മക്കാവോ
ലോകമെങ്ങും നടക്കുന്ന പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനം
ഏഷ്യയും മധ്യപൂർവ ദേശങ്ങളും
ദേശങ്ങൾ 49
ജനസംഖ്യ 446,43,74,770
പ്രചാരകർ 7,28,989
ബൈബിൾപഠനങ്ങൾ 7,71,272
ഒരു സന്ദർശനം, ഏറെ താത്പര്യക്കാർ
ഫിലിപ്പീൻസിലുള്ള യോനാഥാൻ ഡോക്ടറെ കാണാനുള്ള ഊഴം കാത്തിരിക്കുകയായിരുന്നു. അവിടെയുള്ള ഒരു ജോലിക്കാരി യോനാഥാന്റെ വൃത്തിയും വെടിപ്പും ഉള്ള വസ്ത്രധാരണവും ചമയവും ശ്രദ്ധിച്ചു. അദ്ദേഹം ഒരു ഇൻഷ്വറൻസ് ഏജന്റാണോ എന്ന് ആ സ്ത്രീ ചോദിച്ചു. താൻ ഒരു യഹോവയുടെ സാക്ഷി ആണെന്നും, സാക്ഷികളിൽ ഒരാളുടെ ചികിത്സയുടെ ആവശ്യത്തിനായി ഡോക്ടറെ കാണാൻ വന്നതാണെന്നും യോനാഥാൻ പറഞ്ഞു. ലൈല എന്ന ആ ജോലിക്കാരി തന്റെ പിതാവ് കുറച്ചുനാൾ മുമ്പാണു മരണമടഞ്ഞതെന്നും അദ്ദേഹം വീക്ഷാഗോപുരം മാസികയുടെ ഒരു സ്ഥിരംവായനക്കാരൻ ആയിരുന്നു എന്നും യോനാഥാനോടു പറഞ്ഞു. അദ്ദേഹം യോഹന്നാൻ 5:28, 29 അവരെ വായിച്ചുകേൾപ്പിക്കുകയും മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? എന്ന ലഘുലേഖ കൊടുക്കുകയും ചെയ്തു.
ഫിലിപ്പീൻസ്: യോനാഥാൻ ആശുപത്രിയിലെ ജോലിക്കാരിയോടു സാക്ഷീകരിക്കുന്നു
പിന്നീടു പല പ്രാവശ്യം ആ ആശുപത്രിയിൽ വന്ന യോനാഥാൻ ലൈലയ്ക്കു കൂടുതൽ പ്രസിദ്ധീകരണങ്ങൾ കൊടുക്കുകയും ഒരു സഹോദരിയുമായി ബൈബിൾപഠനം ക്രമീകരിക്കുകയും ചെയ്തു. ഉടനെതന്നെ ലൈലയുടെ ഭർത്താവും അവരോടൊപ്പം താമസിച്ചിരുന്ന അനിയത്തിയും അമ്മയും ബൈബിൾ പഠിക്കാൻ തുടങ്ങി.
റോസ് എന്നു പേരുള്ള ലൈലയുടെ അയൽക്കാരി, ലൈലയ്ക്കു ധാരാളം സന്ദർശകർ ഉള്ളത് എന്തുകൊണ്ടാണെന്നു ചോദിച്ചു. താൻ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്ന കാര്യം ലൈല വിശദീകരിച്ചു. അതു കേട്ട റോസും ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. പിന്നീട് റോസ് തന്റെ നാട്ടിൽ സഹോദരിയെ കാണാൻ പോയപ്പോൾ ആകാംക്ഷയോടെ താൻ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവരോടു പറഞ്ഞു. വിഷയത്തിൽ താത്പര്യം തോന്നിയ റോസിന്റെ സഹോദരി അബീഗയിൽ ഒരു ബൈബിൾപഠനം ആവശ്യപ്പെട്ടു. കൂടാതെ റോസിന്റെ അമ്മയും ബൈബിൾ പഠിക്കാൻ തുടങ്ങി.
ഈ അടുത്തയിടെ നടന്ന മേഖലാ കൺവെൻഷനിൽ ലൈല സ്നാനമേറ്റു. അവളുടെ അമ്മയും സ്നാനമേറ്റു. കഴിഞ്ഞ വർഷം ലൈലയുടെ അയൽക്കാരി റോസും, അവളുടെ സഹോദരിയും സ്നാനപ്പെട്ടു. റോസിന്റെ അമ്മ ഇപ്പോൾ ക്രമമായി മീറ്റിങ്ങുകൾക്കു ഹാജരാകുന്നുണ്ട്. ലൈലയുടെ കുടുംബാംഗങ്ങളിൽ ചിലരും ഇപ്പോൾ ബൈബിൾ പഠിക്കുന്നു. ഇതെല്ലാം തുടങ്ങിയത് ആശുപത്രിയിലെ ആ സന്ദർശനത്തിൽ നിന്നാണ്!
ബധിരരെ സഹായിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു
ശ്രീലങ്കയിലെ ആംഗ്യഭാഷാവയൽ വളർച്ചയുടെ പാതയിലാണ്. 2015-ൽ സാക്ഷികൾക്കു കഷ്ടിച്ച് 80-ഓളം ബധിരരുടെ വിവരങ്ങളേ ഉണ്ടായിരുന്നുള്ളൂ. അതാകട്ടെ, വെറും തുണ്ടുകടലാസുകളിലും. പിന്നീട് ശ്രീലങ്കയിലെ ആദ്യത്തെ ആംഗ്യഭാഷാസഭ രൂപീകരിക്കുകയും ഏതാണ്ട് 420-ഓളം ബധിരരുടെ പേരും വിലാസവും ജിപിഎസ് സ്ഥാനനിർണയത്തിനുള്ള വിവരങ്ങളും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതിലെ 80 ശതമാനത്തോളം ആളുകളുമായി നേരിട്ടോ, വീഡിയോ വഴിയോ, മെസേജുകൾ അയച്ചുകൊണ്ടോ ബന്ധപ്പെടാനും സഹോദരങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ഒരു മിഷനറി ദമ്പതികൾ റിപ്പോർട്ട് ചെയ്യുന്നു: “ഞങ്ങളുടെ ബധിരരായ പ്രചാരകർക്കു പ്രവർത്തിക്കാൻ ഇപ്പോൾ ഒരു പ്രദേശമുണ്ട്. മുമ്പായിരുന്നെങ്കിൽ നേരിട്ടറിയാവുന്നവരെ മാത്രമേ അവർ സന്ദർശിക്കുമായിരുന്നുള്ളൂ.”
ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ നന്ദിവാക്കുകൾ
മംഗോളിയയിലെ താപനില പൂജ്യത്തിനു താഴെ 30 ഡിഗ്രി സെൽഷ്യസിലേക്കു താഴുമ്പോഴും അവിടെയുള്ള സഹോദരങ്ങൾ മെട്രോ നഗരങ്ങളിലെ പ്രത്യേക സാക്ഷീകരണവേലയിൽ ഉത്സാഹത്തോടെ പങ്കെടുക്കുന്നു. സാഹിത്യകൈവണ്ടിയിൽനിന്ന് പ്രസിദ്ധീകരണങ്ങൾ എടുത്ത ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ നന്ദി പറഞ്ഞുകൊണ്ട് ഇങ്ങനെയൊരു കുറിപ്പെഴുതി: “ഞാൻ ഒരു ബുദ്ധമത വിശ്വാസിയാണ്. നമ്മൾ ഒരു പാത മാത്രം പിന്തുടരുന്നതിനു പകരം മറ്റുള്ളവയും കണ്ടെത്തണം എന്ന പക്ഷക്കാരനായതുകൊണ്ട് ഞാൻ മറ്റ് അനേകം മതങ്ങളെക്കുറിച്ചും പഠിക്കാൻ ശ്രമിച്ചു. മനുഷ്യസമൂഹത്തിനു നിങ്ങൾ നൽകിയ പ്രസിദ്ധീകരണങ്ങളിൽ ചിലതു വായിച്ചതിനു ശേഷം എന്റെ മനസ്സിലെ വികാരങ്ങൾ എഴുതി അറിയിക്കണം എന്നു തീരുമാനിക്കുകയാണു ഞാൻ. പ്രായോഗികവും സഹായകവും ആയ ഈ വിവരങ്ങൾ തയ്യാറാക്കുന്നതിനു നിങ്ങൾ എത്രയേറെ സമയവും ഊർജവും ചെലവഴിച്ചിട്ടുണ്ടെന്ന് എനിക്കു കാണാൻ കഴിയും. നിങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽനിന്ന് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, ബൈബിൾ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് എന്നതാണ്. ഇതിൽ സത്യം അടങ്ങിയിരിക്കുന്നു. ബൈബിൾ നമ്മുടെ ജീവിതത്തിനുവേണ്ട ശരിയായ മാർഗനിർദേശങ്ങൾ നൽകുന്നു. മംഗോളിയൻ ഭാഷയിലേക്കു പരിഭാഷ നടത്താൻ കഠിനാധ്വാനം ചെയ്യുന്നവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തണുപ്പാകട്ടെ, ചൂടാകട്ടെ ഏതു കാലാവസ്ഥയിലും ആളുകൾക്കു പ്രസിദ്ധീകരണങ്ങൾ നൽകുന്ന പ്രവർത്തകരോടും എനിക്കു നന്ദിയുണ്ട്.”
മംഗോളിയ: കൊടുംതണുപ്പിലും പരസ്യസാക്ഷീകരണം നടത്തുന്നു
അദ്ദേഹത്തിന്റെ പ്രാർഥന കേട്ടു
ഹോങ്കോങ്ങിൽ ബ്രറ്റ് എന്ന ഒരു മുൻനിരസേവകൻ 30-നോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനെ സമീപിച്ച് കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്? എന്ന ലഘുലേഖ കൊടുത്തു. ലഘുലേഖ കണ്ടതും ആ യുവാവിന്റെ കണ്ണുനിറഞ്ഞു. താൻ സത്യത്തിൽ വളർത്തപ്പെട്ട ഒരാളാണെന്നും 16 വയസ്സുള്ളപ്പോൾ വീട്ടിൽനിന്ന് ഓടിപ്പോയതാണെന്നും അവൻ പറഞ്ഞു. പിന്നീട് അഞ്ചു വർഷക്കാലം മയക്കുമരുന്നിന്റെ അടിമയായി തെരുവിൽ കഴിഞ്ഞുകൂടിയ തന്നെ ഒരു സന്നദ്ധ സംഘടന അവിടെനിന്ന് കൂട്ടിക്കൊണ്ടു പോയി സഹായിച്ചെന്നും അവൻ പറഞ്ഞു.
തുടർന്ന്, ബ്രറ്റ് സഹോദരനെ കണ്ട അന്നു രാവിലെ താൻ ഇങ്ങനെ പ്രാർഥിച്ചിരുന്നെന്ന് ആ യുവാവ് പറഞ്ഞു: “എന്റെ ചെറുപ്പകാലത്തെ മതമാണ് സത്യമെങ്കിൽ എനിക്ക് ഒരു അടയാളം ഇന്ന് കാണിച്ചുതരേണമേ.” ദൈവം അദ്ദേഹത്തിന്റെ പ്രാർഥന കേട്ടു എന്ന് ഉറപ്പായി. രണ്ടു പേരും അടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ പോയി. അവിടെവെച്ച് യഹോവയുടെ അടുക്കലേക്ക് മടങ്ങിവരൂ. . . എന്ന ലഘുപത്രികയിലെ ഏതാനും വിവരങ്ങൾ ചർച്ച ചെയ്തു. അന്നു വൈകുന്നേരംതന്നെ ആ ചെറുപ്പക്കാരനു ഫ്രാൻസിലേക്കു മടങ്ങണമായിരുന്നു. അതുകൊണ്ട് അവർ തങ്ങളുടെ അഡ്രസ്സ് കൈമാറി. പിന്നീട് ആ ചെറുപ്പക്കാരൻ ബ്രറ്റ് സഹോദരന് എഴുതി: “എന്റെ പ്രിയപ്പെട്ട സഹോദരാ, യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം തന്നു. വരുന്ന ഞായറാഴ്ച ഞാൻ അടുത്തുള്ള മീറ്റിങ്ങിനു പോകും.” ആ യുവാവ് ഫ്രാൻസിലെ സഹോദരങ്ങളുമായി ബന്ധപ്പെട്ട് ബൈബിൾപഠനം തുടങ്ങി. ഇപ്പോൾ മീറ്റിങ്ങുകളിലും പങ്കെടുക്കുന്നു.