പാഠം 18
മറുപടി കൊടുക്കുമ്പോൾ ബൈബിൾ ഉപയോഗിക്കൽ
നമ്മുടെ വിശ്വാസങ്ങൾ, ജീവിതരീതി, ആനുകാലിക സംഭവങ്ങളെപ്പറ്റിയുള്ള കാഴ്‌ചപ്പാട്, ഭാവിപ്രത്യാശ ഇവ സംബന്ധിച്ച് ആളുകൾ നമ്മോടു ചോദിക്കുമ്പോൾ ബൈബിൾ ഉപയോഗിച്ചു മറുപടി കൊടുക്കാൻ നമ്മൾ ശ്രമിക്കുന്നു. അത് എന്തുകൊണ്ടാണ്? കാരണം അതു ദൈവത്തിന്റെ വചനമാണ്. നമ്മുടെ വിശ്വാസങ്ങളുടെ ആധാരം ബൈബിളാണ്. നമ്മുടെ ജീവിതരീതി അതിൽ അധിഷ്‌ഠിതമാണ്. അതു ലോകസംഭവങ്ങൾ സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ രൂപപ്പെടുത്തുന്നു. നമ്മുടെ ഭാവിപ്രത്യാശ ബൈബിളിന്റെ നിശ്വസ്‌ത വാഗ്‌ദാനങ്ങളിൽ വേരുറച്ചതാണ്.—2 തിമൊ. 3:16, 17.
നമ്മുടെ പേരിനോടൊപ്പം വരുന്ന ഉത്തരവാദിത്വത്തെ കുറിച്ചു നമുക്കു നന്നായി അറിയാം. നാം യഹോവയുടെ സാക്ഷികളാണ്. (യെശ. 43:12) അതുകൊണ്ട് ചോദ്യങ്ങൾക്കുള്ള നമ്മുടെ ഉത്തരം മാനുഷ തത്ത്വചിന്തയിലല്ല, മറിച്ച് യഹോവ തന്റെ നിശ്വസ്‌ത വചനത്തിൽ പറയുന്ന കാര്യങ്ങളിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. വ്യക്തികളെന്ന നിലയിൽ നമുക്കു നമ്മുടേതായ അഭിപ്രായങ്ങളുണ്ട് എന്നതു സത്യംതന്നെ. എന്നാൽ നമ്മുടെ വീക്ഷണങ്ങളെ രൂപപ്പെടുത്താൻ നാം ദൈവവചനത്തെ അനുവദിക്കുന്നു. കാരണം അതാണു സത്യമെന്നു നമുക്ക് ഉറച്ച ബോധ്യമുണ്ട്. തീർച്ചയായും, പല കാര്യങ്ങളിലും വ്യക്തിപരമായ തിരഞ്ഞെടുപ്പു നടത്താനുള്ള സ്വാതന്ത്ര്യം ബൈബിൾ നമുക്കു നൽകുന്നുണ്ട്. നമ്മുടെ താത്‌പര്യങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നതിനു പകരം തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്ന തത്ത്വങ്ങൾ പഠിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. അങ്ങനെ, നമ്മൾ ആസ്വദിക്കുന്ന അതേ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം ഉപയോഗിക്കാൻ നമ്മുടെ ശ്രോതാക്കളെ നാം അനുവദിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസിനെ പോലെ ‘വിശ്വാസത്താലുള്ള അനുസരണം പ്രോത്സാഹിപ്പിക്കാൻ’ നാം ശ്രമിക്കുന്നു.—റോമ. 16:26, NW.
വെളിപ്പാടു 3:14-ൽ യേശുക്രിസ്‌തുവിനെ “വിശ്വസ്‌തനും സത്യവാനുമായ സാക്ഷി” എന്നു വർണിച്ചിരിക്കുന്നു. ആളുകൾ തന്റെ നേരെ തൊടുത്തുവിട്ട ചോദ്യങ്ങൾക്ക് അവൻ മറുപടി നൽകിയത് എങ്ങനെയാണ്? തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യങ്ങളെ അവൻ എങ്ങനെ കൈകാര്യം ചെയ്‌തു? ആളുകളെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചാണ് പലപ്പോഴും അവൻ അതു ചെയ്‌തത്. മറ്റു ചിലപ്പോഴാകട്ടെ, ഒരു തിരുവെഴുത്തിനെ കുറിച്ചു ചോദ്യകർത്താവിനു തന്നെ എന്തറിയാം എന്ന് അയാളോടു ചോദിച്ചുകൊണ്ടും. മിക്കപ്പോഴും അവൻ തിരുവെഴുത്തുകൾ ഉദ്ധരിക്കുകയോ പരാവർത്തനം ചെയ്യുകയോ അവയെ പരോക്ഷമായി പരാമർശിക്കുകയോ ചെയ്‌തു. (മത്താ. 4:3-10; 12:1-8; ലൂക്കൊ. 10:25-28; 17:32) ഒന്നാം നൂറ്റാണ്ടിൽ തിരുവെഴുത്തു ചുരുളുകൾ സാധാരണഗതിയിൽ സിനഗോഗുകളിലാണു വെച്ചിരുന്നത്. യേശുവിന് അവ സ്വന്തമായി ഉണ്ടായിരുന്നു എന്നതിനു യാതൊരു തെളിവുമില്ല. എന്നാൽ അവനു തിരുവെഴുത്തുകളെ കുറിച്ചു നല്ല ഗ്രാഹ്യമുണ്ടായിരുന്നു. മറ്റുള്ളവരെ പഠിപ്പിക്കവേ, അവൻ ധാരാളം തിരുവെഴുത്തു പരാമർശങ്ങൾ നടത്തുകയും ചെയ്‌തു. (ലൂക്കൊ. 24:27, 44-47) താൻ സ്വയമായിട്ട് ഒന്നും പഠിപ്പിച്ചില്ല എന്ന് യേശുവിനു സത്യമായിട്ടും പറയാൻ കഴിഞ്ഞു. തന്റെ പിതാവിൽനിന്നു കേട്ടതാണ് അവൻ സംസാരിച്ചത്.—യോഹ. 8:26.
യേശുവിന്റെ മാതൃക പിൻപറ്റാൻ നാം ആഗ്രഹിക്കുന്നു. യേശുവിനെ പോലെ നമ്മളാരും ദൈവം സംസാരിക്കുന്നതു നേരിട്ടു കേട്ടിട്ടില്ല. എന്നാൽ ബൈബിൾ ദൈവത്തിന്റെ വചനമാണ്. അതിനെ ആസ്‌പദമാക്കി മറുപടി കൊടുക്കുമ്പോൾ നമ്മിലേക്കുതന്നെ ശ്രദ്ധ ക്ഷണിക്കുന്നതു നാം ഒഴിവാക്കുന്നു. മാത്രമല്ല, അപൂർണ മനുഷ്യന്റെ അഭിപ്രായം അവതരിപ്പിക്കുന്നതിനു പകരം സത്യം എന്തെന്നു വെളിപ്പെടുത്താൻ ദൈവത്തെ അനുവദിക്കുന്നതിനുള്ള നമ്മുടെ നിശ്ചയദാർഢ്യം കാണിച്ചു കൊടുക്കുകയും ചെയ്യുന്നു.—യോഹ. 7:18; റോമ. 3:4, NW.
നമ്മുടെ ആഗ്രഹം ബൈബിൾ കേവലം ഉപയോഗിക്കുക എന്നതല്ല, പിന്നെയോ നമ്മുടെ ശ്രോതാവിന് ഏറ്റവും പ്രയോജനകരമായ വിധത്തിൽ അത് ഉപയോഗിക്കുക എന്നതാണ്. അദ്ദേഹം തുറന്ന മനസ്സോടെ ശ്രദ്ധിക്കാൻ നാം ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ മനോഭാവം എങ്ങനെയുള്ളതാണെന്നു നോക്കിയിട്ട്, നിങ്ങൾക്ക് ഇങ്ങനെ പറഞ്ഞുകൊണ്ടു ബൈബിൾ ആശയങ്ങൾ അവതരിപ്പിക്കാൻ കഴിയും: “ദൈവം പറയുന്നതാണു യഥാർഥത്തിൽ പ്രാധാന്യം അർഹിക്കുന്നത് എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?” അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാൻ കഴിയും: “അതേ ചോദ്യം ബൈബിളിൽ ചർച്ച ചെയ്‌തിരിക്കുന്നു എന്ന കാര്യം നിങ്ങൾക്ക് അറിയാമായിരുന്നോ?” ബൈബിളിനോട് ആദരവില്ലാത്ത ഒരാളോടാണു സംസാരിക്കുന്നതെങ്കിൽ, അൽപ്പം വ്യത്യസ്‌തമായ ഒരു മുഖവുര നിങ്ങൾ ഉപയോഗിക്കേണ്ടി വന്നേക്കാം. നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: “ഈ പുരാതന പ്രവചനം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” അല്ലെങ്കിൽ “മനുഷ്യ ചരിത്രത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള പുസ്‌തകം ഇങ്ങനെ പറയുന്നു . . .” എന്നു പറഞ്ഞുകൊണ്ടു നിങ്ങൾക്കു തുടങ്ങാവുന്നതാണ്.
ചില സന്ദർഭങ്ങളിൽ നിങ്ങൾ ഒരു വാക്യം പരാവർത്തനം ചെയ്യാൻ മാത്രം തീരുമാനിച്ചേക്കാം. എങ്കിലും, ബൈബിൾ തുറന്ന് അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വായിക്കാൻ സാധിക്കുന്ന സന്ദർഭങ്ങളിൽ അങ്ങനെ ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യം. പ്രായോഗികമായിരിക്കുന്ന സന്ദർഭങ്ങളിലെല്ലാം ആ വ്യക്തിയുടെ സ്വന്തം ബൈബിളിൽനിന്നുതന്നെ തിരുവെഴുത്തു കാണിച്ചുകൊടുക്കുക. ബൈബിളിന്റെ ഈ നേരിട്ടുള്ള ഉപയോഗം പലപ്പോഴും ആളുകളുടെമേൽ ശക്തമായ പ്രഭാവം ചെലുത്തുന്നു.—എബ്രാ. 4:12.
ചോദ്യങ്ങൾക്കു മറുപടി കൊടുക്കുമ്പോൾ ബൈബിൾ ഉപയോഗിക്കാനുള്ള ഒരു പ്രത്യേക ഉത്തരവാദിത്വം ക്രിസ്‌തീയ മൂപ്പന്മാർക്കുണ്ട്. മൂപ്പനായി സേവിക്കുന്നതിനുള്ള യോഗ്യതകളിലൊന്ന് “പഠിപ്പിക്കലിനോടുള്ള ബന്ധത്തിൽ വിശ്വസ്‌ത വചനം മുറുകെ പിടിക്കുക” എന്നതാണ്. (തീത്തൊ. 1:9, NW) മൂപ്പന്റെ ബുദ്ധിയുപദേശം കേട്ടശേഷം, സഭയിലെ ഒരു അംഗം ജീവിതത്തിൽ ഗൗരവമേറിയ ഒരു തീരുമാനം എടുത്തേക്കാം. ആ ബുദ്ധിയുപദേശം തിരുവെഴുത്തുകളിൽ വേരുറച്ചതായിരിക്കുന്നത് എത്ര പ്രധാനമാണ്! ഇക്കാര്യത്തിൽ ഒരു മൂപ്പൻ വെക്കുന്ന മാതൃക മറ്റു പലരുടെയും പഠിപ്പിക്കൽ രീതിയെ സ്വാധീനിച്ചേക്കാം.