-
ബൈബിളധ്യയനങ്ങൾ ആരംഭിക്കൽ—വീട്ടുവാതിൽക്കൽ നിന്നുകൊണ്ടും ടെലിഫോണിലൂടെയുംരാജ്യ ശുശ്രൂഷ—2005 | ആഗസ്റ്റ്
-
-
ബൈബിളധ്യയനങ്ങൾ ആരംഭിക്കൽ—വീട്ടുവാതിൽക്കൽ നിന്നുകൊണ്ടും ടെലിഫോണിലൂടെയും
1 ആളുകൾ ഇന്നു തിരക്കിലാണ്. എങ്കിലും അനേകരും ആത്മീയ കാര്യങ്ങളിൽ തത്‌പരരാണ്. ആത്മീയ ആവശ്യം തൃപ്‌തിപ്പെടുത്താൻ അവരെ സഹായിക്കുന്നതിനു നമുക്ക് എങ്ങനെ കഴിയും? (മത്താ 5:3, NW) അനേകം പ്രസാധകരും, ആളുകളുടെ വീട്ടുവാതിൽക്കൽ നിന്നുകൊണ്ടോ ടെലിഫോണിലൂടെയോ അവരോടൊത്തു ബൈബിൾ പഠിക്കുന്നു. ഈ വിധത്തിൽ ശുശ്രൂഷ വികസിപ്പിക്കാൻ നിങ്ങൾക്കാകുമോ?
2 ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ, അവസരം ലഭിക്കുമ്പോഴെല്ലാം ബൈബിളധ്യയനം പ്രകടിപ്പിച്ചു കാണിക്കാൻ നാം ഒരുങ്ങിയിരിക്കേണ്ടതുണ്ട്. എങ്ങനെ, എവിടെ അപ്രകാരം ചെയ്യാൻ കഴിയും?
3 വീട്ടുവാതിൽക്കൽ: ബൈബിളിനെക്കുറിച്ചു സംസാരിക്കാൻ ഒരുക്കമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടുമ്പോൾ, നിങ്ങൾ മുൻകൂട്ടി തയ്യാറായിട്ടുള്ള ഒരു ഖണ്ഡികയിലേക്ക്—ഉദാഹരണത്തിന്, ആവശ്യം ലഘുപത്രികയുടെ ആദ്യ പാഠത്തിന്റെ ആദ്യത്തെ ഖണ്ഡികയിലേക്ക്—അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുക. ഖണ്ഡിക വായിക്കുകയും ചോദ്യം പരിചിന്തിക്കുകയും പരാമർശിച്ചിട്ടുള്ള ഒന്നോ രണ്ടോ തിരുവെഴുത്തുകൾ ചർച്ച ചെയ്യുകയും ചെയ്യുക. മിക്കപ്പോഴും, വാതിൽക്കൽ നിന്നുകൊണ്ടുതന്നെ അഞ്ചോ പത്തോ മിനിട്ടുകൾക്കുള്ളിൽ ഇപ്രകാരം ചെയ്യാവുന്നതാണ്. ചർച്ച വീട്ടുകാരന് ഇഷ്ടമാകുന്നപക്ഷം മറ്റൊരു സമയത്ത് അടുത്ത ഒന്നോ രണ്ടോ ഖണ്ഡികകൾ പരിചിന്തിക്കാൻ ക്രമീകരണം ചെയ്യുക.—നേരിട്ടുള്ള സമീപനത്തിലൂടെ ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതു സംബന്ധിച്ചുള്ള കൂടുതലായ നിർദേശങ്ങൾ 2002 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജിൽ കാണാം.
4 മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ സമാനമായ ഒരു സമീപനം കൈക്കൊള്ളാവുന്നതാണ്. ഉദാഹരണത്തിന്, ആവശ്യം ലഘുപത്രിക പരിചയപ്പെടുത്തിയശേഷം അതിന്റെ രണ്ടാം പാഠത്തിന്റെ 1-2 ഖണ്ഡികകൾ ഉപയോഗിച്ചുകൊണ്ട് ദൈവത്തിന്റെ നാമത്തിനു സവിശേഷ ശ്രദ്ധ നൽകാൻ നിങ്ങൾക്കു കഴിയും. അടുത്ത സന്ദർശനത്തിങ്കൽ, 3-4 ഖണ്ഡികകളുടെ സഹായത്താൽ യഹോവയുടെ ഗുണങ്ങളെക്കുറിച്ചു ബൈബിൾ വെളിപ്പെടുത്തുന്ന കാര്യങ്ങൾ ചർച്ച ചെയ്യാവുന്നതാണ്. തുടർന്നു സന്ദർശിക്കുമ്പോൾ, 5-6 ഖണ്ഡികകളും 5-ാം പേജിലുള്ള ചിത്രവും ഉപയോഗിച്ചുകൊണ്ട് ബൈബിൾ പഠിക്കുന്നത് യഹോവയെ അറിയാൻ നമ്മെ സഹായിക്കുന്നത് എങ്ങനെയെന്നു പ്രദീപ്‌തമാക്കാൻ നിങ്ങൾക്കു കഴിയും. വീട്ടുവാതിൽക്കൽ നിന്നുകൊണ്ടുതന്നെ ചെയ്യാവുന്ന കാര്യങ്ങളാണ് ഇതെല്ലാം.
5 ടെലിഫോൺ ഉപയോഗിച്ചുകൊണ്ട്: മുഖാമുഖമുള്ള പഠനത്തെക്കാൾ ടെലിഫോണിലൂടെയുള്ള ബൈബിൾ പഠനത്തിൽ ചിലർ കൂടുതൽ തത്‌പരർ ആയിരുന്നേക്കാം. പിൻവരുന്ന അനുഭവം പരിചിന്തിക്കുക: വീടുതോറുമുള്ള പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കെ ഒരു സഹോദരി, തിരക്കേറിയ ഉദ്യോഗസ്ഥയും മാതാവും ആയ ഒരു യുവതിയെ കണ്ടുമുട്ടി. പിന്നീട് അവരെ വീട്ടിൽ കണ്ടെത്താൻ കഴിയാതെവന്നപ്പോൾ സഹോദരി അവർക്കു ഫോൺചെയ്‌തു. ബൈബിളിനെക്കുറിച്ചു ചർച്ച ചെയ്യാൻ തനിക്കു സമയമില്ലെന്ന് ആ യുവതി വിശദീകരിച്ചു. അപ്പോൾ സഹോദരി ഇപ്രകാരം പറഞ്ഞു: “പത്തോ പതിനഞ്ചോ മിനിട്ടുകൊണ്ട് നിങ്ങൾക്കു പുതിയ ചില കാര്യങ്ങൾ പഠിക്കാനാകും, ടെലിഫോണിലൂടെപോലും.” “ഫോണിലൂടെയാണെങ്കിൽ ഒരു കുഴപ്പവുമില്ല!,” യുവതി മറുപടി പറഞ്ഞു. താമസിയാതെ ടെലിഫോണിലൂടെ ക്രമമായ ഒരു അധ്യയനം ആരംഭിച്ചു.
6 നിങ്ങൾ സന്ദർശനം നടത്തുന്നവരിൽ ചിലർക്കു ടെലിഫോണിലൂടെ പഠിക്കാൻ താത്‌പര്യം ഉണ്ടായിരിക്കുമോ? നാം ഇപ്പോൾ കണ്ടുകഴിഞ്ഞ സമീപനം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ, “നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ടെലിഫോണിലൂടെ നമുക്കു ബൈബിൾചർച്ച നടത്താൻ കഴിയും. അതു നിങ്ങൾക്ക് ഏറെ സൗകര്യപ്രദം ആയിരിക്കുമോ?” എന്നു ചോദിക്കാവുന്നതാണ്. നമ്മുടെ ബൈബിളധ്യയന പരിപാടിക്ക് മറ്റുള്ളവരുടെ സാഹചര്യങ്ങൾക്കു ചേർച്ചയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നതിനാൽ ‘ദൈവപരിജ്ഞാനം കണ്ടെത്താൻ’ നമുക്ക് അവരെ സഹായിക്കാൻ കഴിഞ്ഞേക്കും.—സദൃ. 2:5; 1 കൊരി. 9:23.
[അധ്യയന ചോദ്യങ്ങൾ]
-
-
മാസികകൾ വിശേഷവത്‌കരിക്കാൻ പറയാവുന്നത്രാജ്യ ശുശ്രൂഷ—2005 | ആഗസ്റ്റ്
-
-
മാസികകൾ വിശേഷവത്‌കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം ആഗ. 15
“ഒരു ദാരുണ മരണം സംഭവിക്കുമ്പോൾ, മരണത്തിങ്കൽ എന്തു സംഭവിക്കുന്നുവെന്ന് അനേകർ ചിന്തിക്കുന്നു. മരണത്തെ മനസ്സിലാക്കാൻ കഴിയുമെന്നു താങ്കൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു ബൈബിൾ എന്താണു പറയുന്നതെന്ന് ഈ മാസിക വിശദീകരിക്കുന്നു. മരിച്ചുപോയിട്ടുള്ള നമ്മുടെ പ്രിയപ്പെട്ടവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരാനുള്ള ദൈവത്തിന്റെ വാഗ്‌ദാനത്തെക്കുറിച്ചും ഇതു ചർച്ച ചെയ്യുന്നു.” യോഹന്നാൻ 5:28, 29 വായിക്കുക.
ഉണരുക! ആഗ. 8
“ലോകനേതാക്കൾ അർമഗെദോനെക്കുറിച്ചു സംസാരിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കാം. അർമഗെദോൻ യഥാർഥത്തിൽ എന്താണെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് വെളിപ്പാടു 16:14, 16 വായിക്കുക.] ഈ ലേഖനം, ‘നാം അർമഗെദോനെ ഭയപ്പെടണമോ?’ എന്ന ചോദ്യത്തിനുള്ള ഉത്തരം പ്രദാനം ചെയ്യുന്നു.” 22-ാം പേജിലുള്ള ലേഖനത്തിലേക്ക് വീട്ടുകാരന്റെ ശ്രദ്ധ തിരിക്കുക.
വീക്ഷാഗോപുരം സെപ്‌റ്റം. 1
“ആളുകൾ ഇന്ന് ഏറെ പ്രകീർത്തിക്കുന്നതും എന്നാൽ ജീവിതത്തിൽ അധികമൊന്നും ബാധകമാക്കാത്തതും ആയ ഒരു ഗുണമാണ് വിശ്വസ്‌തത. കൂടുതൽ ആളുകൾ, ഇവിടെ വിവരിച്ചിരിക്കുന്ന സ്‌നേഹിതനെപ്പോലെ ആയിരിക്കുന്നെങ്കിൽ അത് എത്ര നല്ലതായിരിക്കും അല്ലേ? [സദൃശവാക്യങ്ങൾ 17:17 വായിക്കുക. തുടർന്ന് പ്രതികരിക്കാൻ അനുവദിക്കുക.] ഈ മാസിക, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും വിശ്വസ്‌തരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ ചർച്ച ചെയ്യുന്നു.”
ഉണരുക! സെപ്‌റ്റം. 8
“അനേകം ആളുകൾ സദാ ഭയത്തിൽ ജീവിക്കുന്നു. ഭീതിയുടെ ഇത്തരം ഒരു അന്തരീക്ഷത്തിനു സംഭാവന ചെയ്യുന്നത് എന്താണെന്നാണു താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] സാധാരണമായി സംഭവിക്കാറുള്ള അപകടങ്ങളിൽനിന്നു നമ്മെത്തന്നെ സംരക്ഷിക്കാനുള്ള പ്രായോഗിക നിർദേശങ്ങൾ ഈ മാസിക പ്രദാനം ചെയ്യുന്നു. ഭയരഹിതമായ ഒരു ലോകം സംബന്ധിച്ചുള്ള ബൈബിളിന്റെ വാഗ്‌ദാനത്തെക്കുറിച്ചും ഇതു ചർച്ച ചെയ്യുന്നു.” യെശയ്യാവു 11:9 വായിക്കുക.
-