അനുബന്ധം
രക്തത്തിന്റെ ഘടകാംശങ്ങളും ശസ്ത്രക്രിയാനടപടികളും
രക്തത്തിന്റെ ഘടകാംശങ്ങൾ. രക്തത്തിന്റെ പ്രാഥമികഘടകങ്ങളായ അരുണരക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, പ്ലാസ്മ എന്നിവയിൽനിന്നാണു ഘടകാംശങ്ങൾ വേർതിരിച്ചെടുക്കുന്നത്. ഉദാഹരണത്തിന്, അരുണരക്താണുക്കളിൽ ഹീമോഗ്ലോബിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മനുഷ്യരുടെയോ മൃഗങ്ങളുടെയോ ഹീമോഗ്ലോബിനിൽനിന്ന് വികസിപ്പിച്ചെടുക്കുന്ന ഉത്പന്നങ്ങൾ, പെട്ടെന്നുണ്ടാകുന്ന വിളർച്ചയ്ക്കും അമിതരക്തസ്രാവത്തിനും പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.
പ്ലാസ്മയുടെ 90 ശതമാനവും വെള്ളമാണ്. അതിൽ അനേകം ഹോർമോണുകൾ, അജൈവലവണങ്ങൾ, എൻസൈമുകൾ, ധാതുക്കളും പഞ്ചസാരയും പോലുള്ള പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. പ്ലാസ്മയിൽ, രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന ഘടകങ്ങൾ (clotting factors), രോഗങ്ങളെ പ്രതിരോധിക്കുന്ന പ്രതിദ്രവ്യങ്ങൾ (antibodies), ആൽബുമിൻപോലുള്ള പ്രോട്ടീനുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. അണുബാധയേറ്റ, അല്ലെങ്കിൽ അതിനു സാധ്യതയുള്ള ഒരാൾക്കു പ്രതിരോധശേഷിയുള്ളവരുടെ പ്ലാസ്മയിൽനിന്ന് വേർതിരിച്ചെടുത്ത ഗാമാഗ്ലോബുലിൻ കുത്തിവെക്കാൻ ചില ഡോക്ടർമാർ നിർദേശിച്ചേക്കാം. ശ്വേതരക്താണുക്കളിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഇന്റർഫെറോണുകളും ഇന്റർല്യൂക്കിനുകളും കാൻസറിന്റെയും ചില വൈറസ് രോഗങ്ങളുടെയും ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്നു.
രക്തത്തിന്റെ ഘടകാംശങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സകൾ ക്രിസ്ത്യാനികൾക്കു സ്വീകാര്യമാണോ? അതു സംബന്ധിച്ച വിശദാംശങ്ങൾ ബൈബിൾ തരുന്നില്ല. അതുകൊണ്ട് ബൈബിൾപരിശീലിത മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിയുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഒരു ജീവിയിൽനിന്ന് രക്തം നീക്കംചെയ്താൽ പിന്നെ അത് “നിലത്ത് ഒഴിച്ചുകളയണം” എന്ന് ഇസ്രായേല്യരോടു ദൈവം കല്പിച്ചിട്ടുണ്ടല്ലോ എന്നു ചിന്തിച്ചുകൊണ്ട് രക്തത്തിന്റെ എല്ലാ ഘടകാംശങ്ങളും നിരസിക്കാൻ ചില ക്രിസ്ത്യാനികൾ തീരുമാനിച്ചേക്കാം. (ആവർത്തനം 12:22-24) മറ്റു ചിലരാകട്ടെ, രക്തവും അതിന്റെ പ്രാഥമികഘടകങ്ങളും വർജിക്കുമ്പോൾത്തന്നെ, ഏതെങ്കിലുമൊരു ഘടകാംശം ഉൾപ്പെടുന്ന ചികിത്സ സ്വീകരിച്ചേക്കാം. ഒരു ജീവിയിൽനിന്ന് എടുത്ത രക്തം വേർതിരിക്കാൻതുടങ്ങി ഒരു ഘട്ടത്തിൽ അത് ആ ജീവിയുടെ പ്രാണനെ പ്രതിനിധാനം ചെയ്യാതാകുന്നു എന്നു നിഗമനം ചെയ്തുകൊണ്ടായിരിക്കാം അവർ അത്തരമൊരു നിലപാടു സ്വീകരിക്കുന്നത്.
ഘടകാംശങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടിവരുമ്പോൾ പിൻവരുന്ന ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുക: രക്തത്തിന്റെ എല്ലാ ഘടകാംശങ്ങളും നിരസിക്കുകവഴി രോഗങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതോ രക്തം കട്ടപിടിക്കാൻ സഹായിച്ചുകൊണ്ട് രക്തസ്രാവം നിറുത്തുന്നതോ ആയ ചില ഔഷധങ്ങളും നിരസിക്കുകയാണെന്ന് എനിക്ക് അറിയാമോ? ഒന്നോ അതിലധികമോ ഘടകാംശങ്ങൾ ഞാൻ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് എന്തുകൊണ്ടെന്നു ഡോക്ടറോടു വിശദീകരിക്കാൻ എനിക്കു കഴിയുമോ?
ശസ്ത്രക്രിയാനടപടികൾ. ഹീമോഡൈലൂഷൻ, സെൽ സാൽവേജ് എന്നിവ ഇതിൽപ്പെടും. ഹീമോഡൈലൂഷൻ എന്ന പ്രക്രിയയിൽ, ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കുഴലിലൂടെ രക്തം തിരിച്ചുവിടുന്നു. എന്നിട്ട്, ശരീരത്തിലേക്ക് ഒരു രക്തരഹിത വ്യാപ്തവർധിനി (volume expander) കടത്തിവിടുന്നു. പിന്നീട്, തിരിച്ചുവിട്ടിരിക്കുന്ന ആ രക്തം ശരീരത്തിലേക്കു തിരികെ കയറ്റുന്നു. എന്താണു സെൽ സാൽവേജ്? ശസ്ത്രക്രിയയുടെ സമയത്ത് നഷ്ടപ്പെടുന്ന രക്തം വീണ്ടും ശരീരത്തിലേക്കു കയറ്റുന്ന പ്രക്രിയയാണ് ഇത്. മുറിവിലൂടെയോ മറ്റോ ഒഴുകുന്ന രക്തം ശുദ്ധീകരിച്ച്, അരിച്ച് രോഗിയിലേക്കു തിരിച്ചുകയറ്റുന്നു. ഈ സങ്കേതങ്ങൾ ഓരോ ഡോക്ടർമാരും വ്യത്യസ്തരീതിയിൽ ഉപയോഗിച്ചേക്കാവുന്നതിനാൽ, തന്നെ ചികിത്സിക്കുന്ന ഡോക്ടർ ഏതു രീതിയാണ് അവലംബിക്കുന്നതെന്ന് ഒരു ക്രിസ്ത്യാനി ഉറപ്പുവരുത്തേണ്ടതുണ്ട്.
മേൽപ്പറഞ്ഞ നടപടികളോടുള്ള ബന്ധത്തിൽ തീരുമാനമെടുക്കേണ്ടിവരുമ്പോൾ ഇങ്ങനെ ചോദിക്കുക: ‘എന്റെ രക്തത്തിൽ കുറെ ശരീരത്തിനു വെളിയിലുള്ള ഒരു ഉപകരണത്തിലേക്കു തിരിച്ചുവിടുകയും കുറച്ച് നേരത്തേക്ക് അതിന്റെ പ്രവാഹം തടസ്സപ്പെടുകപോലും ചെയ്യുന്നെങ്കിൽ, ആ രക്തത്തെ എന്റെ ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തെപ്പോലെതന്നെ കാണാനും അതു “നിലത്ത് ഒഴിച്ചു”കളയേണ്ട ആവശ്യമില്ലെന്നു കരുതാനും മനസ്സാക്ഷി എന്നെ അനുവദിക്കുമോ? (ആവർത്തനം 12:23, 24) ചികിത്സയ്ക്കിടെ എന്റെ രക്തത്തിൽ കുറെ പുറത്തെടുത്ത് അതിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടു ശരീരത്തിലേക്കു തിരികെ കയറ്റിയാൽ എന്റെ ബൈബിൾപരിശീലിത മനസ്സാക്ഷി വ്രണപ്പെടുമോ? എന്റെ രക്തത്തിന്റെ ഉപയോഗം ഉൾപ്പെടുന്ന എല്ലാ ചികിത്സാനടപടികളും നിരസിച്ചാൽ, ഞാൻ എനിക്കു രക്തപരിശോധനയോ (blood test) ഡയാലിസിസോ (hemodialysis) ഹൃദയശസ്ത്രക്രിയയുടെ സമയത്ത് രക്തചംക്രമണം നിലനിറുത്തുന്ന യന്ത്രത്തിന്റെ (heart-lung bypass machine) സഹായമോ വേണ്ടെന്നു പറയുകയാണെന്ന് എനിക്ക് അറിയാമോ?’
ശസ്ത്രക്രിയാനടപടിയോട് അനുബന്ധിച്ച് സ്വന്തം രക്തം എങ്ങനെ ഉപയോഗിക്കണമെന്ന് ഓരോ ക്രിസ്ത്യാനിയും വ്യക്തിപരമായി തീരുമാനിക്കേണ്ടതാണ്. കുറച്ച് രക്തം മാത്രം പുറത്തെടുത്ത് അതിന് ഏതെങ്കിലും വിധത്തിൽ മാറ്റം വരുത്തി തിരികെ കയറ്റുന്ന നൂതനചികിത്സാരീതികളുടെയും വൈദ്യപരിശോധനകളുടെയും കാര്യത്തിലും ഇതേ തത്ത്വം ബാധകമാണ്.