-
ബൈബിൾതിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ
-
-
ആയിരത്തിതൊളളായിരത്തി എഴുപത്തിയൊന്നിലെ ഒരു റിപ്പോർട്ടിൻപ്രകാരം, സാദ്ധ്യതയനുസരിച്ച്, എബ്രായ തിരുവെഴുത്തുകൾ മുഴുവനായോ ഭാഗികമായോ ഉൾക്കൊളളുന്ന 6,000-ത്തോളം കൈയ്യെഴുത്തു പ്രതികളുണ്ട്; അവയിൽ ഏററം പുരാതനമായത് പൊ. യു. മു. മൂന്നാം നൂററാണ്ടിലേതാണ്. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടേതായി ഗ്രീക്കിൽ ഏതാണ്ട് 5,000 എണ്ണമുണ്ട്, അവയിൽ ഏററം പഴക്കമുളളത് പൊ. യു. രണ്ടാം നൂററാണ്ടിന്റെ ആരംഭത്തിലേതാണ്. അതുകൂടാതെ മററു ഭാഷകളിലേക്കുളള ആദിമ വിവർത്തനങ്ങളുടെ അനേകം പ്രതികളും സ്ഥിതിചെയ്യുന്നുണ്ട്.
ദി ചെസ്ററർ ബീററി ബിബ്ലിക്കൽ പാപ്പിറൈയെ സംബന്ധിച്ചുളള തന്റെ ഏഴു വാല്യങ്ങളുടെ ആമുഖത്തിൽ സർ ഫ്രെഡറിക് കെനിയൻ എഴുതി: “അവയുടെ [പാപ്പിറൈ] പരിശോധനയിൽ നിന്ന് നാം എത്തിച്ചേരുന്ന പ്രഥമവും ഏററം പ്രധാനവുമായ നിഗമനം, നിലവിലുളള പാഠങ്ങളുടെ അത്യന്താപേക്ഷിതമായ കൃത്യത അവ ഉറപ്പാക്കുന്നു എന്നുളള സംതൃപ്തിദായകമായ ഒന്നു തന്നെയാണ്. ശ്രദ്ധേയമോ അടിസ്ഥാനപരമോ ആയ യാതൊരു വ്യത്യാസവും പഴയതോ പുതിയതോ ആയ നിയമങ്ങളിൽ കാണപ്പെടുന്നില്ല. ജീവൽപ്രധാനമായ വസ്തുതകളെയോ ഉപദേശങ്ങളെയോ ബാധിക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും ഭാഗം വിട്ടുകളയപ്പെടുകയോ കൂട്ടിച്ചേർക്കപ്പെടുകയോ വ്യത്യാസപ്പെടുത്തപ്പെടുകയോ ചെയ്തിട്ടില്ല. വാക്കുകളുടെ ക്രമം അല്ലെങ്കിൽ കൃത്യമായി ഏതു പദം ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്നതുപോലെ നിസ്സാരമായ കാര്യങ്ങളെയേ ഈ പാഠഭേദങ്ങൾ ബാധിച്ചിട്ടുളളു . . . എന്നാൽ അവയുടെ യഥാർത്ഥ പ്രാധാന്യം, അവ നിലവിലുളള പാഠങ്ങളുടെ കൃത്യത ഇന്നോളം ലഭ്യമായിരുന്നതിനേക്കാളും നേരത്തെയുളള തെളിവിനാൽ ഉറപ്പാക്കിയിരിക്കുന്നു എന്നുളളതാണ്.”—(ലണ്ടൻ, 1933), പേ. 15.
ബൈബിളിന്റെ ചില ഭാഷാന്തരങ്ങൾ മററു ചിലവയേക്കാൾ മൂലഭാഷയിലുളളതിനോട് കൂടുതൽ അടുത്തു പററിനിൽക്കുന്നു എന്നുളളത് വാസ്തവമാണ്. ആധുനിക പരാവർത്തന ബൈബിളുകൾ ചിലപ്പോൾ മൂല അർത്ഥത്തിന് മാററം വരുത്താൻ തക്കവണ്ണം സ്വാതന്ത്ര്യം എടുത്തിരിക്കുന്നു. ചില ഭാഷാന്തരക്കാർ തങ്ങളുടെ വ്യക്തിപരമായ വിശ്വാസം തങ്ങളുടെ ഭാഷാന്തരത്തെ ബാധിക്കാൻ അനുവദിച്ചിരിക്കുന്നു. എന്നാൽ പല ഭാഷാന്തരങ്ങൾ താരതമ്യം ചെയ്യുന്നതിനാൽ ഈ ബലഹീനതകൾ തിരിച്ചറിയാൻ കഴിയും.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘ഞാൻ ബൈബിളിൽ വിശ്വസിക്കുന്നില്ല’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘എന്നാൽ ഒരു ദൈവമുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നു, ഇല്ലേ? . . . നിങ്ങൾക്ക് അംഗീകരിക്കാൻ പ്രയാസമായ എന്താണ് ബൈബിളിലുളളതെന്ന് ഞാൻ ഒന്നു ചോദിച്ചോട്ടെ?’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘നിങ്ങൾ എന്നും ഇങ്ങനെതന്നെയാണോ വിചാരിച്ചിരുന്നത് എന്ന് ഞാനൊന്നു ചോദിച്ചോട്ടെ? . . . ബൈബിൾ നന്നായി പഠിച്ചിട്ടില്ലെങ്കിൽ കൂടി മററാളുകളും ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ബൈബിൾ ദൈവത്തിൽ നിന്നുളള ഒരു ദൂതാണെന്നും അത് പറയുന്ന കാര്യങ്ങൾ നാം വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നുവെങ്കിൽ ദൈവം നമുക്ക് നിത്യജീവൻ വച്ചുനീട്ടുന്നുവെന്നും ബൈബിൾ വ്യക്തമായി പറയുന്ന സ്ഥിതിക്ക് അതിന്റെ അവകാശവാദം ശരിയാണോ അല്ലയോ എന്നറിയുന്നതിന് അതൊന്നു പരിശോധിക്കുകയെങ്കിലും ചെയ്യുന്നത് പ്രയോജനകരമായിരിക്കും എന്നുളളതിനോട് നിങ്ങൾ യോജിക്കുന്നില്ലേ? (60-63 വരെ പേജുകളിലെ വിവരങ്ങൾ ഉപയോഗിക്കുക.)’
‘ബൈബിളിൽ വൈരുദ്ധ്യങ്ങളുണ്ട്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘മററുളളവരും എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്, എന്നാൽ യഥാർത്ഥത്തിൽ വൈരുദ്ധ്യമായിരിക്കുന്ന ഒരു സംഗതി കാണിച്ചു തരാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്റെ വ്യക്തിപരമായ ബൈബിൾ വായനയിൽ അങ്ങനെയൊന്ന് ഞാൻ കണ്ടിട്ടില്ല. നിങ്ങൾക്ക് ഒരു ഉദാഹരണം കാണിക്കാൻ കഴിയുമോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ബൈബിൾ തങ്ങളുടെ മനസ്സിൽ ഉയർത്തിയ ചോദ്യങ്ങൾക്ക് അനേകം ആളുകളും ഒരിക്കലും ഉത്തരം കണ്ടെത്തിയിട്ടില്ല എന്നതാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുളളത്. ഉദാഹരണത്തിന്, കയീന് തന്റെ ഭാര്യയെ എവിടെ നിന്ന് കിട്ടി? (301, 302 പേജുകളിലെ വിവരങ്ങൾ ഉപയോഗിക്കുക.)’
‘ബൈബിൾ മനുഷ്യർ എഴുതിയതാണ്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘അത് ശരിയാണ്. ഏതാണ്ട് 40 പേർക്ക് അതിൽ പങ്കുണ്ടായിരുന്നു. എന്നാൽ അതു ദൈവത്താൽ നിശ്വസ്തമാക്കപ്പെട്ടതായിരുന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘അതിന്റെ അർത്ഥമെന്താണ്? ഒരു ബിസിനസുകാരൻ തന്റെ സെക്രട്ടറിയെ ഉപയോഗിച്ച് തനിക്കുവേണ്ടി കത്തുകളെഴുതിക്കുന്നതുപോലെ ദൈവം എഴുത്തിനെ നയിച്ചു എന്ന്.’ (2) ‘ശൂന്യാകാശത്തിലുളള ആരിലെങ്കിലും നിന്ന് ദൂതുകൾ സ്വീകരിക്കുക എന്ന ആശയം നമ്മെ ആശ്ചര്യപ്പെടുത്തരുത്. മനുഷ്യരുപോലും ചന്ദ്രനിൽനിന്ന് ദൂതുകളും ചിത്രങ്ങളും അയച്ചിട്ടുണ്ട്. അവരെങ്ങനെയാണ് അത് ചെയ്തത്? ദീർഘകാലം മുമ്പ് ദൈവത്തിൽനിന്ന് തന്നെ ഉളവായ നിയമങ്ങൾ ഉപയോഗിച്ച്.’ (3) ‘എന്നാൽ ബൈബിളിലുളളത് യഥാർത്ഥത്തിൽ ദൈവത്തിൽ നിന്നാണെന്ന് നമുക്ക് എങ്ങനെ ഉറപ്പുളളവരായിരിക്കാൻ കഴിയും? സാദ്ധ്യതയനുസരിച്ച് മാനുഷ ഉറവുകളിൽ നിന്ന് വരാൻ കഴിയാത്ത വിവരങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. ഏതു തരത്തിലുളളവ? ഭാവിയെ സംബന്ധിച്ച വിശദാംശങ്ങൾ; അവ എല്ലായ്പ്പോഴും പൂർണ്ണമായി കൃത്യമെന്ന് തെളിഞ്ഞിരിക്കുന്നു. (ദൃഷ്ടാന്തങ്ങൾക്ക് 60-62 വരെ പേജുകളും “അന്ത്യനാളുകൾ” എന്ന ശീർഷകത്തിൻ കീഴിലെ 234-239 വരെ പേജുകളും കാണുക.)
‘ഓരോരുത്തർക്കും ബൈബിളിന്റെ സ്വന്തം വ്യാഖ്യാനമാണുളളത്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘സ്പഷ്ടമായും അവയെല്ലാം ശരിയായിരിക്കുകയില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘നമ്മുടെ സ്വന്തം ആശയങ്ങളോട് പൊരുത്തത്തിൽ കൊണ്ടുവരാൻ വേണ്ടി തിരുവെഴുത്തുകൾ വളച്ചൊടിക്കുന്നത് നിലനിൽക്കുന്ന ദ്രോഹത്തിന് ഇടയാക്കും. (2 പത്രോ. 3:15, 16)’ (2) ‘ബൈബിൾ ശരിയായി മനസ്സിലാക്കുന്നതിന് രണ്ടു കാര്യങ്ങൾക്ക് നമ്മെ സഹായിക്കാൻ കഴിയും. ഒന്ന്, ഏതു പ്രസ്താവനയുടെയും സന്ദർഭം (മുമ്പും പിമ്പുമുളള വാക്യങ്ങൾ) കണക്കിലെടുക്കുക. അടുത്തതായി, ആ ഭാഗങ്ങൾ അതേ വിഷയം കൈകാര്യം ചെയ്യുന്നതായി ബൈബിളിലുളള മററ് പ്രസ്താവനകളുമായി താരതമ്യം ചെയ്യുക. ആ വിധത്തിൽ നാം ദൈവത്തിന്റെ സ്വന്തം വചനം നമ്മുടെ ചിന്തയെ നയിക്കാൻ നാം അനുവദിക്കുകയാണ്; വ്യാഖ്യാനം നമ്മുടെതല്ല അവന്റെതാണ്. വാച്ച്ടവർ പ്രസിദ്ധീകരണങ്ങളിൽ സ്വീകരിച്ചിരിക്കുന്ന സമീപനം അതാണ്.’ (“യഹോവയുടെ സാക്ഷികൾ” എന്ന ശീർഷകത്തിൻ കീഴിൽ 204, 205 പേജുകൾ കാണുക.)
‘അത് നമ്മുടെ നാളിലേക്ക് പ്രായോഗികമല്ല’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘നമ്മുടെ നാളിലേക്കു പ്രായോഗികമായ കാര്യങ്ങളിൽ നാം തൽപ്പരരാണ്, അല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘യുദ്ധത്തിന് ഒരു അറുതി വരുത്തുന്നത് പ്രായോഗികമൂല്യമുളളതാണ് എന്നതിനോട് നിങ്ങൾ യോജിക്കുന്നുവോ? . . . മററ് രാഷ്ട്രങ്ങളിലുളളവരോട് സമാധാനത്തിൽ കഴിയാൻ ആളുകൾ പഠിച്ചാൽ അത് ഒരു നല്ല തുടക്കമായിരിക്കുമെന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ? . . . ബൈബിൾ അത് തന്നെ മുൻകൂട്ടിപ്പറഞ്ഞു. (യെശ. 2:2, 3) ബൈബിൾ വിദ്യാഭ്യാസത്തിന്റെ ഫലമായി യഹോവയുടെ സാക്ഷികൾക്കിടയിൽ ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു.’ (2) ‘അതിലും കൂടുതൽ ആവശ്യമാണ്—യുദ്ധത്തിനിടയാക്കുന്ന സകല രാഷ്ട്രങ്ങളും മനുഷ്യരും നീക്കം ചെയ്യപ്പെടണം. അത്തരമൊരു സംഗതി എന്നെങ്കിലും സംഭവിക്കുമോ? ഉവ്വ്, എങ്ങനെയെന്ന് ബൈബിൾ വിശദീകരിക്കുകയും ചെയ്യുന്നു. (ദാനി. 2:44; സങ്കീ. 37:10, 11)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം: ‘നിങ്ങളുടെ ഉൽക്കണ്ഠ എനിക്ക് മനസ്സിലാകുന്നു. ഒരു മാർഗ്ഗനിർദ്ദേശക ഗ്രന്ഥം പ്രായോഗികമൂല്യമുളളതല്ലെങ്കിൽ അതുപയോഗിക്കുന്നത് നമ്മുടെ ഭാഗത്ത് മൗഢ്യമായിരിക്കും, അല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘സന്തുഷ്ടമായ കുടുംബജീവിതം നയിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ശരിയായ ബുദ്ധ്യുപദേശം നൽകുന്ന ഒരു പുസ്തകം പ്രായോഗിക മൂല്യമുളളതാണ് എന്നതിനോട് നിങ്ങൾ യോജിക്കുമോ? . . . കുടുംബജീവിതം സംബന്ധിച്ച സിദ്ധാന്തങ്ങൾക്കും ആചാരങ്ങൾക്കും പലവട്ടം മാററങ്ങൾ സംഭവിച്ചിട്ടുണ്ട്, നാം ഇന്നു കാണുന്ന ഫലങ്ങളാകട്ടെ നല്ലതുമല്ല. എന്നാൽ ബൈബിൾ പറയുന്ന കാര്യങ്ങൾ പഠിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുന്നവരുടേത് ഉറപ്പുളളതും സന്തുഷ്ടവുമായ കുടുംബജീവിതം ആണ്. (കൊലൊ. 3:12-14, 18-21)’
‘ബൈബിൾ ഒരു നല്ല പുസ്തകമാണ്, എന്നാൽ പരമമായ സത്യം എന്നൊന്നില്ല’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉളളതായിതോന്നുന്നു എന്നത് ശരി തന്നെ. ഒരു കണ്ടുപിടുത്തം നടത്തിയതായി ഒരാൾ വിചാരിച്ചാലും താൻ പരിഗണിക്കാതെ വിട്ടുകളഞ്ഞ ഒരു ഘടകമെങ്കിലും ഉണ്ടെന്ന് അയാൾ മിക്കപ്പോഴും കണ്ടെത്തുന്നു. എന്നാൽ അത്തരം ഒരു പരിമിതി ഇല്ലാത്ത ഒരാൾ ഉണ്ട്. അതാരായിരിക്കാം? . . . അതെ, പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘അതുകൊണ്ടാണ് “നിന്റെ വചനം സത്യമാണ്” (യോഹ. 17:17) എന്ന് യേശുക്രിസ്തു അവനോട് പറഞ്ഞത്. ആ സത്യം ബൈബിളിലുണ്ട്. (2 തിമൊ. 3:16, 17)’ (2) ‘നാം അജ്ഞതയിൽ തപ്പിത്തടയാൻ ദൈവം ആഗ്രഹിക്കുന്നില്ല; നാം സത്യത്തിന്റെ സൂക്ഷ്മ പരിജ്ഞാനത്തിലേക്ക് വരണം എന്നുളളതാണ് അവന്റെ ഇഷ്ടം എന്ന് അവൻ പറഞ്ഞിരിക്കുന്നു. (1 തിമൊ. 2:3, 4) തികച്ചും തൃപ്തികരമായ വിധത്തിൽ ബൈബിൾ . . . പോലുളള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.’ (ചിലരെ സഹായിക്കുന്നതിന് നിങ്ങൾ ആദ്യം ദൈവത്തിന്റെ ആസ്തിക്യത്തിൽ വിശ്വസിക്കുന്നതിനുളള തെളിവുകൾ ചർച്ചചെയ്യേണ്ടതുണ്ടായിരിക്കാം. “ദൈവം” എന്ന ശീർഷകത്തിൻ കീഴിൽ 145-151 വരെ പേജുകൾ കാണുക.)
‘ബൈബിൾ വെളളക്കാരുടെ ഒരു പുസ്തകമാണ്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘അവർ ബൈബിളിന്റെ ധാരാളം കോപ്പികൾ അച്ചടിച്ചിട്ടുണ്ട് എന്നത് തീർച്ചയായും സത്യംതന്നെ. എന്നാൽ ഒരു വർഗ്ഗം വേറൊന്നിനേക്കാൾ മെച്ചമാണെന്ന് ബൈബിൾ പറയുന്നില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ബൈബിൾ നമ്മുടെ സ്രഷ്ടാവിൽനിന്നുളളതാണ്, അവൻ പക്ഷപാതിത്വമുളളവനല്ല. (പ്രവൃ. 10:34, 35)’ (2) ‘ദൈവത്തിന്റെ വചനം എല്ലാ രാഷ്ട്രങ്ങളിൽ നിന്നും ഗോത്രങ്ങളിൽനിന്നും ഉളള ആളുകൾക്ക് അവന്റെ രാജ്യത്തിൻ കീഴിൽ ഇവിടെ ഭൂമിയിൽ എന്നേക്കും ജീവിക്കാനുളള അവസരം വച്ചു നീട്ടുന്നു. (വെളി. 7:9, 10, 17)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘ഒരിക്കലും അല്ല! ബൈബിളിലെ 66 പുസ്തകങ്ങൾ എഴുതാൻ താൻ ആരെ നിശ്വസ്തരാക്കുമെന്ന് തീരുമാനിച്ചത് മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവായിരുന്നു. വെളുത്ത ത്വക്കുളളവരെ അവൻ അതിന് തെരഞ്ഞെടുത്തുവെങ്കിൽ അത് അവന്റെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ ബൈബിളിന്റെ ദൂത് വെളളക്കാർക്കുവേണ്ടി പരിമിതപ്പെടുത്തേണ്ടതായിരുന്നില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘യേശു പറഞ്ഞത് ശ്രദ്ധിക്കുക . . . (യോഹ. 3:16) “ഏതൊരാളും” എന്നത് ഏതു നിറമുളള വ്യക്തികളെയും ഉൾപ്പെടുത്തുന്നു. കൂടാതെ സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പായി വിടവാങ്ങൽ എന്ന നിലയിൽ യേശു ശിഷ്യൻമാരോട് ഈ വാക്കുകളും പറഞ്ഞു . . . (മത്താ. 28:19)’ (2) ‘രസാവഹമായി, പ്രവൃത്തികൾ 13:1 നീഗർ എന്നു പേരായി ഒരാളെപ്പററി പറഞ്ഞിരിക്കുന്നു, ആ പേരിന്റെ അർത്ഥം “കറുത്തവൻ” എന്നാണ്. അവൻ സിറിയയിലെ അന്ത്യോക്യസഭയിലെ പ്രവാചകൻമാരിലും ഉപദേഷ്ടാക്കൻമാരിലും ഒരാളായിരുന്നു.’
‘ജെയിംസ് രാജാവിന്റെ ഭാഷാന്തരം മാത്രമെ ഞാൻ വിശ്വസിക്കുന്നുളളു’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ഇപ്പോൾ അതു കൈവശമുണ്ടെങ്കിൽ വളരെ പ്രോൽസാഹജനകമെന്ന് ഞാൻ കണ്ടെത്തിയ ഒരാശയം നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘അനേകമാളുകൾ ബൈബിളിന്റെ ആ ഭാഷാന്തരമാണ് ഉപയോഗിക്കുന്നത്. എനിക്കും വ്യക്തിപരമായി എന്റെ ലൈബ്രറിയിൽ ഒരു പ്രതിയുണ്ട്.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1)‘ബൈബിൾ ആദ്യം എബ്രായ, അരാമ്യ, ഗ്രീക്ക് എന്നീ ഭാഷകളിലാണ് എഴുതപ്പെട്ടത് എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? . . . നിങ്ങൾക്ക് ആ ഭാഷകൾ വശമുണ്ടോ? . . . അതുകൊണ്ട് ബൈബിൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെട്ടതിൽ നാം നന്ദിയുളളവരാണ്.’ (2) ‘ബൈബിളിന്റെ ആദ്യ പുസ്തകമായ ഉൽപ്പത്തി പൊ. യു. മു. 1513-ൽ പൂർത്തിയാക്കപ്പെട്ടുവെന്നാണ് ഈ ചാർട്ട് (പു. ലോ. ഭാ.-യിലെ “ബൈബിൾ പുസ്തകങ്ങളുടെ പട്ടിക”) കാണിക്കുന്നത്. ഉൽപ്പത്തി പുസ്തകം എഴുതിയശേഷം ഏതാണ്ട് 2,900 വർഷങ്ങൾ കഴിഞ്ഞാണ് മുഴുവൻ ബൈബിളും ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെട്ടത് എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? ജെയിംസ് രാജാവിന്റെ ഭാഷാന്തരം പൂർത്തിയാക്കിയത് പിന്നെയും 200-ലധികം വർഷങ്ങൾ കഴിഞ്ഞാണ് (പൊ. യു. 1611).’ (3) ‘ഇംഗ്ലീഷ് ഭാഷക്ക് 17-ാം നൂററാണ്ടു മുതൽ വളരെയധികം മാററങ്ങൾ വന്നിരിക്കുന്നു. നമ്മുടെ ജീവിതകാലത്തുതന്നെ നമ്മൾ അത്തരം മാററങ്ങൾ കണ്ടിരിക്കുന്നു, അല്ലേ? . . . അതുകൊണ്ട് മൂലകൃതിയിലെ സത്യങ്ങൾ നമ്മൾ ഇന്നു സംസാരിക്കുന്ന ഭാഷയിൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ആധുനിക ഭാഷാന്തരങ്ങൾ നാം വിലമതിക്കുന്നു.’
‘നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ബൈബിളുണ്ട്’
“പുതിയലോകഭാഷാന്തരം” എന്ന മുഖ്യശീർഷകം കാണുക.
-
-
ജനനദിവസംതിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ
-
-
ജനനദിവസം
നിർവ്വചനം: ഒരുവൻ ജനിച്ച ദിവസമോ അതിന്റെ വാർഷികമോ. ചില സ്ഥലങ്ങളിൽ ഒരുവന്റെ ജനന വാർഷികം, പ്രത്യേകിച്ച് ഒരു കുട്ടിയുടേത് ഒരു സൽക്കാര പാർട്ടിയോടും സമ്മാനദാനത്തോടുംകൂടെ ആഘോഷിക്കപ്പെടുന്നു. ബൈബിൾപരമായ ഒരു ആചാരമല്ല.
ജൻമദിനാഘോഷങ്ങൾ സംബന്ധിച്ച ബൈബിൾ പരാമർശനങ്ങൾ അവയെ ഒരു അനുകൂലമായ വെളിച്ചത്തിൽ നിർത്തുന്നുവോ? അത്തരം ആഘോഷങ്ങളെ സംബന്ധിച്ച് ബൈബിളിൽ രണ്ട് പരാമർശനങ്ങളെയുളളു:
ഉൽപ. 40:20-22: “മൂന്നാം ദിവസം ഫറവോന്റെ ജനനദിവസമായിരുന്നു, അവൻ ഒരു വിരുന്നു കഴിക്കാൻ പുറപ്പെട്ടു . . . അതിൻപ്രകാരം പാനപാത്രവാഹകരിൽ പ്രധാനിയെ പാനപാത്രവാഹകനെന്ന സ്ഥാനത്തു വീണ്ടും നിയമിച്ചു . . . അപ്പക്കാരുടെ പ്രധാനിയെയോ അവൻ തൂക്കിലിടുവിച്ചു.”
മത്താ. 14:6-10: “എന്നാൽ ഹെരോദാവിന്റെ ജൻമദിനാഘോഷത്തിനിടയിൽ ഹെരോദിയായുടെ മകൾ നൃത്തം ചെയ്തു, അവൾ ആവശ്യപ്പെടുന്ന എന്തും അവൾക്ക് നൽകാമെന്ന് ശപഥപൂർവ്വം വാഗ്ദാനം ചെയ്യാൻ തക്കവണ്ണം അയാളെ പ്രസാദിപ്പിച്ചു. അവൾ തന്റെ അമ്മയുടെ ഉപദേശപ്രകാരം: ‘യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ വച്ച് എനിക്കു തരണം’ എന്ന് പറഞ്ഞു. . . . അവൻ ആളയച്ച് കാരാഗൃഹത്തിൽ വച്ച് യോഹന്നാന്റെ തല വെട്ടിച്ചു.”
ബൈബിളിലുളളതെല്ലാം അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മതിയായ കാരണത്തോടെയാണ്. (2 തിമൊ. 3:16, 17) ജൻമദിനാഘോഷത്തെപ്പററി ദൈവത്തിന്റെ വചനം അനുകൂലമല്ലാത്ത രീതിയിൽ റിപ്പോർട്ടു ചെയ്യുന്നുവെന്ന് യഹോവയുടെ സാക്ഷികൾ കുറിക്കൊളളുകയും അവ ഒഴിവാക്കുകയും ചെയ്യുന്നു.
ആദിമ ക്രിസ്ത്യാനികളും ബൈബിൾ കാലങ്ങളിലെ യഹൂദരും ജൻമദിനാഘോഷങ്ങളെ എങ്ങനെ വീക്ഷിച്ചു?
“ഒരു ജൻമദിനാഘോഷത്തിന്റെ ആശയം പൊതുവെ അക്കാലത്തെ ക്രിസ്ത്യാനികളുടെ ചിന്തയിൽ നിന്ന് വളരെ വിദൂരത്തിലായിരുന്നു.”—ആദ്യത്തെ മൂന്നു നൂററാണ്ടുകളിലെ ക്രിസ്തീയ മതത്തിന്റെയും സഭയുടെയും ചരിത്രം [ഇംഗ്ലീഷ്] (ന്യൂയോർക്ക്, 1848), അഗസ്ററസ് നിയാൻഡർ (ഹെൻട്രി ജോൺ റോസിനാൽ തർജ്ജമ ചെയ്യപ്പെട്ടത്), പേ. 190.
“പിൽക്കാല എബ്രായർ ജൻമദിനാഘോഷങ്ങളെ വിഗ്രഹാരാധനയുടെ ഭാഗമായി വീക്ഷിച്ചു, ആ ദിവസങ്ങളോട് ബന്ധപ്പെട്ട് അവർ കണ്ട സാധാരണ ആചാരങ്ങൾ ആ വീക്ഷണത്തിന് ധാരാളമായ തെളിവായിരുന്നു.”—ദി ഇംപീരിയൽ ബൈബിൾ ഡിക്ഷ്നറി (ലണ്ടൻ, 1874), പാട്രിക് ഫെയർബേൺ എഡിററ് ചെയ്തത്, വാല്യം I, പേ. 225.
ജൻമദിനാഘോഷങ്ങളോട് ബന്ധപ്പെട്ട ജനപ്രീതിനേടിയിട്ടുളള ആചാരങ്ങളുടെ ഉത്ഭവം എന്താണ്?
“ഇന്ന് പിറന്നാളാഘോഷിക്കുന്നതിന് ആളുകൾ ഉപയോഗിക്കുന്ന വിവിധ ആചാരങ്ങൾക്ക് ഒരു ദീർഘകാലത്തെ ചരിത്രമുണ്ട്. അവയുടെ ഉത്ഭവം മന്ത്രത്തിന്റെയും മതത്തിന്റെയും മണ്ഡലത്തിലാണ്. അനുമോദനങ്ങൾ അർപ്പിക്കുക, സമ്മാനങ്ങൾ നൽകുക, കത്തിച്ച മെഴുകുതിരികൾ സഹിതമുളള ആഘോഷങ്ങൾ നടത്തുക എന്നിവ പുരാതനകാലത്ത് ജൻമദിനം ആഘോഷിക്കുന്നയാളെ ഭൂതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും വരും വർഷത്തേക്കുളള അയാളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടിയായിരുന്നു. . . . നാലാം നൂററാണ്ടുവരെ ജൻമദിനാഘോഷത്തെ ഒരു പുറജാതി ആചാരം എന്ന നിലയിൽ ക്രിസ്ത്യാനിത്വം തളളിക്കളഞ്ഞിരുന്നു.”—സ്ക്വാബിഷേ സീററൂങ്ങ് (മാഗസിൻ സപ്ലിമെൻറ് സീററ് ഊണ്ട് വെൽററ്) ഏപ്രിൽ 3⁄4, 1981, പേ. 4.
“ഓരോരുത്തരുടെയും ജനനത്തിന് തുണയായിരിക്കുകയും ജീവിതത്തിൽ കാവൽ ചെയ്യുകയും ചെയ്യുന്ന ഒരു ആത്മാവ് അല്ലെങ്കിൽ ഭൂതം ഉണ്ട് എന്ന് ഗ്രീക്കുകാർ വിശ്വസിച്ചിരുന്നു. ഏതു ദേവന്റെ ജൻമദിനത്തിൽ ഒരു വ്യക്തി ജനിക്കുന്നുവോ ആ ദേവനുമായി ഈ ആത്മാവിന് ഒരു നിഗൂഢ ബന്ധമുണ്ടായിരുന്നു. റോമാക്കാരും ഈ ആശയത്തോട് യോജിച്ചിരുന്നു. . . . മനുഷ്യരുടെ വിശ്വാസങ്ങളിൽ ഈ ആശയം ഇന്നും തുടർന്നു പോരുന്നു, കാവൽ മാലാഖ, വളർത്തമ്മ ചമയുന്ന ദേവതമാർ, പേരിനു കാരണമായ പുണ്യവാൻ എന്നിവയിലെല്ലാം ഇതു പ്രതിഫലിച്ചു കാണുന്നു. . . . കേക്കിന്റെ മുകളിൽ മെഴുകുതിരി കത്തിക്കുന്ന ആചാരം ഗ്രീക്കുകാരുടെയിടയിലാണ് ആരംഭിച്ചത്. . . . ചന്ദ്രന്റെ ആകൃതിയിലുളള തേൻ ചേർത്ത കേക്കുകളിൽ തിരികൊളുത്തി [അർത്തേമിസിന്റെ] ആലയ ബലിപീഠത്തിൽ പ്രതിഷ്ഠിച്ചിരുന്നു. . . . ജനങ്ങളുടെ വിശ്വാസമനുസരിച്ച് ജൻമദിന മെഴുകുതിരികൾക്ക് ആഗ്രഹ സഫലീകരണത്തിനുളള പ്രത്യേക മാന്ത്രിക ശക്തിയുണ്ടായിരുന്നു. . . . മനുഷ്യൻ ആദ്യമായി തന്റെ ദൈവങ്ങൾക്ക് ബലിപീഠങ്ങൾ പണിത കാലം മുതൽ കത്തുന്ന തിരികൾക്കും യാഗാഗ്നിക്കും പ്രത്യേക നിഗൂഢ പ്രാധാന്യം ഉണ്ടായിരുന്നിട്ടുണ്ട്. അപ്രകാരം ജൻമദിന മെഴുകുതിരികൾ ജൻമദിനമാഘോഷിക്കുന്ന ശിശുവിന് മാനവും ബഹുമതിയും ആയിരിക്കുന്നതു കൂടാതെ അതിന് സൗഭാഗ്യവും കൈവരുത്തുന്നു. . . . ജൻമദിനാശംസകളും സന്തുഷ്ടി നേരലും ഈ വിശേഷദിവസത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. . . അതിന്റെ ഉത്ഭവത്തിൽ ഈ ആശയം മാന്ത്രിക വിദ്യയിൽ വേരൂന്നിയിരുന്നു. . . . പിറന്നാൾ ആശംസകൾക്ക് നൻമക്കോ തിൻമക്കോ ആയി ശക്തി പ്രയോഗിക്കാൻ കഴിയും. കാരണം ആ ദിവസം ഒരുവൻ ആത്മമണ്ഡലവുമായി കൂടുതൽ അടുപ്പത്തിലാണ്.”—ദി ലോർ ഓഫ് ബെർത്ത്ഡെയിസ് (ന്യൂയോർക്ക്, 1952) റാൽഫ് ആൻഡ് അഡെലിൻ ലിൻറൺ, പേ. 8, 18-20.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും മററു സന്ദർഭങ്ങളിൽ ഭക്ഷിക്കാനും പാനം ചെയ്യാനും സന്തോഷിക്കാനും ആരോഗ്യാവഹമായ വിധത്തിൽ കൂടിവരുന്നതിൽ തെററില്ല
സഭാപ്ര. 3:12, 13: “ഒരുവന്റെ ജീവിതത്തിൽ സന്തോഷിക്കുന്നതിനേക്കാളും നൻമ ചെയ്യുന്നതിനേക്കാളും മെച്ചമായി അവർക്ക് ഒന്നുമില്ല; ഓരോ മനുഷ്യനും തിന്നുകയും തീർച്ചയായും കുടിക്കുകയും തന്റെ കഠിനാദ്ധ്വാനത്തിനെല്ലാം നൻമകാണുന്നതിനേക്കാളും തന്നെ. അതു ദൈവത്തിന്റെ ദാനമത്രേ.”
1 കൊരി. 10:31 കൂടെ കാണുക.
-