“അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നൽകുന്നു”
1 നമുക്കെല്ലാം ഇടയ്ക്കിടെ ക്ഷീണം തോന്നാറുണ്ട്. ജോലിയും മറ്റു കായികാധ്വാനവും മാത്രമായിരിക്കില്ല ഇതിനു കാരണമാകുന്നത്. നാം ജീവിക്കുന്ന ഈ ‘ദുർഘടസമയങ്ങളുടെ’ പ്രത്യേകതകളായ പല പ്രശ്നങ്ങളും നമ്മെ ക്ഷീണിപ്പിച്ചേക്കാം. (2 തിമൊ. 3:1) എന്നാൽ യഹോവയുടെ ദാസന്മാരായ നമുക്ക് ശുശ്രൂഷയിൽ മടുത്തുപോകാതെ തുടരുന്നതിന് ആവശ്യമായ ആത്മീയ ബലം നേടാൻ എങ്ങനെ കഴിയും? യഹോവ “ശക്തിയുടെ ആധിക്യം” ഉള്ളവനാകയാൽ അവനിൽ ആശ്രയിക്കുന്നതു നമ്മെ ശക്തരാക്കിത്തീർക്കും. (യെശ. 40:26) നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് അവനറിയാം, സഹായിക്കാൻ അവൻ സന്നദ്ധനുമാണ്.—1 പത്രൊ. 5:7.
2 യഹോവയുടെ കരുതലുകൾ: ഈ പ്രപഞ്ചം സൃഷ്ടിക്കാൻ യഹോവ ഉപയോഗിച്ച പരിശുദ്ധാത്മാവെന്ന തന്റെ അപ്രതിരോധ്യ ശക്തിയാലാണ് അവൻ നമ്മെ ഊർജസ്വലരാക്കുന്നത്. ക്ഷീണിതരായാൽ ‘ശക്തി പുതുക്കാൻ’ ദൈവാത്മാവ് നമ്മെ സഹായിക്കും. (യെശ. 40:31) അതുകൊണ്ട് നമ്മോടുതന്നെ ഇപ്രകാരം ചോദിക്കുക: ‘ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന് പരിശുദ്ധാത്മാവിനെ നൽകി എന്നെ ശക്തീകരിക്കണമേ എന്നു ഞാൻ മുമ്പ് എപ്പോഴാണു പ്രാർഥിച്ചത്?’—ലൂക്കൊ. 11:11-13.
3 ദൈവത്തിന്റെ നിശ്വസ്ത വചനം ദൈനംദിനം വായിച്ച് ധ്യാനിക്കുന്നതും നമ്മുടെ ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ ക്രമമായി പഠിച്ചുകൊണ്ട് ആത്മീയമായി നമ്മെത്തന്നെ പോഷിപ്പിക്കുന്നതും, “ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ” ഓജസ്സുള്ളവരായിരിക്കാൻ നമ്മെ സഹായിക്കും.—സങ്കീ. 1:2, 3.
4 യഹോവ സഹവിശ്വാസികളിലൂടെയും നമ്മെ ആശ്വസിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നുണ്ട്. (കൊലൊ. 4:10, 11) സഭായോഗങ്ങൾക്കു ഹാജരാകുമ്പോൾ, അവരുടെ പ്രചോദനാത്മകമായ സംഭാഷണവും അഭിപ്രായങ്ങളും പ്രസംഗങ്ങളും എല്ലാം നമ്മെ ബലിഷ്ഠമാക്കുന്നു. (പ്രവൃ. 15:32) വിശേഷാൽ ക്രിസ്തീയ മൂപ്പന്മാർ നമ്മെ ആത്മീയമായി സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.—യെശ. 32:1, 2.
5 ശുശ്രൂഷ: നിങ്ങൾക്കു മടുപ്പു തോന്നിയാലും പ്രസംഗവേല നിറുത്തരുത്! മറ്റനേകം പ്രവർത്തനങ്ങളിൽനിന്നു വ്യത്യസ്തമാണിത്. എന്തെന്നാൽ, ക്രമമായി പ്രസംഗവേലയിൽ ഏർപ്പെടുന്നതു നമ്മെ നവോന്മിഷിതരാക്കുന്നു. (മത്താ. 11:28-30) സുവാർത്ത ഘോഷിക്കുന്നത് ദൈവരാജ്യത്തിൽ ദൃഷ്ടി പതിപ്പിക്കുന്നതിനും നിത്യതയും അതിന്റെ അനുഗ്രഹങ്ങളും കണ്മുമ്പിൽ നിറുത്തുന്നതിനും നമ്മെ സഹായിക്കും.
6 ഈ ദുഷ്ടവ്യവസ്ഥിതി നശിപ്പിക്കപ്പെടുന്നതിനു മുമ്പ് ഒരുപാടു വേല ചെയ്തുതീർക്കേണ്ടതുണ്ട്. ‘ദൈവത്തിൽനിന്നു ലഭിക്കുന്ന ശക്തികൊണ്ട്’ സേവനത്തിൽ ഉറപ്പുള്ളവരായി നിലകൊള്ളാൻ നമുക്ക് സകല കാരണവുമുണ്ട്. (1 പത്രൊ. 4:11, പി.ഒ.സി. ബൈബിൾ) യഹോവയുടെ സഹായത്താൽ നാം നമ്മുടെ വേല പൂർത്തീകരിക്കും, എന്തെന്നാൽ “അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു.”—യെശ. 40:29.