എല്ലാ പരാതിപ്പെടലും തെറ്റാണോ?
പരാതിപ്പെടാനാകാത്ത നീരസങ്ങളെക്കാൾ വേദനാകരമായി വേറെന്തുണ്ട്?—മാർക്കി ഡെ കൂസ്റ്റിൻ, 1790-1857.
രണ്ടു വർഷത്തോളം അവൾ ഒരു സഹപ്രവർത്തകനാലുള്ള ലൈംഗിക പീഡനം സഹിച്ചു. അവളുടെ എതിർപ്പുകൾ ചീത്ത വിളിയിലും അവഗണനയിലും കലാശിച്ചു. ഉള്ളിൽ ഉറഞ്ഞുകൂടിയ സമ്മർദം അവളുടെ ആരോഗ്യത്തെ ബാധിച്ചുകൊണ്ടിരുന്നു. എന്നാൽ അവൾക്ക് എന്തു ചെയ്യാൻ പറ്റുമായിരുന്നു? സമാനമായി, മനസ്സാക്ഷി അനുവദിക്കാഞ്ഞതു നിമിത്തം, സ്കൂൾ വ്യവസ്ഥപ്രകാരമുള്ള ആയോധനകലാ പരിശീലനങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് ക്ലാസ്സിൽ ഒന്നാമനായിരുന്ന ഒരു വിദ്യാർഥിയെ സ്കൂളിൽനിന്നു പുറത്താക്കി. തങ്ങൾ അനീതിക്കിരയായതായി ഇരുവർക്കും തോന്നി. എന്നാൽ അവർ പരാതിപ്പെടണമോ? അങ്ങനെ ചെയ്തെന്നിരിക്കട്ടെ, അവർക്ക് ആശ്വസിക്കാൻ വകയുണ്ടാകുമായിരുന്നോ? അതോ പ്രശ്നം വഷളാകാനേ അത് ഉതകുമായിരുന്നുള്ളോ?
ഇത്തരത്തിലും മറ്റു തരത്തിലുമുള്ള പരാതികൾ ഇന്നു സാധാരണമാണ്. കാരണം, അപൂർണരായ ആളുകളുള്ള, ആദർശരഹിതമായ ഒരു ലോകത്തിലാണു നാം വസിക്കുന്നത്. ഒരു പ്രത്യേക സ്ഥിതിവിശേഷത്തെക്കുറിച്ച് അൽപ്പസ്വൽപ്പം ഇഷ്ടക്കേടോ ദുഃഖമോ വേദനയോ നീരസമോ പ്രകടിപ്പിക്കുന്നതു മുതൽ ഒരു കക്ഷിക്കെതിരായ ഔപചാരിക ആരോപണംവരെ പരാതിപ്പെടൽ വ്യത്യസ്ത തരത്തിലുണ്ട്. പരാതിപ്പെടലും ഏറ്റുമുട്ടലും ഒഴിവാക്കാൻ മിക്കയാളുകളും ആഗ്രഹിക്കുന്നു. എങ്കിലും ഒരുവൻ എല്ലായ്പോഴും മൗനം പാലിക്കണമോ? ബൈബിളിന്റെ വീക്ഷണമെന്താണ്?
തനിക്കുതന്നെയും മറ്റുള്ളവർക്കും ഉണ്ടായേക്കാവുന്ന ദ്രോഹകരമായ ഫലങ്ങൾ
അടിക്കടി പരാതിപ്പെടുന്ന ശീലം ദ്രോഹകരമാണെന്നതിൽ സംശയമില്ല. ബൈബിൾ അതിനെ കുറ്റംവിധിക്കുന്നു. ഒരു പരാതിക്കാരൻ തനിക്കുതന്നെ ശാരീരികവും ആത്മീയവുമായ ക്ഷതം വരുത്തുകയും പരാതിക്കു പാത്രമായിരിക്കുന്നവർക്കു ക്ലേശം വരുത്തിവെക്കുകയും ചെയ്യുന്നു. പരാതിപ്പെടുന്ന ഒരു ഭാര്യയെക്കുറിച്ചു ബൈബിൾ പഴമൊഴി ഇങ്ങനെ പറയുന്നു: “പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും [“ഭാര്യയും,” NW] ഒരുപോലെ.” (സദൃശവാക്യങ്ങൾ 27:15) യഹോവയ്ക്കോ അവന്റെ കരുതലുകളിലൊന്നിനോ എതിരെയുള്ള പരാതിപ്പെടൽ പ്രത്യേകിച്ചും കുറ്റകരമാണ്. തങ്ങളുടെ 40 വർഷത്തെ മരുപ്രയാണത്തിൽ അത്ഭുതകരമായി ലഭിച്ച മന്നായെക്കുറിച്ച് ഇസ്രായേൽ ജനത പരാതിപ്പെട്ടു. അതിനെ “വെറുക്കത്തക്ക ആഹാര”മെന്നു വിളിച്ച് അനാദരവു കാട്ടിയ പരാതിക്കാരെ ശിക്ഷിക്കുന്നതിന് യഹോവ വിഷപ്പാമ്പുകളെ അയച്ചു. അങ്ങനെ അനേകർ മരിച്ചു.—സംഖ്യാപുസ്തകം 21:5, 6, NW.
കൂടാതെ, സഹമനുഷ്യരിൽ കാണുന്ന “കരടു” പോലുള്ള തെറ്റുകളെക്കുറിച്ചു പരാതിപ്പെടാതെ നമ്മിൽത്തന്നെയുള്ള, വലിയ ‘കോലു’ പോലുള്ള പോരായ്മകളെപ്പറ്റി ശരിക്കും ബോധ്യമുള്ളവരായിരിക്കാൻ യേശു തന്റെ അനുഗാമികളെ ബുദ്ധ്യുപദേശിച്ചു. (മത്തായി 7:1-5) സമാനമായി, മറ്റുള്ളവരെ വിധിക്കുന്നതിനെ (ഒരുതരം പരാതിപ്പെടലിനെ) കുറ്റം വിധിച്ചുകൊണ്ടു പൗലൊസ് പറഞ്ഞു: ‘അന്യനെ വിധിക്കുന്ന നീ അതു തന്നേ പ്രവർത്തിക്കുന്നതിനാൽ പ്രതിവാദം പറവാൻ ഇല്ല.’ പരാതിപ്പെടലിനെതിരെയുള്ള ഈ മുന്നറിയിപ്പുകൾ അനാവശ്യമായി വിമർശിക്കാതിരിക്കാനും പരാതിപ്പെടൽ മനോഭാവം വളർത്തിയെടുക്കാതിരിക്കാനും നമ്മെ പ്രേരിപ്പിക്കണം.—റോമർ 2:1.
എല്ലാ പരാതിപ്പെടലും കുറ്റംവിധിക്കപ്പെടുന്നുവോ?
എന്നാൽ, സകലവിധ പരാതിപ്പെടലും കുറ്റംവിധിക്കപ്പെടേണ്ടതാണെന്നു നാം നിഗമനം ചെയ്യണമോ? വേണ്ട, അതിന്റെ ആവശ്യമില്ല. നാം ജീവിക്കുന്ന കളങ്കപൂരിത ലോകത്തിൽ ന്യായമായും തിരുത്തൽ വേണ്ടിവരുന്ന നിരവധി അനീതികൾ നിലവിലുള്ളതായി ബൈബിൾ സൂചിപ്പിക്കുന്നു. അനീതിയുള്ള ഒരു ന്യായാധിപൻ പീഡിതയായ ഒരു വിധവയ്ക്കു മനസ്സില്ലാമനസ്സോടെ നീതി കൽപ്പിച്ചതിനെക്കുറിച്ച് ഒരു ദൃഷ്ടാന്തത്തിൽ യേശു സൂചിപ്പിക്കുകയുണ്ടായി. അല്ലാത്തപക്ഷം, ‘അവൾ എപ്പോഴും വന്ന് [തന്നെ] ശല്യപ്പെടുത്തും’ എന്നതിനാലാണ് അയാൾ അങ്ങനെ ചെയ്തത്. (ലൂക്കൊസ് 18:1-8, ഓശാന ബൈബിൾ) ചിലകാര്യങ്ങളിൽ, തെറ്റുകൾ തിരുത്തുന്നതുവരെ നാമും പരാതിപ്പെട്ടുകൊണ്ടിരിക്കേണ്ടതായി വന്നേക്കാം.
ദൈവരാജ്യം വരേണ്ടതിനു പ്രാർഥിക്കാൻ പ്രോത്സാഹിപ്പിച്ചതിലൂടെ, ഈ ലോകത്തിന്റെ ന്യൂനതകൾ തിരിച്ചറിഞ്ഞ് പരിഹാരത്തിനായി ദൈവത്തോടു “നിലവിളി”ക്കാനല്ലേ യേശു നമ്മെ പ്രേരിപ്പിച്ചത്? (മത്തായി 6:10) പുരാതന നഗരങ്ങളായിരുന്ന സൊദോമിന്റെയും ഗൊമോരയുടെയും ദുഷ്ടതയെക്കുറിച്ചുള്ള “പരാതിയുടെ നിലവിളി” യഹോവയുടെ കാതുകളിലെത്തിയപ്പോൾ, തന്റെ പക്കൽ ‘വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കു’ന്നതിനും ഒരു പരിഹാരം വരുത്തുന്നതിനും അവൻ തന്റെ ദൂതന്മാരെ അയച്ചു. (ഉല്പത്തി 18:20, 21) തദനുസൃതം, ആ രണ്ടു നഗരങ്ങളെയും അതിലെ അധാർമിക നിവാസികളെയും നശിപ്പിച്ചുകൊണ്ട് യഹോവ പ്രശ്നം പരിഹരിച്ചു. അങ്ങനെ, തന്നോടു പരാതിപ്പെട്ടവർക്ക് അവൻ ആശ്വാസമേകി.
ക്രിസ്തീയ സഭ
ക്രിസ്തീയ സഭയിലുള്ള സഹോദരങ്ങളുടെ ഇടയിൽ കാര്യങ്ങൾ വ്യത്യസ്തമായിരിക്കണമോ? അപൂർണരെങ്കിലും ക്രിസ്തീയ സ്ത്രീപുരുഷന്മാർ ദൈവത്തെ സമാധാനത്തിലും ഐക്യത്തിലും സേവിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. എങ്കിലും, അവർക്കിടയിൽ ഒരളവുവരെ പരാതിക്കുള്ള കാരണങ്ങൾ ഉയർന്നുവരികയും അവയ്ക്കു പരിഹാരം കണ്ടെത്തേണ്ടത് ആവശ്യമായിത്തീരുകയും ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടിൽ പെന്തക്കോസ്തിനു ശേഷം താമസിയാതെ അഭിഷിക്തരുടെ സഭയിൽ ഒരു സാഹചര്യം പൊന്തിവന്നു. ക്രിസ്ത്യാനികളായി മതപരിവർത്തനം ചെയ്യപ്പെട്ട പുതിയവരിൽ അനേകർ കൂടുതലായ പ്രബോധനത്തിനും പ്രോത്സാഹനത്തിനുംവേണ്ടി യെരൂശലേമിൽ തങ്ങി. ലഭ്യമായിരുന്ന ഭക്ഷ്യവസ്തുക്കൾ അവിടെ വിതരണം ചെയ്തിരുന്നു. എന്നാൽ, “തങ്ങളുടെ വിധവമാരെ ദിനമ്പ്രതിയുള്ള ശുശ്രൂഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.” ആ പരാതിക്കാരെ കുഴപ്പക്കാരായി കുറ്റംവിധിക്കാതെ, പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ അപ്പോസ്തലന്മാർ നടപടി സ്വീകരിച്ചു. അതേ, ഉചിതമായ ആദരവോടും ശരിയായ മനോഭാവത്തോടും കൂടെയുള്ള ന്യായമായ പരാതികൾ സഭയിലെ മേൽവിചാരകന്മാർ താഴ്മയോടെ കേട്ട് നടപടി സ്വീകരിക്കുന്നു.—പ്രവൃത്തികൾ 6:1-6; 1 പത്രൊസ് 5:3.
ഉത്തരവാദിത്വപ്പെട്ടവരുടെ മുമ്പാകെ
ഉചിതമായ മനോഭാവത്തോടെ, ഉത്തരവാദിത്വപ്പെട്ടവരുടെ മുമ്പാകെവേണം പരാതിപ്പെടാൻ എന്നത് മുകളിൽ സൂചിപ്പിച്ച ഉദാഹരണങ്ങളിൽനിന്നു നിങ്ങൾ മനസ്സിലാക്കിയോ? ദൃഷ്ടാന്തത്തിന്, ഭാരിച്ച നികുതി ചുമത്തലിനെക്കുറിച്ചു പൊലീസിനോടോ ശാരീരിക രോഗത്തെക്കുറിച്ച് ഒരു ന്യായാധിപനോടോ പരാതിപ്പെടുന്നതു നിരർഥകമായിരിക്കും. സമാനമായി, സഭയ്ക്കുള്ളിലോ പുറത്തോ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച്, സഹായിക്കാൻ തക്കവണ്ണം എന്തെങ്കിലും അധികാരമോ പ്രാപ്തിയോ ഇല്ലാത്ത ഒരു വ്യക്തിയോടു പരാതിപ്പെടുന്നത് അനുചിതമായിരിക്കും.
ഇന്നു മിക്ക നാടുകളിലും, ഒരു പരിധിവരെ ആശ്വാസം കണ്ടെത്താമെന്ന പ്രതീക്ഷയിൽ കോടതികളെയും മറ്റ് അധികാരികളെയും സമീപിക്കാൻ സാധിക്കും. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച വിദ്യാർഥി കോടതിയിൽ പരാതിപ്പെട്ടപ്പോൾ ന്യായാധിപന്മാർ അവന് അനുകൂലമായി വിധി കൽപ്പിച്ചു. സ്കൂൾ ക്ഷമചോദിച്ചുകൊണ്ട് അവനെ തിരിച്ചെടുത്തു. അതുപോലെ, ലൈംഗിക പീഡനത്തിനിരയായ ആ സ്ത്രീ, സ്ത്രീജോലിക്കാരുടെ യൂണിയൻ മുഖേന ആശ്വാസം കണ്ടെത്തി. സ്കൂൾ ബോർഡ് അവളോടു ക്ഷമാപണം നടത്തി. അവളുടെ മേലധികാരികൾ ലൈംഗിക പീഡനം നിർത്തുന്നതിനുള്ള പടികൾ സ്വീകരിച്ചു.
എന്നിരുന്നാലും, എല്ലാ പരാതികൾക്കും ഒരേ പരിണതിയായിരിക്കുമെന്നു പ്രതീക്ഷിക്കരുത്. ജ്ഞാനിയായ ശലോമോൻ രാജാവ് വസ്തുനിഷ്ഠമായി ഇങ്ങനെ അഭിപ്രായപ്പെട്ടു: “വളവുള്ളതു നേരെ ആക്കുവാൻ വഹിയാ.” (സഭാപ്രസംഗി 1:15) ചില കാര്യങ്ങൾ ദൈവം തന്റെ തക്ക സമയത്തു പരിഹരിക്കുന്നതിനായി കാത്തിരിക്കേണ്ടതുണ്ടെന്നു നാം തിരിച്ചറിയുന്നതു നന്നായിരിക്കും.
[31-ാം പേജിലെ ചിത്രം]
മൂപ്പന്മാർ ന്യായമായ പരാതികൾ കേട്ട് നടപടി സ്വീകരിക്കുന്നു