അധ്യായം ഏഴ്
ലോകത്തെ മാറ്റിമറിച്ച നാലു വാക്കുകൾ
1. ദീർഘനാൾ മുമ്പ് ഒരു ചുവരിൽ എഴുതപ്പെട്ട നാലു വാക്കുകളുടെ ഫലം എത്ര ദൂരവ്യാപകം ആയിരുന്നു?
വെള്ളതേച്ച ഒരു ചുവരിൽ ലളിതമായ നാലു വാക്കുകൾ എഴുതപ്പെട്ടു. എന്നാൽ, ആ നാലു വാക്കുകൾ കണ്ട് ശക്തനായ ഒരു രാജാവിന് ഏതാണ്ടു സമനില തെറ്റിയതു പോലെയായി. ആ വാക്കുകൾ രണ്ടു രാജാക്കന്മാരുടെ സിംഹാസന നഷ്ടവും അവരിൽ ഒരുവന്റെ ജീവഹാനിയും ശക്തമായ ഒരു ലോകശക്തിയുടെ അവസാനവും ഉദ്ഘോഷിച്ചു. ആദരിക്കപ്പെട്ടിരുന്ന ഒരു മത ഗണത്തിന് ആ വാക്കുകൾ അപമാന കാരണമായി. ഏറ്റവും പ്രധാനമായി, അവ യഹോവയുടെ നിർമല ആരാധനയെ മഹത്ത്വീകരിക്കുകയും പരമാധികാരത്തെ പുനഃദൃഢീകരിക്കുകയും ചെയ്തു, അതാകട്ടെ, മിക്കവരും ആ രണ്ടു സംഗതികളോടും യാതൊരു ആദരവും കാട്ടാതിരുന്ന ഒരു കാലത്തും. എന്തിന്, ആ വാക്കുകൾ ഇന്നത്തെ ലോക സംഭവങ്ങളുടെ മേൽ പോലും വെളിച്ചം വീശി! ആ നാലു വാക്കുകൾക്ക് അവയെല്ലാം ചെയ്യാൻ കഴിയുമായിരുന്നത് എങ്ങനെയെന്നു നമുക്കു കാണാം.
2. (എ) നെബൂഖദ്നേസരിന്റെ മരണത്തെ തുടർന്നു ബാബിലോണിൽ എന്തു സംഭവിച്ചു? (ബി) ഇപ്പോൾ ഏതു ഭരണാധിപനാണ് അധികാരത്തിൽ?
2 ദാനീയേൽ 4-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾക്കു ശേഷം പതിറ്റാണ്ടുകൾ കടന്നുപോയിരുന്നു. ബാബിലോണിലെ, അഹങ്കാരിയായ നെബൂഖദ്നേസർ രാജാവിന്റെ 43 വർഷ വാഴ്ച, പൊ.യു.മു. 582-ൽ അവന്റെ മരണത്തോടെ അവസാനിച്ചു. തുടർന്ന് അവന്റെ കുടുംബത്തിൽനിന്നു പിൻഗാമികളുടെ ഒരു പരമ്പരതന്നെ ഉണ്ടായെങ്കിലും ഒന്നിനു പുറകെ ഒന്നായി അവരുടെ ഭരണം അകാല മരണത്താലോ വധത്താലോ അവസാനിച്ചു. ഒടുവിൽ, നബോണീഡസ് എന്നു പേരായ ഒരുവൻ ഒരു വിപ്ലവത്തിലൂടെ സിംഹാസനം കയ്യടക്കി. ചന്ദ്രദേവനായ സിന്നിന്റെ മഹാപുരോഹിതയുടെ പുത്രനായ നബോണീഡസിനു വ്യക്തമായും ബാബിലോണിയൻ രാജഗൃഹവുമായി രക്തബന്ധം ഇല്ലായിരുന്നു. സ്വന്തം ഭരണത്തിനു നിയമ സാധുത നൽകാനായി അവൻ നെബൂഖദ്നേസരിന്റെ ഒരു പുത്രിയെ വിവാഹം കഴിക്കുകയും തങ്ങളുടെ പുത്രനായ ബേൽശസ്സരിനെ സഹഭരണാധിപൻ ആക്കുകയും ബാബിലോണിന്റെ മേലുള്ള അധികാരം ചില അവസരങ്ങളിൽ വർഷങ്ങളോളം അവനു വിട്ടുകൊടുക്കുകയും ചെയ്തെന്നു ചില പ്രാമാണികർ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് ബേൽശസ്സർ നെബൂഖദ്നേസരിന്റെ പൗത്രൻ ആയിരുന്നു. പരമോന്നത ദൈവം യഹോവ ആണെന്നും ഏതൊരു രാജാവിനെയും താഴ്ത്താൻ അവനു കഴിയുമെന്നും തന്റെ മുത്തശ്ശന്റെ അനുഭവങ്ങളിൽനിന്ന് അവൻ പഠിച്ചോ? തീർച്ചയായുമില്ല!—ദാനീയേൽ 4:37.
ഒരു വിരുന്നു നിയന്ത്രണം വിടുന്നു
3. ബേൽശസ്സരിന്റെ വിരുന്ന് എങ്ങനെയുള്ളത് ആയിരുന്നു?
3 ദാനീയേൽ 5-ാം അധ്യായം ഒരു വിരുന്നിനെ കുറിച്ചുള്ള വിവരണത്തോടെയാണ് ആരംഭിക്കുന്നത്. “ബേൽശസ്സർരാജാവു തന്റെ മഹത്തുക്കളിൽ ആയിരം പേർക്കു ഒരു വലിയ വിരുന്നു ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു.” (ദാനീയേൽ 5:1) നിങ്ങൾക്ക് ഊഹിക്കാവുന്നതു പോലെ, രാജാവിന്റെ ഉപഭാര്യമാർക്കും വെപ്പാട്ടിമാർക്കും ഒപ്പം ഇവരെയെല്ലാം ഇരുത്താൻ വളരെ വലിയ ഒരു ഹാൾ ആവശ്യമായിരുന്നിരിക്കണം. ഒരു പണ്ഡിതൻ എഴുതുന്നു: “ബാബിലോണിയൻ വിരുന്നുകൾ സാധാരണമായി മദ്യോന്മത്തതയിൽ പര്യവസാനിച്ചിരുന്നെങ്കിലും പ്രൗഢോജ്വലം ആയിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വീഞ്ഞും എല്ലാ തരത്തിലുള്ള ആഡംബരങ്ങളും നിറഞ്ഞതായിരുന്നു ഭക്ഷണമേശ. ഹാൾ സുഗന്ധപൂരിതം ആയിരുന്നു; ഗായകരും വാദ്യ സംഗീതജ്ഞരും സമ്മേളിത അതിഥികളെ വിനോദിപ്പിച്ചിരുന്നു.” എല്ലാവർക്കും കാണാവുന്നിടത്ത് അധ്യക്ഷനായിരുന്ന് ബേൽശസ്സർ വീഞ്ഞു കുടിച്ചു, വീണ്ടും വീണ്ടും കുടിച്ചു.
4. (എ) പൊ.യു.മു. 539 ഒക്ടോബർ 5/6-ലെ രാത്രിയിൽ ബാബിലോണിയർ വിരുന്നുകഴിച്ചതു വിചിത്രമായി തോന്നുന്നത് എന്തുകൊണ്ട്? (ബി) ആക്രമിച്ചു മുന്നേറിക്കൊണ്ടിരുന്ന സൈന്യങ്ങളുടെ മുന്നിൽ ബാബിലോണിയർക്ക് ആത്മവിശ്വാസം പകർന്നത് എന്തായിരുന്നിരിക്കാം?
4 ആ രാത്രിയിൽ—പൊ.യു.മു. 539 ഒക്ടോബർ 5/6-ന്—ബാബിലോണിയർ അത്തരമൊരു ആഘോഷത്തിമിർപ്പിൽ ആയിരുന്നത് വിചിത്രമായി തോന്നുന്നു. അവരുടെ രാഷ്ട്രം യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു, കാര്യങ്ങൾ അവർക്ക് അനുകൂലമായിട്ടല്ല നീങ്ങിക്കൊണ്ടിരുന്നത്. ആക്രമിച്ചു മുന്നേറിക്കൊണ്ടിരുന്ന മേദോ-പേർഷ്യൻ സേനകളുടെ കൈകളിൽനിന്നു നബോണീഡസ് പരാജയം ഏറ്റുവാങ്ങി ബാബിലോണിന്റെ തെക്കുപടിഞ്ഞാറുള്ള ബോർസിപ്പയിൽ അഭയം തേടിക്കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കോരെശിന്റെ സൈന്യം ബാബിലോണിനു വെളിയിൽ പാളയം ഇറങ്ങിയിരിക്കുക ആയിരുന്നു. എന്നാൽ, ബേൽശസ്സരിനും മഹത്തുക്കൾക്കും യാതൊരു ഉത്കണ്ഠയും ഇല്ലായിരുന്നെന്നു തോന്നുന്നു. അവരുടെ നഗരം അജയ്യ ബാബിലോൺ ആയിരുന്നല്ലോ! അവളുടെ കൂറ്റൻ മതിലുകൾ, നഗരത്തിലൂടെ ഒഴുകിയിരുന്ന മഹത്തായ യൂഫ്രട്ടീസ് നദിയിലെ വെള്ളം നിറഞ്ഞ ആഴമേറിയ കിടങ്ങുകളുടെ മീതെ തല ഉയർത്തി നിന്നു. കഴിഞ്ഞ ആയിരം വർഷക്കാലത്തു ശത്രുക്കൾ ആരും നേരിട്ടുള്ള ആക്രമണത്തിൽ ബാബിലോണിനെ ഒറ്റയടിക്കു പിടിച്ചെടുത്തിട്ടില്ല. പിന്നെന്തിന് ഉത്കണ്ഠപ്പെടണം? കുടിച്ചുകൂത്താടലിന്റെ ബഹളം തങ്ങളുടെ ആത്മവിശ്വാസത്തെ കുറിച്ചു പുറത്തുള്ള ശത്രുക്കളെ ബോധ്യപ്പെടുത്തുകയും അങ്ങനെ അവരെ അധൈര്യപ്പെടുത്തുകയും ചെയ്യുമെന്ന് ഒരുപക്ഷേ ബേൽശസ്സർ ന്യായവാദം ചെയ്തിരിക്കാം.
5, 6. വീഞ്ഞിന്റെ സ്വാധീനത്തിൽ ബേൽശസ്സർ എന്തു ചെയ്തു, അത് യഹോവയോടുള്ള കടുത്ത ധിക്കാരം ആയിരുന്നത് എന്തുകൊണ്ട്?
5 അധികം താമസിയാതെ, അമിത മദ്യപാനം ബേൽശസ്സരിനെ മത്തുപിടിപ്പിച്ചു. സദൃശവാക്യങ്ങൾ 20:1 പറയുന്നതു പോലെ, “വീഞ്ഞു പരിഹാസി”യാണ്. എന്നാൽ ബേൽശസ്സരിന്റെ കാര്യത്തിൽ, ഏറ്റവും ഗുരുതരമായ ഭോഷത്തം പ്രവർത്തിക്കുന്നതിലേക്ക് വീഞ്ഞ് അവനെ നയിക്കുകതന്നെ ചെയ്തു. വിരുന്നിൽ ഉപയോഗിക്കുന്നതിനായി യഹോവയുടെ ആലയത്തിൽ നിന്നുള്ള പവിത്രമായ പാത്രങ്ങൾ കൊണ്ടുവരാൻ അവൻ കൽപ്പിച്ചു. നെബൂഖദ്നേസർ യെരൂശലേം കീഴടക്കിയപ്പോൾ കൊള്ളയായി കൊണ്ടുവന്ന ഈ പാത്രങ്ങൾ നിർമലാരാധനയിൽ മാത്രം ഉപയോഗിക്കാനുള്ളവ ആയിരുന്നു. മുൻകാലത്ത്, യെരൂശലേമിലെ ആലയത്തിൽ അവ ഉപയോഗിക്കാൻ അധികാരപ്പെടുത്തപ്പെട്ടിരുന്ന യഹൂദ പുരോഹിതന്മാരോടു പോലും തങ്ങളെത്തന്നെ ശുദ്ധരായി സൂക്ഷിക്കാൻ മുന്നറിയിപ്പു നൽകിയിരുന്നു.—ദാനീയേൽ 5:2; യെശയ്യാവു 52:11 താരതമ്യം ചെയ്യുക.
6 എന്നാൽ, ബേൽശസ്സരിന്റെ മനസ്സിൽ കൂടുതൽ ധിക്കാരപൂർവമായ പ്രവൃത്തിയാണ് ഉണ്ടായിരുന്നത്. “രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു. അവർ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.” (ദാനീയേൽ 5:3, 4) അങ്ങനെ തന്റെ വ്യാജ ദേവന്മാരെ യഹോവയ്ക്കു മീതെ ഉയർത്തിക്കാട്ടുക ആയിരുന്നു ബേൽശസ്സരിന്റെ ലക്ഷ്യം! ഈ മനോഭാവം ബാബിലോണിയരുടെ ഇടയിൽ സാധാരണം ആയിരുന്നെന്നു തോന്നുന്നു. തങ്ങളുടെ പ്രവാസികൾ ആയിരുന്ന യഹൂദന്മാരുടെ ആരാധനയെ പരിഹസിക്കുകയും അവരുടെ പ്രിയപ്പെട്ട സ്വദേശത്തേക്കു മടങ്ങിപ്പോകാമെന്ന യാതൊരു പ്രതീക്ഷയും അവർക്കു നൽകാതിരിക്കുകയും ചെയ്തുകൊണ്ട് അവർ അവരെ പുച്ഛിച്ചു. (സങ്കീർത്തനം 137:1-3, NW; യെശയ്യാവു 14:16, 17) ഈ പ്രവാസികളെ അവമതിക്കുകയും അവരുടെ ദൈവത്തെ നിന്ദിക്കുകയും ചെയ്യുന്നതു തനിക്കു ശക്തിയുടെ ഒരു പരിവേഷം നൽകിക്കൊണ്ടു തന്റെ സ്ത്രീകളിലും ഉദ്യോഗസ്ഥരിലും മതിപ്പ് ഉളവാക്കുമെന്നു മദ്യോന്മത്തനായ ചക്രവർത്തിക്കു തോന്നിയിരിക്കാം.a തന്റെ അധികാരം ബേൽശസ്സരിനെ പുളകംകൊള്ളിച്ചിരിക്കാം. എന്നാൽ അത് അധികം ദീർഘിച്ചില്ല.
ചുവരിലെ കയ്യെഴുത്ത്
7, 8. ബേൽശസ്സരിന്റെ വിരുന്നു തടസ്സപ്പെട്ടത് എങ്ങനെ, അതിന് അവന്റെ മേൽ എന്തു ഫലമാണ് ഉണ്ടായിരുന്നത്?
7 നിശ്വസ്ത വിവരണം പറയുന്നു: “തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പുറപ്പെട്ടു വിളക്കിന്നുനേരെ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവു കണ്ടു.” (ദാനീയേൽ 5:5) എന്തൊരു ഭയാനകമായ കാഴ്ച! എങ്ങുനിന്നും അല്ലാതെ പ്രത്യക്ഷപ്പെട്ട ഒരു കൈപ്പത്തി ചുവരിന്റെ നല്ല വെളിച്ചമുള്ള ഭാഗത്തിന് അടുത്തായി വായുവിൽ തത്തിക്കളിക്കുന്നു. അതിഥികൾ അമ്പരന്നു മിഴിച്ചുനോക്കവെ അവിടെ പെട്ടെന്നു വ്യാപരിച്ച നിശ്ശബ്ദത ഒന്നു സങ്കൽപ്പിച്ചു നോക്കൂ. വെള്ളതേച്ച ചുവരിൽb ആ കൈപ്പത്തി ഒരു നിഗൂഢ സന്ദേശം എഴുതാൻ തുടങ്ങി. ഈ പ്രതിഭാസം തികച്ചും അശുഭസൂചകവും അവിസ്മരണീയവും ആയിരുന്നതിനാൽ, ആസന്നമായ ഒരു വിനാശത്തെ കുറിച്ചുള്ള മുന്നറിയിപ്പിനെ പരാമർശിക്കാൻ ആളുകൾ ഇന്നുപോലും “ചുവരിലെ കയ്യെഴുത്ത്” എന്ന പ്രയോഗം ഉപയോഗിക്കുന്നു.
8 തന്നെത്തന്നെയും തന്റെ ദേവന്മാരെയും യഹോവയ്ക്കു മീതെ ഉയർത്തിക്കാട്ടാൻ ശ്രമിച്ച അഹങ്കാരിയായ ഈ രാജാവിനെ അത് എങ്ങനെ ബാധിച്ചു? “ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പു അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി.” (ദാനീയേൽ 5:6) തന്റെ പ്രജകളുടെ മുമ്പാകെ ശ്രേഷ്ഠനും പ്രതാപിയുമായി കാണപ്പെടാൻ ബേൽശസ്സർ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ, അവൻ കടുത്ത ഭീതി പ്രതിഫലിപ്പിക്കുന്ന ഒരു ജീവച്ഛവമായി മാറി—അവന്റെ മുഖം വിളറി, ഇടുപ്പുകൾ ഇളകിയാടി, ശരീരം ആകെ വിറപൂണ്ട് മുട്ടുകൾ കൂട്ടിയിടിച്ചു. ദാവീദിന്റെ ഗീതത്തിലെ, യഹോവയോടുള്ള വാക്കുകൾ തീർച്ചയായും സത്യമായിരുന്നു: “നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു.”—2 ശമൂവേൽ 22:1, 28; സദൃശവാക്യങ്ങൾ 18:12 താരതമ്യം ചെയ്യുക.
9. (എ) ബേൽശസ്സരിന്റെ ഭീതി ദൈവഭയം അല്ലായിരുന്നത് എന്തുകൊണ്ട്? (ബി) ബാബിലോണിലെ വിദ്വാന്മാർക്കു രാജാവ് എന്തു വാഗ്ദാനം ചെയ്തു?
9 ബേൽശസ്സരിന്റെ ഭീതി ജ്ഞാനത്തിന്റെ ആരംഭമായ, യഹോവയോടുള്ള ആഴമായ ആദരവാകുന്ന ദൈവഭയം അല്ലായിരുന്നു എന്നതു ശ്രദ്ധാർഹമാണ്. (സദൃശവാക്യങ്ങൾ 9:10) പകരം, അത് അനാരോഗ്യകരമായ ഭീതി ആയിരുന്നു. കിടുകിട വിറച്ച ചക്രവർത്തിയിൽ അതു ജ്ഞാനം പോലുള്ള യാതൊന്നും ഉളവാക്കിയില്ല.c തൊട്ടുമുമ്പു താൻ നിന്ദിച്ച ദൈവത്തോടു ക്ഷമ യാചിക്കുന്നതിനു പകരം അവൻ അലറിക്കൊണ്ട്, “ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും” വിളിച്ചു വരുത്തി. “ആരെങ്കിലും ഈ എഴുത്തു വായിച്ചു അർത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ചു, രാജ്യത്തിൽ മൂന്നാമനായി വാഴും” എന്നു പോലും അവൻ പ്രഖ്യാപിച്ചു. (ദാനീയേൽ 5:7) രാജ്യത്തെ മൂന്നാമത്തെ ഭരണാധികാരി തീർച്ചയായും ശക്തൻ ആയിരിക്കുമായിരുന്നു. വാഴ്ച നടത്തിക്കൊണ്ടിരുന്ന രാജാക്കന്മാരായ നബോണീഡസിനും ബേൽശസ്സരിനും തൊട്ടുപിന്നിലുള്ള സ്ഥാനമായിരുന്നു അത്. സാധാരണ ഗതിയിൽ ബേൽശസ്സരിന്റെ മൂത്ത പുത്രനുവേണ്ടി സംവരണം ചെയ്യപ്പെടേണ്ടതായിരുന്നു ആ സ്ഥാനം. അത്ഭുതകരമായ പ്രസ്തുത സന്ദേശത്തിന്റെ വിശദീകരണം ലഭിക്കാൻ രാജാവ് അത്ര തീവ്രമായി ആഗ്രഹിച്ചു!
10. ചുവരിലെ കയ്യെഴുത്തു വ്യാഖ്യാനിക്കാനുള്ള വിദ്വാന്മാരുടെ ശ്രമം എന്തായി?
10 ആ വലിയ ഹാളിൽ വിദ്വാന്മാർ അണിനിരന്നു. അവരുടെ എണ്ണത്തിന് ഒരു കുറവും ഇല്ലായിരുന്നു. കാരണം ബാബിലോൺ നഗരം വ്യാജ മത നിബിഡവും ക്ഷേത്രങ്ങൾ തിങ്ങിനിറഞ്ഞതും ആയിരുന്നു. ശകുനങ്ങളും നിഗൂഢ ലിഖിതങ്ങളും വായിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ടിരുന്ന ധാരാളം പേർ ഉണ്ടായിരുന്നെന്നു തീർച്ചയാണ്. തങ്ങൾക്കു വീണുകിട്ടിയ ഈ അസുലഭ അവസരം വിദ്വാന്മാരെ കോരിത്തരിപ്പിച്ചിരിക്കണം. ഒരു വിശിഷ്ട സദസ്സിനു മുമ്പാകെ തങ്ങളുടെ കല അവതരിപ്പിക്കാനും രാജാവിന്റെ പ്രീതി നേടാനും വലിയൊരു അധികാര സ്ഥാനത്ത് അവരോധിക്കപ്പെടാനുമുള്ള ഒരു സുവർണാവസരം ആയിരുന്നു അത്. എന്നാൽ എന്തൊരു പരാജയമാണ് അവർക്കു നേരിട്ടത്! “എഴുത്തു വായിപ്പാനും രാജാവിനെ അർത്ഥം അറിയിപ്പാനും അവർക്കു കഴിഞ്ഞില്ല.”d—ദാനീയേൽ 5:8.
11. ബാബിലോണിയൻ വിദ്വാന്മാർക്ക് ആ എഴുത്തു വായിക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടായിരിക്കാം?
11 ആ ആലേഖനം, അതിലെ ലിപികൾതന്നെ, വായിക്കാനാകാത്തത് ആണെന്നു ബാബിലോണിയൻ വിദ്വാന്മാർ കണ്ടെത്തിയോ എന്നു വ്യക്തമല്ല. അങ്ങനെയായിരുന്നെങ്കിൽ, തത്ത്വദീക്ഷയില്ലാഞ്ഞ ആ പുരുഷന്മാർക്ക് എന്തെങ്കിലും തെറ്റായ, ഒരുപക്ഷേ രാജാവിനെ പുകഴ്ത്തിക്കൊണ്ടു പോലുമുള്ള ഒരു വ്യാഖ്യാനം സ്വതന്ത്രമായി കെട്ടിച്ചമയ്ക്കാൻ കഴിയുമായിരുന്നു. ലിപികൾ എളുപ്പം വായിക്കാവുന്നവ ആയിരുന്നിരിക്കാം എന്നതാണു മറ്റൊരു സാധ്യത. എന്നാൽ അരമായയും എബ്രായയും പോലുള്ള ഭാഷകൾ സ്വരാക്ഷരങ്ങൾ കൂടാതെ എഴുതപ്പെട്ടിരുന്നതുകൊണ്ട് ഓരോ വാക്കിനും പല അർഥങ്ങൾ ഉണ്ടായിരിക്കുക സാധ്യമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ, ഉദ്ദേശിച്ചത് ഏതു വാക്കുകൾ ആണെന്നു നിർണയിക്കാൻ വിദ്വാന്മാർക്കു കഴിഞ്ഞില്ലായിരിക്കാം. അവർക്ക് അതിനു കഴിഞ്ഞിരുന്നു എങ്കിൽത്തന്നെ, വ്യാഖ്യാനിക്കാൻ തക്കവണ്ണം അവയുടെ അർഥം മനസ്സിലാക്കാൻ അപ്പോഴും അവർക്കു സാധിച്ചില്ല. എങ്ങനെയായിരുന്നാലും, ഒരു കാര്യം ഉറപ്പാണ്: ബാബിലോണിലെ വിദ്വാന്മാർ ദയനീയമായി പരാജയപ്പെട്ടു!
12. വിദ്വാന്മാരുടെ പരാജയം എന്തു തെളിയിച്ചു?
12 അങ്ങനെ ആ വിദ്വാന്മാർ വെറും നാട്യക്കാരും ആദരിക്കപ്പെട്ടിരുന്ന ആ മതവ്യവസ്ഥ വ്യാജവും ആണെന്നു തെളിഞ്ഞു. അവർ എത്ര നിരാശിതർ ആയിരിക്കണം! ആ മതനിരതരിലുള്ള തന്റെ ആശ്രയം വ്യർഥം ആയിരുന്നെന്നു മനസ്സിലാക്കിയപ്പോൾ ബേൽശസ്സർ കൂടുതൽ ഭയാകുലനായി. അവന്റെ മുഖം കൂടുതൽ വിളറി. അവന്റെ മഹത്തുക്കൾ പോലും “അമ്പരന്നുപോയി.”e—ദാനീയേൽ 5:9.
ജ്ഞാനിയായ ഒരുവനെ വിളിച്ചുവരുത്തുന്നു
13. (എ) ദാനീയേലിനെ വിളിക്കാൻ രാജ്ഞി നിർദേശിച്ചത് എന്തുകൊണ്ട്? (ബി) ദാനീയേൽ ഏതു തരം ജീവിതമാണു നയിച്ചിരുന്നത്?
13 ഈ നിർണായക നേരത്ത്, രാജ്ഞിതന്നെ—സാധ്യതയനുസരിച്ച് രാജമാതാവ്—വിരുന്നു ശാലയിൽ പ്രവേശിച്ചു. വിരുന്നിലെ ബഹളത്തെ കുറിച്ച് അവൾ കേട്ടിരുന്നു. ചുവരിലെ കയ്യെഴുത്തു വായിക്കാൻ കഴിയുന്ന ഒരുവനെ അവൾക്ക് അറിയാം. പതിറ്റാണ്ടുകൾക്കു മുമ്പ് തന്റെ പിതാവായ നെബൂഖദ്നേസർ ദാനീയേലിനെ എല്ലാ വിദ്വാന്മാരുടെയും മേൽ നിയമിച്ചിരുന്നു. ദാനീയേൽ “ഉൽകൃഷ്ടമനസ്സും അറിവും ബുദ്ധിയും” ഉള്ളവൻ ആണെന്നു രാജ്ഞി ഓർത്തു. ബേൽശസ്സരിന് ദാനീയേലിനെ അറിയില്ലായിരുന്നെന്നു തോന്നുന്നു. അതുകൊണ്ട്, പ്രവാചകനു ഗവൺമെന്റിൽ ഉണ്ടായിരുന്ന ഉന്നത സ്ഥാനം നെബൂഖദ്നേസരിന്റെ മരണശേഷം നഷ്ടപ്പെട്ടിരിക്കാൻ ഇടയുണ്ട്. എന്നാൽ പ്രാമുഖ്യത ദാനീയേലിനു പ്രധാനം അല്ലായിരുന്നു. ഈ സമയത്ത് അവൻ തന്റെ 90-കളിൽ ആയിരുന്നിരിക്കാം. അപ്പോഴും അവൻ യഹോവയെ വിശ്വസ്തമായി സേവിച്ചിരുന്നു. ബാബിലോണിയൻ പ്രവാസത്തിലായിട്ട് ഏതാണ്ട് എട്ടു പതിറ്റാണ്ടുകൾ ആയെങ്കിലും അവൻ അപ്പോഴും തന്റെ എബ്രായ പേരിലാണ് അറിയപ്പെട്ടിരുന്നത്. അവന് ഒരിക്കൽ നൽകപ്പെട്ട ബാബിലോണിയൻ പേര് ഉപയോഗിക്കാതെ, ദാനീയേൽ എന്ന പേരിലാണു രാജ്ഞി പോലും അവനെ പരാമർശിച്ചത്. അവൾ രാജാവിനെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ദാനീയേലിനെ വിളിക്കട്ടെ; അവൻ അർത്ഥം ബോധിപ്പിക്കും.”—ദാനീയേൽ 1:7; 5:10-12.
14. ചുവരിലെ കയ്യെഴുത്തു കണ്ടപ്പോഴത്തെ ദാനീയേലിന്റെ ധർമസങ്കടം എന്തായിരുന്നു?
14 വിളിച്ചു വരുത്തപ്പെട്ട ദാനീയേൽ ബേൽശസ്സരിന്റെ മുമ്പാകെ ഹാജരായി. ഈ യഹൂദനോടു സഹായം അർഥിക്കുന്നതു വിഷമിപ്പിക്കുന്ന ഒരു കാര്യമായിരുന്നു. അവന്റെ ദൈവത്തെ രാജാവ് നിന്ദിച്ചു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും, ദാനീയേലിനെ പുകഴ്ത്തി പറയാൻ രാജാവ് ശ്രമിച്ചു. നിഗൂഢമായ ആ വാക്കുകൾ വായിച്ചു വിശദീകരിച്ചാൽ രാജ്യത്തെ മൂന്നാം സ്ഥാനം നൽകാമെന്ന വാഗ്ദാനം രാജാവ് ദാനീയേലിനോടും ആവർത്തിച്ചു. (ദാനീയേൽ 5:13-16) ചുവരിലെ കയ്യെഴുത്തിലേക്കു ദാനീയേൽ കണ്ണുകളുയർത്തി നോക്കി. അർഥം ഗ്രഹിക്കാൻ പരിശുദ്ധാത്മാവ് അവനെ പ്രാപ്തനാക്കി. യഹോവയാം ദൈവത്തിൽ നിന്നുള്ള വിനാശത്തിന്റെ ഒരു സന്ദേശമായിരുന്നു അത്! വൃഥാഭിമാനിയായ ആ രാജാവിന്റെ മുഖത്തു നോക്കി അവന് എതിരെയുള്ള ഒരു കടുത്ത ന്യായവിധി ഉച്ചരിക്കാൻ ദാനീയേലിന് എങ്ങനെ കഴിയുമായിരുന്നു—അതും അവന്റെ ഭാര്യമാരുടെയും മഹത്തുക്കളുടെയും മുന്നിൽ വെച്ച്? ദാനീയേലിന്റെ ധർമസങ്കടം ഒന്നു സങ്കൽപ്പിച്ചു നോക്കൂ! രാജാവിന്റെ മുഖസ്തുതിയും അവൻ വാഗ്ദാനം ചെയ്ത ധനവും പ്രാമുഖ്യതയും ദാനീയേലിനെ വ്യതിചലിപ്പിച്ചോ? പ്രവാചകൻ യഹോവയുടെ വിധിപ്രഖ്യാപനത്തെ മയപ്പെടുത്തുമായിരുന്നോ?
15, 16. ചരിത്രത്തിൽ നിന്നുള്ള മർമപ്രധാനമായ ഏതു പാഠം പഠിക്കാനാണു ബേൽശസ്സർ പരാജയപ്പെട്ടത്, സമാനമായ പരാജയം ഇന്ന് എത്ര സാധാരണമാണ്?
15 ദാനീയേൽ ധൈര്യസമേതം ഇങ്ങനെ പറഞ്ഞു: “ദാനങ്ങൾ തിരുമേനിക്കു തന്നേ ഇരിക്കട്ടെ; സമ്മാനങ്ങൾ മറെറാരുത്തന്നു കൊടുത്താലും; എഴുത്തു ഞാൻ രാജാവിനെ വായിച്ചുകേൾപ്പിച്ചു അർത്ഥം ബോധിപ്പിക്കാം.” (ദാനീയേൽ 5:17) അടുത്തതായി, നെബൂഖദ്നേസരിന്റെ മഹത്ത്വം ദാനീയേൽ സമ്മതിച്ചു പറഞ്ഞു—തനിക്കു തോന്നുന്ന ഏതൊരുവനെയും കൊല്ലാനും പ്രഹരിക്കാനും ഉയർത്താനും താഴ്ത്താനും സാധിച്ചിരുന്ന അതിശക്തനായ ഒരു രാജാവ്. എന്നിരുന്നാലും, നെബൂഖദ്നേസരിനെ മഹാനാക്കിയത് ‘അത്യുന്നത ദൈവ’മായ യഹോവ ആയിരുന്നെന്നു ദാനീയേൽ ബേൽശസ്സരിനെ ഓർമിപ്പിച്ചു. എന്നാൽ ശക്തനായ ആ രാജാവ് അഹങ്കാരിയായപ്പോൾ അവനെ താഴ്ത്തിയതും യഹോവ തന്നെ ആയിരുന്നു. അതേ, “മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിന്നു നിയമിക്കയും ചെയ്യുന്നു” എന്നു തിരിച്ചറിയാൻ നെബൂഖദ്നേസർ നിർബന്ധിതൻ ആയിത്തീർന്നിരുന്നു.—ദാനീയേൽ 5:18-21.
16 ‘ഇതൊക്കെയും അറിയാമായിരു’ന്നിട്ടും ചരിത്രത്തിൽനിന്നു പഠിക്കാൻ ബേൽശസ്സർ പരാജയപ്പെട്ടു. യഥാർഥത്തിൽ, നെബൂഖദ്നേസരിന്റെ അഹങ്കാരം എന്ന പാപത്തെ കവച്ചുവെച്ചുകൊണ്ട് അവൻ യഹോവയോടു നേരിട്ട് ധിക്കാരം കാട്ടി. രാജാവിന്റെ പാപം ദാനീയേൽ തുറന്നുകാട്ടി. മാത്രമല്ല, വ്യാജ ദേവന്മാർ “കാണ്മാനും കേൾപ്പാനും അറിവാനും വഹിയാത്ത”വർ ആണെന്ന് ആ പുറജാതീയ സദസ്സിന്റെ മുന്നിൽ വെച്ച് ദാനീയേൽ ബേൽശസ്സരിനോടു സധൈര്യം പറഞ്ഞു. യാതൊരു പ്രയോജനവുമില്ലാത്ത ആ ദേവന്മാരിൽനിന്നു വ്യത്യസ്തനായി, യഹോവയാണു ദൈവം, ‘തിരുമനസ്സിലെ ശ്വാസം . . . കൈവശമുള്ളത്’ അവന്റെ പക്കലാണ് എന്ന് ദൈവത്തിന്റെ ആ ധീര പ്രവാചകൻ കൂട്ടിച്ചേർത്തു. ഇന്നോളം ആളുകൾ നിർജീവ വസ്തുക്കൾകൊണ്ട് ദൈവങ്ങളെ ഉണ്ടാക്കുകയും പണത്തെയും തൊഴിലിനെയും പ്രശസ്തിയെയും എന്തിന്, ഉല്ലാസത്തെപ്പോലും വിഗ്രഹമാക്കുകയും ചെയ്യുന്നു. എന്നാൽ ജീവൻ നൽകാൻ ഇവയ്ക്കൊന്നും സാധിക്കില്ല. നമ്മുടെ നിലനിൽപ്പിനു നാമെല്ലാം കടപ്പെട്ടിരിക്കുന്നതു യഹോവയോടു മാത്രമാണ്, നാം എടുക്കുന്ന ഓരോ ശ്വാസത്തിനും നാം അവനെ ആശ്രയിക്കുന്നു.—ദാനീയേൽ 5:22, 23; പ്രവൃത്തികൾ 17:24, 25.
ഒരു പ്രഹേളികയുടെ ചുരുളഴിയുന്നു!
17, 18. ചുവരിൽ എഴുതപ്പെട്ട നാലു വാക്കുകൾ ഏവ, അവയുടെ അക്ഷരീയ അർഥം എന്ത്?
17 ബാബിലോണിലെ സകല വിദ്വാന്മാർക്കും അസാധ്യമെന്നു തെളിഞ്ഞതു വൃദ്ധനായ ആ പ്രവാചകൻ ഇപ്പോൾ ചെയ്യാൻ തുടങ്ങി. ചുവരിൽ ആലേഖനം ചെയ്യപ്പെട്ട കയ്യെഴുത്ത് അവൻ വായിച്ച് വ്യാഖ്യാനിച്ചു. “മെനേ, മെനേ, തെക്കേൽ, ഊഫർസീൻ [“പർസീൻ,” NW]” എന്നിവയായിരുന്നു ആ വാക്കുകൾ. (ദാനീയേൽ 5:24, 25) അവയുടെ അർഥം എന്താണ്?
18 ആ വാക്കുകളുടെ അക്ഷരീയ അർഥം “ഒരു മൈന, ഒരു മൈന, ഒരു ശേക്കെൽ, അര ശേക്കെൽ” എന്നാണ്. ഓരോ വാക്കും നാണയ തൂക്കത്തിന്റെ അളവായിരുന്നു. മൂല്യംവെച്ചു നോക്കുമ്പോൾ അവ അവരോഹണ ക്രമത്തിലാണു പട്ടികപ്പെടുത്തിയിരുന്നത്. എത്ര ദുർഗ്രഹം! ബാബിലോണിയൻ വിദ്വാന്മാർക്ക് ആ അക്ഷരങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പോലും, അവർക്ക് അതു വ്യാഖ്യാനിക്കാൻ കഴിയാഞ്ഞതിൽ അതിശയിക്കാനില്ല.
19. “മെനേ” എന്ന വാക്കിന്റെ വ്യാഖ്യാനം എന്തായിരുന്നു?
19 ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സ്വാധീനത്താൽ ദാനീയേൽ വിശദീകരിച്ചു: “കാര്യത്തിന്റെ അർത്ഥമാവിതു: മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം [“രാജത്വത്തിന്റെ നാളുകൾ,” NW] എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു.” (ദാനീയേൽ 5:26) ആദ്യ വാക്കിന്റെ വ്യഞ്ജനങ്ങളെ, വായനക്കാരൻ നൽകുന്ന സ്വരാക്ഷരങ്ങളുടെ അടിസ്ഥാനത്തിൽ “മൈന” എന്നു മാത്രമല്ല, “എണ്ണി” എന്നതിനുള്ള അരമായ പദത്തിന്റെ ഒരു രൂപമായും വായിക്കാൻ കഴിയുമായിരുന്നു. യഹൂദന്മാരുടെ പ്രവാസം അവസാനിക്കാൻ പോകുകയാണെന്നു ദാനീയേലിനു നന്നായി അറിയാമായിരുന്നു. പ്രവചിക്കപ്പെട്ട 70 വർഷ പ്രവാസത്തിന്റെ 68 വർഷങ്ങൾ അതിനോടകം കടന്നുപോയിരുന്നു. (യിരെമ്യാവു 29:10) ലോകശക്തി എന്ന നിലയിലുള്ള ബാബിലോണിന്റെ വാഴ്ചയുടെ ദിനങ്ങൾ വലിയ സമയപാലകനായ യഹോവ എണ്ണിക്കഴിഞ്ഞിരുന്നു. അതിന്റെ അന്ത്യം, ബേൽശസ്സരിന്റെ വിരുന്നിൽ പങ്കെടുത്ത ഏതൊരുവനും കരുതിയിരുന്നതിലും അടുത്ത് എത്തിയിരുന്നു. വാസ്തവത്തിൽ, സമയം കഴിഞ്ഞിരുന്നു—ബേൽശസ്സരിന്റെ മാത്രമല്ല അവന്റെ പിതാവായ നബോണീഡസിന്റെയും. അതുകൊണ്ടായിരിക്കാം “മെനേ” എന്ന വാക്കു രണ്ടു തവണ എഴുതപ്പെട്ടത്—ആ രണ്ടു രാജത്വങ്ങളുടെയും അന്ത്യം അറിയിക്കാൻ തന്നെ.
20. “തെക്കേൽ” എന്ന വാക്കിന്റെ വിശദീകരണം എന്തായിരുന്നു, അതു ബേൽശസ്സരിനു ബാധകമായത് എങ്ങനെ?
20 നേരെ മറിച്ച്, “തെക്കേൽ” എന്നത് ഒരു തവണ മാത്രമേ എഴുതപ്പെട്ടുള്ളൂ, അത് ഏകവചന രൂപത്തിലും ആയിരുന്നു. ആ പദം പ്രധാനമായും ബേൽശസ്സരിനെ ആയിരിക്കാം സംബോധന ചെയ്തതെന്ന് അതു സൂചിപ്പിക്കുന്നു. അത് ഉചിതം ആയിരിക്കുമായിരുന്നു, കാരണം അവൻ വ്യക്തിപരമായി യഹോവയോടു കടുത്ത അനാദരവു കാട്ടിയിരുന്നു. ആ പദത്തിന്റെ അർഥം തന്നെ “ശേക്കെൽ” എന്നാണ്. എന്നാൽ “തൂക്കി” എന്ന അർഥം ധ്വനിപ്പിക്കാനും വ്യഞ്ജനങ്ങൾ അനുവദിക്കുന്നു. അതുകൊണ്ട്, ദാനീയേൽ ബേൽശസ്സരിനോടു പറഞ്ഞു: “തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.” (ദാനീയേൽ 5:27) യഹോവയ്ക്കു മുഴു രാഷ്ട്രങ്ങളും തുലാസിലെ പൊടിപോലെ അത്ര നിസ്സാരമാണ്. (യെശയ്യാവു 40:15) അവന്റെ ഉദ്ദേശ്യങ്ങൾ തകിടംമറിക്കാൻ അവർ അശക്തരാണ്. അപ്പോൾ പിന്നെ, അഹങ്കാരിയായ ഒരു രാജാവ് എന്തുമാത്രം വരും? അഖിലാണ്ഡ പരമാധികാരിക്കു മീതെ തന്നെത്തന്നെ ഉയർത്താൻ ബേൽശസ്സർ ശ്രമിച്ചിരുന്നു. അൽപ്പനായ ആ മനുഷ്യൻ യഹോവയെ ധിക്കരിക്കാനും നിർമല ആരാധനയെ അധിക്ഷേപിക്കാനും മുതിർന്നിരുന്നു. എന്നാൽ അവനെ “കുറവുള്ളവനായി കണ്ടിരിക്കുന്നു.” അതേ, അതിവേഗം സമീപിച്ചുകൊണ്ടിരുന്ന ആ ന്യായവിധിക്കു ബേൽശസ്സർ പൂർണമായും അർഹനായിരുന്നു!
21. “പർസീൻ” എന്ന വാക്ക് മൂന്ന് അർഥങ്ങൾ ധ്വനിപ്പിച്ചതെങ്ങനെ, ഒരു ലോകശക്തി എന്ന നിലയിലുള്ള ബാബിലോണിന്റെ ഭാവി സംബന്ധിച്ച് ഈ വാക്ക് എന്തു സൂചിപ്പിച്ചു?
21 ചുവരിലെ അവസാനത്തെ വാക്ക് “പർസീൻ” എന്നായിരുന്നു. എന്നാൽ ദാനീയേൽ അത് “പെറേസ്” എന്ന ഏകവചന രൂപത്തിലാണു വായിച്ചത്. അപ്പോൾ സംബോധന ചെയ്തത് ഒരു രാജാവിനെ മാത്രം ആയിരുന്നതുകൊണ്ടാകാം—മറ്റവൻ അവിടെ ഉണ്ടായിരുന്നില്ല—ദാനീയേൽ ഏകവചനം ഉപയോഗിച്ചത്. ത്രിവിധ പ്രയോഗത്താൽ ഈ പദം യഹോവ ഒരുക്കിയ ആ മഹാപ്രഹേളികയെ പാരമ്യത്തിൽ എത്തിച്ചു. “പർസീൻ” എന്നതിന്റെ അക്ഷരീയ അർഥം “അര ശേക്കെൽ” എന്നാണ്. എന്നാൽ ആ ലിപികൾക്കു മറ്റു രണ്ട് അർഥങ്ങൾകൂടെ ആകാം—“വിഭാഗങ്ങൾ” എന്നും “പാർസികൾ” എന്നും. ദാനീയേൽ പ്രവചിച്ചു: “പെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും [“പേർഷ്യക്കാർക്കും,” NW] കൊടുത്തിരിക്കുന്നു.”—ദാനീയേൽ 5:28.
22. പ്രഹേളികയുടെ ചുരുൾ അഴിഞ്ഞപ്പോൾ ബേൽശസ്സർ എങ്ങനെ പ്രതികരിച്ചു, അവന്റെ പ്രതീക്ഷ എന്തായിരുന്നിരിക്കാം?
22 അങ്ങനെ ആ പ്രഹേളികയുടെ നിഗൂഢത ചുരുളഴിഞ്ഞു. ശക്തമായ ബാബിലോൺ, മേദോ-പേർഷ്യൻ സേനയ്ക്ക് അടിയറ പറയാൻ പോകുകയായിരുന്നു. ഈ വിനാശ പ്രഖ്യാപനത്താൽ ഭഗ്നാശൻ ആയെങ്കിലും ബേൽശസ്സർ വാക്കു പാലിച്ചു. അവൻ തന്റെ ദാസന്മാരെക്കൊണ്ടു ദാനീയേലിനെ ധൂമ്രവസ്ത്രവും പൊന്മാലയും അണിയിച്ച് രാജ്യത്തിലെ മൂന്നാം ഭരണാധിപൻ എന്ന നിലയിൽ അവനെ പ്രസിദ്ധനാക്കി. (ദാനീയേൽ 5:29) ആ ബഹുമതികൾ യഹോവയ്ക്കുള്ള അർഹമായ ബഹുമതിയെ പ്രതിഫലിപ്പിക്കുന്നുവെന്നു തിരിച്ചറിഞ്ഞ ദാനീയേൽ അവ നിരസിച്ചില്ല. യഹോവയുടെ പ്രവാചകനെ ബഹുമാനിച്ചുകൊണ്ട് അവന്റെ ന്യായവിധി മയപ്പെടുത്താൻ സാധിക്കുമെന്നു ബേൽശസ്സർ തീർച്ചയായും പ്രതീക്ഷിച്ചിട്ടുണ്ടാകും. അങ്ങനെയെങ്കിൽ, സമയം കഴിഞ്ഞുപോയിരുന്നു.
ബാബിലോണിന്റെ വീഴ്ച
23. ബേൽശസ്സരിന്റെ വിരുന്ന് പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ഏതു പുരാതന പ്രവചനം നിവൃത്തിയേറുക ആയിരുന്നു?
23 ബേൽശസ്സരും അവന്റെ രാജസദസ്സും തങ്ങളുടെ ദേവന്മാരെ സ്തുതിച്ചുകൊണ്ടു മദ്യപിക്കുകയും യഹോവയെ പരിഹസിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ തന്നെ, കൊട്ടാരത്തിനു വെളിയിലെ ഇരുട്ടിൽ വലിയൊരു സംഭവ പരമ്പര ഇതൾ വിരിയുകയായിരുന്നു. ഏകദേശം രണ്ടു നൂറ്റാണ്ടു മുമ്പ് യെശയ്യാവിലൂടെ പ്രസ്താവിക്കപ്പെട്ട ഒരു പ്രവചനം നിവൃത്തിയേറുകയായിരുന്നു. ബാബിലോണിനെ കുറിച്ച് യഹോവ ഇങ്ങനെ മുൻകൂട്ടി പറഞ്ഞിരുന്നു: “അവൾ നിമിത്തമുള്ള സകല നെടുവീർപ്പും നിലയ്ക്കാൻ ഞാൻ ഇടയാക്കിയിരിക്കുന്നു.” അതേ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്മേലുള്ള ആ നഗരത്തിന്റെ എല്ലാ മർദനത്തിനും അറുതി വരണമായിരുന്നു. എന്തു മുഖാന്തരത്താൽ? അതേ പ്രവചനംതന്നെ ഇപ്രകാരം പറഞ്ഞു: “ഏലാമേ, കയറിച്ചെല്ലുക! മേദ്യയേ, ഉപരോധിച്ചുകൊൾക!” യെശയ്യാ പ്രവാചകന്റെ കാലശേഷം ഏലാം പേർഷ്യയുടെ ഭാഗമായിത്തീർന്നു. യെശയ്യാവിന്റെ അതേ പ്രവചനത്തിൽ മുൻകൂട്ടി പറഞ്ഞിരുന്ന, ബേൽശസ്സരിന്റെ വിരുന്നു നടക്കുന്ന സമയത്തുതന്നെ ബാബിലോണിനു നേരെ ‘കയറിച്ചെല്ലാനും’ ‘ഉപരോധിക്കാനു’മായി പേർഷ്യ-മേദ്യ സേനകൾ ഒത്തുചേർന്നു കഴിഞ്ഞിരുന്നു.—യെശയ്യാവു 21:1, 2, 5, 6, NW.
24. യെശയ്യാവിന്റെ പ്രവചനം ബാബിലോണിന്റെ വീഴ്ചയുടെ ഏതു വിശദാംശങ്ങൾ മുൻകൂട്ടി പറഞ്ഞിരുന്നു?
24 വാസ്തവത്തിൽ, ഈ സേനകളുടെ നേതാവിന്റെ പേരുപോലും മുൻകൂട്ടി പറയപ്പെട്ടിരുന്നു, അതോടൊപ്പം അവന്റെ യുദ്ധതന്ത്രത്തിന്റെ പ്രധാന വിശദാംശങ്ങളും. കോരെശ് എന്നു പേരായ ഒരുവനെ ബാബിലോണിന് എതിരെ വരാൻ യഹോവ അഭിഷേകം ചെയ്യുമെന്ന് ഏതാണ്ട് 200 വർഷം മുമ്പ് യെശയ്യാവ് പ്രവചിച്ചിരുന്നു. ആക്രമിച്ചു മുന്നേറവെ, അവന്റെ മുന്നിൽ സകല പ്രതിബന്ധങ്ങളും നിരപ്പാക്കപ്പെടുമായിരുന്നു. ബാബിലോണിന്റെ വെള്ളങ്ങൾ “വററി”പ്പോകുകയും അവളുടെ ശക്തമായ വാതിലുകൾ തുറന്നു കിടക്കുകയും ചെയ്യുമായിരുന്നു. (യെശയ്യാവു 44:27–45:3) അത് അപ്രകാരംതന്നെ സംഭവിച്ചു. കോരെശിന്റെ സൈന്യം യൂഫ്രട്ടീസ് നദിയുടെ ഗതി തിരിച്ചുവിട്ടുകൊണ്ട്, അതിലൂടെ നടന്നു നീങ്ങാൻ പാകത്തിനു ജലനിരപ്പു കുറച്ചു. അശ്രദ്ധരായ കാവൽക്കാർ ബാബിലോണിന്റെ മതിൽ കവാടങ്ങൾ തുറന്നിട്ടിരുന്നു. ആ നഗരം അതിലെ നിവാസികൾ കുടിച്ചുകൂത്താടിക്കൊണ്ടിരിക്കെ ആക്രമിക്കപ്പെട്ടെന്നു മതേതര ചരിത്രകാരന്മാർ സമ്മതിക്കുന്നു. കാര്യമായ യാതൊരു എതിർപ്പും കൂടാതെ ബാബിലോൺ പിടിക്കപ്പെട്ടു. (യിരെമ്യാവു 51:30) എന്നാൽ ശ്രദ്ധേയമായ ഒരു മരണം എങ്കിലും സംഭവിക്കുകയുണ്ടായി. ദാനീയേൽ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ആ രാത്രിയിൽ തന്നേ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു. മേദ്യനായ ദാര്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.”—ദാനീയേൽ 5:30, 31.
ചുവരിലെ കയ്യെഴുത്തിൽനിന്നു പഠിക്കൽ
25. (എ) പുരാതന ബാബിലോൺ ഇന്നത്തെ ആഗോള വ്യാജമത വ്യവസ്ഥിതിയുടെ ഒരു ഉചിതമായ പ്രതീകം ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) യഹോവയുടെ ഇന്നത്തെ ദാസന്മാർ ബാബിലോണിൽ പ്രവാസികൾ ആയിരുന്നത് ഏത് അർഥത്തിൽ?
25 ദാനീയേൽ 5-ാം അധ്യായത്തിലെ നിശ്വസ്ത വിവരണം നമുക്കു വളരെ അർഥവത്താണ്. വ്യാജമത ആചാരങ്ങളുടെ ഒരു കേന്ദ്രം എന്ന നിലയിൽ പുരാതന ബാബിലോൺ വ്യാജമത ലോകസാമ്രാജ്യത്തിന്റെ ഒരു സമുചിത പ്രതീകമാണ്. രക്തദാഹിനിയായ ഒരു വേശ്യയായി വെളിപ്പാടിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഈ ആഗോള വഞ്ചനാ സഞ്ചയം “മഹാബാബിലോൺ” എന്നു വിളിക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 17:5, NW) ദൈവനിന്ദാകരമായ തന്റെ ഉപദേശങ്ങളെയും ആചാരങ്ങളെയും കുറിച്ചുള്ള യാതൊരു മുന്നറിയിപ്പും വകവെക്കാതെ അവൾ ദൈവവചന സത്യം പ്രസംഗിക്കുന്നവരെ പീഡിപ്പിച്ചിരിക്കുന്നു. 1918-ൽ, പുരോഹിത-പ്രേരിത പീഡനം നിമിത്തം അഭിഷിക്ത ക്രിസ്ത്യാനികളുടെ വിശ്വസ്ത ശേഷിപ്പിന്റെ രാജ്യപ്രസംഗ വേല വാസ്തവത്തിൽ നിർത്തലാക്കപ്പെട്ടപ്പോൾ, പുരാതന യെരൂശലേമിലെയും യഹൂദയിലെയും നിവാസികളെ പോലെ, അവർ ഫലത്തിൽ “മഹാബാബിലോ”ണിൽ പ്രവാസികളായി.
26. (എ) പൊ.യു. 1919-ൽ “മഹാബാബിലോൺ” വീണത് എങ്ങനെ? (ബി) നാംതന്നെ ശ്രദ്ധിക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യേണ്ട മുന്നറിയിപ്പ് ഏത്?
26 എന്നാൽ പെട്ടെന്നുതന്നെ “മഹാബാബിലോൺ” വീണു! അതു മിക്കവാറും നിശ്ശബ്ദമായ ഒരു വീഴ്ച ആയിരുന്നു—പൊ.യു.മു. 539-ൽ പുരാതന ബാബിലോൺ ഏതാണ്ട് നിശ്ശബ്ദമായി വീണതുപോലെ തന്നെ. എന്നിരുന്നാലും ഈ ആലങ്കാരിക വീഴ്ച വിനാശകമായിരുന്നു. പൊ.യു. 1919-ൽ യഹോവയുടെ ജനം ബാബിലോണിയൻ അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കപ്പെടുകയും ദിവ്യ അംഗീകാരത്താൽ അനുഗ്രഹിക്കപ്പെടുകയും ചെയ്തപ്പോഴാണ് അതു സംഭവിച്ചത്. അതു “മഹാബാബിലോണി”നു ദൈവജനത്തിന്മേൽ ഉണ്ടായിരുന്ന അധികാരത്തിന് അന്ത്യം കുറിക്കുകയും വിശ്വസിക്കാൻ കൊള്ളാത്ത ഒരു വഞ്ചകി എന്ന നിലയിൽ അവളെ പരസ്യമായി വെളിച്ചത്തു കൊണ്ടുവരുന്നതിനു തുടക്കം കുറിക്കുകയും ചെയ്തു. ആ വീഴ്ച അപരിഹാര്യമെന്നു തെളിഞ്ഞിരിക്കുന്നു. അവളുടെ അന്തിമ നാശം ആസന്നമാണ്. അതുകൊണ്ട് യഹോവയുടെ ദാസന്മാർ പിൻവരുന്ന മുന്നറിയിപ്പു പ്രതിധ്വനിപ്പിക്കുകയാണ്: “എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെ. . . അവളെ വിട്ടുപോരുവിൻ.”(വെളിപ്പാടു 18:4) നിങ്ങൾ ആ മുന്നറിയിപ്പിനു ശ്രദ്ധ കൊടുത്തിരിക്കുന്നുവോ? നിങ്ങൾ അതു മറ്റുള്ളവരുമായി പങ്കുവെക്കുന്നുവോ?f
27, 28. (എ) ഏതു മർമപ്രധാന സത്യം ദാനീയേൽ ഒരിക്കലും മറന്നില്ല? (ബി) ഇന്നത്തെ ദുഷ്ടലോകത്തിന് എതിരെ യഹോവ ഉടൻതന്നെ നടപടി സ്വീകരിക്കുമെന്നതിനു നമുക്ക് എന്തു തെളിവുണ്ട്?
27 അതുകൊണ്ട് ഇന്നും ചുവരിൽ കയ്യെഴുത്ത് ഉണ്ട്. എന്നാൽ അതു “മഹാബാബിലോണി”നു വേണ്ടി മാത്രമുള്ളതല്ല. ദാനീയേൽ പുസ്തകത്തിലെ മർമപ്രധാന കേന്ദ്ര സത്യം ഓർമിക്കുക: യഹോവയാകുന്നു അഖിലാണ്ഡ പരമാധികാരി. മനുഷ്യവർഗത്തിന്മേൽ ഒരു ഭരണാധികാരിയെ വാഴിക്കാൻ അവകാശമുള്ളത് അവന്, അവനു മാത്രം ആണ്. (ദാനീയേൽ 4:17, 25; 5:21) യഹോവയുടെ ഉദ്ദേശ്യങ്ങൾക്ക് എതിരെ നിലകൊള്ളുന്ന എന്തും നീക്കം ചെയ്യപ്പെടും. യഹോവ പെട്ടെന്നുതന്നെ പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. (ഹബക്കൂക് 2:3) ദാനീയേലിനെ സംബന്ധിച്ചിടത്തോളം, ഒടുവിൽ തന്റെ ജീവിതത്തിന്റെ പത്താം പതിറ്റാണ്ടിൽ അത്തരമൊരു സമയം ആഗതമായി. ദാനീയേലിന്റെ ബാല്യകാലം മുതൽ ദൈവജനത്തെ ഞെരുക്കിക്കൊണ്ടിരുന്ന ഒരു ലോകശക്തിയെ യഹോവ നീക്കം ചെയ്യുന്നത് അന്ന് അവൻ കണ്ടു.
28 യഹോവയാം ദൈവം മനുഷ്യവർഗത്തിനു വേണ്ടി ഒരു ഭരണാധിപനെ സ്വർഗീയ സിംഹാസനത്തിൽ വാഴിച്ചിരിക്കുന്നു എന്നതിന് അനിഷേധ്യമായ തെളിവുണ്ട്. ലോകം ഈ രാജാവിനെ അവഗണിക്കുകയും അവന്റെ ഭരണാധിപത്യത്തെ എതിർക്കുകയും ചെയ്തിരിക്കുന്നു എന്നതു യഹോവ പെട്ടെന്നുതന്നെ രാജ്യഭരണത്തിന്റെ എല്ലാ എതിരാളികളെയും തുടച്ചുനീക്കും എന്നതിന്റെ സുനിശ്ചിത തെളിവാണ്. (സങ്കീർത്തനം 2:1-11; 2 പത്രൊസ് 3:3-7) നിങ്ങൾ നമ്മുടെ ഈ കാലത്തിന്റെ അടിയന്തിരത കണക്കിലെടുത്തു പ്രവർത്തിക്കുകയും ദൈവരാജ്യത്തിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യുന്നുവോ? അങ്ങനെയെങ്കിൽ, ചുവരിലെ കയ്യെഴുത്തിൽനിന്നു നിങ്ങൾ വാസ്തവമായും പാഠം ഉൾക്കൊണ്ടിരിക്കുന്നു!
[അടിക്കുറിപ്പുകൾ]
a ഒരു പുരാതന ആലേഖനത്തിൽ കോരെശ് രാജാവ് ബേൽശസ്സരിനെ കുറിച്ചു പറഞ്ഞു: “അവന്റെ രാജ്യത്തു [ഭരണാധിപനായി] വാഴിക്കപ്പെട്ടിരുന്നത് ഒരു അൽപ്പനായിരുന്നു.”
b ദാനീയേൽ പുസ്തകത്തിലെ ഈ നിസ്സാര വിശദീകരണം പോലും കൃത്യതയുള്ളത് എന്നു തെളിഞ്ഞിരിക്കുന്നു. പുരാതന ബാബിലോണിലെ കൊട്ടാര ചുവരുകൾ കുമ്മായം തേച്ച ഇഷ്ടികകൊണ്ടു പണിതവ ആയിരുന്നെന്നു പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
c ബാബിലോണിലെ അന്ധവിശ്വാസങ്ങൾ ഈ അത്ഭുതത്തെ അത്യധികം ഭീതിദം ആക്കിയിരിക്കാം. ബാബിലോണിയൻ ജീവിതവും ചരിത്രവും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ രേഖപ്പെടുത്തുന്നു: “അനേകം ദേവന്മാരെ ആരാധിച്ചിരുന്നതിനു പുറമേ, ബാബിലോണിയർക്ക് ആത്മാക്കളിലും ആഴമായ വിശ്വാസം ഉണ്ടായിരുന്നു. അതു വളരെ ശക്തമായിരുന്നു, എന്തെന്നാൽ അവരുടെ മത സാഹിത്യത്തിന്റെ വലിയൊരു ഭാഗം ആത്മാക്കൾക്ക് എതിരെയുള്ള പ്രാർഥനകളും മന്ത്രോച്ചാരണങ്ങളും ആയിരുന്നു.”
d ബൈബിൾപരമായ പുരാവസ്തു പുനരവലോകനം (ഇംഗ്ലീഷ്) എന്ന ജേർണൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ബാബിലോണിയൻ പണ്ഡിതന്മാർ ആയിരക്കണക്കിനു ദുശ്ശകുന അടയാളങ്ങൾ പട്ടികപ്പെടുത്തി. . . . ചുവരിലെ എഴുത്തിന്റെ സാരം അറിയിക്കാൻ ബേൽശസ്സർ ആവശ്യപ്പെട്ടപ്പോൾ ബാബിലോണിലെ വിദ്വാന്മാർ ഈ ശകുന വിജ്ഞാനകോശങ്ങളിലേക്കു തിരിഞ്ഞു എന്നതിനു സംശയമില്ല. എന്നാൽ അവകൊണ്ടു യാതൊരു പ്രയോജനവും ഇല്ലെന്നു തെളിഞ്ഞു.”
e “അമ്പരന്നുപോയി” എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം, സമ്മേളിതർ ആകെ വെപ്രാളപ്പെട്ടതു പോലുള്ള വലിയൊരു സംഭ്രാന്തിയെ സൂചിപ്പിക്കുന്നുവെന്നു നിഘണ്ടുകർത്താക്കൾ അഭിപ്രായപ്പെടുന്നു.
f വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 205-71 പേജുകൾ കാണുക.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• പൊ.യു.മു. 539 ഒക്ടോബർ 5/6-ന് രാത്രിയിൽ ബേൽശസ്സരിന്റെ വിരുന്നു തടസ്സപ്പെട്ടത് എങ്ങനെ?
• ചുവരിലെ കയ്യെഴുത്തിന്റെ വ്യാഖ്യാനം എന്തായിരുന്നു?
• ബേൽശസ്സരിന്റെ വിരുന്നു പുരോഗമിക്കവെ, ബാബിലോണിന്റെ വീഴ്ചയെ കുറിച്ചുള്ള ഏതു പ്രവചനം നിവൃത്തിയേറുകയായിരുന്നു?
• ചുവരിലെ കയ്യെഴുത്തിനെ കുറിച്ചുള്ള വിവരണത്തിനു നമ്മുടെ കാലത്തേക്ക് എന്ത് അർഥമാണുള്ളത്?
[98-ാം പേജ് നിറയെയുള്ള ചിത്രം]
[103-ാം പേജ് നിറയെയുള്ള ചിത്രം]