കൂടുതൽ കാലം കൂടുതൽ ആരോഗ്യത്തോടെ
മനുഷ്യ ജീവിതം ഒരു നീണ്ട ഹർഡിൽ മത്സരം ആണെന്നു സങ്കൽപ്പിക്കുക—ഹർഡിലുകൾ അഥവാ പ്രതിബന്ധങ്ങൾ മറികടന്ന് ഓടേണ്ട ഒന്ന്. എല്ലാ ഓട്ടക്കാരും ഒരുമിച്ച് ഓട്ടം ആരംഭിക്കുന്നു; എന്നാൽ അവർ ഹർഡിലുകൾ കടക്കുമ്പോൾ പലപ്പോഴും അതിൽ തട്ടുന്നതുകൊണ്ട് ഓട്ടത്തിന്റെ വേഗം കുറയുന്നു, കൂടുതൽ കൂടുതൽ ആളുകൾ മത്സരത്തിൽനിന്നു പിൻവാങ്ങുന്നു.
സമാനമായി, ജീവിതത്തിന് ഒരു തുടക്കസ്ഥാനവും വഴിനീളെ ഉയരത്തിലുള്ള ഹർഡിലുകളും ഉണ്ട്. തന്റെ ജീവിതത്തിൽ മനുഷ്യൻ ഓരോരോ ഹർഡിലുകൾ മറികടന്നു മുന്നേറുന്നു. എന്നാൽ ഓരോ ചാട്ടവും അവനെ ദുർബലനാക്കുന്നു. ഒടുവിൽ അവൻ തോറ്റു പിന്മാറുന്നു. ഹർഡിലുകളുടെ ഉയരം കൂടുന്തോറും അവൻ കൂടുതൽ വേഗത്തിൽ തോറ്റു പിൻവാങ്ങുന്നു അഥവാ മരിക്കുന്നു. വികസിത ലോകത്ത് ജീവിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം തോൽവി സംഭവിക്കുന്നത് ഏതാണ്ട് 75-ാം വയസ്സിലാണ്. ഈ കാലയളവിനെയാണ് ശരാശരി മനുഷ്യായുസ്സ് എന്നു വിളിക്കുന്നത്—അതായത്, മിക്ക ഓട്ടക്കാരും ഓടിത്തീർക്കുന്ന ദൂരം.a (സങ്കീർത്തനം 90:10 താരതമ്യം ചെയ്യുക.) എങ്കിലും ചില ആളുകൾ കുറെക്കൂടെ ദൂരം ഓടുന്നു, ഏതാനും പേർ ലോക വാർത്തകളിൽ നിറഞ്ഞുനിൽക്കുംവിധം പരമാവധി ആയുർദൈർഘ്യത്തിൽ—ഇത് ഏതാണ്ട് 115 മുതൽ 120 വരെ വർഷമാണെന്നു പറയപ്പെടുന്നു—എത്തിച്ചേരുക പോലും ചെയ്യുന്നു.
ഹർഡിലുകൾ ഏതൊക്കെയാണ്?
ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ സാധിച്ചിരുന്നതിന്റെ ഏതാണ്ട് രണ്ടിരട്ടി കാലത്തേക്ക് ആളുകൾക്ക് ഇന്ന് ഈ മത്സരത്തിൽ നിലനിൽക്കാൻ സാധിക്കുന്നു. എന്തുകൊണ്ട്? ഹർഡിലുകളുടെ ഉയരം കുറയ്ക്കാൻ മനുഷ്യനു കഴിഞ്ഞിരിക്കുന്നു എന്നതാണ് അടിസ്ഥാന കാരണം. എന്നാൽ ഏതൊക്കെയാണ് ഈ ഹർഡിലുകൾ? അവയുടെ ഉയരം ഇനിയും കുറയ്ക്കാൻ സാധിക്കുമോ?
മനുഷ്യന്റെ ആയുർദൈർഘ്യത്തെ ബാധിക്കുന്ന ചില മുഖ്യ ഹർഡിലുകൾ അഥവാ ഘടകങ്ങൾ ശീലങ്ങൾ, പരിസ്ഥിതി, വൈദ്യചികിത്സ എന്നിവയാണ് എന്ന് ലോകാരോഗ്യ സംഘടനയുടെ ഒരു പൊതുജനാരോഗ്യ വിദഗ്ധൻ പറയുകയുണ്ടായി.b അതുകൊണ്ട്, ഈ ഹർഡിലുകളുടെ ഉയരം എത്രത്തോളം കുറയുന്നുവോ—നിങ്ങളുടെ ശീലങ്ങൾ എത്രത്തോളം നല്ലതാണോ, നിങ്ങളുടെ പരിസ്ഥിതി എത്രത്തോളം ആരോഗ്യാവഹമാണോ, നിങ്ങൾക്കു ലഭിക്കുന്ന വൈദ്യചികിത്സ എത്രത്തോളം മെച്ചപ്പെട്ടതാണോ—നിങ്ങളുടെ ആയുസ്സ് അത്രത്തോളം വർധിക്കും. ഓരോരുത്തരുടെയും സാഹചര്യം വ്യത്യസ്തമാണെങ്കിലും എല്ലാവർക്കുംതന്നെ—സിഡ്നിയിലെ ബാങ്ക് ഡയറക്ടർക്കു മുതൽ സാവൊ പൗലോയിലെ തെരുവു കച്ചവടക്കാരനു വരെ—തങ്ങളുടെ ജീവിതത്തിലെ ഈ ഹർഡിലുകളുടെ ഉയരം കുറയ്ക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും. എങ്ങനെ?
ഓട്ടക്കളത്തിലെ പ്രകടനത്തെ ബാധിക്കുന്ന ശീലങ്ങൾ
“മെച്ചപ്പെട്ട ആരോഗ്യ ശീലങ്ങൾ ഉള്ള ആളുകൾ കൂടുതൽ കാലം ജീവിച്ചിരിക്കുമെന്നു മാത്രമല്ല, മറ്റുള്ളവരെ അപേക്ഷിച്ച് മരണത്തിന് ഏതാനും വർഷം മുമ്പു വരെ അവർക്ക് ഒരുവിധം നല്ല കായികശേഷിയും ഉണ്ടായിരിക്കും” എന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ റിപ്പോർട്ടു ചെയ്യുന്നു. ആഹാരം കഴിക്കൽ, കുടി, ഉറക്കം, പുകവലി, വ്യായാമം എന്നിങ്ങനെയുള്ള ശീലങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് ആദ്യത്തെ ഹർഡിലിന്റെ ഉയരം കുറയ്ക്കാൻ സാധിക്കും. ഉദാഹരണത്തിന്, വ്യായാമ ശീലങ്ങളുടെ കാര്യംതന്നെയെടുക്കാം.
ശാരീരിക വ്യായാമ ശീലങ്ങൾ. മിതമായ ശാരീരിക വ്യായാമങ്ങൾ വളരെ പ്രയോജനകരമാണ്. (“എത്രത്തോളം വ്യായാമം, ഏതു തരം വ്യായാമം?” എന്ന ചതുരം കാണുക.) വീടിനകത്തും പുറത്തും ചെയ്യുന്ന ലളിതമായ വ്യായാമങ്ങൾ പ്രായമായവരെ, ‘വയോവൃദ്ധരെ’ പോലും ശക്തിയും ഓജസ്സും വീണ്ടെടുക്കാൻ സഹായിക്കുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു. ഉദാഹരണത്തിന്, 72-നും 98-നും ഇടയ്ക്ക് പ്രായമുള്ള ഒരു കൂട്ടം ആളുകൾ വെറും പത്തു ദിവസം ചില ഭാരോദ്വഹന വ്യായാമങ്ങൾ ചെയ്തപ്പോൾ കൂടുതൽ വേഗത്തിൽ നടക്കാനും കൂടുതൽ അനായാസം നടകൾ കയറാനും സാധിക്കുന്നതായി കണ്ടെത്തി. അതിൽ തെല്ലും അതിശയിക്കാനില്ല! വ്യായാമ പരിപാടികൾക്കു ശേഷം നടത്തിയ പരിശോധനകളിൽ അവരുടെ പേശികളുടെ ബലം ഇരട്ടിയിലധികം വർധിച്ചതായി തെളിഞ്ഞു. കായികാധ്വാനം ഒട്ടുംതന്നെ ചെയ്യാത്ത 70 വയസ്സുവരെയുള്ള ഒരു കൂട്ടം സ്ത്രീകൾ ആഴ്ചയിൽ രണ്ടു തവണ വ്യായാമം ചെയ്തു. ഒരു വർഷത്തിനു ശേഷം അവരുടെ ശക്തിയും ശരീരത്തിന്റെ ബാലൻസും പേശികളുടെ തൂക്കവും അസ്ഥികളുടെ സാന്ദ്രതയും വർധിച്ചിരുന്നു. “ആരംഭത്തിൽ, സ്നായുക്കൾക്കും കണ്ഡരങ്ങൾക്കും പേശികൾക്കും കേടു സംഭവിക്കുമോ എന്നു ഞങ്ങൾ ഭയന്നിരുന്നു,” പഠനം നടത്തിയ ശരീരധർമ ശാസ്ത്രജ്ഞയായ മിരിയം നെൽസൻ പറഞ്ഞു. “എന്നാൽ അവരുടെ ആരോഗ്യവും ശക്തിയും വർധിക്കുകയാണു ചെയ്തത്.”
വാർധക്യത്തെയും വ്യായാമത്തെയും കുറിച്ചുള്ള നിരവധി ശാസ്ത്രീയ പഠനങ്ങളുടെ ഫലങ്ങളെ സംക്ഷേപിച്ചുകൊണ്ട് ഒരു പാഠപുസ്തകം പറയുന്നു: “വ്യായാമം വാർധക്യം പ്രാപിക്കൽ പ്രക്രിയയെ മന്ദീഭവിപ്പിക്കുന്നു, ആയുസ്സ് വർധിപ്പിക്കുന്നു, മരണത്തിനു മുമ്പുള്ള പരാശ്രയ കാലഘട്ടത്തെ ചുരുക്കുന്നു.”
മാനസിക-വ്യായാമ ശീലങ്ങൾ. “ഉപയോഗിക്കാത്തപക്ഷം നഷ്ടമാകും” എന്ന ആപ്തവാക്യം പേശികൾക്കു മാത്രമല്ല മനസ്സിനും ബാധകമാണെന്നപോലെ കാണപ്പെടുന്നു. വയസ്സാകുന്നതിനെ തുടർന്ന് അൽപ്പം ഓർമക്കുറവു സംഭവിച്ചേക്കാമെങ്കിലും വാർധക്യത്തിന്റെ പരിണതഫലങ്ങളെ കൈകാര്യം ചെയ്യാൻ തക്കവണ്ണം പ്രായമായവരുടെ മസ്തിഷ്കം വഴക്കമുള്ളതാണ് എന്ന് യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ് നടത്തിയ പഠനങ്ങൾ കാണിക്കുന്നു. അതുകൊണ്ട്, “പ്രായമായ ആളുകൾക്ക് മാനസികമായി തികച്ചും അർഥവത്തായ, ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയും” എന്ന് നാഡീശാസ്ത്ര പ്രൊഫസറായ ഡോ. അന്റോണിയോ ആർ. ഡാമാസിയോ നിഗമനം ചെയ്യുന്നു. പ്രായമായവരുടെ മസ്തിഷ്കത്തിനു വഴക്കം നിലനിർത്താൻ കഴിയുന്നത് എന്തുകൊണ്ടാണ്?
മസ്തിഷ്കത്തിൽ 10,000 കോടി മസ്തിഷ്ക കോശങ്ങളും (ന്യൂറോണുകൾ) ശതസഹസ്രകോടിക്കണക്കിന് നാഡീബന്ധങ്ങളും ഉണ്ട്. ഈ നാഡീബന്ധങ്ങൾ ടെലിഫോൺ ലൈനുകളെ പോലെ വർത്തിച്ചുകൊണ്ട് മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ ഓർമശക്തിയും സൃഷ്ടിക്കാൻ തക്കവണ്ണം പരസ്പരം “സംസാരി”ക്കുന്നതിന് ന്യൂറോണുകളെ പ്രാപ്തമാക്കുന്നു. മസ്തിഷ്കത്തിന് പഴക്കം ചെല്ലുന്നതോടെ ന്യൂറോണുകൾ നശിക്കുന്നു. (“മസ്തിഷ്ക കോശങ്ങളെ പുതിയ രീതിയിൽ വീക്ഷിക്കൽ” എന്ന ചതുരം കാണുക.) എന്നിരുന്നാലും ന്യൂറോണുകളുടെ ഈ കുറവു നികത്താൻ പ്രായംചെന്നവരുടെ മസ്തിഷ്കത്തിനു കഴിയും. ഒരു ന്യൂറോൺ നശിക്കുമ്പോൾ അടുത്തുള്ള ന്യൂറോണുകൾ മറ്റു ന്യൂറോണുകളുമായി പുതിയ ബന്ധങ്ങൾ സ്ഥാപിച്ചുകൊണ്ട് പ്രതികരിക്കുന്നു, അങ്ങനെ നഷ്ടപ്പെട്ട ന്യൂറോണിന്റെ ധർമം അവ ഏറ്റെടുക്കുന്നു. ഈ വിധത്തിൽ മസ്തിഷ്കം ഒരു നിശ്ചിത ദൗത്യത്തിന്റെ ചുമതല ഒരു ഭാഗത്തുനിന്നു മറ്റൊരു ഭാഗത്തേക്കു നീക്കുകയാണു വാസ്തവത്തിൽ ചെയ്യുന്നത്. അതുകൊണ്ട് പ്രായമായ പല ആളുകളും ചെറുപ്പക്കാർ ചെയ്യുന്നതുപോലെതന്നെയുള്ള മാനസിക പ്രവർത്തനങ്ങളിലേർപ്പെടുന്നു, എങ്കിലും അതു ചെയ്യാൻ മസ്തിഷ്കത്തിന്റെ വ്യത്യസ്ത ഭാഗങ്ങളായിരിക്കാം അവർ ഉപയോഗിക്കുന്നതെന്നു മാത്രം. ചില വിധങ്ങളിൽ, പ്രായംചെന്ന ഒരു വ്യക്തിയുടെ മസ്തിഷ്കം പ്രായമായ ഒരു ടെന്നിസ് കളിക്കാരനെ പോലെയാണ്. കളിയുടെ വേഗം കുറഞ്ഞുവരുന്നതിനാൽ അയാൾ ഒരുപക്ഷേ ചെറുപ്പക്കാരായ കളിക്കാർക്ക് ഇല്ലാത്ത കഴിവുകൾ ഉപയോഗിച്ചുകൊണ്ട് ആ കുറവു നികത്താൻ ശ്രമിക്കുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞവരുടേതിൽനിന്നു വ്യത്യസ്തമായ വിദ്യകളാണ് ഉപയോഗിക്കുന്നതെങ്കിലും ആ കളിക്കാരൻ പോയിന്റ് നേടുന്നു.
തങ്ങളുടെ സ്കോർ നിലനിർത്താൻ പ്രായമായവർക്ക് എന്തു ചെയ്യാൻ കഴിയും? ബുദ്ധിപരമായ വൈദഗ്ധ്യങ്ങൾ നിലനിർത്താൻ പ്രായമായവരെ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് മാനസിക വ്യായാമം എന്ന് 70-നും 80-നും ഇടയ്ക്കു പ്രായമുള്ള 1,000-ത്തിലേറെ ആളുകളെ ഉൾക്കൊള്ളിച്ചു പഠനം നടത്തിയശേഷം വാർധക്യവിജ്ഞാന ഗവേഷകയായ ഡോ. മെറിലിൻ ആൽബർട്ട് കണ്ടെത്തി. (“മനസ്സിനെ വഴക്കമുള്ളതായി നിലനിർത്തൽ” എന്ന ചതുരം കാണുക.) മാനസിക വ്യായാമം മസ്തിഷ്കത്തിന്റെ ‘ടെലിഫോൺ ലൈനുകളെ’ സജീവമാക്കി നിലനിർത്തുന്നു. അതേസമയം, മാനസിക അപക്ഷയം ആരംഭിക്കുന്നത് “വിശ്രമജീവിതത്തിലേക്കു തിരിയുകയും കാര്യങ്ങൾ ഒഴുക്കൻ മട്ടിൽ വീക്ഷിക്കാൻ തുടങ്ങുകയും ലോകത്തു സംഭവിക്കുന്ന കാര്യങ്ങൾ അറിയുകയോ പ്രതികരിക്കുകയോ ചെയ്യേണ്ടതില്ലെന്നു തീരുമാനിക്കുകയും ചെയ്യുമ്പോഴാണ്” എന്നു വിദഗ്ധർ പറയുന്നു.—മസ്തിഷ്കത്തിനുള്ളിൽ (ഇംഗ്ലീഷ്).
അതുകൊണ്ട്, സന്തോഷകരമെന്നു പറയട്ടെ, “നമ്മുടെ നിയന്ത്രണത്തിലുള്ള അല്ലെങ്കിൽ നമുക്കു മാറ്റം വരുത്താനാകുന്ന ഘടകങ്ങൾക്ക് വാർധക്യ ജീവിതം വിജയകരമാക്കാൻ തക്കവണ്ണം നമ്മുടെ കഴിവുകളെ പരിപുഷ്ടിപ്പെടുത്താൻ കഴിയും” എന്ന് വാർധക്യവിജ്ഞാനിയായ ഡോ. ജാക്ക് റോ പറയുന്നു. മാത്രമല്ല, നല്ല ശീലങ്ങൾ വളർത്തിയെടുക്കാനുള്ള പടികൾ ഇനിയാണെങ്കിലും നിങ്ങൾക്ക് ആരംഭിക്കാവുന്നതാണ്. “ജീവിതത്തിൽ അധിക കാലവും മോശമായ ആരോഗ്യ ശീലങ്ങളാണ് പിൻപറ്റിയിരുന്നതെങ്കിലും പിൽക്കാലത്ത് അവയ്ക്കു മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ആരോഗ്യാവഹമായ ജീവിതശൈലിയുടെ ചില പ്രതിഫലങ്ങളെങ്കിലും നിങ്ങൾക്കു ലഭിക്കാതിരിക്കില്ല” എന്ന് ഒരു ഗവേഷകൻ അഭിപ്രായപ്പെടുന്നു.
പരിസ്ഥിതി വ്യത്യാസം ഉളവാക്കുന്നു
ഇന്നത്തെ ലണ്ടനിൽ ജനിച്ച ഒരു പെൺകുട്ടിയെ മധ്യയുഗത്തിലെ ലണ്ടനിലേക്ക് കൊണ്ടു പോകുകയാണെങ്കിൽ അവളുടെ ആയുർപ്രതീക്ഷ ഇന്നത്തേതിന്റെ പകുതിയിൽ കുറവായിരിക്കും. ആ വ്യത്യാസം ഉണ്ടാകാനുള്ള കാരണം, പെൺകുട്ടിയുടെ ശാരീരിക അവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റമല്ല, പിന്നെയോ രണ്ട് ഹർഡിലുകളുടെയും കൂടെ—പരിസ്ഥിതിയുടെയും വൈദ്യചികിത്സയുടെയും—ഉയരത്തിൽ പെട്ടെന്നുണ്ടായ മാറ്റമാണ്. ആദ്യം പരിസ്ഥിതിയെ കുറിച്ചു പരിചിന്തിക്കാം.
ഭൗതിക പരിസ്ഥിതി. കഴിഞ്ഞകാലത്ത്, മനുഷ്യന്റെ ഭൗതിക പരിസ്ഥിതി—ഉദാഹരണത്തിന് അവന്റെ ഭവനം—ആരോഗ്യത്തിനു വലിയ ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ സമീപ ദശകങ്ങളിൽ, ഭൗതിക പരിസ്ഥിതി ഉയർത്തുന്ന അപകടങ്ങൾ കുറയ്ക്കാൻ കഴിഞ്ഞിരിക്കുന്നു. മെച്ചപ്പെട്ട ശുചിത്വ സൗകര്യങ്ങൾ, ശുദ്ധമായ ജലം എന്നിവ ലഭ്യമാക്കാൻ കഴിഞ്ഞിരിക്കുന്നതിനു പുറമേ കീടങ്ങളുടെ ശല്യം കുറയ്ക്കാൻ സാധിച്ചിരിക്കുന്നതും മനുഷ്യന്റെ പരിസ്ഥിതിയെയും ആരോഗ്യത്തെയും മെച്ചപ്പെടുത്തിയിരിക്കുന്നു, അത് അവന്റെ ആയുസ്സും വർധിപ്പിച്ചിരിക്കുന്നു. തത്ഫലമായി ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മനുഷ്യർക്ക് ഇന്ന് ഓട്ടക്കളത്തിൽ കൂടുതൽ ദൂരം മുന്നേറാൻ കഴിഞ്ഞിരിക്കുന്നു.c എന്നിരുന്നാലും, ഈ ഹർഡിലിന്റെ ഉയരം കുറയ്ക്കുന്നതിൽ വീടിനകത്ത് പൈപ്പും മറ്റും പിടിപ്പിക്കുന്നതിൽ അധികം ഉൾപ്പെട്ടിരിക്കുന്നു. സാമൂഹികവും മതപരവുമായ പരിസ്ഥിതിയും ആരോഗ്യാവഹമായി നിലനിർത്തേണ്ടതുണ്ട്.
സാമൂഹിക പരിസ്ഥിതി. നിങ്ങളുടെ സാമൂഹിക പരിസ്ഥിതി, ആളുകൾ അതായത് നിങ്ങളോടൊപ്പം ജീവിക്കുകയും ജോലി ചെയ്യുകയും ആഹാരം കഴിക്കുകയും ആരാധിക്കുകയും കളിക്കുകയും ചെയ്യുന്നവർ കൂടിച്ചേർന്നതാണ്. ശുദ്ധമായ ജലം ലഭ്യമാണെങ്കിൽ നിങ്ങളുടെ ഭൗതിക പരിസ്ഥിതി മെച്ചപ്പെടും. സമാനമായി, നല്ല സഹകാരികൾ—സുപ്രധാനമായ ഘടകങ്ങളിൽ ഒന്നു മാത്രമാണിത്—ഉണ്ടെങ്കിൽ നിങ്ങളുടെ സാമൂഹിക പരിസ്ഥിതിയും മെച്ചപ്പെട്ടേക്കാം. സന്തോഷവും ദുഃഖവും സ്വപ്നങ്ങളും മോഹഭംഗങ്ങളും മറ്റുള്ളവരോടൊത്തു പങ്കു വെക്കാൻ കഴിയുന്നത് പരിസ്ഥിതിയാകുന്ന ഹർഡിലിന്റെ ഉയരം കുറയ്ക്കുകയും ഓട്ടക്കളത്തിൽ കൂടുതൽ ദൂരം മുന്നേറാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.
എന്നാൽ മറിച്ചും സംഭവിച്ചേക്കാം. സഹകാരികളുടെ അഭാവം ഏകാന്തതയ്ക്കും സമൂഹത്തിൽനിന്നുള്ള ഒറ്റപ്പെടലിനും കാരണമായേക്കാം. ചുറ്റുമുള്ള ആളുകൾ കരുതൽ പ്രകടമാക്കുന്നില്ലെങ്കിൽ നിങ്ങൾ തളർന്നുപോകാൻ സാധ്യതയുണ്ട്. വൃദ്ധസദനത്തിൽ ജീവിക്കുന്ന ഒരു സ്ത്രീ ഒരു പരിചയക്കാരിക്ക് ഇങ്ങനെ എഴുതി: “എനിക്ക് 82 വയസ്സുണ്ട്. ഞാൻ ഇവിടെ വന്നിട്ട് നീണ്ട 16 വർഷം പിന്നിട്ടിരിക്കുന്നു. അവർ ഞങ്ങളോടു നന്നായി പെരുമാറുന്നു, പക്ഷേ ഏകാന്തത എന്നെ വല്ലാതെ വീർപ്പു മുട്ടിക്കുന്നു.” സങ്കടകരമെന്നു പറയട്ടെ, ഈ സ്ത്രീയുടെ സാഹചര്യത്തിലുള്ള ഒട്ടേറെ വൃദ്ധരുണ്ട്, വിശേഷിച്ചും പാശ്ചാത്യ ലോകത്ത്. വൃദ്ധരെ ആട്ടിപ്പുറത്താക്കുകയില്ലെങ്കിലും അവരെ ഒട്ടും വിലമതിക്കാത്ത ഒരു സാമൂഹിക പരിസ്ഥിതിയിലാണ് അവർ മിക്കപ്പോഴും ജീവിക്കുന്നത്. തത്ഫലമായി, “വികസിത ലോകത്തെ പ്രായമായവരുടെ ക്ഷേമത്തിനു നിരന്തരം ഭീഷണി ഉയർത്തുന്ന വലിയ കാര്യങ്ങളിൽ ഒന്നാണ് ഏകാന്തത” എന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ്ങിലെ ജെയിംസ് കായെക്ക പറയുന്നു.
നിർബന്ധിത തൊഴിൽ വിരാമം, ചലനശേഷി മന്ദീഭവിക്കൽ, ദീർഘകാല സുഹൃത്തുക്കളുടെ നഷ്ടം അല്ലെങ്കിൽ ഇണയുടെ മരണം എന്നിങ്ങനെ ഏകാന്തതയ്ക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ നിങ്ങൾക്കു സാധിക്കുകയില്ലായിരിക്കാം. എങ്കിലും മറികടക്കാൻ സാധിക്കുംവിധം ഈ ഹർഡിലിന്റെ ഉയരം കുറയ്ക്കാനുള്ള ചില പടികൾ നിങ്ങൾക്കു സ്വീകരിക്കാവുന്നതാണ്. പ്രായമായതുകൊണ്ടല്ല ഏകാന്തത അനുഭവപ്പെടുന്നത് എന്ന് ആദ്യംതന്നെ മനസ്സിലാക്കണം; ചില ചെറുപ്പക്കാർക്കും ഏകാന്തത അനുഭവപ്പെടാറുണ്ട്. സാമൂഹികമായി ഒറ്റപ്പെടുന്നതാണ്, വാർധക്യമല്ല, ഈ പ്രശ്നത്തിനു കാരണം. ഏകാന്തതയിലേക്കു വഴുതി വീഴുന്നത് ഒഴിവാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും?
“നിങ്ങളുമൊത്തു സഹവസിക്കുന്നത് ആളുകൾക്ക് ആസ്വാദ്യമാക്കി തീർക്കുക,” പ്രായം ചെന്ന ഒരു വിധവ ഉപദേശിക്കുന്നു. “എപ്പോഴും പിറുപിറുക്കുന്ന ഒരു വ്യക്തിയോടൊപ്പം ആയിരിക്കാൻ ആരും ആഗ്രഹിക്കില്ല. പ്രസന്നഭാവം ഉണ്ടായിരിക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതുണ്ട്. അതിനു ശ്രമം ആവശ്യമാണെങ്കിലും അതു തക്ക മൂല്യമുള്ളതാണ്. ദയാവായ്പോടെ മറ്റുള്ളവരോടു പെരുമാറിയാൽ മറ്റുള്ളവർ നിങ്ങളോടും അങ്ങനെതന്നെ പെരുമാറും.” അവർ കൂട്ടിച്ചേർക്കുന്നു: “കണ്ടുമുട്ടുന്നവരോട്, ചെറുപ്പക്കാരോടായാലും പ്രായമായവരോടായാലും ശരി, സംഭാഷണത്തിനുള്ള വിഷയം ലഭിക്കേണ്ടതിനായി സമകാലീന സംഭവങ്ങൾ മനസ്സിലാക്കാൻ ഞാൻ വിജ്ഞാനപ്രദമായ മാസികകൾ വായിക്കുകയും വാർത്തകൾ കേൾക്കുകയും ചെയ്യുന്നു.”
മറ്റു ചില നിർദേശങ്ങൾ ഇതാ: മറ്റുള്ളവർക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ താത്പര്യം കാണിക്കാൻ പഠിക്കുക. ചോദ്യങ്ങൾ ചോദിക്കുക. കഴിയുന്നിടത്തോളം ഉദാരമനസ്കരായിരിക്കുക. ഭൗതിക സഹായം നൽകാൻ സാധിക്കുന്നില്ലെങ്കിലും നിങ്ങളെത്തന്നെ ലഭ്യരാക്കാൻ കഴിയും. കൊടുക്കുന്നതിൽ സന്തോഷം ഉണ്ട്. കത്തുകൾ എഴുതുക. ഏതെങ്കിലും ഒരു ഹോബിയിൽ ഏർപ്പെടുക. മറ്റ് ആളുകളെ സന്ദർശിക്കാനോ അവരോടൊപ്പം എവിടെങ്കിലും പോകാനോ ഉള്ള ക്ഷണം ലഭിക്കുമ്പോൾ അതു സ്വീകരിക്കുക. ആളുകൾക്ക് നിങ്ങളുടെ ഭവനം സന്ദർശിക്കാൻ തോന്നത്തക്കവിധം അന്തരീക്ഷം ഹൃദ്യമാക്കാൻ ശ്രമിക്കുക. സഹായം ആവശ്യമുള്ളവരെ കണ്ടെത്തി സഹായഹസ്തം നീട്ടുക.
മതപരമായ പരിസ്ഥിതി. “ജീവിതത്തിന്റെ അർഥവും പ്രാധാന്യവും” മനസ്സിലാക്കാനും “സന്തോഷം” അനുഭവിക്കാനും “ഉപയോഗപ്രദരാണെന്ന തോന്ന”ൽ ഉണ്ടായിരിക്കാനും “ജീവിതത്തിൽ സംതൃപ്തി” അനുഭവിക്കാനും “സമുദായത്തിൽ വേണ്ടപ്പെട്ടവരാണെന്ന തോന്നലും ചാരിതാർഥ്യവും” ഉണ്ടായിരിക്കാനും മതപരമായ പ്രവർത്തനങ്ങൾ പ്രായമായവരെ സഹായിക്കുന്നതായി സൂചിപ്പിക്കുന്ന തെളിവുകൾ കൂടുതലായി ലഭിച്ചുകൊണ്ടിരിക്കുകയാണ്. കാരണം? പിൽക്കാല ജീവിതം—വാർധക്യത്തിന്റെ യാഥാർഥ്യങ്ങൾ എന്ന ഇംഗ്ലീഷ് പുസ്തകം വിവരിക്കുന്നു: “മതവിശ്വാസം ആളുകൾക്ക് ജീവിതത്തെ കുറിച്ചുള്ള തത്ത്വചിന്തയും അതുപോലെ തങ്ങൾക്കു ചുറ്റുമുള്ള ലോകത്തെ വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന മനോഭാവങ്ങളും മൂല്യങ്ങളും വിശ്വാസങ്ങളും പ്രദാനം ചെയ്യുന്നു.” അതിനു പുറമേ, മതപരമായ പ്രവർത്തനങ്ങൾ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ പ്രായമായവർക്ക് അവസരം പ്രദാനം ചെയ്യുന്നു. അങ്ങനെ “സമൂഹത്തിൽനിന്ന് ഒറ്റപ്പെടാനും ഏകാന്തതയ്ക്ക് അടിപ്പെടാനും ഉള്ള സാധ്യത കുറയുന്നു.”
ല്വിസും എവ്ലിനും 80 വയസ്സുള്ള വിധവകളാണ്. യഹോവയുടെ സാക്ഷികളുടെ സഭയിലെ അംഗങ്ങളായ ഇവരുടെ കാര്യത്തിൽ മേൽപ്പറഞ്ഞ പഠനങ്ങളെല്ലാം പതിറ്റാണ്ടുകളായി ഇവർക്ക് അറിയാമായിരുന്ന സംഗതികൾ സ്ഥിരീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. “ഞങ്ങളുടെ രാജ്യഹാളിൽd പ്രായമായവരോടും ചെറുപ്പക്കാരോടും ഞാൻ സംസാരിക്കാറുണ്ട്, ഞാൻ അത് ആസ്വദിക്കുന്നു” എന്ന് ല്വിസ് പറയുന്നു. “യോഗങ്ങൾ പ്രബോധനാത്മകങ്ങളാണ്. യോഗങ്ങൾക്കു ശേഷം ഞങ്ങൾ ഒന്നിച്ചുകൂടി പലതും പറഞ്ഞ് ഉള്ളു തുറന്നു ചിരിക്കാറുണ്ട്. സന്തോഷത്തിന്റെ സമയമാണ് അത്.” തന്റെ മതപരമായ പ്രവർത്തനങ്ങളിൽനിന്ന് എവ്ലിനും പ്രയോജനം അനുഭവിക്കുന്നു. “അയൽപക്കത്തുള്ള ആളുകളുടെ അടുക്കൽ പോയി ബൈബിളിനെ കുറിച്ചു സംസാരിക്കുന്നത് ഒറ്റപ്പെട്ടു എന്ന തോന്നൽ ഇല്ലാതിരിക്കാൻ എന്നെ സഹായിക്കുന്നു” എന്ന് അവർ പറയുന്നു. “അതിലുപരിയായി അത് എനിക്കു സന്തോഷം തരുന്നു. ജീവിതത്തിന്റെ യഥാർഥ അർഥം കണ്ടെത്താൻ ആളുകളെ സഹായിക്കുന്നത് സംതൃപ്തിദായകമായ ഒരു വേലയാണ്.”
ല്വിസിനെയും എവ്ലിനെയും സംബന്ധിച്ചിടത്തോളം ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ട്. തത്ഫലമായി അവർ അനുഭവിക്കുന്ന സന്തോഷം രണ്ടാമത്തെ ഹർഡിലിന്റെ—പരിസ്ഥിതിയുടെ—ഉയരം കുറയ്ക്കുന്നു. ഇത് ശരിയായ രീതിയിൽ ഓട്ടം തുടരാൻ അവരെ സഹായിക്കുന്നു.—സങ്കീർത്തനം 92:13, 14 താരതമ്യം ചെയ്യുക.
കുറഞ്ഞ ചെലവിൽ കൂടുതൽ ഫലപ്രദമായ വൈദ്യചികിത്സ ലഭ്യം
മൂന്നാമത്തെ ഹർഡിലിന്റെ—വൈദ്യ ചികിത്സയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ—ഉയരം ആഗോളവ്യാപകമായിട്ടല്ലെങ്കിലും, ഗണ്യമായി കുറയ്ക്കാൻ ഈ നൂറ്റാണ്ടിൽ വൈദ്യശാസ്ത്ര രംഗത്തുണ്ടായിട്ടുള്ള മുന്നേറ്റം സഹായിച്ചിട്ടുണ്ട്. നിരവധി ദരിദ്ര രാജ്യങ്ങളിൽ “വാസ്തവത്തിൽ 1975-നും 1995-നും ഇടയ്ക്ക് ആയുർപ്രതീക്ഷ കുറയുകയാണ് ചെയ്തത്” എന്ന് ലോകാരോഗ്യ റിപ്പോർട്ട് 1998 (ഇംഗ്ലീഷ്) പറയുന്നു. “അൽപ്പ വികസിത രാജ്യങ്ങളിൽ ഇന്ന് 4-ൽ 3 പേർ വീതം 50 വയസ്സാകുന്നതിനു മുമ്പ് മരിക്കുന്നു, 50 വയസ്സാകട്ടെ, അര നൂറ്റാണ്ടു മുമ്പത്തെ ആഗോള ആയുർപ്രതീക്ഷയായിരുന്നു” എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ അഭിപ്രായപ്പെട്ടു.
എന്നിരുന്നാലും, ദരിദ്ര രാജ്യങ്ങളിൽ ലഭ്യമായ, ചെലവു കുറഞ്ഞ വൈദ്യ ചികിത്സയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ ഹർഡിലിന്റെ ഉയരം കുറയ്ക്കാൻ പ്രായമായവരും അല്ലാത്തവരുമായ അനേകം ആളുകൾക്ക് ഇന്നു കഴിയുന്നുണ്ട്. ഉദാഹരണമായി, ക്ഷയരോഗ ചികിത്സയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ള പുതിയ സമീപനം തന്നെ പരിചിന്തിക്കാം.
ലോകവ്യാപകമായി, എയ്ഡ്സ്, മലമ്പനി, ഉഷ്ണമേഖലാ രോഗങ്ങൾ എന്നിവ മൂലം മരിക്കുന്ന മൊത്തം ആളുകളെക്കാൾ കൂടുതൽ ആളുകൾ ക്ഷയരോഗം മൂലം മരിക്കുന്നുണ്ട്, ഓരോ ദിവസവും 8,000 ആളുകൾ വീതം. ഓരോ 100 ക്ഷയരോഗികളിലും 95 പേർ വീതം വികസ്വര രാജ്യങ്ങളിലാണു ജീവിക്കുന്നത്. ഏതാണ്ട് രണ്ട് കോടി ആളുകൾ സജീവമായ ക്ഷയരോഗം മൂലം ദുരിതം അനുഭവിക്കുന്നു. ഏതാണ്ട് മൂന്നു കോടി ആളുകൾ—ബൊളീവിയയിലും കംബോഡിയയിലും മലാവിയിലും ഉള്ള മൊത്തം ആളുകളുടെ എണ്ണത്തിനു തുല്യമായ സംഖ്യ—അടുത്ത പത്തു വർഷത്തിനുള്ളിൽ ഈ രോഗം മൂലം മരിക്കും.
1997-ൽ, ആശുപത്രിയിൽ കിടക്കുകയോ ഉയർന്ന സാങ്കേതിക വൈദ്യ ചികിത്സ സ്വീകരിക്കുകയോ ചെയ്യാതെ തന്നെ ആറു മാസംകൊണ്ട് ക്ഷയരോഗം ചികിത്സിച്ചു മാറ്റാനുള്ള ഒരു ചികിത്സാരീതി വികസിപ്പിച്ചെടുത്തതായി ലോകാരോഗ്യ സംഘടന സന്തോഷപൂർവം പ്രഖ്യാപിച്ചതിൽ അതിശയിക്കാനില്ല. “സമ്പന്ന രാജ്യങ്ങളിൽ മാത്രമല്ല, ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിൽ പോലും ക്ഷയരോഗം ഇല്ലാതാക്കാനുള്ള സജ്ജീകരണങ്ങളും ചികിത്സാരീതികളും ആവിഷ്കരിക്കാൻ കഴിഞ്ഞത് ഇതാദ്യമാണ്” എന്ന് ലോകാരോഗ്യ സംഘടനയുടെ ഒരു പ്രസിദ്ധീകരണമായ ക്ഷയരോഗ ചികിത്സാ നിരീക്ഷകൻ (ഇംഗ്ലീഷ്) പറയുന്നു. “ഈ ദശകത്തിലെ ഏറ്റവും വലിയ ആരോഗ്യ മുന്നേറ്റം” എന്നു ചിലർ വിശേഷിപ്പിച്ച ഈ ചികിത്സാ രീതി ഡോട്ട്സ്e എന്നാണ് അറിയപ്പെടുന്നത്.
സാധാരണ ക്ഷയരോഗ ചികിത്സകളെ അപേക്ഷിച്ച്, ഈ പുതിയ രീതിക്കു ചെലവു വളരെ കുറവാണെങ്കിലും ഫലങ്ങൾ ശുഭപ്രതീക്ഷയ്ക്കു വക നൽകുന്നു, വിശേഷിച്ചും വികസ്വര രാജ്യങ്ങളിൽ ജീവിക്കുന്നവർക്ക്. “മറ്റൊരു ക്ഷയരോഗ ചികിത്സയും ഇതുപോലെ തുടർച്ചയായി ഉയർന്ന അളവിൽ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടില്ല,” ലോകാരോഗ്യ സംഘടനയുടെ ആഗോള ക്ഷയരോഗ പദ്ധതി ഡയറക്ടറായ ഡോ. ആരാറ്റാ കോച്ചി പറയുന്നു. “ഏറ്റവും ദരിദ്രമായ രാജ്യങ്ങളിൽപ്പോലും ഡോട്ട്സ് 95 ശതമാനം വരെ ഫലപ്രദമാണ്,” 1997-ന്റെ അവസാനം ആയപ്പോഴേക്കും 89 രാജ്യങ്ങൾ ഡോട്ട്സ് ചികിത്സാരീതി സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഇന്ന് ആ സംഖ്യ 96 ആയി ഉയർന്നിരിക്കുന്നു. അൽപ്പ വികസിത രാജ്യങ്ങളിലെ ഇനിയും ദശലക്ഷക്കണക്കിനു ദരിദ്ര ജനങ്ങൾക്കു കൂടെ ഈ ചികിത്സാരീതി പ്രാപ്യമായിത്തീരും എന്ന് ലോകാരോഗ്യ സംഘടന പ്രത്യാശിക്കുന്നു, അങ്ങനെ അവർക്കും ജീവിതമാകുന്ന ഓട്ടത്തിലെ മൂന്നാമത്തെ ഹർഡിലിന്റെ ഉയരം കുറയ്ക്കാനാകും.
ശീലങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട്, പരിസ്ഥിതി അഭിവൃദ്ധിപ്പെടുത്തിക്കൊണ്ട്, വൈദ്യചികിത്സ മെച്ചപ്പെടുത്തിക്കൊണ്ട് തന്റെ ശരാശരി ആയുർദൈർഘ്യവും ആയുർപ്രതീക്ഷയും വർധിപ്പിക്കാൻ മനുഷ്യനു തീർച്ചയായും സാധിച്ചിട്ടുണ്ട്. എന്നാൽ പരമാവധി ആയുർദൈർഘ്യവും വർധിപ്പിക്കാൻ—ഒരുപക്ഷേ ഫിനിഷിങ് ലൈൻ ഇല്ലാതെ ജീവിക്കാൻ പോലും—മനുഷ്യന് എന്നെങ്കിലും കഴിയുമോ എന്നതാണ് ചോദ്യം.
[അടിക്കുറിപ്പുകൾ]
a “ആയുർപ്രതീക്ഷ,” “ശരാശരി ആയുർദൈർഘ്യം” എന്നീ പദങ്ങൾ മിക്കപ്പോഴും മാറി മാറി ഉപയോഗിക്കാറുണ്ടെങ്കിലും രണ്ടു പദങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഒരു വ്യക്തിക്കു ജീവിച്ചിരിക്കാമെന്നു പ്രതീക്ഷിക്കാൻ കഴിയുന്ന കാലദൈർഘ്യത്തെയാണ് “ആയുർപ്രതീക്ഷ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. “ശരാശരി ആയുർദൈർഘ്യം” എന്നുള്ളതാകട്ടെ, ആളുകൾ വാസ്തവത്തിൽ ജീവിച്ചിരിക്കുന്ന ശരാശരി കാലദൈർഘ്യത്തെ പരാമർശിക്കുന്നു. അതുകൊണ്ട്, ആയുർപ്രതീക്ഷ കണക്കുകൂട്ടുന്നത് ശരാശരി ആയുർദൈർഘ്യത്തെ അടിസ്ഥാനമാക്കിയാണ്.
b മാറ്റം വരുത്താൻ കഴിയുന്ന ഈ ഘടകങ്ങൾക്കു പുറമേ, പാരമ്പര്യമായി മനുഷ്യനു ലഭിക്കുന്ന മാറ്റം വരുത്താൻ കഴിയാത്ത ജനിതക ഘടനയും അവന്റെ ആരോഗ്യത്തെയും ആയുർദൈർഘ്യത്തെയും ബാധിക്കുന്നു. അടുത്ത ലേഖനത്തിൽ ഇതു ചർച്ച ചെയ്യുന്നതായിരിക്കും.
c ലളിതമായ നടപടികളിലൂടെ ഭവന പരിസ്ഥിതി മെച്ചപ്പെടുത്താനുള്ള വിധത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി 1989 നവംബർ 8, 1995 ഏപ്രിൽ 8 ലക്കം ഉണരുക!-യുടെ “ശുചിത്വത്തിന്റെ വെല്ലുവിളിയെ നേരിടൽ,” “നിങ്ങളുടെ ആരോഗ്യത്തെ രൂപപ്പെടുത്തുന്നത്—നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത്” എന്നീ ലേഖനങ്ങൾ കാണുക.
d യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രതിവാര യോഗങ്ങൾ നടത്തുന്ന സ്ഥലത്തെയാണ് രാജ്യഹാൾ എന്നു പറയുന്നത്. ഈ യോഗങ്ങളിൽ ആർക്കും സംബന്ധിക്കാവുന്നതാണ്. ഹാജരാകുന്നവരിൽനിന്നു പണം പിരിക്കാറില്ല.
e ഹ്രസ്വകാലത്തേക്ക് നേരിട്ട് നിരീക്ഷിച്ചുകൊണ്ടുള്ള ചികിത്സാരീതി എന്ന് അർഥമുള്ള ഇംഗ്ലീഷ് പ്രയോഗത്തിലെ പദങ്ങളുടെ ആദ്യക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ പദമാണ് ഡോട്ട്സ്. ഈ ചികിത്സാരീതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1999 മേയ് 22 ലക്കം ഉണരുക!-യിലെ “ക്ഷയരോഗത്തിന് എതിരെയുള്ള പോരാട്ടത്തിന് ഒരു പുതിയ ആയുധം” എന്ന ലേഖനം കാണുക.
[6-ാം പേജിലെ ചതുരം/ചിത്രം]
എത്രത്തോളം വ്യായാമം, ഏതു തരം വ്യായാമം?
“ഓരോ ദിവസവും മുപ്പതു മിനിട്ടു നേരം മിതമായ തോതിൽ വ്യായാമം ചെയ്യാൻ ലക്ഷ്യം വെക്കുന്നതു നല്ലതാണ്” എന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ് (എൻഐഎ) പറയുന്നു. എന്നാൽ 30 മിനിട്ട് തുടർച്ചയായി വ്യായാമം ചെയ്യേണ്ടതില്ല. 10 മിനിട്ടു വീതം 3 തവണയായി ചെയ്യുന്നത് 30 മിനിട്ട് തുടർച്ചയായി വ്യായാമം ചെയ്യുന്നതിന്റെ അതേ പ്രയോജനം നൽകും. ഏതു തരം വ്യായാമം ആണ് ചെയ്യാൻ കഴിയുക? എൻഐഎ ചെറുപുസ്തകമായ വ്യായാമം: അതു നിസ്സാരമായിട്ട് എടുക്കരുത്! (ഇംഗ്ലീഷ്) നിർദേശിക്കുന്നു: “ലിഫ്റ്റ് ഉപയോഗിക്കുന്നതിനു പകരം ഗോവണി കയറി പോവുക അല്ലെങ്കിൽ വണ്ടിയോടിച്ചു പോകുന്നതിനു പകരം നടന്നു പോവുക തുടങ്ങി പലതരത്തിലുള്ള ഹ്രസ്വമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ദിവസം 30 മിനിട്ട് വ്യായാമം ചെയ്യുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങളെ സഹായിക്കും. കരിയില അടിച്ചുകൂട്ടുന്നതും കുട്ടികളോടൊത്ത് സജീവമായി കളികളിൽ ഏർപ്പെടുന്നതും തോട്ടം പരിപാലിക്കുന്നതും എന്തിന് വീട്ടുജോലികൾ ചെയ്യുന്നതുപോലും മേൽപ്പറഞ്ഞ ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങളെ സഹായിക്കും.” ഏതു വ്യായാമ പരിപാടിയും തുടങ്ങുന്നതിനു മുമ്പ് ഡോക്ടറുമായി അതു ചർച്ച ചെയ്യുന്നതു ബുദ്ധിയായിരിക്കും.
[ചിത്രം]
മിതമായ തോതിലുള്ള ശാരീരിക പ്രവർത്തനങ്ങൾ ശക്തിയും ഓജസ്സും വീണ്ടെടുക്കാൻ പ്രായമായവരെ സഹായിക്കും
[7-ാം പേജിലെ ചതുരം/ചിത്രം]
മനസ്സിനെ വഴക്കമുള്ളതാക്കി നിലനിർത്തൽ
പ്രായമായ ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളിച്ചു നടത്തിയ ശാസ്ത്ര പഠനങ്ങളിലൂടെ പ്രായമായവരുടെ മനസ്സിനെ വഴക്കമുള്ളതാക്കി നിലനിർത്താൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ കണ്ടെത്തി. “വായന, യാത്ര, സാംസ്കാരിക പരിപാടികൾ, വിദ്യാഭ്യാസം, ക്ലബുകൾ, തൊഴിൽ സമിതികൾ എന്നിവയിലുള്ള സജീവമായ ഉൾപ്പെടൽ” അവയിൽ പെടുന്നു. “സാധിക്കുന്നത്രയും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുക.” “പ്രവർത്തനക്ഷമരായിരിക്കുക. വിശ്രമ ജീവിതത്തിലേക്കു തിരിയാതിരിക്കുക.” “ടിവി-യുടെ മുമ്പിൽ ചടഞ്ഞിരിക്കരുത്.” “ഏതെങ്കിലുമൊരു കോഴ്സിനു ചേരുക.” അത്തരം പ്രവർത്തനങ്ങൾ നിങ്ങളുടെ സാമൂഹികവും ബുദ്ധിപരവുമായ ഉന്നമനത്തിന് ഇടയാക്കുമെന്നു മാത്രമല്ല, മസ്തിഷ്കത്തിൽ പുതിയ നാഡീബന്ധങ്ങൾ രൂപപ്പെടുത്തുകയും ചെയ്യും.
[ചിത്രം]
മനസ്സ് വഴക്കമുള്ളതാക്കി നിലനിർത്താൻ മാനസിക വ്യായാമം സഹായിക്കുന്നു
[8-ാം പേജിലെ ചതുരം/ചിത്രം]
പ്രായമായിക്കൊണ്ടിരിക്കുന്നവർക്ക് ആരോഗ്യ സംബന്ധമായ നിർദേശങ്ങൾ
പിൻവരുന്ന ബുദ്ധിപൂർവകമായ നടപടികൾ പിൻപറ്റുന്നത് “നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും ഉള്ള സാധ്യത വർധിപ്പിക്കും” എന്ന് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിന്റെ ഒരു വിഭാഗമായ ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ് പറയുന്നു:
● പഴവർഗങ്ങളും പച്ചക്കറികളും അടങ്ങിയ സന്തുലിതമായ ആഹാരക്രമം പാലിക്കുക.
● മദ്യം ഉപയോഗിക്കുന്നുണ്ടെങ്കിൽ മിതത്വം പാലിക്കുക.
● പുകവലിക്കാതിരിക്കുക. പുകവലി നിറുത്താൻ വൈകിപ്പോയിട്ടില്ലെന്നു മനസ്സിലാക്കുക.
● ക്രമമായി വ്യായാമം ചെയ്യുക. വ്യായാമ പരിപാടി തുടങ്ങുന്നതിനു മുമ്പ് ഡോക്ടറുമായി സംസാരിക്കുക.
● കുടുംബവും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്തുക.
● ജോലി, കളി, സാമുദായിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ പ്രവർത്തനക്ഷമരായിരിക്കുക.
● ജീവിതത്തിൽ ശുഭപ്രതീക്ഷ വെച്ചുപുലർത്തുക.
● സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക.
● ക്രമമായി വൈദ്യപരിശോധനകൾ നടത്തുക.
[9-ാം പേജിലെ ചതുരം]
മസ്തിഷ്ക കോശങ്ങളെ പുതിയ രീതിയിൽ വീക്ഷിക്കൽ
“ഒരു വ്യക്തിയുടെ ജീവിതകാലത്തിൽ ഓരോ ദിവസവും മസ്തിഷ്കത്തിന്റെ എല്ലാ ഭാഗത്തും കോശങ്ങൾ നഷ്ടപ്പെടുന്നുണ്ട് എന്നാണ് നാം വിചാരിച്ചിരുന്നത്,” മനോരോഗ, നാഡീരോഗ പ്രൊഫസറായ ഡോ. മെറിലിൻ ആൽബർട്ട് പറയുന്നു. “അതു ശരിയല്ല. വാർധക്യം പ്രാപിക്കുന്ന ആരോഗ്യമുള്ള ഒരു വ്യക്തിയുടെ കാര്യത്തിൽ നാഡീകോശങ്ങളുടെ നഷ്ടം ചെറിയ തോതിൽ—അത്ര ഗണ്യമായ വിധത്തിൽ അല്ല—മാത്രമേ സംഭവിക്കുന്നുള്ളൂ, അതും മസ്തിഷ്കത്തിന്റെ ഏതാനും ഭാഗങ്ങളിൽ മാത്രം.” കൂടാതെ, മനുഷ്യമസ്തിഷ്കത്തിൽ പുതിയ കോശങ്ങൾ വളരുകയില്ല എന്ന, ദീർഘകാലമായിട്ടുണ്ടായിരുന്ന വിശ്വാസം “തികച്ചും ബുദ്ധിശൂന്യമായ ഒന്നായിരുന്നു” എന്ന് അടുത്തകാലത്തെ കണ്ടുപിടിത്തങ്ങൾ സൂചിപ്പിക്കുന്നതായി 1998 നവംബറിലെ സയന്റിഫിക് അമേരിക്കൻ പറയുന്നു. പ്രായമായവരിൽപോലും “കൂടുതലായ നൂറുകണക്കിനു മസ്തിഷ്കകോശങ്ങൾ രൂപംകൊള്ളുന്നുണ്ട്” എന്നുള്ളതിനു വേണ്ടുവോളം തെളിവുകൾ ഇപ്പോൾ ലഭിച്ചിരിക്കുന്നതായി നാഡീശാസ്ത്രജ്ഞർ പറയുന്നു.
[11-ാം പേജിലെ ചതുരം]
പ്രായമായവർ കൂടുതൽ ജ്ഞാനികളോ?
“വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ടു” എന്ന് ബൈബിൾ പറയുന്നു. (ഇയ്യോബ് 12:12) അതു ശരിയാണോ? “ഉൾക്കാഴ്ച, വിവേചനാശേഷി, കാഴ്ചപ്പാട്, പരസ്പര വിരുദ്ധ ആശയങ്ങൾ വിലയിരുത്താനുള്ള പ്രാപ്തി, പ്രശ്ന പരിഹാരത്തിനുള്ള മാർഗങ്ങൾ കണ്ടുപിടിക്കാനുള്ള കഴിവ്” എന്നീ ഗുണങ്ങൾ അളക്കുന്നതിന് ഗവേഷകർ പ്രായമായവരെ പഠനവിധേയരാക്കി. “കൂടുതൽ ചിന്താപൂർവകവും ബുദ്ധിപൂർവകവുമായ ഉപദേശങ്ങൾ നൽകിക്കൊണ്ട് പ്രായമായവർ എപ്പോഴും ജ്ഞാനത്തിന്റെ എല്ലാ തലങ്ങളിലും യുവജനങ്ങളെ കടത്തിവെട്ടു”ന്നതായി പഠനം വെളിപ്പെടുത്തുന്നു എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. “തീരുമാനങ്ങൾ എടുക്കാൻ പ്രായമായവർക്കു യുവജനങ്ങളെ അപേക്ഷിച്ച് കൂടുതൽ സമയം വേണമെങ്കിലും ആ തീരുമാനം സാധാരണഗതിയിൽ അവരുടേതിനെക്കാൾ മെച്ചപ്പെട്ടതായിരിക്കും” എന്നും പഠനങ്ങൾ കാണിക്കുന്നു. അതുകൊണ്ട് ഇയ്യോബ് എന്ന ബൈബിൾ പുസ്തകം പറയുന്നത് ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു: പ്രായമായ ഒരു വ്യക്തി ജ്ഞാനി തന്നെയാണ്.
[5-ാം പേജിലെ ചിത്രം]
നിറയെ തടസ്സങ്ങളുള്ള ഒരു ഹർഡിൽ മത്സരം പോലെയാണ് ജീവിതം
[9-ാം പേജിലെ ചിത്രം]
“നിങ്ങളുമൊത്തു സഹവസിക്കുന്നത് ആളുകൾക്ക് ആസ്വാദ്യമാക്കി തീർക്കുക,” ഒരു വിധവ ഉപദേശിക്കുന്നു
[10-ാം പേജിലെ ചിത്രം]
“ജീവിതത്തിന്റെ യഥാർഥ അർഥം കണ്ടെത്താൻ ആളുകളെ സഹായിക്കുന്നത് സംതൃപ്തിദായകമായ ഒരു വേലയാണ്.”—എവ്ലിൻ
[10-ാം പേജിലെ ചിത്രം]
“ഞങ്ങളുടെ രാജ്യഹാളിൽ പ്രായമായവരോടും ചെറുപ്പക്കാരോടും ഞാൻ സംസാരിക്കാറുണ്ട്, ഞാൻ അത് ആസ്വദിക്കുന്നു”—ല്വീസ്