യഹോവ ആരാണ്?
യഹോവ തന്റെ വിശ്വസ്ത ആരാധകരിൽ ഒരുവനോടു പറഞ്ഞു: “ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല.” (പുറപ്പാടു 33:20) “ദൈവം ആത്മാവു ആകുന്നു,” മനുഷ്യർക്കു തങ്ങളുടെ ഭൗതിക നേത്രങ്ങൾക്കൊണ്ട് അവനെ കാണാൻ കഴിയില്ല. (യോഹന്നാൻ 4:24) മധ്യാഹ്നസൂര്യനെ നേരിട്ടു നോക്കുന്നതു കണ്ണിനു ഹാനികരമായിരിക്കുന്നതുപോലെ, തേജോമയ സൂര്യനെ മാത്രമല്ല മറിച്ച് പ്രപഞ്ചത്തിലെ അസംഖ്യം മറ്റു സൂര്യന്മാരെയും സൃഷ്ടിച്ച അതിഭയങ്കര ഊർജ സ്രോതസിനെ കാണുന്നതു നമ്മെ സംബന്ധിച്ചിടത്തോളം വിനാശകരമായിരിക്കും.
സന്തോഷകരമെന്നു പറയട്ടെ, ദൈവത്തെക്കുറിച്ച് അറിയുന്നതിനു നാം അവനെ കാണേണ്ടയാവശ്യമില്ല. ആ വിസ്മയാവഹമായ പായ്ക്കറ്റ്, അതായതു ഭൂമി, നമുക്കായി ഒരുക്കിയവനെ ബൈബിൾ തിരിച്ചറിയിക്കുകയും അവന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട്, ജീവനും അത് ആസ്വദിക്കാൻ ഉല്ലാസകരമായ ഭവനവും നൽകിയ ആ പിതാവിനെക്കുറിച്ചു മനസ്സിലാക്കാൻ നാം ബൈബിളിലേക്കു നോക്കുന്നത് മൂല്യവത്താണ്.
അവന്റെ പേരിന്റെ അർഥം
എല്ലാ പേരുകൾക്കും അർഥങ്ങളുണ്ട്, ഇന്ന് അനേകർക്കും അവയെക്കുറിച്ച് അറിയില്ലെങ്കിലും. ദൃഷ്ടാന്തത്തിന്, ഡേവിഡ് എന്ന പരിചിതമായ പേര് “പ്രിയപ്പെട്ട” എന്ന് അർഥമുള്ള ഒരു എബ്രായ പദത്തിൽനിന്നു വരുന്നതാണ്. സ്രഷ്ടാവിന്റെ പേരായ യഹോവ എന്നതിനും ഒരു അർഥമുണ്ട്. അതെന്താണ്? മൂല ബൈബിൾ ഭാഷയായ എബ്രായയിൽ ദിവ്യനാമം, വൈഎച്ച്ഡബ്ല്യൂഎച്ച് എന്നീ നാല് അക്ഷരങ്ങളിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ബൈബിളിന്റെ എബ്രായ ഭാഗത്ത് അത് ഏകദേശം 7,000 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. ദിവ്യനാമത്തിന്റെ അർഥം, “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണെന്നു മനസ്സിലാക്കിയിരിക്കുന്നു. തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാനായി താൻ എന്തായിത്തീരേണ്ടതുണ്ടോ അതായിത്തീരാൻ യഹോവ ജ്ഞാനപൂർവം ഇടയാക്കിത്തീർക്കുന്നുവെന്ന് അത് അർഥമാക്കുന്നു. അവൻ സ്രഷ്ടാവും ന്യായാധിപനും രക്ഷകനും ജീവൻ നിലനിർത്തുന്നവനുമാണ്. അതുകൊണ്ട് അവനു തന്റെ വാഗ്ദാനങ്ങൾ നിവൃത്തിക്കാൻ കഴിയും. മാത്രവുമല്ല, എബ്രായ ഭാഷയിൽ യഹോവ എന്ന പേര്, നിവർത്തിയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രവർത്തനത്തെ അർഥമാക്കുന്ന ക്രിയാരൂപമായാണ് ഉപയോഗിച്ചിരിക്കുന്നത്. അതേ, യഹോവ തന്നെത്തന്നെ തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നവനായിത്തീരാൻ ഇപ്പോഴും ഇടയാക്കുന്നു. അവൻ ജീവനുള്ള ദൈവമാണ്!
യഹോവയുടെ പ്രമുഖ ഗുണങ്ങൾ
ബൈബിൾ സ്രഷ്ടാവിനെ പിൻവരുന്ന പ്രകാരം വർണിക്കുന്നു: “ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും [“സ്നേഹദയയും,” NW) വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ.” (പുറപ്പാടു 34:6, 7) “സ്നേഹദയ” എന്ന പ്രയോഗം വളരെ അർഥവത്തായ ഒരു എബ്രായ പദത്തിന്റെ പരിഭാഷയാണ്. ഒരു സംഗതിയോടു ബന്ധപ്പെട്ട ഉദ്ദേശ്യം സാക്ഷാത്കരിക്കപ്പെടുന്നതുവരെ ആ സംഗതിയോടു സ്നേഹപൂർവം സ്വയം പറ്റിച്ചേർന്നിരിക്കുന്ന ദയയെ അത് അർഥമാക്കുന്നു. അതിനെ “വിശ്വസ്ത സ്നേഹം” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. യഹോവയുടെ ദയ അവന്റെ സൃഷ്ടികളോട് സ്നേഹപൂർവം സ്വയം പറ്റിച്ചേർന്നിരിക്കുകയും അവന്റെ അത്ഭുതകരമായ ഉദ്ദേശ്യം നിവർത്തിക്കയും ചെയ്യുന്നു. നിങ്ങൾക്കു ജീവൻ നൽകിയവനിൽനിന്നുള്ള അത്തരം സ്നേഹത്തെ നിങ്ങൾ പ്രിയപ്പെട്ടതായി കരുതുകയില്ലേ?
യഹോവ കോപിക്കാൻ സാവധാനതയുള്ളവനും നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ വേഗതയുള്ളവനുമാണ്. അത്തരമൊരു വ്യക്തിയോട് അടുപ്പമുണ്ടായിരിക്കുന്നതു ഹൃദയോഷ്മളകരമാണ്. എന്നാൽ, അവൻ ദുഷ്പ്രവൃത്തിയെ ഗൗനിക്കുന്നില്ലെന്ന് അതിനർഥമില്ല. അവൻ പ്രഖ്യാപിച്ചു: “യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർച്ചയെ വെറുക്കയും ചെയ്യുന്നു.” (യെശയ്യാവു 61:8) നീതിയുടെ ദൈവമെന്നനിലയിൽ അവൻ, തങ്ങളുടെ ദുഷ്ടതയിൽ തുടർന്നുകൊണ്ടേയിരിക്കുന്ന ധിക്കാരികളായ പാപികളെ എന്നേക്കും വെച്ചുപൊറുപ്പിക്കില്ല. അതുകൊണ്ട് ഉചിതമായ സമയത്ത് യഹോവ ലോകത്തിലെ അനീതികൾ നേരെയാക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. അവൻ പീഡിതരെ അവഗണിക്കില്ല.
സ്നേഹത്തെയും നീതിയെയും പൂർണ സമനിലയിൽ നിർത്താൻ എളുപ്പമല്ല. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, കുട്ടികൾ മോശമായി പെരുമാറുമ്പോൾ, എപ്പോൾ, എങ്ങനെ, എത്രമാത്രം തിരുത്തൽ നൽകണമെന്നു തീരുമാനിക്കാൻ ബുദ്ധിമുട്ടുള്ളതായി നിങ്ങൾ കണ്ടെത്തുന്നുവോ? നീതിയെ സ്നേഹാനുകമ്പയുമായി സമനിലയിൽ നിർത്താൻ വലിയ ജ്ഞാനം ആവശ്യമാണ്. മനുഷ്യരുമായി ഇടപെടുമ്പോൾ യഹോവ ആ ഗുണം ധാരാളമായി പ്രകടമാക്കുന്നു. (റോമർ 11:33-36) സ്രഷ്ടാവിന്റെ ജ്ഞാനം തീർച്ചയായും എല്ലായിടത്തും കാണാവുന്നതാണ്. ദൃഷ്ടാന്തത്തിന്, നമുക്കു ചുറ്റുമുള്ള സൃഷ്ടിയുടെ അത്ഭുതങ്ങളിൽ.—സങ്കീർത്തനം 104:24; സദൃശവാക്യങ്ങൾ 3:19.
എന്നാൽ ജ്ഞാനം മാത്രം പോരാ. തന്റെ ഹിതം നിറവേറ്റാൻ സ്രഷ്ടാവിനു ശക്തിയുമുണ്ടായിരിക്കണം. അവൻ വളരെ ശക്തനാണെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യം [“ചലനാത്മക ഊർജത്തിന്റെ ബാഹുല്യം,” NW) നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യം നിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.” (യെശയ്യാവു 40:26) തന്റെ “ചലനോജ്വല ഊർജത്തിന്റെ ബാഹുല്യ”ത്താൽ യഹോവയ്ക്കു കാര്യങ്ങൾ ചെയ്യാൻ കഴിയുന്നു. അത്തരമൊരു ഗുണം നിങ്ങളെ അവനിലേക്ക് ആകർഷിക്കില്ലേ?
സകല ജനതകളുടെയും ദൈവം
‘എന്നാൽ യഹോവ “പഴയ നിയമ”ത്തിലെ, പുരാതന ഇസ്രായേലിന്റെ ദൈവമല്ലേ’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. യഹോവ ഇസ്രായേല്യർക്കു തന്നെത്തന്നെ വെളിപ്പെടുത്തിയെന്നുള്ളതു സത്യമാണ്. എന്നിരുന്നാലും, ആദ്യ മാനുഷ ദമ്പതികളെ സൃഷ്ടിച്ചതു നിമിത്തം യഹോവ “സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ” ദൈവമാണ്. (എഫെസ്യർ 3:14, 15) പൂർവികരെ ആദരിക്കുന്നത് ഉചിതമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ, ഇന്ന് ഭൂമിയിലുള്ള സകല വംശാവലികളുടെയും ഉറവായ, നമ്മുടെ പൊതു പൂർവപിതാവായ ആദ്യമനുഷ്യനു ജീവൻ നൽകിയവനെ വണങ്ങുന്നത് ഉചിതമായിരിക്കില്ലേ?
മനുഷ്യവർഗത്തിന്റെ സ്രഷ്ടാവ് സങ്കുചിത ചിന്താഗതിക്കാരനല്ല. ഒരു കാലത്ത് ഇസ്രായേൽ ജനതയുമായി അവന് ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നുവെന്നതു ശരിതന്നെ. എന്നാൽ അപ്പോൾപ്പോലും, തന്റെ നാമം വിളിച്ചപേക്ഷിച്ച ഏവരെയും അവൻ കൈനീട്ടി സ്വീകരിച്ചു. യഹോവയോടുള്ള പ്രാർഥനയിൽ ഇസ്രായേലിലെ ജ്ഞാനിയായ ഒരു രാജാവ് ഇങ്ങനെ പറഞ്ഞു: “നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരൻ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും . . . ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു, . . . നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ.” (1 രാജാക്കന്മാർ 8:41-43) ഇന്നും, എല്ലാ ജനതകളിൽപ്പെട്ടവർക്കും യഹോവയെ അറിയാനും അവനുമായി അർഥവത്തായ ഒരു ബന്ധമുണ്ടായിരിക്കാനും സാധിക്കും. എന്നാൽ അതു നിങ്ങളെ എങ്ങനെയാണു ബാധിക്കുന്നത്?
യഹോവയെ അറിയുന്നതിന്റെ പ്രയോജനങ്ങൾ
കഴിഞ്ഞ ലേഖനത്തിലെ ദൃഷ്ടാന്തത്തിലേക്കു മടങ്ങിപ്പോകാം. ആകർഷകമായി പൊതിഞ്ഞ ഒരു പായ്ക്കറ്റു നിങ്ങൾക്കു ലഭിച്ചാൽ ആ സമ്മാനം എന്തിനാണെന്നു കണ്ടെത്താൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കും. അത് എങ്ങനെ ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യണം? സമാനമായി, നമുക്കുവേണ്ടി ഭൂമിയെ ഒരുക്കിയപ്പോൾ ദൈവത്തിന്റെ മനസ്സിലുണ്ടായിരുന്നത് എന്തായിരുന്നെന്ന് നാം അറിയേണ്ടതുണ്ട്. അവൻ അതിനെ ഉണ്ടാക്കിയത് “വ്യർത്ഥമായിട്ടല്ല” മറിച്ച് “പാർപ്പിന്നത്രേ”—അതായത് മനുഷ്യർ നിവസിക്കാൻ—എന്ന് ബൈബിൾ പറയുന്നു.—യെശയ്യാവു 45:18.
എന്നാൽ മിക്ക മനുഷ്യരും സ്രഷ്ടാവിന്റെ ദാനം കരുതലോടെ കൈകാര്യം ചെയ്തിട്ടില്ല. അവർ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്, യഹോവയെ വളരെയേറെ അപ്രീതിപ്പെടുത്തിക്കൊണ്ടുതന്നെ. എന്നിട്ടും, തന്റെ പേരിന്റെ അർഥത്തോടുള്ള ചേർച്ചയിൽ, മനുഷ്യനെയും ഭൂമിയെയും സംബന്ധിച്ചുള്ള തന്റെ ആദിമോദ്ദേശ്യം നിവർത്തിക്കാൻ യഹോവ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. (സങ്കീർത്തനം 115:16; വെളിപ്പാടു 11:18) അവൻ ഭൂമിയെ കേടുപാടുകളിൽനിന്നു പുനഃസ്ഥിതീകരിച്ച്, തന്റെ അനുസരണമുള്ള മക്കളെന്നനിലയിൽ ജീവിക്കാൻ മനസ്സൊരുക്കമുള്ളവർക്ക് അവകാശമായി നൽകും.—മത്തായി 5:5.
അതു സംഭവിക്കുമ്പോൾ കാര്യങ്ങൾ എങ്ങനെയായിരിക്കുമെന്ന് ബൈബിളിലെ അവസാന പുസ്തകം വിവരിക്കുന്നു. “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; . . . അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:3-5) പ്രിയപ്പെട്ടവരുടെ മരണത്തിലുള്ള ദുഃഖത്താൽ അന്ന് ആരും കണ്ണീരൊഴുക്കേണ്ടിവരില്ല. ആരും ഹതാശരായി സഹായത്തിനുവേണ്ടി നിലവിളിക്കുകയോ മാരകമായ രോഗങ്ങൾ നിമിത്തം വേദന അനുഭവിക്കുകയോ ഇല്ല. “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയു”കതന്നെ ചെയ്യും. (1 കൊരിന്ത്യർ 15:26; യെശയ്യാവു 25:8; 33:24) നമ്മുടെ ആദ്യ പൂർവികരെ സൃഷ്ടിച്ചപ്പോൾ, നാം ആസ്വദിക്കണമെന്ന് യഹോവ ആഗ്രഹിച്ച തരം ജീവിതത്തെ ഇതു വിവരിക്കുന്നു.
യഹോവയുടെ ആരാധകരുടെ ഇടയിൽ നിങ്ങൾക്ക് ഇപ്പോൾ അത്തരം പറുദീസാ അവസ്ഥകളുടെ ഒരു പൂർവവീക്ഷണം തീർച്ചയായും ദർശിക്കാവുന്നതാണ്. അവൻ അവരോടു പറയുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.” (യെശയ്യാവു 48:17) തന്റെ മക്കളായ നമ്മെ, ജീവിക്കേണ്ട ഏറ്റവും മെച്ചപ്പെട്ട വിധം പഠിപ്പിക്കുന്ന ദയാലുവായ ഒരു പിതാവാണ് യഹോവ. മനുഷ്യർക്കായുള്ള അവന്റെ മാർഗനിർദേശങ്ങൾ അനാവശ്യമായ നിയന്ത്രണങ്ങളല്ല, മറിച്ച് സ്നേഹപൂർവകമായ സംരക്ഷണമാണു പ്രദാനം ചെയ്യുന്നത്. അതു പിൻപറ്റുന്നത് യഥാർഥ സ്വാതന്ത്ര്യത്തിലും സന്തുഷ്ടിയിലും കലാശിക്കും. അതേക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.” (2 കൊരിന്ത്യർ 3:17) അവന്റെ ഭരണാധിപത്യം സ്വീകരിക്കുന്നവർ ബൈബിളിൽ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ പിൻപറ്റിക്കൊണ്ട് ഇപ്പോൾ ഹൃദയസമാധാനം അനുഭവിക്കുന്നു. അത് ഒരുനാൾ മുഴു മനുഷ്യവർഗലോകത്തിലും വ്യാപിക്കും.—ഫിലിപ്പിയർ 4:7.
യഹോവ എത്ര ഉപകാരിയായ പിതാവാണ്! സൃഷ്ടിയിലെ സകല അത്ഭുതങ്ങൾക്കും പിന്നിലുള്ള ആ ഒരുവനെക്കുറിച്ചു കൂടുതൽ പഠിക്കാൻ നിങ്ങൾ ഒരുക്കമാണോ? അങ്ങനെ ചെയ്യുന്നവർക്ക് ഇപ്പോൾത്തന്നെ വിലതീരാത്ത പ്രയോജനങ്ങൾ ആസ്വദിക്കാൻ കഴിയും. ഭാവിയിൽ നിത്യാനുഗ്രഹങ്ങളും.
[5-ാം പേജിലെ ചിത്രം]
നാല് എബ്രായ അക്ഷരങ്ങളിൽ എഴുതിയ ദിവ്യനാമം അനേകം പുരാതന പള്ളികളുടെ ചുവരുകളിൽ കാണാവുന്നതാണ്