പാഠം 45
അധ്യാപന സഹായികളായ ദൃഷ്ടാന്തങ്ങൾ
ശക്തമായ പഠിപ്പിക്കൽ സഹായികളാണ് ദൃഷ്ടാന്തങ്ങൾ. ശ്രദ്ധ ആകർഷിക്കാനും പിടിച്ചു നിറുത്താനും അവയ്‌ക്ക് അപാരമായ കഴിവുണ്ട്. അവ ചിന്താപ്രാപ്‌തികളെ ഉദ്ദീപിപ്പിക്കുന്നു. അവ വികാരങ്ങളെ ഉണർത്തുകയും അങ്ങനെ മനസ്സാക്ഷിയിലും ഹൃദയത്തിലും എത്തിച്ചേരുകയും ചെയ്‌തേക്കാം. മുൻവിധിയെ തരണം ചെയ്യാൻ ചിലപ്പോഴൊക്കെ അവ ഉപയോഗിക്കാവുന്നതാണ്. ഫലപ്രദമായ ഒരു ഓർമ സഹായി കൂടിയാണ് അവ. പഠിപ്പിക്കുമ്പോൾ നിങ്ങൾ അവ ഉപയോഗിക്കാറുണ്ടോ?
സാധാരണഗതിയിൽ ഏതാനും വാക്കുകളേ ആവശ്യമുള്ളുവെങ്കിൽ പോലും മനസ്സിലേക്ക് ഉജ്ജ്വല ചിത്രങ്ങൾ കൊണ്ടുവരാൻ കഴിവുള്ള ദൃഷ്ടാന്തങ്ങളാണ് അർഥാലങ്കാരങ്ങൾ (figuresofspeech). ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്ന പക്ഷം, കൂടുതലായ ഒരു വിശദീകരണത്തിന്റെ ആവശ്യമില്ലാതെതന്നെ അവയുടെ അർഥത്തിലേറെയും വ്യക്തമായിരിക്കും. എങ്കിലും ഹ്രസ്വമായ ഒരു വിശദീകരണത്തിലൂടെ അധ്യാപകൻ അവയുടെ മൂല്യം എടുത്തുകാട്ടിയേക്കാം. ബൈബിളിൽ ഉടനീളം ധാരാളം ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയിൽനിന്നു നിങ്ങൾക്കു പലതും പഠിക്കാനാകും.
ഉപമാലങ്കാരങ്ങളും രൂപകാലങ്കാരങ്ങളും ഉപയോഗിച്ചുകൊണ്ട് തുടക്കമിടുക. അർഥാലങ്കാരങ്ങളിൽ ഏറ്റവും ലളിതം ഉപമാലങ്കാരങ്ങളാണ്. നിങ്ങൾ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാൻ പഠിക്കുന്നതേ ഉള്ളൂവെങ്കിൽ, ആദ്യം ഉപമാലങ്കാരങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമായി തോന്നാം. “പോലെ,” “സമം,” “സമാനം,” “തുല്യം,” “ഒപ്പം,” “പോൽ,” “വിധം,” “കണക്കെ” തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചാണ് സാധാരണഗതിയിൽ അവ അവതരിപ്പിക്കുന്നത്. വളരെ വ്യത്യസ്‌തമായ രണ്ടു സംഗതികളെ തമ്മിൽ തുലനം ചെയ്യുമ്പോൾ തന്നെ, അവയ്‌ക്കു പൊതുവായുള്ള ഒരു കാര്യം ഉപമാലങ്കാരങ്ങൾ എടുത്തുകാട്ടുന്നു. ബൈബിൾ അർഥാലങ്കാര സമൃദ്ധമാണ്. സസ്യ-ജന്തു ജാലങ്ങൾ, ആകാശഗോളങ്ങൾ തുടങ്ങിയ സൃഷ്ടികളെയും മനുഷ്യന്റെ അനുഭവസമ്പത്തിനെയും ആധാരമാക്കിയുള്ളവയാണ് ഈ അർഥാലങ്കാരങ്ങൾ. ദൈവവചനം പതിവായി വായിക്കുന്ന ഒരു വ്യക്തി “ആററരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്‌ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ” ആണെന്ന് സങ്കീർത്തനം 1:3 നമ്മോടു പറയുന്നു. ദുഷ്ടൻ, ഇരയെ പിടികൂടാൻ കാത്തുകിടക്കുന്ന “സിംഹത്തെ പോലെ” ആണെന്നു പറഞ്ഞിരിക്കുന്നു. (സങ്കീ. 10:9, NW) അബ്രാഹാമിന്റെ സന്തതി എണ്ണത്തിൽ “ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്‌ക്കരയിലെ മണൽപോലെയും” ആകുമെന്ന് യഹോവ അവനോടു വാഗ്‌ദാനം ചെയ്‌തു. (ഉല്‌പ. 22:17) തനിക്കും ഇസ്രായേൽ ജനത്തിനും ഇടയിൽ താൻ സാധ്യമാക്കിത്തീർത്ത ഉറ്റബന്ധത്തെ കുറിച്ച് യഹോവ പറഞ്ഞത് “കച്ച ഒരു മനുഷ്യന്റെ അരയോടു പററിയിരിക്കുന്നതുപോലെ” താൻ ഇസ്രായേലിനെയും യഹൂദായെയും തന്നോടു പറ്റിയിരിക്കുമാറാക്കി എന്നാണ്.—യിരെ. 13:11.
രൂപകാലങ്കാരങ്ങളും വളരെ വ്യത്യസ്‌തമായ രണ്ടു സംഗതികൾ തമ്മിലുള്ള ഒരു സാദൃശ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ രൂപകാലങ്കാരത്തിനാണ് കൂടുതൽ കരുത്ത്. ഇവിടെ, ഒരു സംഗതിയും അതിനെ എന്തിനോട് സാമ്യപ്പെടുത്തുന്നുവോ അതും ഒന്നുതന്നെയായിരിക്കുന്നതായി കൽപ്പിക്കപ്പെടുന്നു. അങ്ങനെ അത് ഒന്നിന്റെ കുറെ ഗുണം മറ്റേതിന് ഉള്ളതായി ആരോപിക്കുന്നു. യേശു തന്റെ ശിഷ്യന്മാരോട് “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു പറഞ്ഞു. (മത്താ. 5:14) അനിയന്ത്രിതമായ സംസാരത്തിന്റെ വിനാശക ശക്തിയെ വർണിച്ചുകൊണ്ട് ശിഷ്യനായ യാക്കോബ് എഴുതി: “നാവും ഒരു തീ തന്നേ.” (യാക്കോ. 3:6) ദാവീദ് യഹോവയ്‌ക്ക് ഇങ്ങനെ പാടി: “നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ.” (സങ്കീ. 31:3) ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഒരു രൂപകാലങ്കാരത്തിന്, സാധാരണഗതിയിൽ കാര്യമായ വിശദീകരണം വേണ്ടിവരുന്നില്ല. വിശദീകരണമേ ആവശ്യമായില്ലെന്നും വരാം. ഹ്രസ്വത അതിന്റെ കരുത്ത് വർധിപ്പിക്കുന്നു. ഒരു വസ്‌തുത വെറുതെ പ്രസ്‌താവിക്കുമ്പോഴത്തെതിനെക്കാൾ മെച്ചമായി ഒരു കാര്യം ഓർത്തിരിക്കാൻ രൂപകാലങ്കാരം സദസ്യരെ സഹായിക്കുന്നു.
അതിശയോക്ത്യലങ്കാരമാണ് മറ്റൊന്ന്. അത് അതിശയോക്തി കലർന്നതാണ്. വിവേചനാപൂർവം ഉപയോഗിക്കാത്തപക്ഷം അതു തെറ്റിദ്ധരിക്കപ്പെട്ടേക്കാം. “സ്വന്തകണ്ണിലെ കോൽ [“കഴുക്കോൽ,” NW] ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു [“വയ്‌ക്കോൽ,” NW] നോക്കുന്നതു എന്തു?” എന്നു ചോദിച്ചപ്പോൾ പ്രസ്‌തുത അർഥാലങ്കാരം ഉപയോഗിച്ച് യേശു ആളുകളുടെ മനസ്സിൽ ഒരു മായാത്ത ചിത്രം കോറിയിട്ടു. (മത്താ. 7:3) ഇതോ മറ്റ് അർഥാലങ്കാരങ്ങളോ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനു മുമ്പ് ഉപമാലങ്കാരവും രൂപകാലങ്കാരവും ഫലകരമായി ഉപയോഗിക്കാൻ പഠിക്കുക.
ദൃഷ്ടാന്തകഥകൾ ഉപയോഗിക്കുക. അധ്യാപന സഹായികളായി അർഥാലങ്കാരത്തിനു പകരം ദൃഷ്ടാന്തകഥകൾ ഉപയോഗിക്കാവുന്നതാണ്. ഇവ സാങ്കൽപ്പിക കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന കഥകളോ യഥാർഥ ജീവിതാനുഭവങ്ങളോ ആകാം. ഇവയുടെ വിശദീകരണം കാടുകയറാൻ സാധ്യത ഉള്ളതിനാൽ വിവേചനാപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ട്. ശരിക്കും പ്രാധാന്യം അർഹിക്കുന്ന പോയിന്റുകളെ പിന്താങ്ങാൻ വേണ്ടി മാത്രമേ അവ ഉപയോഗിക്കാവൂ. വെറും കഥയല്ല, അതിലൂടെ പഠിപ്പിക്കുന്ന ആശയം ഓർത്തിരിക്കുന്ന വിധത്തിൽ വേണം അവ അവതരിപ്പിക്കാൻ.
ദൃഷ്ടാന്തകഥകൾ എല്ലാം യഥാർഥ സംഭവങ്ങൾ ആയിരിക്കണമെന്നില്ലെങ്കിലും, അവ യഥാർഥ ജീവിത സാഹചര്യങ്ങളെയോ മനോഭാവങ്ങളെയോ പ്രതിഫലിപ്പിക്കുന്നവ ആയിരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, മാനസാന്തരപ്പെടുന്ന പാപികളെ വീക്ഷിക്കേണ്ടത് എങ്ങനെയാണെന്നു പഠിപ്പിക്കവേ, കാണാതെ പോയ ഒരു ആടിനെ കണ്ടുകിട്ടിയ മനുഷ്യന്റെ സന്തോഷത്തെ കുറിച്ചു പറഞ്ഞുകൊണ്ട് യേശു തന്റെ ആശയം ഒരു ദൃഷ്ടാന്തകഥയിലൂടെ വ്യക്തമാക്കി. (ലൂക്കൊ. 15:1-7) കൂട്ടുകാരനെ സ്‌നേഹിക്കുന്നതു സംബന്ധിച്ച ന്യായപ്രമാണ കൽപ്പനയുടെ മുഴുവൻ പൊരുളും ഗ്രഹിക്കാഞ്ഞ ഒരു മനുഷ്യനു മറുപടി കൊടുക്കവേ, ഒരു പുരോഹിതനും ലേവ്യനും സഹായിക്കാൻ കൂട്ടാക്കാതെ ഉപേക്ഷിച്ചുപോയ മുറിവേറ്റ ഒരു മനുഷ്യന്റെ സഹായത്തിനെത്തിയ ഒരു ശമര്യാക്കാരന്റെ കഥ യേശു പറഞ്ഞു. (ലൂക്കൊ. 10:30-37) ആളുകളുടെ മനോഭാവങ്ങളും പ്രവർത്തനങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കാൻ നിങ്ങൾ പഠിക്കുന്നെങ്കിൽ ഈ അധ്യാപന സഹായി നിങ്ങൾക്കു ഫലകരമായി ഉപയോഗിക്കാൻ കഴിയും.
ദാവീദു രാജാവിനെ ശാസിക്കുന്നതിനുള്ള ഒരു മാർഗം എന്ന നിലയിൽ നാഥാൻ പ്രവാചകൻ ഒരു സാങ്കൽപ്പിക സാഹചര്യം വർണിച്ചു. ആ കഥ ഫലിച്ചു. കാരണം, അതു സ്വയനീതീകരണത്തിലേക്കു ദാവീദിനെ നയിച്ചേക്കുമായിരുന്ന ഒരു സാഹചര്യത്തെ തടഞ്ഞു. അനവധി ആടുകൾ ഉണ്ടായിരുന്ന ഒരു ധനവാനെയും ആകെയുണ്ടായിരുന്ന ഒരു പെൺകുഞ്ഞാടിനെ അത്യന്തം വാത്സല്യത്തോടെ പരിപാലിച്ചു പോന്നിരുന്ന ഒരു ദരിദ്രനെയും കുറിച്ചുള്ളതായിരുന്നു ആ കഥ. മുമ്പ് ഒരു ആട്ടിടയനായിരുന്ന ദാവീദിന് ആ ആട്ടിൻകുട്ടിയുടെ ഉടമസ്ഥന്റെ വികാരങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയുമായിരുന്നു. ദരിദ്രന്റെ പക്കൽനിന്ന്, അയാൾ പൊന്നുപോലെ വളർത്തിയ കുഞ്ഞാടിനെ തട്ടിയെടുത്ത ആ ധനവാനെതിരെ ദാവീദ് ധാർമിക രോഷത്തോടെ പ്രതികരിച്ചു. അപ്പോൾ നാഥാൻ തുറന്നടിച്ച് ദാവീദിനോട് ഇങ്ങനെ പറഞ്ഞു: “ആ മനുഷ്യൻ നീ തന്നേ.” അത് ദാവീദിന്റെ ഹൃദയത്തെ പിടിച്ചുലച്ചു, അവൻ ആത്മാർഥമായി അനുതപിച്ചു. (2 ശമൂ. 12:1-14) പരിശീലനം കൊണ്ട്, വൈകാരിക പ്രശ്‌നങ്ങൾ വിദഗ്‌ധമായി കൈകാര്യം ചെയ്യാൻ നിങ്ങൾക്കു പഠിക്കാനാകും.
തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളിൽനിന്ന് പഠിപ്പിക്കൽ സഹായികളായി മൂല്യവത്തായ നിരവധി ദൃഷ്ടാന്തകഥകൾ എടുക്കാൻ കഴിയും. “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ” എന്നു പറഞ്ഞപ്പോൾ യേശു ചുരുങ്ങിയ വാക്കുകളിൽ അപ്രകാരം ചെയ്യുകയായിരുന്നു. (ലൂക്കൊ. 17:32) തന്റെ സാന്നിധ്യത്തിന്റെ അടയാളത്തെ കുറിച്ചു വിശദീകരിക്കവേ, യേശു “നോഹയുടെ കാല”ത്തെ കുറിച്ചു പരാമർശിച്ചു. (മത്താ. 24:37-39) എബ്രായർ 11-ാം അധ്യായത്തിൽ അപ്പൊസ്‌തലനായ പൗലൊസ് വിശ്വാസത്തിന്റെ മാതൃകകളെന്ന നിലയിൽ 16 സ്‌ത്രീപുരുഷന്മാരെ പേരെടുത്തു പരാമർശിക്കുകയുണ്ടായി. ബൈബിളുമായി നല്ലവണ്ണം പരിചയത്തിലാകുമ്പോൾ, അതിന്റെ താളുകളിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങളെയും ആളുകളെയും കുറിച്ച് അതു പറയുന്നതിൽനിന്നു നിങ്ങൾക്കു ശക്തമായ ദൃഷ്ടാന്തകഥങ്ങൾ അടർത്തിയെടുക്കാനാകും.—റോമ. 15:4; 1 കൊരി. 10:11.
ചിലപ്പോൾ, ആധുനിക കാലത്തെ ഒരു യഥാർഥ ജീവിതാനുഭവം ഉപയോഗിച്ച്, പഠിപ്പിക്കുന്ന ആശയത്തെ ദൃഢീകരിക്കുന്നത് പ്രയോജനം ചെയ്‌തേക്കാം. എന്നിരുന്നാലും, അങ്ങനെ ചെയ്യുമ്പോൾ സ്ഥിരീകരിക്കപ്പെട്ട അനുഭവങ്ങൾ മാത്രം ഉപയോഗിക്കാനും സദസ്സിലുള്ള ആരെയെങ്കിലും അനാവശ്യമായി അസ്വസ്ഥമാക്കുകയോ ചർച്ച ചെയ്യുന്ന വിഷയത്തോടു ബന്ധമില്ലാത്ത വിവാദാത്മകമായ ഒരു കാര്യത്തിലേക്കു ശ്രദ്ധ തിരിച്ചുവിടുകയോ ചെയ്യുന്ന അനുഭവങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കുക. അനുഭവംകൊണ്ട് ഒരു ഉദ്ദേശ്യം സാധിക്കാൻ കഴിയണം എന്ന കാര്യവും ഓർമിക്കുക. നിങ്ങൾ അവതരിപ്പിക്കുന്ന പരിപാടിയുടെ ലക്ഷ്യത്തിൽനിന്നു ശ്രദ്ധ വ്യതിചലിപ്പിക്കുന്ന അനാവശ്യമായ വിശദാംശങ്ങൾ ഉൾപ്പെടുത്തരുത്.
അതു മനസ്സിലാകുമോ? നിങ്ങൾ ഉപയോഗിക്കുന്ന അർഥാലങ്കാരമോ ദൃഷ്ടാന്തകഥയോ എങ്ങനെയുള്ളത് ആയിരുന്നാലും അതു സുനിശ്ചിതമായ ഒരു ഉദ്ദേശ്യം സാധിക്കേണ്ടതുണ്ട്. ചർച്ച ചെയ്യുന്ന വിഷയവുമായി അതിനുള്ള ബന്ധം നിങ്ങൾ കാണിച്ചു കൊടുക്കുന്നില്ലെങ്കിൽ ഇതു സാധ്യമാകുമോ?
ശിഷ്യന്മാരെ “ലോകത്തിന്റെ വെളിച്ചം” എന്നു പരാമർശിച്ച ശേഷം, ഒരു വിളക്ക് ഉപയോഗിക്കുന്നത് ഏതു വിധത്തിലാണെന്നും അത് അവരെ സംബന്ധിച്ചിടത്തോളം എന്ത് ഉത്തരവാദിത്വം സൂചിപ്പിക്കുന്നുവെന്നും കാണിക്കുന്ന ഏതാനും പ്രസ്‌താവനകൾ യേശു കൂട്ടിച്ചേർത്തു. (മത്താ. 5:15, 16) അവൻ, കാണാതെപോയ ആടിന്റെ ദൃഷ്ടാന്തകഥയെ തുടർന്ന് മാനസാന്തരപ്പെടുന്ന ഒരു പാപിയെ ചൊല്ലി സ്വർഗത്തിൽ ഉണ്ടാകുന്ന സന്തോഷത്തെ കുറിച്ചു പറഞ്ഞു. (ലൂക്കൊ. 15:7) നല്ല ശമര്യാക്കാരന്റെ കഥ പറഞ്ഞു കഴിഞ്ഞ് യേശു തന്റെ ശ്രോതാവിനോട് കുറിക്കുകൊള്ളുന്ന ഒരു ചോദ്യം ചോദിക്കുകയും തുടർന്ന് നേരിട്ടുള്ള ഒരു ബുദ്ധിയുപദേശം നൽകുകയും ചെയ്‌തു. (ലൂക്കൊ. 10:36, 37) നേരെ മറിച്ച്, പല തരത്തിലുള്ള നിലങ്ങളെയും (അഥവാ മണ്ണിനെയും) വയലിലെ കളയെയും കുറിച്ചു പറഞ്ഞപ്പോൾ, അവയുടെ യഥാർഥ പൊരുൾ യേശു വിവരിച്ചുകൊടുത്തത് വിശദീകരണം ആവശ്യപ്പെടാൻ മാത്രം താഴ്‌മ കാണിച്ചവരോടാണ്. അല്ലാതെ പുരുഷാരത്തിനല്ല. (മത്താ. 13:1-30, 36-43) തന്റെ മരണത്തിനു മൂന്നു ദിവസം മുമ്പ്, യേശു മുന്തിരിത്തോട്ടത്തിലെ കൊലപാതകികളായ കുടിയാന്മാരുടെ ദൃഷ്ടാന്തകഥ പറഞ്ഞു. എന്നാൽ അത് ആരുടെ കാര്യത്തിലാണ് യഥാർഥത്തിൽ ബാധകമാകുന്നത് എന്നതു സംബന്ധിച്ച് അവൻ യാതൊന്നും പറഞ്ഞില്ല. പറയേണ്ട ആവശ്യവുമില്ലായിരുന്നു. “മഹാപുരോഹിതന്മാരും പരീശരും . . . തങ്ങളെക്കൊണ്ടു പറയുന്നു എന്നു അറിഞ്ഞു.” (മത്താ. 21:33-45) അതുകൊണ്ട്, ദൃഷ്ടാന്തങ്ങളുടെ സ്വഭാവം, കേട്ടിരിക്കുന്നവരുടെ മനോഭാവം, നിങ്ങളുടെ ലക്ഷ്യം ഇവയെല്ലാം കൂടുതലായ വിശദീകരണത്തിന്റെ ആവശ്യമുണ്ടോ എന്നും ഉണ്ടെങ്കിൽ എത്രമാത്രം വേണം എന്നും നിർണയിക്കുന്ന ഘടകങ്ങളാണ്.
ദൃഷ്ടാന്തങ്ങൾ ഫലകരമായി ഉപയോഗിക്കാനുള്ള പ്രാപ്‌തി വളർത്തിയെടുക്കാൻ സമയം ആവശ്യമാണ്. എന്നാൽ അതിനു ചെയ്യുന്ന ശ്രമം തികച്ചും മൂല്യവത്താണ്. നന്നായി തിരഞ്ഞെടുത്ത ദൃഷ്ടാന്തങ്ങളുടെ നേട്ടം അതു മനസ്സിനെ മാത്രമല്ല ഹൃദയത്തെയും വികാരങ്ങളെയും സ്വാധീനിക്കുന്നു എന്നതാണ്. ഫലമോ, പലപ്പോഴും വസ്‌തുതകൾ വെറുതെ പറയുമ്പോഴത്തെക്കാൾ ശക്തിയോടെ സന്ദേശം കൈമാറപ്പെടുന്നു.