വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യേശു ജീവിച്ചിരുന്നു എന്നതിന്‌ പുരാവസ്‌തുശാസ്‌ത്ര തെളിവുകളോ?
    വീക്ഷാഗോപുരം—2003 | ജൂൺ 15
    • ഈ യേശു പ്രാധാന്യമുള്ള ആരെങ്കിലും ആയിരുന്നിരിക്കണം. അത്‌ ക്രിസ്‌ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്‌തു ആയിരുന്നിരിക്കണം എന്നു ചില പണ്ഡിതന്മാർ വിശ്വസിക്കുന്നത്‌ അതുകൊണ്ടാണ്‌.

      അസ്ഥിപേടകം ആധികാരികമോ?

      എന്താണ്‌ അസ്ഥിപേടകം? അത്‌, ശവക്കല്ലറയിൽ വെച്ച്‌ അഴുകിപ്പോയ മൃതശരീരത്തിന്റെ അസ്ഥികൾ സൂക്ഷിക്കുന്ന ഒരു പെട്ടിയോ പേടകമോ ആണ്‌. യെരൂശലേമിനു ചുറ്റുമുള്ള ശ്‌മശാനങ്ങളിൽനിന്ന്‌ ഇത്തരം നിരവധി പെട്ടികൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. യാക്കോബിന്റെ പേരോടുകൂടിയ ഈ പെട്ടി കിട്ടിയതു കുഴിച്ചെടുക്കൽ നടത്തുന്ന സ്ഥലത്തുനിന്നല്ല മറിച്ച്‌, പുരാവസ്‌തുക്കൾ വിൽക്കുന്ന ഒരിടത്തുനിന്നാണ്‌. ഇതിന്റെ ഉടമസ്ഥൻ 1970-കളിൽ ഏതാനും ശതം ഡോളർ കൊടുത്തു വാങ്ങിയതാണ്‌ ഇതെന്നു പറയപ്പെടുന്നു. അങ്ങനെ ഈ അസ്ഥിപേടകത്തിന്റെ ഉത്ഭവത്തെ കുറിച്ചു നിഗൂഢതകൾ അവശേഷിക്കുന്നു. ന്യൂയോർക്കിലെ ബാർഡ്‌ കോളെജിലെ ബ്രൂസ്‌ ചിൽട്ടൺ ഇപ്രകാരം പറയുന്നു: “കരനിർമിതമായ ഒരു വസ്‌തു കണ്ടെടുക്കപ്പെട്ടത്‌ എവിടെ നിന്നാണെന്നോ കഴിഞ്ഞ 2,000 വർഷമായി അത്‌ എവിടെയായിരുന്നു എന്നോ നിങ്ങൾക്ക്‌ അറിയില്ലെങ്കിൽ ആ വസ്‌തുവും അതിൽ പറഞ്ഞിരിക്കുന്ന ആളുകളും തമ്മിലുള്ള ബന്ധം നിങ്ങൾക്കു വിശദീകരിക്കാൻ കഴിയാതെപോകും.”

      മതിയായ പുരാവസ്‌തുശാസ്‌ത്ര തെളിവുകൾ ഇല്ലാതിരുന്നതിനാൽ ആൻഡ്രേ ലമെർ ഈ പെട്ടി ഇസ്രായേലിലെ ‘ജിയോഗ്രഫിക്കൽ സർവേ’യിലേക്ക്‌ അയച്ചുകൊടുത്തു. ഈ അസ്ഥിപേടകം പൊ.യു. ഒന്നോ രണ്ടോ നൂറ്റാണ്ടിലെ ചുണ്ണാമ്പുകല്ലുകൊണ്ട്‌ ഉണ്ടാക്കിയതാണ്‌ എന്ന്‌ അവിടെയുള്ള ഗവേഷകർ സ്ഥിരീകരിച്ചു. “നവീന പണിക്കോപ്പുകൾ ഉപയോഗിച്ചതിന്റെ യാതൊരു തെളിവുമില്ല” എന്ന്‌ അവർ റിപ്പോർട്ടു ചെയ്‌തു. ദ ന്യൂയോർക്ക്‌ ടൈംസ്‌ അഭിമുഖം നടത്തിയ ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ “സാഹചര്യത്തെളിവു വെച്ചുനോക്കുമ്പോൾ ഇതിന്‌ യേശുക്രിസ്‌തുവുമായി ബന്ധമുണ്ടെന്നു വിശ്വസിക്കാൻ ശക്തമായ കാരണമുണ്ട്‌. പക്ഷേ അതു സാഹചര്യത്തെളിവു മാത്രമാണ്‌.”

      ടൈം മാസിക ഇപ്രകാരം പറയുകയുണ്ടായി, “യേശു ജീവിച്ചിരുന്നു എന്നതിനെ ഇക്കാലത്തു വിദ്യാസമ്പന്നരായ ആരും സംശയിക്കുകയില്ല.” എങ്കിൽപ്പോലും, യേശുവിന്റെ അസ്‌തിത്വം സംബന്ധിച്ചു ബൈബിളേതര തെളിവുകൾ ഉണ്ടായിരിക്കേണ്ടതാണെന്നു പലരും വിചാരിക്കുന്നു. എന്നാൽ യേശുക്രിസ്‌തുവിൽ വിശ്വാസം അർപ്പിക്കുന്നതിനുള്ള അടിസ്ഥാനം പുരാവസ്‌തുശാസ്‌ത്രം ആയിരിക്കണമോ? “ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ ഏക വ്യക്തി”യുടെ ചരിത്രപരതയ്‌ക്കുള്ള എന്തു തെളിവാണു നമുക്കുള്ളത്‌?

  • യേശുക്രിസ്‌തു ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ്‌
    വീക്ഷാഗോപുരം—2003 | ജൂൺ 15
    • യേശുക്രിസ്‌തു ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ്‌

      ആൽബർട്ട്‌ ഐൻസ്റ്റീൻ എന്നു പേരുള്ള ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഉവ്വ്‌ എന്നു നിങ്ങൾ പെട്ടെന്നുതന്നെ ഉത്തരം പറഞ്ഞേക്കാം. എന്നാൽ എന്തുകൊണ്ട്‌? മിക്കവരും അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹം കൈവരിച്ച നേട്ടങ്ങളെ കുറിച്ചുള്ള ആശ്രയയോഗ്യമായ റിപ്പോർട്ടുകൾ, അദ്ദേഹം ജീവിച്ചിരുന്നു എന്നതിനു തെളിവാണ്‌. ഐൻസ്റ്റീനിന്റെ കണ്ടുപിടിത്തങ്ങളുടെ ശാസ്‌ത്രീയ പ്രയുക്തത നിമിത്തം അദ്ദേഹത്തിന്റെ സ്വാധീനം ഇന്നും പ്രകടമാണ്‌. ഉദാഹരണത്തിന്‌, ആണവോർജത്തിൽനിന്ന്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതികൊണ്ട്‌ അനേകർ പ്രയോജനം അനുഭവിക്കുന്നു. ഐൻസ്റ്റീനിന്റെ പ്രഖ്യാതമായ സമവാക്യവുമായി ബന്ധപ്പെട്ടതാണ്‌ ആ പ്രക്രിയ. അതാണ്‌ E=mc2 (ഊർജം = പിണ്ഡം × പ്രകാശ പ്രവേഗ വർഗം).

      ചരിത്രത്തിൽ, ഏറ്റവും സ്വാധീനം ചെലുത്തിയ മനുഷ്യൻ എന്ന ഖ്യാതി നേടിയ യേശുക്രിസ്‌തുവിന്റെ കാര്യത്തിലും ഇതുതന്നെ സത്യമാണ്‌. അവനെ കുറിച്ച്‌ എഴുതിയിട്ടുള്ള കാര്യങ്ങളും അവന്റെ സ്വാധീനശക്തിയുടെ ദൃശ്യതെളിവും അവൻ ജീവിച്ചിരുന്നു എന്നു വിശ്വസിക്കാൻ ഈടുറ്റ കാരണം നൽകുന്നു. ആദ്യ ലേഖനത്തിൽ വിവരിച്ചതുപോലെ യാക്കോബിന്റെ പേര്‌ ആലേഖനം ചെയ്‌ത പുരാവസ്‌തുവിന്റെ കണ്ടെടുക്കൽ താത്‌പര്യജനകം ആയിരിക്കാമെങ്കിലും യേശു ഒരു ചരിത്ര പുരുഷനായിരുന്നു എന്ന യാഥാർഥ്യം അത്തരം വസ്‌തുക്കളിലല്ല അടിസ്ഥാനപ്പെട്ടിരിക്കുന്നത്‌. യേശുവിനെയും അവന്റെ അനുഗാമികളെയും കുറിച്ച്‌ ലൗകിക ചരിത്രകാരന്മാർ എഴുതിയിട്ടുള്ള കാര്യങ്ങൾ അവൻ ജീവിച്ചിരുന്നു എന്നതിനു തെളിവുകൾ നൽകുന്നു.

      ചരിത്രകാരന്മാരുടെ സാക്ഷ്യം

      ഉദാഹരണത്തിന്‌, ഒന്നാം നൂറ്റാണ്ടിലെ യഹൂദ ചരിത്രകാരനും ഒരു പരീശനും ആയിരുന്ന ഫ്‌ളേവിയസ്‌ ജോസീഫസിന്റെ സാക്ഷ്യം നമുക്കു പരിശോധിക്കാം. യഹൂദ പുരാവൃത്തങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ അദ്ദേഹം യേശുക്രിസ്‌തുവിനെ കുറിച്ചു പരാമർശിക്കുന്നുണ്ട്‌. ജോസീഫസ്‌ യേശുവിനെ മിശിഹാ എന്നു പരാമർശിച്ച ആദ്യ സന്ദർഭത്തിന്റെ ആധികാരികതയെ ചിലർ സംശയിക്കുന്നുണ്ടെങ്കിലും രണ്ടാം പരാമർശത്തിന്റെ വിശ്വാസ്യതയെ സംശയിക്കുന്നവർ വളരെ കുറവാണ്‌ എന്ന്‌ യെഷിവ സർവകലാശാലയിലെ പ്രൊഫസർ ലൂയിസ്‌ ഫെൽഡ്‌മാൻ പറയുന്നു. തന്റെ പുസ്‌തകത്തിൽ ജോസീഫസ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “[മഹാപുരോഹിതനായ അനാനസ്‌] സൻഹെദ്രിമിലെ ന്യായാധിപസഭയെ വിളിച്ചുകൂട്ടുകയും യാക്കോബ്‌ എന്നുപേരുള്ള ഒരു മനുഷ്യനെ അവരുടെ മുമ്പാകെ കൊണ്ടുവരികയും ചെയ്‌തു. അവൻ ക്രിസ്‌തു എന്നു വിളിക്കപ്പെട്ട യേശുവിന്റെ സഹോദരനായിരുന്നു.” (യഹൂദ പുരാവൃത്തങ്ങൾ,  XX, 200) അതേ, യേശുവിന്റെ ശത്രുക്കളാണു തങ്ങൾ എന്നു പരസ്യമായി തിരിച്ചറിയിച്ചിട്ടുള്ള, പരീശന്മാർ എന്നറിയപ്പെടുന്ന ഒരു മതഭേദത്തിലെ അംഗം “യേശുവിന്റെ സഹോദരനായ യാക്കോബ്‌” ജീവിച്ചിരുന്നു എന്നു സമ്മതിച്ചുപറയുന്നു.

      യേശുവിന്റെ സ്വാധീനം അവന്റെ അനുഗാമികളുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചു. അപ്പൊസ്‌തലനായ പൗലൊസ്‌ പൊ.യു. 59-ൽ റോമിൽ തടവിലായിരുന്നപ്പോൾ യഹൂദ പ്രമാണിമാർ അവനോട്‌ ഇപ്രകാരം പറഞ്ഞു: “ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു.” (പ്രവൃത്തികൾ 28:17-22) അവർ യേശുവിന്റെ അനുഗാമികളെ “മതഭേദം” എന്നു വിളിച്ചു. അവരെ കുറിച്ച്‌ എല്ലായിടത്തും വിരോധം പറഞ്ഞിരുന്നെങ്കിൽ മറ്റു ചരിത്രകാരന്മാരും അതേക്കുറിച്ച്‌ രേഖപ്പെടുത്തുമായിരുന്നു. ഇല്ലേ?

      പൊ.യു. 55-ൽ ജനിച്ച, ലോകത്തിലെ ഏറ്റവും മഹാനായ ചരിത്രകാരനായി കണക്കാക്കപ്പെടുന്ന റ്റാസിറ്റസ്‌, തന്റെ വൃത്താന്ത പുസ്‌തകത്തിൽ (ഇംഗ്ലീഷ്‌) ക്രിസ്‌ത്യാനികളെ കുറിച്ചു പറഞ്ഞിട്ടുണ്ട്‌. പൊ.യു. 64-ൽ റോമാനഗരം കത്തിയെരിഞ്ഞതിന്‌ റോമൻ ചക്രവർത്തിയായിരുന്ന നീറോ ക്രിസ്‌ത്യാനികളെ പഴിചാരിയതിനെ കുറിച്ചുള്ള തന്റെ വിവരണത്തിൽ ചരിത്രകാരൻ ഇപ്രകാരം പറയുന്നു: “ക്രിസ്‌ത്യാനികൾ എന്നു വിളിക്കപ്പെട്ടിരുന്നവരുടെ മേൽ നീറോ കുറ്റം ചുമത്തുകയും ഏറ്റവും ഹീനമായ പീഡനങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്‌തു. ക്രിസ്‌ത്യാനി എന്ന പേര്‌ ആരിൽനിന്ന്‌ ഉത്ഭവിച്ചുവോ ആ ക്രിസ്‌തസ്‌, തിബര്യോസിന്റെ ഭരണകാലത്ത്‌ നമ്മുടെ നാടുവാഴികളിൽ ഒരാളായ പൊന്തിയൊസ്‌ പീലാത്തൊസിന്റെ കയ്യാൽ ഏറ്റവും കഠിനമായ ശിക്ഷ സഹിച്ചു.” യേശുവിനെ കുറിച്ചു ബൈബിൾ പറയുന്നതുമായി ഈ വിവരണം യോജിക്കുന്നു.

      യേശുവിന്റെ അനുഗാമികളെ കുറിച്ചു പരാമർശിച്ച മറ്റൊരു എഴുത്തുകാരൻ, ബിഥുന്യയിലെ ഗവർണറായ പ്ലിനി ദി യംഗർ ആയിരുന്നു. ക്രിസ്‌ത്യാനികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന്‌ പ്ലിനി പൊ.യു. ഏകദേശം 111-ൽ, ട്രാജൻ ചക്രവർത്തിയോട്‌ എഴുതി ചോദിച്ചു. ക്രിസ്‌ത്യാനികൾ എന്നു തെറ്റായി മുദ്രകുത്തപ്പെട്ടവർ, തങ്ങൾ ക്രിസ്‌ത്യാനികൾ അല്ലെന്നു തെളിയിക്കാനായി മറ്റു ദൈവങ്ങളോടുള്ള ഒരു പ്രാർഥന ഏറ്റുചൊല്ലുകയും ട്രാജന്റെ നിയമങ്ങളെ ഉപാസിക്കുകയും ചെയ്‌തിരുന്നു എന്ന്‌ പ്ലിനി എഴുതി. അദ്ദേഹം ഇപ്രകാരം തുടരുന്നു: “എന്നാൽ യഥാർഥ ക്രിസ്‌ത്യാനികൾ യാതൊരുവിധ അനുരഞ്‌ജനത്തിനും തയ്യാറല്ലായിരുന്നു.” ഇതു തെളിയിക്കുന്നത്‌ യേശുക്രിസ്‌തു ജീവിച്ചിരുന്നു എന്നുതന്നെയാണ്‌. അവനിലുള്ള വിശ്വാസത്തെപ്രതി അവന്റെ അനുഗാമികൾ തങ്ങളുടെ ജീവൻ ബലി നൽകാൻ പോലും ഒരുക്കമായിരുന്നു.

      യേശുവിനെയും അവന്റെ അനുഗാമികളെയും സംബന്ധിച്ച ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ ചരിത്രകാരന്മാരുടെ പരാമർശങ്ങൾ സംക്ഷേപിച്ചശേഷം, ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (2002 പതിപ്പ്‌) ഈ നിഗമനത്തിലെത്തുന്നു: “പുരാതനകാലങ്ങളിൽ, യേശു ഒരു യഥാർഥ വ്യക്തിയായിരുന്നു എന്ന വസ്‌തുത ക്രിസ്‌ത്യാനിത്വത്തിന്റെ ശത്രുക്കൾപോലും ഒരിക്കലും സംശയിച്ചിരുന്നില്ല എന്ന്‌ ഈ സ്വതന്ത്ര വിവരണങ്ങൾ തെളിയിക്കുന്നു. അതേക്കുറിച്ച്‌ ആദ്യമായി, വേണ്ടത്ര അടിസ്ഥാനമില്ലാതെ തർക്കമുണ്ടായത്‌ 18-ാം നൂറ്റാണ്ടിൽ ആയിരുന്നു. പിന്നീട്‌ 19-ഉം 20-ഉം നൂറ്റാണ്ടുകളുടെ ആരംഭത്തിലും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്‌.”

      യേശുവിന്റെ അനുഗാമികളുടെ സാക്ഷ്യം

      “യേശുവിന്റെ ജീവിതവും അവൻ അനുഭവിച്ച യാതനകളും അവന്റെ പ്രാമുഖ്യതയെ കുറിച്ചുള്ള ഏറ്റവും ആദ്യത്തെ ക്രിസ്‌തീയ വ്യാഖ്യാനവും ചരിത്രപരമായി പുനഃസൃഷ്ടിക്കാൻ വേണ്ടുന്ന മിക്കവാറും എല്ലാ തെളിവുകളും പുതിയനിയമം പ്രദാനം ചെയ്യുന്നു” എന്ന്‌ ദി എൻസൈക്ലോപീഡിയ അമേരിക്കാനാ പറയുന്നു. യേശു ജീവിച്ചിരുന്നു എന്നതിന്റെ തെളിവായി ബൈബിളിനെ അംഗീകരിക്കാൻ സന്ദേഹവാദികൾ വിസമ്മതിച്ചേക്കാം. എന്നാൽ, തിരുവെഴുത്തുകളെ ആധാരമാക്കിയുള്ള രണ്ടു ന്യായവാദങ്ങൾ, യേശു ഭൂമിയിൽ ജീവിച്ചിരുന്നു എന്നു തെളിയിക്കാൻ വിശേഷാൽ സഹായിക്കും.

      നാം മുമ്പു കണ്ടതുപോലെ, ഐൻസ്റ്റീനിന്റെ മഹത്തായ സിദ്ധാന്തങ്ങൾ അദ്ദേഹം ജീവിച്ചിരുന്നു എന്നതിന്റെ സ്‌പഷ്ടമായ രേഖയാണ്‌. സമാനമായി, യേശുവിന്റെ പഠിപ്പിക്കലുകൾ അവൻ ഇവിടെ ജീവിച്ചിരുന്നു എന്ന വസ്‌തുതയെ പിന്താങ്ങുന്നു. യേശുവിന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തെ കുറിച്ചു ചിന്തിക്കുക. (മത്തായി 5-7 അധ്യായങ്ങൾ) വിഖ്യാതമായ ആ പ്രഭാഷണത്തിന്റെ പ്രഭാവത്തെ കുറിച്ച്‌ അപ്പൊസ്‌തലനായ മത്തായി ഇങ്ങനെ രേഖപ്പെടുത്തുന്നു: “പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്‌മയിച്ചു; അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചത്‌.” (മത്തായി 7:28, 29) നൂറ്റാണ്ടുകളിൽ ഉടനീളം ആ പ്രഭാഷണത്തിന്‌ ആളുകളുടെമേൽ ഉണ്ടായിരുന്ന ഫലം സംബന്ധിച്ച്‌ പ്രൊഫസർ ഹാൻസ്‌ ഡെറ്റെർ ബെറ്റ്‌സ്‌ ഇങ്ങനെ പറയുന്നു: “ഗിരിപ്രഭാഷണത്തിന്റെ സ്വാധീനശക്തി യഹൂദമതത്തിന്റെയും ക്രിസ്‌ത്യാനിത്വത്തിന്റെയും പാശ്ചാത്യ സംസ്‌കാരത്തിന്റെ പോലും അതിരുകൾക്ക്‌ അപ്പുറത്തേക്കു വ്യാപിച്ചിരിക്കുന്നു.” അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: ഇതിന്‌ “സകലരെയും ആകർഷിക്കാൻ കഴിയുന്ന സവിശേഷതയുണ്ട്‌.”

      ഗിരിപ്രഭാഷണത്തിൽ നിഴലിക്കുന്ന ജ്ഞാനം ദർശിക്കുന്നതിന്‌ സംക്ഷിപ്‌തവും പ്രായോഗികവുമായ ഈ വാക്കുകൾ ശ്രദ്ധിക്കുക: “നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറേറതും തിരിച്ചുകാണിക്ക.” “മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ.” “നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ.” “നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്‌.” “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും.” “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ.” “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം.” “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്‌ക്കുന്നു.”​—മത്തായി 5:39; 6:1, 34; 7:6, 7, 12, 13, 16, 17.

      മേൽപ്പറഞ്ഞ വാക്യങ്ങളോ അവയുടെ മുഖ്യ ആശയങ്ങളോ നിങ്ങൾ കേട്ടിട്ടുണ്ട്‌ എന്നതിനു സംശയമില്ല. ചിലപ്പോൾ അവയിൽ ചിലതു നിങ്ങളുടെ ഭാഷയിലെ പഴമൊഴിപോലും ആയിത്തീർന്നിട്ടുണ്ട്‌. ഇവയെല്ലാം ഗിരിപ്രഭാഷണത്തിൽനിന്ന്‌ എടുത്തിരിക്കുന്നവയാണ്‌. അനേകം ജനതകളിലും സംസ്‌കാരങ്ങളിലും ഈ പ്രഭാഷണം ചെലുത്തിയ പ്രഭാവം യേശുക്രിസ്‌തു എന്ന “മഹദ്‌ഗുരു” ജീവിച്ചിരുന്നു എന്നതിന്‌ വ്യക്തമായ സാക്ഷ്യം നൽകുന്നു.

      ഇനി, യേശുക്രിസ്‌തു ആരെങ്കിലും ഭാവനയിൽ സൃഷ്ടിച്ച ഒരു കഥാപാത്രമാണ്‌ എന്നിരിക്കട്ടെ. മാത്രമല്ല, ബൈബിളിൽ കാണപ്പെടുന്ന, യേശുക്രിസ്‌തുവിന്റെ പഠിപ്പിക്കലുകൾക്കു രൂപം നൽകാൻ മാത്രം ബുദ്ധിശാലിയാണ്‌ അയാൾ എന്നും സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ, യേശുക്രിസ്‌തുവിനെയും അവന്റെ പഠിപ്പിക്കലുകളെയും പൊതുജനത്തിനു കഴിയുന്നത്ര സ്വീകാര്യമാക്കാൻ അയാൾ ആസൂത്രണം ചെയ്യുമായിരുന്നില്ലേ? എന്നാൽ അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം പറഞ്ഞു: “യെഹൂദർ അടയാളങ്ങൾ ആവശ്യപ്പെടുന്നു; ഗ്രീക്കുകാർ വിജ്‌ഞാനം അന്വേഷിക്കുന്നു. ഞങ്ങളാകട്ടെ, യഹൂദർക്ക്‌ ഇടർച്ചയും വിജാതീയർക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെ പ്രസംഗിക്കുന്നു.” (1 കൊരിന്ത്യർ 1:​22-23, പി.ഒ. സി ബൈബിൾ) ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെ കുറിച്ചുള്ള സന്ദേശം യഹൂദന്മാർക്കോ ജാതികൾക്കോ ആകർഷകമല്ലായിരുന്നു. എങ്കിലും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ പ്രസംഗിച്ചത്‌ ആ ക്രിസ്‌തുവിനെ കുറിച്ചാണ്‌. എന്തുകൊണ്ടാണ്‌ ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെ കുറിച്ചു പ്രസംഗിച്ചത്‌? ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ എഴുത്തുകാർ യേശുവിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള സത്യമാണു രേഖപ്പെടുത്തിയത്‌ എന്നതാണ്‌ ഇതിനുള്ള തൃപ്‌തികരമായ ഒരേയൊരു വിശദീകരണം.

      യേശുവിന്റെ അനുഗാമികൾ അവന്റെ പഠിപ്പിക്കലുകളെ കുറിച്ച്‌ അക്ഷീണം പ്രസംഗിച്ചത്‌ യേശു ജീവിച്ചിരുന്നു എന്നതിനുള്ള ന്യായയുക്തമായ മറ്റൊരു തെളിവാണ്‌. യേശു ശുശ്രൂഷ ആരംഭിച്ച്‌ ഏതാണ്ട്‌ 30 വർഷം കഴിഞ്ഞ്‌, സുവാർത്ത ‘ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചിരിക്കുന്നു’ എന്നു പൗലൊസിനു പറയാൻ കഴിഞ്ഞു. (കൊലൊസ്സ്യർ 1:23) അതേ, എതിർപ്പുകളുടെ മധ്യേയും യേശുവിന്റെ പഠിപ്പിക്കലുകൾ പുരാതന ലോകത്തെമ്പാടും വ്യാപിച്ചു. ഒരു ക്രിസ്‌ത്യാനി എന്നനിലയിൽ പീഡിപ്പിക്കപ്പെട്ട പൗലൊസ്‌ പിൻവരുന്ന പ്രകാരം എഴുതി: “ക്രിസ്‌തു ഉയിർത്തെഴുന്നേററിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ [“ഞങ്ങളുടെ,” NW] വിശ്വാസവും വ്യർത്ഥം.” (1 കൊരിന്ത്യർ 15:12-17) പുനരുത്ഥാനം പ്രാപിച്ചിട്ടില്ലാത്ത ക്രിസ്‌തുവിനെ കുറിച്ചു പ്രസംഗിക്കുന്നതു വ്യർഥം ആയിരിക്കുമെങ്കിൽ ഒരിക്കലും ഭൂമുഖത്തു ജീവിച്ചിട്ടില്ലാത്ത ഒരു ക്രിസ്‌തുവിനെ കുറിച്ചു പ്രസംഗിക്കുന്നത്‌ അതിലും മൗഢ്യം ആയിരിക്കും. മുമ്പു പരാമർശിച്ച പ്ലിനി ദി യംഗറുടെ റിപ്പോർട്ട്‌ അനുസരിച്ച്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ ക്രിസ്‌തുയേശുവിലുള്ള വിശ്വാസത്തിന്റെ പേരിൽ മരിക്കാൻപോലും തയ്യാറായിരുന്നു. യേശു യഥാർത്ഥ വ്യക്തി ആയിരുന്നു എന്നാണ്‌ അതു കാണിക്കുന്നത്‌. സുവിശേഷ വിവരണങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ അവൻ ഭൂമിയിൽ ജീവിച്ചിരുന്നു.

      നിങ്ങൾ തെളിവുകൾ കണ്ടിരിക്കുന്നു

      യേശുവിന്റെ പുനരുത്ഥാനത്തിൽ ഉള്ള വിശ്വാസമായിരുന്നു പ്രസംഗവേലയിൽ ഏർപ്പെടുന്നതിന്‌ ക്രിസ്‌ത്യാനികൾക്ക്‌ ഉൾക്കരുത്തേകിയ ഘടകം. യേശു ഇന്നു ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുകവഴി പുനരുത്ഥാനം പ്രാപിച്ച യേശുവിനെ നിങ്ങൾക്കു മനക്കണ്ണുകൊണ്ടു കാണാൻ കഴിയും.

      യേശു വധിക്കപ്പെടുന്നതിന്‌ അൽപ്പനാൾ മുമ്പ്‌, തന്റെ ഭാവിസാന്നിധ്യത്തെ കുറിച്ച്‌ ഒരു മഹത്തായ പ്രവചനം നൽകുകയുണ്ടായി. കൂടാതെ, താൻ മരണത്തിൽനിന്ന്‌ ഉയിർപ്പിക്കപ്പെടുമെന്നും തന്റെ ശത്രുക്കളെ നേരിടാനുള്ള സമയംവരെയും പിതാവിന്റെ വലതുഭാഗത്തു കാത്തിരിക്കുമെന്നും അവൻ പറഞ്ഞു. (സങ്കീർത്തനം 110:1; യോഹന്നാൻ 6:62; പ്രവൃത്തികൾ 2:34, 35; റോമർ 8:34) അതിനുശേഷം അവൻ സാത്താനെയും അവന്റെ ഭൂതങ്ങളെയും സ്വർഗത്തിൽനിന്നു പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നു.​—വെളിപ്പാടു 12:7-9.

      അതെല്ലാം എപ്പോൾ സംഭവിക്കുമായിരുന്നു? യേശു തന്റെ ശിഷ്യന്മാർക്ക്‌ ‘തന്റെ വരവിന്റെയും [“സാന്നിധ്യത്തിന്റെയും,” NW] ലോകാവസാനത്തിന്റെയും അടയാളം’ പറഞ്ഞുകൊടുത്തിരുന്നു. അവന്റെ അദൃശ്യസാന്നിധ്യം തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളിൽ യുദ്ധം, ഭക്ഷ്യക്ഷാമം, ഭൂകമ്പം, കള്ളപ്രവാചകന്മാരുടെ പ്രത്യക്ഷത, നിയമരാഹിത്യത്തിന്റെ വർധന, മഹാമാരികൾ എന്നിവ ഉൾപ്പെട്ടിരുന്നു. സാത്താനെയും അവന്റെ ഭൂതങ്ങളെയും ഭൂമിയിലേക്കു തള്ളിയിടുന്നത്‌ ‘ഭൂമിക്ക്‌ കഷ്ടം’ വരുത്തിവെക്കും എന്നതിനാൽ അത്തരം കൊടിയ വിപത്തുകൾ പ്രതീക്ഷിക്കേണ്ടവയായിരുന്നു. “പിശാചു തനിക്കു അല്‌പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ” ഭൂമിയിലേക്ക്‌ ഇറങ്ങി വന്നിരിക്കുന്നു. കൂടാതെ, യേശു നൽകിയ അടയാളങ്ങളിൽ രാജ്യസുവാർത്ത “സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും” പ്രസംഗിക്കപ്പെടുന്നതും ഉൾപ്പെടുന്നു.​—മത്തായി 24:3-14; വെളിപ്പാടു 12:12; ലൂക്കൊസ്‌ 21:7-19.

      യേശു മുൻകൂട്ടിപ്പറഞ്ഞ അടയാളങ്ങൾ സംഭവിച്ചിരിക്കുന്നു. 1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതൽ യേശുവിന്റെ അദൃശ്യസാന്നിധ്യത്തിന്റെ സംയുക്ത അടയാളം നാം കണ്ടുകൊണ്ടിരിക്കുകയാണ്‌. ദൈവരാജ്യത്തിന്റെ രാജാവായി ഭരിക്കുന്ന അവന്റെ സ്വാധീനശക്തി ഇന്നു വലിയ അളവിൽ ദൃശ്യമാണ്‌. ഇന്ന്‌ രാജ്യപ്രസംഗവേല നിർവഹിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ്‌ നിങ്ങളുടെ കയ്യിലിരിക്കുന്ന ഈ മാസിക.

      യേശുവിന്റെ അസ്‌തിത്വത്തിന്റെ പ്രഭാവം സംബന്ധിച്ചു കൂടുതൽ മനസ്സിലാക്കാൻ നിങ്ങൾ ബൈബിൾ പഠിക്കേണ്ടതുണ്ട്‌. യേശുവിന്റെ സാന്നിധ്യത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ യഹോവയുടെ സാക്ഷികളോടു ചോദിക്കരുതോ?

      [5 -ാം പേജിലെ ചിത്രങ്ങൾ]

      ജോസീഫസ്‌, റ്റാസിറ്റസ്‌, പ്ലിനി ദി യംഗർ എന്നിവർ യേശുക്രിസ്‌തുവിനെയും ശിഷ്യന്മാരെയും കുറിച്ചു പരാമർശിച്ചു

      [5 -ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

      മൂന്നു ചിത്രങ്ങളും: © Bettmann/CORBIS

      [7 -ാം പേജിലെ ചിത്രം]

      യേശു യഥാർഥ വ്യക്തിയായിരുന്നു എന്ന്‌ ആദിമ ക്രിസ്‌ത്യാനികൾക്കു ബോധ്യമുണ്ടായിരുന്നു

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക