പാഠം 22
തിരുവെഴുത്തുകൾ ബാധകമാകുന്ന വിധം കൃത്യമായി വ്യക്തമാക്കൽ
മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ ബൈബിളിൽനിന്നു വാക്യങ്ങൾ വെറുതെ വായിച്ചുകേൾപ്പിക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ് തന്റെ സഹകാരിയായ തിമൊഥെയൊസിന് ഇങ്ങനെ എഴുതി: “സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്‌തുകൊണ്ട് ഒന്നിനെക്കുറിച്ചും ലജ്ജിപ്പാൻ വകയില്ലാത്ത ഒരു വേലക്കാരനായി, ദൈവത്തിന് അംഗീകാരമുള്ളവനായി സ്വയം അർപ്പിക്കാൻ നിന്റെ പരമാവധി പ്രവർത്തിക്കുക.”—2 തിമൊ. 2:15, NW.
അങ്ങനെ ചെയ്യുക എന്നതിന്റെ അർഥം തിരുവെഴുത്തുകൾ സംബന്ധിച്ച് നാം നൽകുന്ന വിശദീകരണം ബൈബിൾ പഠിപ്പിക്കലുമായി ചേർച്ചയിലായിരിക്കണം എന്നാണ്. ഇതിന്, കേവലം നമുക്ക് ഇഷ്ടപ്പെട്ട പദപ്രയോഗങ്ങൾ തിരഞ്ഞെടുക്കുകയും നമ്മുടേതായ ആശയങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്നതിനു പകരം സന്ദർഭം കണക്കിലെടുക്കേണ്ടതുണ്ട്. യഹോവയുടെ വായിൽനിന്നുള്ള കാര്യങ്ങൾ സംസാരിക്കുന്നുവെന്ന് അവകാശപ്പെടുകയും എന്നാൽ ‘സ്വന്തഹൃദയത്തിലെ ദർശനം’ അവതരിപ്പിക്കുകയും ചെയ്‌ത പ്രവാചകന്മാർക്ക് എതിരെ യഹോവ പ്രവാചകനായ യിരെമ്യാവിലൂടെ മുന്നറിയിപ്പു നൽകുകയുണ്ടായി. (യിരെ. 23:16) ദൈവവചനത്തെ മാനുഷ തത്ത്വചിന്തകൾകൊണ്ടു മലിനപ്പെടുത്തുന്നതിനെതിരെ ക്രിസ്‌ത്യാനികൾക്കു മുന്നറിയിപ്പു നൽകിക്കൊണ്ട് അപ്പൊസ്‌തലനായ പൗലൊസ് ഇങ്ങനെ എഴുതി: “ഞങ്ങൾ . . . ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും” ഇരിക്കുന്നു. അക്കാലത്ത് സത്യസന്ധരല്ലാഞ്ഞ വീഞ്ഞു വ്യാപാരികൾ വീഞ്ഞിന്റെ അളവു കൂട്ടാനും കൂടുതൽ പണം ഉണ്ടാക്കാനുമായി അതിൽ വിലകുറഞ്ഞ ലഹരിപാനീയങ്ങളോ വെള്ളമോ ചേർക്കുമായിരുന്നു. ദൈവവചനത്തോടു മാനുഷ തത്ത്വചിന്തകൾ കലർത്തിക്കൊണ്ട് നാം ദൈവവചനത്തിൽ കൂട്ടുചേർക്കുന്നില്ല. “ഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേർക്കുന്ന അനേകരെപ്പോലെ അല്ല [“ദൈവവചനത്തിൽ മായംചേർത്തു കച്ചവടം ചെയ്യുന്ന അനേകരുണ്ട്. അവരെപ്പോലെയല്ല ഞങ്ങൾ,” പി.ഒ.സി. ബൈ.], നിർമ്മലതയോടും ദൈവത്തിന്റെ കല്‌പനയാലും ദൈവസന്നിധിയിൽ ക്രിസ്‌തുവിൽ സംസാരിക്കുന്നു” എന്ന് പൗലൊസ് പ്രഖ്യാപിക്കുകയുണ്ടായി.—2 കൊരി. 2:17; 4:1, 2.
ചിലപ്പോൾ, ഒരു തത്ത്വം എടുത്തുകാട്ടുന്നതിനു നിങ്ങൾ ഒരു തിരുവെഴുത്ത് ഉദ്ധരിച്ചേക്കാം. വ്യത്യസ്‌ത തരത്തിലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഈടുറ്റ മാർഗനിർദേശം പകർന്നു തരുന്ന ഒട്ടേറെ തത്ത്വങ്ങൾ ബൈബിളിലുണ്ട്. (2 തിമൊ. 3:16, 17) എന്നാൽ അവ എങ്ങനെ ബാധകമാകുന്നു എന്നതു സംബന്ധിച്ചു നിങ്ങൾ നൽകുന്ന വിശദീകരണം കൃത്യതയുള്ളതാണെന്നും തിരുവെഴുത്തിനെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിച്ചുകൊണ്ട് അതിനെ തെറ്റായി ഉപയോഗിക്കുന്നില്ലെന്നും നിങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. (സങ്കീ. 91:11, 12; മത്താ. 4:5, 6) ഒരു തിരുവെഴുത്തു ബാധകമാകുന്ന വിധം സംബന്ധിച്ച വിശദീകരണം യഹോവയുടെ ഉദ്ദേശ്യത്തോടും മുഴു ദൈവവചനത്തോടും ചേർച്ചയിലായിരിക്കണം.
‘സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യുന്നതിൽ’ ബൈബിൾ പറയുന്നതിന്റെ സാരം മനസ്സിലാക്കുന്നതും ഉൾപ്പെടുന്നു. മറ്റുള്ളവരെ വിറപ്പിച്ചു നിറുത്താനുള്ള ഒരു “വടി” അല്ല അത്. യേശുക്രിസ്‌തുവിനെ എതിർത്ത മതോപദേഷ്ടാക്കന്മാർ തിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിക്കുകയുണ്ടായി. എന്നാൽ യഹോവ ആവശ്യപ്പെടുന്ന ഘനമേറിയ കാര്യങ്ങൾക്കു നേരെ—ന്യായം, കരുണ, വിശ്വസ്‌തത എന്നിവ ഉൾപ്പെടുന്ന കാര്യങ്ങൾക്കു നേരെ—അവർ കണ്ണടച്ചുകളഞ്ഞു. (മത്താ. 22:23, 24; 23:23, 24) ദൈവവചനം പഠിപ്പിക്കവേ യേശു തന്റെ പിതാവിന്റെ വ്യക്തിത്വം പ്രതിഫലിപ്പിച്ചു. സത്യത്തോടുള്ള യേശുവിന്റെ തീക്ഷ്‌ണത താൻ പഠിപ്പിക്കുന്ന ആളുകളോടുള്ള അവന്റെ ആഴമായ സ്‌നേഹവുമായി ഇഴകോർത്തു നിന്നിരുന്നു. നാം അവന്റെ മാതൃക അനുകരിക്കാൻ ശ്രമിക്കണം.—മത്താ. 11:28.
ഒരു തിരുവെഴുത്തു ബാധകമാകുന്ന വിധം നാം കൃത്യമായിത്തന്നെ വിശദീകരിക്കുന്നുവെന്നു നമുക്ക് എങ്ങനെ ഉറപ്പാക്കാനാകും? പതിവായ ബൈബിൾ വായന അതിനു സഹായിക്കും. തന്റെ എല്ലാ വിശ്വസ്‌ത ദാസന്മാർക്കും ആത്മീയ ആഹാരം നൽകുന്നതിനായി യഹോവ ഉപയോഗിക്കുന്ന സരണിയായ ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളുടെ കൂട്ടമായ “വിശ്വസ്‌തനും വിവേകിയുമായ അടിമ” എന്ന കരുതലിനെ നാം വിലമതിക്കുകയും വേണം. (മത്താ. 24:45, NW) വ്യക്തിപരമായ പഠനവും അതുപോലെ സഭായോഗങ്ങളിൽ പതിവായി ഹാജരായി പങ്കുപറ്റുന്നതും വിശ്വസ്‌തനും വിവേകിയുമായ ആ അടിമവർഗം മുഖാന്തരം നൽകപ്പെടുന്ന പ്രബോധനത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ നമ്മെ സഹായിക്കും.
തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്‌തകം ശുശ്രൂഷയിൽ കൂടെക്കൂടെ ഉപയോഗിക്കാറുള്ള നൂറുകണക്കിനു തിരുവെഴുത്തുകൾ ബാധകമാകുന്ന വിധം കൃത്യമായി വ്യക്തമാക്കാൻ ആവശ്യമായ മാർഗനിർദേശം നൽകുന്നു. ഈ പുസ്‌തകം നന്നായി ഉപയോഗിക്കാൻ പഠിക്കുന്നപക്ഷം, അതു ലഭ്യമാകാൻ അതിന്റെ താളുകളൊന്നു മറിക്കുകയേ വേണ്ടൂ. പരിചയമില്ലാത്ത ഒരു തിരുവെഴുത്താണു നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ, സംസാരിക്കുന്ന സമയത്ത് നിങ്ങൾക്കു സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യാൻ കഴിയേണ്ടതിന് അതു സംബന്ധിച്ച് ആവശ്യമായ ഗവേഷണം ചെയ്യാൻ വിനയം നിങ്ങളെ പ്രേരിപ്പിക്കും.—സദൃ. 11:2, പി.ഒ.സി. ബൈ.
ചർച്ചചെയ്യുന്ന വിഷയവുമായി തിരുവെഴുത്തിനുള്ള ബന്ധം വ്യക്തമായി ചൂണ്ടിക്കാണിക്കുക. മറ്റുള്ളവരെ പഠിപ്പിക്കുന്ന സമയത്ത്, നിങ്ങൾ ചർച്ചചെയ്യുന്ന വിഷയവും ഉപയോഗിക്കുന്ന തിരുവെഴുത്തുകളും തമ്മിലുള്ള ബന്ധം അവർക്കു വ്യക്തമായി മനസ്സിലാകുന്നുവെന്ന് ഉറപ്പുവരുത്തുക. ഒരു ചോദ്യം ചോദിച്ചുകൊണ്ടാണു നിങ്ങൾ തിരുവെഴുത്തിലേക്കു കടക്കുന്നതെങ്കിൽ, തിരുവെഴുത്ത് ആ ചോദ്യത്തിന് ഉത്തരം നൽകുന്നത് എങ്ങനെയെന്നു ശ്രോതാക്കൾക്കു മനസ്സിലാകണം. ഒരു പ്രസ്‌താവനയ്‌ക്ക് ഉപോദ്‌ബലകമായാണു നിങ്ങൾ തിരുവെഴുത്ത് ഉപയോഗിക്കുന്നതെങ്കിൽ ആ തിരുവെഴുത്ത് പ്രസ്‌തുത പ്രസ്‌താവനയെ പിന്താങ്ങുന്നത് എങ്ങനെയെന്നു വിദ്യാർഥിക്കു വ്യക്തമായി മനസ്സിലാകുന്നുവെന്ന് ഉറപ്പുവരുത്തുക.
തിരുവെഴുത്തു വായിച്ചതുകൊണ്ടു മാത്രം—ഊന്നൽ കൊടുത്താണു വായിക്കുന്നതെങ്കിൽ പോലും—സാധാരണഗതിയിൽ ഇതു സാധ്യമാകുകയില്ല. സാധാരണക്കാരനു ബൈബിൾ പരിചിതമല്ലെന്നും ഒറ്റ വായനകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്ന ആശയം ഗ്രഹിക്കാൻ അയാൾക്കു കഴിയാതിരുന്നേക്കാമെന്നും ഓർമിക്കുക. നിങ്ങൾ ചർച്ച ചെയ്യുന്ന ആശയവുമായി നേരിട്ടു ബന്ധമുള്ള വാക്യഭാഗത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക.
സാധാരണഗതിയിൽ ഇത് മുഖ്യ പദങ്ങൾ, അതായത് ചർച്ച ചെയ്യുന്ന പോയിന്റുമായി നേരിട്ടു ബന്ധമുള്ള പദങ്ങൾ, വേർതിരിച്ചു കാണിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. ഇതിനുള്ള ഏറ്റവും ലളിതമായ മാർഗം ആശയദ്യോതകങ്ങളായ ആ പദങ്ങൾ ഒന്നുകൂടി എടുത്തു പറയുന്നതാണ്. നിങ്ങൾ ഒരു വ്യക്തിയോടാണു സംസാരിക്കുന്നതെങ്കിൽ മുഖ്യ പദങ്ങൾ തിരിച്ചറിയാൻ അദ്ദേഹത്തെ സഹായിക്കുന്ന ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. ഒരു കൂട്ടത്തോടു സംസാരിക്കുമ്പോൾ പര്യായപദങ്ങൾ ഉപയോഗിച്ചുകൊണ്ടോ ആശയം വീണ്ടും എടുത്തു പറഞ്ഞുകൊണ്ടോ പ്രസ്‌തുത ലക്ഷ്യം കൈവരിക്കാൻ ചില പ്രസംഗകർ ഇഷ്ടപ്പെടുന്നു. എങ്കിലും, രണ്ടാമത്തെ രീതിയാണു നിങ്ങൾ അവലംബിക്കുന്നതെങ്കിൽ, ചർച്ച ചെയ്യുന്ന പോയിന്റും തിരുവെഴുത്തിലെ പദങ്ങളും തമ്മിലുള്ള ബന്ധം സദസ്സിനു മനസ്സിലാകാതെ പോകാതിരിക്കാൻ ശ്രദ്ധിക്കുക.
മുഖ്യ പദങ്ങൾ വേർതിരിച്ചു കാട്ടിയ സ്ഥിതിക്ക്, നിങ്ങൾ ഒരു നല്ല അടിസ്ഥാനം ഇട്ടിരിക്കുകയാണ്. ഇനി ആ അടിസ്ഥാനത്തിന്മേൽ പണിതുയർത്തുക. വാക്യം ഉപയോഗിക്കുന്നതിന്റെ കാരണം വ്യക്തമായി സൂചിപ്പിച്ചുകൊണ്ടാണോ നിങ്ങൾ വാക്യത്തിലേക്കു കടന്നത്? എങ്കിൽ നിങ്ങൾ എടുത്തുകാട്ടിയ പദങ്ങൾ, വാക്യം സംബന്ധിച്ചു സദസ്യരിൽ നിങ്ങൾ ഉണർത്തിയ ആ പ്രതീക്ഷയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു ചൂണ്ടിക്കാണിക്കുക. ആ ബന്ധം എന്താണെന്നു വ്യക്തമായി പ്രസ്‌താവിക്കുക. അത്തരം ഒരു വ്യക്തമായ മുഖവുരയോടെയല്ല വാക്യത്തിലേക്കു കടന്നതെങ്കിൽ പോലും വിശദീകരണം ആവശ്യമായി വരും.
പരീശന്മാർ യേശുവിനോട്, വളരെ ബുദ്ധിമുട്ടുള്ളതെന്നു തങ്ങൾ വിചാരിച്ച ഒരു ചോദ്യം ചോദിച്ചു. “ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ?” എന്നതായിരുന്നു ആ ചോദ്യം. യേശു ഉല്‌പത്തി 2:24-നെ ആസ്‌പദമാക്കി അതിന് ഉത്തരം കൊടുത്തു. അവൻ ആ വാക്യത്തിന്റെ ഒരു ഭാഗത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു എന്നതു ശ്രദ്ധിക്കുക. തുടർന്ന് അവൻ അതു ബാധകമാകുന്ന വിധം വ്യക്തമാക്കുകയുണ്ടായി. പുരുഷനും ഭാര്യയും “ഒരു ദേഹ”മായിത്തീരുന്നു എന്ന് ചൂണ്ടിക്കാട്ടിയ ശേഷം യേശു ഇങ്ങനെ പറഞ്ഞു: “ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.”—മത്താ. 19:3-6.
ചർച്ചചെയ്യുന്ന വിഷയവുമായി ഒരു തിരുവെഴുത്തിനുള്ള ബന്ധം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നതിന് നിങ്ങൾ എത്രമാത്രം വിശദീകരണം നൽകണം? സദസ്സിൽ ആരൊക്കെയാണ് ഉള്ളത് എന്നതിന്റെയും ചർച്ചചെയ്യുന്ന പോയിന്റ് എത്രമാത്രം പ്രധാനമാണ് എന്നതിന്റെയും അടിസ്ഥാനത്തിൽ വേണം അതു നിർണയിക്കാൻ. കാര്യങ്ങൾ വളച്ചുകെട്ടില്ലാതെയും ലളിതമായും അവതരിപ്പിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം.
തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യുക. അപ്പൊസ്‌തലനായ പൗലൊസ് ‘തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്‌ത’തായി തെസ്സലൊനീക്യയിലെ അവന്റെ ശുശ്രൂഷയെ കുറിച്ച് പ്രവൃത്തികൾ 17:2, 3 (NW) നമ്മോടു പറയുന്നു. യഹോവയുടെ എല്ലാ ദാസന്മാരും നട്ടുവളർത്തേണ്ട ഒന്നാണ് തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യാനുള്ള പ്രാപ്‌തി. ഉദാഹരണത്തിന്, പൗലൊസ് യേശുവിന്റെ ജീവിതവും ശുശ്രൂഷയും സംബന്ധിച്ച വസ്‌തുതകൾ വിവരിച്ചിട്ട് അവയെ കുറിച്ച് എബ്രായ തിരുവെഴുത്തുകളിൽ മുൻകൂട്ടി പറഞ്ഞിരുന്നു എന്നു കാണിച്ചുകൊടുത്തു. തുടർന്ന് പിൻവരുന്ന ശക്തമായ നിഗമനം അവതരിപ്പിച്ചു: “ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശുതന്നെയാണ് ക്രിസ്‌തു.”
എബ്രായർക്ക് എഴുതവേ പൗലൊസ് എബ്രായ തിരുവെഴുത്തുകളിൽനിന്ന് യഥേഷ്ടം ഉദ്ധരിച്ചു. ഒരു പോയിന്റിന് ഊന്നൽ നൽകാനോ അതു വ്യക്തമാക്കാനോ വേണ്ടി അവൻ പലപ്പോഴും ഒരു പദമോ ഹ്രസ്വമായ ഒരു വാക്യാംശമോ വേർതിരിച്ചു കാട്ടുകയും തുടർന്ന് അതിന്റെ പ്രാധാന്യം കാണിച്ചുകൊടുക്കുകയും ചെയ്‌തു. (എബ്രാ. 12:26, 27) എബ്രായർ 3-ാം അധ്യായത്തിൽ കാണുന്ന വിവരണത്തിൽ പൗലൊസ് സങ്കീർത്തനം 95:7-11-ൽ നിന്ന് ഉദ്ധരിക്കുകയുണ്ടായി. തുടർന്ന് അവൻ അതിന്റെ മൂന്നു ഭാഗങ്ങൾ വിശദമാക്കിയതു ശ്രദ്ധിക്കുക: (1) ഹൃദയത്തെ കുറിച്ചുള്ള പരാമർശം (എബ്രാ. 3:8-12), (2) “ഇന്നു” എന്ന പദത്തിന്റെ പ്രാധാന്യം (എബ്രാ. 3:8, 13-15; 4:6-11), (3) “അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല” എന്ന പ്രസ്‌താവനയുടെ അർഥം (എബ്രാ. 3:11, 18, 19; 4:1-11). ഓരോ തിരുവെഴുത്തും ബാധകമാകുന്ന വിധം വ്യക്തമാക്കുമ്പോൾ ആ മാതൃക അനുകരിക്കാൻ ശ്രമിക്കുക.
ലൂക്കൊസ് 10:25-37-ൽ കാണുന്ന വിവരണത്തിൽ, യേശു തിരുവെഴുത്തുകളിൽനിന്ന് എത്ര ഫലപ്രദമായാണു ന്യായവാദം ചെയ്‌തതെന്നു ശ്രദ്ധിക്കുക. ഒരു ന്യായശാസ്‌ത്രി യേശുവിനോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം?” അതിനു മറുപടിയായി, യേശു ആദ്യം അതു സംബന്ധിച്ച സ്വന്തം കാഴ്‌ചപ്പാട് പറയാൻ ആ മനുഷ്യനെ ക്ഷണിച്ചു. തുടർന്ന് അവൻ, ദൈവവചനം പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ആ മനുഷ്യന് ആശയം പിടികിട്ടിയില്ല എന്നു വ്യക്തമായപ്പോൾ യേശു തിരുവെഴുത്തിൽനിന്ന് “കൂട്ടുകാരൻ” എന്ന ഒരു വാക്കു മാത്രം എടുത്ത് വിശദമായി ചർച്ച ചെയ്‌തു. അതു വെറുതെ നിർവചിക്കുന്നതിനു പകരം തന്നെത്താൻ ശരിയായ നിഗമനത്തിലെത്താൻ ആ മനുഷ്യനെ സഹായിക്കുന്നതിന് അവൻ ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു.
ചോദ്യങ്ങൾക്ക് ഉത്തരം നൽകിയപ്പോൾ യേശു നേരിട്ടുള്ളതും സ്‌പഷ്ടവുമായ ഉത്തരം നൽകുന്ന തിരുവെഴുത്തുകൾ കേവലം ഉദ്ധരിക്കുകയല്ല ചെയ്‌തത് എന്നു വ്യക്തമാണ്. അവ എന്താണു പറയുന്നതെന്ന് അവൻ വിശകലനം ചെയ്യുകയും തുടർന്ന് ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരമായി അവ എങ്ങനെ ഉതകുന്നു എന്നു വ്യക്തമാക്കുകയും ചെയ്‌തു.
സദൂക്യർ പുനരുത്ഥാന പ്രത്യാശയെ വെല്ലുവിളിച്ചുകൊണ്ടു സംസാരിച്ചപ്പോൾ യേശു പുറപ്പാടു 3:6-ന്റെ ഒരു പ്രത്യേക ഭാഗത്തു ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ അവൻ തിരുവെഴുത്ത് ഉദ്ധരിച്ചിട്ട് അവിടംകൊണ്ടു നിറുത്തിയില്ല. പുനരുത്ഥാനം ദൈവോദ്ദേശ്യത്തിന്റെ ഭാഗമാണെന്നു വ്യക്തമായി കാണിച്ചുകൊടുക്കുന്നതിന് അവൻ ആ തിരുവെഴുത്തിനെ കുറിച്ചു ന്യായവാദം ചെയ്‌തു.—മർക്കൊ. 12:24-27.
തിരുവെഴുത്തുകളിൽനിന്നു കൃത്യമായും ഫലപ്രദമായും ന്യായവാദം ചെയ്യാനുള്ള പ്രാപ്‌തി സമ്പാദിക്കുന്നത്, നിങ്ങൾ നിപുണനായ ഒരു അധ്യാപകൻ ആയിത്തീരുന്നതിലെ ഒരു സുപ്രധാന പടി ആയിരിക്കും.