ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജനുവരി 1-7
ദൈവവചനത്തിലെ നിധികൾ | മത്തായി 1-3
“സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു”
മത്ത 3:1, 2-ന്റെ പഠനക്കുറിപ്പുകൾ, nwtsty
പ്രസംഗിക്കുക: ഗ്രീക്കുപദത്തിന്റെ പ്രധാനാർഥം “പരസ്യമായി ഒരു കാര്യം അറിയിച്ചുകൊണ്ട് അതു ഘോഷിക്കുക” എന്നാണ്. സന്ദേശം അറിയിക്കുന്ന രീതിക്കാണ് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത്. ഒരു കൂട്ടത്തെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രഭാഷണത്തെക്കാൾ ഒരു കാര്യം എല്ലാവരോടും പരസ്യമായി ഘോഷിക്കുന്നതിനെയാണ് ഇതു പൊതുവേ അർഥമാക്കുന്നത്.
രാജ്യം: ബസിലേയ എന്ന ഗ്രീക്കുപദം ആദ്യമായി വരുന്നിടം. ഒരു രാജാവിന്റെ ഭരണകൂടത്തെയോ രാജഭരണത്തിൻകീഴിലുള്ള പ്രദേശം, ജനങ്ങൾ എന്നിവയെയോ ഇതിന് അർഥമാക്കാനാകും. ഗ്രീക്കുതിരുവെഴുത്തുകളിൽ 162 പ്രാവശ്യം ഈ പദം കാണാം. അതിൽ 55-ഉം മത്തായിയുടെ വിവരണത്തിലാണ്. ദൈവത്തിന്റെ സ്വർഗീയഭരണത്തെ കുറിക്കുന്നതാണ് അതിൽ മിക്കവയും. മത്തായി ഈ പദം ഇത്രയധികമായി ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് മത്തായിയുടെ സുവിശേഷത്തെ ‘രാജ്യ സുവിശേഷം’ എന്നും വിളിക്കാം.
സ്വർഗരാജ്യം: ഈ പദപ്രയോഗം 30-ലേറെ തവണ ബൈബിളിൽ കാണുന്നുണ്ട്, എല്ലാം മത്തായിയുടെ സുവിശേഷത്തിലാണ്. മർക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിൽ ഇതിനോടു സമാനമായ “ദൈവരാജ്യം” എന്ന പ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നത്. “ദൈവരാജ്യ”ത്തിന്റെ ഭരണകേന്ദ്രം സ്വർഗമായിരിക്കുമെന്നും അത് അവിടെനിന്നായിരിക്കും ഭരണം നടത്തുന്നതെന്നും ഇതു സൂചിപ്പിക്കുന്നു.—മത്ത 21:43; മർ 1:15; ലൂക്ക 4:43; ദാനി 2:44; 2തിമ 4:18.
സമീപിച്ചിരിക്കുന്നു: സ്വർഗരാജ്യത്തിന്റെ ഭാവിഭരണാധികാരി പ്രത്യക്ഷപ്പെടാറായി എന്ന അർഥത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
nwtsty-ലെ ചിത്രം
സ്നാപകയോഹന്നാൻ ധരിച്ചിരുന്ന വസ്ത്രവും ബാഹ്യരൂപവും
യോഹന്നാൻ ഒട്ടകരോമംകൊണ്ട് നെയ്ത വസ്ത്രവും തുകൽകൊണ്ടുള്ള ഒരു അരപ്പട്ടയും ആണ് ധരിച്ചിരുന്നത്. ഈ അരപ്പട്ടയിൽ ചെറിയ സാധനങ്ങൾ കെട്ടിവെക്കാൻ കഴിയുമായിരുന്നു. ഏലിയ പ്രവാചകനും സമാനമായ ഒരു വസ്ത്രമാണു ധരിച്ചിരുന്നത്. (2രാജ 1:8) ഒട്ടകരോമംകൊണ്ടുള്ള പരുപരുത്ത വസ്ത്രം പൊതുവേ പാവപ്പെട്ടവർ ധരിച്ചിരുന്നതായിരുന്നു. നേരെ മറിച്ച് പട്ടുകൊണ്ടും ലിനൻകൊണ്ടും നെയ്ത മാർദവമുള്ള വസ്ത്രങ്ങളാണു സമ്പന്നർ ധരിച്ചിരുന്നത്. (മത്ത 11:7-9) ജനിച്ചപ്പോൾമുതൽ സ്നാപകയോഹന്നാൻ നാസീരായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മുടി ഒരിക്കലും മുറിച്ചിരുന്നില്ല. യോഹന്നാന്റെ വേഷവും ബാഹ്യരൂപവും ഒറ്റനോട്ടത്തിൽത്തന്നെ അദ്ദേഹം ലളിതമായ ഒരു ജീവിതമാണു നയിച്ചിരുന്നതെന്നു വ്യക്തമാക്കി. ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ പൂർണമായി അർപ്പിതനായിരുന്നു അദ്ദേഹം.
വെട്ടുക്കിളികൾ
ബൈബിളിൽ “വെട്ടുക്കിളികൾ” എന്ന് ഉപയോഗിച്ചിരിക്കുന്നതു സ്പർശശക്തിയുള്ള ചെറിയ കൊമ്പുകളുള്ള എല്ലാ തരത്തിലുംപെട്ട പുൽച്ചാടികളെ കുറിക്കാനാണ്, പ്രത്യേകിച്ചും വലിയ കൂട്ടമായി മറ്റു സ്ഥലങ്ങളിലേക്കു ദേശാടനം ചെയ്യുന്നവയെ. യരുശലേമിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നതു മരുഭൂമിയിലെ വെട്ടുക്കിളികൾക്ക് 75 ശതമാനത്തിൽ അധികം പ്രോട്ടീനുണ്ട് എന്നാണ്. ഇന്ന്, തലയും കാലുകളും ചിറകുകളും വയറും നീക്കം ചെയ്ത ശേഷമാണ് ഇവയെ ഭക്ഷിക്കുന്നത്. ബാക്കിയുള്ള, നെഞ്ചിന്റെ ഭാഗം പാകം ചെയ്തോ ചെയ്യാതെയോ കഴിക്കും. ശരീരത്തിൽ പ്രോട്ടീൻ സമൃദ്ധമായുള്ള ഇവയ്ക്കു ചെമ്മീന്റെയോ ഞണ്ടിന്റെയോ രുചിയാണെന്നാണു പറയുന്നത്.
കാട്ടുതേൻ
കാട്ടുതേനീച്ചകൾ ഉണ്ടാക്കിയ ഒരു തേനീച്ചക്കൂടും (1) ഒരു തേനടയും (2) ആണ് ഇവിടെ കാണിച്ചിരിക്കുന്നത്. എപിസ് മെല്ലിഫെറാ സിറിയാക്കാ എന്ന ഒരുതരം കാട്ടുതേനീച്ചകൾ ഉത്പാദിപ്പിച്ചിരുന്ന തേനായിരിക്കാം യോഹന്നാൻ കഴിച്ചിരുന്നത്. യഹൂദ്യ വിജനഭൂമിയിൽ മാത്രം കണ്ടുവരുന്ന ഒരു ഇനം തേനീച്ചയാണ് അത്. അവിടത്തെ ചൂടുള്ള, വരണ്ട കാലാവസ്ഥയിൽ ജീവിക്കാൻ പര്യാപ്തമാണ് ഇവയുടെ ശരീരം. എന്നാൽ ആക്രമണസ്വഭാവമുള്ള ഇവയെ മനുഷ്യർക്കു വളർത്താൻ കഴിയില്ല. പക്ഷേ, ബി.സി 9-ാം നൂറ്റാണ്ടിൽ ഇസ്രായേലിൽ ജീവിച്ചിരുന്ന ആളുകൾ കളിമണ്ണുകൊണ്ടുള്ള സ്തംഭങ്ങളിൽ തേനീച്ചകളെ വളർത്തിയിരുന്നു. ഈ തേനീച്ചക്കൂടുകളുടെ അവശിഷ്ടങ്ങൾ യോർദാൻ താഴ്വരയ്ക്കടുത്തുള്ള ഒരു പ്രദേശത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. (മുമ്പ് ഒരു നഗരമായിരുന്ന ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര് ടെൽ രെഹോവ് എന്നാണ്.) ഈ തേനീച്ചക്കൂടുകളിൽനിന്ന് ലഭിച്ച തേൻ ഇന്നത്തെ തുർക്കി എന്ന് അറിയപ്പെടുന്ന പ്രദേശത്തുനിന്ന് കൊണ്ടുവന്ന ഒരുതരം തേനീച്ചകൾ ഉല്പാദിപ്പിച്ചതാണെന്നു കരുതപ്പെടുന്നു.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മത്ത 1:3-ന്റെ പഠനക്കുറിപ്പ്, nwtsty
താമാർ: മത്തായി രേഖപ്പെടുത്തിയ മിശിഹയുടെ വംശാവലിയിൽ കാണുന്ന അഞ്ചു സ്ത്രീകളിൽ ആദ്യത്തെ ആൾ. മറ്റു നാലു പേർ ഇവരായിരുന്നു: ഇസ്രായേല്യരല്ലായിരുന്ന രാഹാബും രൂത്തും (5-ാം വാക്യം); ‘ഊരിയാവിന്റെ ഭാര്യയായ’ ബത്ത്-ശേബ (6-ാം വാക്യം); മറിയ (16-ാം വാക്യം). പുരുഷന്മാരുടെ പേരുകൾ മാത്രം പറയുന്നതിനിടയിൽ ഈ സ്ത്രീകളെയും വംശാവലിയിൽ ഉൾപ്പെടുത്തിയത് എന്തുകൊണ്ടായിരിക്കും? സാധ്യതയനുസരിച്ച് ഇവർ ഓരോരുത്തരും യേശുവിന്റെ പൂർവമാതാവായതിനു പിന്നിൽ എടുത്തുപറയത്തക്ക ചില കാര്യങ്ങളുണ്ടായിരുന്നു.
മത്ത 3:11-ന്റെ പഠനക്കുറിപ്പ്, nwtsty
നിങ്ങളെ . . . സ്നാനപ്പെടുത്തുന്നു: അഥവാ “നിങ്ങളെ നിമജ്ജനം ചെയ്യുന്നു.” ബാപ്റ്റിഡ്സോ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുക്കുക; ആഴ്ത്തുക” എന്നൊക്കെയാണ്. സ്നാനപ്പെടുന്ന ആളെ പൂർണമായി മുക്കണമെന്നു മറ്റു ബൈബിൾഭാഗങ്ങളും സൂചിപ്പിക്കുന്നു. ഒരിക്കൽ യോർദാൻ താഴ്വരയിലെ ശലേമിന് അടുത്തുള്ള ഒരു സ്ഥലത്തുവെച്ച് യോഹന്നാൻ ആളുകളെ സ്നാനപ്പെടുത്തിയത് ‘അവിടെ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ടാണ്’ എന്നു ബൈബിൾ പറയുന്നു. (യോഹ 3:23) ഫിലിപ്പോസ് എത്യോപ്യൻ ഷണ്ഡനെ സ്നാനപ്പെടുത്തിയപ്പോൾ രണ്ടുപേരും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാനിൽ ഏഴു പ്രാവശ്യം മുങ്ങി” എന്നു പറയുന്നിടത്ത് സെപ്റ്റുവജിന്റിൽ കാണുന്നതും ഇതേ പദംതന്നെയാണ്.
ജനുവരി 8-14
ദൈവവചനത്തിലെ നിധികൾ | മത്തായി 4-5
“യേശുവിന്റെ ഗിരിപ്രഭാഷണത്തിൽനിന്ന് നമുക്കുള്ള പാഠങ്ങൾ”
മത്ത 5:3-ന്റെ പഠനക്കുറിപ്പ്, nwtsty
സന്തുഷ്ടർ: എന്തെങ്കിലും ആസ്വദിക്കുമ്പോൾ ഒരാളുടെ മനസ്സിൽ തോന്നുന്ന വെറുമൊരു ആഹ്ലാദമല്ല ഇത്. മറിച്ച് മനുഷ്യരോടുള്ള ബന്ധത്തിൽ പറയുമ്പോൾ ഇത്, ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ, ദൈവത്തിന്റെ പ്രീതിയിലായിരിക്കുന്ന ഒരാളുടെ അവസ്ഥയെ കുറിക്കുന്നു. ദൈവത്തെയും സ്വർഗീയമഹത്ത്വത്തിലായിരിക്കുന്ന യേശുവിനെയും കുറിച്ച് പറയുമ്പോഴും ഈ പദം ഉപയോഗിച്ചിട്ടുണ്ട്.—1തിമ 1:11; 6:15.
ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ: “ദാഹിക്കുന്നവർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദപ്രയോഗത്തിന്റെ അക്ഷരാർഥം “ദരിദ്രരായവർ (ബുദ്ധിമുട്ടിലായിരിക്കുന്നവർ; യാചകർ)” എന്നാണ്. ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്തിന്റെയെങ്കിലും കുറവ് അനുഭവപ്പെടുന്ന, അതിനെക്കുറിച്ച് അത്യധികം ബോധവാന്മാരായ ആളുകളെ കുറിക്കാനാണ്. ലൂക്ക 16:20, 22 വാക്യങ്ങളിൽ ‘യാചകനായ’ ലാസറിനെക്കുറിച്ച് പറയുമ്പോഴും ഇതേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ചില ഭാഷാന്തരങ്ങൾ ഈ ഗ്രീക്കുപദപ്രയോഗത്തെ “ആത്മാവിൽ ദരിദ്രരായവർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. തങ്ങൾ ആത്മീയമായി ദാരിദ്ര്യത്തിലാണെന്നും തങ്ങൾക്കു ദൈവത്തിന്റെ ആവശ്യമുണ്ടെന്നും അങ്ങേയറ്റം ബോധവാന്മാരായ ആളുകളെയാണ് ഇത് അർഥമാക്കുന്നത്.
മത്ത 5:7-ന്റെ പഠനക്കുറിപ്പ്, nwtsty
കരുണ കാണിക്കുന്നവർ: “കരുണ കാണിക്കുക,” “കരുണ” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ബൈബിൾപദങ്ങൾക്കു ക്ഷമിക്കുക എന്നോ ന്യായം വിധിക്കുമ്പോൾ ദാക്ഷിണ്യം കാണിക്കുക എന്നോ മാത്രമല്ല അർഥം. പലപ്പോഴും അതിൽ അനുകമ്പ, അലിവ് എന്നീ വികാരങ്ങളും ഉൾപ്പെട്ടിരിക്കുന്നു. സഹായം ആവശ്യമുള്ളവരുടെ തുണയ്ക്കെത്തുന്നതിനു മുൻകൈയെടുക്കാൻ ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന ഗുണങ്ങളാണ് അവ.
മത്ത 5:9-ന്റെ പഠനക്കുറിപ്പ്, nwtsty
സമാധാനം ഉണ്ടാക്കുന്നവർ: അവർ സമാധാനം നഷ്ടപ്പെടാതെ നോക്കുന്നവർ മാത്രമല്ല സമാധാനം ഇല്ലാത്തിടത്ത് അതു കൊണ്ടുവരാൻ ശ്രമിക്കുന്നവരും ആയിരിക്കും.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മത്ത 4:9-ന്റെ പഠനക്കുറിപ്പ്, nwtsty
എന്നെയൊന്ന് ആരാധിച്ചാൽ: “ആരാധിക്കുക” എന്നു പരിഭാഷപ്പെടുത്താവുന്ന ഗ്രീക്കുക്രിയാപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ക്ഷണനേരത്തേക്കുള്ള പ്രവൃത്തിയെ കുറിക്കുന്ന കാലത്തിലാണ് (aorist tense). അതു കാണിക്കുന്നത് “എന്നെയൊന്ന് ആരാധിച്ചാൽ” എന്നു യേശുവിനോടു പറഞ്ഞപ്പോൾ പിശാച് ഉദ്ദേശിച്ചത്, തന്നെ യേശു പതിവായി അല്ലെങ്കിൽ തുടർച്ചയായി ആരാധിക്കണമെന്നല്ല മറിച്ച് ഒറ്റ തവണ മാത്രം ‘ആരാധിക്കണമെന്നാണ്.’
മത്ത 4:23-ന്റെ പഠനക്കുറിപ്പ്, nwtsty
പഠിപ്പിക്കുകയും . . . പ്രസംഗിക്കുകയും: പഠിപ്പിക്കലും പ്രസംഗിക്കലും തമ്മിൽ വ്യത്യാസമുണ്ട്. പ്രസംഗിക്കുന്ന ആൾ ഒരു കാര്യം ഘോഷിക്കുക മാത്രം ചെയ്യുന്നു. എന്നാൽ പഠിപ്പിക്കുന്നയാൾ അതിലും കൂടുതൽ ചെയ്യുന്നുണ്ട്—അദ്ദേഹം അറിവ് പകർന്നുകൊടുക്കുന്നു, വിശദീകരിക്കുന്നു, ബോധ്യംവരുത്തുന്ന വാദങ്ങൾ ഉപയോഗിക്കുന്നു, തെളിവുകൾ നിരത്തുന്നു.
ജനുവരി 15-21
ദൈവവചനത്തിലെ നിധികൾ | മത്തായി 6-7
“ദൈവരാജ്യത്തിന് എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക”
മത്ത 6:24-ന്റെ പഠനക്കുറിപ്പ്, nwtsty
സേവിക്കുക: ഇതിന്റെ ഗ്രീക്കുക്രിയാപദം, ഒരു അടിമയായി ജോലി ചെയ്യുന്നതിനെ കുറിക്കുന്നു. അങ്ങനെയുള്ള ഒരു അടിമയ്ക്ക് ഒരൊറ്റ യജമാനനേ ഉണ്ടായിരിക്കൂ. ഒരു ക്രിസ്ത്യാനിക്ക് ഒരേ സമയം ദൈവം അർഹിക്കുന്ന സമ്പൂർണഭക്തി കൊടുക്കാനും ഒപ്പം വസ്തുവകകൾ വാരിക്കൂട്ടുന്നതിൽ മുഴുകാനും സാധിക്കില്ലെന്നു പറയുകയായിരുന്നു യേശു.
മത്ത 6:33-ന്റെ പഠനക്കുറിപ്പ്, nwtsty
എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക: തുടർച്ചയായ പ്രവൃത്തിയെ സൂചിപ്പിക്കുന്ന ഇതിന്റെ ഗ്രീക്കുക്രിയാരൂപം, “തുടർച്ചയായി ഒന്നാം സ്ഥാനം കൊടുക്കുക” എന്നും പരിഭാഷപ്പെടുത്താം. യേശുവിന്റെ യഥാർഥാനുഗാമികൾ കുറച്ച് നാളത്തേക്കു ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുത്തിട്ട് പിന്നീടു മറ്റു കാര്യങ്ങളിലേക്കു തിരിയില്ല. അവർ ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്നത് എപ്പോഴും അതിനായിരിക്കും.
ദൈവനീതി: ദൈവനീതിക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നവർ ഒരു മടിയുംകൂടാതെ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരും ശരിതെറ്റുകളെക്കുറിച്ചുള്ള ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ച് ജീവിക്കുന്നവരും ആയിരിക്കും. എന്നാൽ നീതിയുടെ കാര്യത്തിൽ സ്വന്തം നിലവാരങ്ങൾ വെക്കാൻ ശ്രമിച്ച പരീശന്മാരുടെ ഉപദേശത്തിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇത്.—മത്ത 5:20.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മത്ത 7:28, 29-ന്റെ പഠനക്കുറിപ്പുകൾ, nwtsty
അതിശയിച്ചുപോയി: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയെ “അത്ഭുതംകൊണ്ട് സ്തബ്ധരായി” എന്നു നിർവചിക്കാം. തുടർച്ചയെ കുറിക്കുന്ന ആ ക്രിയാരൂപം സൂചിപ്പിക്കുന്നതു യേശുവിന്റെ വാക്കുകൾ ജനക്കൂട്ടത്തിന്റെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചെന്നാണ്.
യേശു പഠിപ്പിക്കുന്ന രീതി: ഈ പദപ്രയോഗം, യേശുവിന്റെ പഠിപ്പിക്കൽരീതികളെ മാത്രമല്ല ഉപദേശങ്ങളെയും, അതായത് ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞ എല്ലാ കാര്യങ്ങളെയും, കുറിക്കുന്നു.
അവരുടെ ശാസ്ത്രിമാരെപ്പോലെയല്ല: ആദരണീയരായ റബ്ബിമാരുടെ വാക്കുകളെ ആധികാരികമായി കണ്ട് അത് ഉദ്ധരിച്ച് സംസാരിച്ചിരുന്ന ശാസ്ത്രിമാരെപ്പോലെയല്ലായിരുന്നു യേശു. യഹോവയുടെ പ്രതിനിധിയായി, അധികാരമുള്ളവനായിട്ടാണു യേശു സംസാരിച്ചത്. ദൈവവചനത്തിൽ പറഞ്ഞിരുന്ന കാര്യങ്ങളായിരുന്നു യേശുവിന്റെ ഉപദേശങ്ങൾക്ക് ആധാരം.—യോഹ 7:16.
ജനുവരി 22-28
ദൈവവചനത്തിലെ നിധികൾ | മത്തായി 8-9
“യേശു ആളുകളെ സ്നേഹിച്ചു”
മത്ത 8:3-ന്റെ പഠനക്കുറിപ്പ്, nwtsty
യേശു . . . അയാളെ തൊട്ടു: മറ്റുള്ളവർക്കു രോഗം പകരാതിരിക്കാൻ കുഷ്ഠരോഗികളെ മാറ്റിത്താമസിപ്പിക്കണമെന്നു മോശയിലൂടെ കൊടുത്ത നിയമത്തിലുണ്ടായിരുന്നു. (ലേവ 13:45, 46; സംഖ 5:1-4) എന്നാൽ ജൂതമതനേതാക്കന്മാർ കൂടുതലായ നിയമങ്ങൾ അടിച്ചേൽപ്പിച്ചു. ഉദാഹരണത്തിന്, ആളുകൾ ഒരു കുഷ്ഠരോഗിയിൽനിന്ന് കുറഞ്ഞതു നാലു മുഴം, അതായത് ഏകദേശം 1.8 മീ. (6 അടി) അകലം പാലിക്കണമായിരുന്നു. എന്നാൽ കാറ്റുള്ള ദിവസങ്ങളിൽ ദൂരപരിധി 100 മുഴം, അതായത് ഏകദേശം 45 മീ. (150 അടി) ആയിരുന്നു. ഇത്തരം നിയമങ്ങൾ കാരണം ആളുകൾ കുഷ്ഠരോഗികളോടു ദയയില്ലാതെ പെരുമാറാൻതുടങ്ങി. കുഷ്ഠരോഗികളിൽനിന്ന് ഒളിച്ചുകളഞ്ഞ ഒരു റബ്ബിയെയും കുഷ്ഠരോഗികളെ അകറ്റിനിറുത്താൻ അവരെ കല്ലുപെറുക്കി എറിഞ്ഞ മറ്റൊരു റബ്ബിയെയും അനുകൂലിച്ചാണു ജൂതപാരമ്പര്യരേഖകൾ സംസാരിക്കുന്നത്. എന്നാൽ അതിൽനിന്നും തികച്ചും വ്യത്യസ്തമായി യേശു ആ കുഷ്ഠരോഗിയുടെ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞിട്ട്, മറ്റു ജൂതന്മാർക്കു ചിന്തിക്കാൻപോലും കഴിയാത്ത ഒരു കാര്യം ചെയ്തു—ആ മനുഷ്യനെ തൊട്ടു. ഒറ്റ വാക്കുകൊണ്ട് സുഖപ്പെടുത്താമായിരുന്നെങ്കിലും യേശു അയാളെ തൊട്ടാണു സുഖപ്പെടുത്തിയത്.—മത്ത 8:5-12.
എനിക്കു മനസ്സാണ്: യേശു ആ അപേക്ഷ സ്വീകരിക്കുക മാത്രമല്ല അതു സാധിച്ചുകൊടുക്കാൻ തനിക്കു ശക്തമായ ആഗ്രഹമുണ്ടെന്നു പ്രകടിപ്പിക്കുകയും ചെയ്തു. വെറുമൊരു കടമനിർവഹണം പോലെയല്ല യേശു അയാളെ സുഖപ്പെടുത്തിയതെന്ന് ഈ വാക്കുകൾ തെളിയിച്ചു.
മത്ത 9:10-ന്റെ പഠനക്കുറിപ്പ്, nwtsty
ഭക്ഷണത്തിന് ഇരുന്നു: അഥവാ “മേശയ്ക്കൽ ചാരിക്കിടന്നു.” ആരുടെയെങ്കിലും ഒപ്പം മേശയ്ക്കൽ ചാരിക്കിടക്കുന്നത് അയാളുമായുള്ള ഉറ്റസൗഹൃദത്തിന്റെ സൂചനയായിരുന്നു. അക്കാലത്ത് ജൂതന്മാർ ജൂതന്മാരല്ലാത്തവരുടെകൂടെ ഇങ്ങനെ ഒരേ മേശയ്ക്കൽ ഇരുന്ന് ഭക്ഷണം കഴിക്കില്ലായിരുന്നു.
നികുതിപിരിവുകാർ: ധാരാളം ജൂതന്മാർ റോമൻ അധികാരികൾക്കുവേണ്ടി നികുതി പിരിച്ചിരുന്നു. ഈ നികുതിപിരിവുകാരോടു ജനങ്ങൾക്കു വെറുപ്പായിരുന്നു. കാരണം, തങ്ങൾ വെറുത്തിരുന്ന ഒരു വിദേശശക്തിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നവരായിരുന്നു അവർ. പോരാത്തതിന്, ഔദ്യോഗികമായി അംഗീകരിച്ചിരുന്നതിലും കൂടുതൽ നികുതി അവർ ഈടാക്കുകയും ചെയ്തിരുന്നു. മറ്റു ജൂതന്മാർ ഈ നികുതിപിരിവുകാരെ പൊതുവേ അകറ്റിനിറുത്തിയിരുന്നു. പാപികളുടെയും വേശ്യമാരുടെയും അതേ തട്ടിലാണ് ഇവരെയും കണ്ടിരുന്നത്.—മത്ത 11:19; 21:32.
മത്ത 9:36-ന്റെ പഠനക്കുറിപ്പ്, nwtsty
അലിവ് തോന്നി: ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്പ്ളങ്ഖ്നീസൊമായ് എന്ന ഗ്രീക്കുക്രിയയ്ക്കു “കുടൽ” (സ്പ്ളാങ്ഖനാ) എന്നതിനുള്ള പദവുമായി ബന്ധമുണ്ട്. ഇതു ശരീരത്തിന്റെ ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുന്ന ഒരു വികാരത്തെ, അതായത് ഒരു തീവ്രവികാരത്തെ, കുറിക്കുന്നു. അനുകമ്പയെ കുറിക്കുന്ന ഗ്രീക്കുപദങ്ങളിൽ ഏറ്റവും ശക്തമായ ഒന്നാണ് ഇത്.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
jy-E 70 ¶6
എന്തുകൊണ്ടാണു യേശുവിന്റെ ശിഷ്യന്മാർ ഉപവസിക്കാതിരുന്നത്?
യേശുവിന്റെ അനുഗാമികൾ ആചാരപരമായ ഉപവാസംപോലെ ജൂതമതത്തിലെ പഴയ ആചാരങ്ങളോടു പറ്റിനിൽക്കുന്നില്ല. അവർ അങ്ങനെ ചെയ്യാൻ ആരും പ്രതീക്ഷിക്കരുതെന്നു സ്നാപകയോഹന്നാന്റെ ശിഷ്യന്മാർക്കു വ്യക്തമാക്കിക്കൊടുക്കാൻ ശ്രമിക്കുകയാണ് യേശു. പഴയതും കാലഹരണപ്പെട്ടതും ഉപേക്ഷിച്ചുകളയാൻപോകുന്നതും ആയ ഒരു ആരാധനാസമ്പ്രദായം മെച്ചപ്പെടുത്തിയെടുക്കാനും നിലനിറുത്താനും അല്ല യേശു വന്നത്. അന്നത്തെ ജൂതമതവുമായും അതിലെ പാരമ്പര്യങ്ങളുമായും ഒത്തുപോകുന്ന ഒരു ആരാധനയല്ല യേശു പ്രോത്സാഹിപ്പിക്കുന്നത്. ഒരു പഴയ വസ്ത്രത്തോടു പുതിയ തുണിക്കഷണം തുന്നിച്ചേർക്കാനോ ഇലാസ്തികത നഷ്ടപ്പെട്ട് വഴക്കമില്ലാതായ പഴയ വീഞ്ഞുതുരത്തിയിൽ പുതിയ വീഞ്ഞ് ഒഴിക്കാനോ അല്ല യേശു ശ്രമിക്കുന്നത്.
ജനുവരി 29–ഫെബ്രുവരി 4
ദൈവവചനത്തിലെ നിധികൾ | മത്തായി 10-11
“യേശു ഉന്മേഷം പകരുമെന്നു വാഗ്ദാനം ചെയ്തു”
മത്ത 10:29, 30-ന്റെ പഠനക്കുറിപ്പുകൾ, nwtsty
കുരുവികൾ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്റ്റ്രുതീയൊൻ എന്ന ഗ്രീക്കുപദത്തിന്റെ വ്യാകരണരൂപം സൂചിപ്പിക്കുന്നത് (diminutive form) ഈ പദത്തിന് ഏതൊരു ചെറിയ പക്ഷിയെയും കുറിക്കാനാകും എന്നാണ്. പക്ഷേ ഇതു മിക്കപ്പോഴും കുരുവികളെയാണ് അർഥമാക്കിയിരുന്നത്. ഭക്ഷ്യയോഗ്യമായ പക്ഷികളിൽ ഏറ്റവും വില കുറഞ്ഞവയായിരുന്നു ഇവ.
നിസ്സാരവിലയുള്ള ഒരു നാണയത്തുട്ട്: അക്ഷ. “ഒരു അസ്സാറിയൊൻ.” 45 മിനിട്ട് ജോലി ചെയ്യുന്നതിന് ഒരാൾക്കു കിട്ടിയിരുന്ന കൂലി. (അനു. ബി14 കാണുക.) ഗലീലയിൽ മൂന്നാം പര്യടനം നടത്തുന്ന ഈ സന്ദർഭത്തിൽ, ഒരു അസ്സാറിയൊനിനു രണ്ടു കുരുവികളെ വാങ്ങാമെന്നു യേശു പറഞ്ഞു. തെളിവനുസരിച്ച് ഒരു വർഷത്തിനു ശേഷം യഹൂദ്യയിലെ ശുശ്രൂഷയുടെ സമയത്ത്, അതിന്റെ ഇരട്ടി വിലയ്ക്ക് അഞ്ചു കുരുവികളെ കിട്ടുമെന്നു യേശു പറഞ്ഞു. (ലൂക്ക 12:6) ഈ രണ്ടു വിവരണങ്ങൾ താരതമ്യം ചെയ്താൽ ഒരു കാര്യം വ്യക്തം: വ്യാപാരികൾ കുരുവികളെ തീരെ വിലയില്ലാത്തതായാണു കണ്ടിരുന്നത്. കാരണം അഞ്ചാമത്തെ കുരുവിയെ അവർ സൗജന്യമായി കൊടുത്തിരുന്നു.
നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു: ഒരു മനുഷ്യന്റെ തലയിൽ ശരാശരി 1,00,000-ത്തിലേറെ മുടിയിഴകളുണ്ടെന്നാണു കണക്കാക്കുന്നത്. അത്ര സൂക്ഷ്മമായ വിശദാംശങ്ങൾപോലും യഹോവയ്ക്കു നന്നായി അറിയാം എന്നത് ഒരു കാര്യത്തിന് ഉറപ്പേകുന്നു: ക്രിസ്തുവിന്റെ ഓരോ അനുഗാമിയുടെയും കാര്യത്തിൽ യഹോവയ്ക്ക് ആഴമായ താത്പര്യമുണ്ട്.
nwtsty-ലെ ചിത്രം
കുരുവി
ഭക്ഷ്യയോഗ്യമായ പക്ഷികളിൽ ഏറ്റവും വില കുറഞ്ഞ ഇനമായിരുന്നു കുരുവികൾ. ഒരാൾ 45 മിനിട്ട് നേരം ജോലി ചെയ്താൽ കിട്ടുന്ന കൂലികൊണ്ട് രണ്ടു കുരുവികളെ മേടിക്കാമായിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്, ഇസ്രായേലിൽ ധാരാളമായി കണ്ടുവരുന്ന വീട്ടുകുരുവിയും (പാസ്സർ ഡൊമസ്റ്റികസ് ബിബ്ലികസ്) സ്പാനിഷ് കുരുവിയും (പാസ്സർ ഹിസ്പാനിയോലെൻസിസ്) ഉൾപ്പെടെ ഏതൊരു ചെറിയ പക്ഷിയെയും കുറിക്കാനാകും.
മത്ത 11:28-ന്റെ പഠനക്കുറിപ്പ്, nwtsty
ഭാരങ്ങൾ ചുമന്ന് വലയുന്നവർ: ഉത്കണ്ഠയുടെയും കഷ്ടപ്പാടിന്റെയും ‘ഭാരങ്ങൾ ചുമന്ന് വലഞ്ഞവരെയാണ്’ യേശു തന്റെ അടുക്കലേക്കു ക്ഷണിച്ചത്. മോശയ്ക്കു കൊടുത്ത നിയമത്തോടു മനുഷ്യപാരമ്പര്യങ്ങൾ കൂട്ടിച്ചേർത്തതുകൊണ്ട് യഹോവയെ ആരാധിക്കുന്നത് അവർക്ക് ഒരു ഭാരമായിത്തീർന്നു. (മത്ത 23:4) ഉന്മേഷം പകരേണ്ടിയിരുന്ന ശബത്തുപോലും അവർക്ക് ഒരു ഭാരമായി മാറി.—പുറ 23:12; മർ 2:23-28; ലൂക്ക 6:1-11.
ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം: നഷ്ടമായ ശക്തി വീണ്ടെടുക്കാനായി വിശ്രമിക്കാൻ അനുവദിക്കുന്നതിനെയും (മത്ത 26:45; മർ 6:31) കഷ്ടപ്പാടുകളിൽനിന്ന് മോചിപ്പിക്കുന്നതിനെയും ആണ് ‘ഉന്മേഷം പകരുക’ എന്നതിന്റെ ഗ്രീക്കുപദം കുറിക്കുന്നത്. (2കൊ 7:13; ഫിലേ 7) എന്നാൽ യേശുവിന്റെ “നുകം” (മത്ത 11:29) വഹിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നതു വിശ്രമമല്ല സേവനമാണ് എന്ന് ഈ വാക്യത്തിന്റെ സന്ദർഭം സൂചിപ്പിക്കുന്നു. യേശു ചെയ്യുന്ന പ്രവൃത്തിയെ കുറിക്കുന്ന ഗ്രീക്കുക്രിയാപദം സൂചിപ്പിക്കുന്നത്, ക്ഷീണിതരായവർക്കു യേശു ഓജസ്സും നവചൈതന്യവും പകരുന്നതുകൊണ്ട് യേശുവിന്റെ മൃദുവും ഭാരം കുറഞ്ഞതും ആയ നുകം വഹിക്കാൻ അവർക്കു സ്വാഭാവികമായും ആഗ്രഹം തോന്നും എന്നാണ്.
മത്ത 11:29-ന്റെ പഠനക്കുറിപ്പ്, nwtsty
എന്റെ നുകം വഹിക്കൂ: യേശു ഇവിടെ “നുകം” എന്നു പറഞ്ഞിരിക്കുന്നത് ആലങ്കാരികമായിട്ടാണ്. അധികാരത്തിനും മാർഗനിർദേശത്തിനും കീഴ്പെടുന്നതിനെ അതു സൂചിപ്പിക്കുന്നു. യേശുവിന്റെ മനസ്സിലുണ്ടായിരുന്നതു ദൈവം യേശുവിന്റെ തോളിൽ വെച്ചുകൊടുത്ത നുകമായിരുന്നെങ്കിൽ (അതായത് ഒരു ഇരട്ടനുകം.) തന്നോടൊപ്പം ആ നുകത്തിൻകീഴിൽ വരാനാണു യേശു ശിഷ്യന്മാരെ ക്ഷണിക്കുന്നത്. ആ നുകം വഹിക്കാൻ യേശുവും ഒരു വശത്തുള്ളതുകൊണ്ട് അത് അവർക്ക് ഒരു സഹായമാകുമായിരുന്നു. യേശു ഉദ്ദേശിച്ചത് ഇതാണെങ്കിൽ, “എന്നോടൊപ്പം എന്റെ നുകത്തിൻകീഴിൽ വരുക” എന്നും അതു പരിഭാഷപ്പെടുത്താനാകും. എന്നാൽ ഇതു യേശുതന്നെ മറ്റുള്ളവരുടെ മേൽ വെക്കുന്ന ഒരു നുകമാണെങ്കിൽ, ക്രിസ്തുശിഷ്യർ ക്രിസ്തുവിന്റെ അധികാരത്തിനും മാർഗനിർദേശത്തിനും കീഴ്പെടുന്നതിനെയാണ് അത് അർഥമാക്കുന്നത്.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
jy-E 96 ¶2-3
യേശുവിൽനിന്നു കേൾക്കാൻ യോഹന്നാൻ ആഗ്രഹിക്കുന്നു
ആ ചോദ്യം വിചിത്രമായ ഒന്നാണെന്നു തോന്നുന്നുണ്ടോ? യോഹന്നാൻ ഒരു ദൈവഭക്തനാണ്. രണ്ടു വർഷം മുമ്പ് യേശുവിനെ സ്നാനപ്പെടുത്തുമ്പോൾ ദൈവാത്മാവ് യേശുവിന്റെ മേൽ വരുന്നതു യോഹന്നാൻ കണ്ടതാണ്. യേശുവിനു ദൈവാംഗീകാരം ഉണ്ടെന്നു പറയുന്ന ശബ്ദം യോഹന്നാൻ കേട്ടതുമാണ്. എന്തായാലും യോഹന്നാന്റെ വിശ്വാസം ക്ഷയിച്ചുപോയെന്നു ചിന്തിക്കാൻ കാരണമൊന്നും ഇല്ല. അല്ലായിരുന്നെങ്കിൽ യോഹന്നാനെക്കുറിച്ച് യേശു ഇപ്പോൾ ഇത്രയധികം പുകഴ്ത്തിപ്പറയില്ലായിരുന്നല്ലോ. പക്ഷേ യോഹന്നാനു സംശയമൊന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് യേശുവിനെക്കുറിച്ച് ഇങ്ങനെ ചോദിക്കുന്നത്?
യേശുവാണു മിശിഹ എന്നതിനു യേശുവിൽനിന്നുതന്നെ തെളിവു ലഭിക്കാൻ യോഹന്നാൻ ചിലപ്പോൾ ആഗ്രഹിക്കുന്നുണ്ടാകും. ജയിലിലെ ദുരിതത്തിനിടയിൽ ഇതു യോഹന്നാനു ശക്തി പകരും. സാധ്യതയനുസരിച്ച് യോഹന്നാൻ ആ ചോദ്യം ചോദിക്കുന്നതിനു മറ്റൊരു കാരണവുമുണ്ട്. ദൈവത്തിന്റെ അഭിഷിക്തൻ ഒരു രാജാവും വിമോചകനും ആകുമെന്നുള്ള ബൈബിൾ പ്രവചനങ്ങൾ യോഹന്നാന് അറിയാം. യേശുവിനെ സ്നാനപ്പെടുത്തിയിട്ട് ഇപ്പോൾ മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷേ യോഹന്നാൻ ഇപ്പോഴും ജയിലിലാണ്. അതുകൊണ്ട് മിശിഹ ചെയ്യുമെന്നു മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളൊക്കെ പൂർണമായി നിറവേറ്റാൻ യേശുവിന്റെ പിൻഗാമിയായിട്ടു മറ്റൊരാൾ വരുമോ എന്നു യോഹന്നാൻ ചോദിക്കുന്നു.
jy-E 98 ¶1-2
ഒരു പ്രതികരണവും ഇല്ലാത്ത തലമുറയുടെ കാര്യം കഷ്ടം!
സ്നാപകയോഹന്നാനെക്കുറിച്ച് യേശുവിനു വലിയ മതിപ്പാണ്. പക്ഷേ മിക്കവരും യോഹന്നാനെ എങ്ങനെയാണു കാണുന്നത്? യേശു പറയുന്നു: “ഈ തലമുറ... ചന്തസ്ഥലങ്ങളിൽ ഇരുന്ന് കളിക്കൂട്ടുകാരോട് ഇങ്ങനെ വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ്: ‘ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങളോ നൃത്തം ചെയ്തില്ല. ഞങ്ങൾ വിലാപഗീതം പാടി, നിങ്ങളോ നെഞ്ചത്തടിച്ചില്ല.’”—മത്തായി 11:16, 17.
എന്താണ് യേശു അർഥമാക്കുന്നത്? യേശുതന്നെ അതു വിശദീകരിക്കുന്നു: “യോഹന്നാൻ തിന്നാത്തവനും കുടിക്കാത്തവനും ആയി വന്നപ്പോൾ, ‘അവനു ഭൂതബാധയുണ്ട്’ എന്ന് ആളുകൾ പറഞ്ഞു. എന്നാൽ മനുഷ്യപുത്രൻ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നപ്പോൾ ‘ഇതാ! തീറ്റിപ്രിയനും വീഞ്ഞുകുടിയനും ആയ മനുഷ്യൻ, നികുതിപിരിവുകാരുടെയും പാപികളുടെയും കൂട്ടുകാരൻ’ എന്ന് അവർ പറഞ്ഞു.” (മത്തായി 11:18, 19) യോഹന്നാനാണെങ്കിൽ വീഞ്ഞുപോലും തൊടാതെ ഒരു നാസീരായി ലളിതജീവിതം നയിക്കുന്നു. എന്നിട്ടും അദ്ദേഹത്തിനു ഭൂതബാധയുണ്ടെന്ന് ആളുകൾ പറയുന്നു. (സംഖ്യ 6:2, 3; ലൂക്കോസ് 1:15) അതേസമയം യേശു മറ്റെല്ലാവരെയുംപോലെ ജീവിക്കുന്നു. വളരെ മിതമായ രീതിയിലാണു തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. പക്ഷേ യേശു അങ്ങേയറ്റം പോകുന്നെന്നാണ് ആരോപണം. ഒരു വിധത്തിലും ആളുകളെ തൃപ്തിപ്പെടുത്താൻ പറ്റില്ലെന്നു തോന്നുന്നു
.