-
ഞങ്ങളുടെ സഭായോഗങ്ങളിൽ എന്തു പ്രതീക്ഷിക്കാം?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 5
ഞങ്ങളുടെ സഭായോഗങ്ങളിൽ എന്തു പ്രതീക്ഷിക്കാം?
അർജന്റീന
സിയറ ലിയോൺ
ബെൽജിയം
മലേഷ്യ
ആശ്വാസവും ആത്മീയമായ വഴിനടത്തിപ്പും കിട്ടാത്തതുകൊണ്ട് പല ആളുകളും ഇപ്പോൾ മതപരമായ ചടങ്ങുകൾക്കു പോകാറില്ല. ആ സ്ഥിതിക്ക്, യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു വരുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അവിടെ നിങ്ങൾക്ക് എന്തു പ്രതീക്ഷിക്കാനാകും?
സ്നേഹവും കരുതലും ഉള്ള ആളുകളുടെകൂടെ ആയിരിക്കുന്നതിന്റെ സന്തോഷം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ഓരോരോ സഭകളായി സംഘടിപ്പിച്ചിരുന്നു. ദൈവത്തെ ആരാധിക്കാനും ദൈവവചനം പഠിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും വേണ്ടി കൂടിവരുന്ന ഒരു ക്രമീകരണം ഓരോ സഭയ്ക്കും ഉണ്ടായിരുന്നു. (എബ്രായർ 10:24, 25) സ്നേഹം നിറഞ്ഞുനിന്ന ആ ക്രിസ്തീയയോഗങ്ങളിൽ സംബന്ധിക്കുമ്പോൾ തങ്ങൾ യഥാർഥസ്നേഹിതരുടെ—ആത്മീയ സഹോദരീസഹോദരന്മാരുടെ—ഇടയിലായിരിക്കുന്നതായി അവർക്കു തോന്നി. (2 തെസ്സലോനിക്യർ 1:3; 3 യോഹന്നാൻ 14) അന്നത്തെ ക്രിസ്ത്യാനികളെപ്പോലെ ഞങ്ങളും യോഗങ്ങൾക്കു കൂടിവരുകയും അതേ സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു.
ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കാൻ പഠിക്കുന്നതിന്റെ പ്രയോജനം. ബൈബിൾക്കാലങ്ങളിലെപ്പോലെതന്നെ ഞങ്ങളുടെ യോഗങ്ങൾക്കും, പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൂടിവരുന്നു. ബൈബിൾതത്ത്വങ്ങൾ നിത്യജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് ആത്മീയ യോഗ്യതയുള്ള, പ്രഗത്ഭരായ വ്യക്തികൾ ബൈബിൾ ഉപയോഗിച്ച് പഠിപ്പിക്കുന്നു. (ആവർത്തനം 31:12; നെഹമ്യ 8:8) അവിടെ നടക്കുന്ന ചർച്ചകളിൽ എല്ലാവർക്കും പങ്കെടുക്കാം. കൂടാതെ ഒരുമിച്ച് പാട്ടുപാടാനുള്ള അവസരവുമുണ്ട്. അങ്ങനെ ഞങ്ങളുടെ ക്രിസ്തീയപ്രത്യാശ പരസ്യമായി പ്രഖ്യാപിക്കാൻ ഞങ്ങൾക്കാകുന്നു.—എബ്രായർ 10:23.
ദൈവത്തിലുള്ള വിശ്വാസം ശക്തമാകുന്നതിലൂടെ കൈവരുന്ന അനുഗ്രഹം. പൗലോസ് അപ്പോസ്തലൻ അക്കാലത്തെ ഒരു സഭയ്ക്ക് ഇങ്ങനെ എഴുതി: “നിങ്ങളെ കാണാൻ എനിക്ക് അത്രമാത്രം ആഗ്രഹമുണ്ട്. . . . എന്റെ വിശ്വാസത്താൽ നിങ്ങൾക്കും നിങ്ങളുടെ വിശ്വാസത്താൽ എനിക്കും പരസ്പരം പ്രോത്സാഹനം ലഭിക്കണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.” (റോമർ 1:11, 12) സഹവിശ്വാസികളുമൊത്ത് ഇങ്ങനെ ക്രമമായി കൂടിവരുന്നതുകൊണ്ട്, ഞങ്ങളുടെ വിശ്വാസവും ക്രിസ്തീയതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനുള്ള തീരുമാനവും ശക്തമായിത്തീരുന്നു.
അടുത്ത സഭായോഗത്തിനു ഞങ്ങളുടെകൂടെ വന്ന് മേൽപ്പറഞ്ഞ അനുഗ്രഹങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്; നിങ്ങൾ വരില്ലേ? അവിടെ നിങ്ങൾക്ക് ഹൃദ്യമായ സ്വീകരണം ലഭിക്കും. പ്രവേശനം സൗജന്യമാണ്; പണപ്പിരിവൊന്നും ഉണ്ടായിരിക്കില്ല.
യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങൾ ഏതു മാതൃകയിലുള്ളതാണ്?
ക്രിസ്തീയ യോഗങ്ങൾക്കു വരുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?
-
-
സഹക്രിസ്ത്യാനികളുമായുള്ള സഹവാസം ഞങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുന്നു?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 6
സഹക്രിസ്ത്യാനികളുമായുള്ള സഹവാസം ഞങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുന്നു?
മഡഗാസ്കർ
നോർവേ
ലബനൻ
ഇറ്റലി
ക്രിസ്തീയയോഗങ്ങൾ ഞങ്ങൾ ഒരിക്കലും മുടക്കാറില്ല; കൊടുങ്കാട്ടിലൂടെ നടന്നിട്ടാണെങ്കിലും പ്രതികൂലകാലാവസ്ഥയെ മറികടന്നിട്ടാണെങ്കിലും ഞങ്ങൾ യോഗങ്ങൾക്ക് എത്തിച്ചേരും. ജീവിതത്തിൽ പലപല കഷ്ടപ്പാടുകളുണ്ടെങ്കിലും ജോലി ചെയ്ത് ക്ഷീണിച്ചിരിക്കുകയാണെങ്കിലും സഹവിശ്വാസികളോടു സഹവസിക്കാൻവേണ്ടി യഹോവയുടെ സാക്ഷികൾ ഇത്ര ശ്രമം ചെയ്യുന്നത് എന്തുകൊണ്ടാണ്?
അതു ഞങ്ങൾക്കു നന്മ കൈവരുത്തുന്നു. സഭയിലെ സഹവിശ്വാസികളെക്കുറിച്ച് പരാമർശിക്കവെ, “പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക” എന്ന് പൗലോസ് എഴുതി. (എബ്രായർ 10:24) സഭയിലുള്ളവരെ അടുത്ത് അറിയാൻ ശ്രമിക്കണമെന്നു പൗലോസിന്റെ ഈ വാക്കുകൾ അർഥമാക്കുന്നു. മറ്റുള്ളവരെക്കുറിച്ച് ചിന്തയുള്ളവരായിരിക്കാനാണ് ഇവിടെ പൗലോസ് നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്. മറ്റു ക്രിസ്തീയകുടുംബങ്ങളെ അടുത്തറിയുമ്പോൾ, നമുക്കുള്ളതുപോലുള്ള പ്രശ്നങ്ങൾ അവർക്കുമുണ്ടെന്ന് നമ്മൾ തിരിച്ചറിയും. അവർ അവയെ തരണംചെയ്യുന്നത് എങ്ങനെയെന്നു മനസ്സിലാക്കുന്നതു സമാനമായ പ്രശ്നങ്ങളെ വിജയകരമായി കൈകാര്യംചെയ്യാൻ നമ്മളെയും സഹായിക്കും.
അതു നിലനിൽക്കുന്ന സ്നേഹബന്ധങ്ങൾ സ്ഥാപിക്കാൻ ഞങ്ങളെ സഹായിക്കുന്നു. യോഗങ്ങളിൽ ഞങ്ങളോടൊപ്പം കൂടിവരുന്നവരെ വെറും പരിചയക്കാരായല്ല ഞങ്ങൾ കാണുന്നത്; അടുത്ത കൂട്ടുകാരായാണ്. ഇതിനു പുറമേ, സഹവിശ്വാസികളുടെകൂടെ ഞങ്ങൾ ഉല്ലാസവേളകളും പങ്കിടാറുണ്ട്. ഇത്തരം സഹവാസംകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്? അതു ഞങ്ങളെ അന്യോന്യം പ്രിയങ്കരരാക്കുന്നു; ഞങ്ങളുടെ ഇടയിലെ സ്നേഹത്തിന്റെ ആഴം കൂട്ടുന്നു. ഞങ്ങൾ ഉറ്റ സ്നേഹിതരായതുകൊണ്ടുതന്നെ, ആർക്കെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഞങ്ങൾ അവരുടെ സഹായത്തിന് ഓടിയെത്തും. (സുഭാഷിതങ്ങൾ 17:17) സഭയിലെ എല്ലാവരുമായും സഹവസിച്ചുകൊണ്ട് ഞങ്ങൾ “അന്യോന്യം പരിഗണന” കാണിക്കുന്നു.—1 കൊരിന്ത്യർ 12:25, 26.
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരെ കൂട്ടുകാരാക്കാൻ ഞങ്ങൾ നിങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെയുള്ള കൂട്ടുകാരെ നിങ്ങൾക്ക് യഹോവയുടെ സാക്ഷികളുടെ ഇടയിൽ കണ്ടെത്താനാകും. ഞങ്ങളുമായി സഹവസിക്കുന്നതിൽനിന്ന് ഒന്നും നിങ്ങളെ തടയാതിരിക്കട്ടെ!
യോഗങ്ങളിൽ സഹവിശ്വാസികളുമായി സഹവസിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
ഞങ്ങളുടെ സഭയിലുള്ളവരെ അടുത്ത് അറിയാൻ നിങ്ങൾ എന്നാണു യോഗങ്ങൾക്കു വരുന്നത്?
-
-
ഞങ്ങളുടെ യോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണുള്ളത്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 7
ഞങ്ങളുടെ യോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണുള്ളത്?
ന്യൂസിലൻഡ്
ജപ്പാൻ
യുഗാണ്ട
ലിത്വാനിയ
ആദ്യകാലത്തെ ക്രിസ്തീയ യോഗങ്ങളിൽ പാട്ട്, പ്രാർഥന, ബൈബിൾവായന, ബൈബിൾവാക്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയാണു പ്രധാനമായും ഉണ്ടായിരുന്നത്; മതാചാരങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടായിരുന്നില്ല. (1 കൊരിന്ത്യർ 14:26) ഞങ്ങളുടെ യോഗങ്ങളും ഏറെക്കുറെ അതേ വിധത്തിലാണു ക്രമീകരിച്ചിരിക്കുന്നത്.
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള, പ്രായോഗികമായ ഉപദേശം. വാരാന്തത്തിൽ ഓരോ സഭയിലും 30 മിനിട്ട് ദൈർഘ്യമുള്ള, ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസംഗം ഉണ്ട്. തിരുവെഴുത്തുകൾ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം, നമ്മുടെ കാലത്തിന്റെ പ്രാധാന്യം എന്താണ് എന്നൊക്കെ വ്യക്തമാക്കിത്തരുന്നതാണ് ഈ പ്രസംഗം. പ്രസംഗകൻ ബൈബിൾവാക്യങ്ങൾ പരാമർശിക്കുമ്പോൾ സദസ്സിലുള്ള എല്ലാവരും സ്വന്തം ബൈബിൾ എടുത്തുനോക്കും. പ്രസംഗത്തിനു ശേഷം ഒരു മണിക്കൂർ നേരം “വീക്ഷാഗോപുര”പഠനം ഉണ്ടായിരിക്കും. വീക്ഷാഗോപുരം എന്ന മാസികയുടെ അധ്യയനപതിപ്പിലെ ഒരു ലേഖനത്തിന്റെ ചർച്ചയാണ് ഇത്. അതിൽ പങ്കെടുക്കാൻ സഭയിലുള്ള എല്ലാവർക്കും അവസരമുണ്ട്. ബൈബിൾ നൽകുന്ന ഉപദേശം അനുസരിച്ച് ജീവിക്കാൻ ആഴ്ചതോറുമുള്ള ഈ ചർച്ച ഞങ്ങളെ സഹായിക്കുന്നു. ലോകമെങ്ങുമുള്ള 1,10,000-ത്തിലധികം വരുന്ന ഞങ്ങളുടെ എല്ലാ സഭകളിലും പഠിക്കുന്നത് ഒരേ ലേഖനംതന്നെയാണ്.
പഠിപ്പിക്കൽപ്രാപ്തി മെച്ചപ്പെടുത്താൻ സഹായം. മറ്റൊരു സഭായോഗത്തിനുവേണ്ടി മധ്യവാരത്തിലെ ഒരു വൈകുന്നേരം ഞങ്ങൾ കൂടിവരാറുണ്ട്. മൂന്നു ഭാഗമുള്ള ഈ യോഗത്തിന്റെ പേര് നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും എന്നാണ്. മാസംതോറും പ്രസിദ്ധീകരിക്കുന്ന ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിലാണ് അതിനുള്ള വിവരങ്ങളുള്ളത്. ഇതിലെ ആദ്യത്തെ പരിപാടി ‘ദൈവവചനത്തിൽനിന്നുള്ള നിധികൾ’ എന്നതാണ്. നമ്മൾ നേരത്തേ വായിച്ച ബൈബിൾഭാഗവുമായി കൂടുതൽ അടുത്ത് പരിചിതരാകാൻ ഇതു സഹായിക്കുന്നു. അടുത്തത് ‘വയൽസേവനത്തിനു സജ്ജരാകാം’ എന്ന പരിപാടിയാണ്. മറ്റുള്ളവരുമായി ബൈബിൾ എങ്ങനെ ചർച്ച ചെയ്യാം എന്നു കാണിക്കുന്ന അവതരണങ്ങളാണ് ഇതിലുള്ളത്. അവതരണങ്ങൾ നടത്തുമ്പോൾ അതു നന്നായി നിരീക്ഷിച്ചിട്ട് വായിക്കാനും സംസാരിക്കാനും ഉള്ള കഴിവ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില നിർദേശങ്ങൾ തരാൻ ഒരാളുണ്ട്. (1 തിമൊഥെയൊസ് 4:13) ‘ക്രിസ്ത്യാനികളായി ജീവിക്കാം’ എന്നതാണ് അവസാനത്തെ പരിപാടി. നമ്മുടെ നിത്യജീവിതത്തിൽ ബൈബിളിലെ തത്ത്വങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് അതിലൂടെ നമ്മൾ പഠിക്കും. ബൈബിളിനെക്കുറിച്ചുള്ള നമ്മുടെ അറിവ് കുറെക്കൂടി ആഴമുള്ളതാക്കുന്ന ഒരു ചോദ്യോത്തരച്ചർച്ചയും അതിലുണ്ട്.
ഞങ്ങളുടെ യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ, ബൈബിളിൽനിന്ന് നിങ്ങൾക്കു കിട്ടുന്ന അറിവ് തീർച്ചയായും നിങ്ങളിൽ മതിപ്പുളവാക്കും.—യശയ്യ 54:13.
യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണുള്ളത്?
ഞങ്ങളുടെ ഏതു യോഗത്തിൽ സംബന്ധിക്കാനാണു നിങ്ങൾക്ക് ഇഷ്ടം?
-