ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രികയുടെ പഠനം
2005 മേയ് 23 മുതൽ ജൂൺ 20 വരെയുള്ള വാരങ്ങളിൽ ലോകമെമ്പാടുമുള്ള സഭകൾ സഭാ പുസ്തകാധ്യയനത്തിൽ ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക പഠിക്കുന്നതായിരിക്കും. ദയവായി, ഈ യോഗത്തിനായി തയ്യാറാകുമ്പോഴും യോഗം നടത്തുമ്പോഴും പിൻവരുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. പഠനവേളയിൽ, അച്ചടിച്ച വിവരങ്ങൾ വായിക്കുക. സമയം അനുവദിക്കുന്നത് അനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളും വായിക്കുക.
മേയ് 23-ന് ആരംഭിക്കുന്ന വാരം
◼ 3-4 പേജുകൾ: ഇവിടെ പരാമർശിച്ചിരിക്കുന്ന സാഹചര്യങ്ങളിൽ ഏതാണ് നിങ്ങളുടെ ജീവിതത്തെ വിശേഷാൽ ബാധിച്ചിട്ടുള്ളത്? ഇവ കേവലം ഒറ്റപ്പെട്ട പ്രാദേശിക സംഭവങ്ങളല്ലെന്ന് നിങ്ങൾ വിചാരിക്കുന്നത് എന്തുകൊണ്ട്?
◼ 5-ാം പേജ്: ദൈവത്തിനു തീർച്ചയായും നമ്മുടെ കാര്യത്തിൽ താത്പര്യമുണ്ടെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നത് എന്ത്? ദൈവത്തിലും അവൻ ചെയ്യുന്ന കാര്യങ്ങളിലും നമുക്ക് എത്രത്തോളം താത്പര്യമുണ്ടെന്ന് എന്തു സൂചിപ്പിച്ചേക്കാം?
◼ 6-8 പേജുകൾ: മത്തായി 24:1-8, 14 ഇന്നത്തെ ലോകാവസ്ഥകളുടെ അർഥം സംബന്ധിച്ച് എന്തു പറയുന്നു? 2 തിമൊഥെയൊസ് 3:1-5 ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് ഏതു കാലയളവിലാണ് നാമിപ്പോൾ ജീവിക്കുന്നത്? ഇത് എന്തിന്റെ അന്ത്യനാളുകളാണ്? ബൈബിൾ വാസ്തവമായും ദൈവവചനമാണെന്നു വിശ്വസിക്കാൻ നിങ്ങൾക്ക് എന്ത് അടിസ്ഥാനമാണുള്ളത്? നാം പ്രസംഗിക്കുന്ന രാജ്യം എന്താണ്?
◼ 9-10 പേജുകൾ: നമ്മുടെ അനുദിന തീരുമാനങ്ങളെയും ജീവിതത്തിലെ മുൻഗണനകളെയും കുറിച്ച് നാം സഗൗരവം ചിന്തിക്കേണ്ടത് എന്തുകൊണ്ട്? (റോമ. 2:6; ഗലാ. 6:7) 10-ാം പേജിലെ ചോദ്യങ്ങൾ പരിചിന്തിക്കുമ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കേണ്ട ഏതു തിരുവെഴുത്തുകളാണ് നിങ്ങളുടെ മനസ്സിലേക്കു വരുന്നത്?
മേയ് 30-ന് ആരംഭിക്കുന്ന വാരം
◼ 11-ാം പേജ്: ഈ പേജിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ നാം വ്യക്തിപരമായി പരിചിന്തിക്കേണ്ടത് എന്തുകൊണ്ട്? (1 കൊരി. 10:12; എഫെ. 6:10-18) മത്തായി 24:44-ലെ യേശുവിന്റെ ബുദ്ധിയുപദേശം നാം ഗൗരവമായി എടുക്കുന്നുണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ച് ഈ ചോദ്യങ്ങൾക്കുള്ള നമ്മുടെ ഉത്തരങ്ങൾ എന്തു വെളിപ്പെടുത്തുന്നു?
◼ 12-14 പേജുകൾ: വെളിപ്പാടു 14:6, 7-ൽ പരാമർശിച്ചിരിക്കുന്ന “ന്യായവിധിയുടെ നാഴിക” എന്താണ്? ‘ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുക്കുക’ എന്നതിന്റെ അർഥമെന്താണ്? മഹാബാബിലോൺ എന്നാൽ എന്താണ്, അതിന് എന്തു സംഭവിക്കും? മഹാബാബിലോണിനോടുള്ള ബന്ധത്തിൽ നാമിപ്പോൾ എന്തു നടപടി സ്വീകരിക്കേണ്ടതുണ്ട്? മുൻകൂട്ടിപ്പറയപ്പെട്ട ന്യായവിധി നാഴികയിൽ മറ്റെന്തുംകൂടെ ഉൾപ്പെട്ടിരിക്കുന്നു? ദൈവത്തിന്റെ മുൻകൂട്ടിപ്പറയപ്പെട്ട ന്യായവിധി നിർവഹണത്തിന്റെ “നാളും നാഴികയും” നമുക്ക് അറിയില്ല എന്നത് നമുക്ക് എന്തിനുള്ള അവസരം നൽകുന്നു? (മത്താ. 25:13)
◼ 15-ാം പേജ്: പരമാധികാരം സംബന്ധിച്ച വിവാദപ്രശ്നം എന്താണ്, അതു നമ്മെ വ്യക്തിപരമായി ബാധിക്കുന്നത് എങ്ങനെ?
◼ 16-19 പേജുകൾ: ‘പുതിയ ആകാശവും’ ‘പുതിയ ഭൂമിയും’ എന്താണ്? (2 പത്രൊ. 3:13) ആരാണ് ഈ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്? പുതിയ ആകാശവും പുതിയ ഭൂമിയും എന്തു മാറ്റങ്ങൾ കൊണ്ടുവരും? നാം അവയിൽനിന്നു വ്യക്തിപരമായി പ്രയോജനം നേടുമോ?
ജൂൺ 6-ന് ആരംഭിക്കുന്ന വാരം
◼ 20-21 പേജുകൾ: യേശു ഒന്നാം നൂറ്റാണ്ടിലെ തന്റെ അനുഗാമികൾക്ക് ഓടിപ്പോകുന്നതു സംബന്ധിച്ച എന്തു മുന്നറിയിപ്പാണു നൽകിയത്? (ലൂക്കൊ. 21:20, 21) അത് സാധ്യമായിരുന്നത് എപ്പോൾ? തെല്ലും അമാന്തിച്ചുനിൽക്കാതെ ഓടിപ്പോകേണ്ടിയിരുന്നത് അടിയന്തിരമായിരുന്നത് എന്തുകൊണ്ട്? (മത്താ. 24:16-18, 21) പലരും മുന്നറിയിപ്പുകൾ അവഗണിക്കുന്നത് എന്തുകൊണ്ട്? ആശ്രയയോഗ്യമായ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടതു നിമിത്തം ചൈനയിലും ഫിലിപ്പീൻസിലും ഉള്ള അനേകായിരങ്ങൾ പ്രയോജനം നേടിയത് എങ്ങനെ? ഇന്നത്തെ വ്യവസ്ഥിതിയുടെ അന്ത്യം സംബന്ധിച്ച ബൈബിളിന്റെ മുന്നറിയിപ്പിനു ചെവികൊടുക്കുന്നത് അതിനെക്കാൾ അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്? ഈ വലിയ അടിയന്തിരത കണക്കിലെടുക്കുമ്പോൾ നമുക്ക് എന്ത് ഉത്തരവാദിത്വമുണ്ട്? (സദൃ. 24:11, 12)
◼ 22-23 പേജുകൾ: 1974-ൽ ഓസ്ട്രേലിയയിലും 1985-ൽ കൊളംബിയയിലും ഉണ്ടായിരുന്ന അനേകർ വിപത്തു സംബന്ധിച്ച മുന്നറിയിപ്പുകളെ നിസ്സാരമായി തള്ളിക്കളഞ്ഞത് എന്തുകൊണ്ട്, അത് എന്തു ഫലങ്ങൾ ഉളവാക്കി? നിങ്ങളായിരുന്നെങ്കിൽ ആ മുന്നറിയിപ്പുകളോട് എങ്ങനെ പ്രതികരിക്കുമായിരുന്നു, എന്തുകൊണ്ട്? നോഹയുടെ നാളിലെ മുന്നറിയിപ്പ് നാം ചെവിക്കൊള്ളുമായിരുന്നോ എന്ന് എന്തു സൂചിപ്പിച്ചേക്കാം? ആളുകൾ പുരാതന സൊദോമിലും അതിനു സമീപത്തും താമസിക്കാൻ ഇഷ്ടപ്പെട്ടത് എന്തുകൊണ്ട്? സൊദോമിൽ സംഭവിച്ചതിനെക്കുറിച്ചു ഗൗരവമായി ചിന്തിക്കുന്നതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
ജൂൺ 13-ന് ആരംഭിക്കുന്ന വാരം
◼ 24-27 പേജുകൾ: 27-ാം പേജിലെ “പഠന ചോദ്യങ്ങൾ” ഉപയോഗിക്കുക.
ജൂൺ 20-ന് ആരംഭിക്കുന്ന വാരം
◼ 28-31 പേജുകൾ: 31-ാം പേജിലെ “പഠന ചോദ്യങ്ങൾ” ഉപയോഗിക്കുക.
ഈ ലഘുപത്രികയുടെ പരിചിന്തനം ‘സദാ ജാഗരൂകരായിരിക്കാനും’ ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കാനും നമ്മെ സഹായിക്കും. നമ്മുടെ പരസ്യ ശുശ്രൂഷ എല്ലായ്പോഴും പിൻവരുന്ന ദൂത പ്രഖ്യാപനത്തിന്റെ അടിയന്തിരത പ്രതിഫലിപ്പിക്കുമാറാകട്ടെ: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു.”—മത്താ. 24:42, 44, NW; വെളി. 14:7.