യഹോവയുടെ വചനം ജീവനുള്ളത്
സങ്കീർത്തനങ്ങളുടെ രണ്ടാം പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
ജീവിതം പരിശോധനകൾ നിറഞ്ഞതാണെന്ന് യഹോവയുടെ ദാസന്മാരായ നമുക്ക് അറിയാം. “ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” എന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതി. (2 തിമൊഥെയൊസ് 3:12) പരിശോധനകളും പീഡനങ്ങളും സഹിച്ചുനിന്നുകൊണ്ട് ദൈവത്തോടു നിർമലത പാലിക്കാൻ നമ്മെ എന്തു സഹായിക്കും?
സങ്കീർത്തനപ്പുസ്തകത്തിന്റെ അഞ്ചു ഭാഗങ്ങളിൽ രണ്ടാമത്തേത് അതിനു നമ്മെ സഹായിക്കുന്നു. പരിശോധനകൾ വിജയകരമായി തരണംചെയ്യാൻ ആഗ്രഹിക്കുന്നപക്ഷം, നാം യഹോവയിൽ പൂർണമായി ആശ്രയിക്കുകയും അവൻ ആശ്വാസം പ്രദാനംചെയ്യുന്ന സമയത്തിനായി ക്ഷമാപൂർവം കാത്തിരിക്കുകയും വേണമെന്ന് 42 മുതൽ 72 വരെയുള്ള സങ്കീർത്തനങ്ങൾ വ്യക്തമാക്കുന്നു. എത്ര വിലയേറിയ ഒരു പാഠം! ദൈവവചനത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ സങ്കീർത്തനങ്ങളുടെ രണ്ടാം ഭാഗവും “ജീവനും ചൈതന്യവുമുള്ളതാ”ണെന്നതിനു സംശയമില്ല, നമ്മുടെ കാലത്തുപോലും.—എബ്രായർ 4:12.
യഹോവ നമ്മുടെ “സങ്കേതവും ബലവും”
യഹോവയുടെ മന്ദിരത്തിൽ അവനെ ആരാധിക്കാൻ കഴിയാത്തതിൽ ദുഃഖിതനായ, പ്രവാസത്തിൽ കഴിയുന്ന ഒരു ലേവ്യൻ പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് സ്വയം ആശ്വസിക്കുന്നു: “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക.” (സങ്കീർത്തനം 42:5, 11; 43:5) ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഈ വാക്കുകൾ സങ്കീർത്തനം 42-ലും 43-ലുമായി കാണുന്ന മൂന്നു ചരണങ്ങളെ (stanzas) കൂട്ടിച്ചേർത്ത് ഒരു കീർത്തനമാക്കിത്തീർക്കുന്നു. അതിവേദനയിലായിരുന്ന യെഹൂദാദേശത്തെപ്രതിയുള്ള ഒരു അപേക്ഷയാണ് 44-ാം സങ്കീർത്തനം—ഹിസ്കീയാ രാജാവിന്റെ കാലത്ത് ദേശം നേരിട്ട അസീറിയൻ ആക്രമണ ഭീഷണി ആയിരുന്നിരിക്കാം പ്രതിസന്ധിക്കു കാരണം.
ഒരു രാജാവിന്റെ വിവാഹം പ്രതിപാദിക്കുന്ന 45-ാം സങ്കീർത്തനം മിശിഹൈക രാജാവിനെക്കുറിച്ചുള്ള പ്രാവചനിക വർണനയാണ്. തുടർന്നുള്ള മൂന്നു സങ്കീർത്തനങ്ങൾ യഹോവയെ “സങ്കേതവും ബലവും,” ‘സർവ്വഭൂമിക്കും മഹാരാജാവ്,’ ‘ഒരു ദുർഗ്ഗം’ എന്നീ വിധങ്ങളിൽ ചിത്രീകരിക്കുന്നു. (സങ്കീർത്തനം 46:1; 47:2; 48:3) സഹമനുഷ്യരിൽ ഒരുവനെപ്പോലും ‘വീണ്ടെടുക്കാൻ ആർക്കും കഴിയില്ല’ എന്ന സത്യം 49-ാം സങ്കീർത്തനം ഭംഗിയായി എടുത്തുകാട്ടുന്നു. (സങ്കീർത്തനം 49:8) രണ്ടാം ഭാഗത്തിന്റെ ആദ്യത്തെ എട്ടു സങ്കീർത്തനങ്ങൾ എഴുതിയത് കോരഹ് പുത്രന്മാരും ഒമ്പതാമത്തേതായ 50-ാം സങ്കീർത്തനം എഴുതിയത് ആസാഫുമാണ്.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
44:18—‘കുറുക്കന്മാരുടെ സ്ഥലം’ എന്നു പരാമർശിച്ചിരിക്കുന്നത് എന്തിനെയാണ്? യുദ്ധത്തിൽ കൊല്ലപ്പെടുന്നവർ കുറുക്കന്മാർക്ക് ആഹാരമായിത്തീരുന്നതിനാൽ ഒരു യുദ്ധമേഖലയെ ആയിരിക്കാം സങ്കീർത്തനക്കാരൻ ഇവിടെ പരാമർശിക്കുന്നത്.
45:13, 14എ—“രാജസന്നിധിയിൽ കൊണ്ടുവര”പ്പെടുന്ന “രാജകുമാരി” ആരാണ്? ‘സർവ്വജാതികളുടെയും രാജാവായ’ യഹോവയാം ദൈവത്തിന്റെ പുത്രിയാണ് അവൾ. (വെളിപ്പാടു 15:3) ആത്മാവിനാൽ അഭിഷേകം ചെയ്തുകൊണ്ട് സ്വന്തം പുത്രന്മാരായി യഹോവ ദത്തെടുക്കുന്ന 1,44,000 ക്രിസ്ത്യാനികളുടെ മഹത്ത്വീകരിക്കപ്പെട്ട സഭയെയാണ് അവൾ പ്രതിനിധാനം ചെയ്യുന്നത്. (റോമർ 8:16) “ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി”നിൽക്കുന്ന ഈ പുത്രിയെ യഹോവ, മണവാളനായ മിശിഹൈക രാജാവിനു നൽകും.—വെളിപ്പാടു 21:2.
45:14ബി, 15—‘കന്യകമാർ’ ആരെ ചിത്രീകരിക്കുന്നു? അഭിഷിക്ത ശേഷിപ്പിനെ പിന്തുണച്ചുകൊണ്ട് അവരോടൊത്തു സേവിക്കുന്ന സത്യാരാധകരുടെ “മഹാപുരുഷാര”മാണ് ഈ കന്യകമാർ. മഹാപുരുഷാരം ‘മഹാകഷ്ടത്തെ’ അതിജീവിക്കുന്നവരാകയാൽ മിശിഹൈക രാജാവിന്റെ വിവാഹം സ്വർഗത്തിൽ പൂർത്തിയാകുമ്പോൾ അവർ ഭൂമിയിലായിരിക്കും. (വെളിപ്പാടു 7:9, 13, 14) ആ സന്ദർഭത്തിൽ അവർ ‘സന്തോഷിച്ച് ഉല്ലസിക്കും.’
45:16—രാജാവിന്റെ പുത്രന്മാർ അവന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും എന്നു പറഞ്ഞിരിക്കുന്നത് ഏതുവിധത്തിൽ? ഭൂമിയിൽ പിറന്നതുമൂലം യേശുവിന് ഭൗമിക പൂർവപിതാക്കന്മാർ ഉണ്ടായിരുന്നു. ആയിരവർഷ വാഴ്ചക്കാലത്ത് അവൻ അവരെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുമ്പോൾ അവർ അവന്റെ പുത്രന്മാർ ആയിത്തീരും. “സർവ്വഭൂമിയിലും . . . പ്രഭുക്കന്മാരാ”യി നിയമിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ അവരിൽ ചിലരും ഉണ്ടായിരിക്കും.
50:2—എന്തുകൊണ്ടാണ് യെരൂശലേം “സൌന്ദര്യത്തിന്റെ പൂർണ്ണത” എന്നു വിളിക്കപ്പെട്ടിരിക്കുന്നത്? നഗരത്തിന്റെ ഭംഗിയൊന്നുമായിരുന്നില്ല അതിനു കാരണം. തന്റെ അഭിഷിക്ത രാജാക്കന്മാരുടെ ആസ്ഥാനമായിട്ടും ആലയം പണിയാനുള്ള സ്ഥലമായിട്ടും തിരഞ്ഞെടുത്തുകൊണ്ട് യഹോവ യെരൂശലേമിനെ ഉപയോഗിക്കുകയും മഹത്ത്വംകൊണ്ട് നിറയ്ക്കുകയും ചെയ്തുവെന്നതായിരുന്നു അതിനു കാരണം.
നമുക്കുള്ള പാഠങ്ങൾ:
42:1-3. വരണ്ട ദേശത്ത് ഒരു മാൻ വെള്ളത്തിനായി ഉഴലുന്നതുപോലെ ലേവ്യനായ സങ്കീർത്തനക്കാരൻ യഹോവയ്ക്കായി കാംക്ഷിച്ചു. യഹോവയെ അവന്റെ മന്ദിരത്തിൽ ആരാധിക്കാൻ കഴിയാത്തതിൽ അവൻ അങ്ങേയറ്റം ദുഃഖിതനായിരുന്നു. അതുനിമിത്തം വിശപ്പില്ലാതായ അവന് ‘കണ്ണുനീർ രാവും പകലും ആഹാരമായിത്തീർന്നു.’ സഹവിശ്വാസികളോടൊപ്പം യഹോവയെ ആരാധിക്കുന്നത് ഒരു പദവിയാണ്. അതിനോടു നാം ആഴമായ വിലമതിപ്പ് നട്ടുവളർത്തേണ്ടതല്ലേ?
42: 4, 5, 11; 43:3-5. നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള ഏതെങ്കിലും കാരണംകൊണ്ട് താത്കാലികമായി ക്രിസ്തീയ സഭയോടു സഹവസിക്കാൻ കഴിയാതെവന്നാൽ നാം ആസ്വദിച്ചിരുന്ന സഹവാസത്തിന്റെ സന്തോഷത്തെക്കുറിച്ച് ഓർക്കുന്നത് നമ്മെ ബലപ്പെടുത്തിയേക്കാം. ആദ്യമൊക്കെ അത് ഏകാന്തത മൂലമുള്ള നമ്മുടെ ദുഃഖം വർധിപ്പിച്ചേക്കാം. എന്നാൽ, ദൈവം നമ്മുടെ സങ്കേതമാണെന്നും അവൻ പ്രദാനംചെയ്യുന്ന ആശ്വാസത്തിനായി നാം കാത്തിരിക്കേണ്ടതുണ്ടെന്നും അതു നമ്മെ ഓർമിപ്പിക്കും.
46:1-3. എന്തു വിപത്തു നേരിട്ടാലും “ദൈവം നമ്മുടെ സങ്കേതവും ബലവും” ആണെന്ന ഉറച്ച ബോധ്യം നമുക്കുണ്ടായിരിക്കണം.
50:16-19. വഞ്ചനാപൂർവം സംസാരിക്കുകയും ദുഷ്ടത പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ദൈവത്തെ പ്രതിനിധാനം ചെയ്യാൻ യാതൊരു അവകാശവുമില്ല.
50:20. മറ്റുള്ളവരുടെ തെറ്റുകൾ കൊട്ടിഘോഷിക്കുന്നതിനു പകരം നാം അവ മറന്നുകളയണം.—കൊലൊസ്സ്യർ 3:13.
“എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക”
ബത്ത്-ശേബയുമായുള്ള ബന്ധത്തിൽ പാപം ചെയ്തശേഷം ദാവീദ് നടത്തുന്ന ഹൃദയംഗമമായ പ്രാർഥനയോടെ ഈ സങ്കീർത്തനഭാഗം ആരംഭിക്കുന്നു. സകല ഭാരവും യഹോവയുടെമേൽ ഇടുകയും രക്ഷയ്ക്കായി അവനിൽ പ്രത്യാശിക്കുകയും ചെയ്യുന്നവരെ യഹോവ വിടുവിക്കുമെന്ന് 52 മുതൽ 57 വരെയുള്ള സങ്കീർത്തനങ്ങൾ പ്രകടമാക്കുന്നു. തന്റെ എല്ലാ കഷ്ടങ്ങളിലും ദാവീദ് യഹോവയെ ശരണമാക്കിയെന്ന് 58 മുതൽ 64 വരെയുള്ള സങ്കീർത്തനങ്ങളിലെ വാക്കുകൾ വ്യക്തമാക്കുന്നു. അവൻ ഇങ്ങനെ പാടി: “എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.”—സങ്കീർത്തനം 62:5.
നമ്മുടെ രക്ഷകനുമായുള്ള ഉറ്റസൗഹൃദം “അവന്റെ നാമത്തിന്റെ മഹത്വം കീർത്തി”ക്കാൻ നമ്മെ പ്രചോദിപ്പിക്കണം. (സങ്കീർത്തനം 66:2) 65-ാം സങ്കീർത്തനം യഹോവയെ ഉദാരമതിയായ ഒരു ദാതാവെന്ന നിലയിൽ സ്തുതിക്കുന്നു. 67-ഉം 68-ഉം രക്ഷാപ്രവൃത്തികളുടെ ദൈവമെന്ന നിലയിലും 70-ഉം 71-ഉം രക്ഷ പ്രദാനം ചെയ്യുന്നവനെന്ന നിലയിലും അവനെ വാഴ്ത്തുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
51:12—“മനസ്സൊരുക്കമുള്ള ആത്മാവിനാൽ” തന്നെ പിന്തുണയ്ക്കാൻ അഭ്യർഥിച്ചപ്പോൾ ദാവീദ് എന്താണ് അർഥമാക്കിയത്?—ദാവീദിനെ സഹായിക്കാനുള്ള ദൈവത്തിന്റെ മനസ്സൊരുക്കത്തെയോ പരിശുദ്ധാത്മാവിനെയോ അല്ല, ദാവീദിന്റെതന്നെ മാനസിക ചായ്വിനെയാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. ശരിയായതു ചെയ്യാനുള്ള ആഗ്രഹം തന്നിൽ അങ്കുരിപ്പിക്കാൻ അവൻ ദൈവത്തോട് അഭ്യർഥിക്കുകയായിരുന്നു.
53:1—ദൈവം ഇല്ലെന്നു വാദിക്കുന്ന ഒരു വ്യക്തി “മൂഢൻ” ആയിരിക്കുന്നത് എങ്ങനെ? ബുദ്ധിപരമായ പരിമിതിയെയല്ല ഇതു കുറിക്കുന്നത്. ദൈവത്തിൽ വിശ്വസിക്കാത്ത ഒരു വ്യക്തി ധാർമികമായി സുബോധം ഇല്ലാത്തവനാണ്. അയാൾക്കു സംഭവിക്കുന്നതായി സങ്കീർത്തനം 53:1-4-ൽ വിവരിച്ചിരിക്കുന്ന ധാർമികാധഃപതനം അതു വെളിപ്പെടുത്തുന്നു.
58:3-5—ദുഷ്ടന്മാർ പാമ്പിനെപ്പോലെ ആയിരിക്കുന്നത് എങ്ങനെ? മറ്റുള്ളവരെക്കുറിച്ച് അവർ പ്രചരിപ്പിക്കുന്ന നുണകൾ സർപ്പവിഷംപോലെയാണ്. അത് ജീവന് അപകടകരമായിരിക്കുന്നതുപോലെ നുണകൾ മറ്റുള്ളവരുടെ സത്പ്പേരിനെ കളങ്കപ്പെടുത്തുന്നു. “ചെവിയടഞ്ഞ പൊട്ടയണലിപോലെ” [“ചെവിയടച്ചുകളയുന്ന മൂർഖനെപ്പോലെ,” NW] ദുഷ്ടന്മാർ മാർഗനിർദേശമോ തിരുത്തലോ ശ്രദ്ധിക്കുന്നില്ല.
58:7—ദുഷ്ടന്മാർ “ഒഴുകിപ്പോകുന്ന വെള്ളംപോലെ” ആയിരിക്കാൻ ദാവീദ് പ്രാർഥിച്ചത് എന്തുകൊണ്ട്? വാഗ്ദത്തദേശത്തെ ഏതെങ്കിലും നീർത്താഴ്വര ആയിരുന്നിരിക്കാം ദാവീദിന്റെ മനസ്സിലുണ്ടായിരുന്നത്. അത്തരം സ്ഥലങ്ങളിൽ പെട്ടെന്നൊരു വെള്ളപ്പൊക്കമുണ്ടായാൽ അധികം താമസിയാതെതന്നെ അതു മുഴുവൻ ഒഴുകിപ്പോകുമായിരുന്നു. സമാനമായി, ദുഷ്ടന്മാർ ക്ഷണത്തിൽ അപ്രത്യക്ഷമായിക്കാണാനാണ് ദാവീദ് പ്രാർഥിച്ചത്.
68:13—“പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞി”രുന്നത് എങ്ങനെ? നീല കലർന്ന ചാരനിറത്തിലുള്ള ചില പ്രാവുകളുടെ തൂവലുകളിൽ ചിലതിനു പല വർണങ്ങളിൽ വെട്ടിത്തിളങ്ങാൻ കഴിയും. സൂര്യന്റെ പൊൻപ്രഭയിൽ അതിന്റെ തൂവൽക്കുപ്പായത്തിന് ഒരുതരം വെള്ളിനിറമായിരിക്കും. യുദ്ധം കഴിഞ്ഞെത്തുന്ന വിജയശ്രീലാളിതരായ ഇസ്രായേൽ പോരാളികളെ, ചിറകടിച്ചുയരുന്ന മനോജ്ഞമായ അത്തരമൊരു പ്രാവിനോട് ഉപമിക്കുകയായിരിക്കാം ദാവീദ് ചെയ്തത്. കൊള്ളമുതലായി കൊണ്ടുവന്ന, ട്രോഫിപോലുള്ള ഒരു കലാസൃഷ്ടിയുടെ കാര്യത്തിലും ആ വർണന പ്രസക്തമാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഏതായിരുന്നാലും യഹോവ തന്റെ ജനത്തിനു ശത്രുക്കളുടെമേൽ നൽകിയ വിജയത്തെയാണ് ദാവീദ് പരാമർശിച്ചത്.
68:18—‘മനുഷ്യരോടു വാങ്ങിയിരിക്കുന്ന കാഴ്ച’ എന്താണ്? വാഗ്ദത്തദേശം കീഴടക്കവേ ഇസ്രായേൽ ബന്ധികളായി പിടിച്ചെടുത്തവരിൽ ഉൾപ്പെട്ടിരുന്ന ചില മനുഷ്യരെത്തന്നെയാണ് ‘മനുഷ്യരോടു വാങ്ങിയിരിക്കുന്ന കാഴ്ച’ എന്ന് ഇവിടെ പരാമർശിച്ചിരിക്കുന്നത്. പിന്നീട് അവരെ ലേവ്യർക്ക് ഒരു സഹായമായി ആലയശുശ്രൂഷയിൽ നിയമിച്ചു.—എസ്രാ 8:20.
68:30—“ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെ” ശാസിക്കാനുള്ള അഭ്യർഥനയുടെ അർഥം എന്ത്? ദാവീദ് യഹോവയുടെ ജനത്തിന്റെ ശത്രുക്കളെ ആലങ്കാരിക അർഥത്തിൽ ദുഷ്ടജന്തുക്കളായി ചിത്രീകരിക്കുന്നു. നാശം വിതയ്ക്കാനുള്ള അവരുടെ ശക്തിക്കു തടയിട്ടുകൊണ്ട് അവരെ ശാസിക്കാൻ അവൻ ദൈവത്തോട് അഭ്യർഥിച്ചു.
69:23—ശത്രുക്കളുടെ ‘അര ആടുമാറാക്കുന്നതിൽ’ എന്ത് ഉൾപ്പെട്ടിരിക്കുന്നു? ഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നതും ചുമന്നുകൊണ്ടുപോകുന്നതും പോലുള്ള ആയാസകരമായ വേല ചെയ്യാൻ അരക്കെട്ടിലെ പേശികളുടെ സഹായം കൂടിയേതീരൂ. ‘ആടുന്ന’ അരക്കെട്ട് ബലക്ഷയത്തെ കുറിക്കുന്നു. ശത്രുക്കളുടെ ശക്തി ക്ഷയിക്കുമാറാക്കണമെന്നായിരുന്നു ദാവീദിന്റെ പ്രാർഥനയുടെ അർഥം.
നമുക്കുള്ള പാഠങ്ങൾ:
51:1-4, 17. പാപപ്രവൃത്തി യഹോവയുമായുള്ള നമ്മുടെ ബന്ധം അറ്റുപോകാൻ അവശ്യം ഇടയാക്കുന്നില്ല. അനുതപിക്കുന്നപക്ഷം അവൻ നമ്മോടു കരുണ കാണിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്.
51:5, 7-10. നാം പാപം ചെയ്തിട്ടുണ്ടെങ്കിൽ, പാപപ്രവണതയുമായി നാം ജനിച്ചിരിക്കുന്നുവെന്ന യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിൽ യഹോവയോടു ക്ഷമ യാചിക്കാൻ നമുക്കു കഴിയും. കൂടാതെ, പാപക്കറ കഴുകിക്കളയാനും ദിവ്യബന്ധത്തിൽ നമ്മെ പുനഃസ്ഥിതീകരിക്കാനും ഹൃദയത്തിൽനിന്നു പാപപ്രവണത തുടച്ചുനീക്കാനും അചഞ്ചലമായ ഉൾക്കരുത്ത് പ്രദാനംചെയ്യാനും നാം അവനോടു പ്രാർഥിക്കണം.
51:18. ദാവീദിന്റെ പാപംനിമിത്തം മുഴുദേശത്തിന്റെയും ക്ഷേമം അപകടത്തിലായിരുന്നു. അതുകൊണ്ട് സീയോനോടു സന്മനസ്സു കാണിക്കാൻ അവൻ ദൈവത്തോട് അപേക്ഷിച്ചു. നാം ചെയ്യുന്ന ഗുരുതരമായ ഒരു പാപം മിക്കപ്പോഴും യഹോവയുടെ നാമത്തിനും സഭയ്ക്കും നിന്ദ വരുത്തുന്നു. അതു നീക്കിക്കളയാൻ നാം ദൈവത്തോടു പ്രാർഥിക്കേണ്ടതുണ്ട്.
52:8. യഹോവയെ അനുസരിച്ചുകൊണ്ടും ദിവ്യശിക്ഷണത്തിനു മനസ്സോടെ കീഴ്പെട്ടുകൊണ്ടും അവനുമായി ഉറ്റബന്ധം ആസ്വദിക്കാനും സേവനത്തിൽ മികച്ച ഫലം കൊയ്യാനും നമുക്കു കഴിയും. അങ്ങനെ നാം, “ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ” ആയിത്തീരും.—എബ്രായർ 12:5, 6.
55:4, 5, 12-14, 16-18. സ്വന്തം പുത്രനായ അബ്ശാലോമിന്റെ കിടമത്സരവും വിശ്വസ്ത ഉപദേഷ്ടാവായ അഹീഥോഫെലിന്റെ വിശ്വാസവഞ്ചനയും ദാവീദിന്റെ ഹൃദയത്തെ അത്യന്തം വേദനിപ്പിച്ചു. എന്നാൽ അതുകൊണ്ടൊന്നും യഹോവയിലുള്ള അവന്റെ വിശ്വാസത്തിന് കോട്ടം സംഭവിച്ചില്ല. വൈകാരിക ക്ലേശങ്ങൾ ഉണ്ടാകുമ്പോൾ ദൈവത്തിലുള്ള ആശ്രയം ചോർന്നുപോകാതിരിക്കാൻ നാം ശ്രദ്ധിക്കണം.
55:22. എങ്ങനെയാണ് നാം നമ്മുടെ ഭാരം യഹോവയുടെമേൽ വെക്കുന്നത്? (1) നമ്മെ ഭാരപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചു പ്രാർഥിച്ചുകൊണ്ടും (2) മാർഗനിർദേശത്തിനും സഹായത്തിനുമായി അവന്റെ വചനത്തിലും സംഘടനയിലും ആശ്രയിച്ചുകൊണ്ടും (3) സാഹചര്യം മെച്ചപ്പെടുത്താൻ നമുക്കു ന്യായമായും ചെയ്യാനാകുന്നതു ചെയ്തുകൊണ്ടുംതന്നെ.—സദൃശവാക്യങ്ങൾ 3:5, 6; 11:14; 15:22; ഫിലിപ്പിയർ 4:6, 7.
56:8. നമ്മുടെ സാഹചര്യം മാത്രമല്ല, അതു നമ്മിലുളവാക്കുന്ന ഹൃദയവേദനയും യഹോവ നന്നായി അറിയുന്നു.
62:11. ശക്തിക്കായി ദൈവത്തിന് വേറൊരു ഊർജസ്രോതസിൽ ആശ്രയിക്കേണ്ട ആവശ്യമില്ല. അവനാണ് എല്ലാ ഊർജത്തിന്റെയും ഉറവിടം. “ബലം ദൈവത്തിന്നുള്ള”തല്ലോ.
63:3. ദൈവത്തിന്റെ “ദയ ജീവനെക്കാൾ നല്ലതാകുന്നു.” എന്തെന്നാൽ അതുകൂടാതെയുള്ള ജീവിതം അർഥശൂന്യമായിരിക്കും. ദൈവവുമായി സൗഹൃദം നട്ടുവളർത്തുന്നവർ ജ്ഞാനികളാണ്.
63:5. നിശ്ശബ്ദമായ രാത്രിയാമങ്ങൾ ധ്യാനത്തിനു പറ്റിയ സമയമാണ്.
64:2-4. പരദൂഷണം നിർദോഷികളുടെ സത്പേരിനെ കളങ്കപ്പെടുത്തുന്നു. നാം അത്തരം സംഭാഷണം ശ്രദ്ധിക്കുകയോ അത് ഏറ്റുപാടുകയോ ചെയ്യരുത്.
69:4. നാം തെറ്റു ചെയ്തിട്ടുള്ളതായി തോന്നുന്നില്ലെങ്കിൽപ്പോലും ക്ഷമ ചോദിച്ചുകൊണ്ട് ‘തിരികെ കൊടുക്കുന്നത്’ ജ്ഞാനമായിരിക്കും—മനസ്സമാധാനം നിലനിറുത്താൻ അതു സഹായിക്കുന്നു.
70:1-5. സഹായത്തിനായുള്ള നമ്മുടെ നിലവിളി യഹോവ കേൾക്കുന്നു. (1 തെസ്സലൊനീക്യർ 5:17; യാക്കോബ് 1:13; 2 പത്രൊസ് 2:9, 10) നാം തുടർച്ചയായി ഒരു പരിശോധന നേരിടാൻ ദൈവം അനുവദിച്ചേക്കാമെങ്കിലും അത്തരം സാഹചര്യവുമായി പൊരുത്തപ്പെടാൻ ആവശ്യമായ ജ്ഞാനവും സഹിച്ചുനിൽക്കാനുള്ള ശക്തിയും അവൻ നമുക്കു നൽകും. സഹിക്കാവുന്നതിലധികം നാം പരീക്ഷിക്കപ്പെടാൻ അവൻ ഒരിക്കലും അനുവദിക്കില്ല.—1 കൊരിന്ത്യർ 10:13; എബ്രായർ 10:36; യാക്കോബ് 1:5-8.
71:5, 17. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിനെ നേരിടുന്നതിനുമുമ്പുതന്നെ, വെറുമൊരു ബാലനായിരിക്കെ, യഹോവയിൽ ആശ്രയിച്ചുകൊണ്ട് ദാവീദ് ധൈര്യവും ശക്തിയും ആർജിച്ചു. (1 ശമൂവേൽ 17:34-37) എല്ലാ കാര്യങ്ങളിലും യഹോവയിൽ ആശ്രയിക്കാൻ യുവപ്രായക്കാർ പഠിക്കണം.
“ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ”
മിശിഹൈക രാജ്യത്തിലെ അനുഗ്രഹങ്ങളുടെ മുൻനിഴലായ, ശലോമോന്റെ ഭരണത്തെക്കുറിച്ചുള്ളതാണ് സങ്കീർത്തനങ്ങളുടെ രണ്ടാം പുസ്തകത്തിലെ അവസാന ഗീതമായ 72-ാം സങ്കീർത്തനം. എത്ര പുളകപ്രദമായ ഒരു അവസ്ഥാവിശേഷമാണ് അവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നത്—സമൃദ്ധമായ സമാധാനം, അടിച്ചമർത്തലിനും അക്രമത്തിനും അവസാനം, ഭൂമിയിലെങ്ങും ധാന്യസമൃദ്ധി! അതുപോലുള്ള രാജ്യാനുഗ്രഹങ്ങൾ ആസ്വദിക്കുന്നവരോടൊപ്പം നാം ഉണ്ടായിരിക്കുമോ? സങ്കീർത്തനക്കാരനെപ്പോലെ, യഹോവയെ നമ്മുടെ സങ്കേതവും ബലവും ആക്കിക്കൊണ്ട് അവനായി കാത്തിരിക്കാൻ മനസ്സൊരുക്കമുണ്ടെങ്കിൽ നമുക്ക് അതിനു കഴിയും.
“താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ” എന്ന വാക്കുകളോടെ “ദാവീദിന്റെ പ്രാർത്ഥനകൾ” അവസാനിക്കുന്നു. (സങ്കീർത്തനം 72:18-20) സമാനമായി നമുക്കും പൂർണഹൃദയത്തോടെ യഹോവയെ മഹത്ത്വപ്പെടുത്തുകയും അവന്റെ മഹനീയ നാമത്തെ സ്തുതിക്കുകയും ചെയ്യാം.
[9-ാം പേജിലെ ചിത്രം]
“രാജകുമാരി” ആരെ ചിത്രീകരിക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ?
[10, 11 പേജുകളിലെ ചിത്രം]
യെരൂശലേം “സൌന്ദര്യത്തിന്റെ പൂർണ്ണത” എന്നു വിളിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?