വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മറ്റുള്ളവരോടു നമുക്കുള്ള ഒരു കടപ്പാട്‌
    രാജ്യ ശുശ്രൂഷ—2005 | ജൂലൈ
    • മറ്റുള്ളവരോടു നമുക്കുള്ള ഒരു കടപ്പാട്‌

      1 അപ്പൊസ്‌തലനായ പൗലൊസിന്‌ ആളുകളോടു പ്രസംഗിക്കാൻ കടപ്പാടു തോന്നി. യഹോവ തന്റെ പുത്രന്റെ അമൂല്യ രക്തത്താൽ സകലതരം മനുഷ്യർക്കും രക്ഷ പ്രാപിക്കാൻ വഴി തുറന്നിരിക്കുന്ന കാര്യം അവന്‌ അറിയാമായിരുന്നു. (1 തിമൊ. 2:3-6) അതുകൊണ്ട്‌, “യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു” എന്ന്‌ അവൻ പ്രസ്‌താവിച്ചു. സഹമനുഷ്യരോടു സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ അവരോടുള്ള തന്റെ കടപ്പാടു നിറവേറ്റാൻ പൗലൊസ്‌ ഉത്സാഹത്തോടെ അക്ഷീണം പ്രയത്‌നിച്ചു.​—⁠റോമ. 1:14, 15.

      2 പൗലൊസിനെപ്പോലെ എല്ലാ അവസരങ്ങളിലും അയൽക്കാരോടു സുവാർത്ത പ്രസംഗിക്കാൻ ഇന്നു ക്രിസ്‌ത്യാനികൾ ശ്രമിക്കുന്നു. “വലിയ കഷ്ടം” അഥവാ മഹോപദ്രവം അതിവേഗം അടുത്തുവരവേ, പരമാർഥ ഹൃദയർക്കായുള്ള നമ്മുടെ അന്വേഷണം അടിയന്തിരമായി നിർവഹിക്കേണ്ട ഒന്നാണ്‌. ഈ ജീവദായക വേല ഉത്സാഹപൂർവം നിവർത്തിക്കാൻ ആളുകളോടുള്ള യഥാർഥ സ്‌നേഹം നമ്മെ പ്രേരിപ്പിക്കട്ടെ.​—⁠മത്താ. 24:21; യെഹെ. 33:⁠8.

      3 നമ്മുടെ കടപ്പാടു നിവർത്തിക്കൽ: നാം ആളുകളുടെ അടുക്കൽ എത്തുന്നത്‌ മുഖ്യമായും വീടുതോറുമുള്ള പ്രസംഗത്തിലൂടെയാണ്‌. ആളില്ലാഭവനങ്ങൾ ധാരാളമുള്ള പ്രദേശങ്ങൾ പ്രവർത്തിക്കുമ്പോൾ അക്കാര്യം കൃത്യമായി രേഖപ്പെടുത്തിക്കൊണ്ട്‌ വ്യത്യസ്‌ത സമയങ്ങളിൽ മടങ്ങിച്ചെല്ലുന്നതിലൂടെ കൂടുതൽ പേരെ കണ്ടുമുട്ടാൻ നമുക്കു കഴിയും. (1 കൊരി. 10:33) വ്യാപാരപ്രദേശങ്ങളിലും തെരുവുകളിലും പാർക്കുകളിലും പാർക്കിങ്‌ സ്ഥലങ്ങളിലും സാക്ഷീകരിക്കുന്നത്‌ ആളുകളുടെ അടുക്കൽ എത്തിച്ചേരാനുള്ള മറ്റു മാർഗങ്ങളാണ്‌. കൂടാതെ ടെലിഫോണിലൂടെയും സാക്ഷീകരിക്കാവുന്നതാണ്‌. ‘എല്ലാ സാക്ഷീകരണരീതികളും ഉപയോഗിച്ചുകൊണ്ട്‌ ജീവരക്ഷാകരമായ സന്ദേശം മറ്റുള്ളവർക്ക്‌ എത്തിച്ചുകൊടുക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ടോ?’ എന്ന്‌ നമുക്കു സ്വയം ചോദിക്കാൻ കഴിയും.​—⁠മത്താ. 10:11.

      4 ഒരു പയനിയർ സഹോദരിക്കു തന്റെ പ്രദേശത്തുള്ള സകലരോടും സുവാർത്ത പ്രസംഗിക്കാൻ കടപ്പാടു തോന്നി. എന്നാൽ ഒരു വീട്ടിൽ ഒരു സമയത്തും ആളുണ്ടായിരുന്നില്ല. അതിന്റെ ജനലുകളെല്ലാം അടഞ്ഞുകിടന്നിരുന്നു. എന്നിരുന്നാലും ഒരു ദിവസം ഈ ആളില്ലാഭവനത്തിന്റെ മുമ്പിൽ ഒരു കാർ കിടക്കുന്നതു സഹോദരിയുടെ ശ്രദ്ധയിൽപ്പെട്ടു. ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന സമയം അല്ലായിരുന്നിട്ടും അവസരം പാഴാക്കാതെ അവർ ഡോർബെൽ അടിച്ചു. വാതിൽ തുറന്നുവന്ന മനുഷ്യനോടു സഹോദരി സംസാരിച്ചു. അതേത്തുടർന്ന്‌ ഭർത്താവിനോടൊപ്പം പല പ്രാവശ്യം അവർ അദ്ദേഹത്തെ സന്ദർശിച്ചു, അധികം താമസിയാതെ ഒരു ബൈബിളധ്യയനവും ആരംഭിച്ചു. ഇപ്പോൾ അദ്ദേഹം സ്‌നാപനമേറ്റ ഒരു സഹോദരനാണ്‌. മറ്റുള്ളവരോടു പ്രസംഗിക്കാൻ ഈ സഹോദരിക്കു കടപ്പാടു തോന്നിയതിൽ അദ്ദേഹം നന്ദിയുള്ളവനാണ്‌.

      5 ശേഷിച്ചിരിക്കുന്ന സമയം അതിവേഗം തീർന്നുകൊണ്ടിരിക്കുന്നതിനാൽ, പ്രസംഗവേലയിൽ അങ്ങേയറ്റം തീക്ഷ്‌ണതയോടെ ഏർപ്പെട്ടുകൊണ്ട്‌ സഹമനുഷ്യരോടുള്ള നമ്മുടെ കടപ്പാടു നിവർത്തിക്കാനുള്ള സമയം ഇപ്പോഴാണ്‌.​—⁠2 കൊരി. 6:1, 2.

  • പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
    രാജ്യ ശുശ്രൂഷ—2005 | ജൂലൈ
    • പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ

      ഭാഗം 11: മടക്കസന്ദർശനങ്ങൾ നടത്താൻ വിദ്യാർഥികളെ സഹായിക്കൽ

      1 ഒരു ബൈബിൾ വിദ്യാർഥി പ്രസംഗവേലയിൽ ഏർപ്പെട്ടു തുടങ്ങുമ്പോൾ സുവാർത്തയിൽ താത്‌പര്യമുള്ളവരെ അദ്ദേഹം കണ്ടുമുട്ടും. ഫലകരമായ മടക്കസന്ദർശനങ്ങൾ നടത്താനും അത്തരം താത്‌പര്യം വളർത്തിക്കൊണ്ടുവരാനും പുതിയ പ്രസാധകനെ നമുക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയും?

      2 മടക്കസന്ദർശനത്തിനുള്ള തയ്യാറെടുപ്പ്‌ ആദ്യസന്ദർശനത്തിൽ ആരംഭിക്കുന്നു. ആരോടു സംസാരിക്കുന്നുവോ ആ വ്യക്തികളിൽ ആത്മാർഥ താത്‌പര്യമെടുക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. (ഫിലി. 2:4) അവരുടെ വീക്ഷണം ചോദിച്ചു മനസ്സിലാക്കാനും അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കാനും അവരെ ഉത്‌കണ്‌ഠപ്പെടുത്തുന്ന കാര്യങ്ങൾ തിരിച്ചറിയാനും വിദ്യാർഥിയെ പടിപടിയായി പരിശീലിപ്പിക്കുക. ആരെങ്കിലും താത്‌പര്യം പ്രകടിപ്പിക്കുന്നെങ്കിൽ ആ സംഭാഷണത്തോടു ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ കുറിച്ചെടുക്കാൻ പുതിയ പ്രസാധകനോടു പറയുക. തുടർന്നുള്ള ചർച്ചകൾ ആസൂത്രണം ചെയ്യുന്നതിന്‌ അദ്ദേഹത്തെ സഹായിക്കാൻ ആ വിവരം ഉപയോഗിക്കുക.

      3 മടക്കസന്ദർശനത്തിനു തയ്യാറാകൽ: ആദ്യസന്ദർശനം പുനരവലോകനം ചെയ്യുകയും വീട്ടുകാരന്‌ ആകർഷകമായ ഒരു പോയിന്റ്‌ തിരഞ്ഞെടുക്കുന്നത്‌ എങ്ങനെയെന്നു വിദ്യാർഥിക്കു കാണിച്ചുകൊടുക്കുകയും ചെയ്യുക. (1 കൊരി. 9:19-23) ഒരു ബൈബിൾ വാക്യവും അധ്യയനം നടത്താൻ ഉപയോഗിക്കുന്ന ഒരു പ്രസിദ്ധീകരണത്തിൽനിന്നുള്ള ഒരു ഖണ്ഡികയും ഉൾപ്പെടുത്തിക്കൊണ്ട്‌ ഹ്രസ്വമായ ഒരു അവതരണം ഒന്നിച്ചിരുന്നു തയ്യാറാകുക. കൂടാതെ, തുടർന്നുള്ള സന്ദർശനത്തിന്‌ അടിത്തറയിടാൻ തക്കവണ്ണം ചർച്ചയ്‌ക്കൊടുവിൽ ചോദിക്കാൻ കഴിയുന്ന ഒരു ചോദ്യവും കണ്ടുപിടിക്കുക. ഓരോ സന്ദർശനത്തിലും ദൈവവചനം സംബന്ധിച്ചുള്ള വീട്ടുകാരന്റെ അറിവു വർധിപ്പിക്കുന്നത്‌ എങ്ങനെയെന്നു പുതിയ പ്രസാധകനു കാണിച്ചുകൊടുക്കുക.

      4 ലളിതമായ ഒരു മുഖവുര തയ്യാറാക്കിക്കൊടുക്കുന്നതും സഹായകമാണ്‌. വീട്ടുകാരനെ അഭിവാദനം ചെയ്‌തശേഷം വിദ്യാർഥിക്ക്‌ ഇങ്ങനെ പറയാവുന്നതാണ്‌: “നമ്മുടെ മുൻ സംഭാഷണം എനിക്ക്‌ ഇഷ്ടമായി. ബൈബിളിൽനിന്നു കൂടുതലായ വിവരങ്ങൾ [അവ ഏതു വിഷയത്തെക്കുറിച്ചുള്ളതാണ്‌ എന്നതു വ്യക്തമാക്കണം] ചർച്ച ചെയ്യാനാണു ഞാൻ മടങ്ങിവന്നിരിക്കുന്നത്‌.” മറ്റൊരു വ്യക്തിയാണ്‌ വാതിൽക്കൽ വരുന്നതെങ്കിൽ എന്തു പറയണം എന്നതു സംബന്ധിച്ചും പുതിയ പ്രസാധകനെ നിങ്ങൾ പരിശീലിപ്പിക്കേണ്ടതുണ്ടായിരിക്കാം.

      5 ശുഷ്‌കാന്തിയോടെ മടങ്ങിച്ചെല്ലുക: താത്‌പര്യം കാണിക്കുന്ന എല്ലാവരുടെയും അടുക്കൽ താമസംവിനാ മടങ്ങിച്ചെല്ലുന്നതിൽ നല്ല മാതൃക വെക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. ആളുകളെ വീട്ടിൽ കണ്ടെത്താൻ നാം തുടർച്ചയായി സന്ദർശിക്കേണ്ടത്‌ ആവശ്യമായിരുന്നേക്കാം. തുടർന്നുള്ള സന്ദർശനത്തിന്റെ സമയം വീട്ടുകാരനുമായി ആലോചിച്ചു തീരുമാനിക്കുന്നത്‌ എങ്ങനെയെന്നു വിദ്യാർഥിയെ പഠിപ്പിക്കുക. അതിൻപ്രകാരം മടങ്ങിച്ചെല്ലേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുക. (മത്താ. 5:37) ചെമ്മരിയാടുതുല്യരെ കണ്ടെത്താനും അവരുടെ താത്‌പര്യം വളർത്തിയെടുക്കാനും ശ്രമിക്കവേ ദയയും പരിഗണനയും ആദരവും പ്രകടമാക്കാൻ പുതിയ പ്രസാധകനെ പരിശീലിപ്പിക്കുക.​—⁠തീത്തൊ. 3:⁠2.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക