അഹങ്കാരിയായ ഒരു പ്രതിരാജാവിന് സാമ്രാജ്യം നഷ്ടമാകുന്നു
“ബേൽശസ്സർ രാജാവു തന്റെ മഹത്തുക്കളിൽ ആയിരം പേർക്കു ഒരു വലിയ വിരുന്നു ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു,” ദാനീയേൽ പ്രവാചകൻ എഴുതി. എന്നാൽ വിരുന്നു പുരോഗമിക്കവേ, രാജാവിന്റെ “മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പു അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി.” ആ രാത്രിയിൽ തന്നേ “കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു. മേദ്യനായ ദാര്യാവേശ് . . . രാജത്വം പ്രാപിച്ചു.”—ദാനീയേൽ 5:1, 6, 30, 31.
ബേൽശസ്സർ ആരായിരുന്നു? അവൻ “കല്ദയരാജാവ്” എന്നു വിളിക്കപ്പെടാൻ ഇടയായത് എങ്ങനെ? നവ ബാബിലോന്യ സാമ്രാജ്യത്തിൽ അവന്റെ യഥാർഥ സ്ഥാനം എന്തായിരുന്നു? അവന് എങ്ങനെ സാമ്രാജ്യം നഷ്ടമായി?
പ്രതിരാജാവോ രാജാവോ?
ദാനീയേൽ നെബൂഖദ്നേസരിനെ ബേൽശസ്സരിന്റെ പിതാവായി പരാമർശിക്കുന്നു. (ദാനീയേൽ 5:2, 11, 18, 22) എന്നാൽ ഈ ബന്ധം അക്ഷരാർഥത്തിലുള്ളതല്ല. റെയ്മണ്ട് പി. ഡ്വാർറ്റിയുടെ നബോണീഡസും ബേൽശസ്സരും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നത് നെബൂഖദ്നേസർ ബേൽശസ്സരിന്റെ അമ്മയായ നിറ്റൊക്രിസ് വഴി അവന്റെ മുത്തച്ഛൻ ആയിരിക്കാമെന്നാണ്. സിംഹാസനത്തിൽ രാജകീയ മുൻഗാമി ആയതുകൊണ്ടും നെബൂഖദ്നേസരിനെ ബേൽശസ്സരിന്റെ ‘അപ്പൻ’ എന്നു പറയാം. (ഉല്പത്തി 28:10, 13 താരതമ്യം ചെയ്യുക.) എന്തായാലും, 19-ാം നൂറ്റാണ്ടിൽ ദക്ഷിണ ഇറാക്കിൽനിന്നു കണ്ടെടുക്കപ്പെട്ട കളിമൺ സിലിണ്ടറുകളിലെ ക്യൂണിഫോം കയ്യെഴുത്തുകൾ ബേൽശസ്സരിനെ ബാബിലോൻ രാജാവായ നബോണീഡസിന്റെ മൂത്തപുത്രനായി തിരിച്ചറിയിക്കുന്നു.
ദാനീയേൽ 5-ാം അധ്യായത്തിലെ വിവരണം പൊ.യു.മു. 539-ൽ ബാബിലോൻ വീണ രാത്രിയിലെ സംഭവങ്ങളെ കുറിച്ചായതിനാൽ, അത് ബേൽശസ്സരിന് രാജകീയ അധികാരം എങ്ങനെ ലഭിച്ചു എന്നു പറയുന്നില്ല. എന്നാൽ പുരാവസ്തു വിജ്ഞാനീയ ഉറവിടങ്ങൾ നബോണീഡസും ബേൽശസ്സരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചില വിവരങ്ങൾ നൽകുന്നുണ്ട്. “നബോണീഡസ് ഒരു കിറുക്കൻ ഭരണാധിപൻ ആയിരുന്നു എന്ന് ബാബിലോന്യ പാഠങ്ങൾ വെളിപ്പെടുത്തുന്നു”വെന്ന് പുരാവസ്തു ശാസ്ത്രജ്ഞനും പുരാതന സെമറ്റിക് ഭാഷാവിദഗ്ധനുമായ അലൻ മിലാർഡ് പറയുന്നു. മിലാർഡ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അവൻ ബാബിലോന്യ ദേവന്മാരെ അവഗണിച്ചില്ലെങ്കിലും . . . ഊർ, ഹാരാൻ എന്നീ മറ്റു രണ്ടു നഗരങ്ങളിൽ ചന്ദ്രദേവന് കാര്യമായ ശ്രദ്ധ നൽകി. ഭരണത്തിലായിരുന്ന പല വർഷങ്ങളിലും അവൻ ബാബിലോനിൽ താമസിക്കുകപോലും ചെയ്തില്ല; മറിച്ച് അവന്റെ താമസം ദൂരെയായിരുന്നു, വടക്കേ അറേബ്യയിലെ റ്റെയ്മ [അഥവാ റ്റെമ] മരുസങ്കേതത്തിൽ.” അപ്പോൾ തെളിവനുസരിച്ച്, തന്റെ ഭരണകാലത്തിന്റെ ഏറിയകൂറും നബോണീഡസ് തലസ്ഥാനമായ ബാബിലോനിൽനിന്ന് അകലെയായിരുന്നു ചെലവഴിച്ചത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ, ഭരണച്ചുമതല ബേൽശസ്സരിനായിരുന്നു.
“നബോണീഡസിനെ കുറിച്ചുള്ള കാവ്യവിവരണം” എന്നു വർണിക്കപ്പെട്ടിരിക്കുന്ന ഒരു ക്യൂണിഫോം രേഖ ബേൽശസ്സരിന്റെ യഥാർഥ സ്ഥാനത്തെ കുറിച്ച് കൂടുതൽ വിവരം പ്രദാനം ചെയ്യുന്നുണ്ട്. അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “അവൻ [നബോണീഡസ്] ‘സൈന്യ’ത്തെ തന്റെ മൂത്ത (പുത്രന്), ആദ്യജാതന് നൽകി, രാജ്യത്ത് എല്ലായിടത്തുമുള്ള സേനകളെയും അവന്റെ കീഴിലാക്കി. അവൻ (എല്ലാ അധികാരവും) രാജത്വവും അവനു നൽകി.” അതുകൊണ്ട് ബേൽശസ്സർ പ്രതിരാജാവ് ആയിരുന്നു.
എന്നാൽ ഒരു പ്രതിരാജാവ് എങ്ങനെയാണ് ഒരു രാജാവ് ആയി ഗണിക്കപ്പെടുക? വാസ്തവത്തിൽ രാജാവിനെക്കാൾ കുറഞ്ഞ പദവിയിലുള്ള ഒരു ഭരണാധികാരിയെ രാജാവ് എന്നു വിളിക്കുന്നത് അസാധാരണമായിരുന്നില്ലെന്ന് 1970-കളിൽ ഉത്തര സിറിയയിൽ കണ്ടെടുക്കപ്പെട്ട ഒരു പുരാതന ഭരണാധിപന്റെ പ്രതിമ പ്രകടമാക്കുന്നു. ഗൊസാനിലെ ഒരു ഭരണാധിപന്റെ ആ പ്രതിമയിൽ അസീറിയൻ, അരമായ എന്നീ ഭാഷകളിലുള്ള ആലേഖനങ്ങൾ ഉണ്ടായിരുന്നു. അസീറിയൻ ആലേഖനം അദ്ദേഹത്തെ ഗൊസാൻ ഗവർണർ എന്നു പരാമർശിക്കുമ്പോൾ സമാന്തര അരമായ വിവരണം അദ്ദേഹത്തെ രാജാവ് എന്നു വിശേഷിപ്പിക്കുന്നു. അതുകൊണ്ട് ഔദ്യോഗിക ബാബിലോന്യ ആലേഖനങ്ങളിൽ ബേൽശസ്സരിനെ കിരീടാവകാശിയായ രാജകുമാരൻ എന്നു വിശേഷിപ്പിക്കുമ്പോൾ ദാനീയേലിന്റെ അരമായ ലേഖനത്തിൽ അവനെ രാജാവ് ആയി പരാമർശിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ല.
നബോണീഡസിന്റെയും ബേൽശസ്സരിന്റെയും കൂട്ടുഭരണാധിപത്യ ക്രമീകരണം നവ ബാബിലോന്യ സാമ്രാജ്യത്തിന്റെ അവസാന നാളുകളോളം തുടർന്നു. അതുകൊണ്ടാണ്, ബാബിലോൻ വീണ രാത്രി, ബേൽശസ്സർ ദാനീയേലിനെ രാജ്യത്തെ രണ്ടാമത്തെ ഭരണാധിപനാക്കാം എന്നു പറയുന്നതിനുപകരം, മൂന്നാമത്തെ ഭരണാധിപനാക്കാമെന്നു പറഞ്ഞത്.—ദാനീയേൽ 5:16.
അമിത ആത്മവിശ്വാസിയും അഹങ്കാരിയുമായ പ്രതിരാജാവ്
ബേൽശസ്സരിന്റെ ഭരണകാലത്തെ അവസാന സംഭവങ്ങൾ സൂചിപ്പിക്കുന്നത് രാജകുമാരൻ അമിത ആത്മവിശ്വാസിയും അഹങ്കാരിയും ആയിരുന്നു എന്നാണ്. പൊ.യു.മു. 539 ഒക്ടോബർ 5-ന് തന്റെ ഭരണത്തിന്റെ അന്ത്യം വന്നെത്തിയപ്പോൾ, മേദോ-പേർഷ്യൻ സൈന്യത്തിൽനിന്നു പരാജയം ഏറ്റുവാങ്ങിയ നബോണീഡസ് ബൊർസിപ്പയിൽ അഭയം തേടിയിരിക്കുകയായിരുന്നു. ബാബിലോൻതന്നെ ഉപരോധത്തിൻ കീഴിലായിരുന്നു. എന്നാൽ നഗരം കൂറ്റൻ മതിലുകളാൽ ചുറ്റപ്പെട്ടിരുന്നതിനാൽ അങ്ങേയറ്റം സുരക്ഷിതത്വം തോന്നിയ ബേൽശസ്സർ ആ രാത്രി “തന്റെ മഹത്തുക്കളിൽ ആയിരം പേർക്കു ഒരു വലിയ വിരുന്നു ഒരുക്കി”യിരിക്കുകയായിരുന്നു. നഗരത്തിനകത്ത് ആളുകൾ “ആ സമയത്ത് നൃത്തം ചെയ്ത് ഉല്ലസിക്കുകയായിരുന്നു” എന്ന് പൊ.യു.മു. 5-ാം നൂറ്റാണ്ടിലെ ഗ്രീക്കു ചരിത്രകാരനായ ഹിറോഡോട്ടസ് പറയുന്നു.
എന്നാൽ അതീവ ജാഗ്രതയോടെ മേദോ-പേർഷ്യൻ സൈന്യം ബാബിലോൻ മതിലുകൾക്കു വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു. കോരെശിന്റെ നിർദേശത്തിൻ കീഴിൽ, നഗരത്തിന്റെ കേന്ദ്രഭാഗത്തുകൂടെ ഒഴുകിയിരുന്ന യൂഫ്രട്ടീസ് നദിയിലെ വെള്ളം അവർ തിരിച്ചുവിട്ടിരുന്നു. വെള്ളം ആവശ്യത്തിന് താഴുന്ന നിമിഷം നദീതടത്തിലൂടെ അകത്തേക്കു തള്ളിക്കയറാൻ യോദ്ധാക്കൾ ഒരുങ്ങിയിരിക്കുകയായിരുന്നു. ചരിവിലൂടെ കയറിവന്ന് നദിയോരത്തെ മതിലിന്റെ തുറന്നിട്ട താമ്രവാതിലിലൂടെ അവർ നഗരത്തിൽ പ്രവേശിക്കുമായിരുന്നു.
നഗരത്തിനു വെളിയിൽ എന്തു സംഭവിക്കുന്നുവെന്ന് ബേൽശസ്സർ ശ്രദ്ധിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന് താമ്രവാതിലുകൾ അടച്ച് നദിയോര മതിലിന്മേൽ തന്റെ വീരന്മാരെ കയറ്റി ശത്രുവിനെ കുരുക്കാമായിരുന്നു. അതിനുപകരം, വീഞ്ഞിന്റെ ലഹരിയിലമർന്ന അഹങ്കാരിയായ ബേൽശസ്സർ യഹോവയുടെ ആലയത്തിൽനിന്നു പാത്രങ്ങൾ കൊണ്ടുവരാൻ ഉത്തരവിടുകയാണു ചെയ്തത്. എന്നിട്ട് അദ്ദേഹവും അതിഥികളും അദ്ദേഹത്തിന്റെ ഭാര്യമാരും വെപ്പാട്ടികളും ധിക്കാരപൂർവം അതിൽനിന്നു കുടിക്കുകയും ബാബിലോന്യ ദേവന്മാരെ പുകഴ്ത്തുകയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്ന്, അത്ഭുതകരമായി ഒരു കൈ പ്രത്യക്ഷപ്പെട്ട് കൊട്ടാരഭിത്തിയിൽ എഴുതാൻ തുടങ്ങി. ഭയന്നുവിറച്ച ബേൽശസ്സർ ആ സന്ദേശത്തിന്റെ പൊരുൾ അറിയാൻ തന്റെ വിദ്വാന്മാരെ വിളിച്ചുവരുത്തി. എന്നാൽ “എഴുത്തു വായിപ്പാനും രാജാവിനെ അർത്ഥം അറിയിപ്പാനും അവർക്കു കഴിഞ്ഞില്ല.” അവസാനം, അവർ “ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു.” ദിവ്യനിശ്വസ്തതയിൽ, യഹോവയുടെ ധൈര്യശാലിയായ പ്രവാചകൻ ആ അത്ഭുത സന്ദേശത്തിന്റെ അർഥം വെളിപ്പെടുത്തി. ബാബിലോൻ മേദോ-പേർഷ്യരുടെ കൈകളിൽ അകപ്പെടാൻ പോകുകയാണെന്ന് അവൻ പ്രവചിച്ചു.—ദാനീയേൽ 5:2-28.
മേദ്യരും പേർഷ്യക്കാരും ആ നഗരത്തെ എളുപ്പം കീഴടക്കി. ബേൽശസ്സർക്ക് അത് അന്ത്യരാത്രിയായി. അവന്റെ മരണവും കോരെശിനു മുമ്പാകെയുള്ള നബോണീഡസിന്റെ കീഴടങ്ങലുംകൂടി ആയപ്പോൾ, നവ ബാബിലോന്യ സാമ്രാജ്യം അസ്തമിച്ചു.
[8-ാം പേജിലെ ചിത്രം]
ദാനീയേൽ ബാബിലോന്യ സാമ്രാജ്യത്തെ കുറിച്ചുള്ള നാശസന്ദേശം വ്യാഖ്യാനിക്കുന്നു