പൗരനായാലും വിദേശിയായാലും, നിങ്ങളെ ദൈവം സ്വാഗതംചെയ്യുന്നു!
“സർവഭൂതലത്തിലും വസിക്കുന്നതിന്, അവൻ ഒരു മനുഷ്യനിൽനിന്ന് സകല മനുഷ്യജനതകളെയും ഉളവാക്കി.”—പ്രവൃത്തികൾ 17:26, NW.
1. വിദേശസംസ്കാരങ്ങളിൽനിന്ന് ആളുകളെ സ്വീകരിക്കുന്നതുസംബന്ധിച്ച് അനേകം സ്ഥലങ്ങളിൽ ഏതു വിഷമസ്ഥിതി നിലവിലുണ്ട്?
അനേകം രാജ്യങ്ങളിൽ വിദേശികളെയും കുടിയേററക്കാരെയും അഭയാർത്ഥികളെയും കുറിച്ചുള്ള ഉത്ക്കണ്ഠ വളരുകയാണെന്ന് പ്രസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദശലക്ഷങ്ങൾ ഏഷ്യയുടെയും ആഫ്രിക്കയുടെയും യൂറോപ്പിന്റെയും അമേരിക്കകളുടെയും ഭാഗങ്ങളിൽനിന്ന് മാറിപ്പാർക്കാൻ സാഹസം കാട്ടുന്നു. ഒരുപക്ഷേ അവർ ഞെരുക്കുന്ന ദാരിദ്ര്യത്തിൽനിന്നോ ആഭ്യന്തരയുദ്ധത്തിൽനിന്നോ പീഡനത്തിൽനിന്നോ മോചനം തേടുകയായിരിക്കാം. എന്നാൽ മററുള്ളടങ്ങളിൽ അവർക്കു സ്വാഗതമുണ്ടോ? റൈറം മാസിക ഇങ്ങനെ പ്രസ്താവിച്ചു: “യൂറോപ്പിലെ വംശീയമായ സമ്മിശ്രതക്ക് മാററം ഭവിക്കുമ്പോൾ ചില രാജ്യങ്ങൾ അവ ഒരിക്കൽ ആണെന്നു വിചാരിച്ചിരുന്നതുപോലെ വിദേശസംസ്കാരങ്ങളോട് അത്ര സഹിഷ്ണുതയുള്ളവരല്ലെന്ന് കണ്ടെത്തുന്നു.” “അഭിലഷണീയരല്ലാത്ത” 1,80,00,000 അഭയാർത്ഥികളെ സംബന്ധിച്ച് “അവ കെട്ടുറപ്പുള്ള രാഷ്ട്രങ്ങൾക്ക് ഉയർത്തുന്ന വെല്ലുവിളി നീങ്ങിപ്പോകുകയില്ല” എന്ന് റൈറം പറയുകയുണ്ടായി.
2, 3. (എ) സ്വീകരിക്കലിനോടുള്ള ബന്ധത്തിൽ ഏത് നവോൻമേഷദായകമായ ഉറപ്പ് ബൈബിൾ നൽകുന്നു? (ബി) ദൈവം ജനങ്ങളുമായി ഇടപെടുന്നതു സംബന്ധിച്ച് തിരുവെഴുത്തുകൾ അവതരിപ്പിക്കുന്നത് പരിശോധിക്കുന്നതിൽനിന്ന് നമുക്ക് പ്രയോജനമനുഭവിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
2 ഈ കാര്യത്തിൽ എന്തു വികാസമുണ്ടായാലും, സകല ജനതകളിലെയും ആളുകളെ—ഒരുവൻ സ്വാഭാവികമായി ജനിച്ച ഒരു പൗരനായാലും ഒരു കുടിയേററക്കാരനായാലും ഒരു അഭയാർത്ഥിയായാലും—ദൈവം സ്വാഗതംചെയ്യുന്നുവെന്ന് ബൈബിൾ പ്രകടമാക്കുന്നു. (പ്രവൃത്തികൾ 10:34, 35) ‘എന്നിരുന്നാലും, നിങ്ങൾക്ക് അത് എങ്ങനെ പറയാൻ കഴിയും? ദൈവം മററുള്ളവരെ ഒഴിവാക്കിക്കൊണ്ട് പുരാതന ഇസ്രയേലിനെ മാത്രമല്ലേ തന്റെ ജനമായി തെരഞ്ഞെടുത്തത്?’ എന്ന് ചിലർ ചോദിച്ചേക്കാം.
3 ശരി, ദൈവം പുരാതന ജനങ്ങളോട് എങ്ങനെ ഇടപെട്ടുവെന്ന് നമുക്കു കാണാം. ഇന്ന് സത്യാരാധകർക്ക് ഏതു പദവികൾ ലഭ്യമാണെന്നുള്ളതിനോടു ബന്ധമുള്ള ചില പ്രവചനങ്ങൾ നമുക്ക് പരിശോധിക്കാനും കഴിയും. ഈ പ്രാവചനികവിവരങ്ങളുടെ പുനരവലോകനത്തിന് അത്യന്തം പ്രോത്സാഹജനകമെന്ന് നിങ്ങൾ കണ്ടെത്തിയേക്കാവുന്ന പൂർണ്ണതയേറിയ ഒരു ഗ്രാഹ്യത്തെ വെളിച്ചത്തുവരുത്താൻ കഴിയും. അത് ദൈവം മഹോപദ്രവത്തെ തുടർന്ന് “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും”പെട്ട വ്യക്തികളോട് എങ്ങനെ ഇടപെട്ടേക്കാമെന്നും സൂചന നൽകുന്നു.—വെളിപ്പാട് 7:9, 14-17.
‘സകല ജനതകളും തങ്ങളേത്തന്നെ അനുഗ്രഹിക്കും’
4. ദേശീയത്വത്തിന്റെ പ്രശ്നം വികാസം പ്രാപിച്ചതെങ്ങനെ, ദൈവം എന്തു നടപടികൾ സ്വീകരിച്ചു?
4 ജലപ്രളയത്തിനുശേഷം, നോഹയുടെ തൊട്ടടുത്ത കുടുംബമായിരുന്നു മുഴു മനുഷ്യവർഗ്ഗവും. എല്ലാവരും സത്യാരാധകരുമായിരുന്നു. എന്നാൽ ആ ഐക്യത്തിന് പെട്ടെന്ന് മാററം വന്നു. ദീർഘകാലമാകുന്നതിനുമുമ്പ്, ചിലയാളുകൾ ദൈവേഷ്ടത്തെ വിഗണിച്ചുകൊണ്ട് ഒരു ഗോപുരം പണിയാൻ തുടങ്ങി. ഇത് മനുഷ്യവർഗ്ഗം ഭാഷാകൂട്ടങ്ങളായി പിരിഞ്ഞ് ചിതറിക്കപ്പെട്ട ജനക്കൂട്ടങ്ങളും രാഷ്ട്രങ്ങളുമായിത്തീരുന്നതിലേക്കു നയിച്ചു. (ഉത്പത്തി 11:1-9) പിന്നെയും സത്യാരാധന അബ്രാഹാമിലേക്കു നയിക്കുന്ന വംശത്തിൽ തുടർന്നു. ദൈവം വിശ്വസ്തനായ അബ്രാഹാമിനെ അനുഗ്രഹിക്കുകയും അവന്റെ സന്തതി ഒരു വലിയ ജനതയായിത്തീരുമെന്ന് വാഗ്ദത്തംചെയ്യുകയും ചെയ്തു. (ഉത്പത്തി 12:1-3) ആ ജനതയായിരുന്നു പുരാതന ഇസ്രയേൽ.
5. അബ്രാഹാമുമായുള്ള ദൈവത്തിന്റെ ഇടപെടലുകളിൽനിന്ന് നമുക്കെല്ലാം ധൈര്യമാർജ്ജിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
5 എന്നിരുന്നാലും, യഹോവ ഇസ്രയേലല്ലാത്തവരെ ഒഴിവാക്കുകയല്ലായിരുന്നു, എന്തെന്നാൽ അവന്റെ ഉദ്ദേശ്യം സകല മനുഷ്യവർഗ്ഗത്തെയും ഉൾപ്പെടുത്താൻ വ്യാപകമാക്കപ്പെട്ടു. ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്തതിൽനിന്ന് നാം ഇത് വ്യക്തമായി കാണുന്നു: “നീ എന്റെ ശബ്ദം കേട്ടിരിക്കുന്നുവെന്ന വസ്തുത നിമിത്തം നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകല ജനതകളും തങ്ങളേത്തന്നെ അനുഗ്രഹിക്കും.” (ഉത്പത്തി 22:18, NW.) എന്നിരുന്നാലും, നൂററാണ്ടുകളോളം ദൈവം ഒരു പ്രത്യേകവിധത്തിൽ ഇസ്രയേലുമായി ഇടപെട്ടു, ഒരു ദേശീയ നിയമസംഹിത കൊടുത്തുകൊണ്ടും അവന്റെ ആലയത്തിൽ പുരോഹിതൻമാർ ബലിയർപ്പിക്കാൻ ക്രമീകരിച്ചുകൊണ്ടും, വസിക്കാൻ വാഗ്ദത്തദേശം കൊടുത്തുകൊണ്ടുംതന്നെ.
6. ഇസ്രയേലുമായുള്ള ദൈവത്തിന്റെ ഏർപ്പാടുകൾ എല്ലാവർക്കും പ്രയോജനംചെയ്യുന്നതെങ്ങനെ?
6 ഇസ്രയേലിനുവേണ്ടിയുള്ള ദൈവത്തിന്റെ നിയമം മനുഷ്യപാപത്തെ എന്നേക്കുമായി പരിഹരിക്കാൻ ഒരു പൂർണ്ണതയുള്ള ബലിയുടെ ആവശ്യം പ്രകടമാക്കിക്കൊണ്ട് മനുഷ്യപാപപൂർണ്ണതയെ വ്യക്തമാക്കിയതുകൊണ്ട് അത് സകല ജനതകളിലെയും ആളുകൾക്ക് പ്രയോജനകരമായിരുന്നു. (ഗലാത്യർ 3:19; എബ്രായർ 7:26-28; 9:9; 10:1-12) എന്നിരുന്നാലും, സകല ജനതകളും ആർ മുഖാന്തരം തങ്ങളേത്തന്നെ അനുഗ്രഹിക്കുമോ ആ അബ്രാഹാമിന്റെ സന്തതി വന്നെത്തുമെന്നും യോഗ്യതകളിലെത്തുമെന്നും എന്തുറപ്പുണ്ടായിരുന്നു? ഇസ്രയേലിന്റെ നിയമം ഇവിടെയും സഹായിച്ചു. അത് മക്കളെ ജീവനോടെ ദഹിപ്പിക്കുന്നതുപോലെയുള്ള അസാൻമാർഗ്ഗികമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും കുപ്രസിദ്ധരായിരുന്ന ഒരു ജനമായിരുന്ന കനാന്യരുമായുള്ള വിവാഹം വിലക്കി. (ലേവ്യപുസ്തകം 18:6-24; 20:2, 3; ആവർത്തനം 12:29-31; 18:9-12) അവരും അവരുടെ ആചാരങ്ങളും നീക്കംചെയ്യപ്പെടണമെന്ന് ദൈവം വിധിച്ചു. അത് പരദേശി ഉൾപ്പെടെ എല്ലാവരുടെയും ദീർഘകാല പ്രയോജനത്തിന് ഉതകുമായിരുന്നു, കാരണം അത് സന്തതിയുടെ വംശം ദുഷിപ്പിക്കപ്പെടാതെ തടയാൻ ഉപകരിക്കുമായിരുന്നു.—ലേവ്യപുസ്തകം 18:24-28; ആവർത്തനം 7:1-5; 9:5; 20:15-18.
7. ദൈവം അന്യരെ സ്വാഗതം ചെയ്തുവെന്നതിന് ഏത് പ്രാരംഭ സൂചനയുണ്ടായിരുന്നു?
7 ന്യായപ്രമാണം പ്രാബല്യത്തിലിരിക്കുകയും ദൈവം ഇസ്രയേലിനെ പ്രത്യേകമായി വീക്ഷിക്കുകയും ചെയ്തപ്പോൾപ്പോലും അവൻ ഇസ്രയേല്യേതരരോട് കരുണ കാണിച്ചു. ഇസ്രയേൽ ഈജിപ്ററിലെ അടിമത്തത്തിൽനിന്ന് അതിന്റെ സ്വന്തം ദേശത്തേക്ക് മാർച്ചുചെയ്തപ്പോൾ അങ്ങനെ ചെയ്യുന്നതിനുള്ള അവന്റെ സന്നദ്ധത പ്രകടമാക്കപ്പെട്ടിരുന്നു. “ഒരു വലിയ സമ്മിശ്രസമൂഹവും അവരോടുകൂടെ പോയി.” (പുറപ്പാട് 12:38, NW.) പ്രൊഫസ്സർ സി. എഫ്. കെയ്ൽ അവരെ “വിദേശികളുടെ ഒരു കൂട്ടം . . . , ഒരു സമ്മിശ്രസമൂഹം, വ്യത്യസ്ത ജനതകളിൽപെട്ട ഒരു ജനക്കൂട്ടം” എന്നു തിരിച്ചറിയിക്കുന്നു. (ലേവ്യപുസ്തകം 24:10; സംഖ്യാപുസ്തകം 11:4) അനേകർ സത്യദൈവത്തെ സ്വീകരിച്ച ഈജിപ്ററുകാരായിരിക്കാനിടയുണ്ട്.
വിദേശികൾക്കു സ്വാഗതം
8. ഗിബെയോന്യർ ദൈവജനത്തിന്റെ ഇടയിൽ സ്ഥാനംപിടിച്ചതെങ്ങനെ?
8 അധഃപതിച്ച ജനതകളെ വാഗ്ദത്തദേശത്തുനിന്ന് നീക്കംചെയ്യണമെന്നുള്ള ദൈവത്തിന്റെ കല്പന ഇസ്രയേൽ നിറവേററിയപ്പോൾ അവൻ വിദേശികളുടെ ഒരു കൂട്ടത്തെ, യെരൂശലേമിന് വടക്കു ജീവിച്ചിരുന്ന ഗിബെയോന്യരെ, സംരക്ഷിച്ചു. സമാധാനസന്ധിക്കുവേണ്ടി ശ്രമിച്ചുകൊണ്ടും സമാധാനം നേടിക്കൊണ്ടും അവർ യോശുവയുടെ അടുക്കലേക്ക് വേഷപ്രച്ഛന്നരായ സ്ഥാനപതികളെ അയച്ചു. ഗിബെയോന്യരുടെ ഉപായം കണ്ടുപിടിക്കപ്പെട്ടപ്പോൾ, അവർ “സമൂഹത്തിനും യഹോവയുടെ യാഗപീഠത്തിനും വേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരുമായി” സേവിക്കണമെന്ന് യോശുവ വിധിച്ചു. (യോശുവ 9:3-27, NW.) ഇന്ന് അനേകം കുടിയേററക്കാർ ഒരു പുതിയ ജനത്തിന്റെ ഭാഗമായിത്തീരുന്നതിന് എളിയ സേവനപദവികൾ സ്വീകരിക്കുന്നുണ്ട്.
9. ഇസ്രയേലിലെ വിദേശികളെ സംബന്ധിച്ചടത്തോളം രാഹാബിന്റെയും അവളുടെ കുടുംബത്തിന്റെയും ദൃഷ്ടാന്തം പ്രോൽസാഹജനകമായിരിക്കുന്നതെങ്ങനെ?
9 അന്ന് ദൈവത്തിന്റെ സ്വാഗതം വിദേശികളുടെ കൂട്ടങ്ങൾക്കു മാത്രമായിരുന്നില്ലെന്ന് അറിയുന്നത് നിങ്ങളെ പ്രോൽസാഹിപ്പിച്ചേക്കാം. ഒററപ്പെട്ട വ്യക്തികൾക്കും സ്വാഗതമുണ്ടായിരുന്നു. ഇന്ന് ചില രാഷ്ട്രങ്ങൾ സാമൂഹിക പദവിയോ മുതൽമുടക്കാനുള്ള ധനമോ ഉപരിവിദ്യാഭ്യാസമോ ഉള്ള കുടിയേററക്കാരെ മാത്രമേ സ്വാഗതം ചെയ്യുന്നുള്ളു. യഹോവ അങ്ങനെയല്ല. ഇത് നമുക്ക് ഗിബെയോന്യരുമായുള്ള ഇടപാടിന് തൊട്ടുമുമ്പു നടന്ന ഒരു സംഭവത്തിൽനിന്ന് കാണാൻ കഴിയും. ഇതിൽ ഉൾപ്പെട്ടിരുന്നത് തീർച്ചയായും ഉയർന്ന സാമൂഹിക പദവി ഇല്ലാഞ്ഞ ഒരു കനാന്യസ്ത്രീയായിരുന്നു. ബൈബിൾ അവളെ “രാഹാബ് എന്ന വേശ്യ” എന്നു വിളിക്കുന്നു. യെരീഹോ വീണപ്പോൾ, സത്യദൈവത്തിലുള്ള അവളുടെ വിശ്വാസം നിമിത്തം അവളും അവളുടെ കുടുംബവും വിടുവിക്കപ്പെട്ടു. രാഹാബ് ഒരു വിദേശിയായിരുന്നിട്ടും ഇസ്രായേല്യർ അവളെ സ്വീകരിച്ചു. അവൾ നമുക്ക് അനുകരിക്കാൻ യോഗ്യതയുള്ള വിശ്വാസത്തിന്റെ ഒരു മാതൃകയായിരുന്നു. (എബ്രായർ 11:30, 31, 39, 40; യോശുവ 2:1-21; 6:1-25) അവൾ മശിഹായുടെ ഒരു പൂർവികമാതാവുപോലുമായിത്തീർന്നു.—മത്തായി 1:5, 16.
10. ഇസ്രയേലിലെ അന്യരുടെ അംഗീകരണം എന്തിൽ ആശ്രയിച്ചിരുന്നു?
10 ഇസ്രയേല്യേതരർ സത്യദൈവത്തെ പ്രസാദിപ്പിക്കാനുള്ള അവരുടെ ശ്രമത്തിന് അനുയോജ്യമായി വാഗ്ദത്തനാട്ടിൽ സ്വീകരിക്കപ്പെട്ടു. യഹോവയെ സേവിക്കാഞ്ഞവരുമായി—വിശേഷാൽ മതപരമായി—സഹവസിക്കാതിരിക്കാൻ ഇസ്രയേല്യരോടു പറയപ്പെട്ടു. (യോശുവ 23:6, 7, 12, 13; 1 രാജാക്കൻമാർ 11:1-8; സദൃശവാക്യങ്ങൾ 6:23-28) അപ്പോഴും ഇസ്രയേല്യരല്ലാഞ്ഞ അനേകം കുടിപാർപ്പുകാർ അടിസ്ഥാന നിയമങ്ങൾ അനുസരിച്ചിരുന്നു. മററു ചിലർ പരിച്ഛേദനയേററ മതാനുസാരികൾ പോലുമായിത്തീർന്നു, യഹോവ അവരെ തന്റെ സഭയിലെ അംഗങ്ങളായി പൂർണ്ണമായി സ്വാഗതംചെയ്തു.—ലേവ്യപുസ്തകം 20:2; 24:22; സംഖ്യാപുസ്തകം 15:14-16; പ്രവൃത്തികൾ 8:27.a
11, 12. (എ) ഇസ്രായേല്യർ വിദേശാരാധകരോട് എങ്ങനെ പെരുമാറണമായിരുന്നു? (ബി) യഹോവയുടെ ദൃഷ്ടാന്തം പിന്തുടരുന്നതിൽ നാം അഭിവൃദ്ധിപ്പെടേണ്ടയാവശ്യമുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
11 വിദേശാരാധകരെസംബന്ധിച്ച തന്റെ മനോഭാവം പകർത്താൻ ദൈവം ഇസ്രയേല്യരോടു നിർദ്ദേശിച്ചു: “നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നേപ്പോലെതന്നെ സ്നേഹിക്കേണം; നിങ്ങളും മിസ്രയീം ദേശത്തു പരദേശികളായിരുന്നല്ലോ.” (ലേവ്യപുസ്തകം 19:33, 34; ആവർത്തനം 1:16; 10:12-19) നാം ന്യായപ്രമാണത്തിൻകീഴല്ലെങ്കിലും ഇതു നമുക്ക് ഒരു പാഠം പ്രദാനംചെയ്യുന്നു. മറെറാരു വർഗ്ഗത്തിലോ ജനതയിലോ സംസ്കാരത്തിലോ പെട്ടവരോടുള്ള മുൻവിധികൾക്കും ശത്രുതക്കും വഴങ്ങുക എളുപ്പമാണ്. അതുകൊണ്ട് നാം ഇങ്ങനെ ചോദിക്കുന്നത് നല്ലതാണ്: ‘ഞാൻ യഹോവയുടെ ദൃഷ്ടാന്തം അനുകരിച്ചുകൊണ്ട് അങ്ങനെയുള്ള മുൻവിധികൾ നീക്കംചെയ്യാൻ ശ്രമിക്കുന്നുണ്ടോ?’
12 ദൈവം കൊടുത്ത സ്വാഗതത്തിന് ഇസ്രയേല്യർക്ക് ദൃശ്യമായ തെളിവുണ്ടായിരുന്നു. ശലോമോൻരാജാവ് ഇങ്ങനെ പ്രാർത്ഥിച്ചു: “നിന്റെ ജനമായ ഇസ്രയേലിന്റെ ഭാഗമല്ലാത്തവനും നിന്റെ നാമം ഹേതുവായി യഥാർത്ഥത്തിൽ ഒരു വിദൂരദേശത്തുനിന്ന് വരുന്നവനുമായ ഒരു വിദേശിക്ക് . . . അവൻ യഥാർത്ഥമായി വരുകയും ഈ ആലയത്തിനുനേരേ പ്രാർത്ഥിക്കുകയും ചെയ്യുന്നു, നീതന്നെ സ്വർഗ്ഗത്തിൽനിന്ന് കേൾക്കേണമേ . . . നിന്നെ ഭയപ്പെടാൻതക്കവണ്ണം ഭൂമിയിലെ സകല ജനങ്ങളും നിന്റെ നാമത്തെ അറിയേണ്ടതിനുതന്നെ.”— 1 രാജാക്കൻമാർ 8:41-43; 2 ദിനവൃത്താന്തം 6:32, 33, NW.
13. ഇസ്രയേലുമായുള്ള തന്റെ ഇടപെടലുകൾക്ക് മാററംവരുത്താൻ ദൈവം കരുതൽചെയ്തതെന്തുകൊണ്ട്?
13 യഹോവ ഇസ്രയേൽജനതയെ തന്റെ ജനമായി ഉപയോഗിച്ചുകൊണ്ടിരിക്കയും അങ്ങനെ മശിഹായുടെ വംശാവലിയെ സംരക്ഷിച്ചുകൊണ്ടിരിക്കയും ചെയ്യവേ, ദൈവം സാർത്ഥകമായ മാററങ്ങൾ മുൻകൂട്ടിപ്പറഞ്ഞു. നേരത്തെ, ഇസ്രയേല്യർ ന്യായപ്രമാണ ഉടമ്പടിയിൽ ഉൾപ്പെടാൻ സമ്മതിച്ചപ്പോൾ, അവർക്ക് “പുരോഹിതൻമാരുടെ ഒരു രാജ്യ”ത്തിന്റെയും “ഒരു വിശുദ്ധജനത”യുടെയും ഉറവ് ആയിരിക്കാൻ കഴിയുമെന്ന് ദൈവം സമ്മതിച്ചു. (പുറപ്പാട് 19:5, 6) എന്നാൽ ഇസ്രയേൽ നൂററാണ്ടുകളോളം അവിശ്വസ്തത കാണിച്ചു. അതുകൊണ്ട് യഹോവ ഒരു പുതിയ ഉടമ്പടിയുണ്ടാക്കുമെന്ന് മുൻകൂട്ടിപ്പറഞ്ഞു, അതിൻകീഴിൽ “ഇസ്രയേൽ ഗൃഹ”മായിത്തീരുന്നവരുടെ അകൃത്യവും പാപവും മോചിക്കപ്പെടും. (യിരെമ്യാവ് 31:33, 34) ആ പുതിയ ഉടമ്പടി മശിഹായിക്കായി കാത്തിരുന്നു, അവന്റെ ബലിയാണ് യഥാർത്ഥത്തിൽ അനേകരെ പാപത്തിൽനിന്ന് ശുദ്ധീകരിക്കുന്നത്.—യെശയ്യാവ് 53:5-7, 10-12.
ഇസ്രയേല്യർ സ്വർഗ്ഗത്തിൽ
14. ഏതു പുതിയ “ഇസ്രയേലി”നെ ദൈവം സ്വീകരിച്ചു, എങ്ങനെ?
14 ഇതെല്ലാം എങ്ങനെ നിർവഹിക്കപ്പെട്ടുവെന്ന് മനസ്സിലാക്കാൻ ക്രിസ്തീയ ഗ്രീക്ക്തിരുവെഴുത്തുകൾ നമ്മെ സഹായിക്കുന്നു. യേശു മശിഹായായിരുന്നു, അവന്റെ മരണം ന്യായപ്രമാണത്തെ നിവർത്തിക്കുകയും പാപത്തിന്റെ പരിപൂർണ്ണമോചനത്തിനുള്ള അടിസ്ഥാനമിടുകയും ചെയ്തു. ആ പ്രയോജനം നേടുന്നതിന് ഒരുവൻ ജഡത്തിൽ പരിച്ഛേദനയേററ ഒരു യഹൂദൻ ആയിരിക്കേണ്ടയാവശ്യമില്ലായിരുന്നു. ഇല്ല, പുതിയ ഉടമ്പടിയിൽ “അകമേ യഹൂദനായവൻ അത്രേ യഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന.” (റോമർ 2:28, 29; 7:6) യേശുവിന്റെ ബലിയിൽ വിശ്വാസമർപ്പിച്ചവർ പാപമോചനം നേടി, ദൈവം അവരെ ‘ആത്വിനാലുള്ള യഹൂദൻമാർ’ ആയി അംഗീകരിച്ചു, അവർ “ദൈവത്തിന്റെ ഇസ്രയേൽ” എന്നു വിളിക്കപ്പെട്ട ഒരു ആത്മീയ ജനതയായിത്തീരുന്നു.—ഗലാത്യർ 6:16.
15. ജഡിക ദേശീയത്വം ആത്മീയ ഇസ്രയേലിന്റെ ഭാഗമായിരിക്കുന്നതിൽ ഒരു ഘടകമല്ലാത്തതെന്തുകൊണ്ട്?
15 അതെ, ആത്മീയ ഇസ്രയേലിലേക്കു സ്വീകരിക്കപ്പെടുന്നത് ഏതെങ്കിലും ദേശീയമോ വംശീയമോ ആയ പശ്ചാത്തലത്തെ ആശ്രയിച്ചിരുന്നില്ല. യേശുവിന്റെ അപ്പോസ്തലൻമാരെപ്പോലെയുള്ള ചിലർ സ്വാഭാവികയഹൂദൻമാർ ആയിരുന്നു. റോമൻ സൈനികോദ്യോഗസ്ഥനായിരുന്ന കൊർന്നേല്യൊസിനെപ്പോലെയുള്ള മററു ചിലർ പരിച്ഛേദനയേൽക്കാത്ത വിജാതീയർ ആയിരുന്നു. (പ്രവൃത്തികൾ 10:34, 35, 44-48) ആത്മീയ ഇസ്രയേലിനെ സംബന്ധിച്ച് പൗലോസ് ശരിയായി ഇങ്ങനെ പറഞ്ഞു: “അതിൽ യഹൂദനും യവനനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവുമെന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല.” (കൊലോസ്യർ 3:11) ദൈവാത്മാവിനാൽ അഭിഷേകംചെയ്യപ്പെട്ടവർ “തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും” ആയിത്തീർന്നു.—1 പത്രോസ് 2:9; പുറപ്പാട് 19:5, 6 താരതമ്യംചെയ്യുക.
16, 17. (എ) ദൈവോദ്ദേശ്യത്തിൽ ആത്മീയ ഇസ്രയേല്യർക്ക് എന്തു പങ്കുണ്ട്? (ബി) ദൈവത്തിന്റെ ഇസ്രയേൽ അല്ലാത്തവരെ പരിചിന്തിക്കുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
16 ദൈവോദ്ദേശ്യത്തിൽ ആത്മീയ ഇസ്രയേലിന് എന്തു ഭാവിയാണുള്ളത്? യേശു ഇങ്ങനെ ഉത്തരം നൽകി: “ചെറിയ ആട്ടിൻകൂട്ടമേ ഭയപ്പെടരുതു. നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നൽകുവാൻ പ്രസാദിച്ചിരിക്കുന്നു.” (ലൂക്കോസ് 12:32) “സ്വർഗ്ഗത്തിൽ പൗരത്വം” സ്ഥിതിചെയ്യുന്ന അഭിഷിക്തർ കുഞ്ഞാടിന്റെ രാജ്യഭരണത്തിൽ അവന്റെ കൂട്ടവകാശികളായിരിക്കും. (ഫിലിപ്പിയർ 3:20; യോഹന്നാൻ 14:2, 3; വെളിപ്പാട് 5:9, 10) ഇവർ ‘ഇസ്രയേൽപുത്രൻമാരിൽനിന്ന് മുദ്രയിടപ്പെട്ടവർ’ ആണെന്നും “ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്ന് വീണ്ടെടുത്തിരിക്കുന്ന”വർ ആണെന്നും ബൈബിൾ സൂചിപ്പിക്കുന്നു. അവരുടെ എണ്ണം 1,44,000 ആണ്. ഇത്രയുംപേർ മുദ്രയിടപ്പെടുന്നതിന്റെ വിവരണം നൽകിയശേഷം യോഹന്നാൻ ഒരു വ്യത്യസ്ത കൂട്ടത്തെ അവതരിപ്പിക്കുന്നു—“സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം.”—വെളിപ്പാട് 7:4, 9; 14:1-4.
17 ‘ആ മഹാപുരുഷാരമെന്ന നിലയിൽ മഹോപദ്രവത്തിലൂടെ കടന്നേക്കാവുന്നവരെപ്പോലെ, ആത്മീയ ഇസ്രയേലിന്റെ ഭാഗമല്ലാത്ത ദശലക്ഷങ്ങളേക്കുറിച്ചെന്ത്’ എന്നറിയാൻ ചിലർ ആഗ്രഹിച്ചേക്കാം. ‘ആത്മീയ ഇസ്രയേലിൽ ശേഷിപ്പുള്ള ചുരുക്കംചിലരോടുള്ള ബന്ധത്തിൽ അവർക്ക് ഇന്ന് എന്തു പങ്കാണുള്ളത്?’b
പ്രവചനത്തിൽ വിദേശീയർ
18. ബാബിലോന്യപ്രവാസത്തിൽനിന്നുള്ള ഇസ്രയേലിന്റെ മടങ്ങിവരവിലേക്കു നയിച്ചതെന്ത്?
18 ഇസ്രയേൽ ന്യായപ്രമാണ ഉടമ്പടിയിൻകീഴിലായിരുന്നിട്ടും അതിനോട് അവിശ്വസ്തരായിരുന്ന കാലത്തേക്കു പിന്തിരിയുമ്പോൾ പൊ.യു.മു. (നമ്മുടെ പൊതുയുഗത്തിനുമുമ്പ്) 607-ൽ ഇസ്രയേലിനെ ശൂന്യമാക്കാൻ ബാബിലോന്യരെ അനുവദിക്കുന്നതിന് ദൈവം നിശ്ചയിച്ചതായി നാം കണ്ടെത്തുന്നു. ഇസ്രയേൽ 70വർഷത്തേക്ക് അടിമത്തത്തിലേക്കു കൊണ്ടുപോകപ്പെട്ടു. പിന്നീട് ദൈവം അവരെ വീണ്ടും വിലക്കുവാങ്ങി. നാടുവാഴിയായിരുന്ന സെരുബ്ബാബേലിന്റെ നേതൃത്വത്തിൻകീഴിൽ സ്വാഭാവിക ഇസ്രയേലിന്റെ ഒരു ശേഷിപ്പ് തങ്ങളുടെ ദേശത്തേക്ക് മടങ്ങിപ്പോയി. ബാബിലോനെ മറിച്ചിട്ടിരുന്ന മേദ്യരുടെയും പേർഷ്യക്കാരുടെയും ഭരണാധിപൻമാർ വിഭവങ്ങൾ കൊടുത്തുകൊണ്ടുപോലും മടങ്ങിപ്പോകുന്ന പ്രവാസികളെ സഹായിച്ചു. യെശയ്യാവിന്റെ പുസ്തകം ഈ വികാസങ്ങൾ മുൻകൂട്ടിപ്പറഞ്ഞു. (യെശയ്യാവ് 1:1-9; 3:1-26; 14:1-5; 44:21-28; 47:1-4) എസ്രാ ആ മടങ്ങിപ്പോക്കിന്റെ ചരിത്രപരമായ വിശദാംശങ്ങൾ നൽകുന്നുണ്ട്.—എസ്രാ 1:1-11; 2:1, 2.
19. ഇസ്രയേലിന്റെ മടങ്ങിവരവിനോടുള്ള ബന്ധത്തിൽ, വിദേശികൾ ഉൾപ്പെടുമെന്നുള്ളതിന് എന്തു പ്രാവചനികസൂചന ഉണ്ടായിരുന്നു?
19 അതേസമയം, ദൈവജനത്തിന്റെ വീണ്ടുമുള്ള വിലക്കുവാങ്ങലിനെയും മടങ്ങിപ്പോക്കിനെയും മുൻകൂട്ടിപ്പറഞ്ഞപ്പോൾ യെശയ്യാവ് ഞെട്ടിക്കുന്ന ഈ പ്രവചനം നൽകി: “ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കൻമാർ നിന്റെ ഉദയശോഭയിലേക്കും വരും.” (യെശയ്യാവ് 59:20; 60:3) ഇതിന് ശലോമോന്റെ പ്രാർത്ഥനക്കു ചേർച്ചയായി വ്യക്തികളായ വിദേശികൾക്ക് സ്വാഗതമുണ്ടെന്നുള്ളതിൽ കവിഞ്ഞ അർത്ഥമാണുള്ളത്. യെശയ്യാവ് പദവിയിലെ ഒരു അസാധാരണ മാററത്തിലേക്കു വിരൽചൂണ്ടുകയായിരുന്നു. ഇസ്രയേൽ പുത്രൻമാരോടുകൂടെ “ജാതികൾ” (ജനതകൾ, NW) സേവിക്കും: “വിദേശികൾ നിന്റെ മതിലുകൾ യഥാർത്ഥമായി പണിയും, അവരുടെ സ്വന്തം രാജാക്കൻമാർ നിനക്കു ശുശ്രൂഷചെയ്യും; എന്തെന്നാൽ എന്റെ രോഷത്തിൽ ഞാൻ നിന്നെ അടിച്ചിരിക്കും, എന്നാൽ എന്റെ സൻമനസ്സിൽ എനിക്ക് തീർച്ചയായും നിന്നോടു കരുണയുണ്ടാകും.”—യെശയ്യാവ് 60:10, NW.
20, 21. (എ) അടിമത്തത്തിൽനിന്നുള്ള ഇസ്രയേലിന്റെ മടങ്ങിവരവിനോടു സമാന്തരമായി ആധുനികകാലങ്ങളിൽ നാം എന്തു കാണുന്നു? (ബി) തദനന്തരം ആത്മീയ ഇസ്രയേലിനോട് ‘പുത്രൻമാരും പുത്രിമാരും’ കൂട്ടപ്പെട്ടതെങ്ങനെ?
20 ഇസ്രയേൽ പ്രവാസത്തിലേക്കു പോയതിനും മടങ്ങിവന്നതിനും ആത്മീയ ഇസ്രയേലിന്റെ കാര്യത്തിൽ അനേകം വിധങ്ങളിൽ ആധുനികകാലങ്ങളിൽ സമാന്തരത്വമുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ് അഭിഷിക്തക്രിസ്ത്യാനികളുടെ ശേഷിപ്പ് ദൈവേഷ്ടത്തോടു പൂർണ്ണമായി ചേർച്ചയിലായിരുന്നില്ല; അവർ ക്രൈസ്തവലോകത്തിലെ സഭകളിൽനിന്ന് കൊണ്ടുപോന്ന ചില വീക്ഷണങ്ങളോടും ആചാരങ്ങളോടും പററിനിന്നിരുന്നു. അനന്തരം യുദ്ധകാലഭ്രാന്തിന്റെ കാലത്തും ഭാഗികമായി വൈദികരുടെ പ്രേരണയാലും, ആത്മീയ ഇസ്രയേലിന്റെ ശേഷിപ്പിന്റെ ഇടയിലെ പ്രമുഖർ അന്യായമായി തടവിലാക്കപ്പെട്ടു. യുദ്ധത്തിനുശേഷം, പൊ.യു. (നമ്മുടെ പൊതുയുഗം) 1919-ൽ അക്ഷരീയ തടവിലായിരുന്ന ആ അഭിഷിക്തർ സ്വതന്ത്രരാക്കപ്പെടുകയും കുററവിമുക്തരാക്കപ്പെടുകയും ചെയ്തു. ഇത് ദൈവജനം വ്യാജമതത്തിന്റെ ലോകവ്യാപക സാമ്രാജ്യമായ മഹാബാബിലോന്റെ അടിമത്തത്തിൽനിന്ന് വിടുവിക്കപ്പെട്ടുവെന്നതിന് തെളിവായിരുന്നു. അവന്റെ ജനം ഒരു ആത്മീയ പറുദീസാ കെട്ടുപണിചെയ്യാനും അവകാശപ്പെടുത്താനും പുറപ്പെട്ടു.—യെശയ്യാവ് 35:1-7; 65:13, 14.
21 യെശയ്യാവിന്റെ വർണ്ണനയിൽ ഇതു സൂചിപ്പിക്കപ്പെട്ടു: “അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രൻമാർ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാർശ്വത്തിങ്കൽ വഹിച്ചുകൊണ്ടുവരും. അപ്പോൾ നീ കണ്ടുശോഭിക്കും; നിന്റെ ഹൃദയം പിടച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്തു നിന്റെ അടുക്കൽ വരും.” (യെശയ്യാവ് 60:4, 5) തുടർന്നുവന്ന ദശാബ്ദങ്ങളിൽ, ‘പുത്രൻമാരും പുത്രിമാരും’ ആത്മീയ ഇസ്രയേലിന്റെ അന്തിമസ്ഥാനങ്ങൾ നികത്തുന്നതിന് തുടർന്നുവരുകയും ആത്മാവിനാൽ അഭിഷേകംചെയ്യപ്പെടുകയും ചെയ്തു.
22. “വിദേശികൾ” ആത്മീയ ഇസ്രയേല്യരോടൊത്തു പ്രവർത്തിക്കാനിടയായിരിക്കുന്നതെങ്ങനെ?
22 ‘നിന്റെ മതിലുകൾ യഥാർത്ഥമായി പണിയുന്ന വിദേശികളെ’സംബന്ധിച്ചെന്ത്? ഇതും നമ്മുടെ കാലത്തു സംഭവിച്ചിരിക്കുന്നു. 1,44,000ത്തിന്റെ വിളി പൂർത്തിയായിക്കൊണ്ടിരുന്നപ്പോൾ, ആത്മീയ ഇസ്രയേലിനോടുകൂടെ ആരാധിക്കാൻ സകല ജനതകളിൽനിന്നുമുള്ള ഒരു മഹാപുരുഷാരം കൂട്ടമായി വന്നുതുടങ്ങി. ഈ നവാഗതർക്ക് ഒരു പറുദീസാഭൂമിയിലെ നിത്യജീവന്റെ ബൈബിളധിഷ്ഠിത പ്രതീക്ഷയുണ്ട്. അവരുടെ വിശ്വസ്തസേവനത്തിന്റെ അന്തിമസ്ഥാനം വ്യത്യസ്തമാണെങ്കിലും അവർ രാജ്യസുവാർത്താപ്രസംഗത്തിൽ അഭിഷിക്തശേഷിപ്പിനെ സഹായിക്കുന്നതിൽ പ്രമോദിച്ചു.—മത്തായി 24:14.
23. “വിദേശികൾ” അഭിഷിക്തരെ എത്രത്തോളം സഹായിച്ചിരിക്കുന്നു?
23 ഇന്ന്, “വിദേശികളാ”യിരിക്കുന്ന 40,00,000-ൽപരം പേർ ‘സ്വർഗ്ഗത്തിൽ പൗരത്വമുള്ള’വരുടെ ശേഷിപ്പിനോടുകൂടെ യഹോവയോടുള്ള തങ്ങളുടെ ഭക്തി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അവരിലനേകർ, പുരുഷൻമാരും സ്ത്രീകളും, ചെറുപ്പക്കാരും പ്രായമുള്ളവരും, പയനിയർമാർ എന്ന നിലയിൽ മുഴുസമയശുശ്രൂഷയിൽ സേവിക്കുന്നുണ്ട്. 66,000ത്തിലധികം വരുന്ന സഭകളിൽ മിക്കതിലും അങ്ങനെയുള്ള വിദേശികളാണ് മൂപ്പൻമാരും ശുശ്രൂഷാദാസൻമാരുമെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നത്. യെശയ്യാവിന്റെ വാക്കുകളുടെ നിവൃത്തി കാണുകയാൽ ശേഷിപ്പ് ഇതിൽ സന്തോഷിക്കുകയാണ്: “അന്യർ യഥാർത്ഥമായി എഴുന്നേൽക്കുകയും നിങ്ങളുടെ ആട്ടിൻകൂട്ടത്തെ മേയിക്കുകയും ചെയ്യും, വിദേശികൾ നിങ്ങളുടെ കൃഷിക്കാരും നിങ്ങളുടെ മുന്തിരിത്തോട്ടക്കാരുമായിരിക്കും.”—യെശയ്യാവ് 61:5.
24. ഇസ്രയേലും മററുള്ളവരുമായുള്ള ദൈവത്തിന്റെ കഴിഞ്ഞ കാലത്തെ ഇടപെടലുകളിൽനിന്ന് നമുക്ക് പ്രോൽസാഹിതരാകാൻ കഴിയുന്നതെന്തുകൊണ്ട്?
24 അതുകൊണ്ട് നിങ്ങൾ ഭൂമിയിലെ ഏതു ജനതയിലെ പൗരനോ കുടിയേററക്കാരനോ അഭയാർത്ഥിയോ ആയിരുന്നാലും, നിങ്ങൾക്ക് യഹോവയാം ദൈവം ഹാർദ്ദമായി സ്വാഗതംചെയ്യുന്ന ഒരു ആത്മീയ വിദേശിയായിത്തീരാനുള്ള മഹത്തായ അവസരമുണ്ട്. അവന്റെ സ്വാഗതത്തിൽ ഇപ്പോഴും നിത്യഭാവിയിലും പദവികളാസ്വദിക്കുന്നതിനുള്ള സാദ്ധ്യത ഉൾപ്പെടുന്നു.
[അടിക്കുറിപ്പുകൾ]
a “പരദേശി”, “കുടിപാർപ്പുകാരൻ”, “അന്യൻ”, “വിദേശി” എന്നിവർ തമ്മിലുള്ള വ്യത്യാസംസംബന്ധിച്ചറിയാൻ വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച [ഇംഗ്ലീഷ്] വാല്യം 1, പേജുകൾ 72-5, 849-51 കാണുക.
b യഹോവയുടെ സാക്ഷികൾ 1991-ൽ നടത്തിയ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ വാർഷികസസ്മാരകത്തിന് 1,06,00,000ൽപരം പേർ ഹാജരായി, എന്നാൽ 8,850 പേർ മാത്രമേ ആത്മീയ ഇസ്രയേലിന്റെ ശേഷിപ്പാണെന്ന് അവകാശപ്പെട്ടുള്ളു.
നിങ്ങൾ ഇതു ശ്രദ്ധിച്ചോ?
◻ സകല ജനതകളിലെയും ആളുകൾ തന്നാൽ സ്വീകരിക്കപ്പെടുമെന്നുള്ള പ്രത്യാശ ദൈവം നൽകിയതെങ്ങനെ?
◻ ദൈവത്തിന്റെ പ്രത്യേകജനമായ ഇസ്രയേൽ അല്ലാത്ത ജനങ്ങൾക്ക് അവനെ സമീപിക്കാൻ കഴിയുമായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
◻ പ്രവചനത്തിൽ, വിദേശികൾ ഇസ്രയേലിനോടു ചേരുമെന്ന് ദൈവം സൂചിപ്പിച്ചതെങ്ങനെ?
◻ ബാബിലോനിലെ പ്രവാസത്തിൽനിന്നുള്ള ഇസ്രയേലിന്റെ മടങ്ങിപ്പോക്കിന് സമാന്തരമായി എന്തു നടന്നിരിക്കുന്നു, “വിദേശികൾ” ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
[9-ാം പേജിലെ ചിത്രം]
യഹോവയെ ആരാധിക്കാൻ വരുന്ന വിദേശികളെസംബന്ധിച്ച് ശലോമോൻരാജാവ് പ്രാർത്ഥിച്ചു