അനുബന്ധം
ബിസിനെസ്സിനോടു ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കൽ
സഹവിശ്വാസികൾ കോടതിയിൽ കേസിനു പോകുന്നതിനെക്കുറിച്ച് 1 കൊരിന്ത്യർ 6:1-8 വരെയുള്ള ഭാഗങ്ങളിൽ അപ്പോസ്തലനായ പൗലോസ് രേഖപ്പെടുത്തുന്നു. ചില ക്രിസ്ത്യാനികൾ ‘കോടതിയിൽ നീതികെട്ട മനുഷ്യരുടെ അടുത്ത് പോകുന്നതിൽ’ പൗലോസ് ഖേദം പ്രകടിപ്പിക്കുകയുണ്ടായി. (1-ാം വാക്യം) പ്രശ്നങ്ങളുണ്ടാകുമ്പോൾ അതുമായി കോടതികളിൽ പോകാതെ സഭ നൽകുന്ന നിർദേശങ്ങളനുസരിച്ച് അവ പരിഹരിക്കേണ്ടതിന്റെ ഈടുറ്റ കാരണങ്ങൾ പൗലോസ് നിരത്തുന്നു. ദൈവപ്രചോദിതമായ ഈ ഉപദേശം നൽകിയതിന്റെ ചില കാരണങ്ങളെക്കുറിച്ചും അവശ്യം ഇതിന്റെ പരിധിയിൽ വരാത്ത ചില സാഹചര്യങ്ങളെക്കുറിച്ചും നമുക്കു ചിന്തിക്കാം.
ഒരു സഹവിശ്വാസിയുമായി ബിസിനെസ്സിനോടു ബന്ധപ്പെട്ട തർക്കമുണ്ടാകുമ്പോൾ നമ്മുടേതായ വിധത്തിലല്ല, യഹോവയുടെ വിധത്തിൽ അതു പരിഹരിക്കാനായിരിക്കണം ആദ്യം ശ്രമിക്കേണ്ടത്. (സുഭാഷിതങ്ങൾ 14:12) യേശു പറഞ്ഞതുപോലെ, പ്രശ്നം വഷളാകുന്നതിനു മുമ്പുതന്നെ, ഉടനടി അതു പരിഹരിക്കാൻ നോക്കണം. (മത്തായി 5:23-26) പക്ഷേ സങ്കടകരമെന്നു പറയട്ടെ, ചില ക്രിസ്ത്യാനികൾക്കിടയിൽ തർക്കം മൂത്ത് കോടതിവരെ പോകേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. “നിങ്ങളുടെ ഇടയിൽ ഒരു കേസ് ഉണ്ടാകുന്നു എന്നതുതന്നെ വലിയൊരു പോരായ്മയാണ്” എന്നു പൗലോസ് പറയുന്നു. എന്തുകൊണ്ട്? ഇത്തരം നടപടികൾ സഭയുടെ സത്പേരിനും നമ്മൾ ആരാധിക്കുന്ന ദൈവത്തിനും ദുഷ്കീർത്തി വരുത്തിവെക്കും എന്നതാണ് ഒരു പ്രമുഖകാരണം. അതുകൊണ്ട് നമ്മൾ പൗലോസിന്റെ ഈ ചോദ്യം മനസ്സിൽപ്പിടിക്കുന്നു: “വഞ്ചിക്കപ്പെടുമ്പോഴും എന്തുകൊണ്ട് അതു സഹിച്ചുകൂടാ?”—വാക്യം 7.
പല തർക്കങ്ങളും പരിഹരിക്കാനുള്ള നല്ലൊരു ക്രമീകരണം ദൈവം സഭയ്ക്കു നൽകിയിട്ടുണ്ടെന്നുള്ള വസ്തുതയും പൗലോസ് ചൂണ്ടിക്കാട്ടുന്നു. തിരുവെഴുത്തുസത്യങ്ങൾ സംബന്ധിച്ച് നല്ല അറിവുള്ള ജ്ഞാനികളായ പുരുഷന്മാരാണു ക്രിസ്തീയമൂപ്പന്മാർ. ‘ഈ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച്’ സഹോദരന്മാർക്കിടയിൽ ഉണ്ടാകുന്ന ഒരു പ്രശ്നത്തിനു തീർപ്പു കൽപ്പിക്കാൻ അവർക്കാകുമെന്നു പൗലോസ് പറയുന്നു. (വാക്യങ്ങൾ 3-5) പരദൂഷണം, വഞ്ചന തുടങ്ങിയ ഗുരുതരമായ തെറ്റുകൾ ഉൾപ്പെടുന്ന സാഹചര്യങ്ങളിൽ മൂന്നു പടികളുള്ള ഒരു പ്രശ്നപരിഹാരമാർഗം യേശു നിർദേശിക്കുകയുണ്ടായി: (1) ഉൾപ്പെട്ടിരിക്കുന്നവർ തമ്മിൽ പ്രശ്നം പറഞ്ഞുതീർക്കാൻ ശ്രമിക്കുക. (2) ആദ്യപടി പരാജയപ്പെടുന്നെങ്കിൽ ഒന്നോ രണ്ടോ സാക്ഷികളെ കൂട്ടിക്കൊണ്ട് ചെല്ലുക. (3) അതും പരാജയപ്പെടുന്നെങ്കിൽ, കാര്യം സഭയെ, അതായതു മൂപ്പന്മാരെ അറിയിക്കുക.—മത്തായി 18:15-17.
പലപ്പോഴും ക്രിസ്തീയമൂപ്പന്മാർ നിയമജ്ഞരോ ബിസിനെസ്സുകാരോ ആയിരിക്കുകയില്ല, അവർ നിയമപരമോ ബിസിനെസ്സുപരമോ ആയ നിർദേശങ്ങൾ കൊടുക്കാനും പ്രതീക്ഷിക്കുന്നില്ല. പ്രശ്നപരിഹാരത്തിനുള്ള വ്യവസ്ഥകളും അവർ മുന്നോട്ടുവെക്കുന്നില്ല. മറിച്ച്, തിരുവെഴുത്തുതത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട് സ്വീകാര്യമായ ഒരു തീരുമാനത്തിലെത്താൻ ഉൾപ്പെട്ടിരിക്കുന്ന കക്ഷികളെ സഹായിക്കുകയാണ് അവർ ചെയ്യുന്നത്. സങ്കീർണമായ കേസുകളിൽ സർക്കിട്ട് മേൽവിചാരകനോടോ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിനോടോ അഭിപ്രായം ചോദിക്കാൻ മൂപ്പന്മാർ തീരുമാനിച്ചേക്കാം. എന്നാൽ, പൗലോസിന്റെ ബുദ്ധിയുപദേശത്തിന്റെ പരിധിയിൽ വരാത്ത ചില സാഹചര്യങ്ങളുമുണ്ട്. അവയിൽ ചിലത് ഏതൊക്കെയാണ്?
ചില സാഹചര്യങ്ങളിൽ, നിയമസഹായം തേടേണ്ടതു വെറുമൊരു നടപടിക്രമമോ നിയമപരമായ ഒരു ആവശ്യമോ ആണെന്നുവന്നേക്കാം. ഒട്ടും സ്വാർഥപരമല്ലാതെ സമാധാനപരമായി കാര്യങ്ങൾ ചെയ്യാനുള്ള ഒരു ഉപാധി മാത്രമായിരിക്കാം അത്. ഉദാഹരണത്തിന്, വിവാഹമോചനം ലഭിക്കാനും ഒരു കുട്ടിയുടെ സംരക്ഷണാവകാശം നേടിയെടുക്കാനും ജീവനാംശം, ഇൻഷ്വറൻസ് തുക എന്നിവ ലഭിക്കാനും പാപ്പരത്തം പ്രഖ്യാപിച്ച ഒരാളിൽനിന്നോ സ്ഥാപനത്തിൽനിന്നോ പണം മടക്കിക്കിട്ടാനുള്ളവരുടെ പട്ടികയിൽ പേര് വരാനും വിൽപ്പത്രത്തിനു സാധുത ലഭിക്കാനും കോടതിയെ സമീപിക്കുകയേ മാർഗമുള്ളായിരിക്കാം. തനിക്കെതിരെ അന്യായമായ ഒരു പരാതിയുള്ളപ്പോൾ മേൽനടപടികളിൽനിന്നുള്ള സംരക്ഷണാർഥം തിരിച്ചൊരു പരാതികൊടുക്കാൻ ഒരു സഹോദരൻ നിർബന്ധിതനായിത്തീരുന്ന സാഹചര്യങ്ങളുമുണ്ട്.a
ഉപദ്രവിക്കണമെന്ന ലക്ഷ്യത്തോടെയല്ല അത്തരം നിയമനടപടികൾ സ്വീകരിക്കുന്നതെങ്കിൽ അതു പൗലോസ് ദൈവപ്രചോദിതമായി നൽകിയ നിർദേശത്തിന്റെ ലംഘനമാകുന്നില്ല.b എന്തൊക്കെ ചെയ്താലും യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണവും സഭയുടെ സമാധാനവും ഐക്യവും ആയിരിക്കണം ഒരു ക്രിസ്ത്യാനിയുടെ മുഖ്യലക്ഷ്യം. ക്രിസ്തുവിന്റെ അനുഗാമികളുടെ മുഖമുദ്രയാണു സ്നേഹം. അതു “തൻകാര്യം നോക്കുന്നില്ല.”—1 കൊരിന്ത്യർ 13:4, 5; യോഹന്നാൻ 13:34, 35.
a ഒരു ക്രിസ്ത്യാനി മറ്റൊരു ക്രിസ്ത്യാനിക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തേക്കാവുന്ന അപൂർവം ചില സാഹചര്യങ്ങളുണ്ടായേക്കാം. ബലാത്സംഗം, കയ്യേറ്റം, കൊലപാതകം, കവർച്ച തുടങ്ങിയവ അതിൽ ചിലതാണ്. ഇത്തരം കുറ്റകൃത്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതു തിരുവെഴുത്തുലംഘനമല്ല, അതിന്റെ ഭാഗമായി കോടതികയറുകയും വിചാരണ നേരിടുകയും ചെയ്യേണ്ടിവരുമെങ്കിൽപ്പോലും.
b കൂടുതൽ വിവരങ്ങൾക്കു വീക്ഷാഗോപുരത്തിന്റെ 1997 മാർച്ച് 15 ലക്കം 17-22 പേജുകളും 1992 ജനുവരി 15 ലക്കം 29-32 പേജുകളും കാണുക.