അദ്ദേഹം താഴ്മയോടെ യഹോവയെ സേവിച്ചു
“എവിടെ സേവിക്കുന്നു എന്നുള്ളതല്ല, മറിച്ച് ആരെ സേവിക്കുന്നു എന്നുള്ളതാണു വാസ്തവത്തിൽ പ്രധാനം.” ആ വാക്കുകൾ പറയാൻ ജോൺ ബൂത്തിന് ഇഷ്ടമായിരുന്നു. അദ്ദേഹം അതനുസരിച്ചു ജീവിക്കുകയും ചെയ്തു. 1996 ജനുവരി 8-ാം തീയതി തിങ്കളാഴ്ച അവസാനിച്ച അദ്ദേഹത്തിന്റെ ഭൗമിക ജീവിതം, അദ്ദേഹം ആരെ സേവിക്കാൻ തിരഞ്ഞെടുത്തു എന്നതു സംബന്ധിച്ചു യാതൊരു സംശയവും അവശേഷിപ്പിച്ചില്ല.
1921-ൽ ഒരു യുവാവെന്നനിലയിൽ അദ്ദേഹം ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ അന്വേഷണം നടത്തുകയായിരുന്നു. ഡച്ച് നവോത്ഥാന സഭയിൽ ഞായറാഴ്ചകളിൽ വേദോപദേശം പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ദേഹം ഒരു മതശുശ്രൂഷകനായിത്തീരുന്നതിനു പരിശീലനം നേടുക എന്ന ആശയത്തെ എതിർത്തു. കാരണം, സ്വാർഥപരമായ ജീവിതമാണു പുരോഹിതന്മാർ നയിച്ചിരുന്നതെന്ന് അദ്ദേഹത്തിനു തോന്നി. “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കുകയില്ല” എന്ന ശീർഷകത്തിലുള്ള ഒരു പ്രസംഗത്തിന്റെ പരസ്യം കണ്ടപ്പോൾ അൽപ്പംപോലും സമയം പാഴാക്കാതെ അതിൽ പരസ്യപ്പെടുത്തിയിരുന്ന സാഹിത്യത്തിനായി അദ്ദേഹം ഓർഡർ അയച്ചു. താൻ വായിച്ച കാര്യത്താൽ ആകൃഷ്ടനായ അദ്ദേഹം, ബൈബിൾ വിദ്യാർഥികളുടെ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—യോഗങ്ങളിൽ സംബന്ധിക്കാൻ 24 കിലോമീറ്റർ സൈക്കിളിൽ പോയിത്തുടങ്ങി. 1923-ൽ സ്നാപനമേറ്റ അദ്ദേഹം, തനിക്ക് ഒരു ഡയറി ഫാമുണ്ടായിരുന്ന ന്യൂയോർക്കിലെ വാൾക്കിൽ പ്രദേശത്തു വീടുതോറും പ്രസംഗിക്കാൻ തുടങ്ങി.
ബൂത്ത് സഹോദരൻ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചത് 1928-ലായിരുന്നു. ബൈബിൾ സാഹിത്യം നൽകിയിട്ട് പകരം ഭക്ഷണവും താമസസൗകര്യവും സ്വീകരിച്ചുകൊണ്ട് സ്വന്തപ്രദേശത്തും തെക്കുഭാഗത്തെ ഗ്രാമീണ പ്രദേശങ്ങളിലും അദ്ദേഹം പ്രസംഗിച്ചു. നിയമവിരുദ്ധമായ വാറ്റുസ്ഥലങ്ങളിലെ തോക്കേന്തിയ ഉടമകളിൽനിന്നുള്ള അപകടങ്ങൾക്കു മധ്യേയും ധീരമായി പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ട് അദ്ദേഹത്തിന്. അത്തരത്തിലൊരുവൻ ജോൺ ബൂത്തിന്റെ പയനിയർ പങ്കാളിയെ വെടിവെച്ചു പരുക്കേൽപ്പിക്കുകയുണ്ടായി. 1935-ൽ, ബൂത്ത് സഹോദരൻ ഒരു സഞ്ചാരമേൽവിചാരകനായി നിയമിക്കപ്പെട്ടു, രാജ്യത്തെമ്പാടുമുള്ള സഭകളും ചെറിയ കൂട്ടങ്ങളും അദ്ദേഹം സന്ദർശിക്കാൻ തുടങ്ങി. അദ്ദേഹം സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും എതിർപ്പിൻ മധ്യേ പോലും സ്ഥിരോത്സാഹത്തോടെ തുടരാൻ സഹോദരീസഹോദരന്മാരെ സഹായിക്കുകയും ചെയ്തു. കോപിഷ്ഠരായ ജനക്കൂട്ടത്തെ നേരിടൽ, കോടതിയിൽ ഒരു നിലപാടെടുക്കൽ, ജയിൽവാസം സഹിക്കൽ തുടങ്ങിയവയെല്ലാം ബൂത്ത് സഹോദരനെ സംബന്ധിച്ചിടത്തോളം സാധാരണമായിത്തീർന്നു. “ആവേശകരമായ ആ നാളുകളിലെ വിശദാംശങ്ങൾ നൽകാൻ ഒരു പുസ്തകംതന്നെ വേണ്ടിവരും,” ഒരിക്കൽ അദ്ദേഹം എഴുതി.
1941-ൽ വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ജോസഫ് എഫ്. റഥർഫോർഡ് ന്യൂയോർക്കിലെ ഇതികയ്ക്കടുത്തുള്ള രാജ്യ കൃഷിയിടത്തിൽ ജോലി ചെയ്യാൻ ബൂത്ത് സഹോദരനെ നിയമിച്ചു. അവിടെ 28 വർഷത്തോളം അദ്ദേഹം വിശ്വസ്തമായി സേവിച്ചു. ശുശ്രൂഷയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം മങ്ങലേൽക്കാതെ തുടർന്നു. 1961 വരെ രാജ്യ കൃഷിയിടത്തിൽ സ്ഥിതിചെയ്തിരുന്ന, മിഷനറിമാരെ പരിശീലിപ്പിക്കുന്നതിനു വേണ്ടിയുള്ള വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലെ ആയിരക്കണക്കിനു വിദ്യാർഥികളുമായി വർഷങ്ങളിലുടനീളം സഹവസിക്കാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷവാനായിരുന്നു. 1970-ൽ വാൾക്കില്ലിലെ വാച്ച്ടവർ ഫാംസിൽ സേവനമനുഷ്ഠിക്കാൻ ബൂത്ത് സഹോദരനോട് ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം 45 വർഷംമുമ്പ് പയനിയറിങ് തുടങ്ങിയ സ്ഥലത്തുതന്നെയായി വീണ്ടും.
1974-ൽ ബൂത്ത് സഹോദരൻ ന്യൂയോർക്കിലെ ബ്രുക്ക്ളിനിലുള്ള യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽ ഒരു അംഗമായി നിയമിക്കപ്പെട്ടു. 93-ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്തു വിശ്വസ്തമായി സേവിച്ചു. അങ്ങേയറ്റം താഴ്മയും ദയയുമുള്ള ക്രിസ്തീയ വ്യക്തിത്വം നിമിത്തം ജോൺ ബൂത്ത് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യവും ബലവും ക്ഷയിക്കുന്നതുവരെ, വീടുതോറും അതുപോലെതന്നെ തെരുവുകളിലും വിശ്വസ്തമായി പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.
അദ്ദേഹത്തോടൊപ്പം സേവനമനുഷ്ഠിച്ചവർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്നുവെങ്കിലും, അത്തരം അഭിഷിക്ത ക്രിസ്ത്യാനികളെ സംബന്ധിച്ച ബൈബിൾ വാഗ്ദത്തത്തിൽ, അതായത് സ്വർഗീയ ജീവനിലേക്ക് അവർ പുനരുത്ഥാനം പ്രാപിക്കുകയും “അവരുടെ പ്രവൃത്തി അവരെ പിന്തുട”രുകയും ചെയ്യുന്നുവെന്നതിൽ, അവർ ആശ്വാസം കണ്ടെത്തുന്നു. (വെളിപ്പാടു 14:13; 1 കൊരിന്ത്യർ 15:51-54) അതു തീർച്ചയായും ഒരു പുതിയ ചുറ്റുപാടായിരിക്കുമെങ്കിലും, അവിടെ എന്നേക്കും യഹോവയെ സേവിക്കാൻ ജോൺ ബൂത്ത് പ്രാപ്തനായിരിക്കും!
[32-ാം പേജിലെ ചിത്രം]
ജോൺ ബൂത്ത് 1903-1996
[32-ാം പേജിലെ ചിത്രം]
HERALD-AMERICAN, ANDOVER 1234
76 Jehovites Jailed in Joliet
[കടപ്പാട്]
Chicago Herald-American