വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lv അധ്യാ. 3 പേ. 28-40
  • ദൈവം സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുക
  • “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവം സ്‌നേ​ഹി​ക്കു​ന്ന​വർ
  • ബൈബി​ളി​ലെ ഒരു മാതൃക
  • അടുത്ത സുഹൃ​ത്തു​ക്കളെ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം?
  • പ്രശ്‌നങ്ങൾ തലപൊ​ക്കു​മ്പോൾ
  • സഹവാസം നിറു​ത്തേ​ണ്ടത്‌ എപ്പോൾ?
  • ദൈവത്തെ സ്‌നേഹിക്കുന്നവരെ കൂട്ടുകാരാക്കുക
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • “ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി”
    അവരുടെ വിശ്വാസം അനുകരിക്കുക
  • നല്ല സുഹൃത്തുക്കളെ നമുക്ക്‌ എങ്ങനെ തിരഞ്ഞെടുക്കാം?
    2012 വീക്ഷാഗോപുരം
  • ഏതുതരം സുഹൃത്തുക്കളെയാണ്‌ നിങ്ങൾക്കു വേണ്ടത്‌?
    നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക
കൂടുതൽ കാണുക
“എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
lv അധ്യാ. 3 പേ. 28-40
ആത്മീയമനസ്‌കരായ ഒരു കൂട്ടം സുഹൃത്തുക്കൾ ഒരു ഉല്ലാസയാത്ര ആസ്വദിക്കുന്നു

അധ്യായം 3

ദൈവം സ്‌നേ​ഹി​ക്കു​ന്ന​വരെ സ്‌നേ​ഹി​ക്കു​ക

“ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും.”—സുഭാ​ഷി​തങ്ങൾ 13:20.

1-3. (എ) അനി​ഷേ​ധ്യ​മായ ഏതു സത്യത്തി​ലേക്കു ബൈബിൾ വിരൽ ചൂണ്ടുന്നു? (ബി) നമ്മളെ നല്ല രീതി​യിൽ സ്വാധീ​നി​ക്കുന്ന കൂട്ടു​കാ​രെ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം?

ഒരർഥ​ത്തിൽ പറഞ്ഞാൽ, മനുഷ്യർ സ്‌പോ​ഞ്ചു​പോ​ലെ​യാണ്‌; ചുറ്റു​മു​ള്ളത്‌ എന്തും അവർ ഒപ്പി​യെ​ടു​ക്കും. നമ്മൾ അടുത്ത്‌ ഇടപഴ​കു​ന്ന​വ​രു​ടെ മനോ​ഭാ​വ​ങ്ങ​ളും രീതി​ക​ളും വ്യക്തി​ത്വ​സ​വി​ശേ​ഷ​ത​ക​ളും നമ്മൾ ഒപ്പി​യെ​ടു​ക്കാൻ വളരെ സാധ്യ​ത​യുണ്ട്‌, ചില​പ്പോൾ അറിയാ​തെ​പോ​ലും.

2 അനി​ഷേ​ധ്യ​മായ ഒരു സത്യത്തി​ലേക്കു വിരൽ ചൂണ്ടി​ക്കൊണ്ട്‌ ബൈബിൾ പറയുന്നു: “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും; എന്നാൽ വിഡ്‌ഢി​ക​ളോ​ടു കൂട്ടു​കൂ​ടു​ന്നവൻ ദുഃഖി​ക്കേ​ണ്ടി​വ​രും.” (സുഭാ​ഷി​തങ്ങൾ 13:20) രണ്ടു പേർ വല്ലപ്പോ​ഴു​മൊ​ക്കെ കണ്ടുമു​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ചല്ല ഈ വാക്യം പറയു​ന്നത്‌. ‘നടക്കുക’ എന്ന പ്രയോ​ഗം തുടർച്ച​യാ​യി ഒരാളു​മാ​യി ഇടപഴ​കു​ന്ന​തി​നെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌. ഈ വാക്യ​ത്തെ​ക്കു​റിച്ച്‌ ഒരു ബൈബിൾകൃ​തി പറയുന്നു: “ഒരാളു​ടെ​കൂ​ടെ നടക്കു​ക​യെന്ന പ്രയോ​ഗം അവർക്കി​ട​യി​ലുള്ള സ്‌നേ​ഹ​ത്തെ​യും അടുപ്പ​ത്തെ​യും ആണ്‌ കുറി​ക്കു​ന്നത്‌.” സ്‌നേ​ഹി​ക്കു​ന്ന​വരെ അനുക​രി​ക്കാൻ ചായ്‌വു​ള്ള​വ​രല്ലേ നമ്മൾ? അങ്ങനെ​യു​ള്ള​വ​രു​മാ​യി നമുക്കു വൈകാ​രി​ക​മായ ഒരു അടുപ്പ​മു​ള്ള​തു​കൊണ്ട്‌ അവർക്കു നമ്മളെ ശക്തമായി സ്വാധീ​നി​ക്കാ​നാ​കും—ഒന്നുകിൽ നല്ലതിന്‌, അല്ലെങ്കിൽ ദോഷ​ത്തിന്‌.

3 നമ്മളെ നല്ല രീതി​യിൽ സ്വാധീ​നി​ക്കു​ന്ന​വരെ കണ്ടെത്തി മിത്ര​ങ്ങ​ളാ​ക്കി​യാൽ മാത്രമേ നമുക്കു ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാ​നാ​കൂ. അത്‌ എങ്ങനെ ചെയ്യാം? ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, ദൈവം സ്‌നേ​ഹി​ക്കു​ന്ന​വരെ സ്‌നേ​ഹി​ക്കുക, ദൈവ​ത്തി​ന്റെ സ്‌നേ​ഹി​തരെ നമ്മുടെ സ്‌നേ​ഹി​ത​രാ​ക്കുക. ഒന്ന്‌ ഓർത്തു​നോ​ക്കൂ: താൻ പ്രതീ​ക്ഷി​ക്കുന്ന ചില ഗുണങ്ങ​ളു​ള്ള​വ​രെ​യാ​യി​രി​ക്കു​മ​ല്ലോ യഹോവ സ്‌നേ​ഹി​ത​രാ​യി തിര​ഞ്ഞെ​ടു​ക്കു​ന്നത്‌. ആ സ്ഥിതിക്ക്‌, യഹോ​വ​യു​ടെ സ്‌നേ​ഹി​ത​രെ​ക്കാൾ മെച്ചപ്പെട്ട ആരെയാ​ണു നമുക്കു സ്‌നേ​ഹി​ത​രാ​ക്കാ​നാ​കുക? എങ്ങനെ​യു​ള്ള​വ​രെ​യാ​ണു ദൈവം സ്‌നേ​ഹി​ക്കു​ന്ന​തെന്നു നമുക്കു നോക്കാം. യഹോ​വ​യു​ടെ വീക്ഷണം വ്യക്തമാ​യി മനസ്സി​ലാ​ക്കു​മ്പോൾ നല്ല കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കാൻ നമുക്കു കൂടുതൽ എളുപ്പ​മാ​യി​രി​ക്കും.

ദൈവം സ്‌നേ​ഹി​ക്കു​ന്ന​വർ

4. സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ നിബന്ധ​നകൾ വെക്കാൻ യഹോ​വ​യ്‌ക്ക്‌ അധികാ​ര​മു​ള്ളത്‌ എന്തു​കൊണ്ട്‌, യഹോവ അബ്രാ​ഹാ​മി​നെ ‘എന്റെ സ്‌നേ​ഹി​തൻ’ എന്നു വിളി​ച്ചത്‌ എന്തു​കൊണ്ട്‌?

4 സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ യഹോ​വ​യ്‌ക്കു ചില നിബന്ധ​ന​ക​ളുണ്ട്‌. തീർച്ച​യാ​യും യഹോ​വ​യ്‌ക്ക്‌ അതിനുള്ള അവകാ​ശ​വു​മുണ്ട്‌. യഹോവ അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​രി​യാണ്‌. അതു മാത്രമല്ല, ദെവവു​മാ​യുള്ള സൗഹൃ​ദ​ത്തോ​ടു കിടപി​ടി​ക്കുന്ന മറ്റൊരു ബഹുമ​തി​യു​മില്ല. അങ്ങനെ​യെ​ങ്കിൽ ആരെയാ​ണു ദൈവം തന്റെ സ്‌നേ​ഹി​ത​രാ​യി തിര​ഞ്ഞെ​ടു​ക്കു​ന്നത്‌? തന്നിൽ ആശ്രയി​ക്കു​ക​യും തന്നെ പൂർണ​മാ​യി വിശ്വ​സി​ക്കു​ക​യും ചെയ്യു​ന്ന​വ​രോട്‌ യഹോവ അടുത്ത്‌ ചെല്ലുന്നു. ശ്രദ്ധേ​യ​മായ വിശ്വാ​സ​മു​ണ്ടാ​യി​രുന്ന ഗോ​ത്ര​പി​താ​വായ അബ്രാ​ഹാ​മി​ന്റെ കാര്യ​മെ​ടു​ക്കുക. സ്വന്തം മകനെ ബലി അർപ്പി​ക്കേ​ണ്ടി​വ​രു​ന്ന​തി​നെ​ക്കാൾ വലിയ എന്തു പരി​ശോ​ധ​ന​യാണ്‌ ഒരു പിതാ​വി​നു നേരി​ടേ​ണ്ടി​വ​രുക?a എന്നിട്ടും, “മകനെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കാൻ ദൈവ​ത്തി​നു കഴിയു​മെന്ന്‌” ഉറച്ചു​വി​ശ്വ​സി​ച്ചു​കൊണ്ട്‌ യിസ്‌ഹാ​ക്കി​നെ “യാഗം അർപ്പി​ക്കാൻ (അബ്രാ​ഹാം) തയ്യാറാ​യി.” (എബ്രായർ 11:17-19) അത്രയും വിശ്വാ​സ​വും അനുസ​ര​ണ​വും കാണി​ച്ച​തു​കൊണ്ട്‌ യഹോവ അബ്രഹാ​മി​നെ ‘എന്റെ സ്‌നേ​ഹി​തൻ’ എന്നു വാത്സല്യ​പൂർവം വിളി​ച്ച​താ​യി ബൈബിൾ പറയുന്നു.—യശയ്യ 41:8; യാക്കോബ്‌ 2:21-23.

5. തന്നെ വിശ്വ​സ്‌ത​ത​യോ​ടെ അനുസ​രി​ക്കു​ന്ന​വരെ യഹോവ എങ്ങനെ കാണുന്നു?

5 വിശ്വ​സ്‌ത​ത​യോ​ടെ അനുസ​രി​ക്കു​ന്ന​തി​നെ യഹോവ അമൂല്യ​മാ​യി കാണുന്നു. തന്നോ​ടുള്ള വിശ്വ​സ്‌ത​ത​യ്‌ക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​വരെ യഹോവ സ്‌നേ​ഹി​ക്കു​ന്നു. (2 ശമുവേൽ 22:26 വായി​ക്കുക.) ഈ പുസ്‌ത​ക​ത്തി​ന്റെ ഒന്നാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, തന്നോടു സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ തന്നെ അനുസ​രി​ക്കു​ന്ന​വരെ യഹോ​വ​യ്‌ക്കു വലിയ ഇഷ്ടമാണ്‌. “നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌” എന്നു സുഭാ​ഷി​തങ്ങൾ 3:32 പറയുന്നു. വിശ്വ​സ്‌ത​മാ​യി ദൈവ​ത്തി​ന്റെ നിബന്ധ​ന​ക​ള​നു​സ​രിച്ച്‌ ജീവി​ക്കു​ന്ന​വർക്കു തന്റെ “കൂടാ​ര​ത്തിൽ” അതിഥി​ക​ളാ​യി​രി​ക്കാ​നുള്ള മഹത്തായ ക്ഷണം യഹോവ വെച്ചു​നീ​ട്ടു​ന്നു. അവർക്കു ദൈവത്തെ ആരാധി​ക്കാ​നും ഏതു സമയത്തും തടസ്സം കൂടാതെ ദൈവ​ത്തോ​ടു പ്രാർഥി​ക്കാ​നും ഉള്ള അവസര​മുണ്ട്‌.—സങ്കീർത്തനം 15:1-5.

6. യേശു​വി​നോ​ടു സ്‌നേ​ഹ​മു​ണ്ടെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം, തന്റെ മകനെ സ്‌നേ​ഹി​ക്കു​ന്ന​വരെ യഹോവ എങ്ങനെ കാണുന്നു?

6 തന്റെ ഏകജാ​ത​പു​ത്ര​നായ യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്ന​വരെ യഹോവ സ്‌നേ​ഹി​ക്കു​ന്നു. യേശു ഇങ്ങനെ പറഞ്ഞു: “എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ എന്റെ വചനം അനുസ​രി​ക്കും. എന്റെ പിതാവ്‌ അവനെ സ്‌നേ​ഹി​ക്കും. ഞങ്ങൾ അവന്റെ അടുത്ത്‌ വന്ന്‌ അവന്റെ​കൂ​ടെ താമസ​മാ​ക്കും.” (യോഹ​ന്നാൻ 14:23) യേശു​വി​നോ​ടു സ്‌നേ​ഹ​മു​ണ്ടെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം? സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും ആളുകളെ ശിഷ്യ​രാ​ക്കാ​നും ഉള്ള നിയോ​ഗം ഉൾപ്പെടെ യേശു​വി​ന്റെ എല്ലാ കല്‌പ​ന​ക​ളും അനുസ​രി​ച്ചു​കൊണ്ട്‌. (മത്തായി 28:19, 20; യോഹ​ന്നാൻ 14:15, 21) അപൂർണ​രാ​ണെ​ങ്കി​ലും, വാക്കി​ലും പ്രവൃ​ത്തി​യി​ലും കഴിവി​ന്റെ പരമാ​വധി യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ ആ ‘കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലു​മ്പോ​ഴും’ നമ്മൾ യേശു​വി​നോ​ടു സ്‌നേഹം കാണി​ക്കു​ക​യാണ്‌. (1 പത്രോസ്‌ 2:21) യേശു​വി​നോ​ടുള്ള സ്‌നേഹം കാരണം യേശു​വി​ന്റെ ജീവി​ത​മാ​തൃക അനുക​രി​ക്കാൻ നമ്മൾ ആത്മാർഥ​മാ​യി ശ്രമി​ക്കു​മ്പോൾ യഹോ​വ​യു​ടെ ഹൃദയം സന്തോ​ഷി​ക്കും.

7. യഹോ​വ​യു​ടെ സ്‌നേ​ഹി​തരെ നമ്മുടെ സ്‌നേ​ഹി​ത​രാ​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?

7 വിശ്വാ​സം, വിശ്വ​സ്‌തത, അനുസ​രണം, യേശു​വി​നോ​ടും യേശു​വി​ന്റെ വഴിക​ളോ​ടും ഉള്ള സ്‌നേഹം—തന്റെ സ്‌നേ​ഹി​തർക്ക്‌ ഉണ്ടായി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കുന്ന ചില ഗുണങ്ങ​ളാണ്‌ അവ. അതു​കൊണ്ട്‌, ‘അത്തരം ഗുണങ്ങ​ളും പെരു​മാ​റ്റ​രീ​തി​ക​ളും ഉള്ളവരാ​ണോ എന്റെ സുഹൃ​ത്തു​ക്കൾ? യഹോ​വ​യു​ടെ സ്‌നേ​ഹി​ത​രാ​ണോ എന്റെ സ്‌നേ​ഹി​തർ?’ എന്നു നമ്മൾ ഓരോ​രു​ത്ത​രും നമ്മളോ​ടു​തന്നെ ചോദി​ക്കണം. അങ്ങനെ​യു​ള്ള​വരെ സുഹൃ​ത്തു​ക്ക​ളാ​ക്കു​ന്ന​താ​ണു ബുദ്ധി. കാരണം, ദൈവി​ക​ഗു​ണങ്ങൾ നട്ടുവ​ളർത്തു​ക​യും തീക്ഷ്‌ണ​ത​യോ​ടെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ഘോഷി​ക്കു​ക​യും ചെയ്യു​ന്നവർ നമ്മളെ നല്ല രീതി​യിൽ സ്വാധീ​നി​ക്കും. ദൈവത്തെ സന്തോ​ഷി​പ്പി​ക്കാ​നുള്ള ദൃഢനി​ശ്ച​യ​ത്തോ​ടെ തുടർന്നും ജീവി​ക്കാൻ അവർ നമ്മളെ പ്രേരി​പ്പി​ക്കും.—“ആരാണ്‌ ഒരു നല്ല സുഹൃത്ത്‌?” എന്ന ചതുരം കാണുക.

ആരാണ്‌ ഒരു നല്ല സുഹൃത്ത്‌?

രണ്ടു സുഹൃത്തുക്കൾ പരസ്‌പരം സംസാരിക്കുന്നു

തത്ത്വം: “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17.

നിങ്ങളോടുതന്നെ ചോദി​ക്കുക:

  • എന്റെ സുഹൃ​ത്തു​ക്കൾ യഹോ​വ​യു​ടെ​യും യേശു​വി​ന്റെ​യും സുഹൃ​ത്തു​ക്ക​ളാ​ണോ?—യോഹ​ന്നാൻ 15:14, 16; യാക്കോബ്‌ 2:23.

  • സദ്‌ശീ​ലങ്ങൾ വളർത്തി​യെ​ടു​ക്കാൻ എന്നെ സഹായി​ക്കു​ന്ന​വ​രാ​ണോ എന്റെ കൂട്ടു​കാർ?—1 കൊരി​ന്ത്യർ 15:33.

  • ആവശ്യ​മാ​യി​വ​രു​മ്പോൾ എന്നെ തിരു​ത്താൻപോ​ന്നത്ര സ്‌നേഹം എന്റെ കൂട്ടു​കാർക്ക്‌ എന്നോ​ടു​ണ്ടോ?—സങ്കീർത്തനം 141:5; സുഭാ​ഷി​തങ്ങൾ 27:6.

  • എന്റെ സംസാ​ര​വും പെരു​മാ​റ്റ​വും ഞാൻ എങ്ങനെ​യുള്ള ഒരു സുഹൃ​ത്താ​ണെ​ന്നാ​ണു വെളി​പ്പെ​ടു​ത്തു​ന്നത്‌?—സുഭാ​ഷി​തങ്ങൾ 12:18; 18:24; 1 യോഹ​ന്നാൻ 3:16-18.

ബൈബി​ളി​ലെ ഒരു മാതൃക

8. പിൻവ​രുന്ന സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളിൽ ഓരോ​ന്നി​ലും നിങ്ങൾക്ക്‌ ആകർഷ​ക​മാ​യി തോന്നു​ന്നത്‌ എന്താണ്‌: (എ) നൊ​വൊ​മി​യും രൂത്തും (ബി) മൂന്ന്‌ എബ്രാ​യ​യു​വാ​ക്കൾ (സി) പൗലോ​സും തിമൊ​ഥെ​യൊ​സും.

8 നല്ല മിത്ര​ങ്ങളെ തിര​ഞ്ഞെ​ടു​ത്ത​തി​ന്റെ പ്രയോ​ജനം അനുഭ​വിച്ച അനേക​രെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​കൾ പറയു​ന്നുണ്ട്‌. നൊ​വൊ​മി​യും മരുമ​ക​ളായ രൂത്തും, ബാബി​ലോ​ണി​ലാ​യി​രി​ക്കെ ഒറ്റക്കെ​ട്ടാ​യി നില​കൊണ്ട മൂന്ന്‌ എബ്രാ​യ​യു​വാ​ക്കൾ, പൗലോ​സും തിമൊ​ഥെ​യൊ​സും—ഇവരെ​ല്ലാം ചില ഉദാഹ​ര​ണങ്ങൾ മാത്രം. (രൂത്ത്‌ 1:16; ദാനി​യേൽ 3:17, 18; 1 കൊരി​ന്ത്യർ 4:17; ഫിലി​പ്പി​യർ 2:20-22) എങ്കിലും, ശ്രദ്ധേ​യ​മായ മറ്റൊരു മാതൃക നമുക്ക്‌ ഇപ്പോൾ നോക്കാം: ദാവീ​ദും യോനാ​ഥാ​നും തമ്മിലുള്ള സൗഹൃദം.

9, 10. ദാവീ​ദും യോനാ​ഥാ​നും തമ്മിലുള്ള സൗഹൃ​ദ​ത്തി​ന്റെ അടിസ്ഥാ​നം എന്തായി​രു​ന്നു?

9 ദാവീദ്‌ ഗൊല്യാ​ത്തി​നെ വധിച്ച സംഭവ​ത്തി​നു ശേഷം, “യോനാ​ഥാ​നും ദാവീ​ദും ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി. യോനാ​ഥാൻ ദാവീ​ദി​നെ ജീവനു തുല്യം സ്‌നേ​ഹി​ച്ചു​തു​ടങ്ങി” എന്നു ബൈബിൾ പറയുന്നു. (1 ശമുവേൽ 18:1) തകർക്കാ​നാ​കാത്ത ഒരു സുഹൃ​ദ്‌ബ​ന്ധ​ത്തി​ന്റെ തുടക്ക​മാ​യി​രു​ന്നു അത്‌. തമ്മിൽ വലിയ പ്രായ​വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നി​ട്ടും, യോനാ​ഥാൻ യുദ്ധക്ക​ള​ത്തിൽ മരിച്ചു​വീ​ഴു​ന്ന​തു​വരെ ആ സ്‌നേ​ഹ​ബന്ധം നിലനി​ന്നു.b (2 ശമുവേൽ 1:26) അവർക്കി​ട​യി​ലെ ആത്മബന്ധ​ത്തി​ന്റെ അടിസ്ഥാ​നം എന്തായി​രു​ന്നു?

10 ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നുള്ള ശക്തമായ ആഗ്രഹ​വും ആയിരു​ന്നു ദാവീ​ദി​ന്റെ​യും യോനാ​ഥാ​ന്റെ​യും ഉറ്റസൗ​ഹൃ​ദ​ത്തി​നു കാരണം. അവർക്കി​ട​യി​ലു​ണ്ടാ​യി​രു​ന്നത്‌ ഒരു ആത്മീയ​ബ​ന്ധ​മാ​യി​രു​ന്നു. ഇരുവ​രു​ടെ​യും ഗുണങ്ങൾ അവരെ അന്യോ​ന്യം പ്രിയ​ങ്ക​ര​രാ​ക്കി. യഹോ​വ​യു​ടെ നാമത്തി​നാ​യി നിർഭയം നില​കൊണ്ട ദാവീ​ദി​ന്റെ ധൈര്യ​വും തീക്ഷ്‌ണ​ത​യും യോനാ​ഥാ​നിൽ മതിപ്പു​ള​വാ​ക്കി. അതേ സമയം, യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ങ്ങളെ വിശ്വ​സ്‌ത​ത​യോ​ടെ പിന്താ​ങ്ങു​ക​യും സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ കൂട്ടു​കാ​രന്റെ ക്ഷേമത്തി​നു പ്രാധാ​ന്യം കൊടു​ക്കു​ക​യും ചെയ്‌ത യോനാ​ഥാ​നോ​ടു ദാവീ​ദി​നും വലിയ ആദരവാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യോനാ​ഥാ​ന്റെ അപ്പനായ ശൗൽ എന്ന ദുഷ്ടരാ​ജാ​വി​ന്റെ ക്രോധം ഭയന്ന്‌ ദാവീദ്‌ ഒരു അഭയാർഥി​യെ​പ്പോ​ലെ നിരാ​ശ​നാ​യി കഴിഞ്ഞു​കൂ​ടിയ കാലത്ത്‌ എന്താണ്‌ ഉണ്ടായ​തെന്നു നോക്കുക. അസാധാ​ര​ണ​മായ വിശ്വ​സ്‌തത കാണി​ച്ചു​കൊണ്ട്‌ യോനാ​ഥാൻ മുൻ​കൈ​യെ​ടുത്ത്‌ “ദാവീ​ദി​ന്റെ അടുത്ത്‌ ചെന്ന്‌, യഹോ​വ​യിൽ ശക്തിയാർജി​ക്കാൻ ദാവീ​ദി​നെ സഹായി​ച്ചു.” (1 ശമുവേൽ 23:16) പ്രിയ​സു​ഹൃ​ത്തിൽനിന്ന്‌ ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും കിട്ടി​യ​പ്പോൾ ദാവീ​ദിന്‌ എന്തു തോന്നി​ക്കാ​ണും എന്നു ചിന്തി​ക്കുക!c

11. യോനാ​ഥാ​ന്റെ​യും ദാവീ​ദി​ന്റെ​യും മാതൃ​ക​യിൽനിന്ന്‌ സൗഹൃ​ദ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാം?

11 യോനാ​ഥാ​ന്റെ​യും ദാവീ​ദി​ന്റെ​യും ദൃഷ്ടാന്തം നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? ഒന്നാമ​താ​യി, സുഹൃ​ത്തു​ക്കൾക്കി​ട​യിൽ പൊതു​വാ​യി ഉണ്ടായി​രി​ക്കേണ്ട ഏറ്റവും പ്രധാ​ന​പ്പെട്ട സംഗതി ആത്മീയ​മൂ​ല്യ​ങ്ങ​ളാ​ണെന്ന്‌ അതു നമുക്കു കാണി​ച്ചു​ത​രു​ന്നു. നമ്മളെ​പ്പോ​ലെ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കുന്ന, നമ്മുടെ അതേ വിശ്വാ​സ​ങ്ങ​ളും സദാചാ​ര​മൂ​ല്യ​ങ്ങ​ളും ഉള്ള വ്യക്തി​ക​ളെ​യാ​യി​രി​ക്കണം നമ്മൾ സുഹൃ​ത്തു​ക്ക​ളാ​ക്കേ​ണ്ടത്‌. അങ്ങനെ​യാ​കു​മ്പോൾ, വികാ​ര​വി​ചാ​ര​ങ്ങ​ളും അനുഭ​വ​ങ്ങ​ളും പങ്കു​വെ​ച്ചു​കൊണ്ട്‌ പരസ്‌പരം പ്രോ​ത്സാ​ഹ​ന​വും കരുത്തും പകരാ​നാ​കും. (റോമർ 1:11, 12 വായി​ക്കുക.) ആത്മീയ​മ​ന​സ്‌ക​രായ അത്തരം സ്‌നേ​ഹി​തരെ നമ്മളുടെ സഹാരാ​ധ​കർക്കി​ട​യിൽ കണ്ടെത്താ​നാ​കും. എന്നാൽ രാജ്യ​ഹാ​ളിൽ യോഗ​ങ്ങൾക്കു വരുന്ന എല്ലാവ​രെ​യും സുഹൃ​ത്തു​ക്ക​ളാ​ക്കാം എന്നാണോ അതിന്റെ അർഥം? അല്ല.

അടുത്ത സുഹൃ​ത്തു​ക്കളെ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം?

12, 13. (എ) സഹവി​ശ്വാ​സി​ക​ളു​ടെ ഇടയിൽനി​ന്നാ​ണെ​ങ്കി​ലും സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നമ്മൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) ഒന്നാം നൂറ്റാ​ണ്ടി​ലെ സഭകൾക്ക്‌ എന്തു വെല്ലു​വി​ളി ഉണ്ടായി, പൗലോസ്‌ ശക്തമായ എന്തു മുന്നറി​യി​പ്പു കൊടു​ത്തു?

12 സഭയ്‌ക്കു​ള്ളിൽപ്പോ​ലും, സുഹൃ​ത്തു​ക്കൾ ആത്മീയ​മാ​യി ബലപ്പെ​ടു​ത്തു​ന്ന​വ​രാ​യി​രി​ക്ക​ണ​മെ​ങ്കിൽ നമ്മൾ അവരെ ശ്രദ്ധ​യോ​ടെ തിര​ഞ്ഞെ​ടു​ക്കേ​ണ്ട​തുണ്ട്‌. അതിൽ ആശ്ചര്യ​പ്പെ​ടാ​നില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു വൃക്ഷത്തി​ന്റെ കാര്യ​മെ​ടു​ക്കുക. അതിലെ ചില കായ്‌കൾ പഴുത്തു​പാ​ക​മാ​കാൻ കൂടുതൽ സമയ​മെ​ടു​ക്കാ​റു​ണ്ട​ല്ലോ. അതു​പോ​ലെ, സഭയി​ലുള്ള ചില ക്രിസ്‌ത്യാ​നി​കൾ ആത്മീയ​പ​ക്വ​ത​യി​ലെ​ത്താൻ കൂടുതൽ സമയ​മെ​ടു​ത്തേ​ക്കാം. അതു​കൊണ്ട്‌, ആത്മീയ​വ​ളർച്ച​യു​ടെ വിവിധ ഘട്ടങ്ങളി​ലാ​യി​രി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾ എല്ലാ സഭയി​ലും കാണും. (എബ്രായർ 5:12–6:3) എന്നാൽ, പുതി​യ​വ​രോ​ടോ വിശ്വാ​സ​ത്തിൽ ബലഹീ​ന​രാ​യ​വ​രോ​ടോ നമ്മൾ ക്ഷമയും സ്‌നേ​ഹ​വും കാണി​ക്ക​ണ​മെ​ന്ന​തി​നു സംശയ​മില്ല. കാരണം, ആത്മീയ​മാ​യി വളരു​ന്ന​തിന്‌ അവരെ സഹായി​ക്കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌.—റോമർ 14:1; 15:1.

13 സഹവാസം സംബന്ധിച്ച്‌ ജാഗ്രത പാലി​ക്കേണ്ട ചില സാഹച​ര്യ​ങ്ങൾ ക്രിസ്‌തീ​യ​സ​ഭ​യിൽ ഉയർന്നു​വ​ന്നേ​ക്കാം. ക്രിസ്‌ത്യാ​നി​കൾക്കു ചേരാത്ത കാര്യങ്ങൾ ചിലർ ചെയ്‌തെ​ന്നു​വ​രാം, മറ്റു ചിലർ മനസ്സിൽ നീരസം കൊണ്ടു​ന​ട​ക്കു​ന്ന​വ​രോ പരാതി പറയു​ന്ന​വ​രോ ആയിത്തീർന്നേ​ക്കാം. ഒന്നാം നൂറ്റാ​ണ്ടി​ലെ സഭകളും സമാന​മായ ഒരു വെല്ലു​വി​ളി നേരി​ടു​ക​യു​ണ്ടാ​യി. മിക്കവ​രും വിശ്വ​സ്‌ത​രാ​യി​രു​ന്നെ​ങ്കി​ലും ചിലരു​ടെ പെരു​മാ​റ്റം അനുചി​ത​മാ​യി​രു​ന്നു. ക്രിസ്‌തീ​യോ​പ​ദേ​ശങ്ങൾ ആദരി​ക്കാത്ത ചിലർ സഭയി​ലു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ പൗലോസ്‌ അപ്പോ​സ്‌തലൻ കൊരി​ന്തി​ലെ സഭയ്‌ക്ക്‌ ഈ മുന്നറി​യി​പ്പു കൊടു​ത്തു: “വഴി​തെ​റ്റി​ക്ക​പ്പെ​ട​രുത്‌. ചീത്ത കൂട്ടു​കെട്ടു നല്ല ശീലങ്ങളെ നശിപ്പി​ക്കു​ന്നു.” (1 കൊരി​ന്ത്യർ 15:12, 33) അനുചി​ത​മാ​യി പ്രവർത്തി​ക്കുന്ന ചിലർ സഹക്രി​സ്‌ത്യാ​നി​കൾക്കി​ട​യിൽപ്പോ​ലും ഉണ്ടായി​രു​ന്നേ​ക്കാ​മെന്നു പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ ഓർമി​പ്പി​ച്ചു. അങ്ങനെ​യു​ള്ള​വരെ അടുത്ത സുഹൃ​ത്തു​ക്ക​ളാ​ക്കാ​തെ അവരോട്‌ അകലം പാലി​ക്കാ​നാ​ണു പൗലോസ്‌ പറഞ്ഞത്‌.—2 തിമൊ​ഥെ​യൊസ്‌ 2:20-22 വായി​ക്കുക.

14. സഹവാ​സ​ത്തെ​ക്കു​റി​ച്ചുള്ള പൗലോ​സി​ന്റെ മുന്നറി​യി​പ്പിൽ അടങ്ങി​യി​രി​ക്കുന്ന തത്ത്വം നമുക്ക്‌ എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്താം?

14 പൗലോ​സി​ന്റെ മുന്നറി​യി​പ്പിൽ അടങ്ങി​യി​രി​ക്കുന്ന തത്ത്വം നമുക്ക്‌ എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്താം? സഭയ്‌ക്കു​ള്ളി​ലോ സഭയ്‌ക്കു പുറത്തോ ആയി​ക്കൊ​ള്ളട്ടെ, ദുഷിച്ച സ്വാധീ​ന​മാ​യി​ത്തീർന്നേ​ക്കാ​വുന്ന ഏതൊ​രാ​ളു​മാ​യും അടുത്ത്‌ ഇടപഴ​കു​ന്നത്‌ ഒഴിവാ​ക്കു​ന്ന​താണ്‌ അതിനുള്ള വഴി. (2 തെസ്സ​ലോ​നി​ക്യർ 3:6, 7, 14) നമ്മളുടെ ആത്മീയ​ത​യ്‌ക്ക്‌ അപകടം വരാതെ നമ്മൾ നോക്കണം. ഒരു സ്‌പോ​ഞ്ചു​പോ​ലെ, അടുത്ത സുഹൃ​ത്തു​ക്ക​ളു​ടെ മനോ​ഭാ​വ​ങ്ങ​ളും വഴിക​ളും നമ്മൾ ഒപ്പി​യെ​ടു​ക്കു​മെന്ന്‌ ഓർക്കുക. വിനാ​ഗി​രി​യിൽ മുക്കി​യി​ടുന്ന സ്‌പോഞ്ച്‌, വെള്ളം വലി​ച്ചെ​ടു​ക്കു​മെന്നു പ്രതീ​ക്ഷി​ക്കാ​നാ​കു​മോ? സഹവാ​സ​ത്തി​ന്റെ കാര്യ​വും അങ്ങനെ​തന്നെ. മോശ​മാ​യി സ്വാധീ​നി​ക്കു​ന്ന​വ​രു​മാ​യി സഹവസി​ച്ചിട്ട്‌ അവരിൽനിന്ന്‌ നല്ല കാര്യങ്ങൾ സ്വീക​രി​ക്കാ​മെന്നു പ്രതീ​ക്ഷി​ക്കു​ന്ന​തിൽ അർഥമില്ല.—1 കൊരി​ന്ത്യർ 5:6.

സഹവിശ്വാസികൾക്കിടയിൽ നല്ല സുഹൃ​ത്തു​ക്കളെ കണ്ടെത്താൻ നിങ്ങൾക്കാ​കും

15. ആത്മീയ​മ​ന​സ്‌ക​രായ സ്‌നേ​ഹി​തരെ സഭയിൽ എങ്ങനെ കണ്ടെത്താം?

15 എന്നാൽ ആത്മീയ​മ​ന​സ്‌ക​രായ ധാരാളം നല്ല സ്‌നേ​ഹി​തരെ സഹക്രി​സ്‌ത്യാ​നി​കൾക്കി​ട​യിൽ കണ്ടെത്താ​നാ​കും. (സങ്കീർത്തനം 133:1) എങ്ങനെ? നിങ്ങൾ ദൈവി​ക​ഗു​ണ​ങ്ങ​ളും പെരു​മാ​റ്റ​രീ​തി​ക​ളും വളർത്തി​യെ​ടു​ക്കു​മ്പോൾ സമാന​ചി​ന്താ​ഗ​തി​യു​ള്ളവർ നിങ്ങളി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടും. പുതിയ കൂട്ടു​കാ​രെ കിട്ടാൻ മറ്റു ചില കാര്യ​ങ്ങ​ളും​കൂ​ടെ നിങ്ങൾ ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം. (“ഞങ്ങൾക്കു നല്ല കൂട്ടു​കാ​രെ കിട്ടി​യത്‌ എങ്ങനെ?” എന്ന ചതുരം കാണുക.) നിങ്ങൾ അനുക​രി​ക്കാൻ ആഗ്രഹി​ക്കുന്ന ഗുണങ്ങൾ ഉള്ളവരെ തേടി കണ്ടെത്തുക. “ഹൃദയം വിശാ​ല​മാ​യി തുറക്കണം” എന്ന ഉപദേ​ശ​ത്തി​നു ചേർച്ച​യിൽ, വർഗമോ ദേശമോ സംസ്‌കാ​ര​മോ കണക്കി​ലെ​ടു​ക്കാ​തെ സഹവി​ശ്വാ​സി​ക​ളിൽനിന്ന്‌ സ്‌നേ​ഹി​തരെ കണ്ടെത്താൻ ശ്രമി​ക്കുക. (2 കൊരി​ന്ത്യർ 6:13; 1 പത്രോസ്‌ 2:17 വായി​ക്കുക.) സൗഹൃദം സമപ്രാ​യ​ക്കാ​രിൽ മാത്ര​മാ​യി ഒതുക്കി​നി​റു​ത്ത​രുത്‌. യോനാ​ഥാ​നു ദാവീ​ദി​നെ​ക്കാൾ വളരെ പ്രായ​മു​ണ്ടാ​യി​രു​ന്നു എന്ന്‌ ഓർക്കുക. ജ്ഞാനവും അനുഭ​വ​സ​മ്പ​ത്തും കൊണ്ട്‌ സുഹൃ​ദ്‌ബ​ന്ധത്തെ ധന്യമാ​ക്കാൻ മുതിർന്ന​വ​രായ പലർക്കും കഴിയും.

ഞങ്ങൾക്കു നല്ല കൂട്ടു​കാ​രെ കിട്ടി​യത്‌ എങ്ങനെ?

“ആദ്യ​മൊ​ക്കെ സഭയിൽ സുഹൃ​ത്തു​ക്കളെ കണ്ടെത്തുക എനിക്കു വലിയ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. എന്നാൽ ശുശ്രൂ​ഷ​യിൽ നല്ലൊരു പങ്കുണ്ടാ​യി​രി​ക്കു​ന്നതു ക്ഷമ, സഹിഷ്‌ണുത, ആത്മത്യാ​ഗ​പ​ര​മായ സ്‌നേഹം എന്നീ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ വളരെ സഹായ​ക​മാ​ണെന്നു ഞാൻ മനസ്സി​ലാ​ക്കി. അവ വളർത്തി​യെ​ടു​ക്കവെ, അതേ മനഃസ്ഥി​തി​യുള്ള പലരും എന്നോട്‌ അടുപ്പം കാണി​ക്കാൻ തുടങ്ങി. ഇപ്പോൾ എനിക്കു നല്ല കുറെ സുഹൃ​ത്തു​ക്ക​ളുണ്ട്‌.”—ശിവാനി.

“സഭയ്‌ക്കു​ള്ളിൽ സുഹൃ​ത്തു​ക്കളെ കണ്ടെത്താൻ കഴിയ​ണ​മേ​യെന്നു ഞാൻ പ്രാർഥി​ക്കാ​റു​ണ്ടാ​യി​രു​ന്നു. എന്നാൽ കുറെ​ക്കാ​ല​ത്തേക്ക്‌ എന്റെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം ലഭിക്കു​ന്നി​ല്ലെന്ന്‌ എനിക്കു തോന്നി. പക്ഷേ പിന്നീ​ടാ​ണു സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കു​ന്ന​തി​നാ​യി ഞാൻ ഒന്നും​തന്നെ ചെയ്യു​ന്നി​ല്ലെന്ന യാഥാർഥ്യം എനിക്കു മനസ്സി​ലാ​യത്‌. ഞാൻ അതിനു മുൻ​കൈ​യെ​ടു​ക്കു​ന്നി​ല്ലാ​യി​രു​ന്നു. എന്നാൽ ഞാൻ എന്റെ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ തുടങ്ങി​യ​തു​മു​തൽ യഹോവ അതു കേട്ടി​രി​ക്കു​ന്നു.”—റയൻ.

പ്രശ്‌നങ്ങൾ തലപൊ​ക്കു​മ്പോൾ

16, 17. ഒരു സഹാരാ​ധകൻ ഏതെങ്കി​ലും വിധത്തിൽ നമ്മളെ മുറി​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ, നമ്മൾ സഭ വിട്ട്‌ പോക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

16 സഭയി​ലു​ള്ള​വ​രു​ടെ വ്യക്തി​ത്വ​ങ്ങ​ളും പശ്ചാത്ത​ല​ങ്ങ​ളും വളരെ വ്യത്യ​സ്‌ത​മാ​യ​തു​കൊണ്ട്‌ ഇടയ്‌ക്കി​ടെ പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്‌. നമ്മുടെ വികാ​ര​ങ്ങളെ വ്രണ​പ്പെ​ടു​ത്തുന്ന എന്തെങ്കി​ലും ഒരാൾ പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തേ​ക്കാം. (സുഭാ​ഷി​തങ്ങൾ 12:18) വ്യക്തി​ത്വ​ഭി​ന്ന​ത​ക​ളും തെറ്റി​ദ്ധാ​ര​ണ​ക​ളും അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും സാഹച​ര്യം കൂടുതൽ വഷളാ​ക്കി​യേ​ക്കാം. അത്തരം സന്ദർഭ​ങ്ങ​ളിൽ നമ്മൾ ഇടറി​പ്പോ​കു​ക​യോ സഭയിൽനിന്ന്‌ അകന്നു​നിൽക്കു​ക​യോ ചെയ്യു​മോ? യഹോ​വ​യോ​ടും യഹോവ സ്‌നേ​ഹി​ക്കു​ന്ന​വ​രോ​ടും ആത്മാർഥ​സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നമ്മൾ അങ്ങനെ ചെയ്യില്ല.

17 സ്രഷ്ടാ​വും ജീവനെ പരിപാ​ലി​ക്കു​ന്ന​വ​നും ആയതു​കൊണ്ട്‌ യഹോവ നമ്മുടെ സമ്പൂർണ​ഭക്തി അർഹി​ക്കു​ന്നു. (വെളി​പാട്‌ 4:11) യഹോവ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സഭയെ​യും നമ്മൾ വിശ്വ​സ്‌ത​ത​യോ​ടെ പിന്തു​ണ​യ്‌ക്കേ​ണ്ട​തുണ്ട്‌. (എബ്രായർ 13:17) അതു​കൊണ്ട്‌ ഒരു സഹാരാ​ധകൻ ഏതെങ്കി​ലും വിധത്തിൽ നമ്മളെ മുറി​പ്പെ​ടു​ത്തു​ക​യോ നിരാ​ശ​പ്പെ​ടു​ത്തു​ക​യോ ചെയ്‌താൽ നമ്മൾ സഭ വിട്ട്‌ പോകില്ല. അല്ലെങ്കിൽത്തന്നെ, നമുക്ക്‌ എങ്ങനെ അതു ചെയ്യാ​നാ​കും, യഹോ​വ​യ​ല്ല​ല്ലോ നമ്മളെ വ്രണ​പ്പെ​ടു​ത്തി​യത്‌! യഹോ​വ​യ്‌ക്കു നേരെ​യോ യഹോ​വ​യു​ടെ ജനത്തിനു നേരെ​യോ പുറം​തി​രി​യാൻ ദൈവ​സ്‌നേഹം ഒരിക്ക​ലും നമ്മളെ അനുവ​ദി​ക്കില്ല!—സങ്കീർത്തനം 119:165 വായി​ക്കുക.

18. (എ) സഭയുടെ സമാധാ​നം നിലനി​റു​ത്താൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും? (ബി) ക്ഷമിക്കാൻ തക്കതായ കാരണ​മു​ള്ള​പ്പോൾ അങ്ങനെ ചെയ്‌താൽ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ഉണ്ടാകും?

18 സഹാരാ​ധ​ക​രോ​ടുള്ള സ്‌നേഹം സഭയുടെ സമാധാ​ന​ത്തി​നാ​യി പ്രവർത്തി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നു. താൻ സ്‌നേ​ഹി​ക്കു​ന്ന​വ​രിൽനിന്ന്‌ യഹോവ പൂർണത പ്രതീ​ക്ഷി​ക്കു​ന്നില്ല, നമ്മളും പ്രതീ​ക്ഷി​ക്ക​രുത്‌. നമ്മളെ​ല്ലാം അപൂർണ​രും തെറ്റു​ചെ​യ്യു​ന്ന​വ​രും ആണ്‌ എന്ന്‌ ഓർത്തു​കൊണ്ട്‌ ചെറിയ തെറ്റുകൾ അവഗണി​ച്ചു​ക​ള​യാൻ സ്‌നേഹം നമ്മളെ പ്രചോ​ദി​പ്പി​ക്കി​ല്ലേ? (സുഭാ​ഷി​തങ്ങൾ 17:9; 1 പത്രോസ്‌ 4:8) ‘അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​ന്ന​വ​രാ​യി​രി​ക്കാൻ’ അതു നമ്മളെ സഹായി​ക്കും. (കൊ​ലോ​സ്യർ 3:13) പക്ഷേ അത്‌ എല്ലായ്‌പോ​ഴും എളുപ്പമല്ല. നിഷേ​ധ​വി​കാ​രങ്ങൾ നമ്മളെ കീഴട​ക്കാൻ അനുവ​ദി​ക്കു​ന്നെ​ങ്കിൽ, മനസ്സിൽ നീരസം കൊണ്ടു​ന​ട​ക്കാൻ നമ്മൾ ചായ്‌വ്‌ കാണി​ച്ചേ​ക്കാം. ദേഷ്യം കാണി​ക്കു​ന്നതു കുറ്റക്കാ​രനെ ശിക്ഷി​ക്കാ​നുള്ള ഒരു മാർഗ​മാ​ണെ​ന്നാ​യി​രി​ക്കാം നമ്മൾ കരുതു​ന്നത്‌. അതു പക്ഷേ നമുക്കു​തന്നെ ദോഷം ചെയ്യും. നേരെ​മ​റിച്ച്‌, ക്ഷമിക്കാൻ തക്കതായ കാരണ​മു​ള്ള​പ്പോൾ അങ്ങനെ ചെയ്‌താൽ സമൃദ്ധ​മായ അനു​ഗ്ര​ഹങ്ങൾ ഉണ്ടാകും. (ലൂക്കോസ്‌ 17:3, 4) അതു നമുക്കു മനസ്സമാ​ധാ​നം തരുക​യും സഭയുടെ സമാധാ​നം നിലനി​റു​ത്തു​ക​യും എല്ലാറ്റി​ലു​മു​പരി, യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ കാത്തു​പ​രി​പാ​ലി​ക്കു​ക​യും ചെയ്യും.—മത്തായി 6:14, 15; റോമർ 14:19.

സഹവാസം നിറു​ത്തേ​ണ്ടത്‌ എപ്പോൾ?

19. സഭയിലെ ഒരു അംഗവു​മാ​യുള്ള സഹവാസം നിറു​ത്തേ​ണ്ടി​വ​രുന്ന സാഹച​ര്യ​ങ്ങൾ ഏതെല്ലാം?

19 സഭയിലെ ഒരു അംഗവു​മാ​യുള്ള സഹവാസം നിറു​ത്താൻ ചില​പ്പോൾ നമുക്കു നിർദേശം കിട്ടി​യേ​ക്കാം. അതിനുള്ള സാഹച​ര്യ​ങ്ങൾ പലതാണ്‌: പശ്ചാത്താ​പ​മി​ല്ലാ​തെ ദൈവ​നി​യ​മങ്ങൾ ലംഘി​ക്കുന്ന ഒരാളെ സഭയിൽനിന്ന്‌ പുറത്താ​ക്കു​മ്പോൾ, ഒരാൾ വ്യാ​ജോ​പ​ദേ​ശങ്ങൾ പഠിപ്പി​ച്ചു​കൊണ്ട്‌ വിശ്വാ​സം ത്യജി​ക്കു​മ്പോൾ, ഒരാൾ സഭയിൽനിന്ന്‌ സ്വയം നിസ്സഹ​വ​സി​ക്കു​മ്പോൾ. അത്തരക്കാ​രു​മാ​യുള്ള ‘കൂട്ടു​കെട്ട്‌ ഉപേക്ഷി​ക്കണം’ എന്നു ദൈവ​വ​ചനം വ്യക്തമാ​യി പറയുന്നു.d (1 കൊരി​ന്ത്യർ 5:11-13 വായി​ക്കുക; 2 യോഹ​ന്നാൻ 9-11) ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​യാൾ നമ്മുടെ സുഹൃ​ത്തോ ബന്ധുവോ ആണെങ്കിൽ അതു ശരിക്കും ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. അപ്പോ​ഴും, യഹോ​വ​യോ​ടും നീതി​നി​ഷ്‌ഠ​മായ അത്തരം നിയമ​ങ്ങ​ളോ​ടും ഉള്ള വിശ്വ​സ്‌ത​ത​യാ​ണു നമുക്കു പ്രധാനം എന്നു കാണി​ച്ചു​കൊണ്ട്‌ നമ്മൾ ഉറച്ച ഒരു നിലപാ​ടു സ്വീക​രി​ക്കു​മോ? വിശ്വ​സ്‌ത​ത​യ്‌ക്കും അനുസ​ര​ണ​ത്തി​നും യഹോവ വലിയ വില കല്‌പി​ക്കു​ന്നു എന്ന കാര്യം മറക്കരുത്‌.

20, 21. (എ) പുറത്താ​ക്കൽ ക്രമീ​ക​രണം സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഒന്നാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) സുഹൃ​ത്തു​ക്കളെ ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

20 യഹോ​വ​യിൽനി​ന്നുള്ള സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഒരു ക്രമീ​ക​ര​ണ​മാ​ണു പുറത്താ​ക്കൽ നടപടി. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? പശ്ചാത്താ​പ​മി​ല്ലാത്ത ഒരു പാപിയെ പുറത്താ​ക്കു​ന്നതു നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും യഹോ​വ​യു​ടെ വിശു​ദ്ധ​നാ​മ​ത്തെ​യും നിലവാ​ര​ങ്ങ​ളെ​യും ആദരി​ക്കു​ന്നെ​ന്നും ഉള്ളതിന്റെ തെളി​വാണ്‌. (1 പത്രോസ്‌ 1:15, 16) പുറത്താ​ക്കൽ ക്രമീ​ക​രണം സഭയ്‌ക്ക്‌ ഒരു സംരക്ഷ​ണ​മാണ്‌. മനഃപൂർവ​പാ​പി​ക​ളു​ടെ ദുഷിച്ച സ്വാധീ​ന​ത്തിൽനിന്ന്‌, വിശ്വ​സ്‌ത​രായ സഭാം​ഗ​ങ്ങളെ സംരക്ഷി​ക്കാൻ ഈ ക്രമീ​ക​രണം സഹായി​ക്കു​ന്നു. അങ്ങനെ, ഈ ദുഷ്ട​ലോ​ക​ത്തിൽനിന്ന്‌ സംരക്ഷ​ണ​മേ​കുന്ന ഒരു അഭയസ്ഥാ​ന​മാ​ണു സഭ എന്ന വിശ്വാ​സ​ത്തോ​ടെ തങ്ങളുടെ ആരാധന തുടരാൻ അവർക്കു കഴിയും. (1 കൊരി​ന്ത്യർ 5:7; എബ്രായർ 12:15, 16) തെറ്റു ചെയ്‌ത​യാൾക്കു നൽകുന്ന ആ ശിക്ഷണം അയാ​ളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ തെളി​വാണ്‌. ചില​പ്പോൾ, ആ ശിക്ഷണം ഉളവാ​ക്കുന്ന നടുക്കം മതി അയാൾ സുബോ​ധം വീണ്ടെ​ടുത്ത്‌ യഹോ​വ​യി​ലേക്കു തിരി​ച്ചു​വ​രാൻ.—എബ്രായർ 12:11.

21 അടുത്ത കൂട്ടു​കാർക്കു നമ്മുടെ വ്യക്തി​ത്വ​രൂ​പീ​ക​ര​ണ​ത്തിൽ ശക്തമായ സ്വാധീ​നം ചെലു​ത്താ​നാ​കും എന്ന കാര്യം നിഷേ​ധി​ക്കാ​നാ​കില്ല. അതു​കൊണ്ട്‌ കൂട്ടു​കാ​രെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. യഹോ​വ​യു​ടെ സ്‌നേ​ഹി​തരെ നമ്മുടെ സ്‌നേ​ഹി​ത​രാ​ക്കു​ക​യും യഹോവ സ്‌നേ​ഹി​ക്കു​ന്ന​വരെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​മ്പോൾ ഏറ്റവും നല്ലൊരു സുഹൃ​ദ്‌വ​ല​യ​മാ​യി​രി​ക്കും നമ്മളു​ടേത്‌. ആ സുഹൃ​ത്തു​ക്ക​ളിൽനിന്ന്‌ നമ്മൾ ഒപ്പി​യെ​ടു​ക്കുന്ന കാര്യങ്ങൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നുള്ള ദൃഢനി​ശ്ച​യ​ത്തോ​ടെ തുടർന്നും ജീവി​ക്കാൻ നമുക്കു പ്രചോ​ദ​ന​മേ​കും.

a അബ്രാഹാമിനോട്‌ ഇക്കാര്യം ആവശ്യ​പ്പെ​ട്ട​തി​ലൂ​ടെ, തന്റെ ഏകജാ​ത​പു​ത്രനെ യാഗം കഴിച്ചു​കൊണ്ട്‌ താൻ ചെയ്യാ​നി​രുന്ന ത്യാഗ​ത്തി​ന്റെ ഒരു പൂർവ​വീ​ക്ഷണം തരുക​യാ​യി​രു​ന്നു യഹോവ. (യോഹ​ന്നാൻ 3:16) അബ്രാ​ഹാ​മി​ന്റെ കാര്യ​ത്തിൽ പക്ഷേ യഹോവ ഇടപെട്ട്‌, യിസ്‌ഹാ​ക്കി​നു പകരമാ​യി ബലി അർപ്പി​ക്കാൻ ഒരു ആൺചെ​മ്മ​രി​യാ​ടി​നെ കൊടു​ത്തു.—ഉൽപത്തി 22:1, 2, 9-13.

b ഗൊല്യാത്തിനെ വധിക്കു​മ്പോൾ ദാവീദ്‌ ചെറു​പ്പ​മാ​യി​രു​ന്നെ​ന്നും (‘ഒരു കൊച്ചു പയ്യൻ’) യോനാ​ഥാൻ മരിക്കു​മ്പോൾ ദാവീ​ദിന്‌ ഏകദേശം 30 വയസ്സാ​യി​രു​ന്നെ​ന്നും ബൈബിൾ പറയുന്നു. (1 ശമുവേൽ 17:33; 31:2; 2 ശമുവേൽ 5:4) മരിക്കു​മ്പോൾ യോനാ​ഥാന്‌ ഏകദേശം 60 വയസ്സു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ ദാവീ​ദി​നെ​ക്കാൾ 30 വയസ്സോ​ളം മൂത്തതാ​യി​രു​ന്നു യോനാ​ഥാൻ.

c 1 ശമുവേൽ 23:17-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത​നു​സ​രിച്ച്‌, ദാവീ​ദി​നു പ്രോ​ത്സാ​ഹ​ന​മേ​കാൻ യോനാ​ഥാൻ അഞ്ചു കാര്യങ്ങൾ പറഞ്ഞു: (1) ഭയപ്പെ​ടേ​ണ്ട​തി​ല്ലെന്നു ദാവീ​ദി​നെ ഓർമി​പ്പി​ച്ചു. (2) ശൗലിന്റെ പദ്ധതികൾ പാളി​പ്പോ​കു​മെന്ന്‌ ഉറപ്പു കൊടു​ത്തു. (3) ദൈവം വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ ദാവീ​ദി​നു രാജാ​ധി​കാ​രം ലഭിക്കു​മെന്ന്‌ എടുത്തു​പ​റഞ്ഞു. (4) ദാവീ​ദി​നു തന്റെ പൂർണ​പി​ന്തുണ പ്രഖ്യാ​പി​ച്ചു. (5) ദാവീ​ദി​നോ​ടുള്ള യോനാ​ഥാ​ന്റെ വിശ്വ​സ്‌ത​ത​യെ​ക്കു​റിച്ച്‌ ശൗലി​നു​പോ​ലും അറിയാ​മെന്നു ചൂണ്ടി​ക്കാ​ട്ടി.

d പുറത്താക്കപ്പെട്ടവരോടും നിസ്സഹ​വ​സി​ച്ച​വ​രോ​ടും എങ്ങനെ ഇടപടണം എന്നതു സംബന്ധിച്ച കൂടുതൽ വിവര​ങ്ങൾക്ക്‌ അനുബന്ധത്തിലെ “പുറത്താ​ക്ക​പ്പെട്ട ഒരാ​ളോട്‌ എങ്ങനെ ഇടപെ​ടണം?” എന്ന ഭാഗം കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക