ധൈര്യത്തോടെയും വിവേകത്തോടെയും പ്രസംഗിക്ക
സൂക്ഷിച്ചുവെക്കുക
1 വർത്തമാനകാല സാഹചര്യങ്ങളെ നേരിടാൻ സജ്ജരാകുക: അഖിലാണ്ഡ പരമാധികാരിയായ യഹോവയാം ദൈവവും, രാജാവും ക്രിസ്തീയ സഭയുടെ തലവനുമായ യേശുക്രിസ്തുവും നമ്മുടെ പ്രവർത്തനങ്ങളിൽ നമ്മോടൊപ്പമുണ്ട്. ബൈബിളിലൂടെയും യേശു ഉപയോഗിക്കുന്ന അടിമയിൽനിന്നു നമുക്കു ലഭിക്കുന്ന നല്ല ഉപദേശങ്ങളിലൂടെയും നാം സജ്ജരാക്കപ്പെടുന്നു.—2 തിമൊ. 3:17; മത്താ. 24:45-47; 28:20ബി.
2 “ഈ ലോകത്തിന്റെ രൂപം” നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. (1 കൊരി. 7:31) അതോടൊപ്പം നമ്മുടെ ശുശ്രൂഷയിൽ വിശേഷിച്ച് വീടുതോറുമുള്ള പ്രവർത്തനത്തിൽ നാം നേരിടുന്ന വെല്ലുവിളികളും വർധിക്കുകയാണ്. സാഹചര്യങ്ങൾ മാറിയപ്പോൾ, തങ്ങൾ ശുശ്രൂഷ നിർവഹിക്കുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്താൻ ഒന്നാം നൂറ്റാണ്ടിലും ക്രിസ്ത്യാനികൾ തയ്യാറാകേണ്ടതുണ്ടായിരുന്നു. (ലൂക്കൊ. 22:35, 36) നമ്മുടെ ശുശ്രൂഷ നിർവഹിക്കുന്നതിൽ വിവേകം പ്രകടമാക്കേണ്ടതുണ്ടെങ്കിലും ഭയപ്പെടേണ്ട യാതൊരു ആവശ്യവുമില്ല, നമുക്കാവശ്യമായ ശക്തിക്കുവേണ്ടി യഹോവയിലേക്കു നോക്കാൻ സാധിക്കും.—ഫിലി. 1:28.
3 എതിർപ്പിന്മധ്യേയും നമ്മുടെ ശുശ്രൂഷ നിർവഹിക്കുന്നതിനു സഹായകമായ വിവരങ്ങൾ എഴുത്തുകളിലൂടെയും സേവനയോഗ പരിപാടികൾ മുഖേനയും 2003-ൽ നൽകിയിരുന്നു. എന്നിരുന്നാലും ഈ നിർദേശങ്ങൾ കാലാനുസൃതമായി പരിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. സമയം കടന്നുപോകവേ, നൽകിയിരുന്ന നിർദേശങ്ങൾ പിൻപറ്റുന്നതിൽ പല സഭകളും വീഴ്ചവരുത്തിയതായി കാണപ്പെടുന്നു. എന്നാലിപ്പോൾ ശുശ്രൂഷയോടുള്ള എതിർപ്പു വർധിച്ചു വരുന്നതിനാൽ നിർദേശങ്ങൾ അനുസരിക്കുന്നതിൽ നാം ശ്രദ്ധയുള്ളവരായിരിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാം നേരിടുന്ന എതിർപ്പുകൾ ഒരേ തരത്തിലോ അളവിലോ ഉള്ളതല്ല. അതുകൊണ്ട് പ്രാദേശിക സാഹചര്യങ്ങളനുസരിച്ച് നാം ഈ നിർദേശങ്ങൾ ബാധകമാക്കണം. പ്രശ്നങ്ങൾ ഒഴിവാക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം, അതാണ് പ്രശ്നങ്ങൾ ഉണ്ടായശേഷം അവ പരിഹരിക്കുന്നതിനേക്കാൾ നല്ലത്. അതുകൊണ്ടു നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽപ്പോലും ഈ ലേഖനത്തിൽ പ്രതിപാദിക്കുന്ന നിർദേശങ്ങൾ നാം ബാധകമാക്കണം.
4 ഈ ലേഖനത്തിൽ ചർച്ചചെയ്തിരിക്കുന്ന തിരുവെഴുത്തധിഷ്ഠിതവും പ്രായോഗികവുമായ നിർദേശങ്ങൾക്കു പുറമേ, നിയമപരമായി നമുക്കുള്ള അവകാശങ്ങളെപ്പറ്റിയും ശുശ്രൂഷയിന്മധ്യേ അറസ്റ്റുചെയ്യപ്പെട്ടാൽ എന്തു ചെയ്യണം എന്നതിനെക്കുറിച്ചും ബ്രാഞ്ചോഫീസ് ഉടൻതന്നെ കൂടുതൽ വിവരങ്ങൾ പ്രദാനംചെയ്യുന്നതാണ്. ഈ വിവരങ്ങൾ നിങ്ങൾക്കു വ്യക്തിപരമായി സഹായകമായിരിക്കും, കൂടാതെ നിങ്ങളെ സഹായിക്കാൻ എന്തു ചെയ്യണമെന്നു മനസ്സിലാക്കാൻ കഴിയുമെന്നതിനാൽ മൂപ്പന്മാരുടെ സംഘത്തിനും ഇതു പ്രയോജനംചെയ്യും.
5 എതിർപ്പുകൾക്കു മധ്യേയും യഹോവയോടു വിശ്വസ്തരായി നിലകൊള്ളേണ്ടതു നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണെന്നു നമുക്കറിയാം. (2 തിമൊ. 3:12) എങ്കിലും ഇക്കാര്യത്തിൽ ബ്രാഞ്ചോഫീസിന്റെ പൂർണ പിന്തുണ നിങ്ങൾക്കെല്ലാവർക്കും ഉണ്ടായിരിക്കുമെന്ന് ഉറപ്പുനൽകുന്നു. നമ്മുടെ പല സഹോദരങ്ങളുടെയും കാര്യത്തിൽ സംഭവിച്ചിട്ടുള്ളതുപോലെ നിങ്ങൾക്കും സംഭവിച്ചാൽ—ഉദാഹരണത്തിന്, എതിരാളികൾ സംഘംചേർന്നു നിങ്ങളെ പോലീസ് സ്റ്റേഷനിലേക്കോ കോടതിയിലേക്കോ കൊണ്ടുപോകുന്നെങ്കിൽ—മത്തായി 10:17-20-ലെ ബുദ്ധിയുപദേശം ഓർക്കുക. അതേസമയം മൂപ്പന്മാർ, ഇതിനോടകം നൽകിയിട്ടുള്ള നിർദേശങ്ങൾ പിൻപറ്റുന്നതിനുപുറമേ ബ്രാഞ്ചോഫീസിലേക്കു താമസംവിനാ ഫോൺചെയ്യുകയും വേണം. തന്റെ സംഘടന മുഖാന്തരം യഹോവ നമ്മെ പിന്തുണയ്ക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം.—യെശ. 54:17; ഫിലി. 1:7, 27-29.
6 ശുശ്രൂഷയിൽ നാം എതിർപ്പുകൾ നേരിടുന്നത് എന്തുകൊണ്ട? അടിസ്ഥാന കാരണം, വെളിപ്പാടു 12-ാം അധ്യായം 12-ഉം 17-ഉം വാക്യങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ സാത്താൻ അവന്റെ ക്രോധം അഴിച്ചുവിട്ടിരിക്കുന്നു എന്നതാണ്. ഈ “അന്ത്യകാലത്ത്” പല സ്ഥലത്തും സമയത്തും അവൻ എതിർപ്പുകൾ ഇളക്കിവിട്ടിട്ടുണ്ട്. (2 തിമൊ. 3:1) ജീവരക്ഷാകരമായ സന്ദേശത്തിനു ചെവികൊടുക്കുന്നതിൽനിന്ന് ആളുകളെ തടയാൻ അവൻ ആഗ്രഹിക്കുന്നു. അതുപോലെ, നിരുത്സാഹിതരാക്കിയോ പേടിപ്പിച്ചോ പ്രസംഗ പ്രവർത്തനത്തിൽനിന്നു നമ്മെ പിന്തിരിപ്പിക്കേണ്ടതും അവന്റെ ആവശ്യമാണ്. ഇതുവരെ ഇക്കാര്യത്തിൽ അവൻ ഒരിടത്തും വിജയിച്ചിട്ടില്ല, ഇനിയൊട്ടു വിജയിക്കുകയുമില്ല. എതിർപ്പുകൾ നേരിട്ടിട്ടും വിവിധ രാജ്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾ യഹോവയുടെ ശക്തിയാൽ പിടിച്ചുനിന്ന് അവന്റെ സാക്ഷികളെന്ന നിലയിൽ സുവാർത്താ ഘോഷണം മുടങ്ങാതെ നടത്തിയത് എങ്ങനെയെന്നറിയാൻ, ഘോഷകർ (ഇംഗ്ലീഷ്) പുസതകമോ നമ്മുടെ വാർഷികപുസ്തകങ്ങളോ വായിക്കുകയേ വേണ്ടൂ.—പ്രവൃ. 5:42.
7 നമ്മുടെ പ്രദേശത്തെ ആളുകളുടെ തീവ്രമതവികാരമായിരിക്കാം ചിലപ്പോഴെല്ലാം എതിർപ്പുകൾക്കു കാരണം. (പ്രവൃ. 19:23-29) നാം നിയമവിരുദ്ധ മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണം ഉയർന്നേക്കാം. തിരുവെഴുത്ത് ഉപയോഗിച്ചുകൊണ്ട് മറ്റു മതസ്ഥരുടെ വിശ്വാസങ്ങൾ ഖണ്ഡിക്കുകയോ അവരുടെ ദൈവങ്ങളെ നിന്ദിക്കുകയോ ചെയ്തുകൊണ്ട് മതസൗഹാർദം തകർക്കുന്നുവെന്ന കുറ്റം നമ്മുടെമേൽ ആരോപിച്ചേക്കാം. എന്നാൽ അത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. കാരണം, ആരെയും പ്രകോപിപ്പിക്കാതെ ആദരപൂർവം നമ്മുടെ അയൽക്കാരുമായി സുവാർത്ത പങ്കുവെക്കുക മാത്രമേ നാം ചെയ്യുന്നുള്ളൂ. അതിനു ചേർച്ചയിൽ പ്രവർത്തിക്കണമോ വേണ്ടയോ എന്നുള്ളത് അവർക്കു വിട്ടിരിക്കുന്ന കാര്യമാണ്.—പ്രവൃ. 17:22-28; റോമ. 14:12; കൊലൊ. 4:6.
8 ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ പിന്തുടരേണ്ട തത്ത്വങ്ങൾ: ധൈര്യമുള്ളവരായിരിക്കുക. യഹോവയുടെ സാക്ഷികൾ മനുഷ്യരുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരോ അവരെ ഭയക്കുന്നവരോ അല്ല. (സദൃ. 29:25; എഫെ. 6:6; w93 7/1 പേ. 23) അപ്പൊസ്തലന്മാരെപ്പോലെ നാമും, ദൈവദത്ത നിയമനം നിർവഹിക്കുന്നതിൽനിന്ന് നമ്മെ തടയാൻ എതിരാളികളെ അനുവദിക്കില്ല.—പ്രവൃ. 5:29.
9 ജാഗ്രതയുള്ളവരായിരിക്കുക. യേശുവും മറ്റു വിശ്വസ്ത ദൈവദാസരും സാഹചര്യങ്ങൾക്കനുസൃതമായി പീഡനങ്ങളോടു വ്യത്യസ്ത വിധങ്ങളിൽ പ്രതികരിച്ചെങ്കിലും ആരുംതന്നെ തങ്ങളുടെ ജീവൻ അനാവശ്യമായി അപകടത്തിലാക്കിയില്ല. ആപത്ക്കരമായ സാഹചര്യങ്ങളിൽ അവർ ധൈര്യം കൈവിട്ടില്ല, അതേസമയം അവർ ജാഗ്രതയുള്ളവരും ആയിരുന്നു. (മത്താ. 10:16, 23) സുവാർത്താപ്രസംഗം അഭിവൃദ്ധിപ്പെടുത്തുക, യഹോവയോടു വിശ്വസ്തത പാലിക്കുക—അതായിരുന്നു അവരുടെ ലക്ഷ്യം. വ്യത്യസ്ത സാഹചര്യങ്ങളിൽ അവർ എങ്ങനെ പ്രതികരിച്ചു എന്നത് ഇന്ന് എതിർപ്പുകളും പീഡനങ്ങളും നേരിടുന്നവർക്കൊരു നല്ല മാതൃകയാണ്.—w03 10/1 പേ. 14 ഖ. 4 കാണുക.
10 പ്രതികാരം ചെയ്യരുത്. യേശുവും അപ്പൊസ്തലന്മാരും സമ്മർദപൂരിതമായ സാഹചര്യങ്ങൾ കൈകാര്യംചെയ്ത വിധത്തിൽനിന്ന് നമുക്കു പഠിക്കാനാകുന്ന മറ്റൊരു തത്ത്വം പ്രതികാരം ചെയ്യരുത് എന്നതാണ്. യേശുവോ അവന്റെ അനുഗാമികളോ തങ്ങളെ പീഡിപ്പിച്ചവരെ ചെറുക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള പ്രസ്ഥാനങ്ങൾ ഉണ്ടാക്കുകയോ ബലം പ്രയോഗിക്കുകയോ ചെയ്തതായി ബൈബിളിൽ യാതൊരു സൂചനയുമില്ല. റോമർ 12:17-21-ലെ പൗലൊസ് അപ്പൊസ്തലന്റെ ഉപദേശം നാം കർശനമായി പിൻപറ്റണം.—സദൃ. 20:22.
11 കഴിവതും പ്രശ്നങ്ങൾ ഒഴിവാക്കുക. ഓടിപ്പോകുന്നതു ജ്ഞാനവും ധീരതയും ആയിരിക്കുന്ന ചില സന്ദർഭങ്ങൾ ഉണ്ടെന്നു ബൈബിൾ വ്യക്തമാക്കുന്നു. ആ സത്യം സ്ഥിരീകരിച്ചുകൊണ്ട് തന്റെ ശിഷ്യന്മാരെ ശുശ്രൂഷയ്ക്ക് അയയ്ക്കുന്നതിനു മുമ്പായി യേശു അവരോടു പറഞ്ഞു: “ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ.” (മത്താ. 10:23) അതേ, യേശുവിന്റെ ശിഷ്യന്മാർ തങ്ങളെ പീഡിപ്പിക്കുന്നവരിൽനിന്ന് ഓടിപ്പോകേണ്ടിയിരുന്നു. ബലാത്കാരേണ പരിവർത്തനം ചെയ്യിക്കുക എന്ന ലക്ഷ്യത്തിൽ അവർ കുരിശുയുദ്ധം പോലുള്ള എന്തിലെങ്കിലും ഏർപ്പെടാൻ പാടില്ലായിരുന്നു. സമാധാനത്തിന്റെ സന്ദേശമാണ് അവരുടെ പക്കൽ ഉണ്ടായിരുന്നത്. (മത്താ. 10:11-14; പ്രവൃ. 10:34-37) അതുകൊണ്ട് കോപാകുലരാകുന്നതിനു പകരം ക്രിസ്ത്യാനികൾ ഓടിപ്പോകണമായിരുന്നു, പ്രകോപനം ഉണ്ടാകുന്നിടത്തുനിന്ന് അകന്നുനിൽക്കണമായിരുന്നു. ആ വിധത്തിൽ, ഒരു നല്ല മനസ്സാക്ഷിയും യഹോവയുമായുള്ള തങ്ങളുടെ അമൂല്യബന്ധവും നിലനിറുത്താൻ അവർക്കു സാധിച്ചു.—2 കൊരി. 4:1, 2; w02 4/15 പേ. 32 കാണുക.
12 യോഗ്യരായവരെ അന്വേഷിക്കുക. എല്ലാവരും അനുകൂലമായി പ്രതികരിക്കില്ലെന്നു യേശു തന്റെ ശിഷ്യന്മാരോടു സൂചിപ്പിച്ചിരുന്നു. അവൻ പറഞ്ഞു: “ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ.” എല്ലാവരും രാജ്യസന്ദേശം സ്വീകരിക്കുമെന്നുണ്ടെങ്കിൽ “അന്വേഷിപ്പിൻ” എന്നു പറയേണ്ടതില്ലായിരുന്നു. സന്ദേശത്തിൽ താത്പര്യം കാണിക്കാത്തവരോട് എങ്ങനെ പ്രതികരിക്കണമായിരുന്നു? “ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ,” എന്നിട്ട് സമാധാനത്തിൽ പോവുക. യഹോവ അവരെ ന്യായംവിധിക്കട്ടെ.—മത്താ. 10:11, 14; w88 7/15 പേ. 11 ഖ. 9 കാണുക.
13 വിവേകമുള്ളവരായിരിക്കുക. പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക. ബൈബിൾ പറയുന്നു: “സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” (സദൃ. 14:15) “കലഹം തുടങ്ങുംമുമ്പേ ഒഴിഞ്ഞുപോകൂ” എന്നുകൂടി അത് ഉപദേശിക്കുന്നു. (സദൃ. 17:14, ഓശാന ബൈബിൾ) പ്രശ്നസാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുന്നത് സൂക്ഷ്മബുദ്ധിയോടെ നടക്കുന്നതിൽ ഉൾപ്പെടുന്നു. ഒറ്റയ്ക്കു പ്രവർത്തിക്കുന്നതു ജ്ഞാനമല്ലാത്ത സ്ഥലങ്ങളിൽ മറ്റൊരു പ്രസാധകനെ കൂടെ കൂട്ടുക. അപ്പാർട്ടുമെന്റുകളിൽ പ്രവർത്തിക്കുമ്പോൾ ഒരു നിലയിൽത്തന്നെ പല പ്രസാധകർ പ്രവർത്തിക്കുന്നതും സാധ്യമാകുമ്പോഴൊക്കെയും സഹോദരന്മാർ നേതൃത്വം എടുക്കുന്നതും അഭികാമ്യമായിരിക്കും. വീടുകളിലേക്കു കടന്നിരിക്കാനുള്ള ക്ഷണം വിവേകത്തോടെ മാത്രമേ സ്വീകരിക്കാവൂ.
14 മൂപ്പന്മാരുടെ സംഘം ചെയ്യേണ്ടത്: സേവനക്കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂപ്പന്മാർ സഭയുടെ മുഴു പ്രദേശവും വീണ്ടും വിലയിരുത്തി, മതവികാരങ്ങൾ ആളിക്കത്തിക്കുന്ന ആളുകൾ താമസിക്കുന്ന സ്ഥലങ്ങൾ കുറിക്കൊള്ളണം. മിക്ക കേസുകളിലും ഇത്തരം ആളുകൾ അടുത്തടുത്തായിരിക്കും താമസിക്കുക. മതവികാരം ഇളക്കിവിടുന്ന ഒറ്റപ്പെട്ട വ്യക്തികളുടെ വീടുകളും ടെറിട്ടറി മാപ്പ് കാർഡിൽ (territory map card) രേഖപ്പെടുത്തിവെക്കണം. അത്തരം വീടുകളും സ്ഥലങ്ങളും ഒഴിവാക്കണം. സഭയ്ക്കു പ്രവർത്തിക്കാൻ മറ്റു പ്രദേശങ്ങളുണ്ട്, മെച്ചപ്പെട്ട ഫലങ്ങൾ അവിടെനിന്നു ലഭിച്ചേക്കാം.
15 വയൽസേവന യോഗങ്ങളുടെ ക്രമീകരണങ്ങൾ പുനരവലോകനം ചെയ്യുക. പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന സഹോദരങ്ങളുടെ വീടുകളിൽ ഇത്തരം യോഗങ്ങൾ നടത്തുന്നത് ഒഴിവാക്കുക. വയൽസേവന പ്രദേശത്ത് വലിയ കൂട്ടങ്ങളായി പോകാതിരിക്കുന്നതാണ് നല്ലത്. അതുപോലെ ഉച്ചത്തിൽ സംസാരിക്കുന്നതും പ്രദേശം പ്രവർത്തിച്ചശേഷം ഒരു സ്ഥലത്തു കൂട്ടംകൂടുന്നതും മറ്റു വിധങ്ങളിൽ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നതും വിവേകപൂർവം ഒഴിവാക്കുക.
16 മേൽപ്രസ്താവിച്ചതിനോടുള്ള യോജിപ്പിൽ 1998 നവംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അഞ്ചാമത്തെ പേജ് പറഞ്ഞു: “നല്ല സംഘാടനം ഉണ്ടെങ്കിൽ, പെട്ടെന്നു ദൃശ്യമായ വിധത്തിൽ അനേകം പ്രസാധകർ ഒരു പ്രദേശത്ത് കൂടിവരുന്നത് ഒഴിവാക്കാൻ സാധിക്കും. അനേകം കാറുകളോ മോട്ടോർ ബൈക്കുകളോ സ്കൂട്ടറുകളോ വാനുകളോ തങ്ങളുടെ വീടിന്റെ മുന്നിൽ വന്ന്, അവയിൽനിന്ന് അനേകം പേർ ഇറങ്ങുമ്പോൾ ചില വീട്ടുകാർക്കു ഭയം തോന്നുന്നു. വീടുകൾ ‘ആക്രമിക്കുന്നു’ എന്ന പ്രതീതി ഉളവാക്കാൻ നാം ആഗ്രഹിക്കുന്നില്ല. പ്രദേശത്തു പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ വയൽസേവന യോഗത്തിൽ വെച്ചുതന്നെ നടത്താവുന്നതാണ്. ഒരു കുടുംബം പോലുള്ള ചെറിയൊരു കൂട്ടം പ്രസാധകർ വീട്ടുകാരിൽ ഭയം ഉണർത്തുകയില്ല എന്നു മാത്രമല്ല, തന്മൂലം പ്രദേശത്ത് പ്രവർത്തിക്കുന്നതിന് ഇടയ്ക്ക് പുനഃസംഘാടനത്തിന്റെ ആവശ്യം വരുന്നതുമില്ല.”
17 ഒരു പ്രദേശത്ത് വ്യത്യസ്ത ഭാഷകളിലുള്ള സഭകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആ പ്രദേശം പ്രവർത്തിക്കുന്നതിനോടുള്ള ബന്ധത്തിൽ സകലവും “ഉചിതമായും ക്രമമായും” നടക്കുന്നുവെന്നു മൂപ്പന്മാർ ഉറപ്പുവരുത്തണം. (1 കൊരി. 14:40) ഇവിടെയും, വയൽസേവനക്കൂട്ടങ്ങളിലേക്ക് അനാവശ്യമായി ശ്രദ്ധപതിയുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണു ലക്ഷ്യം.
18 ഓരോരുത്തരും എന്തു ചെയ്യണം? സഭയുടെ വയൽസേവന പ്രവർത്തനത്തോടുള്ള ബന്ധത്തിൽ ചില മാറ്റങ്ങൾ ആവശ്യമായി വന്നേക്കാമെന്നതിനാൽ ആ ക്രമീകരണങ്ങൾക്കു കീഴടങ്ങിയിരുന്നുകൊണ്ടുവേണം നാം പ്രവർത്തിക്കേണ്ടത്.
19 പുസ്തകമോ മാസികയോ ലഘുലേഖയോ മറ്റോ സമർപ്പിക്കുന്നതിനുമുമ്പ് വീട്ടുകാരൻ സന്ദേശം കേൾക്കാൻ സന്നദ്ധനാണോ എന്നു മനസ്സിലാക്കുന്നതു ജ്ഞാനമാണ്. ബൈബിളിൽനിന്നുള്ള ഒരു ശുഭവാർത്ത അറിയിക്കുക എന്നതാണു നമ്മുടെ അടിസ്ഥാന ലക്ഷ്യം. വീട്ടുകാരൻ സമാധാനത്തിൽ ഇടപെടുന്നു എന്നു കണ്ടുകഴിഞ്ഞാൽ അനുയോജ്യമായ ഒരു പ്രസിദ്ധീകരണം നമുക്കു നൽകാനായേക്കും.
20 ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ ചുറ്റുപാടും എന്തു നടക്കുന്നു എന്നതിനെക്കുറിച്ചു നാം ജാഗ്രതയുള്ളവർ ആയിരിക്കണം. വീട്ടുകാരന്റെ പ്രതികരണം പ്രതികൂലമാണെന്നു കണ്ടാൽ സശ്രദ്ധം വിനയത്തോടെ സംഭാഷണം അവസാനിപ്പിച്ച് അവിടെനിന്നു പോകുക, ആവശ്യമെങ്കിൽ ആ പ്രദേശംതന്നെ വിട്ടുപോകുക. രണ്ടുപേർ ഒരുമിച്ചുള്ള ശുശ്രൂഷയിൽ, രണ്ടുപേരും ചർച്ചയിൽ മുഴുകുന്നതിനു പകരം, ആർക്കും സംശയം ജനിപ്പിക്കാത്ത വിധത്തിൽ ഒരാൾക്ക് ചുറ്റുപാടുമുള്ള സാഹചര്യങ്ങളിൽ കണ്ണോടിക്കാൻ സാധിക്കും. സാധാരണയായി, നമ്മുടെ പ്രവർത്തനം ഒരാൾ നിരീക്ഷിക്കുകയും അയാൾ പിന്നീട് മറ്റുള്ളവരെ വിളിച്ചുകൂട്ടുകയുമാണ് ചെയ്യുന്നത്.
21 തെറ്റിദ്ധാരണ ഉളവാക്കിയേക്കാവുന്ന വാക്കുകൾ ഒഴിവാക്കുക. ഉദാഹരണത്തിന്, ബൈബിളിൽനിന്നുള്ള ഒരു സുവാർത്ത ‘അറിയിക്കുക’ എന്നതാണു സന്ദർശനോദ്ദേശ്യമെന്നു നമുക്കു പറയാവുന്നതാണ്. എന്തെങ്കിലും പ്രസിദ്ധീകരണം ‘നൽകാനാണു’ വന്നത് എന്നു പറയുന്നപക്ഷം, നാം പരിവർത്തനത്തിനു ശ്രമിക്കുകയാണെന്ന് ആളുകൾ ചിന്തിച്ചേക്കാമെന്നതിനാൽ അതൊഴിവാക്കണം. അവരുടെ ആരാധനാ സമ്പ്രദായങ്ങളെക്കുറിച്ചോ വിഗ്രഹാരാധനയെക്കുറിച്ചോ മറ്റോ അഭിപ്രായം ചോദിച്ചാൽ, ഇത്തരം കാര്യങ്ങൾ തീരുമാനിക്കാനോ ആളുകളുടെ മതവിശ്വാസത്തെ അംഗീകരിക്കാനോ നിരാകരിക്കാനോ അല്ല വന്നിരിക്കുന്നത് എന്നു പറയാൻ കഴിയും. ഇക്കാര്യങ്ങളിൽ അവരാണു തീരുമാനമെടുക്കേണ്ടത്. ബൈബിളിൽനിന്നുള്ള നല്ല വിവരങ്ങൾ പങ്കുവെക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്, കേൾക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അവരാണ്.
22 നമ്മുടെ വസ്ത്രധാരണം, ബാഗ് ഇവയൊന്നും നമ്മിലേക്കും നമ്മുടെ ശുശ്രൂഷയിലേക്കും അനാവശ്യ ശ്രദ്ധ വിളിച്ചുവരുത്തുന്നത് ആയിരിക്കരുത്. നമ്മുടെ വസ്ത്രം മാന്യമായിരിക്കണം, എന്നാൽ മറ്റുരാജ്യങ്ങളിലെ മാതൃക അനുസരിച്ച് ഒരു പ്രത്യേക ‘സ്റ്റാൻഡേർഡ്’ ഒന്നും അതിനുവേണ്ടി നാം ഉണ്ടാക്കേണ്ടതില്ല. ബൈബിളും ഏതാനും സാഹിത്യങ്ങളും, ആളുകളുടെ ശ്രദ്ധയാകർഷിക്കാത്ത തരത്തിലുള്ള ചെറിയൊരു ബാഗിൽ കൊണ്ടുപോകാൻ സാധിക്കും.
23 മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്ന വിധത്തിൽ വീട്ടുകാരുമായി വളരെ ഉച്ചത്തിൽ സംസാരിക്കുന്നതും അഭിലഷണീയമല്ല. ഉച്ചത്തിലുള്ള സംഭാഷണം ആളുകളെ കൂട്ടാനും അതിലാരെങ്കിലും നമ്മുടെ പ്രവർത്തനത്തെ എതിർക്കാനുമുള്ള സാധ്യതയുണ്ടെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.
24 വീടിനുള്ളിൽ കടന്നിരിക്കാനുള്ള ക്ഷണം സ്വീകരിക്കുന്നതിൽ ജാഗ്രത കാണിക്കുക. എതിരാളികൾ അവരുടെ ആളുകളെ ഫോൺചെയ്തും മറ്റും കൂട്ടിവരുത്തുന്നതുവരെ സഹോദരങ്ങളെ ആ പ്രദേശത്തു പിടിച്ചുനിറുത്തുന്നതിനുവേണ്ടി ചിലപ്പോൾ ഈ മാർഗം അവലംബിക്കാറുണ്ട്. നിങ്ങൾ സംസാരിക്കുന്നതിനിടയിൽ വീട്ടുകാരൻ ഫോൺചെയ്യുകയോ വീട്ടിലെ മറ്റാരോടെങ്കിലും ഫോൺചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്താൽ അവിടെനിന്നു പോരാൻ സമയമായി എന്നു കണക്കാക്കുക.
25 ലക്ഷ്യം ഓർക്കുക: യോഗ്യരായവരെ അതായത് നമ്മുടെ സന്ദേശം കേൾക്കാൻ താത്പര്യമുള്ള ആളുകളെ തിരയുക എന്നതാണു നമ്മുടെ ലക്ഷ്യം. എന്നാൽ സുവാർത്താ ഘോഷണത്തെ തടസ്സപ്പെടുത്താനോ തടയാനോ തക്കംനോക്കിയിരിക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കാത്ത വിധത്തിൽവേണം നാമതു ചെയ്യാൻ.
26 യഹോവയുടെ പിന്തുണയിൽ ആശ്രയിക്കുക: ഈ നിർദേശങ്ങൾക്കു ചേർച്ചയിൽ ശുശ്രൂഷ നിർവഹിക്കുമ്പോൾ യഹോവയുടെ പിന്തുണ നമുക്കുണ്ടായിരിക്കും. (യെശ. 54:17; ഫിലി. 4:13) യേശു ശിഷ്യന്മാർക്കു കൊടുത്ത നിർദേശം സൂചിപ്പിക്കുന്നതുപോലെ, നിലവിലുള്ള സാഹചര്യങ്ങൾക്ക് ഇണങ്ങുംവിധം മാറ്റങ്ങൾ വരുത്തുന്നതു ജ്ഞാനപൂർവകമാണ്, അതു തിരുവെഴുത്തുകൾക്കു ചേർച്ചയിലുമാണ്. (മത്താ. 10:5-23) ശുശ്രൂഷയിലായിരിക്കുമ്പോൾ, അനൗപചാരിക സാക്ഷീകരണം നടത്തുമ്പോൾപ്പോലും, നല്ല വിവേകം പ്രകടമാക്കുക; ചുറ്റുപാടുകൾ ജാഗ്രതയോടെ വീക്ഷിക്കുക. നിത്യജീവനിലേക്കുള്ള യഹോവയുടെ ഊഷ്മള ക്ഷണത്തോട് അനുകൂലമായി പ്രതികരിക്കാൻ സാധ്യതയുള്ളവരുടെ അടുത്തേക്കു ദൈവദൂതന്മാർ നമ്മെ നയിക്കുമെന്നു വിശ്വസിക്കുക.—വെളി. 14:6.
27 ധൈര്യത്തോടെയും വിവേകത്തോടെയും ശുശ്രൂഷ നിർവഹിക്കുന്നതിന് ആവശ്യമായ സഹായം നിങ്ങൾക്കു നൽകുന്ന ലേഖനങ്ങൾ വരുംമാസങ്ങളിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ലഭിക്കുന്ന ഇത്തരം നിർദേശങ്ങളും കാലാകാലം നടപ്പിൽവരുത്തുന്ന സംഘടനാ ക്രമീകരണങ്ങളും പിൻപറ്റാൻ നമുക്ക് ഇപ്പോൾത്തന്നെ ആസൂത്രണം ചെയ്യാം.
[3-ാം പേജിലെ ചതുരം]
ഈ അനുബന്ധം ഉപയോഗിക്കേണ്ട വിധം
ഇതിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവം വായിച്ച് അതേക്കുറിച്ച് ചിന്തിക്കുക. നിർദേശങ്ങൾ അനുസരിക്കാൻ സന്നദ്ധരായിരിക്കുക. ഇതിലെ നിർദേശങ്ങൾ എപ്പോൾമുതൽ ബാധകമാക്കണം? ഇപ്പോൾമുതൽ!