കുടുംബപ്പട്ടിക—സഭായോഗങ്ങൾ
1 നിങ്ങൾ ഒരു ക്രിസ്തീയ മാതാവോ പിതാവോ ആണെങ്കിൽ നിങ്ങളുടെ മക്കൾ യഹോവയെ സ്നേഹിക്കാനും സേവിക്കാനും തക്കവണ്ണം പുരോഗതി പ്രാപിക്കാനും ആത്യന്തികമായി ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിൽ നിത്യജീവൻ നേടാനും നിങ്ങൾ ആഗ്രഹിക്കും. യഹോവയെ ആരാധിക്കുന്നതിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാൻ നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും? ഒരു പ്രധാന മാർഗം നിങ്ങളുടെതന്നെ മാതൃകയാണ്. (സദൃ. 20:7) സാക്ഷിയായ തന്റെ അമ്മയുടെ മാതൃക സ്മരിച്ചുകൊണ്ട് ഒരു സഹോദരി പറഞ്ഞു: “ഞങ്ങൾ യോഗങ്ങൾക്കു പോകുന്നുണ്ടോ എന്നൊരു സംശയമേ ഉദിച്ചിരുന്നില്ല.” അമ്മ വെച്ച മാതൃക അവളുടെ ഹൃദയത്തിൽ പതിഞ്ഞു.
2 നിങ്ങളുടെ കുടുംബം സഭായോഗങ്ങളുടെ ഉദ്ദേശ്യം മനസ്സിലാക്കുന്നുണ്ടോ? ഈ കൂടിവരവുകളിലൂടെ നമുക്കു ലഭിക്കുന്ന പ്രബോധനം ദൈവേഷ്ടം ചെയ്യുന്നതിൽ തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നു, സഹോദരങ്ങളോടൊത്ത് ആസ്വദിക്കുന്ന സഹവാസമാകട്ടെ പ്രോത്സാഹനത്തിന്റെ വിലയേറിയ ഒരു ഉറവും. (യെശ. 54:13; റോമ. 1:11, 12) എന്നിരുന്നാലും, ഇത്തരം യോഗങ്ങളുടെ പ്രഥമ ഉദ്ദേശ്യം “സഭകളിൽ” യഹോവയെ സ്തുതിക്കുക എന്നതാണ്. (സങ്കീ. 26:12) യഹോവയോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കാനും അവനെ ആരാധിക്കാനും ഉള്ള അവസരങ്ങളാണ് ക്രിസ്തീയ യോഗങ്ങൾ നമുക്കു തരുന്നത്.
3 ‘സൂക്ഷ്മത്തോടിരിക്കുവിൻ’: നമ്മുടെ യോഗങ്ങളുടെ പാവനമായ ഉദ്ദേശ്യത്തോടുള്ള വിലമതിപ്പ് നിസ്സാരകാര്യങ്ങളുടെ പേരിൽ യോഗങ്ങൾ മുടക്കുന്ന പ്രവണത നമ്മിൽ ഉടലെടുക്കാതെ ‘സൂക്ഷ്മത്തോടിരിക്കുവാൻ’ അഥവാ നിതാന്ത ജാഗ്രത പാലിക്കുവാൻ നമ്മെ പ്രേരിപ്പിക്കും. (എഫെ. 5:15, 16; എബ്രാ. 10:24, 25) നിങ്ങളുടെ കുടുംബപ്പട്ടിക ഉണ്ടാക്കുമ്പോൾ ആദ്യംതന്നെ സഭായോഗങ്ങളുടെ സമയം രേഖപ്പെടുത്തിക്കൊണ്ടു നിങ്ങൾക്കു തുടങ്ങാനാകും. യോഗങ്ങൾക്കു പോകേണ്ട സമയത്ത് മറ്റു കാര്യങ്ങൾ ഇടയ്ക്കുകയറി വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. യോഗങ്ങൾക്കു ഹാജരാകുകയെന്നത് നിങ്ങളുടെ കുടുംബത്തിന്റെ മുൻഗണനകളിൽ ഒന്നാക്കുക.
4 യോഗങ്ങളിലും സമ്മേളനങ്ങളിലും ഒക്കെ സംബന്ധിക്കാനായി നമ്മുടെ സഹോദരങ്ങൾ പ്രതിബന്ധങ്ങളെ മറികടക്കുന്നതിനെക്കുറിച്ചു വായിക്കുന്നത് നമ്മുടെ ഹൃദയത്തെ സ്പർശിക്കാറില്ലേ? നിങ്ങൾക്ക് അത്രത്തോളം പ്രശ്നങ്ങളൊന്നും ഇല്ലായിരിക്കാം. എങ്കിലും സാധ്യതയനുസരിച്ച് നിങ്ങൾക്കും വെല്ലുവിളികൾ ഉണ്ടായിരിക്കാം. യഹോവയെ ആരാധിക്കുകയെന്നത് ദൈവജനത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ദുഷ്കരമാക്കിക്കൊണ്ടിരിക്കുകയാണ് സാത്താൻ. എന്നാൽ, സഭായോഗങ്ങളിൽ സംബന്ധിക്കാൻ നിങ്ങളുടെ കുടുംബം ദൃഢനിശ്ചയത്തോടെ ചെയ്യുന്ന ശ്രമങ്ങൾ നിങ്ങളുടെ മക്കൾ ശ്രദ്ധിക്കുകതന്നെ ചെയ്യും. അതേ, അങ്ങനെ ചെയ്തുകൊണ്ട് ഒരിക്കലും വിസ്മരിക്കപ്പെടുകയില്ലാത്ത ഒരു ആത്മീയ സമ്മാനം അവർക്കു കൊടുക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും.