധാനം ആനയിക്കും.
ദൈവത്തിന്റെ സൈന്യങ്ങൾ യുദ്ധത്തിലേർപ്പെടുന്നു
ദൈവത്തിന്റെ സൈന്യങ്ങൾ പെട്ടെന്നുതന്നെ നടപടി സ്വീകരിക്കും. ആസന്നമായ ഏറ്റുമുട്ടലിനെക്കുറിച്ചു വിവരിക്കവേ വെളിപ്പാട് യേശുവിനെ “ദൈവവചനം” എന്നു വിളിക്കുന്നു. നാം വായിക്കുന്നു: “സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു. ജാതികളെ വെട്ടുവാൻ അവന്റെ വായിൽനിന്നു മൂർച്ചയുള്ള വാൾ പുറപ്പെടുന്നു.” ഈ യുദ്ധം ‘ഭൂരാജാക്കന്മാരുടെയും അവരുടെ സൈന്യങ്ങളുടെയും’ അന്ത്യം കുറിക്കുമെന്ന് ബൈബിൾ പറയുന്നു. ദൈവത്തോടുള്ള തങ്ങളുടെ വിശ്വസ്തത പ്രകടിപ്പിക്കാൻ പരാജയപ്പെട്ടവരെക്കുറിച്ച് ആ പ്രവചനം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു.” പിശാചായ സാത്താൻപോലും പ്രവർത്തനരഹിതനാക്കപ്പെടും. അത് തീർച്ചയായും സൈന്യങ്ങളില്ലാത്ത ലോകസമാധാനത്തിന് വഴിയൊരുക്കും.—വെളിപ്പാടു 19:11-21; 20:1-3.
യുദ്ധമില്ലാത്ത ഒരു ലോകത്തെ വിഭാവനചെയ്യുക
സൈന്യങ്ങൾ ആവശ്യമില്ലാത്തത്ര സുരക്ഷിതമായൊരു ലോകത്തെ നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ? ഒരു ബൈബിൾ സങ്കീർത്തനം പറയുന്നു: “വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു! [“എത്ര അതിശയകരമായ കാര്യങ്ങൾ ചെയ്തിരിക്കുന്നു,” NW] അവൻ ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു.”—സങ്കീർത്തനം 46:8, 9.
അത് എന്തൊരാശ്വാസമായിരിക്കും! സൈന്യങ്ങളെയും അവയുടെ ആയുധങ്ങളെയും പ്രതിയുള്ള താങ്ങാനാവാത്ത നികുതി ഭാരത്തിൽനിന്ന് ഒടുവിൽ മുക്തമായ മാനുഷ സമുദായത്തെക്കുറിച്ചൊന്നു വിഭാവനചെയ്യൂ! എല്ലാവരുടെയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ഭൂമിയെ ശുദ്ധീകരിച്ച് വീണ്ടും സസ്യങ്ങൾ വെച്ചുപിടിപ്പിക്കാനുമായി തങ്ങളുടെ ഊർജം തിരിച്ചുവിടാൻ ആളുകൾക്കു കഴിയും. മനുഷ്യവർഗത്തിന് ശരിക്കും ഉപയോഗപ്രദമായ പുതിയ സംഗതികൾ കണ്ടുപിടിക്കാൻ പുതിയ അവസരങ്ങൾ ഉണ്ടായിരിക്കും.
പിൻവരുന്ന പ്രവചനത്തിന് ലോകവ്യാപകമായ നിവൃത്തിയുണ്ടായിരിക്കും: “ഇനി നിന്റെ ദേശത്തു സാഹസവും നിന്റെ അതിരിന്നകത്തു ശൂന്യവും [“കവർച്ചയും,” NW] നാശവും കേൾക്കയില്ല.” (യെശയ്യാവു 60:18) തങ്ങളുടെ ഭവനങ്ങളും വസ്തുവകകളും ഉപേക്ഷിച്ച് ദുരിതപൂർണമായ ക്യാമ്പുകളിൽ പാർക്കാൻ നിർബന്ധിതരായി ഹതാശരായ ലക്ഷക്കണക്കിന് അഭയാർഥികൾ യുദ്ധമേഖലകളിൽനിന്നു പലായനം ചെയ്യേണ്ടിവരില്ല. രാഷ്ട്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയോ അംഗഹീനരാകുകയോ ചെയ്ത പ്രിയപ്പെട്ടവരെക്കുറിച്ച് ആളുകൾ വീണ്ടുമൊരിക്കലും വിലപിക്കേണ്ടിവരില്ല. യഹോവയുടെ സ്വർഗീയ രാജാവ് ശാശ്വത ലോകസമാധാനം സ്ഥാപിക്കും. “അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും.”—സങ്കീർത്തനം 72:7, 14.
വെറുക്കാനല്ല മറിച്ച് ദൈവത്തിന്റെ സ്നേഹമാർഗങ്ങൾ അനുകരിക്കാൻ പഠിച്ച ആളുകളുടെ ഇടയിലുള്ള ജീവിതം കൂടുതൽ ഉല്ലാസകരമായിരിക്കും. ദൈവവചനം മുൻകൂട്ടിപ്പറയുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” യഹോവയെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവരോടൊപ്പം ജീവിക്കുന്നത് എങ്ങനെയിരിക്കും? അതേ പുസ്തകം ഇങ്ങനെ പ്രവചിക്കുന്നു: “നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും. എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.”—യെശയ്യാവു 11:9; 32:17, 18.
സമാധാനത്തിന്റെ സകല ശത്രുക്കളിൽനിന്നും ഭൂമിയെ ശുദ്ധീകരിക്കാനായി ദൈവത്തിന്റെ സൈന്യങ്ങൾ നിലയുറപ്പിച്ചിരിക്കുന്നുവെന്ന് ബൈബിൾ പരിജ്ഞാനത്തിൽ വിശ്വാസം കെട്ടുപണിചെയ്തിരിക്കുന്നവർ തിരിച്ചറിയുന്നു. “അന്ത്യകാലത്തു” സംഭവിക്കുമെന്നു ബൈബിൾ പറയുന്നതു ചേർച്ചയിൽ പ്രവർത്തിക്കാൻ ഈ പരിജ്ഞാനം അവർക്ക് ആത്മവിശ്വാസം പകരുന്നു. അതായത്: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.”—യെശയ്യാവു 2:2-4.
യഹോവയുടെ സാക്ഷികളായിത്തീർന്നിരിക്കുന്ന അനേകം ജനതകളിൽനിന്നുള്ള ആളുകൾ ഇപ്പോൾത്തന്നെ ‘യുദ്ധം അഭ്യസിക്കു’ന്നതിൽനിന്ന് ഒഴിഞ്ഞിരിക്കുന്നു. ദൈവത്തിന്റെ സ്വർഗീയ സൈന്യങ്ങളുടെ സംരക്ഷണത്തിൽ അവർ ദൃഢവിശ്വാസം അർപ്പിച്ചിരിക്കുന്നു. അവരോടൊപ്പം ബൈബിൾ പഠിക്കുന്നതിനാൽ നിങ്ങൾക്കും സമാനമായ ആത്മവിശ്വാസം വളർത്തിയെടുക്കാനാകും.
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട]
U.S. National Archives photo