അവർ യഹോവയുടെ ഹിതം ചെയ്തു
ഇയ്യോബിന്റെ നിർമലതയ്ക്കു പ്രതിഫലം ലഭിക്കുന്നു
ഇയ്യോബ് അനുകമ്പയുള്ളവനും വിധവമാരുടെയും അനാഥരുടെയും പീഡിതരുടെയും സംരക്ഷകനുമായിരുന്നു. (ഇയ്യോബ് 29:12-17; 31:16-21) അങ്ങനെയിരിക്കെ, പെട്ടെന്നൊരുനാൾ അവന് ആപത്തു നേരിട്ടു. സമ്പത്തും മക്കളും ആരോഗ്യവും നഷ്ടമായി. ദുഃഖകരമെന്നു പറയട്ടെ, മർദിതർക്ക് ഒരു താങ്ങായിരുന്ന ആ ആദർശധീരന് ആവശ്യനേരത്ത് യാതൊരു സഹായവും ലഭിച്ചില്ല. “ദൈവത്തെ ത്യജിച്ചുപറഞ്ഞുമരിച്ചുകളക” എന്ന് അവന്റെ ഭാര്യപോലും പറഞ്ഞു. അവന്റെ “സുഹൃത്തുക്കളായ” എലീഫസും ബിൽദാദും സോഫറും യാതൊരു സാന്ത്വനവുമേകിയില്ല. പകരം, ഇയ്യോബ് പാപം ചെയ്തെന്നും അതുകൊണ്ട് അവന്റെ വേദന അവൻ അർഹിക്കുന്നുവെന്നും അവർ പരോക്ഷമായി സൂചിപ്പിച്ചു.—ഇയ്യോബ് 2:9; 4:7, 8; 8:5, 6; 11:13-15.
വളരെയേറെ ദുരിതങ്ങൾക്കുമധ്യേയും ഇയ്യോബ് വിശ്വസ്തനായി നിലകൊണ്ടു. അതുനിമിത്തം, യഹോവ ഒടുവിൽ ഇയ്യോബിനോടു കരുണ കാണിക്കുകയും അവനെ അനുഗ്രഹിക്കുകയും ചെയ്തു. അവൻ അത് എപ്രകാരം ചെയ്തെന്നതു സംബന്ധിച്ച വിവരണം, തക്കസമയത്തു തങ്ങൾക്കും പ്രതിഫലം ലഭിക്കുമെന്നു നിർമലതാപാലകരായ സകല ദൈവദാസന്മാർക്കും ഉറപ്പേകുന്നു.
കുറ്റനിവാരണവും പുനഃസ്ഥിതീകരണവും
യഹോവ ആദ്യം എലീഫസിനെയും ബിൽദാദിനെയും സോഫറിനെയും ശാസിച്ചു. വ്യക്തമായും ഏറ്റവും പ്രായമുള്ളവനായിരുന്ന എലീഫസിനെ അഭിസംബോധന ചെയ്തുകൊണ്ട് അവൻ പറഞ്ഞു: “നിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല. ആകയാൽ നിങ്ങൾ ഏഴു കാളയെയും ഏഴു ആട്ടുകൊററനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്നു നിങ്ങൾക്കു വേണ്ടി ഹോമയാഗം കഴിപ്പിൻ; എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും.” (ഇയ്യോബ് 42:7, 8) അത് എന്തർഥമാക്കിയെന്ന് ഒന്നാലോചിച്ചു നോക്കൂ!
എലീഫസ്, ബിൽദാദ്, സോഫർ എന്നിവരിൽനിന്ന് യഹോവ ഗണ്യമായൊരു യാഗം ആവശ്യപ്പെട്ടു. അവരുടെ പാപത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കാനായിരുന്നിരിക്കാം അത്. ‘സ്വദാസന്മാരിൽ ദൈവത്തിനു വിശ്വാസമി’ല്ലെന്നും അതുകൊണ്ട് ഇയ്യോബ് വിശ്വസ്തനായിരിക്കുമോ ഇല്ലയോ എന്നത് അവനു പ്രധാനമല്ലെന്നും പറഞ്ഞുകൊണ്ട് മനഃപൂർവമോ അല്ലാതെയോ അവർ തീർച്ചയായും ദൈവദൂഷണം പറഞ്ഞു. ദൈവദൃഷ്ടിയിൽ ഇയ്യോബിന് ഒരു പുഴുവിന്റെ വിലയേ ഉള്ളെന്നുപോലും എലീഫസ് പറഞ്ഞു. (ഇയ്യോബ് 4:18, 19; 22:2, 3) “നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല” എന്ന് യഹോവ പറഞ്ഞതിൽ തെല്ലും അതിശയിക്കാനില്ല!
എന്നാൽ അതോടെ തീർന്നില്ല. ഇയ്യോബിന്റെ പ്രശ്നങ്ങൾക്കു കാരണം അവൻതന്നെയാണെന്നു പറഞ്ഞുകൊണ്ട് എലീഫസും ബിൽദാദും സോഫറും വ്യക്തിപരമായി ഇയ്യോബിനെതിരെയും പാപം ചെയ്തു. അവരുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും തികഞ്ഞ സമാനുഭാവരാഹിത്യവും നിമിത്തം ഇയ്യോബ് പ്രകോപിതനും വിഷാദചിത്തനുമായിത്തീരാനും പിൻവരുന്നപ്രകാരം വിലപിക്കാനും ഇടയായി: “നിങ്ങൾ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാൽ എന്നെ തകർക്കുകയും ചെയ്യും?” (ഇയ്യോബ് 10:1; 19:2) തങ്ങളുടെ പാപങ്ങളെപ്രതിയുള്ള വഴിപാട് ഇയ്യോബിന്റെ മുമ്പാകെ കൊണ്ടുപോയി കൊടുക്കേണ്ടിവന്ന ആ മൂന്നു പുരുഷന്മാരുടെ മഞ്ഞളിച്ചമുഖമൊന്നു സങ്കൽപ്പിച്ചുനോക്കൂ!
എന്നാൽ ഇയ്യോബ് അവരുടെ ലജ്ജിതാവസ്ഥകണ്ട് ആഹ്ലാദിക്കാൻ പാടില്ലായിരുന്നു. അവന്റെമേൽ കുറ്റാരോപണം നടത്തിയവർക്കുവേണ്ടി പ്രാർഥിക്കാൻ യഹോവ അവനോട് ആവശ്യപ്പെട്ടു. തന്നോടു നിർദേശിച്ചതുപോലെതന്നെ ഇയ്യോബ് പ്രവർത്തിച്ചു. തന്മൂലം അവൻ അനുഗ്രഹിക്കപ്പെട്ടു. ആദ്യമായി, അവന്റെ ഭീതിദമായ രോഗം യഹോവ സൗഖ്യമാക്കി. അപ്പോൾ ഇയ്യോബിന്റെ സഹോദരീസഹോദരന്മാരും മുൻ സഹകാരികളും അവനെ ആശ്വസിപ്പിക്കാനെത്തി. “ഓരോരുത്തനും അവന്നു ഓരോ പൊൻനാണ്യവും [“ഒരു നാണയത്തുട്ടും,” NW] ഓരോ പൊൻ മോതിരവും കൊടുത്തു.”a മാത്രവുമല്ല, ഇയ്യോബിന് “പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി.”b വ്യക്തമായും, ഇയ്യോബിന്റെ ഭാര്യ അവനുമായി അനുരജ്ഞനപ്പെട്ടു. കാലക്രമത്തിൽ ഇയ്യോബ് ഏഴു പുത്രന്മാരാലും മൂന്നു പുത്രിമാരാലും അനുഗൃഹീതനായി. തന്റെ സന്തതികളുടെ നാലു തലമുറകൾവരെ കാണാൻ അവൻ ജീവിച്ചിരുന്നു.—ഇയ്യോബ് 42:10-17.
നമുക്കുള്ള പാഠങ്ങൾ
ഇയ്യോബ് ആധുനികകാല ദൈവദാസന്മാർക്കു ശ്രദ്ധേയമായൊരു ദൃഷ്ടാന്തംവെച്ചു. ‘എന്റെ ദാസൻ’ എന്ന് യഹോവ അഭിമാനപൂർവം വിളിച്ച “നിഷ്കളങ്കനും നേരുള്ളവനു”മായിരുന്നു അവൻ. (ഇയ്യോബ് 1:8; 42:7, 8) എന്നാൽ ഇയ്യോബ് പൂർണനായിരുന്നെന്ന് ഇത് അർഥമാക്കുന്നില്ല. ദൈവമാണ് തന്റെ ദുരിതത്തിന്റെ കാരണക്കാരൻ എന്ന് പരിശോധനയുടെ ഒരു ഘട്ടത്തിൽ അവൻ തെറ്റായി നിഗമനം ചെയ്തു. മനുഷ്യരുമായി ദൈവം ഇടപെടുന്ന വിധത്തെ അവൻ വിമർശിക്കുകപോലും ചെയ്തു. (ഇയ്യോബ് 27:2; 30:20, 21) ദൈവത്തിന്റെ നീതിക്കു പകരം അവൻ സ്വന്തം നീതി ഘോഷിച്ചു. (ഇയ്യോബ് 32:2) എന്നാൽ സ്രഷ്ടാവിനെ തള്ളിപ്പറയാൻ ഇയ്യോബ് വിസമ്മതിച്ചു. ദൈവത്തിൽനിന്നുള്ള തിരുത്തൽ അവൻ താഴ്മയോടെ സ്വീകരിക്കുകയും ചെയ്തു. “എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി,” അവൻ സമ്മതിച്ചു. “ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.”—ഇയ്യോബ് 42:3, 6.
പരിശോധനയിൻ കീഴിലായിരിക്കുമ്പോൾ നാമും ഉചിതമല്ലാത്ത വിധത്തിൽ ചിന്തിക്കുകയോ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തേക്കാം. (സഭാപ്രസംഗി 7:7, പി.ഒ.സി ബൈബിൾ താരതമ്യം ചെയ്യുക.) എന്നിരുന്നാലും, ദൈവത്തോടുള്ള നമ്മുടെ സ്നേഹം ആഴമുള്ളതാണെങ്കിൽ, കഷ്ടപ്പാട് അനുഭവിക്കാൻ അവൻ നമ്മെ അനുവദിച്ചതു നിമിത്തം നാം അവനെതിരെ മത്സരിക്കുകയോ പ്രകോപിതരാകുകയോ ഇല്ല. പകരം, നാം നമ്മുടെ നിർമലത നിലനിർത്തുകയും അങ്ങനെ ഒടുവിൽ മഹത്തായ അനുഗ്രഹം കൊയ്യുകയും ചെയ്യും. സങ്കീർത്തനക്കാരൻ യഹോവയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “വിശ്വസ്തനോട് നീ വിശ്വസ്തതയോടെ പ്രവർത്തിക്കും.”—സങ്കീർത്തനം 18:25 NW.
ഇയ്യോബ് ആരോഗ്യാവസ്ഥയിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുന്നതിനു മുമ്പ്, അവനോട് കുറ്റംചെയ്തവർക്കു വേണ്ടി പ്രാർഥിക്കാൻ യഹോവ ആവശ്യപ്പെട്ടു. നമുക്ക് എന്തൊരു നല്ല ദൃഷ്ടാന്തം! നമ്മുടെ സ്വന്തം പാപങ്ങൾ ക്ഷമിക്കപ്പെടുന്നതിനു മുമ്പു നാം നമുക്കെതിരെ പാപം ചെയ്തവരോടു ക്ഷമിക്കണമെന്നു യഹോവ ആവശ്യപ്പെടുന്നു. (മത്തായി 6:12; എഫെസ്യർ 4:32) മറ്റുള്ളവരോടു ക്ഷമിക്കാൻ ന്യായമായ കാരണമുള്ളപ്പോൾ നാം അതിനു തയ്യാറാകുന്നില്ലെങ്കിൽ, യഹോവ നമ്മോടു കരുണയുള്ളവനായിരിക്കണമെന്നു നമുക്ക് ഉചിതമായി പ്രതീക്ഷിക്കാനാകുമോ?—മത്തായി 18:21-35.
നാമെല്ലാം ഇടയ്ക്കിടെ പരിശോധനകളെ അഭിമുഖീകരിക്കുന്നു. (2 തിമൊഥെയൊസ് 3:12) എന്നാൽ, ഇയ്യോബിനെപ്പോലെ നമുക്കു നിർമലത പാലിക്കാൻ കഴിയും. അപ്രകാരം ചെയ്യുന്നതിനാൽ നാം വലിയ പ്രതിഫലം കൊയ്യും. യാക്കോബ് എഴുതി: “സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.”—യാക്കോബ് 5:11.
[അടിക്കുറിപ്പുകൾ]
a ‘ഒരു നാണയത്തുട്ടിന്റെ’ (എബ്രായയിൽ, ക്വിസിത്ത) മൂല്യം നിർണയിക്കാനാവില്ല. എന്നാൽ യാക്കോബിന്റെ കാലത്ത് “നൂറ് നാണയത്തുട്ടുകൾ”കൊണ്ട് സാമാന്യം വിസ്തൃതമായൊരു സ്ഥലം വാങ്ങാൻ കഴിഞ്ഞു. (യോശുവ 24:32) അതുകൊണ്ട് ഓരോ സന്ദർശകനിൽനിന്നും ലഭിച്ച ഓരോ “നാണയത്തുട്ടു”കൾ സാധ്യതയനുസരിച്ച് ഉദാരമായ സമ്മാനമായിരുന്നു.
b കഴുതകളുടെ ലിംഗഭേദം സൂചിപ്പിച്ചിരിക്കുന്നത്, പെറ്റുപെരുകാൻ കഴിയുന്നതുവഴിയുള്ള അവയുടെ മൂല്യം നിമിത്തമായിരിക്കാം.