വയൽശുശ്രൂഷയിൽ വിവേകം പ്രകടമാക്കുക
1 ശുശ്രൂഷ നിർവഹിക്കേണ്ടത് എങ്ങനെയെന്നതു സംബന്ധിച്ച് പ്രായോഗികവും സമനിലയോടുകൂടിയതുമായ നിർദേശങ്ങൾ യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്കു നൽകി. സാഹചര്യങ്ങൾക്കു ചേർച്ചയിൽ അവരുടെ പ്രവർത്തനവിധത്തിനു മാറ്റംവരുത്തേണ്ടതുണ്ടെന്ന് അവനറിയാമായിരുന്നു. ഉദാഹരണത്തിന്, ആദ്യമായി 12 ശിഷ്യന്മാരെ അയച്ചപ്പോൾ മത്തായി 10:9, 10-ൽ കാണപ്പെടുന്ന നിർദേശങ്ങൾ അവൻ നൽകി. (ലൂക്കൊ. 9:3) അന്നത് തികച്ചും ഉചിതമായിരുന്നു. പിന്നീട് പക്ഷേ സാഹചര്യങ്ങൾക്കു മാറ്റംവന്നു. മുമ്പുണ്ടായിരുന്നതുപോലുള്ള അനുകൂല പ്രതികരണം അവർക്കു ലഭിച്ചില്ല, അതുകൊണ്ടുതന്നെ ലൂക്കൊസ് 22:35-37-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം വ്യത്യസ്തമായ നിർദേശങ്ങൾ അവൻ നൽകി. ശുശ്രൂഷയിൽ ഏർപ്പെടവേ നാമും സമാനമായി വഴക്കമുള്ളവരായിരിക്കണം.
2 ദൈവരാജ്യ സുവാർത്ത ഘോഷിക്കുകയും അർഹരായവരെ കണ്ടെത്തുകയുമാണ് നമ്മുടെ ലക്ഷ്യം. തന്റെ ദാസന്മാരുടെ തീക്ഷ്ണമായ പ്രവർത്തനത്തിന്മേൽ ഇന്നോളം യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നിട്ടുണ്ട്. എന്നാൽ എല്ലാവരും നമ്മുടെ ഉദ്ദേശ്യം മനസ്സിലാക്കുകയോ നാം അറിയിക്കുന്ന സമാധാന സന്ദേശം സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഒരുതരത്തിലും സുവിശേഷം പ്രസംഗിക്കപ്പെടരുത് എന്നതാണ് പിശാചായ സാത്താന്റെ ആഗ്രഹം, ആ ലക്ഷ്യത്തിൽ അവൻ എതിർപ്പ് ഇളക്കിവിടുന്നു. (1 പത്രൊ. 5:8; വെളി. 12:12, 17) അതുകൊണ്ട് നാം വിവേകത്തോടും പ്രായോഗിക ജ്ഞാനത്തോടും കൂടെ പ്രവർത്തിക്കേണ്ടതുണ്ട്, വിശേഷിച്ചും വീടുതോറുമുള്ള വേലയിൽ. (സദൃ. 3:21, 22) ഇപ്പോൾ നിങ്ങളുടെ പ്രദേശത്ത് എതിർപ്പൊന്നുമില്ലെങ്കിലും ബുദ്ധിപൂർവം പ്രവർത്തിക്കുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാനാകും.—സദൃ. 22:3.
3 വയൽസേവന യോഗങ്ങൾ: അതതു പുസ്തകാധ്യയനക്കൂട്ടത്തോടൊപ്പം പ്രവർത്തിക്കുമ്പോൾ വയൽസേവനക്കൂട്ടങ്ങൾ താരതമ്യേന ചെറുതായിരിക്കും. അത്തരം കൂട്ടങ്ങൾക്ക് ഒരു സഹോദരന്റെയോ സഹോദരിയുടെയോ വീട്ടിൽ കൂടിവരാനാകും—ആ സ്ഥലം മതവികാരങ്ങൾ പ്രബലപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്തല്ലെങ്കിൽ. കൂടിവരാനുള്ള സ്ഥലങ്ങൾ പരിമിതമാണെങ്കിൽ രാജ്യഹാൾ ഉപയോഗിക്കുന്നതായിരിക്കും ബുദ്ധി. അവിടെ നാം കൂടെക്കൂടെ വന്നുപോകുന്ന കാര്യം ആളുകൾക്ക് അറിയാമല്ലോ. പ്രവർത്തന പ്രദേശത്തിന് അത്ര അടുത്തല്ലാത്ത ഒരു പൊതുസ്ഥലത്തും കൂടിവരാനായേക്കും. വയൽസേവനയോഗം പിരിയുന്നതിനുമുമ്പ്, പ്രവർത്തിക്കേണ്ട സ്ഥലത്തേക്ക് ഈരണ്ടു പേർക്കുവീതം പോകാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിരിക്കണം. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാതിരിക്കാൻ ഇതു സഹായിക്കും. പ്രദേശത്തു കൂട്ടംകൂടുന്നതോ ഉച്ചത്തിൽ സംസാരിക്കുന്നതോ അനാവശ്യമായി ശ്രദ്ധയാകർഷിക്കുന്ന എന്തെങ്കിലും ചെയ്യുന്നതോ ജ്ഞാനമായിരിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ വയൽസേവനത്തിനു വരുന്നവർ പ്രവർത്തന പ്രദേശത്തിന് അൽപ്പം അകലെയായി അവ പാർക്കുചെയ്യുന്നതും സുരക്ഷിതമായിരിക്കും.
4 ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കുക: ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇടയാക്കിയേക്കാവുന്ന എതിർപ്പുകളുടെയെല്ലാം തുടക്കം, നമ്മെ നിരീക്ഷിക്കുകയും മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ചെയ്യുന്ന ഏതെങ്കിലും ഒരു വ്യക്തിയിൽനിന്നാണെന്ന കാര്യം മിക്കപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശുശ്രൂഷയിലായിരിക്കുമ്പോൾ ജാഗ്രതയും ശ്രദ്ധയും ഉള്ളവരായിരിക്കുക എന്നതാണ് അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാകുന്ന ഒരു മാർഗം. ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ, വീട്ടുകാരനു ശ്രദ്ധാശൈഥില്യം സൃഷ്ടിക്കാത്തവിധത്തിൽ ചുറ്റും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. (മത്താ. 10:16) ആരെങ്കിലും നിങ്ങളെ ശ്രദ്ധിക്കുന്നതായോ അതോടൊപ്പം മൊബൈൽഫോണിലൂടെ സംസാരിക്കുന്നതായോ നിരീക്ഷിക്കുന്നപക്ഷം സംഭാഷണം നിറുത്തി അവിടെനിന്നു പോകുന്നതാണ് ഉത്തമം. (സദൃ. 17:14) അത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന മറ്റൊരു സ്ഥലത്തെക്കുറിച്ചു മുന്നമേ ചിന്തിക്കാവുന്നതാണ്. ഇപ്രകാരം പ്രവർത്തിക്കാൻ പക്വതയും ജ്ഞാനവും ആവശ്യമായതിനാൽ പുതിയ പ്രസാധകർ കൂടുതൽ അനുഭവപരിചയമുള്ളവരോടൊപ്പം പ്രവർത്തിക്കുന്നതാണ് എപ്പോഴും അഭികാമ്യം.
5 വൃത്തിയുള്ളതും ശ്രദ്ധയാകർഷിക്കാത്തതും: അനാവശ്യമായി മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാതെ, വിവേകത്തോടെ പ്രവർത്തിക്കുന്നതിൽ നമ്മുടെ വസ്ത്രധാരണത്തിനും ചമയത്തിനും ഒരു പങ്കുണ്ട്. അവ എല്ലായ്പോഴും വൃത്തിയുള്ളതും മാന്യവുമായിരിക്കണം. എങ്കിലും പ്രാദേശിക രീതികൾക്കു ചേർച്ചയിൽ വസ്ത്രം ധരിക്കുന്നതു തിരുവെഴുത്തുവിരുദ്ധമല്ല. നമ്മുടെ സന്ദേശത്തെ മറ്റുള്ളവർ മുൻവിധിയോടെ വീക്ഷിക്കുമാറ് വിദേശികളെപ്പോലെ കാണപ്പെടാനോ എല്ലാംകൊണ്ടും വ്യത്യസ്തരായ ഒരു കൂട്ടമെന്ന നിലയിൽ നമ്മിലേക്കു ശ്രദ്ധയാകർഷിക്കാനോ നാമാഗ്രഹിക്കുന്നില്ല. ചുംബനത്തിലൂടെ യൂദാസ് തന്റെ ഗുരുവിനെ ഒറ്റിക്കൊടുത്തു എന്ന വസ്തുത, യേശു അന്നാളിലെ ആളുകളെപ്പോലെതന്നെയാണു വസ്ത്രം ധരിച്ചിരുന്നതെന്നു തെളിയിക്കുന്നു. അസാധാരണമായ വസ്ത്രധാരണരീതിയായിരുന്നില്ല അവന്റേത്. (മത്താ. 26:48; മർക്കൊ. 14:44) എല്ലാവർക്കും ഇക്കാര്യം ശ്രദ്ധിക്കാനാകും. അതുകൊണ്ട് ആവശ്യമായ ചില മാറ്റങ്ങൾവരുത്താൻ ആരെങ്കിലും തീരുമാനിക്കുന്നപക്ഷം വ്യക്തിപരമായ ആ തീരുമാനങ്ങളെ മറ്റുള്ളവർ ആദരിക്കണം. ശുശ്രൂഷയിൽ ആർക്കും ഒരുതരത്തിലും ഇടർച്ചയാകാൻ നാം ആഗ്രഹിക്കുന്നില്ല.—2 കൊരി. 6:3.
6 ശുശ്രൂഷയിൽ വിവേകത്തോടെ ഏർപ്പെടുന്നത് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ദുർഘടമായ ഈ അന്ത്യനാളുകളിൽ ജീവിക്കുമ്പോഴും യഹോവയുടെ ഹിതം ചെയ്തുകൊണ്ട് അവനു സ്തുതിയും മഹത്ത്വവും കൈവരുത്തുന്നതിൽ തുടരാൻ അതിലൂടെ നമുക്കു സാധിക്കും.