ഒരു നാവികനിൽ നിന്നുള്ള പാഠം
കരകാണാക്കടലിൽ ഒറ്റയ്ക്കു കപ്പലോടിക്കുന്നത് ഒരു നാവികനെ ശാരീരികവും മാനസികവുമായി ക്ഷീണിതനാക്കുന്നു. അത്, അയാൾ പിശകുകൾ വരുത്തുന്നതിനോ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിനോ ഇടയാക്കിയേക്കാം. ഒരു നങ്കൂരത്തിന്റെ മൂല്യം ഒരു നാവികൻ ഏറ്റവും വിലമതിക്കുന്ന ഒരു സന്ദർഭമാണത്. അപകടകരമായ ഒഴുക്കിൽപ്പെടാതെ വിശ്രമിച്ച് ക്ഷീണമകറ്റാൻ അതു നാവികനെ സഹായിക്കുന്നു. അതേസമയംതന്നെ, കാറ്റിനും കോളിനും അഭിമുഖമായി അണിയത്തെ പിടിച്ചുനിറുത്തി കപ്പലിന് സുസ്ഥിരാവസ്ഥ കൈവരുത്താനും നങ്കൂരം സഹായിക്കും.
ഒരു നാവികൻ കടലിൽ അനവധി അപകടങ്ങളെ അഭിമുഖീകരിക്കുന്നതുപോലെ, ക്രിസ്ത്യാനികൾ ഈ ലോകത്തിൽ നിരന്തര സമ്മർദങ്ങളെ നേരിടുന്നു. തന്മൂലം അവർക്കും വിശ്രമം ആവശ്യമാണ്. വാസ്തവത്തിൽ, യേശു ഒരിക്കൽ തന്റെ ശിഷ്യന്മാരോട് പറഞ്ഞു: “നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ.” (മർക്കൊസ് 6:31) ഇന്ന് ചിലർ കുടുംബസമേതം മറ്റെവിടെയെങ്കിലും പോയി സമയം ചെലവഴിക്കാൻ ഏതാനും ആഴ്ചകളോ ഒരു വാരാന്തമോ വിനിയോഗിച്ചേക്കാം. ഈ വേളകൾക്ക് ഉന്മേഷവും ഉണർവും പകരാനാകും. എന്നിരുന്നാലും, അത്തരം അവസരങ്ങളിൽ നാം ആത്മീയമായി സുരക്ഷിതരാണെന്ന് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും? ഒഴുകിപ്പോകാതിരിക്കാനും സ്ഥിരത നിലനിറുത്താനും നമ്മെ സഹായിക്കുന്ന ആത്മീയ നങ്കൂരം എന്താണ്?
യഹോവ നമുക്കുവേണ്ടി വലിയൊരു കരുതൽ ചെയ്തിട്ടുണ്ട്. തന്റെ വിശുദ്ധ വചനമായ ബൈബിളാണ് അത്. ബൈബിൾ ദൈനംദിനം വായിക്കുന്നതിലൂടെ നമുക്ക് യഹോവയോട് അടുത്തു നിൽക്കാനും അവനിൽനിന്ന് ഒഴുകിപ്പോകാതിരിക്കാനും സാധിക്കും. സ്ഥിരത നിലനിറുത്താനും സാത്താന്റെ ലോകത്തിൽനിന്ന് ഉണ്ടാകുന്ന പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനുമുള്ള പ്രാപ്തിനേടുന്നതിനു ബൈബിളിലെ ബുദ്ധിയുപദേശങ്ങൾക്കു നമ്മെ സഹായിക്കാൻ കഴിയും. വീട്ടിൽനിന്ന് അകലെയായിരിക്കുമ്പോൾ പോലും ക്രമമായ ബൈബിൾ വായന ഒരു ആത്മീയ നങ്കൂരമായി വർത്തിക്കും.—യോശുവ 1:7, 8; കൊലൊസ്സ്യർ 2:7.
സങ്കീർത്തനക്കാരൻ പിൻവരുന്നവിധം നമ്മെ ഓർമിപ്പിക്കുന്നു: “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ [സന്തുഷ്ടൻ, NW].” (സങ്കീർത്തനം 1:1, 2) ദൈവവചനത്തിന്റെ ദിവസേനയുള്ള വായന യഥാർഥ ഉന്മേഷവും ഉണർവുമാകുന്ന “സന്തുഷ്ട”ഫലം നമുക്കു നൽകുകയും ക്രിസ്തീയ ഗതിയിൽ മുന്നോട്ട് ചരിക്കാൻ നമ്മെ സജ്ജരാക്കുകയും ചെയ്യും.
.