പാഠം 30
മറ്റേ വ്യക്തിയിൽ താത്‌പര്യം പ്രകടമാക്കൽ
മറ്റുള്ളവരുമായി ബൈബിൾ സത്യങ്ങൾ പങ്കുവെക്കുമ്പോൾ നാം വിവരങ്ങൾ അവരുടെ മനസ്സിൽ എത്തിക്കുന്നതിലുപരി അവരുടെ ഹൃദയത്തെ ആകർഷിക്കേണ്ടതുണ്ട്. നമ്മുടെ ശ്രോതാക്കളിൽ ആത്മാർഥമായ വ്യക്തിഗത താത്‌പര്യം പ്രകടമാക്കുന്നതാണ് ഇതിനുള്ള ഒരു മാർഗം. ഇത്തരം താത്‌പര്യം പല വിധങ്ങളിൽ പ്രകടിപ്പിക്കാൻ കഴിയും.
ശ്രോതാക്കളുടെ വീക്ഷണം കണക്കിലെടുക്കുക. അപ്പൊസ്‌തലനായ പൗലൊസ് തന്റെ ശ്രോതാക്കളുടെ പശ്ചാത്തലവും ചിന്താഗതിയുമൊക്കെ കണക്കിലെടുത്തു. അവൻ വിശദീകരിച്ചു: “യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻകീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻകീഴുള്ളവർക്കു ന്യായപ്രമാണത്തിൻകീഴുള്ളവനെപ്പോലെ ആയി. ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്‌തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി. ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു. സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.” (1 കൊരി. 9:20-23) നമുക്ക് ഇന്ന് ‘എല്ലാവർക്കും എല്ലാമായിത്തീരാൻ’ എങ്ങനെ കഴിയും?
മറ്റുള്ളവരുമായി സംസാരിക്കുന്നതിനു മുമ്പ് ഹ്രസ്വമായിട്ടെങ്കിലും അവരെ നിരീക്ഷിക്കാൻ അവസരമുണ്ടെങ്കിൽ, അവരുടെ താത്‌പര്യങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചുള്ള ചില സൂചനകൾ നിങ്ങൾക്കു ലഭിച്ചേക്കാം. അവരുടെ തൊഴിൽ എന്താണെന്നു നിങ്ങൾക്കു പറയാമോ? അവരുടെ മതവിശ്വാസങ്ങൾ സംബന്ധിച്ച എന്തെങ്കിലും തെളിവുകൾ നിങ്ങൾ കാണുന്നുവോ? അവരുടെ കുടുംബജീവിതം എങ്ങനെയുള്ളതാണ് എന്നതു സംബന്ധിച്ച് എന്തെങ്കിലും സൂചനയുണ്ടോ? നിരീക്ഷിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി അവതരണം അവർക്കു കൂടുതൽ ആകർഷകമാക്കിത്തീർക്കാൻ നിങ്ങൾക്കു കഴിയുമോ?
അവതരണം കൂടുതൽ ആകർഷകമാക്കുന്നതിന്, നിങ്ങളുടെ പ്രദേശത്തുള്ള ആളുകളെ എങ്ങനെ സമീപിക്കും എന്നതിനെ കുറിച്ചു നിങ്ങൾ മുന്നമേ ചിന്തിക്കേണ്ടതുണ്ട്. ചില പ്രദേശങ്ങളിലെ താമസക്കാരിൽ അന്യനാടുകളിൽനിന്നു വന്നു പാർക്കുന്നവരും ഉൾപ്പെടുന്നു. നിങ്ങളുടെ പ്രദേശത്ത് അത്തരക്കാർ ഉണ്ടെങ്കിൽ അവരോടു സാക്ഷീകരിക്കാനുള്ള ഫലപ്രദമായ ഒരു മാർഗം നിങ്ങൾ കണ്ടെത്തിയിരിക്കുന്നുവോ? “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ദൈവം ആഗ്രഹിക്കുന്നതിനാൽ കണ്ടുമുട്ടുന്ന ഏവരോടും ആകർഷകമായ വിധത്തിൽ രാജ്യസന്ദേശം അവതരിപ്പിക്കാൻ ലക്ഷ്യമിടുക.—1 തിമൊ. 2:4.
ശ്രദ്ധിച്ചു കേൾക്കുക. യഹോവ സർവജ്ഞാനിയാണെങ്കിലും അവൻ മറ്റുള്ളവർ പറയുന്നതിനു ശ്രദ്ധ കൊടുക്കുന്നു. മീഖായാവ് പ്രവാചകനു ലഭിച്ച ഒരു ദർശനത്തിൽ ഒരു പ്രത്യേക സംഗതി കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ യഹോവ ദൂതന്മാരെ പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നു. തുടർന്ന് ഒരു ദൂതൻ മുന്നോട്ടുവെച്ച നിർദേശം നടപ്പിലാക്കാൻ ദൈവം അവനെ അനുവദിച്ചു. (1 രാജാ. 22:19-22) സൊദോമിന്റെമേൽ നടപ്പാക്കാൻ പോകുന്ന ന്യായവിധിയെ കുറിച്ച് അബ്രാഹാം ഉത്‌കണ്‌ഠ പ്രകടിപ്പിച്ചപ്പോൾ, അവനു പറയാനുള്ളതു മുഴുവൻ യഹോവ സദയം കേട്ടു. (ഉല്‌പ. 18:23-33) ശുശ്രൂഷയിൽ ആയിരിക്കവേ, മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ കേൾക്കുന്നതിൽ നമുക്ക് യഹോവയുടെ മാതൃക എങ്ങനെ അനുകരിക്കാൻ കഴിയും?
മനസ്സിലുള്ള ആശയങ്ങൾ വെളിപ്പെടുത്താൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക. ഉചിതമായ ഒരു ചോദ്യം ചോദിച്ചിട്ട് മറുപടിക്കായി വേണ്ടത്ര സമയം അനുവദിക്കുക. അവർ പറയുന്നതു ശ്രദ്ധയോടെ കേൾക്കുക. നിങ്ങൾ നൽകുന്ന ആത്മാർഥമായ ശ്രദ്ധ തുറന്നു സംസാരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കും. അവരുടെ താത്‌പര്യങ്ങളെ കുറിച്ച് അവരുടെ പ്രതികരണം എന്തെങ്കിലും വെളിപ്പെടുത്തുന്നെങ്കിൽ നയപൂർവം കൂടുതൽ അന്വേഷിക്കുക. സംഭാഷണത്തെ ഒരു ക്രോസുവിസ്‌താരമാക്കി മാറ്റാതെ, അവരെ മെച്ചമായി അറിയാൻ ശ്രമിക്കുക. അവരുടെ ആശയങ്ങളെ നിങ്ങൾക്ക് ആത്മാർഥമായി അഭിനന്ദിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക. അവരുടെ വീക്ഷണത്തോടു നിങ്ങൾക്കു യോജിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും, അവരുടെ അഭിപ്രായങ്ങളെ മാനിക്കുന്നുവെന്നു കൃപയോടുകൂടി പ്രകടമാക്കുക.—കൊലൊ. 4:6.
എന്നിരുന്നാലും, ആളുകളിലുള്ള നമ്മുടെ താത്‌പര്യം ഔചിത്യത്തിന്റെ പരിധി വിടാതിരിക്കാൻ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. മറ്റുള്ളവരിൽ താത്‌പര്യം കാണിക്കണം എന്നതിന്റെ പേരിൽ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടാനുള്ള സ്വാതന്ത്ര്യം നമുക്കില്ല. (1 പത്രൊ. 4:15) നാം കാണിക്കുന്ന ആർദ്രമായ താത്‌പര്യം വിപരീതലിംഗവർഗത്തിൽപ്പെട്ട ഒരു വ്യക്തി തെറ്റിദ്ധരിക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ളവരിൽ എത്രത്തോളം താത്‌പര്യം കാണിക്കാം എന്നത് ഓരോ വ്യക്തിയെയും ദേശത്തെയും ആശ്രയിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ നല്ല ന്യായബോധം കാണിക്കേണ്ടത് ആവശ്യമാണ്.—ലൂക്കൊ. 6:31.
നല്ല ശ്രോതാവായിരിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ് തയ്യാറാകൽ. സന്ദേശം മനസ്സിൽ വ്യക്തമായി ഉള്ളപ്പോൾ, പിരിമുറുക്കമില്ലാതിരിക്കാനും മറ്റുള്ളവർ പറയുന്നതു സ്വാഭാവികമായ രീതിയിൽ ശ്രദ്ധിക്കാനും നമുക്കാവും. ഇത് അവരുടെ മനസ്സിന് അയവുവരുത്തുകയും നാമുമായി സംഭാഷണം നടത്താൻ അവരെ കൂടുതൽ ചായ്‌വുള്ളവരാക്കുകയും ചെയ്‌തേക്കാം.
മറ്റുള്ളവർ പറയുന്നതു ശ്രദ്ധിച്ചു കേട്ടുകൊണ്ട് നാം അവരോടു ബഹുമാനം പ്രകടമാക്കുന്നു. (റോമ. 12:10) അവരുടെ ചിന്തകൾക്കും വികാരങ്ങൾക്കും മൂല്യം കൽപ്പിക്കുന്നുവെന്ന് നാം അതുവഴി തെളിയിക്കുന്നു. നമുക്കു പറയാനുള്ള കാര്യങ്ങൾക്കു കൂടുതൽ അടുത്ത ശ്രദ്ധ നൽകാൻ അത് അവരെ പ്രേരിപ്പിക്കുക പോലും ചെയ്‌തേക്കാം. അപ്പോൾ “കേൾപ്പാൻ വേഗതയും പറവാൻ താമസവും” ഉള്ളവരായിരിക്കാൻ ദൈവവചനം നമ്മെ ബുദ്ധിയുപദേശിക്കുന്നതു നല്ല കാരണത്തോടെയാണ്.—യാക്കോ. 1:19.
പുരോഗതി പ്രാപിക്കാൻ മറ്റുള്ളവരെ സഹായിക്കുക. താത്‌പര്യം കാണിക്കുന്നവരെ കുറിച്ചു സദാ ചിന്തയുള്ളവരായിരിക്കാനും അവരുടെ ആവശ്യങ്ങൾക്ക് അങ്ങേയറ്റം ഉതകുന്ന ബൈബിൾ സത്യങ്ങൾ പങ്കുവെക്കാൻ അവരുടെ അടുക്കൽ മടങ്ങിച്ചെല്ലാനും മറ്റുള്ളവരോടുള്ള താത്‌പര്യം നമ്മെ പ്രേരിപ്പിക്കും. അടുത്ത സന്ദർശനത്തെ കുറിച്ച് ആലോചിക്കവേ, കഴിഞ്ഞ സന്ദർശനങ്ങളിൽ അവരെ കുറിച്ചു നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തുക. അവർക്കു താത്‌പര്യമുള്ള ഒരു വിഷയത്തെ കുറിച്ചുള്ള വിവരങ്ങൾ തയ്യാറാകുക. പഠിക്കുന്ന കാര്യങ്ങളിൽനിന്നു പ്രയോജനം നേടാൻ കഴിയുന്നതെങ്ങനെ എന്നു കാണാൻ അവരെ സഹായിച്ചുകൊണ്ടു വിവരങ്ങളുടെ പ്രായോഗിക മൂല്യം എടുത്തുകാട്ടുക.—യെശ. 48:17, NW.
തന്റെ മനസ്സിനെ ഭാരപ്പെടുത്തുന്ന ഒരു സാഹചര്യമോ പ്രശ്‌നമോ നിങ്ങളുടെ ശ്രോതാവ് ശ്രദ്ധയിൽ കൊണ്ടുവരുന്നെങ്കിൽ അദ്ദേഹവുമായി സുവാർത്ത പങ്കുവെക്കാനുള്ള ഒരു നല്ല അവസരമായി ഇതിനെ കാണുക. ക്ലേശം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ എല്ലായ്‌പോഴും മനസ്സൊരുക്കം കാട്ടിയ യേശുവിന്റെ മാതൃക പിൻപറ്റുക. (മർക്കൊ. 6:31-34) പെട്ടെന്നുള്ള ഒരു പരിഹാരമോ ഉപരിപ്ലവമായ ബുദ്ധിയുപദേശമോ നൽകാനുള്ള ചായ്‌വ് ഒഴിവാക്കുക. നിങ്ങളുടെ താത്‌പര്യം ആത്മാർഥമല്ലെന്നു തോന്നാൻ അത് ഇടയാക്കിയേക്കാം. പകരം സമാനുഭാവം കാണിക്കുക. (1 പത്രൊ. 3:8, NW) എന്നിട്ട്, ബൈബിൾ അധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം നടത്തി, തന്റെ സാഹചര്യം കൈകാര്യം ചെയ്യാൻ ആ വ്യക്തിയെ സഹായിക്കുന്ന പരിപുഷ്ടിദായകമായ വിവരങ്ങൾ പങ്കുവെക്കുക. തീർച്ചയായും, ശ്രോതാവിനോടുള്ള നിങ്ങളുടെ സ്‌നേഹപുരസ്സരമായ താത്‌പര്യം, അദ്ദേഹം നിങ്ങളുമായി പങ്കുവെക്കുന്ന രഹസ്യങ്ങൾ തക്കതായ കാരണം ഇല്ലാതെ മറ്റുള്ളവരോടു പറയുന്നതിൽനിന്നു നിങ്ങളെ തടയും.—സദൃ. 25:9.
നമ്മുടെ ബൈബിൾ വിദ്യാർഥികളിൽ നാം പ്രത്യേകിച്ചും താത്‌പര്യം കാണിക്കണം. ഓരോ വിദ്യാർഥിയുടെയും ആവശ്യങ്ങൾ പ്രാർഥനാപൂർവം പരിചിന്തിച്ച് അവ മനസ്സിൽ പിടിച്ചുകൊണ്ട് അധ്യയനത്തിനായി തയ്യാറാകുക. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘ആത്മീയ പുരോഗതി വരുത്തുന്നതിൽ തുടരുന്നതിന് എന്റെ ബൈബിൾ വിദ്യാർഥി അടുത്തതായി എന്താണു ചെയ്യേണ്ടത്?’ ബൈബിളും “വിശ്വസ്‌തനും വിവേകിയുമായ അടിമ” തയ്യാറാക്കുന്ന പ്രസിദ്ധീകരണങ്ങളും അതേക്കുറിച്ചു പറയുന്നതു വിലമതിക്കാൻ വിദ്യാർഥിയെ സ്‌നേഹപൂർവം സഹായിക്കുക. (മത്താ. 24:45, NW) ചില സന്ദർഭങ്ങളിൽ, വിശദീകരണം മാത്രം മതിയാകുകയില്ല. ഒരു ബൈബിൾ തത്ത്വം ബാധകമാക്കേണ്ടത് എങ്ങനെയെന്നു നിങ്ങൾ വിദ്യാർഥിക്കു കാണിച്ചുകൊടുക്കേണ്ടത് ഉണ്ടായിരിക്കാം. ഇതിന് ആ തത്ത്വം ബാധകമാക്കേണ്ട വിധം വ്യക്തമാക്കുന്ന ഒരു കാര്യം നിങ്ങൾക്ക് ഇരുവർക്കും ഒരുമിച്ചു ചെയ്യാവുന്നതാണ്.—യോഹ. 13:1-15.
തങ്ങളുടെ ജീവിതത്തെ യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ സമനിലയും നല്ല ന്യായബോധവും കാണിക്കണം. ആളുകൾ വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്ന് ഉള്ളവരും അവരുടെ പ്രാപ്‌തികൾ ഭിന്നവുമാണ്. മാത്രമല്ല പലരും പല വേഗത്തിലാണു പുരോഗതി പ്രാപിക്കുന്നത്. മറ്റുള്ളവരെ കുറിച്ചുള്ള പ്രതീക്ഷകളിൽ ന്യായബോധം നിലനിറുത്തുക. (ഫിലി. 4:5, NW) ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ അവരുടെമേൽ സമ്മർദം ചെലുത്തരുത്. അവരെ പ്രചോദിപ്പിക്കാൻ ദൈവത്തിന്റെ വചനത്തെയും ആത്മാവിനെയും അനുവദിക്കുക. ആളുകൾ നിർബന്ധത്താലല്ല, മറിച്ച് സ്വമേധയാ അഥവാ മനസ്സൊരുക്കമുള്ള ഒരു ഹൃദയത്തോടെ തന്നെ സേവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. (സങ്കീ. 110:3) അവർ അഭിമുഖീകരിക്കുന്ന വ്യക്തിപരമായ തീരുമാനങ്ങളെ കുറിച്ചു നിങ്ങളുടെ സ്വന്തം അഭിപ്രായങ്ങൾ പറയാതിരിക്കുക. അങ്ങനെ ചെയ്യാൻ മറ്റുള്ളവർ നിങ്ങളോട് ആവശ്യപ്പെട്ടാൽ പോലും അവർക്കുവേണ്ടി തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.—ഗലാ. 6:5.
പ്രായോഗിക സഹായം നൽകുക. യേശുവിന്റെ മുഖ്യ താത്‌പര്യം തന്റെ ശ്രോതാക്കളുടെ ആത്മീയ ക്ഷേമത്തിൽ ആയിരുന്നെങ്കിലും, അവരുടെ മറ്റ് ആവശ്യങ്ങളിലും അവൻ താത്‌പര്യമെടുത്തു. (മത്താ. 15:32) നമുക്കു ഭൗതികമായി അധികമൊന്നും ഇല്ലെങ്കിൽ പോലും, ഒട്ടേറെ പ്രായോഗിക വിധങ്ങളിൽ നമുക്കു സഹായിക്കാനാകും.
മറ്റുള്ളവരിലുള്ള താത്‌പര്യം പരിഗണന ഉള്ളവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കും. ഉദാഹരണത്തിന്, കാറ്റോ മഴയോ വെയിലോ മറ്റോ നിങ്ങളുടെ ശ്രോതാവിന് അസ്വസ്ഥതയ്‌ക്ക് കാരണമാകുന്നെങ്കിൽ, കൂടുതൽ അനുയോജ്യമായ ഒരു ഇടത്തേക്കു മാറിയിരിക്കുകയോ മറ്റൊരു സമയത്തേക്കു ചർച്ച മാറ്റിവെക്കുകയോ ചെയ്യുക. ആൾക്കു സൗകര്യപ്രദമല്ലാത്ത ഒരു സമയത്താണു നിങ്ങൾ ചെന്നിരിക്കുന്നതെങ്കിൽ പിന്നീടു മടങ്ങിച്ചെല്ലാമെന്നു പറയുക. താത്‌പര്യം കാണിച്ച ഒരു അയൽക്കാരനോ മറ്റാർക്കെങ്കിലുമോ സുഖമില്ലാതിരിക്കുകയോ അദ്ദേഹം ആശുപത്രിയിൽ കഴിയുകയോ ആണെന്നിരിക്കട്ടെ. ഒരു കാർഡ് അല്ലെങ്കിൽ ചെറിയൊരു കത്ത് അയച്ചുകൊണ്ടോ ഒന്നു പോയി കണ്ടുകൊണ്ടോ നിങ്ങളുടെ താത്‌പര്യം പ്രകടിപ്പിക്കുക. കൂടാതെ, ഉചിതമെങ്കിൽ ഒരു നേരത്തെ ഭക്ഷണം നൽകുകയോ മറ്റേതെങ്കിലും രീതിയിൽ ദയ കാട്ടുകയോ ചെയ്യാവുന്നതാണ്.
ബൈബിൾ വിദ്യാർഥികൾ പുരോഗമിക്കവേ, മുൻ സഹകാരികളുമായി മുമ്പത്തെ പോലെ സമയം ചെലവിടാത്തതു നിമിത്തം അവർക്ക് ഒരു വൈകാരിക ശൂന്യത അനുഭവപ്പെട്ടേക്കാം. നിങ്ങൾ അവർക്ക് ഒരു സ്‌നേഹിതനോ സ്‌നേഹിതയോ ആയി വർത്തിക്കുക. ബൈബിൾ അധ്യയനത്തിനു ശേഷവും മറ്റു സമയങ്ങളിലും അവരുമായി സംസാരിച്ചുകൊണ്ടു സമയം ചെലവിടുക. നല്ല സഹവാസങ്ങൾ വളർത്തിയെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. (സദൃ. 13:20) ക്രിസ്‌തീയ യോഗങ്ങളിൽ ഹാജരാകാൻ അവരെ സഹായിക്കുക. അത്തരം കൂടിവരവുകളിൽ അവരോടൊപ്പം ഇരിക്കുക. എല്ലാവർക്കും പരിപാടിയിൽനിന്നു കൂടുതൽ നന്നായി പ്രയോജനം നേടാൻ കഴിയത്തക്കവണ്ണം അവരുടെ കുട്ടികളെ നോക്കാൻ അവരെ സഹായിക്കുക.
ഹൃദയത്തിൽനിന്നു താത്‌പര്യം പ്രകടമാക്കുക. ആളുകളിൽ താത്‌പര്യം പ്രകടമാക്കുക എന്നത് പഠിച്ചെടുക്കേണ്ട ഒരു വിദ്യയല്ല, മറിച്ച് അതു ഹൃദയത്തിൽനിന്നു വരേണ്ട ഗുണവിശേഷമാണ്. മറ്റുള്ളവരിൽ നമുക്ക് എത്രമാത്രം താത്‌പര്യം ഉണ്ടെന്നുള്ളത് പല വിധങ്ങളിൽ ദൃശ്യമാകുന്നു. നമ്മൾ എങ്ങനെ കേൾക്കുന്നു, എന്തു പറയുന്നു എന്നതെല്ലാം അതു വെളിപ്പെടുത്തുന്നു. നാം മറ്റുള്ളവരോടു കാണിക്കുന്ന ദയയിലൂടെയും പരിഗണനയിലൂടെയും അതു പ്രകടമാകുന്നു. യാതൊന്നും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാത്തപ്പോൾ പോലും നമ്മുടെ ശരീരനിലയും മുഖഭാവങ്ങളും അതു വെളിവാക്കുന്നു. നമ്മൾ മറ്റുള്ളവരെ യഥാർഥത്തിൽ കരുതുന്നെങ്കിൽ, അവർക്ക് അതു തീർച്ചയായും അറിയാൻ കഴിയും.
മറ്റുള്ളവരിൽ ആത്മാർഥമായ താത്‌പര്യം പ്രകടമാക്കുന്നതിനുള്ള ഏറ്റവും പ്രധാന കാരണം അതുവഴി നാം നമ്മുടെ സ്വർഗീയ പിതാവിന്റെ സ്‌നേഹത്തെയും കരുണയെയും അനുകരിക്കുന്നു എന്നതാണ്. ഇതു നമ്മുടെ ശ്രോതാക്കളെ യഹോവയിലേക്കും മറ്റുള്ളവരെ അറിയിക്കാൻ അവൻ നമുക്കു തന്ന സന്ദേശത്തിലേക്കും ആകർഷിക്കുന്നു. അതുകൊണ്ട് നിങ്ങൾ സുവാർത്ത പങ്കുവെക്കുമ്പോൾ “സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ” നോക്കാൻ യത്‌നിക്കുക.—ഫിലി. 2:4.