യുഗാണ്ട
ആഫ്രിക്കൻ മണ്ണിലൂടെ ഏതാണ്ട് അതിന്റെ പകുതിയും ചുറ്റിയൊഴുകി, മെഡിറ്ററേനിയൻ സമുദ്രത്തിൽ യാത്ര അവസാനിപ്പിക്കുന്ന നൈൽ എന്ന മഹാനദിയുടെ ഉത്ഭവം തേടി പര്യവേക്ഷകർ നൂറ്റാണ്ടുകളായി അലഞ്ഞിട്ടുണ്ട്. പിന്നീട്, നൈലിന്റെ ജലസമൃദ്ധിയുടെ പ്രഭവസ്ഥാനങ്ങൾ വിക്ടോറിയ തടാകവും ചുറ്റുമുള്ള മലനിരകളുമാണെന്ന് പര്യവേക്ഷകരിൽ ചിലർ കണ്ടെത്തി. എന്നാൽ കഴിഞ്ഞ ദശകങ്ങളിൽ, അവിടത്തെ നിവാസികളിൽ പലരും അതിലും വിലപ്പെട്ട ഒരു ജലസ്രോതസ്സ് കണ്ടെത്തുകയുണ്ടായി—‘നിത്യജീവൻ’ പകർന്നുനൽകുന്ന ‘ജീവജലത്തിന്റെ’ സ്രോതസ്സ്. (യോഹ. 4:10-14) ‘നീതിക്കായി ദാഹിക്കുന്ന’ യുഗാണ്ടൻ ജനതയുടെ കഥയാണ് ഇനി പറയാൻ പോകുന്നത്.—മത്താ. 5:6.
“ആഫ്രിക്കയുടെ മുത്ത്”
മിതമായ കാലാവസ്ഥയുള്ള മനോഹരമായ ഒരു ദേശമാണ് യുഗാണ്ട. ആഫ്രിക്കയുടെ മധ്യഭാഗത്തായി ഭൂമധ്യരേഖയ്ക്ക് ഏതാണ്ട് കുറുകെയാണ് ഇതിന്റെ സ്ഥാനം. ‘ചന്ദ്രഗിരി’ എന്നു വിളിപ്പേരുള്ള ഗംഭീരമായ റ്വെൻസോറി മലനിരകളുടെ നെറുകയിലെ മഞ്ഞുപാളികളിൽനിന്ന് ഉരുകിയിറങ്ങുന്ന ജലധാര ആയിരക്കണക്കിന് നദികളിലേക്കും തടാകങ്ങളിലേക്കും വന്നുപതിക്കുന്നു. കാപ്പി, തേയില, പരുത്തി എന്നിവയുടെ കൃഷിക്ക് തികച്ചും അനുയോജ്യമാണ് യുഗാണ്ടയിലെ വളക്കൂറുള്ള മണ്ണും അവിടെ സമൃദ്ധമായി ലഭിക്കുന്ന മഴയും. ഏത്തവാഴക്കൃഷിയും വ്യാപകമാണിവിടെ. യുഗാണ്ടക്കാരുടെ ഒരു പ്രധാന വിഭവമായ മാട്ടൂക്കെ ഉണ്ടാക്കാൻ ഏത്തക്കായാണ് ഉപയോഗിക്കുന്നത്. കപ്പ, ചോളം, തിന എന്നിവയും നാട്ടുകാരുടെ ഭക്ഷണത്തിൽപ്പെടുന്നു.
സിംഹം, ആന, ഹിപ്പോ, മുതല, പുള്ളിപ്പുലി, ജിറാഫ്, മാൻ, ചിമ്പാൻസി, പലതരം കുരങ്ങുകൾ, വംശനാശഭീഷണി നേരിടുന്ന മൗണ്ടൻ ഗൊറില്ല എന്നിവയുടെ വിഹാരഭൂമിയാണ് ഈ ഉഷ്ണമേഖലാ രാജ്യം. വർണപ്പകിട്ടാർന്ന പക്ഷികളുടെ കളകൂജനങ്ങൾകൊണ്ട് മുഖരിതമാണ് ഇവിടം. അതെ, “ആഫ്രിക്കയുടെ മുത്ത്” എന്നു പ്രകീർത്തിക്കപ്പെടാൻമാത്രം മനോഹരമാണ് യുഗാണ്ട.
യുഗാണ്ടയിലെ നല്ലവരായ നാട്ടുകാർ
30-ഓളം വംശീയക്കൂട്ടങ്ങളിൽപ്പെടുന്ന മൂന്നുകോടിയോളം നിവാസികളുണ്ട് യുഗാണ്ടയിൽ. മതതത്പരരായ ഇവരിൽ പലരും ക്രൈസ്തവ വിശ്വാസം പിൻപറ്റുന്നവരാണ്; എന്നാൽ മറ്റിടങ്ങളിലെപ്പോലെതന്നെ ഇവരുടെ ആരാധനാ രീതികൾ പരമ്പരാഗത മതാനുഷ്ഠാനങ്ങളുമായി ഇടകലർന്നുകിടക്കുന്നു. പൊതുവെ സൗഹൃദഭാവവും ആതിഥ്യമര്യാദയും ഉള്ളവരാണ് ഇവിടത്തുകാർ. മുതിർന്നവരെ അഭിവാദനം ചെയ്യുമ്പോഴോ അവരുടെ മുന്നിൽ ഭക്ഷണം വിളമ്പുമ്പോഴോ മുട്ടുകുത്തുന്നത് അസാധാരണമല്ല.
ദുഃഖകരമെന്നു പറയട്ടെ, 1970-കളിലെയും 1980-കളിലെയും രാഷ്ട്രീയ സംഘർഷവും തത്ഫലമായുണ്ടായ ആയിരങ്ങളുടെ മരണവും “മുത്തു”പോലെ മനോഹരമായ ഈ ദേശത്തിനും ഇവിടത്തെ നല്ലവരായ നാട്ടുകാർക്കും കനത്ത പ്രഹരമായിരുന്നു. പോരാത്തതിന്, ‘കൂനിന്മേൽ കുരു’പോലെ എയ്ഡ്സ് എന്ന മഹാവ്യാധിയും യുഗാണ്ടയിൽ താണ്ഡവമാടി. എല്ലാം സഹിച്ചുകഴിഞ്ഞ യുഗാണ്ടൻ ജനതയ്ക്ക് ഈ ദുഷ്കരമായ സാഹചര്യത്തിൽ ആശ്വാസവും പ്രത്യാശയുമായി യഹോവയുടെ സാക്ഷികൾ എത്തിച്ചേർന്നു.
ആദ്യകാല പ്രവർത്തകർ
യുഗാണ്ടയിലെ രാജ്യപ്രസംഗവേലയുടെ ചരിത്രം ആരംഭിക്കുന്നത് 1931-ൽ ആണ്. അപ്പോൾ ഭൂമധ്യരേഖയ്ക്ക് തെക്കുള്ള മുഴു ആഫ്രിക്കൻ പ്രദേശത്തെയും വേലയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നത് ദക്ഷിണാഫ്രിക്ക ബ്രാഞ്ച് ഓഫീസാണ്. വിശാലമായ ഈ പ്രദേശത്ത് പ്രസംഗവേല തുടങ്ങാൻ ബ്രാഞ്ച് ഓഫീസ് പയനിയർമാരായ റോബർട്ട് നിസ്ബെറ്റിനെയും ഡേവിഡ് നോർമനെയും നിയമിച്ചു. ഇപ്പോഴത്തെ കെനിയ, യുഗാണ്ട, ടാൻസാനിയ എന്നിവയായിരുന്നു അവരുടെ പ്രദേശങ്ങൾ.
നിസ്ബെറ്റും നോർമനും രാജ്യസന്ദേശവുമായി ആഫ്രിക്കയുടെ ഉൾനാടൻ പ്രദേശങ്ങളിലേക്കു പോകാൻ തീരുമാനിച്ചു. 200 കാർട്ടൺ സാഹിത്യങ്ങളുമായി അവർ ഡാർ എസ് സലാം എന്ന സ്ഥലത്ത് 1931 ആഗസ്റ്റ് 31-ന് പ്രവർത്തനം ആരംഭിച്ചു. അവിടെനിന്ന് സാൻസിബാർ ദ്വീപിലേക്കും പിന്നെ മൊമ്പാസാ തുറമുഖംവഴി കെനിയയുടെ മലയോരപ്രദേശങ്ങളിലേക്കും അവർ യാത്രതിരിച്ചു. ട്രെയിനിലായിരുന്നു യാത്ര. പോകുന്നവഴിക്കുള്ള പട്ടണങ്ങളിൽ അവർ സുവാർത്ത പ്രസംഗിച്ചു, അങ്ങനെ വിക്ടോറിയ തടാകത്തിന്റെ കിഴക്കൻ തീരത്ത് അവർ എത്തിച്ചേർന്നു. ഒരു ആവിക്കപ്പലിൽ തടാകം കടന്ന് ധീരരായ ഈ പയനിയർമാർ യുഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ എത്തി. ധാരാളം സാഹിത്യങ്ങളും സുവർണ യുഗത്തിന്റെ വരിസംഖ്യകളും സമർപ്പിച്ച ഈ സഹോദരന്മാർ വാഹനത്തിലും മറ്റുമായി കുറെക്കൂടെ ഉള്ളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.
നാലുവർഷത്തിനുശേഷം 1935-ൽ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള നാലുപയനിയർമാർ പൂർവ ആഫ്രിക്കയിലേക്ക് മറ്റൊരു പര്യടനം നടത്തി. ഗ്രേ സ്മിത്തും ഭാര്യ ഓൾഗയും റോബർട്ട് നിസ്ബെറ്റും അദ്ദേഹത്തിന്റെ അനുജൻ ജോർജുമായിരുന്നു അവർ. രണ്ടുവാഹനങ്ങളിൽ താമസസൗകര്യവും മറ്റു സജ്ജീകരണങ്ങളും ഒരുക്കി, ഉത്സാഹികളായ ഈ പയനിയർമാർ ദുർഘടമായ വഴികളിലൂടെ പത്ത് അടിയോളം ഉയരത്തിൽ വളർന്നുനിൽക്കുന്ന ആനപ്പുല്ലുകൾ വകഞ്ഞുമാറ്റി യാത്രതുടർന്നു. ഒരു റിപ്പോർട്ട് പറയുന്നു: “കാട്ടിലാണ് പലപ്പോഴും അവർ അന്തിയുറങ്ങിയത്. ആഫ്രിക്കയുടെ ഹൃദയത്തുടിപ്പുകൾ അവർക്ക് അനുഭവവേദ്യമായി—രാത്രികാലങ്ങളിലെ സിംഹഗർജനങ്ങൾ, ശാന്തമായി മേയുന്ന സീബ്രകളും ജിറാഫുകളും, പേടിപ്പെടുത്തുന്ന കാണ്ടാമൃഗങ്ങളും കാട്ടാനകളും എന്നിങ്ങനെ അവിടത്തെ അപാരമായ ജന്തുവൈവിധ്യം കണ്ടുംകേട്ടും അവർ അടുത്തറിഞ്ഞു.” നിർഭയരായ ഈ സാക്ഷികൾ, മുമ്പൊരിക്കലും രാജ്യസന്ദേശം കേട്ടിട്ടില്ലാത്ത പട്ടണങ്ങളിലേക്ക് സുവാർത്തയുമായി കടന്നുചെന്നു.
ഗ്രേയും ഓൾഗയും ടാങ്കനിക്കയിൽ (ഇപ്പോൾ ടാൻസാനിയ) കുറച്ചുസമയം ചെലവഴിച്ചപ്പോൾ റോബർട്ടും ജോർജും കെനിയയിലെ നയ്റോബിയിലേക്ക് തിരിച്ചു. പിന്നീട് ബ്രിട്ടീഷ് കോളനി അധികാരികൾ ഗ്രേയോടും ഓൾഗയോടും ടാങ്കനിക്ക വിടാൻ ഉത്തരവിട്ടപ്പോൾ അവർ യുഗാണ്ടയിലെ കമ്പാലയിലേക്ക് പോയി. എന്നാൽ ഇപ്രാവശ്യം സാഹചര്യങ്ങൾ അത്ര അനുകൂലമായിരുന്നില്ല. അവർ എല്ലായ്പോഴും കമ്പാല പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നിട്ടും ഈ ദമ്പതികൾ രണ്ടുമാസംകൊണ്ട് 2,122 പുസ്തകങ്ങളും ചെറുപുസ്തകങ്ങളും ആളുകളുടെ പക്കലെത്തിച്ചു. അതുപോലെ ആറു പരസ്യയോഗങ്ങളും സംഘടിപ്പിച്ചു. ഒടുവിൽ ഗവർണർ ഇവരെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. യുഗാണ്ടയിൽനിന്ന് അവർ നയ്റോബിയിലേക്കുപോയി. അവിടെനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പോകുംമുമ്പ് നിസ്ബെറ്റ് സഹോദരന്മാരെ അവർ അവിടെ കണ്ടുമുട്ടി.
യഹോവയുടെ അനുഗ്രഹത്താൽ ഈ പ്രസംഗപര്യടനങ്ങൾ വൻവിജയമായിരുന്നു; നല്ല സാക്ഷ്യംനൽകാൻ അവ ഉതകി. മതാധികാരികളിൽനിന്നും അന്നത്തെ കൊളോണിയൽ അധികാരികളിൽനിന്നും കടുത്ത എതിർപ്പു നേരിട്ടിട്ടും ഈ പയനിയർമാർ 3,000-ത്തിലേറെ പുസ്തകങ്ങളും 7,000-ത്തിലധികം ചെറുപുസ്തകങ്ങളും സമർപ്പിക്കുകയുണ്ടായി, ഒട്ടനവധി വരിസംഖ്യകളും അവർക്കു ലഭിച്ചു. ഈ പ്രസംഗപര്യടനത്തിനുശേഷം കുറെനാളുകൾ കഴിഞ്ഞാണ് യുഗാണ്ടയിൽ വീണ്ടും വേല പുനരാരംഭിക്കുന്നത്.
വേല പുനരാരംഭിക്കുന്നു
1950 ഏപ്രിലിൽ ഇംഗ്ലണ്ടിൽനിന്നുള്ള കിൽമിൻസ്റ്റർ സഹോദരനും ഭാര്യയും കമ്പാലയിൽ താമസത്തിനെത്തി. ഈ യുവദമ്പതികൾ ഉത്സാഹത്തോടെ സുവാർത്ത പ്രസംഗിക്കാൻ ആരംഭിച്ചു. അവരുടെ പ്രവർത്തനഫലമായി, ഒരു ഗ്രീക്ക് കുടുംബവും ഒരു ഇറ്റാലിയൻ കുടുംബവും രാജ്യസന്ദേശം സ്വീകരിച്ചു.
പിന്നീട് 1952 ഡിസംബറിൽ, ന്യൂയോർക്കിലെ, യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തുനിന്നുള്ള നോർ സഹോദരനും ഹെൻഷൽ സഹോദരനും നയ്റോബി സന്ദർശിച്ചു. അവർ വരുന്ന വിവരമറിഞ്ഞ് കിൽമിൻസ്റ്റർ സഹോദരൻ കമ്പാലയിൽനിന്ന് നയ്റോബിവരെ യാത്രചെയ്ത് അവരെ കാണാനെത്തി. നോർ സഹോദരനും ഹെൻഷൽ സഹോദരനും നയ്റോബിയിലുള്ള ചെറിയ കൂട്ടത്തിന് പ്രോത്സാഹനം പകർന്നു. ആ കൂട്ടത്തെ ഒരു സഭയാക്കി മാറ്റാനുള്ള ക്രമീകരണങ്ങളും ചെയ്തു. പുതിയതായി രൂപംകൊണ്ടതാണെങ്കിലും ആ ചെറിയ സഭ പെട്ടെന്ന് വളരാൻ തുടങ്ങി. 1954 സേവനവർഷത്തിൽ പത്തുപ്രസാധകരാണ് ശുശ്രൂഷയിൽ ഏർപ്പെട്ടത്.
ആ വർഷംതന്നെ ദക്ഷിണ റൊഡേഷ്യൻ ബ്രാഞ്ചിൽനിന്നുള്ള (ഇപ്പോഴത്തെ സിംബാബ്വെ) എറിക് കൂക്ക് സഹോദരൻ പൂർവാഫ്രിക്ക സന്ദർശിക്കുകയും കമ്പാലയിലെ പുതിയ സഭയോടൊപ്പം കുറച്ചുകാലം പ്രവർത്തിക്കുകയും ചെയ്തു. വാരന്തോറും അവർ വീക്ഷാഗോപുര അധ്യയനം നടത്തിയിരുന്നെങ്കിലും ശുശ്രൂഷയിൽ അവർ അത്ര സജീവമല്ലായിരുന്നു. അതുകൊണ്ട് കൂക്ക് സഹോദരൻ, കിൽമിൻസ്റ്റർ സഹോദരനോട് സേവനയോഗം ഉൾപ്പെടെയുള്ള എല്ലാ യോഗങ്ങളും നടത്താൻ ആവശ്യപ്പെട്ടു. പ്രസംഗവേല ഊർജിതമാക്കുന്നതിനുവേണ്ടി കൂക്ക് സഹോദരൻ വീടുതോറുമുള്ള വേലയ്ക്ക് മുൻതൂക്കം നൽകുകയും പ്രസാധകരിൽ കുറെപ്പേർക്ക് താത്പര്യപൂർവം വ്യക്തിപരമായ സഹായം നൽകുകയും ചെയ്തു.
അതുവരെ, പ്രസംഗവേലയിലധികവും നടത്തിയിരുന്നത് യുഗാണ്ടയിൽ താമസിക്കുന്ന യൂറോപ്യന്മാർക്കിടയിലായിരുന്നു. എന്നാൽ കമ്പാലയിലെ യുഗാണ്ടക്കാർ മിക്കവരും ലുഗാണ്ട ഭാഷ സംസാരിക്കുന്നവരാണെന്ന് കൂക്ക് സഹോദരൻ നിരീക്ഷിച്ചു. രാജ്യസത്യം തദ്ദേശവാസികളുടെ ഹൃദയത്തെ സ്പർശിക്കണമെങ്കിൽ പ്രസിദ്ധീകരണങ്ങൾ ലുഗാണ്ട ഭാഷയിൽ ലഭ്യമാക്കണമെന്ന് കൂക്ക് സഹോദരൻ നിർദേശിച്ചു. 1958-ൽ, പുതുതായി പരിഭാഷചെയ്ത, “രാജ്യത്തിന്റെ ഈ സുവാർത്ത” എന്ന ചെറുപുസ്തകം പ്രസാധകർ ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ ചെയ്തത് എത്രമാത്രം പ്രയോജനം ചെയ്തെന്നോ! 1961-ൽ ശുശ്രൂഷയിൽ പങ്കുപറ്റുന്നവരുടെ എണ്ണം 19 ആയി.
ലൗകിക ജോലി നോക്കുകയായിരുന്ന കിൽമിൻസ്റ്റർ സഹോദരൻ ജോലിക്കിടെ ജോർജ് കാഡൂ എന്ന യുഗാണ്ടക്കാരനെ കണ്ടുമുട്ടി. 40 കഴിഞ്ഞ ചുറുചുറുക്കുള്ള ആ മനുഷ്യന് ഇംഗ്ലീഷും മാതൃഭാഷയായ ലുഗാണ്ടയും നല്ലവശമായിരുന്നു. ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് മനസ്സിലാക്കിയപ്പോൾ ആത്മീയ സത്യത്തോടുള്ള ജോർജിന്റെ താത്പര്യം വളർന്നു. അദ്ദേഹം ബൈബിൾ പഠിക്കാനാരംഭിച്ചു. താമസിയാതെ, വീടുതോറുമുള്ള വേലയിൽ കിൽമിൻസ്റ്റർ സഹോദരനോടൊപ്പം അദ്ദേഹം തർജമക്കാരനായി പോകാൻതുടങ്ങി. 1956-ൽ വിക്ടോറിയ തടാകത്തിൽവെച്ച് യുഗാണ്ടയിലെ ആദ്യത്തെ സ്നാനം നടന്നു, അന്ന് സ്നാനമേറ്റവരിൽ ജോർജും ഉണ്ടായിരുന്നു.
എന്നാൽ അധികം കഴിയുന്നതിനുമുമ്പ് അവിടത്തെ പ്രസംഗവേല പിന്നെയും മന്ദഗതിയിലായി. ജോലികാര്യങ്ങളുമായിവന്ന വിദേശീയരായ ചില സഹോദരങ്ങൾ തൊഴിൽ കോൺട്രാക്റ്റിന്റെ കാലാവധി കഴിഞ്ഞപ്പോൾ സ്വന്തം ദേശങ്ങളിലേക്ക് തിരിച്ചുപോയി. ചില സഹോദരങ്ങളെ സഭയിൽനിന്നു പുറത്താക്കേണ്ടിവന്നു. സഭയിലെ ചിലരുടെ തിരുവെഴുത്തുവിരുദ്ധ നടപടികളിൽ വേറെ കുറെപ്പേർ ഇടറിപ്പോയി. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും കാഡൂ സഹോദരൻ യഹോവയെ സ്നേഹിച്ചു, താൻ കണ്ടെത്തിയിരിക്കുന്നത് സത്യമാണെന്നുള്ള ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. “അനുകൂലകാലത്തും പ്രതികൂലകാലത്തും” അദ്ദേഹം സത്യത്തോടൊപ്പം നിന്നു. വിശ്വസ്തനായ ഒരു മൂപ്പനായി സേവിച്ച കാഡൂ സഹോദരൻ 1998-ൽ മരണമടഞ്ഞു.—2 തിമൊ. 4:2.
ആവശ്യം അധികമുള്ളിടത്തേക്ക്. . .
വിശാലമായ ഒരു വയലായിരുന്നു കിഴക്കൻ ആഫ്രിക്കയിലേത്. രാജ്യപ്രസംഗകരെ അവിടെ ധാരാളം ആവശ്യമുണ്ടായിരുന്നു. എന്നാൽ അതോടൊപ്പം ഒരു പ്രശ്നവും ഉണ്ടായിരുന്നു: ആ പ്രദേശത്തേക്ക് പോകാൻ മിഷനറിമാർക്ക് അധികാരികൾ അനുവാദം കൊടുക്കില്ല. ഈ സാഹചര്യത്തിൽ എന്തു ചെയ്യാനാകും?
1957-ൽ, ആവശ്യം അധികമുള്ള സ്ഥലങ്ങളിൽ സേവിക്കാൻ താത്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ടുള്ള ഒരു അറിയിപ്പുണ്ടായി. ലോകവ്യാപകമായുള്ളതായിരുന്നു ഈ ക്ഷണം. പൗലോസിന്റെ ദർശനത്തിലെ, “മാസിഡോണിയയിലേക്കു കടന്നുവന്നു ഞങ്ങളെ സഹായിക്കേണമേ” എന്നതിനു സമാനമായ ഒരു ക്ഷണമായിരുന്നു അത്. (പ്രവൃ. 16:9, 10) ആത്മീയമനസ്കരായ സഹോദരങ്ങൾ ആ ക്ഷണം സ്വീകരിച്ചു. ഇത് യുഗാണ്ടയിലെ രാജ്യപ്രസംഗവേലയ്ക്ക് എങ്ങനെ ആക്കംകൂട്ടി?
ഫ്രാങ്ക് സ്മിത്തും ഭാര്യ മേരിയും യെശയ്യാപ്രവാചകന്റെ അതേ മനോഭാവത്തോടെ മുന്നോട്ടുവന്നു. പെട്ടെന്നുതന്നെ അവർ പൂർവ ആഫ്രിക്കയിലേക്കു പോകാനുള്ള ഒരുക്കങ്ങളെല്ലാം ആരംഭിച്ചു.a (യെശ. 6:8) 1959 ജൂലൈ മാസത്തിൽ അവർ ന്യൂയോർക്കിൽനിന്ന് മൊമ്പാസയിലേക്ക് കപ്പൽകയറി, കേപ്ടൗൺ വഴിയായിരുന്നു യാത്ര. അവിടെനിന്ന് റെയിൽമാർഗം കമ്പാലയിലേക്കു പോയി. അവിടെ ഫ്രാങ്ക് സഹോദരന് ഒരു ഗവണ്മെന്റ് ജോലി തരപ്പെട്ടു—ജിയോളജിക്കൽ സർവേ ഡിപ്പാർട്ടുമെന്റിലെ കെമിസ്റ്റ് ആയി. കമ്പാലയിൽനിന്ന് ഏകദേശം 35 കിലോമീറ്റർ തെക്കുമാറിയുള്ള എൻറ്റെബെയിൽ അവർ താമസമാക്കി; വിക്ടോറിയ തടാകത്തിന്റെ തീരത്തു സ്ഥിതിചെയ്തിരുന്ന ഈ മനോഹര നഗരത്തിൽ രാജ്യസുവാർത്ത എത്തിയിട്ടില്ലായിരുന്നു. കമ്പാലയിലെ ചെറുതെങ്കിലും വളർന്നുകൊണ്ടിരുന്ന സഭയോടൊപ്പം അവർ ക്രമമായി യോഗങ്ങൾക്ക് കൂടിവന്നു.
താമസിയാതെ, ഫ്രാങ്കും ഭാര്യയും യുഗാണ്ടയിൽ സിവിൽസർവീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്ന പീറ്റർ ജാബിയെയും ഭാര്യ എസ്ഥേറിനെയും സുവാർത്ത അറിയിച്ചു. മുമ്പൊരിക്കൽ, പീറ്ററിന് മതം മനുഷ്യവർഗത്തിനായി എന്തു ചെയ്തിരിക്കുന്നു? b (ഇംഗ്ലീഷ്) എന്ന പുസ്തകം ലഭിച്ചിരുന്നു. പക്ഷേ ജോലിത്തിരക്കും തുടരെത്തുടരെയുള്ള സ്ഥലംമാറ്റങ്ങളുംനിമിത്തം അദ്ദേഹത്തിന് അതൊന്നു വായിക്കാനുള്ള സാവകാശം കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് രണ്ടുഗോത്രങ്ങൾ തമ്മിലുള്ള സങ്കീർണമായൊരു സ്ഥലതർക്കം പരിഹരിക്കാൻ പീറ്ററിനെ അവിടേക്ക് അയയ്ക്കുന്നത്. ആ അവസരത്തിൽ പീറ്റർ ഇങ്ങനെ പ്രാർഥിച്ചു: “ദൈവമേ, നീ എന്നെ സഹായിക്കുമെങ്കിൽ ഞാൻ നിനക്കുവേണ്ടി പ്രവർത്തിക്കും.” പോയകാര്യം സമാധാനപരമായി പരിഹരിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം തന്റെ പ്രാർഥനയെക്കുറിച്ച് ഓർത്തു. അങ്ങനെ കൈയിലുള്ള ആ പുസ്തകം വായിക്കാൻ തുടങ്ങി. താൻ വായിച്ചകാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ട അദ്ദേഹം സാക്ഷികളെ അന്വേഷിച്ചിറങ്ങി. അങ്ങനെ അദ്ദേഹം ഫ്രാങ്ക് സ്മിത്തിനെ കണ്ടുമുട്ടി! ഫ്രാങ്ക് അദ്ദേഹത്തിനും ഭാര്യക്കും ബൈബിളധ്യയനം ആരംഭിച്ചു. തുടർന്ന് പീറ്ററും ഭാര്യയും സ്നാനമേറ്റു. നാലുദശകത്തിലേറെയായി അവർ വിശ്വസ്തതയോടെ യഹോവയെ സേവിക്കുന്നു.
ആവശ്യം അധികമുള്ളിടത്തു സേവിക്കാനുള്ള ക്ഷണത്തോട് വിദേശീയരായ മറ്റു സഹോദരങ്ങളും പ്രതികരിച്ചു. ചിലർ കമ്പാലയിൽനിന്ന് ദൂരെയുള്ള സ്ഥലങ്ങളിൽ തൊഴിൽ കോൺട്രാക്റ്റുകൾ നേടിയെടുത്ത് അവിടേക്ക് പോയി. ഒരു ദമ്പതികൾ കമ്പാലയിൽനിന്ന് ഏതാണ്ട് 300 കിലോമീറ്റർ തെക്കുപടിഞ്ഞാറായി കിടക്കുന്ന ഇംബാരാരായിൽ താമസമാക്കി. കൊച്ചുകൊച്ചു കുന്നുകൾക്കിടയിലുള്ള ഒരു കൊച്ചുപട്ടണമായിരുന്നു ഇത്. വീക്ഷാഗോപുര അധ്യയനവും പുസ്തകാധ്യയനവും വീട്ടിൽവെച്ചു നടത്താൻ അവർ ക്രമീകരണം ചെയ്തു. ഇടയ്ക്കിടെ ക്രിസ്തീയ സഹോദരങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നതിനായി അവർ കമ്പാലയിലേക്കോ എൻറ്റെബെയിലേക്കോ പോകുമായിരുന്നു. വടക്കൻ റൊഡേഷ്യയിലെ (ഇന്നത്തെ സാംബിയ) ലൂയാൻഷായിലുള്ള ബ്രാഞ്ച് ഓഫീസുമായി ബന്ധം പുലർത്തിക്കൊണ്ടിരുന്നു ഇവർ. ആ സമയത്ത് പൂർവാഫ്രിക്കയിലെ രാജ്യവേലയ്ക്കു മേൽനോട്ടം വഹിച്ചിരുന്നത് അവിടെനിന്നായിരുന്നു. ബ്രാഞ്ചിൽ അപ്പോൾ ചുമതല വഹിച്ചിരുന്നത് ഹാരി ആർനറ്റ് സഹോദരനായിരുന്നു. മേഖലാ മേൽവിചാരകനായി സേവിച്ച അദ്ദേഹം യുഗാണ്ടയിലെ പ്രസാധകരുടെ ആ ചെറിയ കൂട്ടത്തെ പ്രോത്സാഹിപ്പിക്കാൻ കമ്പാല സന്ദർശിക്കുകയുണ്ടായി. അവിടത്തെ സഹോദരങ്ങൾ അദ്ദേഹത്തിന്റെ കരുതലും സ്നേഹവും അങ്ങേയറ്റം വിലമതിച്ചു.
ആവശ്യം അധികമുള്ളിടത്തു സേവിക്കാൻ അതിയായി ആഗ്രഹിച്ച മറ്റൊരു ദമ്പതികളായിരുന്നു ടോം കൂക്കും ഭാര്യ ആനും. പല രാജ്യത്തും ജോലിക്കുവേണ്ടി അപേക്ഷിച്ച ടോമിന് ഒടുവിൽ യുഗാണ്ടയിലെ വിദ്യാഭ്യാസ കാര്യാലയത്തിൽ സൂപ്പർവൈസറായി ജോലികിട്ടി. ആദ്യ നിയമനം കമ്പാലയ്ക്കു കിഴക്ക് 130 കിലോമീറ്ററോളം അകലെയുള്ള ഇഗാങ്ഗായിലായിരുന്നു. ആനിനെയും നാലുവയസ്സുകാരി മകൾ സാറയെയും കൂട്ടി അദ്ദേഹം ആ ചെറിയ പട്ടണത്തിൽ താമസമാക്കി. രണ്ടാമത്തെ കുട്ടിയായ റെയ്ച്ചൽ ജനിച്ചപ്പോൾ ടോമും കുടുംബവും ജിൻജായിലേക്ക് താമസംമാറ്റി. നൈലിന്റെ ഉദ്ഭവസ്ഥാനമെന്ന് കരുതപ്പെടുന്നത് ഈ സ്ഥലമാണ്. പിന്നീട് അവർ കമ്പാലയിലേക്കു മാറി.
ത്യാഗങ്ങളും അനുഗ്രഹങ്ങളും
ഈ കുടുംബങ്ങൾ യുഗാണ്ടയിലെ രാജ്യപ്രസംഗവേലയ്ക്ക് നൽകിയ പിന്തുണയും സഹായവും ചെറുതല്ലായിരുന്നു. ജീവിച്ചു പരിചയിച്ച ചുറ്റുപാടുകളും സുഖസൗകര്യങ്ങളുമൊക്കെ ഉപേക്ഷിച്ചാണ് അവർ ഇതിനായി ഇറങ്ങിത്തിരിച്ചത്. അതിനു കിട്ടിയ പ്രതിഫലമോ? ആത്മാർഥഹൃദയരായ ആളുകൾ രാജ്യസന്ദേശം ഇരുകയ്യും നീട്ടി സ്വീകരിച്ച് സ്വന്തം ജീവിതരീതികൾക്കു മാറ്റം വരുത്തുന്നതു കാണുന്നതിന്റെ സന്തോഷം അവർക്ക് ആസ്വദിക്കാനായി. മാത്രമല്ല, അവരുടെ കുടുംബങ്ങളും ആ പ്രദേശങ്ങളിൽ പുതുതായി സത്യത്തിലേക്കു വന്നവരുടെ കുടുംബങ്ങളും തമ്മിൽ ശക്തമായ സ്നേഹബന്ധം ഉടലെടുക്കാൻ അവരുടെ സഹവാസവും ഒത്തൊരുമിച്ചുള്ള ആരാധനയും ഇടയാക്കി.
“ശുശ്രൂഷയിലായിരിക്കെ ഇവിടുത്തെ ആളുകൾ ഞങ്ങളോടു കാണിച്ച ബഹുമാനവും കരുതലും ഞങ്ങളുടെ മനംകവർന്നു. എത്ര മാന്യതയോടെയാണ് അവർ ഞങ്ങളോട് ഇടപെട്ടതെന്നോ!” ടോം കൂക്ക് പറയുന്നു. “സഭയുടെ അഭിവൃദ്ധിയിൽ ഒരു ചെറിയ പങ്കുവഹിക്കാനായത് വലിയൊരു ബഹുമതിയാണ്,” അദ്ദേഹം തുടർന്നു.
അവിടേക്ക് മാറിത്താമസിച്ചിട്ട് എന്തുതോന്നി എന്നു ചോദിച്ചപ്പോൾ ടോമിന്റെ മറുപടി ഇതായിരുന്നു: “വളർന്നുവരുന്ന ഞങ്ങളുടെ മക്കളോടൊപ്പം യഹോവയെ സേവിക്കാൻ ഇതിലും മെച്ചമായൊരു ചുറ്റുപാട് ഞങ്ങൾക്കു ലഭിക്കാനില്ല. പല രാജ്യങ്ങളിൽനിന്നുള്ള സഹോദരീസഹോദരന്മാരുടെ നല്ല മാതൃക ഞങ്ങൾക്കുണ്ടായിരുന്നു. സ്നേഹമയികളും വിശ്വസ്തരുമായ പ്രാദേശികസഹോദരങ്ങളുടെ സൗഹൃദം, സേവനത്തിലെ അമൂല്യമായ പദവികൾ, ടെലിവിഷന്റെ ദുസ്സ്വാധീനത്തിൽനിന്നുള്ള വിമുക്തി, ആഫ്രിക്കൻ ഗ്രാമാന്തരങ്ങളുടെ സൗന്ദര്യവും ദൃശ്യവിസ്മയങ്ങളും കണ്ടാസ്വദിക്കാൻ ലഭിച്ച അസുലഭാവസരം എന്നിങ്ങനെ പലതുമുണ്ട് ഞങ്ങൾക്കു പറയാൻ.”
ആവശ്യം അധികമുള്ളിടത്തു വന്നു സേവിക്കുന്ന സഹോദരങ്ങൾ ക്രിസ്തീയ സഹവാസത്തെ എത്രയധികം വിലമതിച്ചുവെന്നു കാണിക്കുന്നതാണ് സർക്കിട്ട് സമ്മേളനങ്ങൾക്കായി കെനിയവരെ യാത്രചെയ്യാനുള്ള അവരുടെ മനസ്സൊരുക്കം. ബസ്സിലോ ട്രെയിനിലോ ഒരു വശത്തേക്കുമാത്രം 750 കിലോമീറ്റർ സഞ്ചരിക്കേണ്ടിയിരുന്നു ഇതിന്!
ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്ക് പോകാൻ ഇതിലും ശ്രമം ചെയ്യേണ്ടതുണ്ടായിരുന്നു. ഉദാഹരണത്തിന്, യുഗാണ്ടയിൽനിന്നും കെനിയയിൽനിന്നുമുള്ള സഹോദരങ്ങൾ 1961-ൽ, ഉത്തര റൊഡേഷ്യയിൽ (സാംബിയ) നടന്ന ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കുകയുണ്ടായി. “അതിനായി ടാങ്കനിക്കയിലെ (ടാൻസാനിയ) ദുർഘടംപിടിച്ച വഴിയിലൂടെ 1,600 കിലോമീറ്ററോളം യാത്രചെയ്യണമായിരുന്നു, അതും നാലുദിവസം,” കൺവെൻഷനിൽ സംബന്ധിച്ച ഒരു സഹോദരൻ പറയുന്നു. “മടക്കയാത്രയ്ക്കുമെടുക്കും നാലുദിവസം, ചുട്ടുപൊള്ളുന്ന വെയിലത്ത് പൊടിനിറഞ്ഞ ആഫ്രിക്കൻ സാവന്നയിലൂടെ. ഒരു സാഹസികയാത്രതന്നെ ആയിരുന്നു അത്. എങ്കിലും ഒരുപാട് സഹോദരങ്ങളെ കാണാനും സംസാരിക്കാനും സ്നേഹം പങ്കിടാനുമൊക്കെ സാധിച്ചത് വലിയൊരു അനുഗ്രഹമാണ്,” ആ സഹോദരന്റെ വാക്കുകൾ. ആ കൺവെൻഷനിൽ സംബന്ധിക്കുന്നതിന് നല്ല ആസൂത്രണവും തീവ്രശ്രമവും സഹോദരങ്ങളുടെ ഭാഗത്ത് ആവശ്യമായിരുന്നു. അതിന് അവർക്കു കിട്ടിയ പ്രതിഫലം, അതായത് ആത്മീയ നവോന്മേഷം, അനിർവചനീയമാണ്.
കാതലായ പങ്കുവഹിച്ച മിഷനറിമാർ
1962-ൽ യുഗാണ്ട ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടി. പിറ്റേവർഷം ഹെൻഷൽ സഹോദരൻ കെനിയയിലെ നയ്റോബി സന്ദർശിക്കുകയും യുഗാണ്ടയിലേക്ക് മിഷനറിമാരെ അയയ്ക്കുന്നതിനെക്കുറിച്ചു ചർച്ചചെയ്യുകയും ചെയ്തു. ആരെയായിരിക്കും ഇവിടേക്ക് നിയമിക്കുക?
37-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്ന് ബിരുദം നേടിയ ടോം മക്ലെയ്നും ഭാര്യ ബെഥെലും ആയിടെയാണ് നയ്റോബിയിൽ വന്നു പ്രവർത്തനം ആരംഭിച്ചത്. എന്നാൽ തങ്ങളെ ഇപ്പോൾ കമ്പാലയിലേക്ക് നിയമിച്ചിരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ അവർ അതിശയിച്ചുപോയി. ആ പുതിയ നിയമനം അവർ മനസ്സോടെ സ്വീകരിച്ചു; അങ്ങനെ യുഗാണ്ടയിലെ ആദ്യത്തെ ഗിലെയാദ് മിഷനറിമാരായി അവർ. “കെനിയ വിട്ടുപോന്നതിൽ ആദ്യമൊക്കെ വിഷമംതോന്നി. എന്നാൽ പെട്ടെന്നുതന്നെ ഞങ്ങൾ യുഗാണ്ടയോട് ഇഴുകിച്ചേർന്നു. സൗഹൃദമനസ്കരായ നാട്ടുകാരും സുവാർത്തയോടുള്ള അവരുടെ ആവേശകരമായ പ്രതികരണവും ഞങ്ങളുടെ വേലയെ ആസ്വാദ്യമാക്കി,” ടോം പറയുന്നു.
കെനിയയിലായിരിക്കെ ടോമും ബെഥെലും സ്വാഹിലി ഭാഷ പഠിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് പുതിയൊരു ഭാഷ പഠിക്കണം—ലുഗാണ്ട. അവർക്ക് ഭാഷാധ്യാപകരുടെ സഹായമൊന്നുമില്ലായിരുന്നു. ദൃഢനിശ്ചയവും യഹോവയിലുള്ള ആശ്രയവും പിന്നെ സ്വന്തമായി ഭാഷപഠിക്കാൻ സഹായിക്കുന്ന ‘ഒരു ഭാഷാപഠന സഹായി’യുമാണ് അവർക്കുണ്ടായിരുന്നത്. യുഗാണ്ടയിൽ എത്തി ആദ്യമാസം ഭാഷ പഠിക്കാനായി അവർ ചെലവഴിച്ചത് 250 മണിക്കൂറാണ്. പിറ്റേമാസം 150-ഉം. വയൽസേവനത്തിൽ ചെലവഴിച്ച 100 മണിക്കൂറിനു പുറമേയാണിത്. ക്രമേണ ഭാഷ അവർക്കു വഴങ്ങിത്തുടങ്ങി; വയൽസേവനത്തിൽ നല്ലനല്ല അനുഭവങ്ങളും ഉണ്ടായി.
1964 ജനുവരിയിൽ മറ്റൊരു ദമ്പതികൾകൂടെ അവിടെയെത്തി. 38-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്ന് ബിരുദംനേടിയ ഗിൽബർട്ട് വാൾട്ടേഴ്സും ഭാര്യ ജോവാനും. അതേ ക്ലാസ്സിൽനിന്നുള്ള സ്റ്റീഫൻ ഹാർഡി, ഭാര്യ ബാർബറ, റോൺ ബിക്നൽ, ഭാര്യ ജെനി എന്നിവരെ അടുത്തുള്ള ബുറുണ്ടിയിൽ നിയമിച്ചെങ്കിലും വീസാപ്രശ്നം കാരണം അവരെയും യുഗാണ്ടയിലേക്കു നിയമിച്ചു. കമ്പാലയിലെ മിഷനറി കുടുംബം വലുതായത് വളരെ പെട്ടെന്നായിരുന്നു.
കമ്പാലയിലെ സഭയെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. കാഡൂ സഹോദരനും കുടുംബവും അവിടെയായിരുന്നു. ഉത്തര റൊഡേഷ്യയിൽനിന്നുള്ള പ്രത്യേക പയനിയർമാരായ ജോൺ ബ്വാലിയും ഭാര്യ യൂനിസും അവരുടെ മക്കളും, മാർഗരറ്റ് ന്യെൻഡെയും അവരുടെ കുട്ടികളും ഒക്കെ ആ സഭയോടൊത്താണു സഹവസിച്ചിരുന്നത്. തുറസ്സായ ഒരു സ്ഥലത്താണ് യോഗങ്ങൾ നടന്നിരുന്നത്. “അതുവഴി കടന്നുപോകുന്നവർക്കൊക്കെ യോഗപരിപാടികൾ കാണാനും കേൾക്കാനും കഴിയുമായിരുന്നു; ഞങ്ങളാണെങ്കിൽ കുറച്ചുപേരും,” ഗിൽബർട്ട് വാൾട്ടേഴ്സ് സ്മരിക്കുന്നു. “ബ്വാലി കുടുംബം രാജ്യഗീതങ്ങൾ ആലപിക്കുന്നതിൽ നേതൃത്വമെടുത്തു. സംഗീതോപകരണങ്ങളൊന്നും ഇല്ലാതെ ഹൃദയംഗമമായി പാടാൻ അവർക്കു കഴിഞ്ഞിരുന്നു.
താമസിയാതെ, ഗിൽബർട്ടിനെയും ജോവാനെയും ജിൻജായിൽ ഒരു മിഷനറിഭവനം തുടങ്ങാനായി നിയോഗിച്ചു. അവിടെ സംഘടിതമായ പ്രസംഗവേല അതുവരെ നടത്തിയിട്ടില്ലായിരുന്നു. പിന്നീട്, രണ്ട് മിഷനറിഭവനങ്ങൾകൂടെ പ്രവർത്തനമാരംഭിച്ചു. ഒന്ന് കെനിയയുടെ അതിർത്തിക്കടുത്ത് ഇംബാലെയിലും മറ്റൊന്ന് ഇംബാരാരായിലും. അവിടെയുള്ള മിഷനറിമാർ മറ്റുരാജ്യങ്ങളിൽനിന്നെത്തിയ നിരവധി പ്രത്യേക പയനിയർമാരുടെകൂടെ പ്രസംഗപ്രവർത്തനം നടത്തി. ‘കൊയ്ത്തിനു പാകമായി’ക്കിടന്ന വയലായിരുന്നു അവിടത്തേത്. (യോഹ. 4:35) എന്നാൽ കൊയ്ത്തിന്റെ വേഗം എങ്ങനെ വർധിപ്പിക്കാൻ കഴിയുമായിരുന്നു?
സംഘാടനം മെച്ചപ്പെടുത്തുന്നു
യുഗാണ്ടയിലെ മുഴുസമയ സേവകർ തങ്ങളുടെ വിശാലമായ പ്രദേശം കഴിയുന്നത്ര ക്രമീകൃതമായിത്തന്നെ പ്രവർത്തിച്ചുതീർക്കാൻ ശ്രമിച്ചു. ഹൗസിങ് കോളനികളിൽ പ്രവർത്തിക്കാൻ എളുപ്പമായിരുന്നു. കാരണം, അവിടെ ഓരോ തെരുവിനും വീടിനും പേരോ നമ്പരോ ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നുമില്ലാത്ത സ്ഥലങ്ങളിൽ ക്രമീകൃതമായി പ്രവർത്തിക്കാൻ അവരെന്താണ് ചെയ്തത്?
ടോം മക്ലെയ്ൻ പറയുന്നു: “ഞങ്ങൾ പ്രദേശത്തെ പല കുന്നുകളായി തിരിച്ചു. ഞങ്ങളിൽ രണ്ടുപേർ കുന്നിന്റെ ഒരുവശത്തുകൂടെ പോകും, മറ്റു രണ്ടുപേർ എതിർവശത്തുകൂടെയും. അവിടെയുള്ള വഴികളിലൂടെ കയറിയും ഇറങ്ങിയും പ്രവർത്തിച്ച് അവസാനം ഇരുകൂട്ടരും തമ്മിൽ കണ്ടുമുട്ടും. അപ്പോൾ ആ പ്രദേശം പ്രവർത്തിച്ചുതീർന്നു എന്ന് മനസ്സിലാക്കാം.”
പ്രദേശത്തിന്റെ കിടപ്പും ആ നാടിന്റെ സംസ്കാരവും രീതികളുമെല്ലാം നന്നായി അറിയാവുന്ന പ്രാദേശിക സാക്ഷികളുടെ എണ്ണം വർധിച്ചുവരുന്നത് വിദേശികളായ സഹോദരങ്ങൾക്ക് ഒരു അനുഗ്രഹമായി. അതേസമയം അനുഭവസമ്പന്നരായ ഈ സഹോദരങ്ങളിൽനിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ പ്രാദേശിക സഹോദരങ്ങൾക്കും കഴിഞ്ഞു. ഉദാഹരണത്തിന്, ജിൻജായിൽ യുഗാണ്ടക്കാരായ സഹോദരങ്ങൾ മിഷനറിമാരുടെകൂടെ വയൽസേവനത്തിനു പോകുന്നുണ്ടായിരുന്നു. എന്നാൽ ഞായറാഴ്ചത്തെ അവരുടെ പട്ടിക ഇപ്രകാരമായിരുന്നു: രാവിലെ 8 മുതൽ 10 വരെ വീടുതോറുമുള്ള സേവനം. പിന്നെ ഒരു മണിക്കൂർ മടക്കസന്ദർശനങ്ങൾക്കായി ചെലവിടും. അതുകഴിഞ്ഞ് ഉച്ചവരെ ബൈബിളധ്യനം. ഈ രീതി സഭയിലുള്ള എല്ലാവർക്കും അന്യോന്യം വൈദഗ്ധ്യവും പ്രോത്സാഹനവും പകർന്നുകൊടുക്കാൻ സഹായിക്കുന്നതായിരുന്നു.
അക്കാലത്ത് രാജ്യത്തെ രണ്ടാമത്തെ വലിയ പട്ടണമായിരുന്നു ജിൻജാ. അവിടെ അന്നുതന്നെ ഒരു ഹൈഡ്രോ-ഇലക്ട്രിക് വൈദ്യുതനിലയം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വ്യാവസായികമായി പുരോഗമിച്ചുകൊണ്ടിരുന്ന ഒരു പ്രദേശമായിരുന്നു അത്. മിഷനറിമാർ അവിടത്തെ തിരക്കേറിയ ബസ്-ടാക്സി സ്റ്റാൻഡുകളിൽ സാക്ഷീകരിക്കുക പതിവായിരുന്നു, അതിൽ അവർ നല്ല വിജയം കാണുകയും ചെയ്തു. ദൂരെയുള്ള പ്രദേശങ്ങളിൽനിന്നും എത്തുന്ന യാത്രക്കാർ യാത്രയിൽ വായിക്കുന്നതിനായി ബൈബിൾസാഹിത്യങ്ങൾ വളരെ താത്പര്യത്തോടെ സ്വീകരിക്കുമായിരുന്നു. രാജ്യസന്ദേശം ചുറ്റുപാടുമുള്ള ഗ്രാമപ്രദേശങ്ങളിലെങ്ങും വ്യാപിക്കാൻ ഇത് ഇടയാക്കി.
റേഡിയോ പ്രക്ഷേപണംവഴിയും കഴിയുന്നത്ര ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ സഹോദരങ്ങൾ ശ്രമിച്ചു. ഓരോ ആഴ്ചയും നാഷണൽ റേഡിയോയിൽ, “ആളുകളുടെ ചിന്താവിഷയം” എന്ന ഒരു പരിപാടിയിലൂടെ സഹോദരങ്ങൾ ജനശ്രദ്ധയാകർഷിക്കുന്ന പല വിഷയങ്ങളും അവതരിപ്പിച്ചു. “കുടുംബപ്രശ്നങ്ങളെ എങ്ങനെ നേരിടാം?” “അക്രമങ്ങളിൽനിന്നും കുറ്റകൃത്യങ്ങളിൽനിന്നും എങ്ങനെ സംരക്ഷണം നേടാം?” എന്നിവയായിരുന്നു ചർച്ചയ്ക്കെടുത്ത ചില വിഷയങ്ങൾ. “മിസ്റ്റർ റോബിൻസ്,” “മിസ്റ്റർ ലീ” എന്നീ രണ്ടുപേർ തമ്മിലുള്ള ഒരു സംഭാഷണമായിട്ടാണ് അത് അവതരിപ്പിച്ചിരുന്നത്. ഒരു സഹോദരൻ അതേക്കുറിച്ചു പറയുന്നു: “ഒരു അമേരിക്കക്കാരനും സ്കോട്ട്ലൻഡുകാരനും തമ്മിലുള്ള സംഭാഷണം ഒരു ആഫ്രിക്കൻ റേഡിയോ സ്റ്റേഷൻ സംപ്രേഷണം ചെയ്തുകേൾക്കുന്നത് അസാധാരണമായ ഒരു അനുഭവമായിരുന്നു. വയൽസേവനത്തിലായിരിക്കെ, ഈ പരിപാടിയെക്കുറിച്ച് ശ്രോതാക്കൾ ഞങ്ങളോട് അഭിപ്രായങ്ങൾ പറയാറുണ്ടായിരുന്നു. പരിപാടി പ്രയോജനം ചെയ്യുന്നുണ്ടെന്ന് ഞങ്ങൾക്ക് അതിൽനിന്നു മനസ്സിലാക്കാനായി.”
പുതിയ രാജ്യഘോഷകർക്ക് സഹായം
ജിൻജായിലുള്ള ഗ്രൂപ്പ് ആ സമയത്ത് വാലൂക്കൂബായിലെ പ്രധാന ഹൗസിങ് കോളനിയുടെ കമ്മ്യൂണിറ്റിസെന്ററിൽ വെച്ചായിരുന്നു യോഗങ്ങൾ നടത്തിയിരുന്നത്. “സഹോദരങ്ങൾ മിക്കവരും പുതിയവരായിരുന്നു. യോഗനിയമനങ്ങൾ തയ്യാറാകാൻ ആവശ്യത്തിന് പ്രസിദ്ധീകരണങ്ങൾ അവരുടെ കൈവശമില്ലായിരുന്നു,” ടോം കൂക്ക് പറയുന്നു. എങ്ങനെയാണ് ഈ പ്രശ്നം പരിഹരിച്ചത്?
ടോം പറയുന്നു: “ഈ ഹൗസിങ് കോളനിയിൽ താമസിച്ചിരുന്ന ഒരു സഹോദരന്റെ വീട്ടിൽ മിഷനറിമാർ ഒരു ലൈബ്രറി സജ്ജീകരിച്ചു. എല്ലാ തിങ്കളാഴ്ചയും വൈകിട്ട് പ്രസംഗനിയമനമുള്ള സഹോദരങ്ങൾ ലൈബ്രറിയിൽ പോയി ആവശ്യമായ വിവരങ്ങളൊക്കെ ശേഖരിക്കുകയും സഹായംതേടുകയും ചെയ്യും.” ജിൻജായ്ക്ക് ചുറ്റും ഇന്ന് സാക്ഷികളുടെ പല സഭകളുണ്ട്. നൈലിന്റെ പ്രഭവസ്ഥാനമായ ഈ പ്രദേശം ഇന്നും ആത്മീയ മത്സ്യബന്ധനത്തിന് ഉത്തമമാണെന്ന് ഇവിടെയുള്ള സഹോദരങ്ങൾക്ക് അറിയാം.
ആത്മീയ വളർച്ചയ്ക്ക് കൈത്താങ്ങേകിയ സഞ്ചാരമേൽവിചാരകന്മാർ
1963 സെപ്റ്റംബർമുതൽ യുഗാണ്ടയിലെ പ്രസംഗവേലയുടെ മേൽനോട്ടം പുതിയതായി സ്ഥാപിതമായ കെനിയ ബ്രാഞ്ചിനായി. തത്ഫലമായി നയ്റോബി സർക്കിട്ടിൽ പ്രവർത്തിക്കുന്ന വില്യം നിസ്ബെറ്റിനെയും ഭാര്യ മ്യുരിയെലിനെയും യുഗാണ്ടയിലേക്കുകൂടി നിയമിച്ചു. വില്യം വാസ്തവത്തിൽ, തന്റെ ജ്യേഷ്ഠന്മാരായ റോബർട്ടിന്റെയും ജോർജിന്റെയും അതേപാതതന്നെ പിന്തുടരുകയായിരുന്നു. ഏതാണ്ട് 30 വർഷംമുമ്പ് അവർ യുഗാണ്ടയിൽ രാജ്യസന്ദേശം ഘോഷിച്ചിരുന്നു. നിസ്ബെറ്റ് കുടുംബത്തിൽനിന്നുള്ള “രണ്ടാം ഊഴക്കാരായ” വില്യമിന്റെയും മ്യുരിയെലിന്റെയും കഠിനാധ്വാനത്തിൽനിന്ന് യുഗാണ്ടയിലെ പ്രസാധകർ വളരെ പ്രയോജനം നേടി.
ആളുകളുടെ താത്പര്യം ഏറിവന്നു. പുതിയപുതിയ കൂട്ടങ്ങൾ രൂപംകൊണ്ടു. വിസ്തൃതമായ ആ പ്രദേശത്ത് അവിടവിടെയായിട്ടാണ് പ്രസാധകരെല്ലാം താമസിച്ചിരുന്നത്. അതുകൊണ്ട് സഞ്ചാരമേൽവിചാരകന്മാരുടെ സന്ദർശനം വളരെ പ്രയോജനം ചെയ്യുന്നതായിരുന്നു. അവരിലൂടെ പ്രസാധകർക്ക് പരിശീലനവും പ്രോത്സാഹനവും ലഭിച്ചു. ഒറ്റപ്പെട്ട പ്രദേശത്തുകഴിയുന്ന സഹോദരങ്ങൾക്ക്, “യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേൽ ഉണ്ട്” എന്ന ഉറപ്പുനൽകാനും ഈ സന്ദർശനങ്ങൾ ഉപകരിച്ചു.—1 പത്രോ. 3:12.
1965-ൽ, സ്റ്റീഫൻ ഹാർഡിയും ഭാര്യ ബാർബറയും യുഗാണ്ടമുതൽ 2,600 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന സെയ്ഷെൽസ് ദ്വീപസമൂഹങ്ങൾവരെയുള്ള വലിയൊരു സർക്കിട്ടിലെ സഭകൾ സന്ദർശിച്ചു. പയനിയർമാർക്ക് പ്രവർത്തിക്കുന്നതിന് ‘ഫലഭൂയിഷ്ഠമായ’ പ്രദേശം കണ്ടെത്തുന്നതിനായി ഇടയ്ക്കൊരിക്കൽ യുഗാണ്ടയിലെമ്പാടും അവർ ഒരു പര്യടനം നടത്തി. യാത്രയ്ക്കും താമസത്തിനുമായി കെനിയ ബ്രാഞ്ച് നൽകിയ ഒരു വാഹനത്തിൽ (വോൾക്സ്വാഗൻ കോമ്പി) ആറ് ആഴ്ചകൊണ്ട് യുഗാണ്ടയിലെ മിക്ക പട്ടണങ്ങളും അവർ സന്ദർശിച്ചു. മാസാക്കാ, ഇംബാരാരാ, കാബാലെ, മാസിൻഡി, ഹൊയ്മ, ഫോർട്ട് പോർട്ടൽ, ആരൂവാ, ഗൂലൂ, ലിറ, സൊറൊത്തി എന്നിവിടങ്ങളെല്ലാം അവർ സന്ദർശിച്ചു.
ഹാർഡി സഹോദരൻ പറയുന്നു. “യാത്ര വളരെ രസകരമായിരുന്നു. പ്രസംഗവേലയാണെങ്കിൽ അത്യന്തം ആവേശകരവും. പ്രാദേശിക അധികാരികൾ ഉൾപ്പെടെ സകലരും സഹായസന്നദ്ധരും സൗഹാർദമനസ്കരും ആയിരുന്നു. വീട്ടുകാരോടായുള്ള സംഭാഷണം പലപ്പോഴും ഒരു ‘പരസ്യപ്രസംഗമായി’ പരിണമിച്ചിരുന്നു. അയൽക്കാരും വഴിപോക്കരും ഒക്കെ നമ്മുടെ സന്ദേശം കേൾക്കാൻ ചുറ്റുംകൂടും. ആളൊഴിഞ്ഞ സ്ഥലമാണെന്നു കരുതി ചിലയിടത്ത് ഞങ്ങൾ വണ്ടിനിറുത്തിയിടും. പക്ഷേ, സൗഹാർദരായ ആളുകൾ എങ്ങനെയോ പെട്ടെന്നുതന്നെ അവിടെയെത്തും, അവരുടെ അതിഥികളായിട്ടാണ് അവർ ഞങ്ങളെ കരുതുന്നത്. സാഹിത്യങ്ങളൊക്കെ നിമിഷനേരംകൊണ്ട് തീരുമായിരുന്നു. ഏതാണ്ട് 500 പുസ്തകങ്ങൾ ഞങ്ങൾ സമർപ്പിച്ചു, വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ധാരാളം വരിസംഖ്യകളും ലഭിച്ചു.”
യുഗാണ്ടൻ ജനതയുടെ സുഹൃദ്ഭാവവും ജിജ്ഞാസയും ആത്മീയ കാര്യങ്ങളോടുള്ള താത്പര്യവും, സത്യം അവിടെ വേരുപിടിക്കുമെന്നുള്ളതിന്റെ സൂചനകളായിരുന്നു. എല്ലാറ്റിലുമുപരി, ഫലഭൂയിഷ്ഠമായ ഈ വയലിലെ പ്രസംഗവേലയ്ക്ക് യഹോവയുടെ അനുഗ്രഹമുണ്ടെന്ന് ഹാർഡി സഹോദരനും ഭാര്യയും അനുഭവിച്ചറിഞ്ഞു.
യഹോവ വളരുമാറാക്കുന്നു
1965 ആഗസ്റ്റ് 12 യുഗാണ്ടയിലെ യഹോവയുടെ ജനത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു. അന്താരാഷ്ട്ര ബൈബിൾ വിദ്യാർഥികളുടെ സംഘടന അന്ന് അവിടെ രജിസ്റ്റർ ചെയ്യപ്പെട്ടു. അങ്ങനെ നമ്മുടെ ശിഷ്യരാക്കൽവേലയ്ക്ക് നിയമാംഗീകാരം ലഭിച്ചു. ജോർജ് മായൻഡെ, പീറ്റർ ജാബി, ഭാര്യ എസ്ഥേർ, ഐഡാ സാലി എന്നീ അർപ്പിതരായ യുഗാണ്ടൻ സഹോദരങ്ങൾ 1960-കളിലെ ധീരരും അചഞ്ചലരുമായ സാക്ഷികളായിരുന്നു. 1969-ൽ യുഗാണ്ടയിലെമ്പാടുമായി 75 പ്രസാധകരാണ് ഉണ്ടായിരുന്നത്. ഏതാണ്ട് 80 ലക്ഷമായിരുന്നു അവിടത്തെ ജനസംഖ്യ—ഓരോ സാക്ഷിക്കും ഒരു ലക്ഷത്തിലേറെ ആളുകൾ! 1970 ആയപ്പോഴേക്കും രാജ്യഘോഷകരുടെ എണ്ണം 97 ആയി, 1971-ൽ അത് 128-ഉം. 1972-ൽ യുഗാണ്ടയിലെ സജീവസാക്ഷികളുടെ എണ്ണം 162 ആയി ഉയർന്നു.
ത്വരിതഗതിയിലുള്ള ഈ വളർച്ച അവരെ ഉത്സാഹഭരിതരാക്കിയെങ്കിലും സ്വന്തം കഴിവല്ല, മറിച്ച് ‘വളരുമാറാക്കുന്ന ദൈവമാണ്’ ഇതിനു പിന്നിലെന്ന് അവർക്ക് അറിയാമായിരുന്നു. (1 കൊരി. 3:7) എന്നാൽ 1970-കളിൽ, അവരുടെ ജീവിതത്തിൽ ചില മാറ്റങ്ങളും വിശ്വാസത്തിന്റെ കടുത്ത പരിശോധനകളും ഉണ്ടാകാനിരിക്കുകയാണെന്ന് അവർ അറിഞ്ഞിരുന്നില്ല. 1971-ൽ ജനറൽ ഇദി അമീൻ ഒരു സൈനിക അട്ടിമറിയിലൂടെ ഏകാധിപതിയായി. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം കഷ്ടപൂർണമായി; ആയിരക്കണക്കിന് ആളുകൾക്ക് ജീവഹാനി സംഭവിച്ചു. ഗവണ്മെന്റും പുതിയ രാഷ്ട്രീയ വ്യവസ്ഥയെ എതിർത്ത ന്യൂനപക്ഷ കക്ഷികളും തമ്മിലുള്ള പോരാട്ടങ്ങൾ ഏറിവന്നു. ഇടയ്ക്കിടെ, അയൽരാജ്യങ്ങളിലേക്കുള്ള അതിർത്തികൾ അടച്ചിട്ടു, കർഫ്യൂ ഏർപ്പെടുത്തി. പലരെയും കാണാതായി, അനേകരും നിരീക്ഷണത്തിൻകീഴിലായി. പ്രക്ഷുബ്ധവും ഭീതിജനകവും അക്രമാസക്തവുമായ ഈ സാഹചര്യത്തെ സമാധാനപ്രേമികളായ നമ്മുടെ സഹോദരങ്ങൾ എങ്ങനെ നേരിട്ടു?
‘ദൈവത്തിന്റെ ഭരണമോ’ അതോ മനുഷ്യന്റേതോ?
1972-ലെ “ദിവ്യഭരണ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ കമ്പാലയിൽവെച്ചു നടത്താനുള്ള ഒരുക്കങ്ങൾ നടന്നുവരുകയായിരുന്നു. ഇതാദ്യമായിട്ടാണ് യുഗാണ്ടയിൽ ഇത്തരമൊരു കൺവെൻഷൻ പ്ലാൻ ചെയ്തത്. കെനിയ, ടാൻസനിയ, അങ്ങകലെയുള്ള എത്യോപ്യ എന്നിവിടങ്ങളിൽനിന്ന് കൺവെൻഷൻ പ്രതിനിധികൾ വരുമായിരുന്നു. വർധിച്ചുവരുന്ന രാഷ്ട്രീയ-വർഗീയ കലാപങ്ങളും അതിർത്തിയിലെ തടസ്സങ്ങളും കലുഷിതമായ ഒരു ചുറ്റുപാടുമാണ് അവരെ കാത്തിരുന്നത്. ഈ സാഹചര്യത്തിൽ കൺവെൻഷൻ റദ്ദാക്കണമോ? സഹോദരങ്ങൾ ഇക്കാര്യം പ്രാർഥനാവിഷയമാക്കി. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനും അവിടേക്ക് യാത്രചെയ്യുന്ന സഹോദരങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി അവർ യഹോവയോട് മുട്ടിപ്പായി അപേക്ഷിച്ചു.
അതിർത്തിയിലെത്തിയ കൺവെൻഷൻ പ്രതിനിധികൾ കണ്ടത് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന കാഴ്ചയാണ്! തദ്ദേശീയരല്ലാത്ത ഏഷ്യക്കാർ, പ്രധാനമായും ഇന്ത്യാക്കാരും പാക്കിസ്ഥാനികളും, രാജ്യംവിടണമെന്ന് ഒരു ഗവണ്മെന്റ് ഉത്തരവുണ്ടായതിനെത്തുടർന്നായിരുന്നു പലായനം ഏറെയും. താമസിയാതെ തങ്ങൾക്കും അങ്ങനെയൊരു ഉത്തരവു ലഭിച്ചേക്കാം എന്നു കരുതി മറ്റ് ദേശങ്ങളിൽനിന്നുള്ള അധ്യാപകരും മറ്റും രാജ്യംവിടുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടയിലും കൺവെൻഷൻ പ്രതിനിധികൾ എത്തിക്കൊണ്ടിരുന്നു. പ്രക്ഷുബ്ധതയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയ ആ നഗരത്തിൽ പക്ഷേ, അവർ എന്താണ് കണ്ടത്?
കമ്പാല വളരെ ശാന്തമായിരുന്നു. സഹോദരങ്ങളും താത്പര്യക്കാരും കൺവെൻഷൻ സ്ഥലത്ത് തങ്ങളുടെ അതിഥികളെയും കാത്ത് ആകാംക്ഷയോടെ നിൽപ്പുണ്ടായിരുന്നു. കൺവെൻഷന്റെ സ്ഥലവും സമയവും പരസ്യപ്പെടുത്തുന്ന വലിയൊരു ബാനർ കമ്പാലയുടെ ഏറ്റവും തിരക്കേറിയ വീഥിയിൽ വലിച്ചുകെട്ടാൻപോലും അധികാരികൾ അനുമതി നൽകി! അതിൽ, “ദിവ്യഭരണം—മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശ” എന്ന പരസ്യപ്രസംഗ വിഷയം തടിച്ച അക്ഷരത്തിൽ ആലേഖനം ചെയ്തിരുന്നു. രാജ്യം മുമ്പെന്നത്തേതിലുമധികം കലുഷിതമായിരുന്ന സമയത്താണിതെന്നോർക്കണം!
തടസ്സങ്ങളൊന്നുമില്ലാതെ പരിപാടികളെല്ലാം നടന്നു. 937 ആയിരുന്നു അത്യുച്ചഹാജർ. യുഗാണ്ടയിലെ സത്യാരാധനയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു ഇത്. കൺവെൻഷനുശേഷമുള്ള മടക്കയാത്രയിൽ അതിർത്തിയിൽവെച്ച് അൽപ്പം ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായെങ്കിലും അതൊന്നും അവരുടെ ഉത്സാഹത്തിനു മങ്ങലേൽപ്പിച്ചില്ല. എല്ലാവരും സുരക്ഷിതരായി അവരവരുടെ ഭവനങ്ങളിൽ എത്തിച്ചേർന്നു. അവിടത്തെ രാഷ്ട്രീയ അരാജകത്വത്തിന്റെ ആ സമയത്തും ദൈവജനം ധൈര്യസമേതം പരമോന്നത ഭരണാധികാരിയായ യഹോവയ്ക്ക് തങ്ങളുടെ കൂറ് പ്രഖ്യാപിച്ചു. ആ നിർണായക ഘട്ടത്തിൽ യഹോവ തന്റെ ജനത്തെ ‘ബലം നൽകി ധൈര്യപ്പെടുത്തി.’—സങ്കീ. 138:3.
കൺവെൻഷനു ഹാജരായ യുഗാണ്ടക്കാരിൽ ജോർജ് ഓച്ചോലയും ഭാര്യ ഗെർട്രൂഡും ഉണ്ടായിരുന്നു. “എന്റെ ആദ്യത്തെ സമ്മേളനമായിരുന്നു അത്. അവിടെയാണ് ഞാൻ സ്നാനമേറ്റതും!” ഗെർട്രൂഡ് പറയുന്നു. എന്നാൽ ജോർജ് അപ്പോഴും ഒരു സാക്ഷിയായിത്തീർന്നിരുന്നില്ല. ഒരു ഫുട്ബോൾ പ്രേമിയായിരുന്നു അദ്ദേഹം. സ്റ്റേഡിയത്തിൽ പോയി കൺവെൻഷൻ കൂടുന്നതിനെക്കാൾ സ്പോർട്സ് കാണുന്നതായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. എങ്കിലും ഭാര്യയുടെ നല്ല പെരുമാറ്റരീതികളും ബൈബിൾ പഠനത്തിലൂടെ താൻതന്നെ മനസ്സിലാക്കിയ കാര്യങ്ങളും അദ്ദേഹത്തെ സത്യത്തിലേക്ക് ആകർഷിച്ചു. അങ്ങനെ കെനിയയിൽവെച്ച് 1975-ൽ അദ്ദേഹം സ്നാനമേറ്റു.
ഉത്തര യുഗാണ്ടയിൽനിന്ന് സത്യംപഠിച്ച ആദ്യത്തവരിൽ ഒരാളാണ് ഗെർട്രൂഡ്. അവർ പറയുന്നു: “1972-ൽ ഞാൻ സ്നാനമേറ്റ സമയത്ത്, ഞാൻ താമസിക്കുന്ന സ്ഥലം ഒരു കുഗ്രാമമായിട്ടാണ് എനിക്കു തോന്നിയിരുന്നത്. എന്നാൽ ഇപ്പോൾ ഇവിടെ ഒരു രാജ്യഹാളും ഒരു മിഷനറി ഭവനവും പരിഭാഷയ്ക്കായുള്ള ഒരു ഓഫീസും ഉണ്ട്. ഞാൻ സ്നാനമേറ്റ സമയത്തെക്കാളും തീക്ഷ്ണതയോടെ പ്രവർത്തിക്കാൻ ഇതൊക്കെ എനിക്ക് പ്രചോദനമേകുന്നു!”
ഒരു ‘പ്രതികൂലകാലം’
യാതൊരു മുന്നറിയിപ്പും കൂടാതെ 1973 ജൂൺ 8-ന് റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും ഒരറിയിപ്പു മുഴങ്ങി; യഹോവയുടെ സാക്ഷികളുൾപ്പെടെ 12 മതസംഘടനകളെ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു അത്. വിദേശീയരെ ചാരന്മാരായി ചിത്രീകരിച്ചുകൊണ്ട് പുതിയ ഗവണ്മെന്റ് സംശയത്തിന്റെയും ഭീതിയുടെയും ഒരന്തരീക്ഷം സൃഷ്ടിച്ചു. മിഷനറിമാർക്ക് പരസ്യശുശ്രൂഷയിലേർപ്പെടുക അത്യന്തം ബുദ്ധിമുട്ടായി. യുഗാണ്ടയിലെ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം ഒരു ‘പ്രതികൂലകാലത്തിന്റെ’ തുടക്കമായിരുന്നു അത്. (2 തിമൊ. 4:2) അവർക്ക് എന്തു സംഭവിക്കുമായിരുന്നു?
രണ്ടു മിഷനറി ദമ്പതികൾക്ക് രാജ്യംവിടേണ്ടിവന്നു. കാരണം, അവിടത്തെ താമസം നീട്ടിക്കിട്ടാനുള്ള അപേക്ഷ അധികാരികൾ അംഗീകരിച്ചില്ല. ജൂലൈ പകുതിയോടെ ശേഷിച്ച 12 മിഷനറിമാരെയും രാജ്യത്തുനിന്നു പുറത്താക്കി. ആവശ്യം അധികമുള്ള യുഗാണ്ടയിൽ സേവിക്കാനെത്തിയ സഹോദരങ്ങൾക്ക് ജോലിയുടെ പേരിൽ കുറച്ചുകാലംകൂടി തുടരാൻ അനുവാദം ലഭിച്ചെങ്കിലും അതു താത്കാലികമായിരുന്നു. തൊട്ടടുത്ത വർഷം അവരെല്ലാം രാജ്യംവിടാൻ നിർബന്ധിതരായി.
“ഉറപ്പുള്ളവരും അചഞ്ചലരും”
വിദേശീയരായ ഈ പ്രിയ സഹോദരങ്ങൾ വിടവാങ്ങി പിരിഞ്ഞപ്പോൾ യുഗാണ്ടക്കാരായ സഹോദരങ്ങൾക്കത് ഹൃദയഭേദകമായി. എന്നാൽ യഹോവയുടെ സഹായത്താൽ അവർ “ഉറപ്പുള്ളവരും അചഞ്ചലരും” ആയി നിന്നു. (1 കൊരി. 15:58) യഹോവയുടെ സാക്ഷികളെ നിരോധിച്ചു എന്നറിഞ്ഞപ്പോഴുള്ള ഏണസ്റ്റ് വമാല സഹോദരന്റെ പ്രതികരണം, അവരുടെ അചഞ്ചലമായ വിശ്വാസം വെളിപ്പെടുത്തുന്നതായിരുന്നു. പ്രായമായ ആ സഹോദരൻ പറഞ്ഞു: “എന്റെ ഹൃദയത്തിലുള്ളത് അവർക്കെങ്ങനെ നിരോധിക്കാനാകും?”
വിദേശീയരായ മൂപ്പന്മാരെല്ലാം പോയിക്കഴിഞ്ഞപ്പോൾ ജോർജ് കാഡൂ, പീറ്റർ ജാബി എന്നീ പ്രാദേശികമൂപ്പന്മാർ എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്? അവരുടെ ആഴമായ ആത്മീയ ഗ്രാഹ്യവും ഒപ്പം നാട്ടാചാരങ്ങളെക്കുറിച്ചുള്ള അറിവും ഒരനുഗ്രഹമായി. ജാബി സഹോദരൻ പറയുന്നു: “യുഗാണ്ടക്കാരനായ ഒരാൾ സത്യം പഠിച്ച് യഹോവയെ സേവിക്കണമെങ്കിൽ യഹോവയുടെ നിലവാരങ്ങൾക്കു വിരുദ്ധമായ ആചാരരീതികൾ ഉപേക്ഷിക്കാൻ ആവശ്യമായ ആത്മശിക്ഷണം അയാൾക്ക് കൂടിയേതീരൂ; യഹോവയുടെ സംഘടനയിൽനിന്നുവരുന്ന ലിഖിതനിർദേശങ്ങളെമാത്രം ആശ്രയിച്ചു പ്രവർത്തിക്കേണ്ട, ഉത്തരവാദിത്വസ്ഥാനത്തുള്ള സഹോദരന്മാരുടെ കാര്യത്തിൽ വിശേഷിച്ചും.” സൂക്ഷ്മതയോടെ കാര്യങ്ങളെക്കുറിച്ചു പഠിച്ച പ്രാദേശിക മൂപ്പന്മാർ, തെറ്റായ മാനുഷികജ്ഞാനത്തിലൂന്നി കാര്യങ്ങൾ ചെയ്യാതിരിക്കാൻ സഹവിശ്വാസികളെ സഹായിച്ചു. ഫലമോ? ഈ പ്രതികൂലകാലം യഹോവയുടെ ജനത്തെ മന്ദീഭവിപ്പിക്കുകയല്ല, ആത്മീയമായി പ്രബുദ്ധരാക്കുകയാണ് ചെയ്തത്.
എന്നാൽ യുഗാണ്ടയിലെ ജനങ്ങളിലധികവും ഓരോദിവസവും ഭീതിയോടെയാണ് ഉറങ്ങിയുണർന്നത്. അനേകർ ദ്രോഹങ്ങൾക്കിരയായി; പലരും പട്ടാളത്തെ ഭയന്നുകഴിഞ്ഞു. അഴിമതി കൊടികുത്തി വാണു; തത്ഫലമായി സമ്പദ്വ്യവസ്ഥ നിലംപൊത്തി. ഐശ്വര്യപൂർണമായ ആ നാട് മുറിവേറ്റുപിടഞ്ഞു. യുഗാണ്ടയിലെ ദൈവജനത്തിന് ഈ ദുരിതങ്ങൾക്കിടയിലും സന്തോഷിക്കാൻ വകയുണ്ടായിരുന്നോ?
സന്തോഷകരമായ കൂടിവരവുകൾ
അധികാരത്തിന് ഭീഷണി ഉയർത്തും എന്നു തോന്നിയ എല്ലാ രാഷ്ട്രീയയോഗങ്ങളും നിരോധിക്കാൻ ഗവണ്മെന്റ് ആവുന്നതെല്ലാം ചെയ്തു. യഹോവയുടെ സാക്ഷികൾ നിഷ്പക്ഷരായിത്തന്നെ നിലകൊണ്ടു; അതോടൊപ്പം പരസ്പരപ്രോത്സാഹനത്തിനുള്ള കൂടിവരവുകളെ ഉപേക്ഷിക്കരുത് എന്ന ബൈബിൾകൽപ്പനയും അവർ അനുസരിച്ചു. (എബ്രാ. 10:24, 25) ഏവരെയും സംശയത്തോടെ വീക്ഷിക്കുന്ന അധികാരികളുടെ കണ്ണിൽപ്പെടാതെ യോഗങ്ങൾക്കു കൂടിവരണമായിരുന്നെങ്കിൽ അസാമാന്യ ധൈര്യവും സാമർഥ്യവും ആവശ്യമായിരുന്നു. തികച്ചും നിരുപദ്രവകരമായിരുന്നു സാക്ഷികളുടെ യോഗങ്ങൾ എങ്കിലും അവർ എങ്ങനെയാണ് ആരുടെയും ശ്രദ്ധയാകർഷിക്കാതെ അതു സംഘടിപ്പിച്ചിരുന്നത്?
സഹോദരങ്ങളുടെ വീടുകളിൽ ചെറിയചെറിയ കൂട്ടങ്ങളായി കൂടിവരാനുള്ള ക്രമീകരണമാണ് അവർ ആദ്യം ചെയ്തത്. വലിയ കൂട്ടങ്ങളായി കൂടേണ്ടിയിരുന്നപ്പോൾ പിക്നിക് നടത്തുകയാണെന്ന വ്യാജേനയാണ് അവർ ഒന്നിച്ചുകൂടിയത്. മാസത്തിലൊരിക്കൽ സഭ മുഴുവനും ഒരു പ്രസംഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനുമായി കൂടിവരുമായിരുന്നു. അപ്പോൾ സഹോദരങ്ങൾ ഒരു പാർക്കിലോ ആരുടെയെങ്കിലും സ്വകാര്യ ഉദ്യാനത്തിലോ ഒരു പിക്നിക് ക്രമീകരിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി കൂടിവരാനിഷ്ടപ്പെട്ടിരുന്നവരാണ് യുഗാണ്ടക്കാർ. അതുകൊണ്ട് സഹോദരങ്ങൾ ചെയ്ത ഈ ക്രമീകരണത്തിൽ അവർക്ക് ഒരു സംശയവും തോന്നിയില്ല. ബൈബിളും പഠിക്കാനുള്ള പുസ്തകങ്ങളും മറ്റാരും ശ്രദ്ധിക്കാത്തവിധം കൊണ്ടുവന്നിരുന്നു. ഭക്ഷ്യവസ്തുക്കളും അതു പാകം ചെയ്യാനാവശ്യമായിരുന്ന സാധനസാമഗ്രികളും സഹിതമാണ് അവർ ‘പിക്നിക്കിന്’ എത്തിയിരുന്നത്. പുരാതന ഇസ്രായേല്യർ തങ്ങളുടെ പെരുന്നാളുകൾ എത്രത്തോളം ആസ്വദിച്ചിരുന്നു എന്നു മനസ്സിലാക്കാൻ ഇത് അവർക്ക് അവസരമേകി.—ആവ. 16:15.
ഈ വിധത്തിലാണ് നിരോധനകാലത്തുടനീളം സംക്ഷിപ്ത സർക്കിട്ട് സമ്മേളനങ്ങൾ നടത്തിയിരുന്നത്. അവയ്ക്ക് തടയിടാൻ ഗവണ്മെന്റ് ശ്രമിച്ചെങ്കിലും ഒരുമിച്ചു കൂടിവരുന്നതും സുവാർത്ത പ്രസംഗിക്കുന്നതും സഹോദരങ്ങൾ ഒരിക്കലും നിറുത്തിക്കളഞ്ഞില്ല. ചില സഹോദരങ്ങൾക്ക് നയ്റോബിയിൽ നടന്ന കൺവെൻഷനിൽ പങ്കെടുക്കാൻപോലും കഴിഞ്ഞു. തിരിച്ചെത്തിയ അവർ സഹോദരങ്ങളുമായി ഹൃദയോഷ്മളമായ അനുഭവങ്ങൾ പങ്കുവെച്ചു.
“പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവരും പ്രാവുകളെപ്പോലെ നിഷ്കളങ്കരും”
“പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവരും പ്രാവുകളെപ്പോലെ നിഷ്കളങ്കരും” ആണെങ്കിൽ കർശനമായ നിരോധനം പ്രാബല്യത്തിൽ വരുന്നത് ഒരുപക്ഷേ ഒഴിവാക്കാനായേക്കും; അങ്ങനെ, ദിവ്യാധിപത്യ പ്രവർത്തനങ്ങൾ സുഗമമായി മുമ്പോട്ടു കൊണ്ടുപോകാനാകും എന്നു ചിന്തിക്കാൻ ചുമതലവഹിക്കുന്ന സഹോദരങ്ങൾക്ക് തക്ക കാരണമുണ്ടായിരുന്നു. (മത്താ. 10:16) അതുകൊണ്ട് നല്ല ജാഗ്രതയോടെ പ്രത്യേക പയനിയർമാർ നിയമനത്തിൽ തുടർന്നു; പ്രസാധകർ വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടു.
യഹോവയുടെ സാക്ഷികൾ തങ്ങളെ സന്ദർശിക്കുന്നത് എല്ലാവർക്കുമൊന്നും അത്ര താത്പര്യമുള്ള കാര്യമായിരുന്നില്ല. ഒരിക്കൽ, 1970-കളുടെ മധ്യേ പീറ്റർ ജേബീയും ഫ്രെഡ് ന്യെൻഡെയും കൂടി വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. 1962-ൽ ഫ്രെഡ് തീരെ കുഞ്ഞായിരിക്കുമ്പോഴാണ് അമ്മ സത്യം പഠിക്കുന്നത്. ഇപ്പോൾ വളർന്ന് കൗമാരത്തിലെത്തിയിട്ടുള്ള ഫ്രെഡിന്റെ പക്വതയുടെ ഒരു പരിശോധനയായിത്തീർന്നു പിൻവരുന്ന സംഭവം.
ഈ സഹോദരങ്ങൾ യഹോവയുടെ സാക്ഷികളാണെന്ന് തിരിച്ചറിഞ്ഞ ഒരു വീട്ടുകാരൻ വല്ലാതെ ദേഷ്യപ്പെട്ടു—വാസ്തവത്തിൽ, ഒരു സെക്യൂരിറ്റി ഓഫീസറായിരുന്നു അദ്ദേഹം, യൂണിഫോം ധരിച്ചിട്ടില്ലായിരുന്നെന്നുമാത്രം. അദ്ദേഹം അവരെ അറസ്റ്റുചെയ്ത് തന്റെ വണ്ടിയിൽ കയറ്റി. സഹോദരങ്ങൾക്ക് അൽപ്പം ഭയം തോന്നാതിരുന്നില്ല; കാരണം, പലപ്പോഴും ഇങ്ങനെ കൊണ്ടുപോകുന്ന ആളുകളെ പിന്നീട് കാണാറേ ഇല്ലായിരുന്നു. മാത്രമല്ല, പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെയോ, അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ കാരണങ്ങൾ പറഞ്ഞോ ആളുകളെ ഉപദ്രവിക്കുന്നതും സാധാരണമായിരുന്നു. സെക്യൂരിറ്റി ഓഫീസിലേക്കു കൊണ്ടുപോകുന്നവഴി യഹോവയോടു പ്രാർഥിക്കാൻ പീറ്ററിനും ഫ്രെഡിനും സമയം ലഭിച്ചു; വിശ്വസ്തത കൈവിടാതെ ശാന്തരായി നിലകൊള്ളാൻ സഹായിക്കണേ എന്നൊരു അപേക്ഷയേ അവർക്കുണ്ടായിരുന്നുള്ളൂ. ആരോപണങ്ങളുമായി ആ മനുഷ്യൻ അവരെ തന്റെ ഉന്നതാധികാരിയുടെ അടുത്തേക്കു കൊണ്ടുപോയി; എന്നിട്ട് ചോദ്യംചെയ്തു. എന്നാൽ സദൃശവാക്യങ്ങൾ 25:15-ന്റെ സത്യത പീറ്ററും ഫ്രെഡും അനുഭവിച്ചറിഞ്ഞു: “ദീർഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു; മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.” അക്ഷരാർഥത്തിൽ ആരുടെയും അസ്ഥിയൊന്നും ഒടിഞ്ഞില്ല. നമ്മൾ നിയമം അനുസരിക്കുന്നവരാണെന്നും ബൈബിൾ പഠിപ്പിക്കലുകളോടു പറ്റിനിൽക്കാൻ ശ്രമിക്കുന്നവരാണെന്നും പീറ്റർ സൗമ്യമായി വിശദീകരിച്ചു. കൂടാതെ സഹോദരന്മാർ രണ്ടുപേരുടെയും ആദരണീയമായ പെരുമാറ്റവും മറുപടികളും ആ ഓഫീസറുടെ മുൻവിധിയെ ഇല്ലാതാക്കി. ഫലമോ?
ഓഫീസർ പീറ്ററിനെയും ഫ്രെഡിനെയും വെറുതെ വിട്ടെന്നു മാത്രമല്ല, അവരെ അറസ്റ്റുചെയ്തുകൊണ്ടുവന്ന വ്യക്തിയോട് തിരിച്ച് അവരെ അതേസ്ഥലത്തു കൊണ്ടുപോയി വിടാനും കൽപ്പിച്ചു! അവമാനിതനായ ആ ഉദ്യോഗസ്ഥന് മനസ്സില്ലാമനസ്സോടെയാണെങ്കിലും അനുസരിക്കാതെ തരമില്ലായിരുന്നു. തങ്ങൾ രക്ഷപ്പെട്ടതിന് സഹോദരന്മാർ യഹോവയ്ക്കു നന്ദിപറഞ്ഞു.
മറ്റുചിലപ്പോൾ പോലീസുകാരിൽനിന്ന് തികച്ചും വ്യത്യസ്തമായ അനുഭവവും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഇമ്മാനുവൽ ചാമീസായും ഭാര്യയും എൻറ്റെബെയിലെ തങ്ങളുടെ ഭവനത്തിൽ രഹസ്യമായി യോഗങ്ങൾ നടത്തിയിരുന്നു. സ്വന്തം കുടുംബവും ഏതാനും താത്പര്യക്കാരുമാണ് അതിൽ സംബന്ധിച്ചിരുന്നത്. മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ ബൈബിളധ്യയനം നടത്തുന്ന സ്ഥലം ഇമ്മാനുവൽ എപ്പോഴും മാറ്റുമായിരുന്നു. കുറെക്കാലമായപ്പോൾ, തന്റെ പദ്ധതി—പോലീസിന്റെ കണ്ണിൽപ്പെടാതെ ഇങ്ങനെ ചെയ്യുന്നത്—വിജയിക്കുന്നു എന്നുതന്നെ അദ്ദേഹം വിചാരിച്ചു. ഒരിക്കൽ എൻറ്റെബെയിലെ ബൊട്ടാണിക്കൽ ഗാർഡനിൽവെച്ച് ഇത്തരമൊരു ബൈബിളധ്യയനം ക്രമീകരിച്ചു. അതു കഴിഞ്ഞതും, ഒരു പോലീസുകാരൻ നേരെ സഹോദരന്റെ അടുത്തേക്കു ചെന്നു; അദ്ദേഹം ഉടനെ, പഠിച്ചുകൊണ്ടിരുന്ന പുസ്തകമെല്ലാം ഒളിപ്പിക്കാൻ ശ്രമിച്ചു. “എന്തിനാണു നിങ്ങളത് ഒളിപ്പിക്കുന്നത്?” ഓഫീസർ ചോദിച്ചു. “നിങ്ങൾ ചെയ്യുന്നതൊന്നും ഞങ്ങൾക്കറിയില്ലെന്നുണ്ടോ. നിങ്ങൾ യഹോവയുടെ സാക്ഷികളാണെന്നും എവിടെയാണ് കൂടിവരുന്നതെന്നും ഒക്കെ ഞങ്ങൾക്കറിയാം. നിങ്ങളെ അറസ്റ്റു ചെയ്യണമെന്നുണ്ടെങ്കിൽ പണ്ടേ ഞങ്ങൾക്കതു ചെയ്യാമായിരുന്നു. ഏതായാലും ഇനിയും ഇങ്ങനെയൊക്കെയങ്ങ് തുടർന്നോ,” അദ്ദേഹം പറഞ്ഞു. അതുതന്നെയാണ് വിശ്വസ്തതയോടെ ഇമ്മാനുവൽ ചെയ്തതും!
പിന്നീട്, ജോലിയിൽനിന്നു വിരമിച്ച ഇമ്മാനുവൽ സ്വന്തം നാട്ടിലേക്കു പോയി. അവിടെ അദ്ദേഹത്തിന് വലിയ എതിർപ്പും പരിഹാസവുമൊക്കെ നേരിടേണ്ടി വന്നു. യേശുവിനെപ്പോലെ അദ്ദേഹവും ‘സ്വന്തം നാട്ടിൽ ബഹുമാനിക്കപ്പെട്ടില്ല.’ (മർക്കോ. 6:4) എന്നിരുന്നാലും, 80-നോടടുത്തു പ്രായമുള്ള ഇമ്മാനുവൽ ‘വാർധക്യത്തിലും ഫലം കായിച്ചുകൊണ്ടിരുന്നു.’ കൂടാതെ, അങ്ങോട്ടും ഇങ്ങോട്ടും കൂടെ ഏതാണ്ട് 60 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് അദ്ദേഹം പതിവായി യോഗങ്ങളിൽ സംബന്ധിച്ചിരുന്നത്. (സങ്കീ. 92:14) ഇപ്പോൾ 90-നടുത്തു പ്രായമുള്ള അദ്ദേഹത്തിന് മുമ്പത്തെപ്പോലെ സൈക്കിൾ ചവിട്ടാനാകുന്നില്ലെങ്കിലും, വിശ്വസ്തതയോടെ അദ്ദേഹം ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു.
സ്ഥിരോത്സാഹികളായ പയനിയർമാർ
പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും എപ്പോഴും ചിലരെങ്കിലും പയനിയർസേവനത്തിന് അവസരം കണ്ടെത്തി. ഉത്സാഹിയായ അത്തരമൊരു പയനിയറായിരുന്നു ജയിംസ് ലൂവെറെക്കെറാ. ഒരു ഗവണ്മെന്റ് സർവേയറായിരുന്ന അദ്ദേഹം 1974-ൽ സ്നാനമേറ്റു. അതേത്തുടർന്ന് ഉടനെതന്നെ അദ്ദേഹം കൃഷിപ്പണി ചെയ്യാൻ തുടങ്ങി; തന്റെ ഗ്രാമത്തിൽ, ചുറ്റുവട്ടത്തു താമസിക്കുന്നവരോടു സുവാർത്ത പ്രസംഗിക്കാൻ കഴിയേണ്ടതിനായിരുന്നു അത്. അദ്ദേഹത്തിന്റെ ഭാര്യ കുറച്ചുകാലം ബൈബിൾ പഠിച്ചെങ്കിലും ക്രമേണ അതെല്ലാം ഉപേക്ഷിച്ച് ജയിംസിനെ ശക്തമായി എതിർക്കാൻ തുടങ്ങി.
ഒരിക്കൽ ജയിംസും കുറെ സഹോദരന്മാരുംകൂടി നയ്റോബിയിൽ ഒരു കൺവെൻഷനു പോകുകയായിരുന്നു. വെളിച്ചം വീഴുന്നതിനു മുമ്പുതന്നെ അവർ യാത്രപുറപ്പെട്ടു. കുറെക്കഴിഞ്ഞ് ഒരു ചെക്കുപോസ്റ്റിൽ വണ്ടി നിറുത്തിയപ്പോഴാണ്, ജയിംസിന്റെ വസ്ത്രധാരണത്തിൽ പന്തികേടുള്ളതായി കൂടെയുള്ളവർ ശ്രദ്ധിച്ചത്. പതിവിനു വിപരീതമായി, പാകമല്ലാത്ത, ഒരു ചേർച്ചയുമില്ലാത്ത വസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചിരുന്നത്. ഇരുട്ടത്ത് ധൃതിയിൽ എടുത്തിട്ടപ്പോൾ പറ്റിയതാണെന്ന് ആദ്യമൊക്കെ തമാശയായി അദ്ദേഹം പറഞ്ഞു. എന്നാൽ സഹോദരന്മാർ വീണ്ടുംവീണ്ടും ആരാഞ്ഞപ്പോഴാണ് ഉള്ള കാര്യം അദ്ദേഹം പറയുന്നത്. അദ്ദേഹത്തെ കൺവെൻഷനു വിടാതിരിക്കാൻ ഭാര്യ വസ്ത്രങ്ങളെല്ലാം എടുത്ത് ഒളിച്ചുവെച്ചുപോലും. അതുകൊണ്ട് കിട്ടിയ വസ്ത്രങ്ങളുമായി അദ്ദേഹത്തിനു പോരേണ്ടിവന്നു. കൂടെയുണ്ടായിരുന്ന സഹോദരന്മാർ തങ്ങളുടെ വസ്ത്രങ്ങളിൽ ചിലത് ജയിംസിനു കൊടുത്തു; അങ്ങനെ മാന്യമായ വസ്ത്രധാരണത്തോടെ കൺവെൻഷനിൽ സംബന്ധിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
വീട്ടുകാരുടെയും അയൽക്കാരുടെയും എതിർപ്പ് ജയിംസിന് ചിലപ്പോഴൊക്കെ വെറുമൊരു അസൗകര്യം എന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മറ്റുചിലപ്പോൾ അത് കൂടുതൽ രൂക്ഷമായിരുന്നു. എന്തായാലും വർഷങ്ങളോളം അതു നീണ്ടുനിന്നു. ജയിംസ് അതെല്ലാം സൗമ്യതയോടെ സഹിച്ചുകൊണ്ട് വിശ്വസ്ത സേവനത്തിന്റെ ഒരു രേഖ സൃഷ്ടിച്ചു. 2005-ൽ ആ സഹോദരൻ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ വിശ്വാസത്തെക്കുറിച്ച് സഹോദരങ്ങൾ ഇന്നും അങ്ങേയറ്റം മതിപ്പോടെ ഓർക്കാറുണ്ട്. യഹോവയാം ദൈവവും അദ്ദേഹത്തെ ഓർക്കുന്നുണ്ട് എന്നതിനു സംശയമില്ല.
‘അനർഥകാലത്ത് സഹോദരനായിത്തീരുന്നു’
“സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.” (സദൃ. 17:17) 1970-കളിൽ യുഗാണ്ടയിലെ സഹോദരങ്ങൾ അനർഥങ്ങളും കഷ്ടങ്ങളും സഹിച്ചപ്പോൾ കെനിയയിലെ സഹോദരങ്ങൾ അവർക്ക് യഥാർഥ സ്നേഹിതരെപ്പോലെയായി. യുഗാണ്ടയിലെ സഹോദരങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നൽകുന്നതിന് അതിർത്തി കടന്നുപോകാൻ, സഞ്ചാര മേൽവിചാരകന്മാർക്കും ബ്രാഞ്ച് പ്രതിനിധികൾക്കും അടിയുറച്ച വിശ്വാസവും ധൈര്യവും വേണമായിരുന്നു.
1978-ൽ യുഗാണ്ടൻ സൈന്യത്തിലെ വിമതർ ടാൻസനിയയിൽ അതിക്രമിച്ചു കടന്നതോടെ രാഷ്ട്രീയ അരക്ഷിതാവസ്ഥ സംജാതമായി. 1979 ഏപ്രിലിൽ യുഗാണ്ടയിലെ ഭരണകൂടത്തെ മറിച്ചിട്ടുകൊണ്ടാണ് ടാൻസനിയയുടെ സൈന്യം അതിനു തിരിച്ചടി നൽകിയത്. ആളുകളെ വിറപ്പിച്ചിരുന്ന അവിടത്തെ സ്വേച്ഛാധിപതി, ഇദി അമീൻ പലായനം ചെയ്യാൻ നിർബന്ധിതനായി. അതോടെ യുഗാണ്ടയിലെ സ്ഥിതിഗതികൾ പാടേ മാറി. “അമീൻ പോയതോടൊപ്പം നിരോധനവും പോയി,” ഒരു സഹോദരൻ പറഞ്ഞു. യുഗാണ്ട ടൈംസ് ഇപ്രകാരം പ്രസ്താവിച്ചു: “മിഷനറിമാർക്ക് വീണ്ടും സ്വാഗതം!” അങ്ങനെ ദൈവജനത്തിന് ഒരിക്കൽക്കൂടി മതസ്വാതന്ത്ര്യം ലഭ്യമായി!
“അവർ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ, എന്നാലും ഞാൻ പോകും”
ഭരണകൂടത്തിന്റെ മാറ്റം രാജ്യത്ത് അരക്ഷിതാവസ്ഥയ്ക്ക് ഇടയാക്കി. ലഭിച്ച സ്വാതന്ത്ര്യത്തിന് ആനുപാതികമായി അനിഷ്ടസംഭവങ്ങളും അരങ്ങേറി. കൊള്ളയും അക്രമവും ക്രമാതീതമായി വർധിച്ചു. എന്നിരുന്നാലും കെനിയ ബ്രാഞ്ച് പെട്ടെന്നുതന്നെ ഗുണ്ടർ റെഷ്ക്കെ, സ്റ്റാൻലി മാക്കൂമ്പ എന്നീ സഹോദരന്മാരെ യുഗാണ്ടയിലേക്ക് അയച്ചു. അവർ സർക്കിട്ട് സമ്മേളനങ്ങൾ ക്രമീകരിച്ചു.
തങ്ങളുടെ യാത്രയെക്കുറിച്ച് ഗുണ്ടർ പറയുന്നു: “സഭകൾ സന്ദർശിക്കാനായി അങ്ങോട്ടു പോകുന്നതിനു രണ്ടാഴ്ചമുമ്പ് ഞങ്ങൾ മൗണ്ട് കെനിയയ്ക്കു സമീപമുള്ള മേരൂവിൽ ഒരു പയനിയർ സ്കൂളിൽ പഠിപ്പിക്കുകയായിരുന്നു. കമ്പാലയിൽ നടക്കുന്ന രക്തച്ചൊരിച്ചിലുകളെക്കുറിച്ച് പത്രങ്ങളിൽ വായിക്കുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു; രാത്രികാലങ്ങളിലായിരുന്നു ഇവയിലേറെയും നടക്കുക. അത്തരം ഒരു വാർത്ത ഉച്ചത്തിൽ വായിച്ചിട്ട് ഞാൻ പറഞ്ഞു: ‘അങ്ങോട്ടാണല്ലോ ദൈവമേ, അടുത്തയാഴ്ച ഞങ്ങൾക്കു പോകേണ്ടത്!’ പക്ഷേ, പെട്ടെന്നുതന്നെ ഞാൻ ഇപ്രകാരം ചിന്തിച്ചു: ‘യോനയെപ്പോലെ, ലഭിച്ച നിയമനം നിറവേറ്റാതെ ഓടിപ്പോകാനാണോ എന്റെയും ഭാവം?’ നിമിഷനേരംകൊണ്ട് എല്ലാ ഭയവും എന്നെ വിട്ടുമാറി, ഞാൻ എന്നോടുതന്നെ ഇങ്ങനെ പറഞ്ഞു: ‘അവർ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ, എന്നാലും ഞാൻ പോകും. ഞാൻ ഏതായാലും യോനയെപ്പോലെ ഓടിപ്പോകില്ല.’”
തീരുമാനിച്ചതുപോലെതന്നെ സഹോദരന്മാർ അവിടെ പോയി. ഗുണ്ടർ വലിയ പട്ടണങ്ങളിലും സ്റ്റാൻലി ഉൾപ്രദേശങ്ങളിലും ഉള്ള സഭകൾ സന്ദർശിച്ചു. “യുദ്ധത്തിനുശേഷം വീണ്ടും എല്ലാമൊന്നു ക്രമത്തിൽ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. ആ സമയത്ത് യുഗാണ്ടയിൽ ഏതാണ്ട് 113 സജീവ പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും സ്വതന്ത്രരായി കൂടിവരാനും സമ്മേളനം നടത്താനും കഴിഞ്ഞതിൽ എല്ലാവരും സന്തുഷ്ടരായിരുന്നു. 241 പേർ സമ്മേളനത്തിനു ഹാജരായി!” അവർ പറയുന്നു. സത്യത്തിന്റെ വിത്തുകൾ ചവിട്ടിമെതിക്കപ്പെട്ടിരുന്നെങ്കിലും വളർച്ചയ്ക്കുള്ള സാധ്യതകൾ വളരെ വ്യക്തമായിരുന്നു.
അപകടം നിറഞ്ഞ സമയങ്ങൾ
യുഗാണ്ടയുടെ കിഴക്കൻ അതിർത്തിക്ക് അടുത്തുള്ള ഇംബാലെയിൽ ഗുണ്ടറും സ്റ്റാൻലിയും, തങ്ങൾ രാത്രിയിൽ തങ്ങുന്ന വീടിന്റെ മുമ്പിൽ കാർ പാർക്കു ചെയ്തു. രാത്രിയായപ്പോൾ കള്ളന്മാർ വണ്ടിയുടെ ഭാഗങ്ങൾ ഓരോന്നായി അഴിച്ചെടുക്കുന്നതിന്റെ ശബ്ദം അവർ കേട്ടു. ഗുണ്ടർ ഒച്ചവെക്കാൻ തുടങ്ങിയതാണ്, പക്ഷേ, പെട്ടെന്നാണ് ഏതാനും ദിവസംമുമ്പു നടന്ന ഒരു സംഭവം ഓർത്തത്: മോഷണത്തെ ചെറുക്കാൻ ശ്രമിച്ച ഒരാളെ അക്രമികൾ വെടിവെച്ചു കൊന്നു. എന്തായാലും ജീവന്റെ വിലയുടെ അത്രയും വരില്ലല്ലോ കാറിന്റെ വില; അതുകൊണ്ട് തത്കാലം അനങ്ങേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചു. രാവിലെ എഴുന്നേറ്റപ്പോൾ, രണ്ടു ടയറുകളും മുൻവശത്തെ ഗ്ലാസ്സും നഷ്ടപ്പെട്ടിരിക്കുന്നതായി അവർ കണ്ടു. മോഷണത്തെക്കുറിച്ച് പോലീസിൽ അറിയിച്ചപ്പോൾ ലഭിച്ച പ്രതികരണമോ? “ബാക്കികൂടെ കള്ളന്മാർ കൊണ്ടുപോകുന്നതിനുമുമ്പ് കാർ എങ്ങോട്ടെങ്കിലും കൊണ്ടുപൊയ്ക്കോ!”
എത്രയും പെട്ടെന്നുതന്നെ അവർ കമ്പാലയ്ക്കു പുറപ്പെട്ടു. മഴയും കാറ്റും ഉള്ള കാലാവസ്ഥയിൽ മുൻവശത്തെ ഗ്ലാസ്സ് ഇല്ലാത്ത വണ്ടിയിൽ 250 കിലോമീറ്റർ യാത്ര! ഒട്ടും സുഖമുള്ളതായിരുന്നില്ല അത്. അവരുടെ കൈവശം ആകെ ഉണ്ടായിരുന്നതോ? ഗുണ്ടറിന് പുതയ്ക്കാൻ ഒരു കമ്പിളിയും സ്റ്റാൻലിക്ക് ഒരു തൊപ്പിയും മാത്രം. നഷ്ടപ്പെട്ട ഒരു ടയറിനു പകരം കൈയിലുണ്ടായിരുന്ന സ്പെയർ ടയർ ഇട്ടു. മറ്റൊരെണ്ണം വായ്പ വാങ്ങി—അതാണെങ്കിലോ കാറ്റ് കുറെശ്ശെ പോകുന്ന ഒന്നും. ആ ടയർ രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചു നൽകണമെന്നുംകൂടി കേട്ടപ്പോൾ ആകപ്പാടെ അങ്കലാപ്പായി! ഏതായാലും കമ്പാലയിൽ എത്തുന്നതുവരെ ടയറിൽ കാറ്റുനിൽക്കുമെന്ന പ്രതീക്ഷയോടെതന്നെ അവർ യാത്രപുറപ്പെട്ടു.
ഒരു സ്ഥലത്ത് അവർക്ക് വനാന്തരത്തിലൂടെ വേണമായിരുന്നു പോകാൻ; അതാണെങ്കിൽ കള്ളന്മാരുള്ള സ്ഥലവും. “വേഗത്തിൽ വണ്ടി ഓടിച്ചുകൊള്ളണം; ഓവർടേക്ക് ചെയ്യാൻ ആരെയും അനുവദിക്കരുത്,” അവർ താമസിച്ചിരുന്നിടത്തെ വീട്ടുകാരൻ പറഞ്ഞു. ധീരരായ ആ സഹോദരന്മാർ സുരക്ഷിതരായിത്തന്നെ കമ്പാലയിൽ എത്തിച്ചേർന്നു—അതും ഏറ്റവും കുറഞ്ഞ സമയംകൊണ്ട്. വായ്പ വാങ്ങിയ ടയർ ആരുടെയെങ്കിലും കൈവശം ഇംബാലെയിൽ തിരിച്ചെത്തിക്കാൻ, കഷ്ടിച്ചേ സമയം ഉണ്ടായിരുന്നുള്ളൂ.
പുതിയ വെല്ലുവിളികളും അവസരങ്ങളും
1980-ൽ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ലോകാസ്ഥാനം സന്ദർശിക്കവെ, യുഗാണ്ടയിലെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ട് ബെഥേൽ കുടുംബത്തിനു നൽകാൻ റെഷ്ക്കെ സഹോദരനെ ക്ഷണിച്ചു. അതേത്തുടർന്ന്, യുഗാണ്ടയിലേക്കു വീണ്ടും മിഷനറിമാരെ അയയ്ക്കാനായേക്കുമെന്ന് ഭരണസംഘാംഗങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു. അവിടെ വിപുലമായ മിഷനറി വേലയ്ക്കുള്ള സമയമായിരിക്കുന്നു എന്നതിനോട് എല്ലാവർക്കും യോജിപ്പായിരുന്നു. സമ്മേളനങ്ങളുംമറ്റും നടത്താൻ വീണ്ടും സാധിക്കുമെന്നായി. 1981-ഓടെ പ്രസാധകരുടെ എണ്ണം 175 ആയി വർധിച്ചിരുന്നു. അതേവർഷം ജൂലൈ ആയപ്പോഴേക്കും യുഗാണ്ടയിലെ പ്രസാധകരുടെ എണ്ണം 206 എന്ന അത്യുച്ചത്തിലെത്തി!
എന്നാൽ സങ്കടകരമായ സംഗതി, പത്തു വർഷക്കാലത്തെ പോരാട്ടത്തിനിടയിൽ ഉപേക്ഷിച്ചുകളഞ്ഞ ആയുധങ്ങളും വെടിക്കോപ്പുകളുംമറ്റും തത്ത്വദീക്ഷയില്ലാത്ത അനേകരുടെ കൈകളിൽ എത്തിപ്പെട്ടിരുന്നു. വെടിവെപ്പുകളും കൊള്ളയും നിത്യസംഭവങ്ങളായിരുന്നു. ജാഗ്രതയോടെ സഹോദരങ്ങൾ ആശ്വാസദായകമായ ബൈബിൾ സാഹിത്യങ്ങൾ പ്രദേശത്ത് വിതരണം ചെയ്യാൻ ശ്രമം നടത്തി. ജൂലൈ മാസത്തിൽ മാത്രം ഓരോ പ്രസാധകനും ശരാശരി 12.5 മാസികവീതം സമർപ്പിച്ചു. എന്നാൽ വളരെ വിവേചനയോടെയാണ് അവർ കാര്യങ്ങൾ ചെയ്തിരുന്നത്; രാത്രികാലങ്ങളിൽ ആക്രമണങ്ങളുംമറ്റും കൂടുതലായി നടന്നിരുന്നതിനാൽ, മറ്റു പ്രവർത്തനങ്ങൾപോലെതന്നെ വയൽസേവനവും പകൽസമയത്തു മാത്രമായി ചുരുക്കി. അപകടങ്ങൾ ഉണ്ടായിരുന്നെങ്കിലും വളർച്ചയ്ക്കുള്ള സാധ്യത വളരെ പ്രകടമായിരുന്നു.
മിഷനറിമാർ വീണ്ടും യുഗാണ്ടയിലേക്ക്
1982 സെപ്റ്റംബറിൽ, ഗിലെയാദ് ബിരുദധാരികളായ ജെഫ്രി വെൽഷും ആരി പാൽവ്യെയിനനും കെനിയയിൽനിന്ന് കമ്പാലയിൽ എത്തി. ജെഫ് എന്നും ആരി എന്നുമാണ് അവർ അറിയപ്പെട്ടിരുന്നത്. തുടക്കംമുതൽതന്നെ അവർക്ക് നല്ല ഫലങ്ങൾ ഉണ്ടായി. “ആത്മീയകാര്യങ്ങൾക്കായി ആളുകൾ വിശന്നിരിക്കുകയായിരുന്നു. അതുകൊണ്ട് താത്പര്യജനകമായ വിഷയങ്ങളോടുകൂടിയ മാസികകൾ കാണേണ്ട താമസം അവരതു വാങ്ങിയിരുന്നു,” ജെഫ് പറയുന്നു.
ഡിസംബറിൽ, ഹൈന്റ്സ് വെർട്ട്ഹോൾസും ഭാര്യ മേരിആനും അവിടെ എത്തി. ജർമനിയിലെ വിസ്ബാഡനിൽ നടന്ന ഗിലെയാദ് എക്സ്റ്റൻഷൻ സ്കൂളിൽ സംബന്ധിച്ചവരായിരുന്നു അവർ. അപകടം നിറഞ്ഞതും സംഘർഷഭരിതവുമായ യുഗാണ്ടയിൽ സഹോദരങ്ങൾ വരുത്തുന്ന പുരോഗതി, തുടക്കത്തിലേതന്നെ വെർട്ട്ഹോൾസ് സഹോദരനിലും സഹോദരിയിലും ആഴമായ മതിപ്പുളവാക്കി.
ഹൈന്റ്സ് പറയുന്നു: “ജലവിതരണവും വാർത്താവിനിമയോപാധികളും എല്ലാം താറുമാറായ അവസ്ഥ. രാഷ്ട്രീയസ്ഥിതി സംഘർഷപൂരിതമായിരുന്നു. അട്ടിമറി നടക്കാൻപോകുന്നുവെന്ന് കുറഞ്ഞത് രണ്ടുപ്രാവശ്യമെങ്കിലും വാർത്തപരന്നു; സൈന്യം സ്ഥാപിച്ചിട്ടുള്ള റോഡ്-ബ്ലോക്കുകളായിരുന്നു എവിടെയും. വെടിവെപ്പും കൊള്ളയും സർവസാധാരണമായിരുന്നു, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ. രാത്രിയായാൽ വഴിയിലെങ്ങും ഒരു കുഞ്ഞിനെപ്പോലും കാണില്ലായിരുന്നു. അതിക്രമികളുടെ ശല്യം ഉണ്ടാകരുതേ എന്ന് ആശിച്ചുകൊണ്ട്—മിക്കപ്പോഴും പ്രാർഥിച്ചുകൊണ്ട്—ആണ് ഓരോ രാത്രിയും എല്ലാവരും തള്ളിനീക്കിയിരുന്നത്.”
മിഷനറി ഭവനമായി ഉപയോഗിക്കാൻ ഒരു വീടു കിട്ടുന്നതുവരെ തങ്ങളുടെ കൂടെ താമസിക്കാൻ വൈസ്വാ സഹോദരനും കുടുംബവും ഹൈന്റ്സിനെയും മേരിആനിനെയും ക്ഷണിച്ചു. സാം വൈസ്വാ ഒരു അധ്യാപകനായിരുന്നെങ്കിലും രാജ്യത്തെ പരിതാപകരമായ സാമ്പത്തികസ്ഥിതി ആ കുടുംബത്തെയും വല്ലാതെ ബാധിച്ചിരുന്നു. ദാരിദ്ര്യത്തിന്മധ്യേ അവർ കാണിച്ച ആതിഥ്യം, അതുകൊണ്ടുതന്നെ വളരെ ശ്രദ്ധേയമാണ്.
“സുരക്ഷിതമായ ഒരു സ്ഥലത്ത് വീടു കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് അഞ്ചുമാസം ഞങ്ങൾ സാമിന്റെ കൂടെത്തന്നെ താമസിച്ചു. പരസ്പരം അടുത്തറിയാൻ അതു ഞങ്ങളെ സഹായിച്ചു. പലപ്പോഴും അവരുടെ വലിയ കുടുംബത്തിന് ഒരുനേരത്തെ ആഹാരമേ ഉണ്ടായിരുന്നുള്ളൂ. എന്നാലും അവർ സദാ സന്തുഷ്ടരായിരുന്നു. നല്ല അനുസരണവും ആദരവും ഉള്ളവരായിരുന്നു കുട്ടികൾ. പട്ടണത്തിലെ ജലവിതരണ സംവിധാനം ശരിക്കു പ്രവർത്തിക്കാഞ്ഞതിനാൽ കുട്ടികൾ, 20 ലിറ്റർ കൊള്ളുന്ന വലിയ പ്ലാസ്റ്റിക് പാത്രങ്ങളിൽ വെള്ളം നിറച്ച് തലയിൽ ചുമന്നുകൊണ്ടു വരുമായിരുന്നു. വയൽസേവനം കഴിഞ്ഞ് ഞങ്ങൾ വീട്ടിലെത്തുമ്പോഴേക്കും ഞങ്ങൾക്കുവേണ്ടി അവർ എപ്പോഴും ശുദ്ധജലം കരുതിവെച്ചിരുന്നു. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കാൻ ഞങ്ങൾ പഠിച്ചെന്നു പറയേണ്ടതില്ലല്ലോ. ഏതാനും ലിറ്റർ വെള്ളംകൊണ്ടാണ് ഞങ്ങൾ കുളിച്ചിരുന്നത്; ആ വെള്ളം ബേസിനിൽ ശേഖരിച്ച് കക്കൂസിൽ ഒഴിക്കാൻ ഉപയോഗിക്കും,” ഹൈന്റ്സ് പറയുന്നു.
1983 ഏപ്രിലിൽ, ആദ്യത്തെ മിഷനറിമാരെ യുഗാണ്ടയിൽനിന്ന് തുരത്തിയിട്ട് ഏതാണ്ട് 10 വർഷമായപ്പോൾ, പുതിയ നാലുമിഷനറിമാർക്ക് താരതമ്യേന സുരക്ഷിതമായ ഒരു സ്ഥലത്ത് ഒരു ഭവനം കണ്ടെത്താനായി. പൊതുവെ നിലനിന്ന അരക്ഷിതാവസ്ഥയും അവശ്യസാധനങ്ങളുടെപോലും ദൗർലഭ്യവും പല വെല്ലുവിളികളും ഉയർത്തിയെങ്കിലും അതിനെയെല്ലാം വെല്ലുന്നതായിരുന്നു അവിടത്തെ സഹോദരന്മാരുടെ സ്നേഹം.
“ആളുകളുമായി സുവാർത്ത പങ്കുവെക്കുന്നത് ഞങ്ങൾ ഏറെ ആസ്വദിച്ചു. മതതത്പരരായ അവരിൽ മിക്കവരുടെയും കൈവശം ബൈബിളുണ്ടായിരുന്നു; മാത്രമല്ല, ബൈബിൾ വിഷയങ്ങൾ ചർച്ചചെയ്യാൻ അവർ എപ്പോഴും മനസ്സുകാണിച്ചു. നല്ല പെരുമാറ്റ മര്യാദകൾ ശീലിച്ചിരുന്ന അവരുമായി ഒരു സംഭാഷണം തുടങ്ങുക വളരെ എളുപ്പമായിരുന്നു. സാമ്പത്തികപ്രശ്നങ്ങളും മറ്റു ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടെങ്കിലും അവരുടെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരുന്നു,” മേരിആൻ പറയുന്നു.
വാർധക്യത്തിലും തളരാതെ. . .
സമൂഹത്തിൽ വലിയ നിലയും വിലയുമൊക്കെയുള്ള പ്രായമായ അനേകർ സുവാർത്തയ്ക്കു ചെവികൊടുക്കുകയും പ്രായാധിക്യത്തിലും യഹോവയെ സേവിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. പൗലൂ മൂക്കാസാ അതിനൊരു ഉദാഹരണമാണ്. ഒരു അധ്യാപകനായിരുന്ന അദ്ദേഹം 89-ാം വയസ്സിലാണ് സത്യം പഠിച്ചത്. രണ്ടു ലോകമഹായുദ്ധങ്ങൾ, കോളനി ഭരണം, ക്രൂരമായ സ്വേച്ഛാധിപത്യം, മറ്റു രാഷ്ട്രീയ സംഘർഷങ്ങൾ എന്നിങ്ങനെ പലതും കണ്ടും കേട്ടും അനുഭവിച്ച പൗലൂവിന് ദൈവരാജ്യത്തെക്കുറിച്ചു പഠിക്കാൻ വലിയ ഉത്സാഹമായിരുന്നു. മിശിഹൈക രാജാവായ യേശുക്രിസ്തു, ‘നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും പീഡയിൽനിന്നു വിടുവിക്കും’ എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷമായി.—സങ്കീ. 72:12, 14.
രണ്ടുവർഷം കഴിഞ്ഞ് പൗലൂ സ്നാനപ്പെടാൻ ഒരുങ്ങിയപ്പോൾ, ‘ഇത്രയും പ്രായമായ ഒരാളെ എങ്ങനെ വെള്ളത്തിൽ പൂർണമായി മുക്കും?’ എന്ന ചിന്തയായിരുന്നു സഹോദരന്മാർക്ക്. എന്നാൽ അവരുടെ ഭയം അസ്ഥാനത്തായിരുന്നു. കാരണം, ഒരു ചെറുപ്പക്കാരൻ വെള്ളത്തിലിറങ്ങാൻ മടിച്ചുനിന്നപ്പോൾ 91 വയസ്സുള്ള പൗലൂ ഒരു കൂസലുമില്ലാതെ സ്നാനമേറ്റ് നിറചിരിയോടെ പൊങ്ങിവന്നു; ശുശ്രൂഷയിലെ പങ്ക് അൽപ്പം പരിമിതമായിരുന്നെങ്കിലും, ഏതാനും വർഷത്തിനുശേഷം മരിക്കുന്നതുവരെ പൗലൂ, തന്നെ സന്ദർശിക്കുന്നവരോടെല്ലാം ഉത്സാഹത്തോടെ രാജ്യസുവാർത്ത പങ്കുവെച്ചിരുന്നു.
മോശമായ ആരോഗ്യസ്ഥിതിയും ഒപ്പം പ്രായാധിക്യവും ലോവിൻസ നാകായിമാ സഹോദരിയെ അലട്ടിയിരുന്നു. രോഗംമൂലം കാലുകൾ നീരുവെച്ചിരുന്നതിനാൽ പരസഹായം കൂടാതെ എങ്ങോട്ടും പോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു. എന്നിട്ടും, സ്മാരകകാലത്ത് സഹായ പയനിയറിങ് ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചപ്പോൾ സഹോദരിക്കും ഒന്നു ശ്രമിച്ചുനോക്കണമെന്നായി. ബൈബിളധ്യയനത്തിനായി താത്പര്യക്കാരെ ലോവിൻസയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി, പയനിയറിങ് ചെയ്യാൻ സഭ സഹോദരിയെ സഹായിച്ചു. ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് കത്തെഴുതാനും മിഷനറിമാർ സഹോദരിയെ പഠിപ്പിച്ചു; അതാകുമ്പോൾ സഹോദരിക്കു സാധിക്കുമ്പോൾ ചെയ്താൽ മതിയല്ലോ. ശനിയാഴ്ചകളിൽ ഒരു മൂപ്പൻ, സഹോദരിയെ കമ്പാലയിലെ നല്ല തിരക്കുള്ള ഒരു സ്ഥലത്തു കൊണ്ടുചെന്നാക്കും. അവിടെ പൊക്കം കുറഞ്ഞ ഒരു മതിലിൽ ഇരുന്നുകൊണ്ട് വഴിപോക്കരോട് ദിവസംമുഴുവൻ സാക്ഷീകരിക്കാനാകുമായിരുന്നു. മാസാവസാനം സന്തോഷത്തോടും സംതൃപ്തിയോടുംകൂടെ സഹോദരി പറഞ്ഞു: “എനിക്കും ഇത് ചെയ്യാനാകും, ആസ്വദിക്കാനാകും!” സഭ നൽകിയ നല്ല പിന്തുണയാൽ തുടർന്നുവന്ന 11 മാസംകൂടി പയനിയറിങ് ചെയ്യാൻ സഹോദരിക്കു സാധിച്ചു!
“. . . എന്ന് എങ്ങനെ പറയും?”
യുഗാണ്ടയിലെ കഠിനാധ്വാനികളായ പ്രസാധകർക്കു പിന്തുണയുമായി, 1980-കളിൽ ഉത്സാഹികളായ നിരവധി മിഷനറിമാർ അവിടെയെത്തി. ചിലർ ഗിലെയാദിൽനിന്ന് പുതുതായി ബിരുദം നേടിയവരായിരുന്നു. മറ്റുള്ളവരാകട്ടെ, സയറിൽനിന്ന് (ഇപ്പോൾ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്) നാടുകടത്തപ്പെട്ട മിഷനറിമാരായിരുന്നു. കമ്പാലയിലും ജിൻജായിലും കൂടുതൽ മിഷനറിമാർ എത്തിയതുകൊണ്ട് ജനസാന്ദ്രത കൂടുതലുള്ള ആ പ്രദേശങ്ങൾ സമഗ്രമായി പ്രവർത്തിക്കാനായി. കൊയ്ത്തിനു പാകമായിരുന്ന യുഗാണ്ടയിലെ വയൽ മിഷനറിമാരെ ഉത്സാഹഭരിതരാക്കി. എന്നാൽ താത്പര്യക്കാരെ കണ്ടെത്തുന്നതിനെക്കാൾ അവരുടെ താത്പര്യം വളർത്തിക്കൊണ്ടുവരുന്നതായിരുന്നു ഏറെ വെല്ലുവിളി നിറഞ്ഞ സംഗതി.
മാസങ്ങളിലെ ഗിലെയാദ് പരിശീലനത്തിൽനിന്ന് ആവേശം ഉൾക്കൊണ്ട മാറ്റ്സ് ഹോംക്വിസ്റ്റ് പ്രാദേശിക ഭാഷ പഠിച്ചെടുക്കാൻ ഊർജിതമായ ശ്രമം ആരംഭിച്ചു; സത്യത്തോടുള്ള ആളുകളുടെ താത്പര്യം വളർത്തിയെടുക്കാൻ അത് ആവശ്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അപ്പോഴേക്കും ഫ്രെഡ് ന്യെൻഡെ, എൻറ്റെബെയിൽ പ്രത്യേക പയനിയറായി സേവിക്കുകയായിരുന്നു. സാമാന്യം ഭേദമായി ലുഗാണ്ട സംസാരിക്കാൻ പുതിയ മിഷനറിമാരെ പരിശീലിപ്പിക്കുന്നതിന് പരിഭാഷയിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം നന്നായി പ്രയോജനപ്പെടുത്തി. ലുഗാണ്ട ഭാഷയിലെ മിക്ക വാക്കുകളും ‘നാക്ക് ഉളുക്കുന്ന’വയായിരുന്നു. ഈ പുതിയ ഭാഷ പഠിക്കുന്നത് വിചാരിച്ചതുപോലെ അത്ര എളുപ്പമല്ലെന്ന് മാറ്റ്സിന് പെട്ടെന്നുതന്നെ മനസ്സിലായി.
ഭാഷാ പഠനം തുടങ്ങിയ സമയത്ത് ആദ്യ ക്ലാസ്സുകളിലൊന്നിൽ മാറ്റ്സ് ചോദിച്ചു: “ലുഗാണ്ടയിൽ ‘ദൈവരാജ്യം’ എന്ന് എങ്ങനെ പറയും?”
“ഓബ്വാകാബാകാ ബ്വാ കാട്ടോൻഡാ,” വളരെ താളാത്മകമായി ഫ്രെഡിന്റെ മറുപടി.
‘ഒരുകാലത്തും തനിക്കതു പറയാൻ പറ്റുമെന്നു തോന്നുന്നില്ല,’ മാറ്റ്സ് ചിന്തിച്ചു. വെറുതെ ഈ ചോദ്യം ചോദിക്കണ്ടായിരുന്നല്ലോ എന്ന് ഓർത്തുപോയി അദ്ദേഹം.
എന്നിരുന്നാലും മാറ്റ്സ് ഭാഷാപഠനത്തിൽ ശ്രദ്ധേയമായ പുരോഗതി വരുത്തി; സാമാന്യം നല്ല നിലയിൽത്തന്നെ ലുഗാണ്ട ഭാഷ കൈകാര്യം ചെയ്യാമെന്നായി.
കൊയ്ത്തുവേലയിൽ പുരോഗതി
യുഗാണ്ടയിൽ 1980-കൾ മിക്കവാറും ദുരിതപൂർണമായ സമയമായിരുന്നെങ്കിലും ബൈബിൾ സത്യത്തോടുള്ള ആളുകളുടെ പ്രതികരണം അസാധാരണമായിരുന്നു. പ്രസാധകരുടെ എണ്ണത്തിൽ ചുരുങ്ങിയ കാലംകൊണ്ട് 130 ശതമാനം വർധനയുണ്ടായി—1986-ൽ 328 ആയിരുന്നത് 1990 ആയപ്പോഴേക്കും 766 ആയി വർധിച്ചു. രാജ്യമെമ്പാടും പുതിയ കൂട്ടങ്ങൾ നിലവിൽ വന്നു. കമ്പാലയിൽ സഭകളുടെ എണ്ണം ഇരട്ടിയായി. ജിൻജാ സഭയിൽ പ്രസാധകരുടെ എണ്ണം മൂന്നിരട്ടിയിൽ ഏറെയായി. അതേസമയം, ഇഗാങ്ഗയിലെ കൂട്ടം പെട്ടെന്നുതന്നെ ഒരു സഭയായിത്തീരുകയും ചെയ്തു.
“വളരെ പെട്ടെന്നായിരുന്നു ഈ വളർച്ച. ഇത്രമാത്രം പുതിയ പ്രസാധകർ എവിടെനിന്നു വരുന്നു എന്നുപോലും ഞങ്ങൾ ചിന്തിച്ചുപോയി. കാരണം, പ്രസാധകരായിത്തീരാൻ ആഗ്രഹിക്കുന്നവരുമായുള്ള ചർച്ചയ്ക്കുവേണ്ടി, കുറെക്കാലത്തേക്ക് മിക്കവാറും എല്ലാ ഞായറാഴ്ചയുംതന്നെ ഞങ്ങൾക്കു സമയം ക്രമീകരിക്കേണ്ടിവന്നു,” ജിൻജായിലെ ഒരു മൂപ്പൻ പറയുന്നു.
വിസ്തൃതമായ വയലിലെ കൊയ്ത്ത്
വലിയ പുരോഗതിക്ക് ഇടയാക്കിയ ഒരു സംഗതി സഹോദരങ്ങൾ പ്രകടമാക്കിയ നല്ല പയനിയർ ആത്മാവാണ്. ഒന്നാം നൂറ്റാണ്ടിലെ സുവിശേഷകരായ പൗലോസിനെയും ശീലാസിനെയും തിമൊഥെയൊസിനെയുംപോലെ യുഗാണ്ടയിലെ മുഴുസമയ സേവകരും മറ്റുള്ളവർക്കു ‘പിന്തുടരാൻ ഒരു മാതൃക’ വെച്ചു. (2 തെസ്സ. 3:9) ഇത്തരം നല്ല മാതൃകയും വയലിലെ വർധിച്ചുവരുന്ന ആവശ്യവും നിമിത്തം തങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാൻ ഉത്സാഹികളായ പല പ്രസാധകരും പ്രചോദിതരായി. പ്രായമായവരും ചെറുപ്പക്കാരും, ഏകാകികളും വിവാഹിതരും, പുരുഷന്മാരും സ്ത്രീകളും എന്തിന്, കുടുംബപ്രാരബ്ധങ്ങൾ ഉള്ള ചിലർപോലും, കഠിനാധ്വാനികളായ പയനിയർമാരുടെ നിരയിൽ ചേർന്നു. 1980-കളുടെ അവസാനത്തിൽ, ശരാശരി എണ്ണം നോക്കുമ്പോൾ, പ്രസാധകരിൽ 25 ശതമാനത്തിലേറെപ്പേർ ഏതെങ്കിലുമൊരു പയനിയർ സേവനത്തിൽ ഏർപ്പെട്ടു. ചിലർക്കാണെങ്കിൽ ഇന്നോളം മുഴുസമയസേവനത്തിൽ തുടരാൻ സാധിച്ചിട്ടുമുണ്ട്.
വാർഷികമായി ക്രമീകരിച്ചിരുന്ന, ‘മാസിഡോണിയൻ വേല’ എന്നു വിളിക്കപ്പെട്ട പ്രത്യേക പ്രസംഗപ്രവർത്തനത്തെ പയനിയർമാർ ആത്മാർഥമായി പിന്തുണച്ചു. (പ്രവൃ. 16:9, 10) വർഷങ്ങളോളം ഇത്തരം പ്രത്യേക പ്രവർത്തനങ്ങൾ ക്രമീകരിച്ചിരുന്നു. നിയമിച്ചുകൊടുത്തിട്ടില്ലാത്തതോ, അപൂർവമായി പ്രവർത്തിക്കുന്നതോ ആയ പ്രദേശങ്ങളിൽ സഭകൾ മൂന്നുമാസംവരെ പ്രവർത്തിക്കും. കൂടാതെ, ആവശ്യം ഏറെയുള്ളിടത്തു പ്രവർത്തിക്കാൻ, ചില സാധാരണ പയനിയർമാരെ താത്കാലിക പ്രത്യേക പയനിയർമാരായും നിയമിച്ചു. അത്യന്തം പ്രോത്സാഹജനകമായ ഫലമാണ് അതുമൂലം ഉണ്ടായത്. ഇത്തരം പ്രത്യേക പ്രവർത്തനം ക്രമീകരിച്ചതിന് ആത്മാർഥഹൃദയരായ അനേകർ വിലമതിപ്പു പ്രകടിപ്പിക്കുകയുണ്ടായി; കാരണം, അതുവഴിയാണ് അവർ സത്യം അറിയാൻ ഇടയായത്. അങ്ങനെ, നിരവധി പുതിയ കൂട്ടങ്ങളും സഭകളും രൂപീകരിക്കപ്പെട്ടു.
കാബാലെ എന്ന പട്ടണത്തിലായിരുന്നു ഒരിക്കൽ ഇത്തരത്തിലുള്ള പ്രസംഗപ്രവർത്തനം ക്രമീകരിച്ചത്. അവിടെ പ്രവർത്തിക്കുമ്പോൾ മിഷനറിമാരായ പീറ്റർ ഏബ്രാമോവും മൈക്കിൾ റൈസും മുമ്പ് ബൈബിൾ പഠിച്ചിരുന്ന മാർഗ്രറ്റ് റ്റോഫായോയെ കണ്ടുമുട്ടി. താൻ പഠിച്ചത് സത്യമാണെന്നു ബോധ്യം വന്നിരുന്ന അവർ തന്റെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോട് അനൗപചാരികമായി സംസാരിക്കാറുണ്ടായിരുന്നു. എങ്ങനെയും മാർഗ്രറ്റിനെ സഹായിക്കാൻ ആഗ്രഹിച്ച മിഷനറിമാർ തങ്ങളുടെ കൈവശം ആകെപ്പാടെ ഉണ്ടായിരുന്ന തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ പുസ്തകം അവർക്കു കൊടുത്തു. സഹോദരന്മാർ ആ പ്രദേശം വിട്ടുപോകുന്നതിനുമുമ്പ് അവസാനമായി അവിടെ ചെന്നപ്പോൾ മാർഗ്രറ്റ് അവർക്കായി ഒരു സദ്യതന്നെ ഒരുക്കി. ആ സ്ത്രീയുടെ ദയയും ഔദാര്യവും സഹോദരന്മാർ അങ്ങേയറ്റം വിലമതിച്ചെങ്കിലും, ആ വീട്ടിൽ ആകെക്കൂടി ഉണ്ടായിരുന്ന ഒരു കോഴിയെയാണല്ലോ തങ്ങൾക്കുവേണ്ടി പാചകം ചെയ്തത് എന്നോർത്തപ്പോൾ അവർക്കു വിഷമം തോന്നി. ആ കോഴിയുടെ മുട്ട അവരുടെ ദരിദ്ര കുടുംബത്തിന്റെ ആഹാരത്തിന് എത്രമാത്രം ഉതകിയിരുന്നു എന്ന് സഹോദരന്മാർക്ക് അറിയാമായിരുന്നു. “അതൊന്നും കാര്യമാക്കേണ്ട; നിങ്ങൾ എനിക്കു നൽകിയതിനോടുള്ള താരതമ്യത്തിൽ ഞാൻ ഈ ചെയ്തത് ഒന്നുമല്ല,” മാർഗ്രറ്റ് പറഞ്ഞു. പിന്നീട് സ്നാനമേറ്റ അവർ, മരണംവരെ തീക്ഷ്ണതയുള്ള ഒരു പ്രസാധികയായി പ്രവർത്തിച്ചു.
സഹോദരങ്ങൾ തങ്ങൾക്കു ലഭിച്ചിട്ടുള്ള പ്രസിദ്ധീകരണങ്ങൾ മെച്ചമായി ഉപയോഗിച്ചതും ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ഇടയാക്കി. “പഠിപ്പിക്കൽ പ്രാപ്തി മെച്ചപ്പെടുത്താൻ നാം ശ്രമിക്കാറുണ്ടെങ്കിലും ബൈബിളും പ്രസിദ്ധീകരണങ്ങളുമാണ് ആളുകളെ ഏറെ സ്വാധീനിക്കുന്നത്, ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ പ്രചോദിപ്പിക്കുന്നത്. വായിക്കാൻ അറിയാത്തവരും എന്നാൽ സത്യത്തിനായി ദാഹിക്കുന്നവരുമായ ആളുകളുടെ ഹൃദയത്തെ സ്പർശിക്കാൻ പോന്നതാണ് നമ്മുടെ ചില ലഘുപത്രികകൾ,” നേരത്തേ പരാമർശിച്ച മാറ്റ്സ് പറയുന്നു.
പ്രതിബന്ധങ്ങളിന്മധ്യേ. . .
1980-കളുടെ അവസാനഘട്ടത്തിലെ ആവേശോജ്വലമായ പുരോഗതിയോടൊപ്പം പ്രശ്നങ്ങളും തലപൊക്കി. 1985 ജൂലൈയിൽ ഭരണകൂടത്തെ അട്ടിമറിച്ച് വീണ്ടും പട്ടാളഭരണം തുടങ്ങി. മുമ്പുണ്ടായിരുന്നതുപോലുള്ള സുരക്ഷിതത്വമില്ലാത്ത അവസ്ഥ വീണ്ടും നിലവിൽവന്നു; ഗറില്ലാ ആക്രമണം ശക്തമായി. മുൻഭരണകൂടത്തിന്റെ ഭാഗമായിരുന്ന, പലായനം ചെയ്യുന്ന പട്ടാളക്കാർ നിയന്ത്രണാതീതമാംവിധം ആക്രമണകാരികളായി; അവർ വസ്തുവകകൾ കൊള്ളയടിക്കുകയും കണ്ണിൽക്കണ്ടവരെയെല്ലാം വെടിവെക്കുകയും ചെയ്തു. ജിൻജായിൽ മിഷനറിമാർ താമസിച്ചിരുന്ന പ്രദേശത്തായിരുന്നു കുറെക്കാലത്തേക്ക് രൂക്ഷമായ പോരാട്ടം നടന്നിരുന്നത്. ഒരു ദിവസം പട്ടാളക്കാർ മിഷനറിഭവനവും റെയ്ഡ് ചെയ്തു. എന്നാൽ അവർ ആരാണെന്നു മനസ്സിലാക്കിയപ്പോൾ, ഏതാനും ചില സാധനങ്ങൾ കൊണ്ടുപോയതല്ലാതെ, ഒന്നും അവർ നശിപ്പിച്ചില്ല. 1986 ജനുവരിയിൽ മറ്റൊരു ഭരണകൂടം അധികാരത്തിൽ വന്നു, രാജ്യത്തെ ക്രമസമാധാനനില പുനഃസ്ഥാപിക്കാൻ ഒരു ശ്രമം നടത്തി.
എന്നാൽ പുതിയ സർക്കാരിന് പെട്ടെന്നുതന്നെ, തികച്ചും പുതിയതും ഏറെ നാശകാരിയുമായ ഒരു ശത്രുവിനെ നേരിടേണ്ടിവന്നു—എയ്ഡ്സ് മഹാവ്യാധി. 1980-കളിൽ ഈ രോഗം പടർന്നുപിടിച്ചപ്പോൾ ഏറ്റവും ബാധിക്കപ്പെട്ട രാഷ്ട്രങ്ങളിൽ ഒന്നാണ് യുഗാണ്ട. ഇതുമൂലം 10 ലക്ഷം പേരെങ്കിലും അവിടെ മരിച്ചതായി കരുതപ്പെടുന്നു—അതാകട്ടെ സാധ്യതയനുസരിച്ച് 15 വർഷത്തെ രാഷ്ട്രീയ പോരാട്ടങ്ങളിലും ആഭ്യന്തരയുദ്ധത്തിലും മരിച്ചവരെക്കാൾ കൂടുതൽ പേരാണ്! ഈ രോഗം നമ്മുടെ സഹോദരങ്ങളെ എങ്ങനെ ബാധിച്ചു?
“നല്ല ഉത്സാഹത്തോടും ചുറുചുറുക്കോടുംകൂടെ പുതുതായി സത്യം സ്വീകരിച്ച ചില സഹോദരീസഹോദരന്മാരും എയ്ഡ്സിന് അടിയറ പറയേണ്ടിവന്നു. സത്യം പഠിക്കുന്നതിനുമുമ്പുതന്നെ അവർക്കു രോഗംപിടിപെട്ടിരുന്നു,” വാഷിങ്ടൺ സെൻടോങ്ഗോ പറയുന്നു. മറ്റുചിലർക്കു രോഗം ബാധിച്ചത് അവിശ്വാസികളായ ഇണകളിൽനിന്നാണ്.
“ഞങ്ങൾക്ക് അടുത്തറിയാവുന്ന, പ്രിയപ്പെട്ട ആരെങ്കിലും ഇത്തരത്തിൽ മരിക്കാത്ത ഒരു മാസംപോലും ഉണ്ടായിരുന്നെന്നു തോന്നുന്നില്ല. മിക്കവാറും എല്ലാ കുടുംബത്തിൽനിന്നും ആരെങ്കിലും നഷ്ടപ്പെട്ടിരുന്നു,” വാഷിങ്ടൺ പറയുന്നു. “എയ്ഡ്സിനെക്കുറിച്ച് പല അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. ഇത് ശാപഫലമാണെന്നും ഇതിന് മന്ത്രവാദവുമായി ബന്ധമുണ്ടെന്നും പലരും കരുതി. ഇത്തരം തെറ്റായ വീക്ഷണം ആളുകളെ പരിഭ്രാന്തരാക്കുകയും അടിസ്ഥാനരഹിതമായ മുൻവിധികൾക്ക് ഇടയാക്കുകയും ചെയ്തു. കൂടാതെ യുക്തിപൂർവം ചിന്തിക്കാനുള്ള അവരുടെ പ്രാപ്തിയെയും ഇതു ബാധിച്ചു,” അദ്ദേഹം തുടരുന്നു. എന്നിരുന്നാലും പുനരുത്ഥാന പ്രത്യാശയാലും ആത്മാർഥമായ ക്രിസ്തീയ സ്നേഹത്താലും വിശ്വസ്തതയോടെ നമ്മുടെ സഹോദരീസഹോദരന്മാർ പരസ്പരം ആശ്വാസം പകർന്നു.
എന്നാൽ 1980-കളുടെ അവസാനമായപ്പോഴേക്കും, യുഗാണ്ടയിൽ കാര്യങ്ങളൊക്കെ മെച്ചപ്പെടാനുള്ള സാധ്യത ദൃശ്യമായിരുന്നു. സുരക്ഷിതത്വം പുനഃസ്ഥാപിക്കപ്പെടുന്നതോടൊപ്പം സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുകയായിരുന്നു. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടു; സാമൂഹികക്ഷേമപരിപാടികൾ ഊർജിതമാക്കുകയോ നടപ്പിലാക്കുകയോ ചെയ്തു.
കൂടുതൽക്കൂടുതൽ ആളുകൾ രാഷ്ട്രീയ ആദർശങ്ങൾക്ക് ഊന്നൽനൽകാൻ തുടങ്ങിയതോടെ ചിലപ്പോഴെങ്കിലും യഹോവയുടെ സാക്ഷികളുടെ നിഷ്പക്ഷത തെറ്റിദ്ധരിക്കപ്പെട്ടു. ഒരിക്കൽ അധികാരികൾ യാതൊരു കാരണവും കൂടാതെ ഒരു രാജ്യഹാളിന്റെ പണി നിറുത്തിവെപ്പിച്ചു. ചില സമ്മേളനങ്ങൾ നടത്താനുള്ള അനുമതി നിഷേധിച്ചു. ചില മിഷനറിമാർക്ക് പെർമിറ്റ് പുതുക്കി കിട്ടാഞ്ഞതിനാൽ രാജ്യം വിട്ടുപോകേണ്ടിവന്നു. 1991-ന്റെ അവസാനമായപ്പോഴേക്കും രണ്ടു മിഷനറിമാരേ അവിടെ ശേഷിച്ചുള്ളൂ. സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി എന്തു ചെയ്യാനാകുമായിരുന്നു?
നമ്മുടെ നിഷ്പക്ഷത സംബന്ധിച്ച് അധികാരികളോടു സംസാരിക്കാൻ സഹോദരന്മാർ ഒരു പ്രതിനിധിസംഘത്തെ അയച്ചു. നമ്മുടെ നിലപാട് അധികാരികൾക്കു ബോധ്യമായതോടെ, മിഷനറിമാർക്ക് യുഗാണ്ടയിലേക്കു മടങ്ങിവരാനായി. യാതൊരു തടസ്സവും കൂടാതെ വേല പുരോഗമിച്ചു. 1993-ൽ യുഗാണ്ടയിലെ പ്രസാധകരുടെ എണ്ണം 1,000 ആയി. അതിനുശേഷം, വെറും അഞ്ചുവർഷംകൊണ്ട് രാജ്യഘോഷകരുടെ എണ്ണം 2,000 ആയി! ഇപ്പോൾ രാജ്യമെമ്പാടുമായി, ഉത്സാഹപൂർവം പ്രവർത്തിക്കുന്ന 40-ഓളം മിഷനറിമാരുണ്ട്.
പരിഭാഷ കൂട്ടിച്ചേർക്കൽ വേലയെ ത്വരിതപ്പെടുത്തുന്നു
രാജ്യമെങ്ങും ഇംഗ്ലീഷ് പ്രചാരത്തിലുണ്ടെങ്കിലും വിവിധ വംശീയ കൂട്ടങ്ങൾ സംസാരിക്കുന്ന 30-ലേറെ മറ്റു ഭാഷകളുമുണ്ട് അവിടെ. അതിൽ ഏറ്റവും പ്രമുഖമായിട്ടുള്ളത് ലുഗാണ്ടയാണ്. പരിഭാഷാവേലയിലെ പുരോഗതിയാണ് അടുത്തകാലത്തെ പെട്ടെന്നുള്ള അഭിവൃദ്ധിക്കു സഹായിച്ച മുഖ്യ ഘടകം.
ഫ്രെഡ് ന്യെൻഡെ പറയുന്നു: “വിശ്വസ്തയായ സാക്ഷിയായിരുന്നു എന്റെ അമ്മ. പക്ഷേ, അധ്യയന ലേഖനങ്ങൾ ഞാൻ ഇംഗ്ലീഷിൽനിന്ന് ലുഗാണ്ടയിലേക്ക് പരിഭാഷപ്പെടുത്തിക്കൊടുത്തപ്പോഴാണ് അമ്മ യോഗങ്ങളിൽനിന്ന് ഏറെ പ്രയോജനം നേടിയത്. എന്നാൽ കൂടുതൽ ബൃഹത്തായ പരിഭാഷാവേലയ്ക്കുള്ള പരിശീലനമാണ് അതിലൂടെ എനിക്കു ലഭിക്കുന്നതെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.” എന്തുകൊണ്ടായിരിക്കും ഫ്രെഡ് അങ്ങനെ പറഞ്ഞത്?
1984-ൽ പയനിയറിങ് തുടങ്ങി ഏറെ താമസിയാതെ, മിഷനറിമാർക്ക് ലുഗാണ്ട-ഭാഷാ പരിശീലനം നൽകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പിറ്റേവർഷം, ലുഗാണ്ട പരിഭാഷാ സംഘത്തിലെ ഒരംഗമായി പ്രവർത്തിക്കാൻ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. ആദ്യമൊക്കെ അദ്ദേഹവും മറ്റ് പരിഭാഷകരും സമയം കിട്ടുന്നതുപോലെ വീട്ടിലിരുന്നാണ് തങ്ങളുടെ ജോലി നിർവഹിച്ചിരുന്നത്. പിന്നീട് ഒരു മിഷനറി ഭവനത്തോടു ചേർന്നുള്ള ഒരു ചെറിയ മുറിയിൽ എല്ലാവരും ഒരുമിച്ചിരുന്ന് മുഴുസമയം പരിഭാഷ നിർവഹിക്കാൻ തുടങ്ങി. 1970-കളുടെ മധ്യഭാഗത്ത് നിരോധനം നിലവിലിരിക്കെ, വീക്ഷാഗോപുരത്തിന്റെ ഏതാനും ലക്കങ്ങൾ ലുഗാണ്ട ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പകർപ്പുകൾ ഉണ്ടാക്കിയിരുന്നു. പക്ഷേ, പിന്നീട് അതു നിന്നുപോയി. അതിനുശേഷം 1987-ലാണ് വീണ്ടും വീക്ഷാഗോപുരം ലുഗാണ്ടയിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. തുടർന്നിങ്ങോട്ട് പരിഭാഷകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കൂടാതെ, ലുഗാണ്ട ഭാഷയിലുള്ള സഭകളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കൂടുതൽ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നതിനായി അവർ കഠിനമായി അധ്വാനിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ രാജ്യത്തെ സഭകളിൽ ഏതാണ്ട് പകുതിയും ലുഗാണ്ട ഭാഷാ സഭകളാണ്.
കാലാന്തരത്തിൽ, നമ്മുടെ പ്രസിദ്ധീകരണങ്ങൾ മറ്റു ഭാഷകളിലേക്കും പരിഭാഷപ്പെടുത്താൻ തുടങ്ങി. ഇപ്പോൾ അച്ചോളി, ലുക്കോൻസോ, റുന്യാൻകോര എന്നീ ഭാഷകളിലും മുഴുസമയ പരിഭാഷകരുണ്ട്. അതിനുപുറമേ, ആറ്റേസോ, മാഡീ, ലൂഗ്ബാരാ, റൂട്ടോറോ എന്നീ ഭാഷകളിലേക്കും ഒറ്റപ്പെട്ട ചില പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
അച്ചോളി പരിഭാഷകരുടെ ഓഫീസ് ആ ഭാഷ കൂടുതലായി സംസാരിക്കുന്നിടമായ ഗൂലൂവിലും റുന്യാൻകോരക്കാരുടേത് ആ ഭാഷക്കാർ കൂടുതലുള്ള ഇംബാരാരായിലുമാണ്. അത് അതാതു ഭാഷക്കാരുമായി ബന്ധംപുലർത്തുന്നതിനും എളുപ്പം മനസ്സിലാകുന്ന സരളമായ ഭാഷയിൽ പരിഭാഷ നിർവഹിക്കുന്നതിനും പരിഭാഷകരെ സഹായിക്കുന്നു. അതോടൊപ്പം പരിഭാഷകരുടെ സാന്നിധ്യം അവിടത്തെ സഭകളും ഏറെ ആസ്വദിക്കുന്നുണ്ട്.
പരിഭാഷ വേല നിർവഹിക്കുന്നതിന് നല്ല ശ്രമവും സാമ്പത്തിക പിന്തുണയും ആവശ്യമാണ്. ലോകമൊട്ടാകെയുള്ള മറ്റു പരിഭാഷ സംഘങ്ങളെപ്പോലെ കഠിനാധ്വാനികളായ യുഗാണ്ടൻ പരിഭാഷകരും, തങ്ങളുടെ വൈദഗ്ധ്യവും ഭാഷാപ്രാവീണ്യവും വികസിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനപരിപാടിയിൽനിന്നു പ്രയോജനം നേടിയിരിക്കുന്നു. അതിലൂടെ നേടിയ ഫലങ്ങൾ അതിനായി ചെയ്ത ശ്രമങ്ങൾക്കും വേണ്ടിവന്ന ചെലവുകൾക്കും തക്ക മൂല്യമുള്ളതായിരുന്നു—മുമ്പെന്നത്തെക്കാൾ അധികമായി വിവിധ “ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” നിന്നുള്ള കൂടുതൽ ആളുകൾ യുഗാണ്ടയിൽ ഇന്ന് സ്വന്തം ഭാഷയിൽ ബൈബിൾ സത്യങ്ങൾ വായിച്ച് പ്രയോജനം നേടുന്നു. (വെളി. 7:9, 10) അതിന്റെ ഫലമോ? 2003-ഓടെ യുഗാണ്ടയിലെ രാജ്യപ്രസംഗകരുടെ എണ്ണം 3,000 കവിഞ്ഞു; വെറും മൂന്നുവർഷത്തിനുശേഷം 2006-ൽ അത് 4,005 ആയി വർധിച്ചു!
ആരാധനാ സ്ഥലങ്ങളുടെ ആവശ്യവും വർധിച്ചു
ആദ്യകാലങ്ങളിൽ സ്വകാര്യ ഭവനങ്ങളിലും കമ്മ്യൂണിറ്റി ഹാളുകളിലും സ്കൂളുകളിലുംമറ്റുമാണ് സഹോദരങ്ങൾ യോഗങ്ങൾക്കു കൂടിവന്നിരുന്നത്. ആദ്യമായി ക്രിസ്തീയ യോഗങ്ങൾക്കുവേണ്ടി മാത്രമായുള്ള ഹാളുകൾ പണിതത് നാമായിൻഗോ, റൂസെസെ എന്നീ ഗ്രാമങ്ങളിലാണ്. വെറുതെ കട്ട കെട്ടിയ, മേൽക്കൂര മേഞ്ഞ കെട്ടിടങ്ങളായിരുന്നു അവ. ഈ രണ്ടു സ്ഥലങ്ങളിലും സഹോദരങ്ങൾ മുൻകൈയെടുത്തു പ്രവർത്തിച്ചതിന് നല്ല ഫലമുണ്ടായി; സഭകൾ അവിടെ സ്ഥിരപ്പെട്ടു.
എന്നാൽ പട്ടണങ്ങളിൽ ലളിതമായ ഒരു കെട്ടിടം ഉണ്ടാക്കണമെങ്കിൽപ്പോലും വലിയ ചെലവാകും. യുഗാണ്ടയിലെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതുകൊണ്ട് പട്ടണങ്ങളിൽ രാജ്യഹാളുകൾ ഉണ്ടാക്കുകയെന്നത് ഏതാണ്ട് അസംഭവ്യമായി കാണപ്പെട്ടു. 1988 മാർച്ചിലാണ് ആദ്യമായി ജിൻജായിൽ ഒരു രാജ്യഹാളിന്റെ സമർപ്പണം നടന്നത്. വളരെ ശ്രമകരമായ വേലയായിരുന്നു അത്—അടുത്തുള്ള ഒരു വനത്തിൽ പോയി മരം വെട്ടി, തടി ചെളിനിറഞ്ഞ പാതകളിലൂടെ ലോറിയിൽ കൊണ്ടുവന്ന് ഹാൾ പണിയുക! പിന്നീട്, ഇംബാലെ, കമ്പാല, ടോറോറോ എന്നീ സ്ഥലങ്ങളിലെ സഹോദരങ്ങളും തങ്ങളുടെ വൈദഗ്ധ്യങ്ങൾ ഉപയോഗിച്ച് രാജ്യഹാളുകൾ പണിയാൻ മുൻകൈയെടുത്തു.
1999-ഓടെ രാജ്യഹാൾ നിർമാണവേല ത്വരിതപ്പെട്ടു. ദക്ഷിണാഫ്രിക്ക ബ്രാഞ്ചിലെ റീജിനൽ എൻജിനീയറിങ് ഓഫീസിന്റെ കീഴിൽ നിർമാണത്തിനായി ഒരു സംഘത്തെ ബ്രാഞ്ച് നിയമിച്ചതോടെയായിരുന്നു അത്. ആ സംഘത്തിൽ രണ്ടു സാർവദേശീയ സേവകരും അവരുടെ ഭാര്യമാരും ഉൾപ്പെടെ ഒൻപതുപേർ ഉണ്ടായിരുന്നു. ഉത്സാഹികളായ അവർ പെട്ടെന്നുതന്നെ പണി പഠിച്ചെടുത്തു. മാത്രമല്ല, പ്രാദേശിക സഹോദരന്മാരെ പരിശീലിപ്പിക്കാനും അവർക്കു സാധിച്ചു. നിർമാണവേല ഊർജിതമായി, 67 ഹാളുകൾ നിർമിക്കപ്പെട്ടു. ശരാശരി ഒന്നരമാസംകൊണ്ടാണ് ഓരോ ഹാളും പൂർത്തിയായത്. ആധുനിക നിർമാണോപകരണങ്ങൾ ഏറെയൊന്നും ഉണ്ടായിരുന്നില്ല, ജലക്ഷാമം സർവസാധാരണമായിരുന്നു, നിർമാണവസ്തുക്കളുടെ ലഭ്യതയും പലപ്പോഴും പ്രശ്നം സൃഷ്ടിച്ചിരുന്നു—എന്നിട്ടും ഒന്നരമാസംകൊണ്ടു പണി പൂർത്തിയാക്കാനായി എന്നത് ഒരു വലിയ സംഗതിയായിരുന്നു.
യുഗാണ്ടയിലെ മിക്ക സഭകൾക്കും ഇപ്പോൾ സ്വന്തമായി രാജ്യഹാൾ ഉണ്ട്. അതിന് സമൂഹത്തിൽ അതിന്റേതായ ഒരു വിലയുണ്ടുതാനും. ഒരു ക്ലാസ്സ് റൂമിൽ കൂടിവരുന്നതിനെക്കാൾ ആരാധനയ്ക്കായി മാന്യമായ ഒരു സ്ഥലത്ത് വരാൻ ഇഷ്ടപ്പെടുന്നവരാണ് താത്പര്യക്കാർ. അതുകൊണ്ട് യോഗഹാജർ പെട്ടെന്ന് ഏറെ വർധിച്ചു; സഭകളിൽ വലിയ വളർച്ചയുണ്ടായി.
ത്വരിത വളർച്ചയ്ക്ക് അനുസൃതമായി. . .
സഭകളിലെ അസാധാരണമായ വളർച്ചമൂലം സമ്മേളനങ്ങളും കൺവെൻഷനുകളും നടത്തുന്നതിന് ഇടം കണ്ടെത്തുക ബുദ്ധിമുട്ടായി. സഹോദരങ്ങൾക്ക് ദീർഘദൂരം യാത്ര ചെയ്യാതെ—പ്രത്യേകിച്ച് ഗ്രാമങ്ങളിലുള്ളവർക്ക്—കൂടിവരാനായി എന്തു ചെയ്യാനാകുമായിരുന്നു? വലുതാക്കാനാകുന്ന രാജ്യഹാളുകൾ പണിയാൻ അനുമതി ലഭിച്ചപ്പോൾ ആ പ്രശ്നത്തിന് ഒരു പരിഹാരമായി. സാധാരണ വലുപ്പത്തിലുള്ള രാജ്യഹാളിനോടു ചേർന്ന് തറയും മേൽക്കൂരയും മാത്രമുള്ള വിശാലമായ ഒരു ഹാളും പണിയുക. സമ്മേളനം നടത്തേണ്ടതുള്ളപ്പോൾ രാജ്യഹാളിന്റെ പുറകുവശം തുറക്കും. അപ്പോൾ പിന്നിലുള്ള വിശാലമായ ഹാളിലും ആളുകൾക്ക് ഇരുന്ന് പരിപാടി ശ്രദ്ധിക്കാം. കാജാൻസീയിലും റൂസെസെയിലും അത്തരം ഓരോ ഹാളുകൾ പണിതുകഴിഞ്ഞു. മൂന്നാമതൊരെണ്ണത്തിന്റെ നിർമാണം സീറ്റായിൽ നടന്നുകൊണ്ടിരിക്കുകയാണ്.
യുഗാണ്ടയിലെ ആത്മീയപുരോഗതിയെ യഹോവ അനുഗ്രഹിച്ചതിന്റെ ഫലമായി സംഘടനാപരമായ പൊരുത്തപ്പെടുത്തലുകളും ആവശ്യമായിത്തീർന്നു. 1994-നുമുമ്പ് രാജ്യത്ത് ആകെ ഒരു സർക്കിട്ടാണ് ഉണ്ടായിരുന്നത്. പിന്നീട് വ്യത്യസ്ത ഭാഷകളിലുള്ള കൂടുതൽ സഭകളും കൂട്ടങ്ങളും ഉണ്ടാകാൻ തുടങ്ങിയതോടെ കൂടുതൽ സർക്കിട്ടുകളും രൂപീകരിക്കേണ്ടിവന്നു. ഇപ്പോൾ 111 സഭകളും 50-ഓളം കൂട്ടങ്ങളും ഉള്ള യുഗാണ്ടയിൽ 8 സർക്കിട്ടുകൾ ഉണ്ട്. അവയിൽ മൂന്നെണ്ണം ലുഗാണ്ട ഭാഷാ സർക്കിട്ടുകളാണ്.
1972-ൽ സ്നാനമേറ്റ അപ്പല്ലോ മൂക്കാസാ, ഉന്നതവിദ്യാഭ്യാസത്തിനു പോകാതെ 1980-ൽ മുഴുസമയസേവനം ആരംഭിച്ചു. തന്റെ തീരുമാനത്തിൽ അദ്ദേഹത്തിനു ഖേദമുണ്ടോ?
“ഒരിക്കലുമില്ല,” അപ്പല്ലോ പറയുന്നു. “ഒരു പ്രത്യേക പയനിയറായി പ്രവർത്തിച്ചപ്പോഴും ഒരു സഞ്ചാരമേൽവിചാരകനായി സഭകളും ആദ്യകാലങ്ങളിലൊക്കെ കൂട്ടങ്ങളും സന്ദർശിച്ചപ്പോഴും എത്രയെത്ര നല്ല അനുഭവങ്ങളാണ് എനിക്ക് ഉണ്ടായിട്ടുള്ളതെന്നോ! ശുശ്രൂഷാ പരിശീലന സ്കൂളിൽനിന്നു ലഭിച്ച ആത്മീയവും സംഘടനാപരവുമായ കാര്യങ്ങളിലെ കൂടുതലായ പരിശീലനം ഞാൻ വിശേഷാൽ ആസ്വദിച്ചു.” ഇന്ന് അപ്പല്ലോ യുഗാണ്ടയിൽ ഒരു സർക്കിട്ട് മേൽവിചാരകനായി സന്തോഷത്തോടെ സേവിക്കുന്നു.
അപ്പല്ലോയെ കൂടാതെ യുഗാണ്ടയിൽനിന്നുള്ള 50-ലേറെ സഹോദരന്മാർ 1994 മുതൽ ശുശ്രൂഷാ പരിശീലന സ്കൂളിൽനിന്നു മൂല്യവത്തായ പരിശീലനം നേടിയിരിക്കുന്നു—കെനിയ ബ്രാഞ്ചിൽവെച്ചാണ് ആദ്യം ക്ലാസ്സുകൾ നടന്നിരുന്നത്. മനസ്സൊരുക്കമുള്ള ഈ സഹോദരന്മാരിൽ അനേകർ പ്രത്യേക പയനിയർമാരായി പ്രവർത്തിച്ചുകൊണ്ട് പല ചെറിയ സഭകൾക്കും കൂട്ടങ്ങൾക്കും വിലയേറിയ സഹായമേകുന്നു. മറ്റുചിലർ സഞ്ചാര മേൽവിചാരകന്മാരായി പ്രവർത്തിച്ചുകൊണ്ട് സഹോദരങ്ങളെ സേവിക്കുന്നു.
1995-ൽ യുഗാണ്ടയിൽ സേവിക്കുന്നതിനായി കെനിയ ബ്രാഞ്ചിന്റെ കീഴിൽ ഒരു കൺട്രി കമ്മിറ്റിയെ നിയമിച്ചു. കമ്പാലയിലെ മിഷനറിഭവനങ്ങളിൽ ഒന്നിലാണ് ഓഫീസ് പ്രവർത്തിച്ചത്. എട്ടുമുഴുസമയ സ്വമേധാസേവകരാണ് പുതുതായി രൂപീകരിച്ച ആ കുടുംബത്തിൽ ഉണ്ടായിരുന്നത്. ലുഗാണ്ട പരിഭാഷാ സംഘവും അതിൽപ്പെടുന്നു. 2003 സെപ്റ്റംബറിൽ യുഗാണ്ടയിൽ ഒരു ബ്രാഞ്ച് സ്ഥാപിതമായി.
“ഞങ്ങൾ ഇപ്പോൾ പറുദീസയിലാണ്”
പരിഭാഷകരുടെ എണ്ണം വർധിക്കുകയായിരുന്നു, ഒപ്പം മറ്റ് ഓഫീസ് പ്രവർത്തനങ്ങളും. അതിനെല്ലാമുള്ള സൗകര്യം പെട്ടെന്നുതന്നെ കൺട്രി കമ്മിറ്റി കണ്ടെത്തണമായിരുന്നു. അതിനായി കമ്പാലയിലെ ഓഫീസിനോടു ചേർന്നുള്ള രണ്ടു കെട്ടിടങ്ങൾ വാങ്ങി. എന്നാൽ കാലക്രമേണ വർധിച്ച വികസനത്തിനുവേണ്ടി കൂടുതലായ സൗകര്യങ്ങൾ ആവശ്യമായിത്തീർന്നു. 2001-ൽ കമ്പാലയുടെ പ്രാന്തപ്രദേശത്ത് വിക്ടോറിയ തടാകത്തിന് അടുത്തായി പുതിയ ബ്രാഞ്ച് പണിയുന്നതിന് പത്ത് ഏക്കർ സ്ഥലം വാങ്ങിക്കാൻ ഭരണസംഘം അനുമതി നൽകി.
നിർമാണവേല ഏൽപ്പിക്കാൻ ഏറ്റവും പറ്റിയ ഒരു കമ്പനിയെ സമീപിച്ചെങ്കിലും പണി ഏറ്റെടുക്കാൻ അവർ ആദ്യം തയ്യാറായില്ല; കാരണം അത്രയധികം പണി അവർ വേറെ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് അവർക്ക് മനംമാറ്റമുണ്ടായി. അതും, വിശ്വസിക്കാൻപോലും പറ്റാത്തത്ര കുറഞ്ഞ തുകയ്ക്ക് പണി പൂർത്തിയാക്കി തരാമെന്ന് അവർ സമ്മതിച്ചു. മറ്റൊരു വലിയ നിർമാണപ്രവർത്തനത്തിനുള്ള കരാർ അപ്രതീക്ഷിതമായി അവർക്കു നഷ്ടപ്പെട്ടെന്നു തോന്നുന്നു. ഏതായാലും എത്രയും പെട്ടെന്ന് ബ്രാഞ്ചിന്റെ പണി പൂർത്തിയാക്കാമെന്ന് അവർ സമ്മതിച്ചു.
2006 ജനുവരിയിൽ ബെഥേൽ കുടുംബം പുതിയ ബ്രാഞ്ചിലേക്ക് താമസം മാറി. 32 മുറികളുള്ള ആകർഷകമായ ഇരുനില കെട്ടിടമാണ് താമസത്തിനുവേണ്ടി ഉണ്ടാക്കിയിരുന്നത്. കൂടാതെ ഒരു ഓഫീസ് കെട്ടിടവും വിശാലമായ ഊണുമുറിയും അടുക്കളയും അലക്കുശാലയും അവിടെ ഉണ്ട്. പരിസ്ഥിതിക്കു ദോഷം വരാത്ത രീതിയിലുള്ള മാലിന്യനിർമാർജന സംവിധാനവും ഷിപ്പിങ്-സാഹിത്യ ഡിപ്പാർട്ടുമെന്റുകൾക്കായി പുസ്തകങ്ങളും മറ്റും സൂക്ഷിക്കാനുള്ള ഒരു കെട്ടിടവും മെയിന്റനൻസ് ഡിപ്പാർട്ടുമെന്റ്, ജലസംഭരണി, വൈദ്യുത ജനറേറ്റർ എന്നിവയ്ക്കുള്ള കെട്ടിടങ്ങളും അവിടെ പണിതിരിക്കുന്നു. “ഞങ്ങൾ ഇപ്പോൾ പറുദീസയിലാണ്,” ആവേശത്തോടെ ഒരു സഹോദരൻ പറഞ്ഞു. “നിത്യജീവൻ ലഭിച്ചിട്ടില്ല എന്നുമാത്രം!” 2007 ജനുവരി 20, ശനിയാഴ്ച ഭരണസംഘാംഗമായ അന്തണി മോറിസ് സഹോദരൻ സമർപ്പണപ്രസംഗം നടത്തി.
സത്യത്തിന്റെ പരിജ്ഞാനം വർധിക്കുന്നു
‘അനുകൂലകാലത്തും പ്രതികൂലകാലത്തും’ അതായത് സംഘർഷഭരിതമായ സമയത്തും സമാധാനപൂർണമായ സമയത്തും പ്രസംഗിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്ന് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾകൊണ്ട് യുഗാണ്ടയിലെ ദൈവജനം പഠിച്ചിരിക്കുന്നു. (2 തിമൊ. 4:2) 2008-ൽ 4,766 പ്രസാധകർക്ക് 11,564 ബൈബിളധ്യയനങ്ങൾ നടത്താനായി. ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിന് 16,644 പേർ കൂടിവന്നു. ആ സംഖ്യകളും 6,276 പേർക്ക് ഒരു പ്രസാധകൻ എന്ന അനുപാതവും സൂചിപ്പിക്കുന്നത് അവിടത്തെ വയൽ “കൊയ്ത്തിനു പാകമായിരിക്കുന്നു” എന്നാണ്.—യോഹ. 4:35.
അതേസമയം, നിമിഷനേരംകൊണ്ട് കാര്യങ്ങൾ എങ്ങനെ മാറിമറിയാമെന്നും വിശ്വാസത്തിന്റെ പരിശോധനകൾ ആഞ്ഞടിക്കാമെന്നും യുഗാണ്ടയിലെ നമ്മുടെ സഹോദരങ്ങൾ കയ്പേറിയ അനുഭവങ്ങളിലൂടെ പഠിച്ചിരിക്കുന്നു. എന്നിരുന്നാലും, യഹോവയിലും ഒപ്പം അവന്റെ വചനത്തിന്റെ മാർഗനിർദേശത്തിലും ലോകവ്യാപക സഹോദരവർഗത്തിന്റെ പിന്തുണയിലും ആശ്രയിക്കാൻ സ്വന്തം അനുഭവങ്ങൾ അവരെ പഠിപ്പിച്ചിരിക്കുന്നു.
അന്ത്യകാലത്ത് സത്യത്തിന്റെ പരിജ്ഞാനം വർധിക്കുമെന്ന് വിശ്വസ്തനും വയോധികനുമായ ദാനീയേൽ പ്രവാചകനോട് ഒരു ദൂതൻ വ്യക്തമാക്കുകയുണ്ടായി. (ദാനീ. 12:4) യുഗാണ്ടയിൽ യഹോവയുടെ അനുഗ്രഹത്താൽ സത്യത്തിന്റെ പരിജ്ഞാനം തീർച്ചയായും വർധിച്ചിട്ടുണ്ട്. ആത്മീയ സത്യത്തിനായി ദാഹിക്കുന്നവർക്കുവേണ്ടി, നൈൽ മഹാനദിയുടെ ഉത്ഭവസ്ഥാനമായ ഇവിടെനിന്നും സത്യത്തിന്റെ ജലം തുടർന്നും പ്രവഹിക്കും. ഭൂവ്യാപകമായി യഹോവ നമ്മുടെ വേലയെ അനുഗ്രഹിച്ചുകൊണ്ടിരിക്കവെ, സകലഭൂവാസികളും ഒത്തൊരുമിച്ച് സകലനിത്യതയിലും യഹോവയ്ക്കു സ്തുതിഘോഷം മുഴക്കുന്ന സമയത്തിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു.
[അടിക്കുറിപ്പുകൾ]
a ഫ്രാങ്ക് സ്മിത്തിനെക്കുറിച്ചുള്ള ഒരു വിവരണം 1995 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 20-24 പേജുകളിൽ കാണാം. ഫ്രാങ്കിന്റെ പിതാവ് ഫ്രാങ്ക് ഡബ്ല്യു സ്മിത്തും ഫ്രാങ്കിന്റെ ചിറ്റപ്പൻ ഗ്രേയും ഭാര്യ ഓൾഗയും പൂർവാഫ്രിക്കയിൽ സത്യം എത്തിച്ച ആദ്യകാല സാക്ഷികളിൽപ്പെടുന്നു. ഫ്രാങ്കിന്റെ പിതാവ് കേപ് ടൗണിലെ തന്റെ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ മലേറിയ പിടിപെട്ട് മരണമടഞ്ഞു, ഫ്രാങ്ക് ജനിക്കുന്നതിന് രണ്ടുമാസംമുമ്പ്.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്; ഇപ്പോൾ ലഭ്യമല്ല.
[84-ാം പേജിലെ ആകർഷക വാക്യം]
“ഒരു അമേരിക്കക്കാരനും സ്കോട്ട്ലൻഡുകാരനും തമ്മിലുള്ള സംഭാഷണം ഒരു ആഫ്രിക്കൻ റേഡിയോ സ്റ്റേഷൻ സംപ്രേഷണം ചെയ്തുകേൾക്കുന്നത് അസാധാരണമായ ഒരു അനുഭവമായിരുന്നു”
[92-ാം പേജിലെ ആകർഷക വാക്യം]
“എന്റെ ഹൃദയത്തിലുള്ളത് അവർക്കെങ്ങനെ നിരോധിക്കാനാകും?”
[111-ാം പേജിലെ ആകർഷക വാക്യം]
“‘ദൈവരാജ്യം’ എന്ന് ലുഗാണ്ടയിൽ എങ്ങനെ പറയും?” “ഓബ്വാകാബാകാ ബ്വാ കാട്ടോൻഡാ”
[72-ാം പേജിലെ ചതുരം/ചിത്രം]
യുഗാണ്ട—ഒരു ആകമാനവീക്ഷണം
ഭൂപ്രകൃതി
ഉഷ്ണമേഖലാ മഴക്കാടുകൾ, വിശാലമായ പുൽപ്രദേശങ്ങൾ, എണ്ണമറ്റ നദികൾ, തടാകങ്ങൾ, മഞ്ഞുതൊപ്പിയണിഞ്ഞ പ്രൗഢഗംഭീരമായ റ്വെൻസോറി മലനിരകൾ ഇങ്ങനെ ഒട്ടനവധി വൈവിധ്യങ്ങൾ നിറഞ്ഞ അനുഗൃഹീതദേശമാണ് യുഗാണ്ട. 2,41,551 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഇതിന്. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമായ വിക്ടോറിയയുടെ പകുതിയോളം യുഗാണ്ടയിലാണ്.
ജനങ്ങൾ
30-ഓളം വംശീയ വിഭാഗങ്ങൾ ചേർന്ന ജനങ്ങളുടെ 85 ശതമാനത്തിലേറെ ഉൾനാടൻ പ്രദേശങ്ങളിലാണ് ജീവിക്കുന്നത്.
ഭാഷ
32-ലധികം ഭാഷകളുണ്ട് യുഗാണ്ടയിൽ; ഇതിൽ ഏറ്റവും പ്രചാരത്തിലുള്ളത് ലുഗാണ്ടയാണ്. ഇംഗ്ലീഷും സ്വാഹിലിയുമാണ് ഔദ്യോഗിക ഭാഷകൾ.
ഉപജീവനമാർഗം
കാപ്പി, തേയില, പരുത്തി, മറ്റ് നാണ്യവിളകൾ എന്നിവ ഉത്പാദിപ്പിക്കുന്ന യുഗാണ്ട ഒരു കാർഷികരാജ്യമാണ്. കർഷകരാണ് മിക്കവരും. അവർ തങ്ങൾക്കുവേണ്ട ഭക്ഷ്യവസ്തുക്കൾ സ്വന്തമായി കൃഷിചെയ്ത് ഉണ്ടാക്കുന്നു. ചിലരുടെ തൊഴിൽ മീൻപിടിത്തമാണ്. ടൂറിസത്തിൽനിന്ന് മറ്റുചിലർ വരുമാനം കണ്ടെത്തുന്നു.
ഭക്ഷണം
വാഴയ്ക്ക പുഴുങ്ങിയുണ്ടാക്കുന്ന മാട്ടൂക്കെയാണ് (ചിത്രം കാണുക) രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിലെ പ്രധാന വിഭവം. ചോളം, മധുരക്കിഴങ്ങ്, തിനമാവുകൊണ്ടോ കപ്പപ്പൊടികൊണ്ടോ ഉണ്ടാക്കുന്ന അപ്പം എന്നിവ പലതരം പച്ചക്കറികളോടൊപ്പം കഴിക്കുന്നു.
കാലാവസ്ഥ
ഉഷ്ണമേഖലാ രാജ്യമാണെങ്കിലും മിതമായ കാലാവസ്ഥയാണ് ഇവിടെ. തെക്ക് ഏകദേശം 5,000 അടിയും വടക്ക് ഏകദേശം 3,000 അടിയും ചെരിവുള്ള ഒരു പീഠഭൂമിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും വരണ്ടകാലാവസ്ഥയും മഴക്കാലവും അനുഭവപ്പെടുന്നു.
[77-ാം പേജിലെ ചതുരം/ ചിത്രം]
ഹൃദയങ്ങൾ കീഴടക്കുന്ന യഥാർഥ ക്രിസ്തീയ സ്നേഹം
പീറ്റർ ജാബി
ജനനം 1932
സ്നാനം 1965
സംക്ഷിപ്ത വിവരം നിരോധനത്തിന്റെ സമയത്ത് പരിഭാഷയിൽ സഹായിച്ച ഒരു മൂപ്പൻ. ഭാര്യ എസ്ഥേർ. ഈ ദമ്പതികൾക്ക് മുതിർന്ന നാലുമക്കളുണ്ട്.
◼ യഹോവയുടെ സാക്ഷികളുടെ ആദ്യമിഷനറിമാർ യുഗാണ്ടയിൽ എത്തിയപ്പോൾ വർഗവിവേചനം രാജ്യത്ത് വളരെ പ്രകടമായിരുന്നു. വെള്ളക്കാർ പൊതുവെ കറുത്തവരായ ആഫ്രിക്കക്കാരിൽനിന്ന് അകലം പാലിച്ചിരുന്നു. എന്നാൽ മിഷനറിമാരുടെ കലർപ്പില്ലാത്ത ക്രിസ്തീയ സ്നേഹം ഞങ്ങളുടെ ഹൃദയങ്ങളെ കീഴടക്കി, അവർ ഞങ്ങൾക്കു പ്രിയങ്കരരായി.
1970-കളിൽ ഞങ്ങളുടെ കുടുംബം മിഷനറിമാരോടൊപ്പമുള്ള സഹവാസവും പ്രസംഗവേലയും ശരിക്കും ആസ്വദിച്ചിരുന്നു. ഏകദേശം 65 കിലോമീറ്റർ അകലെ ഇംബാരാരായിലാണ് ഈ മിഷനറിമാർ താമസിച്ചിരുന്നത്. ഒരുദിവസം ഞങ്ങൾ അവിടേക്കു പോകുമ്പോൾ പട്ടാളക്കാർ ഞങ്ങളുടെ കാർ തടഞ്ഞു. “മരിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് മുന്നോട്ടുപോകാം,” അവരിലൊരാൾ പറഞ്ഞു. തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് ഞങ്ങൾക്കു തോന്നി. എന്നാൽ ഓരോ ദിവസം കഴിയുന്തോറും മിഷനറിമാരെക്കുറിച്ചുള്ള ആശങ്കയായിരുന്നു മനസ്സുനിറയെ. അവരുടെ വിവരങ്ങൾ അറിയാൻ എങ്ങനെയെങ്കിലും അവിടംവരെയൊന്നു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞങ്ങൾ ആശിച്ചു. പക്ഷേ, എങ്ങും കനത്ത സുരക്ഷാവലയമായിരുന്നു. എന്നാൽ ആരോഗ്യവകുപ്പിൽ എനിക്കുണ്ടായിരുന്ന അധികാരവും പിന്നെ ഞാൻ തരപ്പെടുത്തിയ ഒരു ‘ഹോസ്പിറ്റൽ സ്റ്റിക്കറും’ തടസ്സങ്ങളെല്ലാം മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായകമായി. ഞങ്ങളുടെ മിഷനറിസഹോദരങ്ങൾ സുഖമായിരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ എന്തൊരാശ്വാസമായിരുന്നുവെന്നോ! ഞങ്ങൾ അവർക്കു വേണ്ട ആഹാരസാധനങ്ങൾ വാങ്ങിക്കൊടുക്കുകയും അവരോടൊപ്പം കുറച്ചുദിവസം താമസിക്കുകയും ചെയ്തു. അവർ കമ്പാലയിലേക്ക് താമസം മാറ്റുന്നതിൽ അപകടമില്ലെന്ന് അറിയുന്നതുവരെ ഞങ്ങൾ ആഴ്ചതോറും അവരെ സന്ദർശിക്കുമായിരുന്നു. സാഹചര്യങ്ങൾ വഷളാകുന്തോറും ഞങ്ങളുടെ സഹോദരബന്ധം ദൃഢമായിക്കൊണ്ടിരുന്നു.
[82-ാം പേജിലെ ചതുരം/ ചിത്രം]
“ഒരു വാക്കുപോലും പറയാൻ കഴിയില്ലെന്ന് ഞാൻ വിചാരിച്ചു”
മാർഗരറ്റ് ന്യെൻഡെ
ജനനം 1926
സ്നാനം 1962
സംക്ഷിപ്ത വിവരം യുഗാണ്ടയിൽ ആദ്യമായി സത്യം സ്വീകരിച്ച സഹോദരി. 20-ലേറെ വർഷം ഒരു സാധാരണ പയനിയറായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ തീക്ഷ്ണതയുള്ള ഒരു പ്രസാധികയായി സേവിക്കുന്നു.
◼ കിൽമിൻസ്റ്റർ സഹോദരൻ എന്റെ ഭർത്താവിന് ബൈബിളധ്യയനം എടുത്തിരുന്നു. എനിക്കു ബൈബിളിനോട് അതിയായ സ്നേഹമുണ്ടായിരുന്നതിനാൽ ഞാനും പഠിക്കണമെന്ന് ഭർത്താവ് ആഗ്രഹിച്ചു. അങ്ങനെ എന്നെ പഠിപ്പിക്കാൻ ജോൺ ബ്വാലി സഹോദരന്റെ ഭാര്യ യൂനിസിനെ ഏർപ്പാടാക്കി.
പഠിക്കുന്ന കാര്യങ്ങളെ ഞാൻ പ്രിയങ്കരമായി കരുതി. പക്ഷേ, പ്രസംഗവേലയിൽ പങ്കെടുക്കാൻ എനിക്ക് ഭയമായിരുന്നു. സ്വതവെ പരിഭ്രമവും ധൈര്യക്കുറവുമൊക്കെയുള്ള ഞാൻ എങ്ങനെ സംസാരിക്കാനാണ്, ഒരു വാക്കുപോലും പറയാൻ കഴിയില്ലെന്ന് ഞാൻ വിചാരിച്ചു. എന്നാൽ യൂനിസ് ക്ഷമയോടെ എന്നെ കൂടെക്കൊണ്ടുപോയി. ആദ്യമൊക്കെ, ഒരു തിരുവെഴുത്തുമാത്രം വായിക്കാൻ എന്നോടു പറഞ്ഞു. ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് പോകുന്നതിനിടയ്ക്ക് ഞാൻ വായിക്കുന്ന തിരുവെഴുത്തിനെക്കുറിച്ച് ഹ്രസ്വമായ ഒരു അഭിപ്രായംപറയാൻ യൂനിസ് എന്നെ പഠിപ്പിച്ചു. യഹോവയുടെ സഹായത്താൽ പേടിയെല്ലാം മറികടക്കാൻ എനിക്കു കഴിഞ്ഞു.
ഞാൻ സ്നാനമേൽക്കുന്നതിനു തൊട്ടുമുമ്പ് എന്റെ ഭർത്താവ് സത്യം പഠിക്കുന്നത് നിറുത്തിക്കളഞ്ഞു, എന്നെയും ഏഴുകുഞ്ഞുങ്ങളെയും അദ്ദേഹം ഉപേക്ഷിച്ചു. ഞാൻ തളർന്നുപോയി. സഹോദരീസഹോദരന്മാർ എല്ലാവിധ പിന്തുണയുമായി എന്റെ കൂടെനിന്നു. എനിക്കും കുട്ടികൾക്കും അവർ പ്രായോഗികമായ സഹായങ്ങളും ആത്മീയ പിന്തുണയും നൽകി. യോഗങ്ങൾക്കായി കമ്പാലവരെ യാത്രചെയ്യേണ്ടതുണ്ടായിരുന്ന ഒരു വിദേശ ദമ്പതികൾ, പോകുന്നവഴി എന്നെയും കുട്ടികളെയും അവരുടെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുമായിരുന്നു. എന്റെ മക്കളിൽ നാലുപേർ കുടുംബസമേതം യഹോവയെ സേവിക്കുന്നതു കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ട്.
കാലാന്തരത്തിൽ പയനിയർസേവനം ചെയ്യാൻ എനിക്കു കഴിഞ്ഞു. എന്നാൽ പിന്നീട് സന്ധിവാതംനിമിത്തം എനിക്ക് നടക്കാൻ ബുദ്ധിമുട്ടായപ്പോൾ ഞാൻ മറ്റൊരു മാർഗം അവലംബിച്ചു: വീടിനു വെളിയിലായി ഒരു മേശയിൽ സാഹിത്യങ്ങൾ നിരത്തിവെച്ച് ഞാൻ അവിടെയിരിക്കും. അതുവഴി കടന്നുപോകുന്നവരോട് സാക്ഷീകരിക്കും. അങ്ങനെ മുഴുസമയ സേവനത്തിൽ തുടരാൻ എനിക്കു കഴിഞ്ഞു.
[98, 99 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]
ഞങ്ങളുടെ ആത്മീയ കൊയ്ത്തുവേലയെ യഹോവ അനുഗ്രഹിച്ചു
സാമുവൽ മൂക്ക്വായ
ജനനം 1932
സ്നാനം 1974
സംക്ഷിപ്ത വിവരം വർഷങ്ങളോളം നിയമകാര്യങ്ങളിൽ സംഘടനയുടെ പ്രതിനിധിയായി വർത്തിച്ചു. കൂടാതെ അദ്ദേഹം ഒരു മൂപ്പനും പയനിയറും ആയിരുന്നു.
◼ നയ്റോബിയിലുള്ള കെനിയ ബ്രാഞ്ച് ഓഫീസ് സന്ദർശിച്ചപ്പോൾ ഉണ്ടായ ഒരനുഭവം എനിക്ക് ഒരിക്കലും മറക്കാനാവില്ല.
“പല നിറത്തിലുള്ള ഈ മൊട്ടുസൂചികൾ ഇവിടെ കുത്തിവെച്ചിരിക്കുന്നത് എന്തിനാ?” യുഗാണ്ടയുടെ മാപ്പ് നോക്കുന്നതിനിടെ ഞാൻ ചോദിച്ചു.
“വളരെയേറെ താത്പര്യക്കാരുള്ള സ്ഥലങ്ങളാണ് ഇതൊക്കെ,” കെനിയയിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായ റോബർട്ട് ഹാർട്ട് പറഞ്ഞു.
എന്റെ ജന്മസ്ഥലമായ ഇഗാങ്ഗാ അടയാളപ്പെടുത്തിയിരുന്ന മൊട്ടുസൂചിയിൽ ചൂണ്ടിക്കൊണ്ട് ഞാൻ ചോദിച്ചു: “എന്നത്തേക്കായിരിക്കും അങ്ങോട്ട് പയനിയർമാരെ അയയ്ക്കുന്നത്?”
“അങ്ങോട്ടു ഞങ്ങൾ ആരെയും അയയ്ക്കുന്നില്ല.” എന്നിട്ട് ഒരു കള്ളച്ചിരിയോടെ എന്റെ മുഖത്തേക്കു നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു, “സഹോദരൻതന്നെയാണ് അങ്ങോട്ടു പോകുന്നത്.”
ഹാർട്ട് സഹോദരൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി, കാരണം ഞാൻ അപ്പോൾ ഒരു പയനിയറായിരുന്നില്ല; താമസിക്കുന്നതാണെങ്കിൽ മറ്റൊരു സ്ഥലത്തും. ഏതായാലും ആ സംഭവം എന്റെ മനസ്സിൽ മായാതെ നിന്നു. അങ്ങനെ, ഗവൺമെന്റ് ജോലിയിൽനിന്നു വിരമിച്ചതിനെ തുടർന്ന് ഞാൻ ഇഗാങ്ഗായിലേക്കു താമസം മാറാനും സാധാരണ പയനിയറായി പ്രവർത്തിക്കാനും തീരുമാനിച്ചു. പെട്ടെന്നുതന്നെ അവിടത്തെ പ്രസാധകരുടെ ചെറിയകൂട്ടം വളർന്ന് ശക്തമായ ഒരു സഭയായിത്തീർന്നു. കൂടാതെ സ്വന്തമായി ഒരു രാജ്യഹാളും അവിടെ ഉണ്ടായി.
പിന്നീട് പാട്രിക് ബാലീഗെയായെ ഒരു പ്രത്യേക പയനിയറായി ഇഗാങ്ഗായിൽ നിയമിച്ചു. അദ്ദേഹം എന്റെ കൂടെയായിരുന്നു താമസം. അങ്ങനെ ഞങ്ങൾ ഒരുമിച്ചു പയനിയറിങ് ചെയ്തു. ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങൾ ചോളകൃഷിയും ചെയ്തിരുന്നു. എന്നും അതിരാവിലെ ഞങ്ങൾ ദിനവാക്യം ചർച്ചചെയ്യും. എന്നിട്ട് ഏതാനും മണിക്കൂർ കൃഷിസ്ഥലത്തുപോയി പണിയും. ഒൻപതു മണിയോടെ വയൽസേവനത്തിനു പോകും. പിന്നെ വൈകുന്നേരംവരെ വയലിലായിരിക്കും.
ഇങ്ങനെ പ്രസംഗവേലയിൽ ഏർപ്പെട്ടാൽ ഞങ്ങളുടെ ചോളകൃഷി എന്തായിത്തീരും എന്ന് അയൽക്കാരിൽ ചിലർ ഉത്കണ്ഠ പ്രകടിപ്പിച്ചു. കുരങ്ങന്മാരുടെ ശല്യം ഉണ്ടായിരുന്നതിനാൽ, ചോളം വിളഞ്ഞുവരുന്ന സമയത്ത് പ്രത്യേകിച്ച് നല്ല നോട്ടം ആവശ്യമാണെന്ന് ഞങ്ങൾക്കും അറിയാമായിരുന്നു. എന്നാൽ ആത്മീയ കൊയ്ത്ത് ഉപേക്ഷിച്ചിട്ട് കുരങ്ങന്മാരെ ഓടിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല.
അങ്ങനെയിരിക്കെ, ഒരു ദിവസം രണ്ടു വലിയ പട്ടികൾ ഞങ്ങളുടെ കൃഷിസ്ഥലത്തിനു ചുറ്റും അലഞ്ഞു നടക്കുന്നത് കാണാനിടയായി. അത് ആരുടെയാണെന്നോ എവിടെനിന്നു വന്നുവെന്നോ ഞങ്ങൾക്കറിയില്ലായിരുന്നു. എന്നാൽ അവയെ ഓടിച്ചു വിടുന്നതിനുപകരം, ദിവസവും കുറച്ച് തീറ്റയും വെള്ളവും ഞങ്ങൾ അവയ്ക്കു നൽകി. പട്ടികളുണ്ടെങ്കിൽപ്പിന്നെ കുരങ്ങന്മാരുടെ പൊടിപോലും അവിടെയെങ്ങും കാണില്ല. നാല് ആഴ്ച കഴിഞ്ഞപ്പോൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ ആ പട്ടികൾ അപ്രത്യക്ഷരായി—കൃത്യമായി, പട്ടികളുടെ കാവൽ മേലാൽ ആവശ്യമില്ലാതായ ദിവസംതന്നെ! ലഭിച്ച നല്ല വിളവിന് ഞങ്ങൾ യഹോവയ്ക്കു നന്ദി പറഞ്ഞു—കുരങ്ങന്മാർ കൊണ്ടുപോകാതെ അവ ഞങ്ങളുടെ ആഹാരത്തിന് ഉതകിയല്ലോ. ഇനി, അതിലുപരിയായി ഞങ്ങളുടെ ആത്മീയ കൊയ്ത്തിനെ യഹോവ അനുഗ്രഹിച്ചതിൽ ഞങ്ങൾ അവനോടു നന്ദിയുള്ളവരായിരുന്നു.
[101, 102 പേജുകളിലെ ചതുരം/ ചിത്രം]
കസ്റ്റഡിയിലും യഹോവയുടെ ആർദ്രകരുതൽ
പാട്രിക് ബാലീഗെയാ
ജനനം 1955
സ്നാനം 1983
സംക്ഷിപ്ത വിവരം സ്നാനമേറ്റ ഉടനെതന്നെ മുഴുസമയ സേവനം ആരംഭിച്ചു. ഇപ്പോൾ ഭാര്യ സീംഫ്രോണിയയോടൊപ്പം സഞ്ചാരവേല ചെയ്യുന്നു.
◼ 1979-ൽ പുതിയ ഗവണ്മെന്റ് അധികാരത്തിൽ വന്നപ്പോൾ, മുൻ ഭരണകൂടവുമായി ബന്ധമുണ്ടായിരുന്ന എല്ലാവരെയും അവരുടെ സംരക്ഷണാർഥം കസ്റ്റഡിയിൽ കഴിയാൻ ‘ക്ഷണിച്ചു.’ ആ ക്രമീകരണത്തോടു സഹകരിക്കാത്തവരെയെല്ലാം പുതിയ ഗവണ്മെന്റിന്റെ ശത്രുക്കളായി കണക്കാക്കുമെന്നും അറിയിപ്പുണ്ടായിരുന്നു. അങ്ങനെ മിലിട്ടറിയിൽ സംഗീതജ്ഞനായി ജോലി നോക്കിയിരുന്ന ഞാനും കസ്റ്റഡിയിൽ കഴിയാൻ നിർബന്ധിതനായി.
അവിടെ ദിവസവും ബൈബിൾ വായിക്കാൻ അവസരം ഉണ്ടായിരുന്നതിനാൽ എനിക്കു സന്തോഷമായിരുന്നു. അത് മനസ്സിനെ സജീവമാക്കി നിറുത്താൻ ഉപകരിച്ചു. മാത്രമല്ല സത്യത്തിനുവേണ്ടി അന്വേഷിക്കുകയുമായിരുന്നു ഞാൻ. കൂടെ താമസിക്കുന്നവരുമായി ബൈബിൾവിഷയങ്ങൾ ചർച്ചചെയ്യാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. എന്നെ പാർപ്പിച്ചിരുന്നിടത്തുതന്നെ ജോൺ മൂൺഡൂവ എന്നൊരു യഹോവയുടെ സാക്ഷിയും ഉണ്ടായിരുന്നു. മുൻ ഭരണകൂടത്തിൻ കീഴിലെ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനും ആ ഗവണ്മെന്റിനെ പിന്താങ്ങിയിരുന്ന ഗോത്രക്കാരനുമായിരുന്നു അദ്ദേഹം. അതിന്റെപേരിലാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ പാർപ്പിച്ചിരുന്നത്.
ജോൺ ഉത്സാഹത്തോടെ സുവാർത്ത പങ്കുവെച്ചപ്പോൾ ഞാൻ സന്തോഷപൂർവം അതു സ്വീകരിച്ചു. 16 വീക്ഷാഗോപുരം മാസികകളും സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻc എന്ന പുസ്തകവും മാത്രമേ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നുള്ളൂ. ഞാൻ പഠിക്കുന്നതാണു സത്യമെന്ന് എനിക്കു പെട്ടെന്നു മനസ്സിലായി. മൂന്നുമാസം ബൈബിൾ പഠിച്ചു കഴിഞ്ഞപ്പോൾ, ഒരു പ്രസാധകനാകാൻ ഞാൻ യോഗ്യനായെന്ന് ജോൺ സഹോദരനു തോന്നി. അതിനുശേഷം ഏറെ താമസിയാതെ അദ്ദേഹം മോചിതനായി. യഹോവയുടെ സംഘടനയുമായി എനിക്ക് ആകെ ഉണ്ടായിരുന്ന ബന്ധം അതോടെ അവസാനിച്ചു. എന്നിരുന്നാലും അവിടെയുള്ള താത്പര്യക്കാരുമായി ബൈബിളധ്യയനങ്ങൾ നടത്താൻ എന്നാലാവോളം ഞാൻ ശ്രമിച്ചു.
1981 ഒക്ടോബറിൽ ഞാൻ മോചിതനായി. എന്നാൽ എന്റെ ഗ്രാമത്തിൽ സാക്ഷികളാരും ഉണ്ടായിരുന്നില്ല. മതാചാരങ്ങളിൽ പങ്കുചേരാൻ ബന്ധുക്കളിൽനിന്നും എനിക്കു വലിയ സമ്മർദമുണ്ടായിരുന്നു. എന്നാൽ യഹോവയെ സേവിക്കാനുള്ള എന്റെ ആഗ്രഹം അവൻ കാണുന്നുണ്ടായിരുന്നു; അവൻ എന്നെ പുലർത്തി. യേശുവിന്റെ മാതൃക പിൻപറ്റേണ്ടതുണ്ടെന്ന് അറിയാമായിരുന്ന ഞാൻ സ്വന്തനിലയിൽ പ്രസംഗവേല തുടങ്ങി. താമസിയാതെ കുറെ അധ്യയനങ്ങളും ലഭിച്ചു. ഒരിക്കൽ ഞാൻ കണ്ടുമുട്ടിയ ഒരു വീട്ടുകാരൻ, നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം കാണിച്ചിട്ട് “നിങ്ങൾ പറയുന്നതൊക്കെ ഞാൻ വായിച്ച ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ഉണ്ടല്ലോ” എന്നു പറഞ്ഞു.d സത്യത്തോട് അദ്ദേഹത്തിന് വലിയ താത്പര്യമൊന്നും ഇല്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്ന ആ പുസ്തകവും ഒരു കെട്ടു വീക്ഷാഗോപുരം മാസികകളും വായിക്കാൻ ആഗ്രഹമുണ്ടെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഇപ്രാവശ്യം വീട്ടുകാരൻ ആ സാഹിത്യങ്ങളെല്ലാം എനിക്കു സമർപ്പിച്ചു!
നാട്ടിൽ എത്തിയിട്ട് അതുവരെയും സഹോദരങ്ങളെ കണ്ടുമുട്ടാൻ എനിക്കു സാധിച്ചിരുന്നില്ല. ജിൻജായിൽ സാക്ഷികളുണ്ടെന്ന് പക്ഷേ മൂൺഡൂവ സഹോദരൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് എങ്ങനെയും അവരെ കണ്ടുപിടിക്കാൻ ഞാൻ തീരുമാനിച്ചു. ഒരുദിവസം ഏതാണ്ട് രാത്രി മുഴുവൻ പ്രാർഥിച്ചിട്ട് പിറ്റേന്നു രാവിലെ ആഹാരംപോലും കഴിക്കാതെ ഞാൻ പുറപ്പെട്ടു. നടക്കുന്നതിനിടയിൽ ഞാൻ ആദ്യം കണ്ട ആളിന്റെ കൈവശം സുതാര്യമായ പ്ലാസ്റ്റിക് സഞ്ചിയുണ്ടായിരുന്നു. അതാ, ഒരു ഉണരുക! മാസിക അതിനുള്ളിൽ! ഞാൻ അന്തംവിട്ടുപോയി. അങ്ങനെ ഞാൻ ഒരു സഹോദരനെ കണ്ടുമുട്ടി!
1984-ൽ യുഗാണ്ടയിൽവെച്ചു നടന്ന ആദ്യത്തെ പയനിയർ സേവന സ്കൂളിൽ സംബന്ധിക്കാനായത് അങ്ങേയറ്റം സന്തോഷകരമായ അനുഭവമായിരുന്നു. എന്നോടൊപ്പം സ്കൂളിൽ ഉണ്ടായിരുന്നതോ? എന്റെ ഉറ്റമിത്രമായ ജോൺ മൂൺഡൂവ സഹോദരനും. ഇപ്പോൾ 74-ാം വയസ്സിലും അദ്ദേഹം വിശ്വസ്തതയോടെ സാധാരണ പയനിയറായി സേവിക്കുന്നു.
[അടിക്കുറിപ്പുകൾ]
c യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്. ഇപ്പോൾ അച്ചടിക്കുന്നില്ല.
d യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്. ഇപ്പോൾ അച്ചടിക്കുന്നില്ല.
[113-ാം പേജിലെ ചതുരം/ ചിത്രം]
ഒടുവിൽ സത്യമതം കണ്ടെത്തി
മൂറ്റേസാസിറാ യാഫേസിയുമായി ഒന്നു സംസാരിക്കാമോ എന്ന് ഒരു സഹോദരി മാറ്റ്സ് ഹോംക്വിസ്റ്റ് എന്ന മിഷനറിയോടു ചോദിച്ചു. മുമ്പ് സെവൻത്-ഡേ അഡ്വന്റിസ്റ്റ് സഭയിലെ പാസ്റ്ററായിരുന്നു അദ്ദേഹം. എന്നാൽ ഇപ്പോൾ യഹോവയുടെ സാക്ഷികളോട് താത്പര്യം തോന്നിയ അദ്ദേഹം 20 ചോദ്യങ്ങൾ വൃത്തിയായ കൈപ്പടയിൽ എഴുതി തയ്യാറാക്കിയിരുന്നു. മാറ്റ്സിനെ കണ്ടപ്പോൾ ഈ ചോദ്യങ്ങൾ അദ്ദേഹത്തിനു കൊടുത്തു.
രണ്ടുമണിക്കൂർ ദീർഘിച്ച ബൈബിൾ ചർച്ചയ്ക്കുശേഷം മൂറ്റേസാസിറാ പറഞ്ഞു: “ഒടുവിൽ ഞാൻ സത്യമതം കണ്ടെത്തിയെന്നു തോന്നുന്നു. നിങ്ങൾ എന്റെ ഗ്രാമത്തിലേക്കു വരില്ലേ? യഹോവയുടെ സാക്ഷികളെക്കുറിച്ച് കൂടുതലായി അറിയാൻ ആഗ്രഹിക്കുന്ന വേറെയും ആളുകളുണ്ട് അവിടെ.”
അഞ്ചുദിവസം കഴിഞ്ഞ് മാറ്റ്സും മറ്റൊരു മിഷനറിയും കൂടെ മോട്ടോർസൈക്കിളിൽ കലങ്കാലോയിലേക്കു പുറപ്പെട്ടു, മൂറ്റേസാസിറായെ കാണാൻ. തേയിലത്തോട്ടത്തിലെ ചെളിനിറഞ്ഞ റോഡിലൂടെ 110 കിലോമീറ്റർ താണ്ടിയുള്ള ദുർഘടംപിടിച്ച യാത്രയായിരുന്നു അത്. അദ്ദേഹം അവരെ ഒരു കുടിലിലേക്കു കൊണ്ടുപോയി. അവിടെ “രാജ്യഹാൾ” എന്ന ബോർഡ് എഴുതിവെച്ചിരിക്കുന്നതു കണ്ട് അവർ അതിശയിച്ചുപോയി. ബൈബിളധ്യയനവും യോഗങ്ങളും നടത്താൻവേണ്ടി അദ്ദേഹം ആവശ്യമായ ഒരുക്കങ്ങൾ അതിനോടകം ചെയ്തുകഴിഞ്ഞിരുന്നു!
മൂറ്റേസാസിറാ സത്യം പങ്കുവെച്ചതിന്റെ ഫലമായി താത്പര്യക്കാരായിത്തീർന്ന വേറെ പത്തുപേരും അവിടെ ഉണ്ടായിരുന്നു. അവർക്ക് ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. ദൂരമൊന്നും ഗണ്യമാക്കാതെ മാറ്റ്സ് മാസത്തിൽ രണ്ടുതവണവീതം പോയി അധ്യയനം നടത്തിയിരുന്നു. അധ്യയനങ്ങൾ നന്നായി പുരോഗമിച്ചു. കലങ്കാലോയിൽമാത്രം 20 പേർ പ്രസാധകരായിത്തീർന്നു. തൊട്ടടുത്തുള്ള മീറ്റിയാന പട്ടണത്തിൽ ഒരു സഭ തഴച്ചുവളരുന്നു. മൂറ്റേസാസിറാ പെട്ടെന്നുതന്നെ പുരോഗമിച്ച് സ്നാനമേറ്റു. ഇപ്പോൾ 70-നുമേൽ പ്രായമുള്ള അദ്ദേഹം ഒരു മൂപ്പനായി സേവിക്കുന്നു.
[108, 109 പേജുകളിലെ ചാർട്ട/ ഗ്രാഫ്]
യുഗാണ്ട സുപ്രധാന സംഭവങ്ങൾ
1930
1931 റോബർട്ട് നിസ്ബെറ്റും ഡേവിഡ് നോർമനും പൂർവ ആഫ്രിക്കയിൽ പ്രസംഗിക്കുന്നു.
1940
1950
1950 കിൽമിൻസ്റ്റർ സഹോദരനും സഹോദരിയും യുഗാണ്ടയിലേക്കു താമസം മാറുന്നു.
1952 ആദ്യത്തെ സഭ രൂപംകൊള്ളുന്നു.
1956 ആദ്യത്തെ സ്നാനം.
1959 വിദേശീയരായ സഹോദരന്മാർ ആത്മീയ സഹായം നൽകുന്നു.
1960
1963 ഗിലെയാദ് മിഷനറിമാർ എത്തുന്നു.
1972 ആദ്യത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ.
1973 യഹോവയുടെ സാക്ഷികൾക്കു നിരോധനം. മിഷനറിമാർ നാടുകടത്തപ്പെടുന്നു.
1979 നിരോധനം നീങ്ങുന്നു.
1980
1982 മിഷനറിമാർക്ക് വീണ്ടും രാജ്യത്ത് അനുമതി ലഭിക്കുന്നു.
1987 ലുഗാണ്ട ഭാഷയിൽ വീക്ഷാഗോപുരം ക്രമമായി പ്രസിദ്ധീകരിക്കാൻ തുടങ്ങുന്നു.
1988 ആദ്യത്തെ സ്വന്തം രാജ്യഹാളിന്റെ സമർപ്പണം.
2000
2003 ബ്രാഞ്ച് ഓഫീസ് സ്ഥാപിതമാകുന്നു.
2007 പുതിയ ബ്രാഞ്ച് സൗകര്യങ്ങളുടെ സമർപ്പണം.
2010
[ഗ്രാഫ്]
(പ്രസിദ്ധീകരണം കാണുക)
മൊത്തം പ്രസാധകർ
മൊത്തം പയനിയർമാർ
5,000
3,000
1,000
1930 1940 1950 1960 1980 1990 2000 2010
[73-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്
സുഡാൻ
കെനിയ
യുഗാണ്ട
കമ്പാല
ആരൂവാ
ഗൂലൂ
ലിറ
സൊറൊത്തി
ക്യോഗ തടാകം
മാസിൻഡി
ഹൊയ്മ
ഇംബാലെ
ടോറോറോ
നാമായിൻഗോ
ഇഗാങ്ഗാ
ജിൻജ
സീറ്റാ
കാജാൻസി
എൻറ്റെബെ
മിറ്റിയാന
കലങ്കാലോ
ഫോർട്ട് പോർട്ടൽ
റൂസെസെ
ആൽബർട്ട് തടാകം
റ്വെൻസോറി മലനിരകൾ
ഭൂമധ്യരേഖ
എഡ്വേർഡ് തടാകം
മാസാക്കാ
ഇംബാരാരാ
കാബാലെ
കെനിയ
വിക്ടോറിയ തടാകം
ടാൻസനിയ
ബുറുണ്ടി
റുവാണ്ട
യുഗാണ്ട
കമ്പാല
കെനിയ
നയ്റോബി
മേരൂ
കെനിയ പർവതം
മൊമ്പാസാ
ടാൻസനിയ
ഡാർ എസ് സലാം
സാൻസിബാർ
[87-ാം പേജിലെ മാപ്പ്/ ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
യുഗാണ്ട
കമ്പാല
ആരൂവാ
ഗൂലൂ
ലിറ
സൊറൊത്തി
മാസിൻഡി
ഹൊയ്മ
ഫോർട്ട് പോർട്ടൽ
മാസാക്കാ
ഇംബാരാരാ
കാബാലെ
കമ്പാല
വിക്ടോറിയ തടാകം
[ചിത്രം]
ഹാർഡി സഹോദരനും ഭാര്യയും ആറ് ആഴ്ചകൊണ്ട് യുഗാണ്ടയുടെ മിക്കഭാഗങ്ങളിലും സഞ്ചരിച്ചു
[പേജ് 66 ചിത്രം]
[69-ാം പേജിലെ ചിത്രം]
പൂർവാഫ്രിക്കയിലേക്ക് സത്യം കൊണ്ടുവന്ന ഡേവിഡ് നോർമനും റോബർട്ട് നിസ്ബെറ്റും
[71-ാം പേജിലെ ചിത്രം]
ജോർജ് നിസ്ബെറ്റ്, ജ്യേഷ്ഠൻ റോബർട്ട്, ഗ്രേ സ്മിത്ത്, ഓൾഗ എന്നിവർ തങ്ങളുടെ വാഹനം ചങ്ങാടത്തിൽ കയറ്റി നദികടക്കാനൊരുങ്ങുന്നു
[75-ാം പേജിലെ ചിത്രം]
ഫ്രാങ്ക് സ്മിത്തും മേരിയും 1956-ൽ, വിവാഹത്തിനു തൊട്ടുമുമ്പ്
[78-ാം പേജിലെ ചിത്രം]
ആൻ കൂക്കും മക്കളും മാക്കൂമ്പ സഹോദരനോടും സഹോദരിയോടുമൊപ്പം
[80-ാം പേജിലെ ചിത്രം]
ടോം മക്ലെയ്നും ഭാര്യ ബെഥെലും ആയിരുന്നു ഗിലെയാദ് പരിശീലനം ലഭിച്ച് യുഗാണ്ടയിലെത്തിയ ആദ്യമിഷനറിമാർ
[81-ാം പേജിലെ ചിത്രം]
ജിൻജായിലെ ആദ്യമിഷനറിഭവനം
[83-ാം പേജിലെ ചിത്രം]
ഗിലെയാദ് മിഷനറിമാരായ സ്റ്റീഫൻ ഹാർഡിയും ഭാര്യ ബാർബറയും
[85-ാം പേജിലെ ചിത്രം]
മേരി നിസ്ബെറ്റ് (നടുവിൽ) മക്കളോടൊപ്പം: റോബർട്ട് (ഇടത്ത് ), ജോർജ് (വലത്ത് ), വില്യമും ഭാര്യ മ്യുരിയെലും (പിന്നിൽ)
[89-ാം പേജിലെ ചിത്രം]
കമ്പാലയിലെ “ദിവ്യഭരണ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ടോം കൂക്ക് പ്രസംഗിക്കുന്നു
[90-ാം പേജിലെ ചിത്രം]
ജോർജ് ഓച്ചോലയും ഗെർട്രൂഡും
[94-ാം പേജിലെ ചിത്രങ്ങൾ]]
നിരോധനത്തിൻകീഴിലും സഹോദരങ്ങൾ കൂടിവന്നിരുന്നു
[95-ാം പേജിലെ ചിത്രം]
ഫ്രെഡ് ന്യെൻഡെ
[96-ാം പേജിലെ ചിത്രം]
ഇമ്മാനുവൽ ചാമീസാ
[104-ാം പേജിലെ ചിത്രം]
സ്റ്റാൻലി മാക്കൂമ്പയും ഭാര്യ എസീനാലയും, 1998-ൽ
[107-ാം പേജിലെ ചിത്രം]
ഹൈന്റ്സ് വെർട്ട്ഹോൾസും ഭാര്യ മേരിആനും ജർമനിയിലെ ആദ്യ ഗിലെയാദ് എക്സ്റ്റൻഷൻ സ്കൂളിൽ സംബന്ധിച്ചു
[118-ാം പേജിലെ ചിത്രങ്ങൾ]
പരിഭാഷാ സംഘങ്ങൾ
ലുഗാണ്ട
അച്ചോളി
ലുക്കോൻസോ
റുന്യാൻകോര
[123-ാം പേജിലെ ചിത്രങ്ങൾ]
പുതിയ രാജ്യഹാളുകൾ ആദ്യകാലങ്ങളിലേതിൽനിന്ന് തികച്ചും വ്യത്യസ്തം
[124-ാം പേജിലെ ചിത്രങ്ങൾ]
യുഗാണ്ടയിലെ ബ്രാഞ്ച്
ബ്രാഞ്ച് കമ്മിറ്റി: മാറ്റ്സ് ഹോംക്വിസ്റ്റ്, മാർട്ടിൻ ലോവം, മൈക്കിൾ റൈസ്, ഫ്രെഡ് ന്യെൻഡെ; ഓഫീസ് (താഴെ), താമസത്തിനുള്ള കെട്ടിടം (വലത്ത്)