രക്തത്തിന്റെ ഘടകാംശങ്ങളുടെയും എന്റെതന്നെ രക്തം ഉൾപ്പെടുന്ന വൈദ്യ നടപടികളുടെയും കാര്യത്തിൽ ഞാൻ എന്തു തീരുമാനമെടുക്കണം?
“രക്തം . . . വർജ്ജി”ക്കാൻ ബൈബിൾ ക്രിസ്ത്യാനികളോടു കൽപ്പിക്കുന്നു. (പ്രവൃ. 15:20) അതുകൊണ്ട് യഹോവയുടെ സാക്ഷികൾ രക്തം അതേപടിയോ ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, പ്ലാസ്മ എന്നീ പ്രാഥമിക ഘടകങ്ങളോ സ്വീകരിക്കില്ല. അതുപോലെതന്നെ, അവർ രക്തം ദാനം ചെയ്യുകയോ സ്വന്തം ശരീരത്തിൽ പിന്നീട് നിവേശിപ്പിക്കാനായി തങ്ങളുടെതന്നെ രക്തം ശേഖരിച്ചുവെക്കുകയോ ചെയ്യില്ല.—ലേവ്യ. 17:13, 14; പ്രവൃ. 15:28, 29.
എന്താണ് രക്തത്തിന്റെ ഘടകാംശങ്ങൾ, അവയുടെ ഉപയോഗം സംബന്ധിച്ച് ഓരോ ക്രിസ്ത്യാനിയും സ്വന്തമായി തീരുമാനമെടുക്കേണ്ടത് എന്തുകൊണ്ട്?
ഫ്രാക്ഷനേഷൻ എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ വേർതിരിച്ചെടുക്കുന്ന, രക്തത്തിലെ ചില പദാർഥങ്ങളാണ് രക്തത്തിന്റെ ഘടകാംശങ്ങൾ. ഉദാഹരണത്തിന്, രക്തത്തിന്റെ നാലു പ്രാഥമിക ഘടകങ്ങളിലൊന്നായ പ്ലാസ്മയെ പിൻവരുന്ന പദാർഥങ്ങളായി വിഭജിക്കാൻ കഴിയും: ജലം, ഏകദേശം 91 ശതമാനം; ആൽബുമിനുകൾ, ഗ്ലോബുലിനുകൾ, ഫൈബ്രിനോജൻ എന്നീ പ്രോട്ടീനുകൾ, ഏകദേശം 7 ശതമാനം; പോഷകങ്ങൾ, ഹോർമോണുകൾ, വാതകങ്ങൾ, വിറ്റമിനുകൾ, പാഴ്വസ്തുക്കൾ, ഇലെക്ട്രൊലൈറ്റുകൾ തുടങ്ങിയ മറ്റു പദാർഥങ്ങൾ, ഏകദേശം 1.5 ശതമാനം.
രക്തം വർജിക്കാനുള്ള കൽപ്പനയിൽ ഘടകാംശങ്ങളും ഉൾപ്പെടുന്നുണ്ടോ? അതിന് കൃത്യമായ ഒരു ഉത്തരം പറയാനാകില്ല. ഘടകാംശങ്ങളുടെ കാര്യത്തിൽ ബൈബിൾ വ്യക്തമായ ഒരു മാർഗനിർദേശവും പ്രദാനം ചെയ്യുന്നില്ല.a ചികിത്സയ്ക്കായി ദാനം ചെയ്തിട്ടുള്ള രക്തത്തിൽനിന്നാണ് പല ഘടകാംശങ്ങളും എടുക്കുന്നത് എന്നതുമൊരു വസ്തുതയാണ്. ചികിത്സയുടെ ഭാഗമായി, താൻ ഈ ഘടകാംശങ്ങൾ സ്വീകരിക്കുമോ നിരസിക്കുമോ എന്ന് ഓരോ ക്രിസ്ത്യാനിയും മനസ്സാക്ഷിപൂർവം തീരുമാനിക്കേണ്ടതാണ്.
അത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കുക: രക്തത്തിന്റെ എല്ലാ ഘടകാംശങ്ങളും നിരസിക്കുന്നത്—വൈറസുകളെയും രോഗങ്ങളെയും ചെറുത്തുതോൽപ്പിക്കുന്നതോ രക്തം കട്ടപിടിക്കാൻ സഹായിച്ചുകൊണ്ട് രക്തസ്രാവം നിറുത്തുന്നതോ ആയ ഏതാനും മരുന്നുകൾ ഉൾപ്പെടെയുള്ള—ചില ഔഷധങ്ങൾ നിരസിക്കുന്നതിനെ അർഥമാക്കുന്നുവെന്ന് എനിക്ക് അറിയാമോ? ചില ഘടകാംശങ്ങൾ ഞാൻ എന്തുകൊണ്ടു നിരസിക്കുന്നു അല്ലെങ്കിൽ സ്വീകരിക്കുന്നു എന്ന് ഒരു ഡോക്ടർക്കു വിശദീകരിച്ചുകൊടുക്കാൻ എനിക്കു കഴിയുമോ?
സ്വന്തം രക്തത്തിന്റെ ഉപയോഗം ഉൾപ്പെടുന്ന ചില വൈദ്യ നടപടികൾ വ്യക്തിപരമായ തീരുമാനത്തിനു വിട്ടിരിക്കുന്നത് എന്തുകൊണ്ട്?
ക്രിസ്ത്യാനികൾ രക്തം ദാനം ചെയ്യുകയോ നിവേശനത്തിനായി തങ്ങളുടെതന്നെ രക്തം ശേഖരിച്ചുവെക്കുകയോ ചെയ്യുന്നില്ല എന്നതു ശരിതന്നെ. എന്നാൽ, ഒരു വ്യക്തിയുടെ സ്വന്തം രക്തം ഉൾപ്പെടുന്ന ചില വൈദ്യ നടപടികളും പരിശോധനകളും ബൈബിൾ തത്ത്വങ്ങളുടെ ലംഘനമാണോയെന്നു വ്യക്തമായി പറയാനാകാത്തവയാണ്. അതുകൊണ്ട്, സ്വന്തം രക്തത്തിന്റെ ഉപയോഗം ഉൾപ്പെടുന്ന ചില വൈദ്യ നടപടികൾ സ്വീകരിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച് ഓരോ വ്യക്തിയും മനസ്സാക്ഷിപൂർവം തീരുമാനിക്കേണ്ടതാണ്.
അത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങളോടുതന്നെ പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: എന്റെ രക്തത്തിൽ കുറെ ഭാഗം ശരീരത്തിനു വെളിയിലുള്ള ഒരു ഉപകരണത്തിലേക്കു തിരിച്ചുവിടുകയും ഒരുപക്ഷേ, കുറച്ചുനേരത്തേക്ക് അതിന്റെ പ്രവാഹം തടസ്സപ്പെടുകപോലും ചെയ്യുന്ന പക്ഷം, ആ രക്തത്തെ അപ്പോഴും എന്റെ ശരീരത്തിന്റെ ഭാഗമായിത്തന്നെ വീക്ഷിക്കാനും അങ്ങനെ അത് “നിലത്തു ഒഴിച്ചുകളയേ”ണ്ട ആവശ്യമില്ലെന്നു കരുതാനും എന്റെ മനസ്സാക്ഷി എന്നെ അനുവദിക്കുമോ? (ആവ. 12:23, 24) ഒരു വൈദ്യ നടപടിയുടെ സമയത്ത് എന്റെ രക്തത്തിൽ കുറച്ചു പുറത്തെടുത്ത് അതിൽ എന്തെങ്കിലും മാറ്റം വരുത്തിയശേഷം ശരീരത്തിലേക്കു തിരികെ കയറ്റുന്നപക്ഷം എന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷി വ്രണിതമാകുമോ? എന്റെ രക്തത്തിന്റെ ഉപയോഗം ഉൾപ്പെടുന്ന എല്ലാ വൈദ്യ നടപടികളും നിരസിക്കുന്നത് ഡയാലിസിസോ ഹാർട്ട്-ലങ് മെഷീനിന്റെ ഉപയോഗമോ പോലുള്ള ചികിത്സകൾ ഞാൻ നിരസിക്കുന്നതിനെ അർഥമാക്കുന്നുവെന്ന് എനിക്ക് അറിയാമോ? ഇതു സംബന്ധിച്ച് ഒരു തീരുമാനം എടുക്കുന്നതിനു മുമ്പായി ഞാൻ ഇക്കാര്യം പ്രാർഥനാപൂർവം പരിചിന്തിച്ചിട്ടുണ്ടോ?b
എന്റെ വ്യക്തിപരമായ തീരുമാനം എന്താണ്?
പിൻവരുന്ന പേജുകളിൽ കൊടുത്തിരിക്കുന്ന രണ്ട് വർക്ക് ഷീറ്റുകൾ പരിചിന്തിക്കുക. ഒന്നാമത്തെ വർക്ക് ഷീറ്റ് രക്തത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന ചില ഘടകാംശങ്ങളെക്കുറിച്ചും വൈദ്യചികിത്സയിൽ അവ സാധാരണഗതിയിൽ ഉപയോഗിച്ചുവരുന്ന വിധത്തെക്കുറിച്ചും പറയുന്നു. ഈ ഘടകാംശങ്ങളിൽ ഓരോന്നും നിങ്ങൾ സ്വീകരിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച നിങ്ങളുടെ വ്യക്തിപരമായ തീരുമാനം ഇതിൽ രേഖപ്പെടുത്തുക. രണ്ടാമത്തെ വർക്ക് ഷീറ്റ് നിങ്ങളുടെതന്നെ രക്തം ഉൾപ്പെടുന്ന ചില സാധാരണ വൈദ്യ നടപടികളെക്കുറിച്ചു പറയുന്നു. ഇവ സ്വീകരിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച നിങ്ങളുടെ വ്യക്തിപരമായ തീരുമാനം ഇതിൽ രേഖപ്പെടുത്തുക. ഈ വർക്ക് ഷീറ്റുകൾ നിയമ രേഖകളല്ല. എന്നാൽ ഡിപിഎ (ഡ്യൂറബിൾ പവർ ഓഫ് അറ്റോർണി) കാർഡ് പൂരിപ്പിക്കുന്നതിൽ ഇവയിലെ ഉത്തരങ്ങൾ നിങ്ങൾക്കു സഹായകമായേക്കും.
നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ സ്വന്തമായിരിക്കണം; അല്ലാതെ മറ്റൊരാളുടെ മനസ്സാക്ഷി അനുസരിച്ചുള്ളതായിരിക്കരുത്. അതുപോലെതന്നെ, ആരും മറ്റൊരു ക്രിസ്ത്യാനിയുടെ തീരുമാനങ്ങളെ വിമർശിക്കാൻ പാടില്ല. ഇക്കാര്യങ്ങളിൽ “ഓരോരുത്തൻ” ഉത്തരവാദിത്വം സംബന്ധിച്ച ‘താന്താന്റെ ചുമടു ചുമക്കും.’—ഗലാ. 6:4, 5.
cdefghijകുറിപ്പ്: ഈ വൈദ്യ നടപടികളിൽ ഓരോന്നും ഓരോ ഡോക്ടർമാരും വ്യത്യസ്ത രീതിയിലായിരിക്കും കൈകാര്യം ചെയ്യുന്നത്. ഡോക്ടർ ഏതെങ്കിലും നടപടി നിർദേശിക്കുന്ന പക്ഷം, അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് കൃത്യമായി വിശദീകരിച്ചുതരാൻ നിങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെടേണ്ടതാണ്. ബൈബിൾ തത്ത്വങ്ങളുമായും നിങ്ങളുടെതന്നെ മനസ്സാക്ഷിപരമായ തീരുമാനങ്ങളുമായും ആ നടപടി ചേർച്ചയിലാണെന്ന് ഉറപ്പുവരുത്തുന്നതിന് ഇത് അനിവാര്യമാണ്.