-
പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽരാജ്യ ശുശ്രൂഷ—2005 | ഫെബ്രുവരി
-
-
പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 6: വിദ്യാർഥി ഒരു ചോദ്യം ഉന്നയിക്കുമ്പോൾ
1 ബൈബിളധ്യയനം ക്രമമായി നടത്താൻ തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ പല വിഷയങ്ങൾ മാറിമാറി ചർച്ചചെയ്യുന്നതിനു പകരം ക്രമീകൃതമായ വിധത്തിൽ ബൈബിൾ പഠിപ്പിക്കലുകൾ പരിചിന്തിക്കുന്നതാണ് സാധാരണഗതിയിൽ ഏറ്റവും നല്ലത്. ഇത് സൂക്ഷ്‌മ പരിജ്ഞാനത്തിന്റേതായ നല്ലൊരു അടിത്തറ പാകാനും ആത്മീയമായി പുരോഗതി പ്രാപിക്കാനും വിദ്യാർഥിയെ സഹായിക്കുന്നു. (കൊലൊ. 1:9, 10) എന്നിരുന്നാലും, അധ്യയനത്തിനിടയ്‌ക്ക് വിദ്യാർഥികൾ പലപ്പോഴും വ്യത്യസ്‌ത വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്. എങ്ങനെയാണ് ആ ചോദ്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്?
2 വിവേചനയുള്ളവരായിരിക്കുക: ചർച്ചചെയ്യുന്ന പഠന വിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സാധാരണഗതിയിൽ അപ്പോൾത്തന്നെ ഉത്തരം നൽകാൻ കഴിയും. വിദ്യാർഥി ചോദിക്കുന്ന ചോദ്യം പിന്നീട് ആ പ്രസിദ്ധീകരണത്തിൽ പരിചിന്തിക്കാൻ പോകുന്ന ഒന്നാണെങ്കിൽ ആ കാര്യം ചൂണ്ടിക്കാട്ടിയാൽ മാത്രം മതിയായേക്കും. എന്നാൽ, പഠിക്കുന്ന വിവരങ്ങളുമായി ബന്ധമില്ലാത്തതോ ശരിയായി ഉത്തരം കൊടുക്കാൻ ഗവേഷണം ആവശ്യമുള്ളതോ ആയ ഒരു ചോദ്യമാണ് വിദ്യാർഥി ചോദിക്കുന്നതെങ്കിൽ പഠനശേഷമോ മറ്റൊരു സമയത്തോ അതു പരിചിന്തിക്കുന്നതായിരിക്കാം ഏറെ നല്ലത്. വിദ്യാർഥി ചോദിക്കുന്ന ചോദ്യം കുറിച്ചുവെക്കുന്നത് താൻ ചോദിച്ച ചോദ്യം ഗൗരവമായി എടുത്തതായി വിദ്യാർഥിക്കു തോന്നാനും പഠനവിഷയത്തിൽനിന്നു ശ്രദ്ധ മാറിപ്പോകാതിരിക്കാനും സഹായിക്കുന്നതായി ചിലർ കണ്ടെത്തുന്നു.
3 നമ്മുടെ അടിസ്ഥാന പഠന പ്രസിദ്ധീകരണങ്ങളിൽ പല ബൈബിൾ പഠിപ്പിക്കലുകളും ഹ്രസ്വമായി മാത്രമാണു പരിചിന്തിച്ചിരിക്കുന്നത്. വിദ്യാർഥിക്ക് ഒരു പ്രത്യേക പഠിപ്പിക്കൽ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരിക്കുകയോ അദ്ദേഹം ഒരു വ്യാജ വിശ്വാസത്തോട് ശക്തമായി പറ്റിനിൽക്കുകയോ ചെയ്യുന്നെങ്കിലെന്ത്? ആ വിഷയത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് സമഗ്രമായി ചർച്ചചെയ്യുന്ന കൂടുതലായ വിവരങ്ങൾ പരിചിന്തിക്കുന്നതു പ്രയോജനകരമായിരുന്നേക്കാം. എന്നിട്ടും വിദ്യാർഥിക്ക് ബോധ്യം വരുന്നില്ലെങ്കിൽ ആ വിഷയത്തെ സംബന്ധിച്ച ചർച്ച മറ്റൊരു സമയത്തേക്കു മാറ്റിവെക്കുകയും അധ്യയനം തുടരുകയും ചെയ്യുക. (യോഹന്നാൻ 16:12) ബൈബിളിനെക്കുറിച്ചു കൂടുതലായ പരിജ്ഞാനം സമ്പാദിക്കുകയും ആത്മീയമായി പുരോഗതി പ്രാപിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് ആ ബൈബിൾ പഠിപ്പിക്കൽ മനസ്സിലായേക്കാം.
4 എളിമ പ്രകടമാക്കുക: ഒരു ചോദ്യത്തിനുള്ള ഉത്തരം നിശ്ചയമില്ലെങ്കിൽ വ്യക്തിപരമായ ഒരു അഭിപ്രായം അവതരിപ്പിക്കാനുള്ള പ്രലോഭനത്തെ ചെറുക്കുക. (2 തിമൊ. 2:15; 1 പത്രൊ. 4:11) ആ വിഷയത്തെക്കുറിച്ച് ഗവേഷണം ചെയ്‌തിട്ട് ഉത്തരവുമായി മടങ്ങിവരാമെന്നു പറയുക. ഗവേഷണം ചെയ്യേണ്ടത് എങ്ങനെയെന്നു വിദ്യാർഥിയെ പഠിപ്പിക്കാനായി ആ അവസരം ഉപയോഗിക്കുകപോലും ചെയ്യാവുന്നതാണ്. യഹോവയുടെ സംഘടന പ്രദാനം ചെയ്‌തിട്ടുള്ള വ്യത്യസ്‌ത ഗവേഷണ ഉപാധികൾ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പടിപടിയായി അദ്ദേഹത്തിനു കാണിച്ചുകൊടുക്കുക. ഈ വിധത്തിൽ അദ്ദേഹം സ്വന്തം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടുപിടിക്കാൻ പഠിക്കും.—പ്രവൃ. 17:11.
-
-
കൂടുതലായ സാക്ഷ്യം ലഭിക്കാൻ അവരെ സഹായിക്കുകരാജ്യ ശുശ്രൂഷ—2005 | ഫെബ്രുവരി
-
-
കൂടുതലായ സാക്ഷ്യം ലഭിക്കാൻ അവരെ സഹായിക്കുക
1 സുവാർത്ത പങ്കുവെക്കവേ പലപ്പോഴും നാം നമ്മുടെ പ്രദേശത്തിനു വെളിയിൽ പാർക്കുന്ന അല്ലെങ്കിൽ മറ്റൊരു ഭാഷ—ഇതിൽ ആംഗ്യഭാഷയും ഉൾപ്പെടും—സംസാരിക്കുന്ന ആളുകളെ കണ്ടുമുട്ടാറുണ്ട്. നാം നല്ല ബൈബിൾ ചർച്ചകൾ നടത്തിയിട്ടുള്ള ചിലർ നമ്മുടെ പ്രദേശത്തുനിന്നു മറ്റെവിടേക്കെങ്കിലും താമസം മാറ്റിയേക്കാം. അത്തരക്കാർക്ക് കൂടുതലായ സാക്ഷ്യം ലഭിക്കാനുള്ള ക്രമീകരണം നമുക്ക് എങ്ങനെ ചെയ്യാനാകും? ദയവായി ബന്ധപ്പെടുക (Please Follow Up) (S-43) ഫാറം ഉപയോഗിക്കുന്നതിലൂടെ.
2 മാതൃഭാഷയിൽ സുവാർത്ത കേൾക്കുമ്പോൾ പലപ്പോഴും ആളുകൾ ഏറെ നന്നായി ശ്രദ്ധിക്കുന്നു. (പ്രവൃ. 22:1, 2) അതുകൊണ്ട്, മറ്റൊരു ഭാഷ സംസാരിക്കുന്ന ആരെയെങ്കിലും കണ്ടുമുട്ടുന്ന മിക്ക സന്ദർഭങ്ങളിലും നാം ആ ഫാറം പൂരിപ്പിക്കേണ്ടതാണ്. വ്യക്തി രാജ്യസന്ദേശത്തിൽ താത്‌പര്യം കാണിക്കുന്നില്ലെങ്കിലും നാം ഇതു ചെയ്യണം. എന്നാൽ, സ്വന്തം ഭാഷയിൽ ക്രമമായി സാക്ഷ്യം ലഭിക്കുന്ന സാമാന്യം വലിയ ഒരു വിദേശഭാഷാ കൂട്ടം ഉള്ളയിടങ്ങളിൽ താത്‌പര്യം കാണിക്കുന്നിടത്തു മാത്രം ഫാറം പൂരിപ്പിച്ചാൽ മതിയാകും.
3 ഫാറം പൂരിപ്പിക്കൽ: വ്യക്തിയുടെ പേര്, മേൽവിലാസം, ടെലിഫോൺ നമ്പർ എന്നിവ നയപൂർവം ചോദിച്ചു വാങ്ങുക. വ്യക്തി എത്രത്തോളം താത്‌പര്യം കാണിച്ചു, അദ്ദേഹത്തെ കാണാൻ കഴിയുന്ന സമയം, സമർപ്പിച്ച അല്ലെങ്കിൽ ആവശ്യപ്പെട്ട സാഹിത്യം, അദ്ദേഹത്തിന് ഏറ്റവും നന്നായി മനസ്സിലാകുന്ന ഭാഷ ഇവ രേഖപ്പെടുത്തുക. ഫാറം പൂരിപ്പിച്ചശേഷം അത് ഉടനടി സഭാ സെക്രട്ടറിയെ ഏൽപ്പിക്കുക. അദ്ദേഹം അത് അനുയോജ്യമായ സഭയ്‌ക്കോ കൂട്ടത്തിനോ അയച്ചുകൊടുക്കുന്നതായിരിക്കും.
4 ഫാറം അയച്ചുകൊടുക്കൽ: ഏതു സഭയ്‌ക്ക് അല്ലെങ്കിൽ കൂട്ടത്തിനാണ് ഫാറം അയയ്‌ക്കേണ്ടതെന്ന് സെക്രട്ടറിക്ക് അറിയാൻ പാടില്ലാതെ വരികയോ അദ്ദേഹത്തിന്റെ പക്കൽ മേൽവിലാസം ഇല്ലാതിരിക്കുകയോ ചെയ്‌താൽ അദ്ദേഹത്തിന് ബ്രാഞ്ച് ഓഫീസിലെ ടെറിട്ടറി ഡെസ്‌കിൽ ഫോൺ ചെയ്‌ത് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാവുന്നതാണ്. ഫാറം അയച്ചുകൊടുക്കുമ്പോൾ ഇനിമുതൽ നഗര മേൽവിചാരകനെ ഉൾപ്പെടുത്തേണ്ടതില്ല.
5 ഒരു സഭയ്‌ക്കോ കൂട്ടത്തിനോ പൂരിപ്പിച്ച ഒരു S-43 ഫാറം ലഭിക്കുന്ന എല്ലാ സന്ദർഭങ്ങളിലും സത്വരം ആ വ്യക്തിയെ സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്. നാം നമ്മുടെ ഭാഗം ശുഷ്‌കാന്തിയോടെ നിറവേറ്റുമ്പോൾ യഹോവ “നിത്യജീവനു ചേർന്ന പ്രകൃതമുള്ള”വരുടെ ഹൃദയങ്ങളെ തുറക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—പ്രവൃ. 13:48, NW.
-