സ്കൂൾ മേൽവിചാരകന്മാർക്കുള്ള നിർദേശങ്ങൾ
ഓരോ സഭയിലും ഒരു മൂപ്പനെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകനായി നിയമിച്ചിട്ടുണ്ട്. നിങ്ങളെ ഈ ഉത്തരവാദിത്വം ഭരമേൽപ്പിച്ചിരിക്കുന്നെങ്കിൽ സ്കൂളിനോടുള്ള നിങ്ങളുടെ തീക്ഷ്ണതയും ഓരോ വിദ്യാർഥിയുടെയും പുരോഗതിയിൽ നിങ്ങൾ കാണിക്കുന്ന വ്യക്തിപരമായ താത്പര്യവും നിങ്ങളുടെ സഭയിലെ ഈ സ്കൂളിന്റെ നടത്തിപ്പിന്റെ വിജയത്തെ നിർണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ്.
നിങ്ങളുടെ നിയമനത്തിന്റെ ഒരു സുപ്രധാന ഭാഗം സഭയിൽ വാരംതോറും നടക്കുന്ന ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ആധ്യക്ഷ്യം വഹിക്കുക എന്നതാണ്. ഓരോ ആഴ്ചയിലും നിയമനങ്ങൾ നിർവഹിക്കുന്ന വിദ്യാർഥികൾക്കു പുറമേ വേറെയും ആളുകൾ ഹാജരുണ്ട് എന്ന കാര്യം മനസ്സിൽപ്പിടിക്കുക. ഈ പാഠപുസ്തകത്തിന്റെ 5 മുതൽ 8 വരെയുള്ള പേജുകളിൽ പരാമർശിച്ചിരിക്കുന്ന സ്കൂളിന്റെ ലക്ഷ്യങ്ങളിൽ ഒന്നുമായി എങ്കിലും ബന്ധപ്പെട്ട പ്രചോദനാത്മകവും പ്രായോഗികവുമായ ഓർമിപ്പിക്കലുകൾ മുഴു സഭയ്ക്കും ലഭിക്കുന്ന വിധത്തിൽ സ്കൂൾ നടത്തുക.
എല്ലാ വിദ്യാർഥികളിലും—അവർ നടത്താൻ പോകുന്നത് വായനാ നിയമനം ആയാലും പ്രകടന രൂപത്തിലുള്ള അവതരണങ്ങളായാലും പ്രസംഗങ്ങളായാലും—താത്പര്യമെടുക്കുക. തങ്ങൾക്കു നിയമിച്ചു കിട്ടുന്ന പരിപാടിയെ വെറുമൊരു നിയമനമായി കാണാതെ യഹോവയുടെ സേവനത്തിൽ പുരോഗതി വരുത്താനുള്ള അവസരമായി കാണാൻ അവരെ സഹായിക്കുക. വിദ്യാർഥികൾ വ്യക്തിപരമായി ചെയ്യുന്ന ശ്രമത്തിന് അവരുടെ പുരോഗതിയിൽ ഒരു നിർണായക പങ്കുണ്ട് എന്നതു ശരിതന്നെ. എങ്കിലും നിങ്ങൾ ദയാപൂർവം താത്പര്യം പ്രകടമാക്കിക്കൊണ്ട് ബുദ്ധിയുപദേശ പോയിന്റുകളുടെ മൂല്യം മനസ്സിലാക്കാൻ അവരെ സഹായിക്കുകയും ആ ബുദ്ധിയുപദേശം പ്രാവർത്തികമാക്കേണ്ടത് എങ്ങനെയെന്നു വിശദീകരിക്കുകയും ചെയ്യുന്നതു പ്രധാനമാണ്. ഇതു സാധ്യമാകുന്നതിന്, മൂല്യവത്തായ അഭിപ്രായങ്ങൾ പറയാൻ നിങ്ങൾക്കു കഴിയത്തക്കവണ്ണം ഓരോ പ്രസംഗവും ശ്രദ്ധിച്ചു കേൾക്കുക.
സ്കൂൾ കൃത്യസമയത്തു തുടങ്ങാനും അവസാനിപ്പിക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെതന്നെ അഭിപ്രായങ്ങൾ അവയ്ക്കു നിയമിച്ചിട്ടുള്ള സമയത്തിനുള്ളിൽ പറഞ്ഞുതീർത്തുകൊണ്ട് നല്ല മാതൃക വെക്കുക. വിദ്യാർഥിപ്രസംഗം നടത്തുന്ന ഒരാൾ കൂടുതൽ സമയം എടുക്കുന്നെങ്കിൽ സമയം കഴിഞ്ഞുവെന്ന സൂചന നിങ്ങളോ നിങ്ങളുടെ സഹായിയോ നൽകേണ്ടതാണ്. അപ്പോൾ വിദ്യാർഥി താൻ പറഞ്ഞുകൊണ്ടിരിക്കുന്ന വാചകം പൂർത്തിയാക്കി സ്റ്റേജ് വിടണം. പരിപാടിയിലെ മറ്റേതെങ്കിലും ഭാഗം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് കൂടുതൽ സമയം എടുക്കുന്നതെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ ഹ്രസ്വമാക്കുക. എന്നിട്ട് യോഗാനന്തരം ആ സഹോദരനുമായി പ്രസ്തുത സംഗതി ചർച്ച ചെയ്യുക.
നിങ്ങൾ ഹാജരായിരിക്കുമ്പോൾ നിങ്ങളാണ് സ്കൂൾ നടത്തേണ്ടത്. ഇടയ്ക്ക് വല്ലപ്പോഴും നിങ്ങൾക്കു ഹാജരാകാൻ കഴിയാതെ വരുന്നെങ്കിൽ മൂപ്പന്മാരുടെ സംഘം നേരത്തേതന്നെ നിയമിച്ചിട്ടുള്ള മറ്റൊരു മൂപ്പൻ സ്കൂൾ നടത്തേണ്ടതാണ്. പട്ടികകൾ തയ്യാറാക്കുന്നതിലോ നിയമന സ്ലിപ്പുകൾ എഴുതി വിതരണം ചെയ്യുന്നതിലോ പകര നിയമനങ്ങൾക്കുള്ള ക്രമീകരണം ചെയ്യുന്നതിലോ നിങ്ങൾക്കു സഹായം ആവശ്യമാണെങ്കിൽ, മൂപ്പന്മാരുടെ സംഘം നിയുക്തനാക്കിയിരിക്കുന്ന ഒരു ശുശ്രൂഷാദാസനു നിങ്ങളെ സഹായിക്കാവുന്നതാണ്.
വിദ്യാർഥികളെ ചേർക്കൽ. സ്കൂളിൽ ചേരാൻ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുക. എന്നാൽ ബൈബിൾ പഠിപ്പിക്കലുകളോടു യോജിക്കുകയും ക്രിസ്തീയ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നപക്ഷം, സഭയോടൊത്തു സജീവമായി സഹവസിക്കുന്ന മറ്റുള്ളവർക്കും സ്കൂളിൽ ചേരാവുന്നതാണ്. ആരെങ്കിലും സ്കൂളിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ ആ വ്യക്തിയെ ഊഷ്മളമായി അഭിനന്ദിക്കുക. ആ വ്യക്തി ഇതുവരെ പ്രസാധകനോ പ്രസാധികയോ ആയിട്ടില്ലാത്ത ആളാണെങ്കിൽ സ്കൂളിൽ ചേരുന്നതിനുള്ള യോഗ്യതകളെ കുറിച്ചു സ്കൂൾ മേൽവിചാരകൻ എന്ന നിലയിൽ നിങ്ങൾ ആ വ്യക്തിയുമായി ചർച്ച ചെയ്യണം. ആ വ്യക്തിക്കു ബൈബിൾ അധ്യയനം എടുക്കുന്ന ആളിന്റെ (അല്ലെങ്കിൽ വിശ്വാസിയായ മാതാവിന്റെയോ പിതാവിന്റെയോ) സാന്നിധ്യത്തിൽ അതു ചെയ്യുന്നതായിരിക്കും അഭികാമ്യം. ആ യോഗ്യതകൾ, സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകൻ ആയിത്തീരാൻ ഒരു വ്യക്തി എത്തിച്ചേരേണ്ട യോഗ്യതകൾ തന്നെയാണ്. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 97 മുതൽ 100 വരെയുള്ള പേജുകളിൽ അവ കാണാൻ കഴിയും. സ്കൂളിൽ ചേർന്നിട്ടുള്ള എല്ലാവരുടെയും ഏറ്റവും പുതിയ ഒരു ലിസ്റ്റ് സൂക്ഷിക്കുക.
ബുദ്ധിയുപദേശ ഫാറം ഉപയോഗിക്കൽ. ഓരോ വിദ്യാർഥിയുടെയും ബുദ്ധിയുപദേശ ഫാറം അദ്ദേഹത്തിന്റെ കയ്യിലുള്ള സ്വന്തം പാഠപുസ്തകത്തിന്റെ 79 മുതൽ 81 വരെയുള്ള പേജുകളിലുണ്ട്. കൊടുത്തിരിക്കുന്ന പ്രത്യേക നിറങ്ങൾ സൂചിപ്പിക്കുന്നതുപോലെ, 1 മുതൽ 17 വരെയുള്ള ഏതു ബുദ്ധിയുപദേശ പോയിന്റു വേണമെങ്കിലും ഒരു വിദ്യാർഥി വായനാ നിയമനം നിർവഹിക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്. പ്രകടന രൂപേണയുള്ള അവതരണങ്ങളുടെ കാര്യത്തിൽ 7, 52, 53 എന്നിവ ഒഴിച്ചുള്ള ഏതൊരു ബുദ്ധിയുപദേശ പോയിന്റും ഉപയോഗിക്കാൻ കഴിയും. 7, 18, 30 എന്നിവ ഒഴിച്ചുള്ള എല്ലാ പോയിന്റുകളും ഉൾപ്പെടുന്നതാണ് പ്രസംഗങ്ങൾക്കുള്ള ബുദ്ധിയുപദേശം.
ഒരു ബുദ്ധിയുപദേശ പോയിന്റ് നിയമിച്ചു കൊടുക്കുമ്പോൾ, വിദ്യാർഥിയുടെ പുസ്തകത്തിലെ ബുദ്ധിയുപദേശ ഫാറത്തിലെ ആ പോയിന്റിന് അടുത്തായി, “നിയമിച്ചുകൊടുത്ത തീയതി” എന്നതിനു കീഴിൽ, നൽകിയിരിക്കുന്ന സ്ഥലത്ത് പെൻസിൽകൊണ്ട് തീയതി അടയാളപ്പെടുത്തുന്നുവെന്ന് സ്കൂൾ മേൽവിചാരകൻ ഉറപ്പു വരുത്തണം. വിദ്യാർഥി തന്റെ നിയമനം നടത്തി കഴിയുമ്പോൾ, പ്രസ്തുത ബുദ്ധിയുപദേശ പോയിന്റിനെ കുറിച്ചു ചർച്ചചെയ്യുന്ന പാഠത്തിന്റെ ഒടുവിൽ നൽകിയിരിക്കുന്ന അഭ്യാസം (അല്ലെങ്കിൽ അഭ്യാസങ്ങൾ) ചെയ്തോ എന്ന് സ്വകാര്യമായി ചോദിക്കുക. ചെയ്തിരിക്കുന്ന പക്ഷം, ഫാറത്തിലെ ചതുരത്തിൽ ഒരു ശരിയടയാളം ഇടണം. അതേ ബുദ്ധിയുപദേശ പോയിന്റിൽത്തന്നെ അദ്ദേഹം കൂടുതൽ മെച്ചപ്പെടാൻ നിങ്ങൾ ശുപാർശ ചെയ്യുന്നെങ്കിൽ, ബുദ്ധിയുപദേശ ഫാറത്തിൽ കൂടുതലായി യാതൊന്നും രേഖപ്പെടുത്തേണ്ടതില്ല; “പൂർത്തിയാക്കിയ തീയതി” എന്നതിനടിയിലുള്ള സ്ഥലം പൂരിപ്പിക്കാതെ വിട്ടാൽ മതിയാകും. വിദ്യാർഥി മറ്റൊരു പോയിന്റിലേക്കു കടക്കാൻ തയ്യാറാകുമ്പോൾ മാത്രമേ അതു പൂരിപ്പിക്കാവൂ. കൂടാതെ, ഓരോ വിദ്യാർഥി പ്രസംഗത്തിനു ശേഷവും, വിദ്യാർഥിയുടെ പുസ്തകത്തിലെ 82-ാം പേജിൽ, ഉപയോഗിച്ച രംഗവിധാനത്തിന്റെ ഇടതു വശത്തായി തീയതി രേഖപ്പെടുത്തേണ്ടതുണ്ട്. ഓരോ ബുദ്ധിയുപദേശ പോയിന്റും രംഗവിധാനവും ഈരണ്ടു തവണ ഉപയോഗിക്കാൻ തക്കവണ്ണം ബുദ്ധിയുപദേശ ഫാറത്തിലും രംഗവിധാനങ്ങളുടെ പട്ടികയിലും ഇടം കൊടുത്തിട്ടുണ്ട്. പരിപാടിയുടെ സമയത്ത് വിദ്യാർഥികളുടെ കൈവശം അവരവരുടെ പുസ്തകം ഉണ്ടായിരിക്കേണ്ടതാണ്.
ഒരു സമയത്ത് ഒരു പ്രസംഗ ബുദ്ധിയുപദേശ പോയിന്റു മാത്രം നിയമിച്ചു കൊടുക്കുക. ബുദ്ധിയുപദേശ പോയിന്റുകൾ അവ പട്ടികപ്പെടുത്തിയിരിക്കുന്ന ക്രമത്തിൽ നിയമിച്ചു കൊടുക്കുന്നതാണു സാധാരണഗതിയിൽ ഏറ്റവും നല്ലത്. എന്നിരുന്നാലും, ചില വിദ്യാർഥികൾ അസാധാരണ മികവു കാണിക്കുന്നെങ്കിൽ, ചില പാഠങ്ങൾ സ്വന്തമായി പഠിച്ച് പ്രാവർത്തികമാക്കാൻ നിങ്ങൾക്ക് അവരെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. അതിനുശേഷം, മികച്ച പ്രസംഗകരും അധ്യാപകരും എന്ന നിലയിലുള്ള അവരുടെ പുരോഗതിക്ക് ഏറ്റവും ഉപകരിക്കുമെന്നു നിങ്ങൾക്കു തോന്നുന്ന പോയിന്റുകളിൽ മെച്ചപ്പെടാൻ നിങ്ങൾക്ക് അവരെ സഹായിക്കാവുന്നതാണ്.
ഒരു വിദ്യാർഥി സ്കൂളിൽ ചേർന്നിട്ട് അനേകം വർഷങ്ങളായാൽ പോലും, ഓരോ പാഠവും പഠിച്ച് പ്രാവർത്തികമാക്കുന്നത് വളരെ പ്രയോജനം ചെയ്യും. പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാർഥികളെ സഹായിക്കുന്നതിന് ബുദ്ധിയുപദേശ പോയിന്റുകൾ പട്ടികപ്പെടുത്തിയിരിക്കുന്ന ക്രമത്തിൽ അവർക്ക് അവ നിയമിച്ചു കൊടുക്കുന്നതിനു പകരം നിങ്ങൾക്കു ചില പ്രത്യേക പ്രസംഗ ഗുണങ്ങൾ തിരഞ്ഞെടുത്ത് അവർക്കായി നിയമിച്ചു കൊടുക്കാവുന്നതാണ്.
ബുദ്ധിയുപദേശം നൽകൽ. ബുദ്ധിയുപദേശം നൽകുമ്പോൾ ബൈബിൾ ദൃഷ്ടാന്തങ്ങളും തത്ത്വങ്ങളും നന്നായി ഉപയോഗിക്കുക. ബുദ്ധിയുപദേശവും അതു നൽകുന്ന രീതിയും ദൈവവചനത്തിലെ ശ്രേഷ്ഠമായ തത്ത്വങ്ങൾക്കു ചേർച്ചയിലാണെന്നു വിദ്യാർഥികൾക്കു മനസ്സിലാകുന്ന വിധത്തിൽ വേണം അതു നൽകാൻ.
നിങ്ങൾ നിങ്ങളുടെ സഹോദരീസഹോദരന്മാരുടെ “കൂട്ടു വേലക്കാരൻ” ആണ് എന്ന കാര്യം മനസ്സിൽപ്പിടിക്കുക. (2 കൊരി. 1:24, NW) ഒരു പ്രസംഗകനും അധ്യാപകനും എന്ന നിലയിൽ പുരോഗതി പ്രാപിക്കുന്നതിന് അവരെപ്പോലെതന്നെ നിങ്ങളും വ്യക്തിപരമായി ശ്രമം ചെയ്യുന്നതിൽ തുടരേണ്ടതുണ്ട്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്തകം വ്യക്തിപരമായി പഠിക്കുക, അതിലെ ബുദ്ധിയുപദേശം പ്രാവർത്തികമാക്കുക, അങ്ങനെ ചെയ്യുന്നതിനു മറ്റുള്ളവർക്കു നല്ലൊരു മാതൃക വെക്കുക.
അങ്ങനെ ചെയ്യുമ്പോൾ, നല്ല വായനക്കാരും സമർഥരായ പ്രസംഗകരും മികച്ച അധ്യാപകരും ആയിത്തീരാൻ വിദ്യാർഥികളെ സഹായിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. അതു നിറവേറ്റുന്നതിന്, വ്യത്യസ്ത പ്രസംഗ ഗുണങ്ങൾ ഏതൊക്കെയെന്നും അവ എന്തുകൊണ്ട് പ്രാധാന്യം അർഹിക്കുന്നുവെന്നും അവ നട്ടുവളർത്താൻ എങ്ങനെ കഴിയുമെന്നും വിദ്യാർഥികൾ മനസ്സിലാക്കത്തക്കവണ്ണം ആവശ്യമായ എന്തു സഹായവും നൽകാൻ ശ്രമിക്കുക. അതു ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന വിധത്തിലാണ് ഈ പാഠപുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, പലപ്പോഴും ഇതിലെ വാക്കുകൾ വെറുതെ വായിച്ചുവിടുന്നതിലുമധികം നിങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. ആ വാക്കുകൾ ദ്യോതിപ്പിക്കുന്ന ആശയവും അതു പ്രാവർത്തികമാക്കേണ്ട വിധവും ചർച്ച ചെയ്യുക.
ഒരു വിദ്യാർഥി ഒരു പോയിന്റിൽ നന്നായി മെച്ചപ്പെട്ടിരിക്കുന്ന പക്ഷം അദ്ദേഹത്തെ അഭിനന്ദിക്കുക. അതിനെ ഫലകരമാക്കിയത് എന്താണെന്നും അദ്ദേഹം ചെയ്തത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്നും ഹ്രസ്വമായി പ്രസ്താവിക്കുക. ഒരു പ്രത്യേക കാര്യത്തിനു കൂടുതലായ ശ്രദ്ധ നൽകുന്നത് അദ്ദേഹത്തിനു പ്രയോജനം ചെയ്യുമെങ്കിൽ അത് എന്തുകൊണ്ടെന്ന് അദ്ദേഹം മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ആ ലക്ഷ്യം കൈവരിക്കേണ്ടത് എങ്ങനെയെന്നു ചർച്ച ചെയ്യുക. കാര്യങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടുക, അതേസമയം ദയ കാണിക്കുക.
പലരെ സംബന്ധിച്ചും ഒരു കൂട്ടത്തിനു മുമ്പാകെ പരിപാടികൾ അവതരിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നു മനസ്സിലാക്കുക. താൻ നന്നായി ചെയ്തില്ല എന്ന് ഒരാൾക്കു തോന്നുന്നപക്ഷം താൻ ശ്രമം തുടരണമോ എന്ന് അദ്ദേഹം ചിന്തിച്ചേക്കാം. “ചതഞ്ഞ ഓട” ഒടിച്ചുകളയുകയോ “പുകയുന്ന തിരി” കെടുത്തിക്കളയുകയോ ചെയ്യാഞ്ഞ യേശുവിനെ അനുകരിക്കുക. (മത്താ. 12:19) വിദ്യാർഥിയുടെ വൈകാരിക അവസ്ഥ കണക്കിലെടുക്കുക. ബുദ്ധിയുപദേശം നൽകുമ്പോൾ വിദ്യാർഥി താരതമ്യേന പുതിയ ആളാണോ അതോ പരിചയ സമ്പത്തുള്ള ആളാണോ എന്നതു കണക്കിലെടുക്കുക. ഊഷ്മളവും ആത്മാർഥവുമായ അഭിനന്ദനം കഴിവിന്റെ പരമാവധി ചെയ്യുന്നതിൽ തുടരാൻ ആളുകളെ ശക്തീകരിക്കും.
ഓരോ വിദ്യാർഥിയോടും ബഹുമാനപൂർവം ഇടപെടുക. “ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ” എന്ന് റോമർ 12:10 നമ്മോടു പറയുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ബുദ്ധിയുപദേശം നൽകുന്ന വ്യക്തിക്കുള്ള എത്ര അനുയോജ്യമായ ബുദ്ധിയുപദേശം! വിദ്യാർഥി നിങ്ങളെക്കാൾ പ്രായമുള്ള ആളാണെങ്കിൽ 1 തിമൊഥെയൊസ് 5:1, 2-ലെ നിർദേശം ശ്രദ്ധാപൂർവം പ്രാവർത്തികമാക്കുക. ഇനി, ഒരു വ്യക്തിയുടെ പ്രായം എത്രയായിരുന്നാലും, അദ്ദേഹം കാര്യങ്ങൾ ചെയ്യുന്ന രീതിയിൽ ഭേദഗതികൾ വരുത്തുന്നതിനെ കുറിച്ചുള്ള ബുദ്ധിയുപദേശം ദയയോടെയാണു നൽകുന്നതെങ്കിൽ അതു സ്വീകരിക്കുക പലപ്പോഴും കൂടുതൽ എളുപ്പമായിരിക്കും.—സദൃ. 25:11.
ബുദ്ധിയുപദേശം നൽകുമ്പോൾ, പരിശീലനത്തിന്റെ ലക്ഷ്യം വിദ്യാർഥിയുടെ മുമ്പാകെ പ്രതിഷ്ഠിക്കുക. അത് അഭിനന്ദനമോ അടുത്ത ബുദ്ധിയുപദേശ പോയിന്റിലേക്ക് കടക്കാനുള്ള അനുവാദമോ നേടിയെടുക്കുക എന്ന ഉദ്ദേശ്യത്തിൽ പരിപാടി അവതരിപ്പിക്കുക എന്നതു മാത്രമായിരിക്കരുത്. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റുന്ന ഒരു പ്രസംഗകനും അധ്യാപകനും ആയിത്തീരുക എന്നതല്ല പരിശീലനത്തിന്റെ ലക്ഷ്യം. (സദൃ. 25:27, NW) യഹോവയെ സ്തുതിക്കുന്നതിനും അവനെ അറിയാനും സ്നേഹിക്കാനും മറ്റുള്ളവരെ സഹായിക്കുന്നതിനുമായി സംസാരപ്രാപ്തി എന്ന നമ്മുടെ വരം ഉപയോഗിക്കുക എന്നതാണ് നമ്മുടെ ആഗ്രഹം. മത്തായി 24:14-ലും 28:19, 20-ലും പറഞ്ഞിരിക്കുന്ന വേല ഫലകരമായി നിർവഹിക്കാൻ നമ്മെ സജ്ജരാക്കുന്നതിനാണു നമ്മുടെ പരിശീലനം. യോഗ്യത പ്രാപിക്കുന്ന സ്നാപനമേറ്റ സഹോദരന്മാർക്കു ക്രമേണ, പരസ്യ പ്രസംഗകരും അധ്യാപകരും എന്ന നിലയിൽ “ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ” പരിപാലിക്കുന്നതിൽ പങ്കുവഹിക്കാനുള്ള ക്ഷണം ലഭിച്ചേക്കാം.—1 പത്രൊ. 5:2, 3.
പ്രസംഗം നിയമിച്ചു കിട്ടി കുറച്ചു ദിവസങ്ങൾക്കുള്ളിൽത്തന്നെ അടുത്ത ബുദ്ധിയുപദേശ പോയിന്റിനെ കുറിച്ചു ചർച്ച ചെയ്യുന്ന പാഠം വായിക്കാൻ വിദ്യാർഥികളോടു പറയുക. പഠിക്കുന്ന കാര്യങ്ങൾ സ്കൂളിലെ തങ്ങളുടെ നിയമനങ്ങൾ തയ്യാറാകുമ്പോഴും അനുദിന സംഭാഷണത്തിലും യോഗങ്ങളിൽ അഭിപ്രായം പറയുമ്പോഴും വയൽശുശ്രൂഷയിലും പ്രാവർത്തികമാക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.
പരിപാടികൾ നിയമിക്കൽ. ഇത് സാധാരണഗതിയിൽ മൂന്ന് ആഴ്ച മുമ്പെങ്കിലും ചെയ്യേണ്ടതാണ്. സാധ്യമെങ്കിൽ ആ നിയമനങ്ങളെല്ലാം ലിഖിത രൂപത്തിൽ നൽകണം.
സഭയ്ക്കു പ്രബോധനം നൽകുന്നത് ഉൾപ്പെടുന്ന ഭാഗങ്ങൾ മൂപ്പന്മാർക്കും—അത്തരം ഭാഗങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന മൂപ്പന്മാർക്കു നൽകുന്നത് അഭികാമ്യം—നല്ല പഠിപ്പിക്കൽ പ്രാപ്തിയുള്ള ശുശ്രൂഷാദാസന്മാർക്കും നിയമിച്ചു കൊടുക്കണം.
സഹോദരന്മാർക്കു നിയമിച്ചുകൊടുക്കേണ്ട വിദ്യാർഥി പ്രസംഗങ്ങളേവ, സഹോദരിമാർക്ക് കൊടുക്കേണ്ടത് ഏവ എന്നു നിർണയിക്കുമ്പോൾ സ്കൂൾ പട്ടികയോടൊപ്പം നൽകിയിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റുക. വിദ്യാർഥി പ്രസംഗങ്ങൾ നടത്തുന്ന സഹോദരന്മാരുടെ എണ്ണം കുറവായിരിക്കുകയും അവ നടത്തുന്ന സഹോദരിമാർ ധാരാളം ഉണ്ടായിരിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. അപ്പോൾപ്പോലും സഹോദരന്മാർക്ക് വായനാ പ്രസംഗം മാത്രം നിയമിച്ചു കൊടുക്കാതെ മറ്റു പ്രസംഗങ്ങളും നടത്താനുള്ള അവസരം വേണ്ടത്ര ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
പരിപാടികൾ നിയമിച്ചുകൊടുക്കുമ്പോൾ വ്യക്തികളുടെ സാഹചര്യങ്ങൾ കണക്കിലെടുക്കുക. ഒരു മൂപ്പന് അല്ലെങ്കിൽ ശുശ്രൂഷാദാസന് സ്കൂളിൽ നിയമനം നൽകുമ്പോൾ സേവനയോഗത്തിൽ പരിപാടിയുള്ള അതേ ദിവസത്തിലോ സഭയിൽ പരസ്യപ്രസംഗമുള്ള അതേ വാരത്തിലോ നൽകാതെ മറ്റൊരു സമയത്തു നൽകാൻ സാധിക്കുമോ? ഒരു സഹോദരിയുടെ കൊച്ചുകുട്ടികളിൽ ഒരാൾക്ക്—അമ്മയുടെ സഹായം ആ കുട്ടിക്ക് ആവശ്യമായിരുന്നേക്കാം—പരിപാടിയുള്ള അതേ ദിവസംതന്നെ സഹോദരിക്കും പരിപാടി നൽകാതെ മറ്റൊരു സമയത്ത് നൽകാൻ കഴിയുമോ? സ്നാപനമേറ്റിട്ടില്ലാത്ത ഒരു ബൈബിൾ വിദ്യാർഥിയുടെയോ ഒരു കുട്ടിയുടെയോ കാര്യത്തിൽ പ്രത്യേകിച്ച്, വിഷയം അനുയോജ്യമാണോ? നിയമനം, വിദ്യാർഥിക്കു നിയമിച്ചുകൊടുത്തിരിക്കുന്ന ബുദ്ധിയുപദേശ പോയിന്റിന് യോജിച്ചതാണെന്നു പരിശോധിച്ച് ഉറപ്പുവരുത്തുക.
സഹോദരിമാർക്കുള്ള നിയമനങ്ങളുടെ കാര്യത്തിൽ, 78 മുതൽ 82 വരെയുള്ള പേജുകളിലെ നിർദേശങ്ങൾക്കു ചേർച്ചയിൽ സാധാരണഗതിയിൽ വിദ്യാർഥിനി രംഗവിധാനം സ്വയം തിരഞ്ഞെടുക്കുന്നതായിരിക്കും. ഒരു സഹായിയെ നിയമിച്ചുകൊടുക്കേണ്ടതുണ്ട്. എന്നാൽ മറ്റൊരു സഹായിയെ കൂടെ ഉപയോഗിക്കാവുന്നതാണ്. ഒരു പ്രത്യേക രംഗവിധാനത്തിനു വിശേഷിച്ചും യോജിച്ച ഒരു സഹായിയെ വേണമെന്ന് ഒരു വിദ്യാർഥിനി ആവശ്യപ്പെടുന്ന പക്ഷം ആ അഭ്യർഥന പരിഗണിക്കേണ്ടതുണ്ട്.
അനുബന്ധ ക്ലാസ്സുകൾ. 50-ലധികം വിദ്യാർഥികൾ സ്കൂളിൽ അംഗങ്ങളായി ഉണ്ടെങ്കിൽ വിദ്യാർഥികൾ കൈകാര്യം ചെയ്യുന്ന നിയമനങ്ങൾ കൂടുതൽ ഇടങ്ങളിൽ വെച്ച് നടത്തുന്നതിനെ കുറിച്ചു പരിചിന്തിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. പ്രാദേശിക ആവശ്യം കണക്കിലെടുത്ത്, വിദ്യാർഥികൾ നടത്തുന്ന എല്ലാ പരിപാടികൾക്കുമായോ അവസാനത്തെ രണ്ടെണ്ണത്തിനു മാത്രമായോ ഈ ക്രമീകരണം ഉപയോഗപ്പെടുത്താവുന്നതാണ്.
ഓരോ അനുബന്ധ ക്ലാസ്സിലും ബുദ്ധിയുപദേശം നൽകാൻ, യോഗ്യതയുള്ള ഒരു വ്യക്തി ഉണ്ടായിരിക്കണം, അത് ഒരു മൂപ്പൻ ആയിരിക്കുന്നതാണ് അഭികാമ്യം. ആവശ്യമായിരിക്കുന്ന പക്ഷം, നല്ല യോഗ്യതയുള്ള ഒരു ശുശ്രൂഷാദാസനെ പകരം ഉപയോഗിക്കാവുന്നതാണ്. ഈ ബുദ്ധിയുപദേശകർക്കുള്ള അംഗീകാരം നൽകേണ്ടത് മൂപ്പന്മാരുടെ സംഘമാണ്. സ്കൂൾ മേൽവിചാരകൻ ആ ബുദ്ധിയുപദേശകരുമായി അടുത്തു സഹകരിച്ചു പ്രവർത്തിക്കണം. എങ്കിൽ മാത്രമേ, വിദ്യാർഥികൾ അടുത്ത പരിപാടി നടത്തുന്നത് എവിടെയായിരുന്നാലും, അതിൽ നോക്കുന്ന ബുദ്ധിയുപദേശ പോയിന്റിന് ഫലപ്രദമായ വിധത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ കഴിയൂ.
പ്രത്യേക വായനാ ക്ലാസ്സ്. സഭയിലെ നിരവധി പേർക്ക് സഭയിൽ സംസാരിക്കപ്പെടുന്ന ഭാഷയിൽ അടിസ്ഥാന വായനാ പ്രബോധനം ആവശ്യമാണെന്ന് മൂപ്പന്മാരുടെ സംഘം തീരുമാനിക്കുന്ന പക്ഷം ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനോട് അനുബന്ധിച്ചു നിങ്ങൾക്ക് ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്യാവുന്നതാണ്. ഈ പ്രബോധനത്തിൽ അക്ഷരാഭ്യാസം നേടാൻ സഹായിക്കുന്നത് ഉൾപ്പെട്ടിരുന്നേക്കാം. അല്ലെങ്കിൽ വായനയിൽ മെച്ചപ്പെടാൻ സഹായിക്കുക എന്നതായിരിക്കാം അതിന്റെ ലക്ഷ്യം.
അത്തരം ക്ലാസ്സുകൾ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ വിദ്യാർഥി പ്രസംഗങ്ങൾ നടത്തപ്പെടുന്ന അതേസമയത്തു തന്നെ നടത്തപ്പെടണമെന്നില്ല. വേണ്ടത്ര സഹായം നൽകുന്നതിന്, സ്കൂളിന്റെ സമയത്തു നൽകാൻ സാധിക്കുന്നതിനെക്കാൾ കൂടുതൽ സമയം ആവശ്യമായിരുന്നേക്കാം. എന്താണ് ആവശ്യമെന്നും അത്തരം പ്രബോധനം എപ്പോഴാണ് നൽകേണ്ടതെന്നും പ്രാദേശിക മൂപ്പന്മാർക്കു തീരുമാനിക്കാവുന്നതാണ്. ആവശ്യമനുസരിച്ച് കൂട്ടമായോ ഓരോരുത്തരെയായോ പഠിപ്പിക്കുന്നതിനുള്ള ക്രമീകരണം ചെയ്യാവുന്നതാണ്.
യോഗ്യതയുള്ള ഒരു അധ്യാപകൻ ആവശ്യമാണ്. നന്നായി വായിക്കുന്ന, ഭാഷ നന്നായി അറിയാവുന്ന ഒരു സഹോദരന് ഈ നിയമനം കൊടുക്കുന്നതാണ് അഭികാമ്യം. ഒരു സഹോദരനെ കിട്ടാനില്ലെങ്കിൽ സമർഥയും മാതൃകായോഗ്യയുമായ ഒരു സഹോദരിയുടെ സഹായം മൂപ്പന്മാർക്ക് ആവശ്യപ്പെടാവുന്നതാണ്. ക്ലാസ്സിൽ പ്രബോധിപ്പിക്കുമ്പോൾ ആ സഹോദരി ഒരു ശിരോവസ്ത്രം ധരിക്കേണ്ടതാണ്.—1 കൊരി. 11:3-10; 1 തിമൊ. 2:11, 12.
എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക എന്ന ചെറുപുസ്തകം പല ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ട് (മലയാളത്തിൽ ലഭ്യമല്ല). അക്ഷരാഭ്യാസം നൽകാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് അത്. ക്ലാസ്സിൽ ചേർന്നിരിക്കുന്നവരുടെ വായനാ പ്രാപ്തിയുടെ തോതനുസരിച്ച് പ്രബോധനത്തിനു മറ്റു വിവരങ്ങളും ഉപയോഗിക്കാവുന്നതാണ്. വിദ്യാർഥികൾ വേണ്ടവിധത്തിൽ പുരോഗതി പ്രാപിച്ചു കഴിയുമ്പോൾ സാധാരണ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പങ്കെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കണം.
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ എന്ന നിലയിൽ, സഭയുടെ പ്രയോജനത്തിനായി നിങ്ങൾക്കു വളരെ കാര്യങ്ങൾ ചെയ്യാൻ കഴിയും. നന്നായി തയ്യാറാകുക. റോമർ 12:6-8-ലെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ, ദൈവത്തിൽനിന്നുള്ള ഒരു അമൂല്യ ഉത്തരവാദിത്വമായി നിങ്ങളുടെ നിയമനത്തെ കരുതിക്കൊണ്ട് അതു നിർവഹിക്കുക.